ഒരു പ്രണയലേഖനം ലേലത്തിന് വച്ചാൽ എത്ര രൂപ വരെ ലഭിക്കാം? ലോക സാഹിത്യ ചരിത്രത്തിലെ ഏറ്റവും വലിയ ആ പ്രണയലേഖന ലേലം നടന്നിട്ട് വർഷങ്ങളായി. ജോൺ കീറ്റ്സ് തന്റെ പ്രണയിനിയായിരുന്ന ഫാന്നിയ്ക്ക് എഴുതിയ കത്ത് ഒടുവിൽ വിറ്റുപോയത് 96,000 പൗണ്ടിനാണ്. പ്രണയലേഖനങ്ങൾ എഴുതുക എന്നത് ഒരുകാലത്ത് അവനവനെ തന്നെ തുറന്നെഴുതുക എന്നതായിരുന്നു. പരസ്പരം സ്വപ്നങ്ങളും ആഗ്രഹങ്ങളും പങ്കു വയ്ക്കുന്നത് കൂടാതെ മികച്ച സാഹിത്യ ലേഖനങ്ങൾ കൂടിയായിരുന്നു മിക്കപ്പോഴും ഇത്തരം എഴുത്തുകൾ.
1818 ലാണ് കീറ്റ്സ് ഫാനി ബ്രൗണിനെ കണ്ടെത്തുന്നത്. വീട്ടുകാർ പരസ്പരം ആലോചിച്ച് നടത്തിയ വിവാഹമായിരുന്നെങ്കിലും സാമ്പത്തികം അവരുടെയിടയിൽ പ്രശ്നം തന്നെയായിരുന്നു. 1920 ലാണ് കീറ്റ്സിനു ക്ഷയം മാരകമാകുന്നതും അദ്ദേഹം ചികിത്സ നടത്തുന്നതും. പ്രണയം വിവാഹ ആലോചന വരെയെത്തിയിട്ടും ഒന്നിച്ച് ജീവിയ്ക്കാൻ ഇരുവർക്കുമായില്ല. തുടർന്ന് 1921 ൽ അദ്ദേഹം 25 മത്തെ വയസ്സിൽ മരണമടയുകയും ചെയ്തു. പക്ഷെ ഈ കാലങ്ങളത്രയും തന്റെ പ്രിയപ്പെട്ടവൾക്ക് കീറ്റ്സ് നിരന്തരമായി കത്തുകളയച്ചിരുന്നു. പ്രണയം തുടിയ്ക്കുന്ന, ആധി പെരുത്ത, ആശങ്കകൾ നിറഞ്ഞിരുന്ന കത്തുകൾ പ്രണയ ലേഖനങ്ങളുടെ രാജാവായി വാഴ്ത്തപ്പെടുന്നു. മികവുറ്റ ഭാഷയും അതിവൈകാരികതയും കൊണ്ട് ഈ കത്തുകളോരോന്നും സ്വയം ഓരോ വായനക്കാരന്റേതുമായി മാറി.
"1820 മാര്‍ച്ച്
നീ ആഗ്രഹിക്കുന്നത്ര ഞാൻ നിന്നെ സ്നേഹിക്കുന്നില്ലെന്നു ചിലനേരം നിനക്കു സംശയം തോന്നാറുണ്ടോ? എന്റെ പ്രിയപ്പെട്ട കുട്ടീ, നിന്നെ ഞാൻ എന്നുമെന്നും സ്നേഹിക്കുന്നു, അതും കലവറയില്ലാതെ. നിന്നെ അറിയും തോറും നിന്നെ സ്നേഹിച്ചിട്ടേയുള്ളു ഞാൻ. അത് ഇന്ന രീതിയിലെന്നുമില്ല- എന്റെ അസൂയകൾ പോലും എന്റെ പ്രണയത്തിന്റെ നോവുകളായിരുന്നു; വികാരം കത്തിനിന്ന ചില മുഹൂർത്തങ്ങളിൽ ഞാൻ നിനക്കു വേണ്ടി മരിക്കുക പോലും ചെയ്യുമായിരുന്നു. ഞാൻ നിന്നെ ഏറെ ശല്യപ്പെടുത്തിയിട്ടുണ്ട്. അതു പക്ഷേ പ്രണയത്തിനു വേണ്ടിയായിരുന്നു! അതെങ്ങനെ ഞാൻ ഒഴിവാക്കാൻ? എന്നും പുതുമയാണു നീ. നിന്റെ ഏറ്റവുമൊടുവിലത്തെ ചുംബനങ്ങളായിരുന്നു ഏറ്റവും മാധുര്യമുള്ളവ; ഏറ്റവും ഒടുവിലത്തെ പുഞ്ചിരിയായിരുന്നു ഏറ്റവും ദീപ്തം; ഒടുവിലത്തെ ചലനങ്ങളായിരുന്നു ഏറ്റവും അഴകാർന്നവയും.
ഇന്നലെ നീ എന്റെ വീടിന്റെ ജനാല കടന്നുപോയപ്പോൾ നിന്നെ ആദ്യമായി കാണുകയാണെന്നപോലെ നിന്നെ ഞാൻ ആരാധിച്ചുപോയി. ഞാൻ നിന്റെ സൌന്ദര്യത്തെ മാത്രമേ സ്നേഹിക്കുന്നുള്ളുവെന്ന് പാതിയൊരു പരാതി പോലെ നീ പറഞ്ഞിരുന്നല്ലോ. അതല്ലാതെ മറ്റൊന്നും ഞാൻ സ്നേഹിക്കാൻ നിന്നിൽ കാണുന്നില്ല? എന്റെ കൈകളുടെ തടവറയിലേക്കു സ്വമനസ്സാലെ പറന്നിറങ്ങുന്നൊരു ഹൃദയത്തെ ഞാൻ കാണുന്നില്ലേ? ഭാവി എത്ര ആശങ്കാജനകമായിക്കോട്ടെ, ഒരു നിമിഷം പോലും നിന്നെക്കുറിച്ചു ചിന്തിക്കാതിരിക്കാൻ എനിക്കാവില്ല. അതൊരുവേള സന്തോഷത്തിനെന്നപോലെ ശോകത്തിനുമുള്ള വിഷയമായേക്കാം- അതു ഞാൻ വിട്ടുകളയുന്നു. നീ എന്നെ സ്നേഹിക്കുന്നില്ലെങ്കിൽക്കൂടി എനിക്കു നിന്നെ ആരാധിക്കാതിരിക്കാനാവില്ല: അപ്പോൾപ്പിന്നെ നിനക്കെന്നെ സ്നേഹമാണെന്നറിഞ്ഞിരിക്കെ എത്രയായിരിക്കും എന്റെ സ്നേഹത്തിന്റെ തീവ്രത!
തന്നെക്കാൾ എത്രയോ ചെറുതായൊരുടലിൽ കഴിയാൻ നിർബന്ധിതമായ മറ്റൊരു മനസ്സുമുണ്ടാവില്ല, എന്റെ മനസ്സു പോലെ ഇത്രയും അതൃപ്തവും അസ്വസ്ഥവുമായി. എന്റെ മനസ്സ് പൂർണ്ണവും അവിചലിതവുമായ ആനന്ദത്തിനായി മറ്റൊന്നിലും ആശ്രയം തേടുന്നതായും ഞാൻ കണ്ടിട്ടില്ല- നീ എന്ന വ്യക്തിയിലല്ലാതെ. നീ എന്റെ മുറിയിലുള്ളപ്പോൾ എന്റെ ചിന്തകൾ ഒരിക്കലും ജനാല തുറന്നു പുറത്തേക്കു പറക്കാറില്ല: എന്റെ ചേതനയാകെ നിന്നിൽ കേന്ദ്രീകരിക്കുന്നു. നമ്മുടെ പ്രണയങ്ങളെക്കുറിച്ച് നിന്റെ ഒടുവിലത്തെ കുറിപ്പിൽ നീ പ്രകടിപ്പിച്ച ഉത്കണ്ഠ എനിക്കു വലിയൊരു സന്തോഷത്തിനു കാരണമായിരിക്കുന്നു: എന്നാൽക്കൂടി ആ തരം ഊഹാപോഹങ്ങൾ മനസ്സിനെ അലട്ടാൻ ഇനിയും നീ നിന്നുകൊടുക്കുകയുമരുത്: നിനക്കെന്നോട് എത്ര ചെറുതെങ്കിലുമായൊരു വൈരാഗ്യമുണ്ടെന്ന് ഞാനും വിശ്വസിക്കുകയില്ല. ബ്രൌൺ പുറത്തേക്കു പൊയ്ക്കഴിഞ്ഞു- ഇതാ പക്ഷേ മിസ്സിസ് വൈലി വന്നിരിക്കുന്നു- അവരും പോയാൽ ഞാൻ നിനക്കു വേണ്ടി ഉണർന്നിരിക്കാം..." ***
ഇപ്പോഴും കീറ്റ്സിനെ വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന കത്തുകളും അദ്ദേഹത്തിന്റെ അവശേഷിപ്പുകളും കാണാൻ നിരവധി പേരാണ് എത്തുന്നത്. കത്തുകളുടെ വായന എന്നത് ജീവിതത്തെ പകർത്തൽ തന്നെയാകുമ്പോൾ തന്റെ ജീവിതം തുറന്നു കാട്ടി, മനസ്സിനെ പകർത്തി വച്ച കീറ്റ്സിന്റെ വരികൾ അദ്ദേഹത്തിന്റെ ആരാധകർക്ക് കവിയെ കുറിച്ച് പഠിക്കാനുള്ള മികച്ച വഴികൾ ഒന്നുമാണ്. അദ്ദേഹം ഫാന്നിയ്ക്കെഴുതിയ മറ്റൊരു കത്ത് ഇങ്ങനെ വായിക്കാം :
"25 കോളേജ് സ്ട്രീറ്റ്
എന്റെ പ്രിയപ്പെട്ട പെൺകുട്ടീ...
എന്റെ കുറച്ച് കവിതകൾ പകർത്തിക്കൊണ്ടിരിക്കുകയാണ് ഞാനിവിടെ, പക്ഷെ അതിനെ അത്ര ശ്രദ്ധയോടെ ചെയ്യാൻ എനിക്ക് കഴിയുന്നതേയില്ല. അതുകൊണ്ടു നിനക്ക് ഒരു കത്തെഴുതി അങ്ങനെയെങ്കിലും നിന്നെ കുറച്ചു നേരത്തേയ്ക്ക് എന്റെ മനസ്സിൽ നിന്നും മാറ്റി നിർത്താൻ പറ്റുമോ എന്ന് ആലോചിക്കുകയാണ് ഞാൻ. എന്റെ ആത്മാവിൽ ഇപ്പോൾ മറ്റൊന്നും ചിന്തിക്കാൻ പോലും ആവുന്നതേയില്ല.
നിന്നെ ഉപദേശിക്കാനും മുന്നയിരിപ്പു തരാനും എന്റെ മനസ്സിന് ബലമുണ്ടായിരുന്ന കാലം കഴിഞ്ഞു പോയിരിക്കുന്നു. എന്റെ പ്രണയം എന്നെ സ്വാർത്ഥമതിയാക്കിയിരിക്കുന്നു. നീയില്ലാതെ എനിക്ക് ജീവിയ്ക്കാൻ വയ്യെന്നായിരിക്കുന്നു. നിന്നെ കാണുമ്പോൾ മറ്റെന്തിനെ കുറിച്ചും ഞാൻ വിസ്മരിച്ച് പോകുന്നു. അവിടെ ആ നിമിഷം എന്റെ ജീവിതം അവസാനിച്ചിരുന്നെങ്കിൽ.. മറ്റൊന്നും എന്റെ മുന്നിലില്ല..
നീയെന്നെ വലിച്ചെടുക്കുന്നു.. നിന്നെ കാണുന്ന നിമിഷത്തിൽ എനിക്ക് തോന്നും ഞാൻ അലിഞ്ഞു പോവുകയാണോ എന്ന്.. നിന്നെ കാണുന്ന പ്രതീക്ഷയെങ്കിലുമില്ലെങ്കിൽ ജീവിതം എത്ര ദുസ്സഹമാണ്. പക്ഷെ നിന്നിൽ നിന്ന് വേർപിരിയണം എന്നുള്ള ചിന്തകൾ എന്നെ ഭീതിപ്പെടുത്തുന്നു.
എന്റെ പ്രിയപ്പെട്ട ഫാനി, നിന്റെ ഹൃദയം ഇനി മാറ്റമില്ലാതെ ഇങ്ങനെ തുടരുമോ? എന്റെ പ്രണയത്തിനു ഇപ്പോൾ പരിധികളില്ലാതെയായിക്കഴിഞ്ഞിരിക്കുന്നു. നിന്നിൽ നിന്നകന്നു പോയാൽ ഒരിക്കലും സന്തോഷത്തിലാകാൻ എനിക്ക് കഴിയില്ല. അത് മുത്തുകളുടെ കപ്പലുകളെക്കാൾ എത്രയോ വിലയേറിയതാണെന്നു നിനക്കറിയാമോ? ഒരു ആംഗ്യത്താൽ പോലും ദയവായി നീയെന്നെ ഭീഷണിപ്പെടുത്തരുതേ...എനിക്കറിയാം മതങ്ങൾക്ക് വേണ്ടി മനുഷ്യർ ബലിയാകാറുണ്ട്, അതെ ഞാനും അപ്രകാരം തന്നെ ചെയ്യും, മതത്തിനു വേണ്ടി ബലിയാകും... അതിനു ഞാനൊരുക്കമാണ്, പക്ഷെ എന്റെ മതം പ്രണയമാണ്.. അതിനു വേണ്ടി മരിക്കാനും ഞാനൊരുക്കമാണ്.. നിനക്ക് വേണ്ടി മരണം വരിക്കാൻ പോലും ഞാനൊരുക്കമാണ്..
പ്രണയമാണെന്റെ മതം, നീയാണതിന്റെ പ്രമാണവും. എനിക്ക് നിഷേധിയ്ക്കാൻ കഴിയാത്ത ഒരു ശക്തി കൊണ്ട് നീയെന്നെ തകർത്തെറിയുന്നുവല്ലോ...
പക്ഷെ നിന്നെ കാണുന്നത് വരെയെങ്കിലും അതിനെ പ്രതിരോധിയ്ക്കാൻ എനിക്ക് കഴിഞ്ഞിരുന്നുവെങ്കിൽ... പലപ്പോഴും പ്രണയത്തിന്റെ യുക്തിയെ എന്റെ യുക്തികൊണ്ട് തകർക്കാൻ ഞാൻ ശ്രമിച്ചിരുന്നു, പക്ഷെ ഇനിയും എനിക്കതിനു കഴിയുമെന്ന് തോന്നുന്നില്ല... വേദന വർദ്ധിച്ചുകൊണ്ടേയിരിക്കുന്നു...
എന്റെ പ്രണയം സ്വാർത്ഥമാണ്..നീയില്ലാതെ എനിക്ക് ശ്വാസം പോലും എടുക്കാൻ വയ്യെന്നായിരിക്കുന്നു...
നിന്റെ മാത്രം
ജോൺ കീറ്റ്സ്
കത്തുകളിൽ ഫാനിയോടുള്ള ഈടുറ്റ പ്രണയത്തിനൊപ്പം മരണത്തെ കുറിച്ചുള്ള ആധികളും കീറ്റ്സ് പങ്കു വയ്ക്കുന്നുണ്ട്. വേണ്ടെന്നു വയ്ക്കാൻ ശ്രമിക്കുന്തോറും കൂടുതൽ കൂടുതൽ മുറുകി ചേരുന്ന ബന്ധങ്ങളുടെ ഇഴകളിലേയ്ക്ക് കീറ്റ്സ് ഇറങ്ങി ചെല്ലുന്തോറും സ്വയം സ്വാർത്ഥനാണെന്നറിയുമ്പോഴും അതിൽ നിന്ന് പിന്തിരിയാൻ കഴിയാത്ത ആത്മബന്ധം കീറ്റ്സ് മനസ്സിലാക്കുന്നുണ്ട്.
കീറ്റ്സുമായുള്ള ബന്ധത്തിന്റെയൊടുവിൽ അദ്ദേഹം വിട വാങ്ങിയെങ്കിലും ഫാനിയെയും ആരാധകർ പിന്തുടർന്നിരുന്നു. 1833ൽ ഫാനി മറ്റൊരാളെ വിവാഹിതയായി. പിന്നീട് ഫാനി മരിക്കുന്നത് 65 മത്തെ വയസ്സിലാണ്.
*** പരിഭാഷ : രവികുമാർ