അവസാനത്തെ പരീക്ഷയ്ക്ക് എഴുതിക്കഴിഞ്ഞാൽ മാത്രമേ ഈ കവർ പൊളിച്ചു വായിക്കാവൂ. ഇത് എന്റെ അവസാനത്തെ അപേക്ഷ.
ലക്ഷ്മിയുടെ വാക്കുകളെല്ലാം സ്നേഹത്തോടെ കേൾക്കുന്ന, അവളുടെ ഏതപേക്ഷയും അംഗീകരിക്കുന്ന ദേവദാസ് പക്ഷേ ആ അവസാന അപേക്ഷ അംഗീകരിച്ചില്ല. അനുസരിച്ചില്ല. പരീക്ഷയ്ക്കു മുമ്പുതന്നെ കത്ത് അയാൾ വായിച്ചു. അഞ്ചുവർഷത്തെ കാഠിന്യമേറിയ പഠനത്തിന്റെ സാഫല്യമായ പരീക്ഷയാണ്. ഡോക്ടർ ആകുന്നതിനുമുമ്പുള്ള അവസാന കടമ്പ. ഏതാനും ദിവസങ്ങൾ കൂടി കഴിഞ്ഞാൽ, അവസാന പരീക്ഷയും കഴിഞ്ഞാൽ ദേവദാസ് ഡോക്ടറാണ്. പക്ഷേ, ഡോക്ടറാകുന്നതിനെക്കുറിച്ചല്ല അപ്പോഴയാൾ ചിന്തിച്ചത്. ലക്ഷ്മിയെക്കുറിച്ച്. ഉടലും ഉയിരും കൊടുത്തു പ്രണയിച്ച പ്രാണനെക്കുറിച്ച്. യമുനയുടെ കരയിൽ ഒരുമിരുന്നു വെയിൽതാഴുന്നതു കണ്ട സന്ധ്യകൾ. വേലിയേറ്റങ്ങൾ. വേലിയിറക്കങ്ങൾ.
വടിവൊത്ത അക്ഷരങ്ങളിൽ ലക്ഷ്മി എഴുതുന്നു:
ഈ കത്ത് എങ്ങനെ തുടങ്ങണം എന്നെനിക്കറിയില്ല. നമ്മുടെ രണ്ടുപേരുടെ ജീവിതം പോലെ, അല്ലെങ്കിൽ നമ്മൾ തമ്മിലുണ്ടായ ബന്ധം പോലെ രണ്ടറ്റവും കാണുവാൻ കഴിയാത്ത കത്താണിത്.
മരുന്ന് എന്ന നോവൽ ഒരു പ്രണയകഥയല്ല. ദേവദാസും ലക്ഷ്മിയും തമ്മിലുള്ള പ്രണയമല്ല നോവലിന്റെ കാതൽ.പക്ഷേ, അവരെ മാറ്റിനിർത്തിക്കൊണ്ട്, ഒഴിവാക്കിക്കൊണ്ട് മരുന്ന് പൂർണമാകുന്നുമില്ല.
മൃത്യു പ്രവേശിച്ചുകഴിഞ്ഞാൽപ്പിന്നെ മരുന്നിനു പ്രസക്തിയില്ല. എന്നാൽ മൃത്യുവിന് മരുന്നിനെ ഭയമാണ്. മരുന്നിന്റെ ലോകത്തിൽ ഒരു കഴുകനെപ്പോലെ മൃത്യു വട്ടമിട്ടു പറന്നുകൊണ്ടേയിരിക്കും. എപ്പോഴെങ്കിലും അവൻ താഴേക്ക് ഊളിയിട്ടു റാഞ്ചിക്കൊണ്ടുപോകാതിരിക്കുകയില്ല.
ഡോ.ക്വാജയുടെ വാക്കുകൾ. അതേ, മരുന്ന് മരണത്തിന്റെ കഥയാണ്. മരണത്തെ ജയിക്കാൻ പരിശ്രമിക്കുന്ന മരുന്നിന്റെ കഥ. പക്ഷേ, എല്ലാവർക്കുമറിയാം അവസാനം മരണം തന്നെ ജയിക്കുന്നു. ദേവാസിന്റെയും ലക്ഷ്മിയുടെയും പ്രണയം പോലും അകാലമചരമമടയുന്നു.
ലക്ഷ്മിയുടെ കത്തുവായിച്ചതിനുശേഷമാണു ദേവദാസ് അവസാനപരീക്ഷ എഴുതുന്നത്. ചോദ്യക്കടലാസ് വാങ്ങുമ്പോൾ ദേവദാസിനു പരിഭ്രമമോ ആകാംക്ഷയോ ഉണ്ടായില്ല. ദേവദാസ് ചോദ്യക്കടലാസിലേക്കു നോക്കി. ഒന്നും കാണുന്നില്ല. ചോദ്യങ്ങളോ ഷോർട് നോട്ടുകളോ ഒന്നും താളിലില്ല. വീണ്ടും വീണ്ടും നോക്കിയപ്പോൾ അതാ വെളുത്ത കടലാസിൽ രണ്ടു കണ്ണുകൾ പ്രത്യക്ഷപ്പെടുന്നു.
മനോഹരമായ, ആഴമുള്ള, നീലിമയാർന്ന, വിടർന്ന, നനവൂറുന്ന വലിയ രണ്ടു കണ്ണുകൾ. ലക്ഷ്മിയുടെ കണ്ണുകൾ. വിശ്വം മുഴുവൻ നിഴലിക്കുന്ന ലക്ഷ്മിയുടെ കണ്ണുകൾ.
ലക്ഷ്മിയുടെ സീറ്റിലേക്കു ദേവദാസ് നോക്കി. സീറ്റും ഡസ്കും ഒഴിഞ്ഞുകിടക്കുകയാണ്. പരീക്ഷാഹാളിൽ ദേവദാസ് ഭയത്താൽ നിലവിളിച്ചു. ഒരു പ്രേതത്തിന്റെ നിലവിളി. ഒടുവിൽ നിലവിളിച്ചുകൊണ്ട് ദേവദാസ് പുറത്തേക്കോടി. വരാന്തയ്ക്കപ്പുറത്തുള്ള പുൽത്തകിടിയിൽ മുൾചെടികൾക്കിടയിൽ ദേവദാസ് മുഖംകുത്തിവീണു.
വ്യാജമായ പദവിയുടെയും അന്തസ്സിന്റെയും വ്യർഥമായ കോട്ടയ്ക്കുമുന്നിൽ മുഖം കുത്തിവീഴുകയാണ് ദേവദാസിന്റെയും ലക്ഷ്മിയുടെയും പ്രണയം. വീണു മരിക്കുകയാണ്. ഒരു മരുന്നിനും ആ പ്രണയത്തെ രക്ഷിച്ചെടുക്കാനാകുന്നില്ല.
എന്തിനു പ്രഗത്ഭനായ, നിസ്വാർഥനായ ഡോ.ഹസനു പോലും മരണത്തിൽനിന്നു രക്ഷയില്ല.
ഡോ. ഹസൻ. പുസ്തകം കയ്യിലില്ലാതെ ഡോക്ടർ ഹസനെ ഒരിക്കൽപ്പോലും കാണുകയില്ല. ഞാൻ മരിച്ചാൽ എന്റെ പുസ്തകങ്ങളും എന്നോടൊപ്പം അടക്കണം എന്നൊരിക്കൽ ഹസൻ പറയുകയുണ്ടായി. പഠിപ്പിക്കുന്ന വിഷയത്തിൽ മികച്ച പണ്ഡിതനുമാണ് ഹസൻ. ലബോറട്ടറികളിൽ തന്റെ അരുമയായ പരീക്ഷണജന്തുക്കൾക്കു മരുന്നു കുത്തിയും അവയെ താലോലിച്ചും മണിക്കൂറുകൾ ചെലവാക്കാറുണ്ട് ഹസൻ. വല്ലപ്പോഴും ജന്തുക്കളെ ഡിസക്ട് ചെയ്യേണ്ടിവരുമ്പോൾ വല്ലാത്തൊരു വേദന അദ്ദേഹത്തെ പിടികൂടും.
ഒരിക്കൽ പഠനത്തിന്റെ ഭാഗമായി വിദ്യാർഥികൾക്കുമുന്നിൽ അദ്ദേഹം ഒരു നായയെ മരുന്നുകൊടുത്ത് മയക്കി. പരീക്ഷണങ്ങളുടെ ഭാഗമായി വ്യത്യസ്ത മരുന്നുകൾ നായയിൽ കുത്തിവച്ചു. ഒരു കുപ്പിയിലുള്ള മരുന്നിനെക്കുറിച്ചു ഡോ.ഹസനു സംശയമായി. മയങ്ങിക്കിടക്കുന്ന തന്റെ സാധുമൃഗത്തിൻമേൽ ആ മരുന്നു കുത്തിവയ്ക്കാൻ അദ്ദേഹം മടിച്ചു. മരുന്നിന്റെ കുപ്പിയിൽനിന്നു ലേബൽ പൊളിഞ്ഞുപോയിരുന്നു. ഡോ.ഹസൻ അധികം ആലോചിച്ചില്ല. മരുന്നിന്റെ ഫലം എന്താണെന്നറിയാനായി ഇടതുകയ്യിലെ സ്വന്തം ധമനിയിലേക്ക് സിറിഞ്ച് അദ്ദേഹം കുത്തിക്കയറ്റി. ഡോ.ഹസന്റെ കണ്ണുകൾ മേലോട്ടു കയറുന്നു.അദ്ദേഹത്തിന്റെ മുഖം വിളറുന്നു.സിറിഞ്ച് കയ്യിൽനിന്നു താഴെ വീണു. ഡോ.ഹസൻ ബോധമറ്റു നിലത്തുവീണു.ഒരു കൂട്ടനിലവിളി ഉയർന്നു. മരുന്നിനും മരണത്തിനുമൊപ്പം നിലവിളികളുടെ ലോകം കൂടിയാണു പുനത്തിലിന്റെ നോവൽ.
പക്ഷേ മരുന്ന് അവസാനിക്കുന്നത് നിലവിളിയിലോ വേദനയിലോ അല്ല. യമുനയുടെ കരയിലെ മണൽപ്പരപ്പിൽ നിൽക്കുന്ന മേരിയിൽ. പിറന്നുവീണ ഒരു കുഞ്ഞിന്റെ കരച്ചിൽ മേരി കേൾക്കുന്നു. നേരിയ ഇരുട്ടിൽ മേരി തപ്പുന്നു.അവളുടെ കൈകൾ ഇളംചൂടുള്ള മാർദ്ദേവമേറിയ ഒരു കൊച്ചുശരീരത്തിൽ പതിഞ്ഞു. ആവേശത്തോടും വാൽസല്യത്തോടുംകൂടി ആ കുഞ്ഞിനെ എടുത്ത് മേരി മടിയിൽവച്ചു മുലയൂട്ടി.
അതുവരെയും കരയിൽ നടക്കുന്ന നാടകങ്ങളിൽ ഒന്നിലും പങ്കു ചേരാതിരുന്ന, സുഖദുഖങ്ങളെ നിസ്സംഗതയോടെ കണ്ടുനിന്ന യമുന അതുനോക്കി നെടുവീർപ്പിൽ ഉലയുന്നു. അതേ മരുന്ന് ആത്യന്തികമായി മരണത്തിന്റെ നോവലല്ല; ആവർത്തിക്കപ്പെടുന്ന മരണങ്ങളെ അതിജീവിക്കുന്ന ജനനത്തിന്റെ നോവൽ. ആരുടെയെന്നറിയാത്ത കുഞ്ഞിനെ മാറോടുചേർക്കുന്ന നിഷ്കളങ്ക സ്നേഹത്തിന്റെ നോവൽ.അമ്മയല്ലാതിരുന്നിട്ടും ആ കുഞ്ഞിനു മുലപ്പാൽ കൊടുക്കുന്ന വാൽസല്യത്തിന്റെ നോവൽ.
Read more on Punathil Kunjabdulla Literature