അച്ഛനോടൊപ്പം സ്റ്റാലിനെ കാണാൻ പോയതായിരുന്നു ആ കുട്ടി. ചെറിയ ചെങ്കൊടി വീശിക്കൊണ്ട് അവൻ അച്‍ഛന്റെ തോളത്തിരുന്നു. കുട്ടികളിൽ നിന്നു പൂച്ചെണ്ടുകൾ സ്വീകരിക്കുമ്പോൾ സ്‍റ്റാലിൻ അവരുടെ ശിരസ്സിൽ തലോടി. അവന് ആ കുട്ടികളോട് കടുത്ത അസൂയ തോന്നി. ഏതു റഷ്യൻ കുട്ടിയാണ് സ്റ്റാലിന്റെ തലോടൽ കൊതിക്കാതിരിക്കുക?
സ്റ്റാലിനെ തൊടാൻ കൊതിച്ച കുട്ടി വളർന്നപ്പോൾ കവിയായി. യെവ്‍ഗെനി അലക്സാന്ദ്രോവിച്ച് യെവ്‍തുഷെങ്കോ എന്ന കവി യെവ്‍തുഷെങ്കോ. എഴുത്തുകൊണ്ടും ജീവിതം കൊണ്ടും സ്‍റ്റാലിനിസത്തിനെതിരെ പോരാടിയ ആൾ. 1933 ജൂൺ പതിനെട്ടിനു സൈബീരിയയിലാണ് യെവ്‍തുഷെങ്കോ ജനിച്ചത്. വിപ്ലവമായിരുന്നു ആ കുടുംബത്തിന്റെ മതം.
അച്‍ഛൻ ജിയോളജിസ്‍റ്റായിരുന്നു. അമ്മ ഗായികയും. 1944ൽ മോസ്‍കോയിലെത്തി. നാലുവർഷത്തിനു ശേഷം കസാക്കിസ്‍ഥാനിലേക്കുള്ള പര്യവേക്ഷണസംഘത്തിനൊപ്പം ചേർന്ന തുഷെങ്കോ പിന്നീട് മോസ്‍കോയിലെ ഗോർക്കി ഇൻസ്‍റ്റിറ്റ്യൂട്ട് ഓഫ് ലിറ്ററേച്ചറിൽ വിദ്യാർഥിയായി. സോവിയറ്റ് സ്‍പോർട്‍സിലാണ് ആദ്യ കവിത പ്രസിദ്ധീകരിച്ചത്.
സിമാ ജംക്ഷൻ, ബാബി യാർ തുടങ്ങിയ കവിതകളാണ് അദ്ദേഹത്തെ പ്രശസ്‍തിയിലേക്ക് ഉയർത്തിയത്. ‘ദ പ്രോസ്‍പെക്ടേഴ്‍സ് ഓഫ് ദ ഫ്യൂച്ചർ’ ആണ് ആദ്യ കവിതാസമാഹാരം.‘സ്‍റ്റാലിന്റെ പിൻമുറക്കാർ’ എന്ന കവിത വിവാദം വിളിച്ചുവരുത്തി. സ്‍റ്റാലിൻ മരിച്ചിട്ടും സ്‍റ്റാലിനിസം അതിജീവിക്കുന്ന സാമൂഹികാവസ്‍ഥയുടെ നേർചിത്രീകരണമായിരുന്നു ഈ കവിത. പാർട്ടി അനുമതിയോടെ പ്രാവ്‍ദയിലാണ് പ്രസിദ്ധീകരിച്ചതെങ്കിലും വിവാദം വിളിച്ചുവരുത്തിയതോടെ പുനഃപ്രകാശനത്തിന് എൺപതുകൾ വരെ കാത്തിരിക്കേണ്ടി വന്നു. അണ്ടർ ദ് സ്‍കിൻ ഓഫ് സ്‍റ്റാച്യു ഓഫ് ലിബർട്ടി എന്ന തുഷെങ്കോയുടെ നാടകം വലിയതോതിൽ ശ്രദ്ധ പിടിച്ചുപറ്റി.
രാജ്യാതിർത്തികളെ കുറിച്ച് എഴുതിയ കവിതയെത്തുടർന്ന് റൈറ്റേഴ്‍സ് യൂണിയനിൽ നിന്നു പുറത്താക്കപ്പെട്ടു. കെജിബിയുടെ ചാരക്കണ്ണുകൾ എപ്പോഴും തുഷെങ്കോയ്‍ക്കു മേലുണ്ടായിരുന്നു. എഴുത്തുകാരനായ ജോസഫ് ബ്രോഡ്‍സ്‍കിയെ തടവിലിടുന്നതിനെതിരെ അന്നാ അഖ്‍മത്തോവയ്‍ക്കും സാർത്രിനുമൊപ്പം രംഗത്തുവന്നവരിൽ കുപിതയൗവനത്തിന്റെ ഈ കവിയുണ്ടായിരുന്നു. ബോറിസ് പാസ്‍റ്റർനക്കിനെപ്പോലുള്ള പ്രതിഭകളുടെ പോലും ശ്രദ്ധ വളരെ വേഗം പിടിച്ചുപറ്റാൻ യെവ്‍തുഷെങ്കോയ്‍ക്കായി.
എൺപതുകളുടെ ഒടുവിൽ ഗോർബച്ചേവിനെ പിന്തുണച്ച കവി റഷ്യൻ പാർലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. ഗോർബച്ചേവ് പുറത്താക്കപ്പെട്ടപ്പോൾ ബോറിസ് യെൽസിനൊപ്പം ചേർന്നെങ്കിലും ചെച്‍നിയയെ ആക്രമിച്ചതിനെ തുടർന്ന് സ്‍ഥാനം ഇട്ടെറിഞ്ഞുപോവുകയായിരുന്നു. പ്രതിഭയുടെ കാര്യത്തിലെന്നപോലെ വിവാഹത്തിലും ധാരാളിയായിരുന്നു. നാലുതവണയാണ് അദ്ദേഹം വിവാഹിതനായത്. എ പ്രികോഷ്യസ് ഓട്ടോബയോഗ്രഫി എന്ന പേരിലെഴുതിയ ആത്മകഥ എക്കാലത്തെയും മികച്ച ആത്മകഥകളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്.
സോവിയറ്റ് സമൂഹത്തിലെ ശിഥിലീകരണത്തെയും അപഭ്രംശങ്ങളെയും തുറന്നുകാട്ടുന്നതായിരുന്നു ആത്മകഥ. പ്രശ്‍നങ്ങളുടെ മൂലകാരണത്തിലേക്കു ചൂണ്ടിയ യെവ്‍തുഷെങ്കോയുടെ വിരൽ ചെന്നുനിന്നത് അപ്പോഴേക്കും കാലയവനികയ്‍ക്കുള്ളിൽ മറഞ്ഞിരുന്ന ജോസഫ് സ്‍റ്റാലിനിലേക്കാണ്. ക്രൂഷ്‍ചേവ് കടുത്ത ഭാഷയിലാണ് ആത്മകഥയെ വിമർശിച്ചത്. വില കുറഞ്ഞ സെൻസഷേനലിസത്തിനു വേണ്ടി ശ്രമിക്കുന്നുവെന്നും സാഹിത്യഗുണമില്ലെന്നുമൊക്കെയായിരുന്നു ആരോപണങ്ങൾ. സംതിങ് ഈസ് ഹാപനിങ് ടു മി, ബാർബിയാർ, ദ ഹെയേഴ്‍സ് ഓഫ് സ്‍റ്റാലിൻ എന്നിവയാണ് യെവ്‍തുഷെങ്കോയുടെ പ്രധാന കൃതികൾ. ചെഗുവേര, പാബ്ലോ നെരൂദ തുടങ്ങിയവരുമായി ഉറ്റസൗഹൃദമുണ്ടായിരുന്നു അദ്ദേഹത്തിന്.
എഴുത്തുകാരന്റെ സ്വാതന്ത്യ്രത്തിനു വേണ്ടി എക്കാലത്തും നിലകൊണ്ട മഹാനായ ഈ കവി അതിന്റെ പേരിലുണ്ടായ നഷ്‍ടങ്ങൾക്കും ഭീഷണികൾക്കും പുല്ലുവിലയാണ് കൽപ്പിച്ചത്. നൊബേൽ ജേതാവായ പ്രശസ്‍ത റഷ്യൻ നോവലിസ്‍റ്റ് സോൾഷെനിത്സെൻ 1974 ൽ നാടുകടത്തപ്പെട്ടപ്പോൾ അതിനെതിരെ തുഷെങ്കോ അതിശക്തമായാണ് പ്രതികരിച്ചത്. ബെയ്‍ക്കൽ തടാകത്തിന്റെ മലിനീകരണത്തിനെതിരെ ശബ്‍ദമുയർത്താനും സ്‍റ്റാലിന്റെ കാലത്ത് മറവിയിലേക്ക് അടിച്ചമർത്തപ്പെട്ടവർക്കു സ്‍മാരകമുണ്ടാക്കാനും മുന്നണിയിൽത്തന്നെ അദ്ദേഹമുണ്ടായിരുന്നു.
കിടപ്പറക്കവിയെന്നും വ്യാജ വിപ്ലവകാരിയെന്നും വിമർശകർ വിശേഷണങ്ങൾ ചൊരിഞ്ഞപ്പോഴും ജനങ്ങൾ യെവ്‍തുഷെങ്കോയ്‍ക്ക് ഒപ്പം നിന്നു. തുഷെങ്കോ കവിത ചൊല്ലുന്നതു കേൾക്കാൻ പതിനായിരങ്ങൾ തടിച്ചുകൂടുമായിരുന്നു. സിനിമാ സംവിധായകൻ, നടൻ, തിരക്കഥാകൃത്ത്, നോവലിസ്‍റ്റ്, എഡിറ്റർ, അധ്യാപകൻ എന്നീ നിലകളിലെല്ലാം വലിയ സംഭാവനകൾ നൽകിയിട്ടുണ്ട് അദ്ദേഹം.
ലോകത്തിലെ എല്ലാ സമുദ്രങ്ങളിലും
പുളച്ചുനീന്തുന്ന മൽസ്യമാകാനും
ലോകത്തിലെ എല്ലാ തെരുവുകളിലും
അലഞ്ഞുനടക്കുന്ന നായയാവാനും
കൊതിക്കുന്നു
-യെവ്‍തുഷെങ്കോ