Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ടാമൂഴം അഥവാ ഭീമന്റെ ദു:ഖം

randamoozham

‘‘ശത്രുവിനോട് ദയ കാട്ടരുത്. ദയയിൽ നിന്നും കൂടുതൽ കരുത്തു നേടിയ ശത്രു വീണ്ടും നേരിടുമ്പോൾ അജയ്യനാവും. അതാണ് ഞങ്ങളുടെ നിയമം. മൃഗത്തെ വിട്ടു കളയാം. മനുഷ്യന് രണ്ടാമൊതൊരവസരം കൊടുക്കരുത്’’.

എം.ടിയുടെ ‘രണ്ടാമൂഴം’ എന്ന നോവലിലെ വാക്കുകളാണിവ. മഹാഭാരത കഥയിൽ നിന്ന് വേറിട്ട് ഭീമന് നായകവേഷം കൽപ്പിച്ചു കൊടുത്ത രണ്ടാമൂഴം. ഒരു ജന്മം മുഴുവൻ രണ്ടാമൂഴത്തിനായി കാത്തു നിന്ന ഭീമൻ. ചൂതുകളിച്ച് മണ്ണും പെണ്ണും നഷ്ടപ്പെടുത്തിയ ധർമ്മപുത്രനായ യുധിഷ്ഠിരൻറേയും വില്ലാളിവീരനായ അർജ്ജുനൻറെയും നിഴലിൽ നായകത്വം നഷ്ടപ്പെട്ട ഭീമൻ. ഇതു ചുരുളഴിയാത്ത ഒരു പ്രണയ കാവ്യം കൂടിയാണ്. കുറെ ചോദ്യങ്ങൾ മാത്രം അവശേഷിപ്പിക്കുന്ന പ്രണയം.

പാഞ്ചാലിയുടെ പ്രണയത്തിനു വേണ്ടി ഭീമൻ പലതും ചെയ്തു. കല്യാണ സൗഗന്ധികം തേടി പോയി. കൗരവ സദസ്സിൽ വസ്ത്രാക്ഷേപം ചെയ്യപ്പെട്ട് അപമാനിതയായി നിൽക്കുമ്പോൾ ദുശ്ശാസനൻറെ രക്തം കണ്ടേ അടങ്ങൂ എന്ന പാഞ്ചാലി ശപഥം നിറവേറ്റാൻ ദുശ്ശാസനൻറെ മാറു പിളർന്ന് ആ രക്തം കൊണ്ട് ദ്രൗപതിയുടെ മുടി കഴുകി ഭീമൻ. അർജ്ജുനനേക്കാൾ ഭീമൻ പാഞ്ചാലിയെ പ്രണയിച്ചു. എന്നിട്ടും പാഞ്ചാലിയെന്നും പ്രണയിച്ചത് അർജ്ജുനനെ മാത്രം.

ഭീമൻറെ പിതൃത്വം ചോദ്യം ചെയ്യപ്പെടുന്നു ഇവിടെ. ശക്തിയുള്ള ഒരു മകനെ കിട്ടാനായി കാട്ടാളനെ പ്രാപിക്കേണ്ടി വന്നിട്ടുണ്ടെന്ന കുന്തിയുടെ വെളിപ്പെടുത്തലിനു മുന്നിൽ തകർന്നു പോകുന്ന ഭീമൻ.. വായു പുത്രനെന്ന് അഹങ്കരിച്ചിരുന്ന ഭീമന് ഗദാപ്രഹരം ഏറ്റതുപോലെയുള്ള വേദനയനുഭവിക്കേണ്ടി വന്ന നിമിഷങ്ങൾ..

ഭീമൻറെ കരുത്തുറ്റ ശരീരത്തെ എല്ലാവരും വാഴ്ത്തി അതിനുള്ളിൽ ഒരു മനസ്സുണ്ടെന്ന് ഏവരും മറന്നു. ഹിഡുംബി എന്ന രാക്ഷസിയിൽ പിറന്ന ഘടോൽഘചൻ എന്ന പുത്രൻ മഹാഭാരത യുദ്ധത്തിൽ മരിച്ചു വീഴുമ്പോഴും അതൊരു വാർത്ത ആവുന്നില്ല. അവിടെയും സംസാര വിഷയം അർജ്ജുന പുത്രൻ അഭിമന്യു പദ്മവ്യൂഹത്തിൽപ്പെട്ട് മൃതിയടഞ്ഞതാണ്. രണ്ടാമൂഴക്കാരനായ അച്ഛൻറെ മകനായതിനാൽ തൻറെ മകനും അഭിമന്യുവിനു പിന്നിലായിപ്പോയതിൻറെ വേദന. ഒരു അച്ഛൻറെ വേദന ഈ കൃതിയിൽ വരച്ചു കാട്ടുന്നുണ്ട് എം.ടി.

1977 ൽ ഒരു നവംബർ മാസത്തിൽ മരണം തൻറെ സമീപത്തെത്തി പിൻമാറിയെന്നും അതിനു ശേഷം എഴുതി പൂർത്തിയാക്കിയ നോവലാണ് രണ്ടാമൂഴമെന്നും എം.ടി പറയുന്നു. ജീവിതത്തിലെ രണ്ടാമൂഴത്തിൽ സർഗ്ഗാത്മകതയുടെ ഈറ്റു നോവേറെയനുഭവിച്ചെഴുതിയ കൃതിയായതിനാലാവും നോവലുകളിലെന്നും വായിക്കപ്പെടേണ്ട ഒന്നായി രണ്ടാമൂഴം മാറിയത്.