Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വലിയ മനസ്സുള്ള കുട്ടികളാണവർ: ശാരദക്കുട്ടി

kannanthanam ബിനുവിനും ബിൻസിക്കും ഒപ്പം കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം (ചിത്രത്തിന് കടപ്പാട്: ഫെയ്സ്ബുക്ക്)

കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം തോളിൽ കയ്യിട്ടു നിൽക്കുന്ന കുട്ടികളെ ലോകത്തിനു പരിചയപ്പെടുത്തി എഴുത്തുകാരി ശാരദക്കുട്ടി. ജന്മനാ അന്ധരായിരുന്ന ഈ ഇരട്ടകുട്ടികളെകുറിച്ച് അവരുടെ അധ്യാപിക കൂടിയായിരുന്ന ശാരദക്കുട്ടിയുടെ കുറിപ്പ് ഇങ്ങനെ–

ബഹുമാനപ്പെട്ട കേന്ദ്ര മന്ത്രി ശ്രീ അൽഫോൻസ് കണ്ണന്താനം,

താങ്കൾ തോളിൽ കയ്യിട്ടു നിൽക്കുമ്പോൾ ചിരിക്കുന്ന ഈ കുട്ടികളെ കുറിച്ച് താങ്കൾക്കെന്തെങ്കിലും അറിയുമോ? ഫോട്ടോയ്ക്ക് ശേഷം താങ്കൾ അവരെ ഓർക്കാനിടയില്ല. ഞാൻ പറയാം.

അവർ ബിനുവും ബിൻസിയും എന്റെ കുട്ടികളാണ്. അവർക്ക് ചിരിക്കാനേ അറിയൂ.. ഇരട്ടകളാണ്.. ജന്മനാ അന്ധരാണ്. അമ്മയ്ക്കും കണ്ണിനു കാഴ്ചയില്ല. മൂന്നു വർഷവും എന്റെ ക്ലാസിലെ മുൻനിര ബഞ്ചിലിരുന്നു പഠിച്ചവർ. വലിയ സ്വപ്നങ്ങൾ ഉള്ളവർ. ആരോഗ്യമില്ലായ്മ മൂലം അച്ഛനു വലിയ തൊഴിലുകൾ ചെയ്യാൻ കഴിയില്ല. അന്ധരായ മറ്റു മൂന്നു പേർ അദ്ദേഹത്തെ ആശ്രയിച്ചാണ് കഴിയുന്നത്. അങ്ങേയ്ക്ക് സഹായിക്കാൻ കഴിയും ഇവരെ..

കണ്ണില്ലെങ്കിലും നല്ല ഗ്രഹണ ശേഷിയാണിവർക്ക്. ക്ലാസിനു മുന്നിലെ വരാന്തയിലൂടെ ഞാൻ നടന്നു പോയാൽ ഉടനെ ശാരി ടീച്ചറേ എന്നു വിളിക്കും. ഓടി വന്നു കയ്യിൽ പിടിക്കും. ടീച്ചറുടെ നടപ്പിന്റെ ശബ്ദം തിരിച്ചറിയാമെന്നു പറയും. ഒരിക്കൽ ചെങ്ങന്നൂരിലെ പച്ചക്കറിച്ചന്തയിൽ ഞാൻ സാധനം വാങ്ങുകയാണ്. പിന്നിൽ നിന്ന് "അച്ഛാ ഞങ്ങടെ ശാരി ടീച്ചറുടെ ശബ്ദം കേൾക്കുന്നു" എന്നു പറഞ്ഞ് ഞാൻ നിന്ന കൃത്യ സ്ഥലത്ത് അച്ഛനെയും കൂട്ടി എത്തി ബിനുവും ബിൻസിയും. കണ്ടാൽ പിന്നെ കയ്യിൽ നിന്നു വിടാത്ത കുട്ടികൾ.

തൊഴിലവസരങ്ങൾ കുട്ടികൾ അറിയാൻ വേണ്ടി ഞാൻ ക്ലാസിൽ തൊഴിൽവാർത്തകൾ കുട്ടികളെ കൊണ്ടു വായിപ്പിക്കുമായിരുന്നു. ബിനുവും ബിൻസിയും രാവിലത്തെ ആകാശവാണി തൊഴിൽവാർത്ത കേട്ടിട്ട് ഓർമയിൽ നിന്ന് അത് ക്ലാസിൽ മുൻപിൽ വന്നു നിന്ന് പറഞ്ഞ് ആ പരിപാടിയിൽ പങ്കാളികളാകുമായിരുന്നു..

അവർക്കു വേണ്ടി ക്ലാസിൽ മൊബൈൽ ഫോൺ റെക്കോഡർ ഓൺ ചെയ്തു വെച്ചാണ് ക്ലാസുകൾ എടുത്തിരുന്നത്. പരീക്ഷക്കു പോകുന്നതിനു മുൻപ് ടീച്ചറുടെ ശബ്ദം നേരിട്ടു കേട്ട് ക്ലാസിൽ പോകാനുള്ള ഭാഗ്യം ഞങ്ങൾക്കേയുള്ളു എന്ന് എപ്പോഴും ചിരിക്കുന്ന ഈ കുട്ടികൾ പറയുമായിരുന്നു.

ഡിഗ്രി പഠനം പൂർത്തിയാക്കി പോയിട്ടും അവർ നിരന്തരബന്ധം സൂക്ഷിച്ചിരുന്നു. ഞങ്ങളുടെ കോളജിലെ നല്ലവരായ കുട്ടുകാരുടെയും അധ്യാപകരുടെയും പള്ളിയുടെയും സ്നേഹവും കരുതലുമായിരുന്നു അവരുടെ സമ്പത്തും കാഴ്ചയും. പല കോഴ്സുകൾക്കും ചേരുന്നതിനെക്കുറിച്ച് ആലോചനകൾ അവരെന്നോടു പറയുമായിരുന്നു. ഇപ്പോഴും ഫോണെടുത്താൽ അധ്യാപകരുടെയും കൂട്ടുകാരുടെയും ശബ്ദം അവർ തിരിച്ചറിയും.

പ്രിയ ബിനു, ബിൻസി... ഞാൻ നിങ്ങളുടെ ശാരി ടീച്ചറാണ്.. ആരെങ്കിലും ഇത് വായിച്ചു കേൾപ്പിക്കും നിങ്ങളെ.

ചെങ്ങന്നൂരിലെ വെള്ളപ്പൊക്കമെന്നു കേട്ടപ്പോൾ ആദ്യം ഞാനോർത്തത് നിങ്ങളുടെ കുടുംബത്തെയാണ്. ഫോണിൽ ബന്ധപ്പെടാൻ ഒരു മാർഗ്ഗവുമില്ലായിരുന്നു. ഇപ്പോഴും ആ നമ്പർ നിലവിലില്ല എന്നു കേട്ടിട്ടാണ് ഈ പോസ്റ്റിടുന്നത്. നിങ്ങൾ എവിടെയാണെന്നറിയില്ലായിരുന്നു.

ഇന്ന് കേന്ദ്ര മന്ത്രി നിങ്ങളുടെ തോളിൽ കയ്യിട്ട് ഫോട്ടോയെടുക്കുമ്പോൾ ഞാനാശ്വസിച്ചത് നിങ്ങളെ കണ്ടിട്ടാണ്. നിങ്ങൾ കണ്ടിരുന്ന ജീവിത സ്വപ്നങ്ങൾ എനിക്കറിയാം. ഒരു തൊഴിൽ കിട്ടിയാൽ അച്ഛന് സഹായമാകുമെന്നും അമ്മയ്ക്ക് മരുന്നു വാങ്ങാൻ മറ്റാരെയും ആശ്രയിക്കാതെ കഴിയാമായിരുന്നുവെന്നും എന്തെല്ലാം സഹായങ്ങൾ ചുറ്റുമുള്ളപ്പോഴും നിങ്ങൾ പറയുമായിരുന്നു. നിങ്ങളുടെ മുഖത്തെ ആ ചിരി പ്രളയത്തിനും മായ്ക്കാൻ കഴിഞ്ഞിട്ടില്ലല്ലോ എന്ന അഭിമാനത്തിൽ നിങ്ങളുടെ ശാരിടീച്ചർ കരയുകയാണ്...

വലിയ നല്ല മനസ്സുള്ള രണ്ടു കുട്ടികളുടെ കൂടെയാണ് ഫോട്ടോക്ക് പോസ് ചെയ്തിരിക്കുന്നത് എന്ന് മന്ത്രി അറിയുന്നുണ്ടാവില്ല. അതാണിങ്ങനെ ഒരു പോസ്റ്റ്. അവർ ചിരിക്കുകയേയുള്ളു. ഈ അവസരത്തെ ഞാനൊന്നു മുതലെടുക്കുകയാണ്.. നേതാക്കൾക്കു കഴിയുമെങ്കിൽ ഈ കുട്ടികളുടെ ജീവിതത്തിൽ വെളിച്ചമാകൂ.. ഏതു രാഷ്ട്രീയപ്പാർട്ടി നേതാക്കൾക്കും അതിനാകും. ഈ കുട്ടികൾ അവരുടെ ആവശ്യങ്ങൾ ആരോടും പറയില്ല.

ഇത്തരം സഹായമാവശ്യമുള്ളവർ ധാരാളമുണ്ടാകാം.. പക്ഷേ ഇപ്പോൾ ഇവർ ഇവരുടെ മുഴുവൻ അനുഭവങ്ങളുമായി മുന്നിലുണ്ടല്ലോ. ഇത്രയും പറയാൻ ഈ ഫോട്ടോ സഹായകമായല്ലോ. അവർ സുരക്ഷിതരെന്ന് അറിയാൻ എനിക്ക് കഴിഞ്ഞല്ലോ...

നിങ്ങൾക്ക് ഇപ്പോൾ ചെയ്യാവുന്ന സഹായം ഇവർക്കൊരു ജീവിതമാർഗ്ഗമുണ്ടാക്കി കൊടുക്കുക എന്നതാണ്. മൂന്നു വർഷം എന്റെ കൂടെ എന്റെ ശരീരത്തിന്റെയും മനസ്സിന്റെയും ഭാഗമായി ഒരുമിച്ചുണ്ടായിരുന്ന ബിനുവിന്റെയും ബിൻസിയുടെയും സ്വഭാവത്തിന് ,അധ്വാനശേഷിക്ക് ഞാൻ ഗ്യാരണ്ടി..

Malayalam Short StoriesMalayalam literature interviews, മലയാളസാഹിത്യം