കള്ളപ്പണത്തെ പ്രതിരോധിക്കാൻ 500, 1000 രൂപയുടെ നോട്ടുകൾ പിൻവലിച്ചതിനെ തുടർന്ന് രാജ്യത്ത് നിലനിൽക്കുന്ന സാമ്പത്തിക അരക്ഷിതാവസ്ഥയെ കുറിച്ച് പരാമർശവുമായി എഴുത്തുകാരൻ ബെന്യാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. ജ്ഞാനപീഠം ലഭിച്ചാൽ ഉണ്ടാകുന്നതിനേക്കാൾ സന്തോഷമാണ് രണ്ടായിരം രൂപയ്ക്ക് ചില്ലറ ലഭിച്ചപ്പോൾ ഉണ്ടായതെന്ന് പറഞ്ഞു തുടങ്ങുന്ന പോസ്റ്റിൽ ഇന്ത്യൻ ജീവിതത്തിന്റെ വൈചിത്രങ്ങളും രസക്കാഴ്ചകളും പരാമർശവിധേയമാകുന്നു.
പട്ടാളസ്നേഹത്തെ കുറിച്ചുള്ള വിവാദങ്ങൾ സമൂഹമാധ്യമങ്ങളിലും ട്രോളുകളിലും ചർച്ചയായി തുടരുമ്പോൾ ഇതിനെ ലഘുവായി വീണ്ടും പരാമർശിച്ച് ബെന്യാമിൻ നേരത്തെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു.
അല്ലെങ്കിൽ തന്നെ ആയാസകരമായ ദിവസങ്ങളാണ് ബാങ്കു ജീവനക്കാരുടേത്. ഇപ്പോൾ അത് നാലിരട്ടി വർദ്ധിച്ചിരിക്കുന്നു. പക്ഷേ അപ്പോഴും ക്ഷമയോടെ പുഞ്ചിരിയോടെ കൂടുതൽ ഊർജ്ജത്തോടെ കൂടുതൽ നേരം പണിയെടുക്കാൻ ഉത്സാഹം കാണിക്കുന്ന എല്ലാ ബാങ്കു ജീവനക്കാരെയും അഭിനന്ദിക്കാൻ ഈ അവസരം ഞാൻ വിനിയോഗിക്കുന്നു. (പട്ടാളത്തിന്റെ മാത്രം ഊർജ്ജസ്വലതയല്ല ഒരു രാജ്യത്തെ മുന്നോട്ട് നയിക്കുന്നതെന്നും അവശ്യ ഘട്ടങ്ങളിൽ ഓരോ പൗരന്റെ കടമയും വിലപ്പെട്ടതാണെന്ന് നാം ഇനിയെങ്കിലും സൗമനസ്യത്തോടെ മനസിലാക്കേണ്ടതുണ്ട്..)