Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓര്‍മ്മയുടെ മറ്റൊരു പേരാണ് മരണം

punathil-mukundan 'മലയാള ഭാവനയുടെ ഏത് ഓര്‍മ്മയും പുനത്തിലിനെയും കൊണ്ടുവരുന്നു. മറ്റൊരാള്‍ എം. മുകുന്ദനാണ്. രണ്ടു പേരുടെയും പ്രശസ്തമായ സൗഹൃദത്തില്‍ പോലും ആ ഭാവനയുടെ ഒരു ‘സോളിടാരിറ്റി’യുണ്ട് എന്ന് തോന്നും.' കരുണാകരൻ

മരിക്കുക എന്നത് എഴുത്തുകാര്‍ക്ക്  വളരെ പ്രധാനമാണ്. എങ്ങനെ എഴുതി എങ്ങനെ ജീവിച്ചു എങ്ങനെ മരിച്ചു എന്ന് എപ്പോഴും ഉറ്റുനോക്കി കൊണ്ടിരിക്കുന്നതിനാല്‍ തങ്ങളുടെ മരണം എഴുത്തുകാര്‍ക്ക് എപ്പോഴും കാണാന്‍ കിട്ടുന്നു. എഴുത്തുകാരുടെ ഏറ്റവും വലിയ തലവിധി  നശ്വരമായി കൊണ്ടിരിക്കുന്ന ഒരു ലോകത്തെ (ജീവിതത്തെ) അനശ്വരമാക്കാന്‍ തങ്ങള്‍ക്കുള്ള കഴിവിനെ പറ്റി സദാ ആലോചിക്കേണ്ടി വരിക  എന്നാണ്. അങ്ങനെ തങ്ങളുടെ ജന്മത്തെ ഒന്നിലധികം ജന്മങ്ങളായി പിളര്‍ത്തുക എന്നാണ്. കുഞ്ഞബ്ദുള്ളയുടെ ജീവിതവും മരണവും അങ്ങനെയാണ്: എഴുപത്തിയഞ്ചാമത്തെ വയസ്സില്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള മരിക്കുന്നു, ആ എഴുത്താകട്ടെ, അതിന്റെ അന്ത്യഘട്ടത്തില്‍ എത്തുമ്പോള്‍, അതിന്റെ ആരംഭകാലത്തെ ഓര്‍ക്കാന്‍ അതിനുമുമ്പേ തുടങ്ങുന്നു, എല്ലാവരും, അദ്ദേഹത്തിന്റെ പ്രധാനകൃതിയായ, ‘സ്മാരകശിലകള്‍’ അതിനും മുമ്പേ ഓര്‍ക്കാൻ തുടങ്ങുന്നു. 

എഴുത്ത് അങ്ങനെയാണ്. അത് ഓര്‍മ്മയെ പ്രതി ഉണ്ടായതാണ്. ഭാവിയല്ല അതിന്റെ ആധി, ഓര്‍മ്മ നിര്‍മ്മിക്കുന്ന “മറ്റൊരു വര്‍ത്തമാന”മാണ് (an other present).  ഓര്‍മ്മയുടെ മറ്റൊരു പേരാണ് മരണവും. കഴിയുക, തീരുക, എന്നതാണ് ആ പ്രവര്‍ത്തി. 

ഇന്ന് രാവിലെ പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ മരണവാര്‍ത്ത കേള്‍ക്കുമ്പോള്‍ ഞാന്‍ ഓര്‍ത്തതും ഇതൊക്കെത്തന്നെ. എഴുതാതെയാവുക എന്നതിനേക്കാള്‍ കഠിനമാണ് എഴുതിയത് ഓര്‍ക്കുക എന്ന വിധി. ഭാവനയുടെ ദീപ്തങ്ങളായ അലച്ചിലുകള്‍ വളരെ സ്വഭാവികമായിരുന്ന കുഞ്ഞബ്ദുള്ളയില്‍, പിന്നെപ്പിന്നെ ആ എഴുത്ത് ഇല്ലാതാകല്‍, ഈ മരണത്തെക്കാള്‍ എന്നെ ദുഖിപ്പിക്കുന്നതും അതുകൊണ്ടാണ്. 

മലയാള ഭാവനയുടെ ഏത് ഓര്‍മ്മയും ഇയാളെയും കൊണ്ടുവരുന്നു. മറ്റൊരാള്‍ എം. മുകുന്ദനാണ്. ഇവര്‍ രണ്ടു പേരുടെയും പ്രശസ്തമായ സൗഹൃദത്തില്‍ പോലും ആ ഭാവനയുടെ ഒരു ‘സോളിടാരിറ്റി’യുണ്ട് എന്ന് തോന്നും. അലച്ചിലാണ് അവരുടെ രണ്ടു പേരുടെയും പ്രമേയം, പുറത്തെ അല്ല, തങ്ങളുടെ ഉള്ളിലെ. എന്നാല്‍ രണ്ടു വിധത്തിലാണ് അത്. കുഞ്ഞബ്ദുള്ളയില്‍, വിശേഷിച്ചും നോവലില്‍, ആ അലച്ചില്‍, തന്‍റെതന്നെ “സാംസ്ക്കാരിക സ്വത്വ”ത്തിന്റെ പ്രകാശനമാണ്. അതിലേക്ക് വന്നു വീഴുന്ന വെളിച്ചം അതേ സ്വത്വത്തെ പ്രകാശിപ്പിക്കുന്ന ‘പരലോക’ത്തില്‍ നിന്നാണ് എന്ന വിധമാണ്. തന്റെ ലൗകികമായ എല്ലാ തൃഷ്‌ണകളും ആ പരലോകത്തിന്റെ പണിയാണ് എന്ന് വിശ്വസിക്കും പോലെയാണ് കുഞ്ഞബ്ദുള്ള എഴുതിയത്. പിന്നെപ്പിന്നെ അഭിമുഖങ്ങള്‍ക്ക് എത്തിയവരോട് പറഞ്ഞുകൊണ്ടിരുന്നത്. നാം, വായനക്കാര്‍  ആഘോഷിച്ചതും അതാണ്‌. 

ഇത്, കുറേകൂടി മനസിലാവുക മുകുന്ദന്‍റെ എഴുത്തിലേക്ക് നോക്കുമ്പോഴാണ്. അത്, എക്കാലത്തും സാഹിത്യത്തെ (literature) പ്രതിയുള്ള എഴുത്താണ്.  ലോകവും വീടും ഭാഷയും സാഹിത്യത്തെ എങ്ങനെ നേരിടുന്നു എന്നാണ് മുകുന്ദന്‍ പറയാന്‍ ശ്രദ്ധിച്ചത് എന്ന് ഞാന്‍ വിചാരിക്കാറുണ്ട്, അതുകൊണ്ടാണ് അത് എപ്പോഴും ഒരു തുടര്‍ച്ച കാണിക്കുന്നത് എന്നും.  

കുഞ്ഞബ്ദുള്ളയെ ഞാന്‍ കണ്ടിട്ടില്ല. മുകുന്ദനെ എനിക്ക് നല്ല പരിചയമാണ്, ഇഷ്ടക്കേടുകള്‍ക്ക് ഒപ്പമുള്ള ഇഷ്ടവുമാണ്. കുഞ്ഞബ്ദുള്ളയുടെ വിശേഷങ്ങള്‍ ഒക്കെ ഞങ്ങള്‍ തമ്മില്‍ കണ്ടപ്പോള്‍ മുകുന്ദന്‍ പറഞ്ഞു. രോഗം, ഓര്‍മ്മ, എഴുത്ത്, ഭാവി ഇതൊക്കെ ആ കൂടിക്കാഴ്ച്ചകളിലും വന്നു. സാഹസികമായ ഭാവനയുള്ള ഒരാള്‍ എന്നാണ് കുഞ്ഞബ്ദുള്ളയെ കുറിച്ചുള്ള എന്റെ വായനാനുഭവം,  അത് ശരിയാണ്  എന്ന് തോന്നും  കുഞബ്ദുള്ളയെ കുറിച്ച് മുകുന്ദന്‍ പറയുന്ന വിശേഷങ്ങള്‍ കേള്‍ക്കുമ്പോള്‍. 

എഴുത്ത് നശ്വരമായ ഒരു ലോകത്തെ കുറിച്ചുള്ള മനുഷ്യരുടെ വിചാരലോകമാണ്. ഭാവനയാണ് എഴുത്തിന്റെ ആസ്തി. ജീവിച്ച ഇടമോ ജീവിച്ച കാലമോ എത്രമാത്രം ആ ഭാവനയില്‍ ഉണ്ടെന്നല്ല നല്ല എഴുത്തുകാരുടെ ആധി.  മറിച്ച്, നേരത്തെ പറഞ്ഞപോലെ, നശ്വരമായ ഒരു ലോകത്തെ കുറിച്ചുള്ള മനുഷ്യരുടെ വിചാരലോകം, അതിന്റെ ലാളിത്യം, എത്രമാത്രം സങ്കീര്‍ണ്ണമായ ഒന്നാണ് എന്നു തങ്ങളുടെ എഴുത്തില്‍ നേരിടുക എന്നാണ്‌. അത് പ്രകാശിപ്പിക്കുക എന്നാണു. അങ്ങനെ ഓര്‍ക്കാന്‍ ഞാനിഷ്ടപ്പെടുന്ന ഒരു എഴുത്തുകാരന്‍ കുഞ്ഞബ്ദുള്ളയാണ്.  

കുഞ്ഞബ്ദുള്ള മരിച്ചോട്ടെ. 

Books In Malayalam LiteratureMalayalam Literature Newsമലയാളസാഹിത്യം