കവിയുടെ കാൽപ്പാടുകൾ തേടിയാണ് യാത്രയാരംഭിക്കുന്നത്. ബിരുദപഠനത്തിടയിലെ ക്ലാസ്സ് റൂമുകളിൽ നിന്നും കവിതകൾ ഈണത്തിൽ പുറത്തേക്ക് ഒഴുകിയിറങ്ങി വരുന്നു...
"കെട്ടുന്ന വേഷത്തിനെത്തിനുമൊന്നാണ് ലക്‌ഷ്യം
ഗുരുവരാനുഗ്രഹ പ്രീണനം..."
കളിയച്ഛന്റെ ഗദ്ഗദം കാതുകളിൽ വന്നലയടിക്കുന്നു. ഗുരുവിന്റെ അനുഗ്രഹങ്ങൾക്കായി കാലിൽ തൊട്ട് നമസ്കരിച്ചിരുന്നില്ലെങ്കിലും മനസ്സിൽ ആദരവും സ്നേഹവും നിറച്ച് കാണുമ്പോളൊരു നമസ്കാരവും പറഞ്ഞു കലാലയത്തിന്റെ പടിയിറങ്ങുമ്പോൾ മനസ്സിലും തലച്ചോറിലും ബാക്കിയായത് ഇത്തരം ചില വരികളും അവയുടെ ഈണങ്ങളും മാത്രമായിരുന്നു. ഒരിക്കലും മറക്കരുതാത്ത കളിയച്ഛനും മഹാകവി പി യും പിന്നെയും വർഷങ്ങളോളം പിന്തുടർന്നു. ഗുരുക്കന്മാരോടുള്ള ആദരവിന്റെ ഉണർത്തുപാട്ടായി അത് കരുതി വച്ചു, പലപ്പോഴും പലർക്കും ചൊല്ലിക്കൊടുത്തു.
പിയുടെ ജീവിതത്തിന്റെ താളം കവിതയും കവിതയോളം ആഴത്തിലുള്ള പ്രണയവും തന്നെയായിരുന്നു. വായനകളിലും എഴുത്തിലും അത് പിന്തുടരുന്ന സ്ഥിരോത്സാഹിയായ ഒരു വ്യക്തിയുടെ കാലടിപ്പാടുകൾ പിന്തുടരാതെ വയ്യല്ലോ.
"അത്രമേല്‍ പ്രാണനും പ്രാണനായ് നിന്നു നീ യാത്ര പറയാതെ പോയതുചിതമോ? വിണ്ണിന്‍വെളിച്ചമെഴുതി നിന്നീടുമോ കണ്ണിലൊരുകുറികൂടി ക്ഷണപ്രഭേ? പാവനമാമീ ശരന്നദീവീചിയിൽ
പായ നിവര്‍ത്തിയ കൊച്ചുകേവഞ്ചിയില്‍ പൂര്‍ണചന്ദ്രോദയവേളയില്‍ മന്മനം പൂര്‍ണമാവുന്നു സ്മരണതന്‍ വീര്‍പ്പിനാല്‍ കുഗ്രാമപാര്‍ശ്വം വലംവെക്കുമീ നദി പുണ്യയമുന,യാരാധികയുള്ള നാള്‍.......",
കവികളുടെ നിത്യ ദുരന്തമായ ഏകാന്തതയിലേക്ക് വഴുതിവീഴുന്നത് പ്രണയ നഷ്ടത്തിന്റെ ആധിക്യത്തിലായിരിക്കാമെന്നു പറയുന്നത് എത്ര സത്യമാണ്. തന്റെ വർഷങ്ങൾ നീണ്ട പ്രണയത്തിന്റെ പിന്തിരിയൽ പ്രചോദിതമാക്കി എഴുതിയ കവിത- സൗന്ദര്യദേവത.. ഒരു പ്രണയത്തിന്റെ കാൽപ്പനിക ഭംഗി നിരന്ന് ആസ്വാദകനെ അനുഭവിപ്പിച്ച് കടന്നു പോകുന്ന മാന്ത്രികത പേറുന്ന വരികളുടെ ഭംഗി സൗന്ദര്യദേവത പേറുന്നുണ്ട്.
പിയുടെ പ്രണയകവിതകളുടെ ഒക്കെ ആദ്യ മൂർത്തീമദ്ഭാവം അലങ്കരിക്കുന്ന കവിതയെന്ന നിലയിൽ സൗന്ദര്യദേവത അദ്ദേഹത്തിന്റെ മാസ്റ്റർപീസുകളിൽ ഒന്നായും അവകാശപ്പെടാവുന്നതാണ്. അതുകഴിഞ്ഞിങ്ങോട്ടുള്ള നീണ്ട കാവ്യവർഷങ്ങൾ അടയാളപ്പെടുത്തിയതും അതേ കാൽപ്പനികതയുടെ പ്രണയഭംഗി തന്നെയായിരുന്നു. സൗന്ദര്യദേവതയുടെ ബാക്കിയെന്നോണം വായിച്ചു പോകാവുന്ന സൗന്ദര്യകാവ്യങ്ങൾ.
വളരെയധികം നിഗൂഡമായ ഒരു പ്രണയ സൗന്ദര്യ സങ്കൽപ്പത്തെ കവിതയിലും മനസ്സിലും പേറിയ എഴുത്തുകാരൻ അദ്ദേഹത്തിന്റെ കവിതകളിൽ നിരന്തരം ആ മിസ്റ്റിസിസം നിലനിർത്തിയിരുന്നു. കവിതയും പ്രണയിനിയും അദ്ദേഹത്തിന് എന്നും അപ്രാപ്യമായ ഒരു തീവ്ര വികാരമായിരുന്നു. എഴുത്തുമുറിയിൽ എഴുത്തുവേളകളിൽ ഒറ്റയ്ക്കിരുന്ന് നിലവിളിക്കുകയും തലയിട്ടടിക്കുകയും ചെയ്യുന്ന "കവിയച്ഛനെ" അദ്ദേഹത്തിന്റെ മക്കൾ ഓർമ്മിച്ചെഴുതിയിട്ടുണ്ട്. ഒരിക്കലും കയ്യിൽ ഒതുങ്ങാത്ത കവിതയോടു നിരന്തരം അദ്ദേഹം യുദ്ധത്തിലായിരുന്നു, കയ്യിലൊതുങ്ങിയെന്ന് ഭാവിക്കുമ്പോഴും പിടിതരാതെ നിത്യകന്യകയായി അവൾ കവിയെ മോഹിപ്പിച്ച് ഓരോ തവണയും കടന്നു പൊയ്ക്കൊണ്ടിരുന്നു. എന്നാൽ ആ കലഹം ഒരിക്കലും വായനക്കാരൻ അറിഞ്ഞതേയില്ല. അത് ഒരു ഉടമ്പടിയായിരുന്നിരിക്കണം കവിതയും കവിയും തമ്മിലുള്ള രഹസ്യ ഉടമ്പടി.
പിയെ മുൻ നിർത്തി മലയാളത്തിൽ പുറത്തിറങ്ങിയ രണ്ടു സിനിമകളും അദ്ദേഹത്തിന്റെ കാവ്യങ്ങളെക്കാൾ പ്രണയത്തോടു നീതി പുലർത്തുന്നതായിരുന്നു. ഓരോ പ്രണയശരീരങ്ങളിലും മനസ്സുകളിലും അദ്ദേഹം തിരഞ്ഞിരുന്ന എന്തോ ഒന്ന് അജ്ഞാതമായി തന്നെ കിടന്നു. കവിതകളിൽ തിരഞ്ഞപ്പോൾ അവളെ ഒന്ന് സ്പർശിക്കാൻ പോലുമാകാതെ വെറുതെ നോക്കി നിൽക്കേണ്ടിയും വന്നു. സ്ത്രീവത്കൃതമായ പ്രണയങ്ങളുടെയും ശരീരത്തിനപ്പുറമുള്ള ആത്മസമാനമായ കാവ്യപ്രണയത്തിന്റെയും ഇടയിലുള്ള വഴികളിൽ അദ്ദേഹം ഏകാന്തനായിരുന്നു എന്നതാണ് സത്യം. എല്ലാത്തിലും പൂർണത നേടാൻ ശ്രമിക്കുകയും ഒന്നിൽ നിന്നും അത് ലഭിക്കാതെയിരിക്കുകയും ചെയ്ത ആത്മവേദന കവിക്കുണ്ടാകാതെ തരമില്ല.
"ചൊല്ലുന്നു ചേതന മേലിലവളെ
നീ കണ്ടുമുട്ടില്ലയീ ജീവിതപ്പാതയില്‍
ശാരദസന്ധ്യതന്‍ പൂക്കുമ്പിള്‍ ചിന്നിയോ-
രാവഴിത്താരയില്‍ മാഞ്ഞൂ നിലാവവള്‍...",
ഇത്തരം വരികളിൽ നിറഞ്ഞിരിക്കുന്ന വേദനയും മറ്റൊന്നല്ല.
സ്നേഹത്തെ പ്രകൃതിയോളം ഇറക്കി നിർത്തിയ കവിയും പി പോലെ വേറെയുണ്ടാകില്ല.
"ആലിന്‍റെ കൊമ്പിന്‍ തലപ്പു കാത്ത
രാക്കുയില്‍ കൊച്ചുകൂടെങ്ങു പോയി?
കഗ്രാമവീഥിതന്നുള്‍പ്പൂവിലെ -
യുള്‍ത്തുടിപ്പിന്‍ കവിയെങ്ങുപോയി?
പട്ടിണിത്തീയിലെരിഞ്ഞെരിഞ്ഞാ
നാട്ടിന്‍പുറത്തിന്‍ കവി മരിച്ചു!
നേരിയോരന്ധകാരത്തില്‍ മൂടി
ദൂരെ, വിളര്‍ത്ത പടിക്കല്‍പ്പാടം
തോടിന്‍കരയിലേക്കൊന്നൊതുങ്ങി,
ആറ്റിന്‍റെ വെണ്മണല്‍ത്തട്ടു മങ്ങി. "
പ്രകൃതിയുടെ മരണത്തിനൊപ്പം മറ്റൊരാളുടെ മരണം കൂടി എഴുത്തുകാരന് മനസ്സിലാകുന്നുണ്ട്. പ്രകൃതിയില്ലാതെ മരണപ്പെടുന്ന പക്ഷികളുടേയും വയലുകളുടേയും പ്രകൃതിയുടേയുമൊപ്പം മരിക്കുന്ന കവി. ഒന്നോർത്തു നോക്കിയാൽ ഈ വരികളിലെ സത്യത്തിലേക്ക് വേദനയോടെ പിടഞ്ഞിരിക്കാം. നശിപ്പിക്കപ്പെട്ട പ്രകൃതിയിലേക്ക് നോക്കി ഇന്നാരും കവിതകൾ പാടുന്നില്ല...
ചിറകു പോയ കിളികളുടെ തേങ്ങലുകൾ ഇന്നാരും കവിതകളാക്കുന്നില്ല, വെട്ടിയരിഞ്ഞ മരങ്ങളുടെ കണ്ണുനീരും ഇന്നൊരു കവിയും കാണുന്നതേയില്ല. മനുഷ്യൻ എന്ന സങ്കുചിത സങ്കൽപ്പങ്ങളിൽ, വൈകാരികതകളിൽ, ശരീരങ്ങളിൽ മാത്രമൊതുങ്ങുന്ന കവിയെ "മരിച്ചവൻ" ആയി എത്രയോ ശതാബ്ദങ്ങൾക്കു മുൻപ് തന്നെ പി കണ്ടെത്തിക്കഴിഞ്ഞിരിക്കുന്നു. പ്രകൃതിയോടൊപ്പം മരിച്ചവനാണ് കവിയും.
കാൽപ്പനികനായ ഒരു കവി നിരവധി എഴുത്തുകൾക്കും സിനിമ പോലെയുള്ള കലാവഴികൾക്കും കാരണമാവുക, പി കുഞ്ഞിരാമൻ നായർ ഒരു നിസ്സാര സംഭവമല്ല. ഇന്നും വായനകൾ നിലനിർത്തേണ്ട ഒരു ഇതിഹാസമായി നിലനിൽക്കുന്നു.