സാഹിത്യ ഭാഷയിൽ മിസ്റ്റിസിസം എന്ന വാക്ക് ഏറെ പരിചിതമാണ് എങ്കിലും പലപ്പോഴും അതിന്റെ അർത്ഥത്തെ അത്രകണ്ട് ആഴങ്ങളിലേക്ക് തിരഞ്ഞു നോക്കാൻ പലരും മിനക്കെടാറില്ല. നിഗൂഢമായതെന്തോ അതാണ് മിസ്റ്റിസിസം എന്ന ബാഹ്യാർത്ഥം കൊണ്ട് പൊതുവെ വായനക്കാർക്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ളതായി സ്വയം അതിനെ കൽപ്പിക്കുകയും പലപ്പോഴും അതിൽ നിന്ന് അകന്നു നിൽക്കുകയും ചെയ്യുന്നു. എന്നാൽ അതേ സമയം പലരും അതിമനോഹരങ്ങളായ കാവ്യങ്ങളിലെ നിഗൂഢതയെ വായനയിലും ആത്മാവിലും ചേർത്ത് വയ്ക്കുകയും ചെയ്യുന്നുണ്ട്, ഒരുപക്ഷെ അവർ പോലുമറിയാതെ. ദൈവത്തിനോട് ഏറ്റവും ചേർന്ന് നിൽക്കുന്ന എന്തോ ഒന്നിനെ കുറിയ്ക്കാനുള്ള പദമായും മിസ്റ്റിസിസം എന്ന പദം ഉപയോഗിക്കുന്നുണ്ട്. സാഹിത്യ സങ്കേതങ്ങളിൽ ഈ വാക്ക് അത്ര പരിചിതമല്ലെങ്കിൽ പോലും മിസ്റ്റിക് വായനകളും എഴുത്തുകളും ഒരു പ്രത്യേക വിഭാഗമാക്കി തരംതിരിച്ച് വായനയെ പലപ്പോഴും അങ്ങോട്ടടുപ്പിയ്ക്കാൻ സാധാരണ വായനക്കാർ മടിക്കുന്നു.
മനസ്സുമായി ബന്ധപ്പെട്ടത് എന്തും നിഗൂഢമായി കാണാവുന്നതാണ്, അങ്ങനെ വരുമ്പോൾ എഴുത്ത് എന്ന ആത്മപ്രക്രിയ പോലും മിസ്റ്റിസിസം ആണെന്ന് വരുന്നുണ്ട്. അത്രയേറെ അത്യാനന്ദങ്ങളിൽ എത്തുന്ന അവസ്ഥകളിൽ നിന്ന് പുറപ്പെട്ടു വരുന്ന വാക്കുകളെയൊക്കെ മിസ്റ്റിക് എഴുത്തുകളായി കനകകാക്കുകയും ചെയ്യാം.
റൂമിയുടെ ഒരു കവിത നോക്കൂ,
"One went to the door of the Beloved and knocked.
A voice asked: “Who is there?” He answered: “It is I.”
The voice said: “There is no room here for me and thee.”
The door was shut.
After a year of solitude and deprivation
this man returned to the door of the Beloved.
He knocked.
A voice from within asked: “Who is there?”
The man said: “It is Thou.”
The door was opened for him."
മിസ്റ്റിക് സാഹിത്യത്തിന്റെ വക്താവായി ആഘോഷിക്കപ്പെടുന്ന എഴുത്തുകാരനാണ് റൂമി. എന്നാൽ എത്ര ലാളിത്യമാർന്ന വാക്കുകളിലൂടെയാണ് പ്രണയത്തിന്റെ ഏറ്റവും ഉദാത്തമായ ഒരു സങ്കൽപ്പത്തെ അദ്ദേഹം ആവിഷ്കരിച്ചിരിക്കുന്നത്.
പ്രണയിനിയുടെ മുറിയുടെ വാതിലിൽ മുട്ടി വിളിച്ചു.
ഒരു ശബ്ദം.."ആരാണത്.."
ഞാൻ പറഞ്ഞു.."ഞാൻ.."
ആ ശബ്ദം പറയുന്നു.."ഇവിടെ നിനക്കും എനിക്കും കൂടിയുള്ള സൗകര്യമില്ല.."
വാതിലടയുന്നു..
ഒരു വർഷത്തിന് ശേഷം...
ഉള്ളിലുറഞ്ഞ ഏകാന്തതയ്ക്കും ഇല്ലായ്മയ്ക്കും ശേഷം
ആ വ്യക്തി വീണ്ടും പ്രണയിനിയുടെ വാതിലിനു മുന്നിലെത്തുന്നു...
അയാൾ വാതിലിൽ മുട്ടി വിളിച്ച്...
മുറിക്കുള്ളിൽ നിന്നും വീണ്ടും അതേ ശബ്ദം
"ആരാണ്..."?
അയാൾ മറുപടി പറയുന്നു.."ഇത് നീ തന്നെ.."
ആ വാതിൽ അയാൾക്ക് മുന്നിൽ മലർക്കെ തുറക്കുന്നു...
വാചികാർത്ഥം വളരെ ലളിതമാണെങ്കിലും വരികളിലെ ആത്മീയത തൊട്ടു വായിച്ചെങ്കിൽ മാത്രമേ റൂമി കവിതകളിലെ സാംഗത്യം മനസ്സിലാക്കാൻ കഴിയൂ. മിസ്റ്റിക് കവിതകളുടെ സവിശേഷതയും അത് തന്നെയാണ്. നീയും ഞാനും ഒന്നെന്ന ആത്മസത്ത, ഭാരതീയന്റെ അഹം ബ്രഹ്‌മാസ്‌മി പോലെ തന്നെ മഹത്തായ ആത്മ ചൈതന്യത്തെ പേറുന്നതാണ്. ദൈവത്തോട് നാം ഒന്നായിരിക്കുന്നതു പോലെ പ്രണയത്തോടും ഒന്നായി തന്നെ ഇരിക്കുന്നു, അതായിരുന്നു റൂമിയുടെ മിസ്റ്റിസിസത്തിന്റെ വഴി.
മിസ്റ്റിസിസം പല രീതിയിൽ പല എഴുത്തുകാരും തത്വ ചിന്തകന്മാരും ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ എഴുത്തുകാരിൽ അത് ഏറ്റവുമധികം ഉപയോഗിച്ചത് റൂമി തന്നെയാണെന്ന് പറയാം.
"There is a candle in the heart of man, waiting to be kindled.
In separation from the Friend, there is a cut waiting to be
stitched.
O, you who are ignorant of endurance and the burning
fire of love–
Love comes of its own free will, it can’t be learned
in any school."
മനുഷ്യൻറെ ഹൃദയത്തിൽ ഒരു മെഴുകുതിരിയുണ്ട്, തെളിയിക്കപ്പെടാൻ കാത്തിരിക്കുന്ന ഒന്ന്..
പ്രിയ സുഹൃത്തിനെ വേർപിരിയുമ്പോൾ ഒരു തുന്നലിനായി കാത്തിരിക്കുന്ന മുറിവുകളുണ്ട്..
നിരന്തരമായി എരിയുന്ന പ്രണയത്തിന്റെ നോവുകളെ കുറിച്ച് നീ അജ്ഞനാണ്.
പ്രണയം സ്വന്തം ഇഷ്ടപ്രകാരം സഞ്ചരിക്കുന്നു, ഒരു വിദ്യാഭ്യാസവും അതിനായി ആവശ്യവുമില്ല.."
റൂമിയുടെ കവിതകളിൽ അധികവും ഇത്തരത്തിൽ എഴുതപ്പെട്ടത് തന്നെയാണ്...
"Your love lifts my soul from the body to the sky
And you lift me up out of the two worlds.
I want your sun to reach my raindrops,
So your heat can raise my soul upward like a cloud.
-
നിന്റെ പ്രണയം എന്റെ ആത്മാവിനെ ശരീരത്തിൽ നിന്നും ആകാശത്തോളമുയർത്തുന്നു..
ഇരു ലോകങ്ങളിൽ നിന്നും നീയെന്നെ ഉയർത്തുന്നു..
നിന്റെ സൂര്യൻ എന്റെ മഴത്തുള്ളികളിൽ തൊട്ടെങ്കിലെന്ന് ഞാൻ മോഹിക്കുന്നു
അപ്പോഴല്ലേ നിന്റെ ചൂട് എന്റെ ആത്മാവിനെ ബാഷ്പീകരിച്ച് മേഘമാക്കി ഉയർത്തൂ ..."
പ്രണയം എന്നത് വ്യക്തിഗതമായി എഴുതപ്പെട്ടതല്ല റൂമിയ്ക്ക്. പകരം ആത്മാവും ഈശ്വരനും ഒന്നായി ചേരപ്പെടുന്ന അപൂർവ്വമായ ആനന്ദമാണ് റൂമിയുടെ പ്രണയം. അനുരാഗം എന്ന വാക്ക് തന്നെ ദൈവത്തോളം അടുത്ത് നിൽക്കുമ്പോൾ അതിലെ ആ സങ്കൽപ്പം കൂടി ചേരുമ്പോഴുള്ള അത്യാനന്ദം റൂമിയുടെ കവിതകളിലെല്ലാം തന്നെ കാണാൻ കഴിയും, അതുകൊണ്ടു തന്നെയാണ് അവ ഇത്ര നിഗൂഢമാകുന്നതും.
Love is from the infinite, and will remain until eternity.
The seeker of love escapes the chains of birth and death.
Tomorrow, when resurrection comes,
The heart that is not in love will fail the test."
-
അനന്തതയിൽ നിന്നാണ്, പ്രണയം ഉരുവാക്കപ്പെടുന്നത്, അനശ്വരതയിലാണ്, അതിന്റെ നിലനിൽപ്പ്...
പ്രണയസഞ്ചാരി ജനനത്തിന്റെയും മരണത്തിന്റെയും ചങ്ങലകളിൽ നിന്ന് രക്ഷപെട്ടവനായിരിക്കും.
നാളെ ഉയർത്തെഴുന്നേൽപ്പുണ്ടാകുമ്പോൾ,
ഹൃദയത്തിൽ പ്രണയമില്ലാത്തവൻ പരാജയപ്പെട്ടവനായിത്തീരും...".
മാനുഷിക ജീവിതത്തിന്റെ അടിസ്ഥാനം സ്നേഹത്തിലാണെന്നും അതില്ലാത്തവന്റെ ആത്മാവ് പോലും ഈശ്വരസാന്നിധ്യമറിയുന്നതാവില്ലെന്നും അദ്ദേഹം ഉറച്ച് വിശ്വസിക്കുന്നു. പ്രണയം ഏറ്റവും നിഗൂഢമായ ഒന്നായി തുടരുമ്പോഴും അതിലെ വേദനകളും ആനന്ദങ്ങളും അനുഭവിക്കുമ്പോഴും അതിനെ ഭയന്ന്, കുറ്റപ്പെടുത്തി പിന്മാറുന്നവന് പ്രണയം ദുരന്തം തന്നെയാകും, എന്നാൽ അതിലെ ദൈവീകതയെ തൊട്ട്, അനുഭൂതികളെ കണ്ടെത്തി സ്വന്തമാക്കാൻ പഠിച്ചവന് മിസ്റ്റിസിസത്തിന്റെ വാതിലുകൾ മലർക്കെ തുറന്നു കിട്ടും. സാധാരണ മനുഷ്യന്, മിസ്റ്റിസിസത്തിലേക്കുള്ള എളുപ്പമുള്ള വാതിലും പ്രണയല്ലാതെ മറ്റൊന്നുമല്ല. ആത്മീയതയും തത്വചിന്തയും കഠിനമായ ചിന്തകളുടെ ബുദ്ധിമുട്ടുകൾ നൽകുമ്പോൾ പ്രണയത്തിൽ എന്തും അനുഭവിക്കാനുള്ള മാനസിക നിലകൈള്ളുകയെ വേണ്ടൂ, വെറുതെ ഇറങ്ങി നിന്ന് കൊടുത്താൽ മിസ്റ്റിസിസത്തിന്റെ ആഴങ്ങൾ തിരയുന്നതിനൊപ്പം മേഘമായി ആകാശത്തോളം ഉയരുകയും ചെയ്യാം. അതുകൊണ്ടു തന്നെ സാധാരണ മനുഷ്യന് മനസ്സിലാക്കാൻ ഏറെ ബുദ്ധിമുട്ടുള്ള മിസ്റ്റിക് എന്ന വാക്കിന്റെ ലാളിത്യവത്കരിച്ച കവിയാണ് റൂമി എന്ന നിസ്സംശയം പറയാം.