Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'എനിക്കിഷ്ടപ്പെട്ട ആ പുസ്തകം'...

benyamin ബെന്യാമിന്റെ ജീവിതം മാറ്റിയ ആ പ്രിയ പുസ്തകം....

പുതിയകാല മലയാളനോവൽ സാഹിത്യത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ട ഒരു കൃതി ഏതെന്ന ചോദ്യത്തിന് "ആടുജീവിതം" എന്ന പേര് തന്നെയാകും മുന്നിൽ. ഓരോ പ്രവാസിയുടെയും ഉള്ളിൽ പേറുന്ന നിരാശകളിലേയ്ക്കും സങ്കടങ്ങളിലേയ്ക്കും ഒറ്റപ്പെടലുകളിലേയ്ക്കും ആടുജീവിതവും അതിലെ നായകനായ നജീബും ആഴ്ന്നിറങ്ങുമ്പോൾ എഴുത്തുകാരനായ ബെന്യാമിനും ഓർമ്മിക്കപ്പെടുന്നു. ഒരു എഴുത്തുകാരന്റെ പ്രിയപ്പെട്ട പുസ്തകത്തെ കുറിച്ചറിയുന്നത് അദ്ദേഹത്തിന്റെ വായനാലോകത്തെ കണ്ടെത്തുന്നതിന് തുല്യമാണ്. ബെന്യാമിന്റെ ജീവിതം മാറ്റിയ ആ പ്രിയ പുസ്തകം....

fav-books



ഒരു കാലത്തിന്റെ വായനകളെ ശബ്ദമുഖരിതമാക്കിയ കൃതി എന്ന് പറയാവുന്നത് റൊമയ്ൻ റോളണ്ടിന്റെ ജീൻ ക്രിസ്റ്റോഫ് ആണ്. ആദ്യമായി ഈ കൃതി വായിക്കുന്നത് യൗവ്വനത്തിന്റെ വർഷങ്ങളിലേയ്ക്ക് കാലെടുത്തു വയ്ക്കുന്ന നേരമായിരുന്നു. ഇരുപത്തി മൂന്നാമത്തെ വയസിൽ ജീൻ ക്രിസ്റ്റോഫ് വായിക്കാൻ കാരണം, എം ടി വാസുദേവൻ നായരും. എം ടിയുടേതായി വന്ന ഒരു ലേഖനത്തിൽ അദ്ദേഹത്തിനോട് ഇതേ പുസ്തകം വായിക്കാൻ വൈക്കം മുഹമ്മദ് ബഷീർ നിർദേശിച്ചതായി എഴുതിയിരുന്നു. ബഷീർ, എം ടിയോടു ഒരു പുസ്തകം വായിക്കാൻ പറയുമ്പോൾ എന്താണ് ആ പുസ്തകത്തിൽ ഉള്ളത് എന്ന കൗതുകം തോന്നി, അങ്ങനെയാണ് പുസ്തകം വായനയ്ക്കായി തിരഞ്ഞെടുക്കുന്നത്. തെറ്റിയില്ല, അന്ന് മുതൽ ഇന്നോളം ജീവിതത്തെ സ്വാധീനിച്ച കൃതി ഏതെന്ന ചോദ്യത്തിന് ജീൻ ക്രിസ്റ്റോഫ് ആണ് ഉത്തരം. യൗവ്വനത്തിന്റെ ആശങ്കകളെ, പരാജയഭീതികളെ, പ്രണയ നഷ്ടത്തെ, എല്ലാം എല്ലാം അന്വേഷിക്കുകയും അതിന്റെയൊക്കെ ഉത്തരം കണ്ടെത്തിത്തരുകയും ചെയ്ത കൃതിയായാണ് ആ പുസ്തകം തോന്നിയിട്ടുള്ളത്.

1915 ൽ സാഹിത്യത്തിന് നോബൽ സമ്മാനം ലഭിച്ച റൊമയ്ൻ റോളണ്ടിന്റെ കൃതിയാണ് ജീൻ ക്രിസ്റ്റോഫ് (Jean-Christophe ). പ്രസിദ്ധ സംഗീതജ്ഞനായ ബീഥോവന്റെ ജീവിതത്തെ അടിസ്ഥാനമാക്കി പത്ത് വോള്യത്തിലായി പ്രസിദ്ധീകരിക്കപ്പെട്ട കൃതി രണ്ടായിരത്തോളം പേജുകളുള്ളതാണ്. ഫ്രഞ്ച് നോവലിസ്റ്റും ചരിത്രകാരനായ എഴുത്തുകാരനാണ് റൊമയ്ൻ റോളണ്ട്. പത്ത് പുസ്തകങ്ങളും മൂന്നു പ്രത്യേക ഗ്രൂപ്പുകളായി തിരിക്കപ്പെട്ടിട്ടുണ്ട്. സംഗീതജ്ഞനായ ബീഥോവന്റെ ജീവിതം ഒട്ടും ലളിതമായിരുന്നില്ല. അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഒരു ചരിത്ര രേഖയായും ഈ നോവൽ സമുച്ചയത്തിനെ കണ്ടെത്താൻ കഴിയും.

ജീൻ ക്രിസ്റ്റോഫ് എന്ന പേരിൽ ബീഥോവന്റെ ജീവിതം അനാവരണം ചെയ്യപ്പെടുമ്പോൾ അദ്ദേഹം അനുഭവിച്ച ദുരിതങ്ങളും ചതികളും എല്ലാം നോവലിൽ വ്യക്തമായി കാണാനാകും. അപാരമായ പ്രതിഭയുള്ള സംഗീതജ്ഞനായിരുന്നു ബീഥോവൻ. അദ്ദേഹത്തിന്റെ ജനനം മുതൽ മരണം വരെയുള്ള യാത്ര ദുസ്സഹമായിരുന്നു. സ്വന്തം സുഹൃത്തുക്കളിൽ നിന്നുവരെയുള്ള കൊടുംചതികൾ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. കേൾവിയും സംസാരവും ഇല്ലാതെ അദ്ദേഹം കണ്ടെത്തിയ സംഗീതത്തിന്റെ അപാരങ്ങളായ ലോകങ്ങൾ ലോകമെങ്ങും ബീഥോവന് ആരാധകരെ നേടിക്കൊടുത്തു. അത്തരം ഒരു ജീവിതമാണ് ജീൻ ക്രിസ്റ്റോഫ് എന്ന നോവലിൽ വായനയ്ക്കായുള്ളത്. യൗവ്വനത്തിന്റെ ആരംഭത്തിൽ അത്തരമൊരു ബൃഹദ് പുസ്തകത്തിന്റെ, ഒരു വലിയ പ്രതിഭയുടെ ജീവിതത്തെ കുറിച്ചുള്ള വായന ഏറെ സ്വാധീനിക്കും.

ഏറ്റവും പ്രിയപ്പെട്ട കൃതി ജീൻ ക്രിസ്റ്റോഫ് ആണെങ്കിലും പ്രിയപ്പെട്ട എഴുത്തുകാരൻ കസൻദ് സാക്കീസ് ആണ്.
"എന്റെ ഹൃദയം വിജൃംഭിതമായി. തേങ്ങുന്ന, നിഗൂഢശബ്ദങ്ങൾ ഉള്ളിലുയർന്നു. ആരാണു വിളിക്കുന്നത്‌ എന്നെനിക്കറിയാമായിരുന്നു. ഒറ്റയ്ക്കിരിക്കുമ്പോഴൊക്കെ ഈ ജീവി നിലവിളിച്ചു കൊണ്ടിരുന്നു, ഭ്രാന്തമായ ഭീതിയോടെ, എന്നിൽ നിന്ന് മുക്തമാകാൻ..."(സോർബ ദ്‌ ഗ്രീക്ക്‌)
ആത്മീയമായ വായനയാണ് അദ്ദേഹത്തിന്റേത്. ബൈബിൾ വായിക്കുന്നത്ര മാനസിക സുഖത്തോടെ അദ്ദേഹത്തിന്റെ പുസ്തകങ്ങൾ വായിക്കാനായിട്ടുണ്ട്. അദ്ദേഹത്തിന്റെ "റിപ്പോർട്ട് ടു ഗ്രീക്കോ" എന്ന കൃതി ഇപ്പോഴും കൊണ്ട് നടക്കുന്ന ഒന്നാണ്. "എന്റെ ഉള്ളംനിറയെ കരച്ചിലാണ്. ആ കരച്ചിലിന്റെ സാക്ഷ്യങ്ങളാണ് എനിക്ക് എഴുത്ത്" എന്ന ആദ്യ പേജിൽ കുറിച്ചിരിക്കുന്നുണ്ട്. എല്ലാ കാലത്തും പ്രസക്തിയുള്ളവയാണ് അദ്ദേഹത്തിന്റെ ആത്മീയ ചായ്‌വുള്ള കൃതികളൊക്കെ തന്നെയും. പ്രത്യേകിച്ച് മതപരവും ആത്മീയവുമായ നിരവധി ചോദ്യങ്ങൾ ഉയരുന്ന ഈ സമയത്ത് നിന്ന് വായിക്കുമ്പോൾ അതിനു പ്രത്യേകത ഉണ്ടാകുന്നുണ്ട്. കാലത്തിനതീതമായ വായന എന്നൊക്കെ അതിനെ പറയാം.

കസൻദ് സാക്കീസ് എഴുതിയ റിപ്പോർട്ട് ടു ഗ്രീക്കോ സ്വകാര്യവും എന്നാൽ ആത്മീയ തലങ്ങളുമുള്ള കൃതിയാണ്. അദ്ദേഹത്തിന്റെ ജീവിത പരിസരവുമായി ബന്ധപ്പെടുത്തിയാണ് ആ കൃതി വായിക്കേണ്ടതും. ചരിത്രവും ദൈവീകതയും ആനന്ദങ്ങളും ഒക്കെ ഈ നോവൽ വർണ്ണിക്കുന്നുണ്ട്. തന്റെ എഴുപത്തിനാലാമത്തെ വയസ്സിലാണ് കസൻദ് സാക്കീസ് ഈ പുസ്തകം എഴുതുന്നത്. ബുദ്ധനും ക്രിസ്തുവും ലെനിനും ഒക്കെ അടങ്ങുന്ന അദ്ദേഹത്തിന്റെ ജീവിത യാത്രയിലെ വഴിവിളക്കുകളെ എഴുത്തുകളിൽ പ്രകാശം പരാതി വായിക്കാം. സോർബ ദ ഗ്രീക്ക്, ദ ലാസ്റ്റ് ടെംറ്റെഷൻ ഓഫ് ക്രൈസ്റ്റ് ഉൾപ്പെടെയുള്ള നിരവധി കൃതികളുടെ എഴുത്തുകാരനാണ് ഗ്രീക്കുകാരനായ നിക്കോസ് കസൻദ് സാക്കീസ്. ഇഷ്ടമുള്ള എഴുത്തുകാരൻ എന്ന പേരിന് അദ്ദേഹം തന്നെയാണ് അർഹൻ.