മൊബൈൽ എടുത്തല്ലോ അല്ലേ..?

ദരിദ്രരായ ഇന്ത്യക്കാരുടെ ജീവിതത്തിലേക്കു മൊബൈൽ എങ്ങനെ പുതിയൊരു സാധ്യത കൊണ്ടുവരുന്നു എന്നുള്ളതിന്റെ ആവിഷ്ക്കാരമാണ് ബെന്യാമിന്റെ പുതിയ കഥയായ സോലാപ്പൂർ.

അതിനിടെ പല തവണ ചോദിച്ചതാണെങ്കിലും പാടത്തിനു നടുവിലെ വരണ്ട തോട് മുറിച്ചു കടക്കുമ്പോൾ ശോഭി വീണ്ടും ഒരിക്കൽ കൂടി ഹനുമന്തയോട് അതു ചോദിച്ചുറപ്പിച്ചു. അതെ എന്ന് അവൻ പോക്കറ്റ്  തപ്പിക്കൊണ്ട് മറുപടിയും കൊടുത്തു. സൂക്ഷിക്കണം ബസ് നിറയെ ബാർശിയിലെ പോക്കറ്റടിക്കാരാണ്. അതിന്റെ വില അറിയാമല്ലോ....
(സോലാപ്പൂർ)


ആ മൊബൈലിലാണ് അവരുടെ ജീവിതമുള്ളത്. ദരിദ്രരായ ഇന്ത്യക്കാരുടെ ജീവിതത്തിലേക്കു മൊബൈൽ എങ്ങനെ പുതിയൊരു സാധ്യത കൊണ്ടുവരുന്നു എന്നുള്ളതിന്റെ ആവിഷ്ക്കാരമാണ് ബെന്യാമിന്റെ പുതിയ കഥയായ സോലാപ്പൂർ. കറൻസി നോട്ട് നിരോധത്തോടെ അതിജീവനത്തിന്റെ നട്ടെല്ലു തകർന്ന ഇന്ത്യൻ ഗ്രാമീണ ജീവിതത്തെയാണ് ബെന്യാമിൻ ഈ കഥയിലൂടെ ആവിഷ്ക്കരിക്കുന്നത്. ഒരു സാഹിത്യകാരൻ സാമൂഹികജീവികൂടിയായിരിക്കണമെന്നതിന്റെ തെളിവാണ് ഈ കഥ.

സമൂഹത്തെ എപ്പോഴും അനുകമ്പാപൂർവ്വം കാണുന്ന ഒരാൾക്കേ ഇത്തരത്തിലൊരു കഥയെഴുതാൻ കഴിയൂ എന്നുറപ്പാണ്.
2016 മലയാളത്തിൽ ചെറുകഥകളുടെ വർഷമായിരുന്നു. അതിനു തൊട്ടുമുൻപുള്ള വർഷം നോവൽ വായനയുടെ സജീവത നിലനിർത്തിയിരുന്നെങ്കിൽ 2016ൽ എടുത്തുപറയാവുന്ന നല്ല നോവലുകളൊന്നും വായക്കാരനെ തേടിയെത്തിയില്ല. എന്നാൽ വായനയുടെ ഗ്രാഫ് ഉയർത്താൻ നല്ല ചെറുകഥകൾ ധാരാളമുണ്ടായി എന്നതായിരുന്നു ആശ്വാസം.


സന്തോഷ് ഏച്ചിക്കാനത്തിന്റെ  ബിരിയാണിയും എസ്. ഹരീഷിന്റെ മോദസ്ഥനായങ്ങു വസിപ്പൂ മലപോലെ, സുസ്മേഷ് ചന്ദ്രോത്തിന്റെ പുലിമൃത്യു, സക്കറിയയുടെ തേൻ എന്നിവയെല്ലാം എടുത്തുപറയാവുന്ന കഥകളായിരുന്നു. അക്കൂട്ടത്തിലേക്കാണ് 2016ന്റെ ഒടുവിൽ ബെന്യാമിന്റെ സോലാപ്പൂർ എത്തുന്നത്.


സ്വന്തം രതി വിൽപ്പനച്ചരക്കാക്കേണ്ടി വന്ന ഹനുമന്ത– ശോഭി ദമ്പതികളുടെ ദരിദ്ര ജീവിതമാണ് കഥയുടെ പ്രമേയം. ബിരിയാണിയിൽ വിശപ്പിന്റെ രാഷ്ട്രീയമായിരുന്നു സന്തോഷ് ഏച്ചിക്കാനം പറഞ്ഞതെങ്കിൽ സോലാപ്പൂരിൽ ദാരിദ്ര്യത്തിന്റെയും അതിജീവനത്തിന്റെയും ദയനീയാവസ്ഥയാണു ബെന്യാമിൻ എഴുതിയിരിക്കുന്നത്. കൃഷി നശിച്ച് ദാരിദ്ര്യത്തിലായ ദമ്പതികൾ ജീവിക്കാൻ വേണ്ടി സ്വന്തം കിടപ്പുമുറിയിൽ ക്യാമറ വച്ച് തങ്ങളുടെ ശരീര–മനസ്സിന്റെ ആസ്വാദനം പകർത്തുകയാണ്. അത് നഗരത്തിലെ ഒരു ഏജന്റിനു കൊണ്ടു പോയി വിൽക്കാൻ ഇറങ്ങിയതാണ് രണ്ടുപേരും. സോലാപ്പൂരിലെത്തിയപ്പോൾ അവരെ ഏജന്റും കച്ചവടക്കാരനും ചേർന്നു പറ്റിക്കുന്നു.


അയ്യേ, ഇതെന്താ ഈ സ്ത്രീയുടെ മുകൾ വയറ്റിൽ ഒരു വൃത്തികെട്ട മുറിപ്പാട്?
അത് ഞങ്ങളുടെ കിഡ്നി വിറ്റതിന്റെ അടയാളമാണ് പാട്ടീൽ സാബ്
എന്നാണ് അവർ മറുപടി നൽകുന്നത്. കാൻസർ വന്ന മകന്റെ
ചികിത്സയ്ക്കാണ് ആ അമ്മ കിഡ്നി വിറ്റത്. മൂന്നു ലക്ഷം രൂപയ്ക്ക് കിഡ്നി കച്ചവടം ചെയ്തിട്ട് കയ്യിൽ കിട്ടിയത് മുപ്പതിനായിരം മാത്രം. ആ പണം കൊണ്ട് മകനെ രക്ഷിക്കാനും സാധിച്ചില്ല. പണവും പോയി മകനും പോയ അവസ്ഥ. തങ്ങളുടെ കിടപ്പുമുറിയിലെ സീനുകൾ വെറും അഞ്ഞൂറ് രൂപയ്ക്ക് വിൽക്കേണ്ടി വരുന്നു ആ ദമ്പതികൾക്ക്.

വീണ്ടും പ്രലോഭനം അവരുടെ മുന്നിലേക്കെത്തുകയാണ്. അടുത്ത കുടിലിലെ പറക്കമുറ്റാത്ത പെൺകുട്ടികളുടെ നഗ്നരംഗങ്ങൾ കാമറയിൽ പകർത്തിക്കൊണ്ടു കൊടുത്താൽ ധാരാളം പണം നൽകാമെന്ന വാഗ്ദാനമാണ് അവർക്കു ലഭിക്കുന്നത്. അന്നേരം മകൾ ജാനിയുടെ മുഖമാണ് അയാളുടെ മനസ്സിലേക്കെത്തുന്നത്.
എല്ലാവരും കൊട്ടിഘോഷിക്കുന്ന കാഷ്‍ലെസ് ഇന്ത്യ, ഡിജിറ്റൽ ഇന്ത്യ എന്നിവയുടെ മറുപുറമാണ് ബെന്യാമിൻ കഥയിലൂടെ ആവിഷ്ക്കരിക്കുന്നത്. ദാരിദ്ര്യം വിട്ടുമാറാത്ത ഒരു രാജ്യത്തെ ഗ്രാമങ്ങളെ ഡിജിറ്റലൈസ് ആക്കുന്നതിനു മുൻപ് അവർക്ക് അന്നം ഉറപ്പാക്കാക്കുകയാണു വേണ്ടതെന്ന് കഥ വ്യക്തമാക്കുന്നു.
ബിരിയാണി, മോദസ്ഥനായങ്ങു വസിപ്പൂ മലപോലെ എന്നീ  കഥകൾ ചർച്ച ചെയ്തതുപോലെ സോലാപ്പൂരും സാഹിത്യലോകം ചർച്ചയ്ക്കെടുക്കേണ്ടതാണ്.