അടക്കാൻ പറ്റാത്ത ആവേശത്തിൽ കണ്ണൻ ആ പ്രതിമ പുറത്തോട്ടെടുക്കാൻ ശ്രമിച്ചു. "കണ്ണാ" പിന്നിൽ നിന്നും പ്രിയയുടെ ഉച്ചസ്ഥായിലുള്ള വിളി. കണ്ണന്റെ കൈയ്യിൽനിന്നും നിയന്ത്രണം വിട്ട പ്രതിമ നേരെ നിലത്തേക്ക്. നിമിഷാർധത്തിൽ അത് പല കഷ്ണങ്ങളായി വേർപിരിയുന്നത് രണ്ടുപേരും നിസ്സഹായതയോടെ നോക്കിനിന്നു.

അടക്കാൻ പറ്റാത്ത ആവേശത്തിൽ കണ്ണൻ ആ പ്രതിമ പുറത്തോട്ടെടുക്കാൻ ശ്രമിച്ചു. "കണ്ണാ" പിന്നിൽ നിന്നും പ്രിയയുടെ ഉച്ചസ്ഥായിലുള്ള വിളി. കണ്ണന്റെ കൈയ്യിൽനിന്നും നിയന്ത്രണം വിട്ട പ്രതിമ നേരെ നിലത്തേക്ക്. നിമിഷാർധത്തിൽ അത് പല കഷ്ണങ്ങളായി വേർപിരിയുന്നത് രണ്ടുപേരും നിസ്സഹായതയോടെ നോക്കിനിന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അടക്കാൻ പറ്റാത്ത ആവേശത്തിൽ കണ്ണൻ ആ പ്രതിമ പുറത്തോട്ടെടുക്കാൻ ശ്രമിച്ചു. "കണ്ണാ" പിന്നിൽ നിന്നും പ്രിയയുടെ ഉച്ചസ്ഥായിലുള്ള വിളി. കണ്ണന്റെ കൈയ്യിൽനിന്നും നിയന്ത്രണം വിട്ട പ്രതിമ നേരെ നിലത്തേക്ക്. നിമിഷാർധത്തിൽ അത് പല കഷ്ണങ്ങളായി വേർപിരിയുന്നത് രണ്ടുപേരും നിസ്സഹായതയോടെ നോക്കിനിന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

"കൃഷ്ണാ... കെട്ടുമ്പോൾ ആ കനം കൂടിയ കൊമ്പിലേക്കു കൂടി ചേർത്ത് കെട്ടിക്കോളൂ.. എന്നാലേ ഊഞ്ഞാലിനു ഒരു ഉറപ്പു കിട്ടുള്ളൂ. പിള്ളേരാണെന്നു പറഞ്ഞിട്ട് കാര്യമില്ല. നല്ല വാലുകളാ.. എന്തൊക്കെ ചെയ്തു കൂട്ടുമെന്ന് പറയാൻ പറ്റില്ല." പത്മിനിയമ്മ എടുത്തു പറഞ്ഞു. "ഓ ആയിക്കോട്ടെ" മുറ്റത്തെ മാവിന്റെ മുകളിലിരുന്ന് ഊഞ്ഞാല് കെട്ടിയിരുന്ന കൃഷ്ണന്റെ മറുപടി. "അല്ല ഈ കെട്ടുന്നതിലൊക്കെ ആ പിള്ളേര് വലിഞ്ഞു കേറുന്ന് നിനക്ക് വല്ല ഉറപ്പുമുണ്ടോ?" പിന്നിൽ നിൽക്കുകയായിരുന്ന ശേഖരപിള്ള ചോദിച്ചു. "കേറാണ്ടെ പിന്നെ.. ഊഞ്ഞാലിൽ കളിക്കാത്ത പിള്ളേരുണ്ടോ മനുഷ്യ? നിങ്ങക്ക് എന്തറിയാം" പത്മിനിയമ്മ പിറുപിറുത്തു. "എന്നൊന്നും പറയണ്ട.. പണ്ട് ഞാനും കുട്ടി ആയിരുന്നല്ലോ.. പക്ഷേ ഇങ്ങനത്തെ കളിയൊന്നും കളിച്ചതായി എന്റെ ഓർമ്മയിലില്ല." പിള്ള വ്യക്തമാക്കി. "അതു നിങ്ങളെ കൊള്ളാഞ്ഞിട്ടു.. കുട്ടികളാകുമ്പോൾ ഇങ്ങനത്തെ എന്തെങ്കിലും കളികളൊക്കെ അറിഞ്ഞിരിക്കണ്ടേ? നിങ്ങൾക്കത് പറ്റിയില്ല" പത്മിനിയമ്മയുടെ കൈയ്യിൽ എന്തിനും മറുപടി ഉണ്ട്. "ശാന്തേ ഉണക്കാനിട്ടിരിക്കുന്ന അരിയിൽ ഒരു കണ്ണു വേണേ. അല്ലെങ്കിൽ കോഴികള് ഒന്നും ബാക്കി വെച്ചേക്കില്ല." വീട്ടിനുള്ളിലേക്ക് തിരക്കിട്ടു കയറുന്നതിനിടയിൽ പത്മിനിയമ്മ ജോലിക്കാരിയെ ഓർമിപ്പിച്ചു. പിള്ളയും പിന്നാലെ വീട്ടിനകത്തേക്ക്.. 

"അല്ല പത്മിനി നിന്റെ ഈ തിരക്കും മട്ടും ഒക്കെ കണ്ടാൽ തോന്നും വരുന്നത് ഏതോ വിഐപികൾ ആണെന്ന്.." പിള്ള വിടുന്ന ലക്ഷണമില്ല. "എന്റെ മോളും പേരക്കുട്ടികളും എനിക്കിപ്പോ വിഐപികൾ തന്നെയാ. അങ്ങനെ കൂട്ടിക്കോളൂ." മറുപടി പറഞ്ഞ ശേഷം പത്മിനിയമ്മ പിള്ളേടെ മുഖത്തോട്ട് നോക്കി. ഇപ്പോഴും ഒരു പ്രസന്നത ഇല്ല. "എന്റെ മനുഷ്യാ എത്ര കാലംന്നു വച്ചാ നിങ്ങളിതിങ്ങനെ മനസ്സിലിട്ടോണ്ട് നടക്കാൻ പോണത്? അവളുടെ കല്യാണം കഴിഞ്ഞിട്ട് ഇപ്പൊ കൊല്ലം എട്ടു കഴിഞ്ഞു. മനുഷ്യന്മാരായാൽ കൊറേ കഴിയുമ്പോഴെങ്കിലും ഒരു മാറ്റം വരണ്ടേ? ഒന്നുല്ലെങ്കിലും നമ്മടെ സമ്മതത്തോടെ തന്നെയല്ലേ അവള് കെട്ടിയത്." പത്മിനി പരിഭവിച്ചു. "നിന്റെ മാത്രം സമ്മതത്തോടെ. എന്നെ അതിൽ കൂട്ടണ്ട." പിള്ള തിരുത്തി. "അങ്ങനെ എങ്കിൽ അങ്ങനെ.. നിങ്ങളോടും ചോദിച്ചതാണല്ലോ? അപ്പൊ എതിർക്കായിരുന്നില്ലേ?" "എടോ അന്നെന്റെ എതിർപ്പ് മാന്യമായ രീതിയിൽ ഞാൻ കാണിച്ചതാ.. പക്ഷേ നീയും അവളുടെ പക്ഷം ചേർന്നപ്പോൾ ആ എതിർപ്പിന് വിലയില്ലാതായി. അത്രയേ ഉള്ളു" പിള്ളക്ക് ഇപ്പോഴും അമർഷമുണ്ട്. 

ADVERTISEMENT

"വല്ലാത്ത കല്ല് തന്നെ നിങ്ങളുടെ മനസ്സ്" പത്മിനിയമ്മ വീണ്ടും പിറുപിറുത്തു. "കറ കളഞ്ഞ ഒരു പൊലീസുകാരൻ ആയിരുന്നു ഞാൻ. അപ്പൊ ഈ മനസ്സ് കൊറച്ചൊക്കെ കല്ലാക്കിയാലേ നിവർത്തിയുള്ളു" പിള്ള വ്യക്തമാക്കി. "ചുമ്മാതല്ല മരുമകന് ഈ വീട്ടിലോട്ട് വരാൻ തോന്നാത്തത്. ഇതല്ലേ അമ്മായിഅച്ഛന്റെ പ്രകൃതം. ഇത്തവണയും അവളോട് ചോദിച്ചപ്പോൾ അവനു ലീവ് കിട്ടിയില്ലാന്നാ പറഞ്ഞെ.. സ്ഥിരം പല്ലവി.. മനസ്സും കൂടെ ഉണ്ടെങ്കിൽ അല്ലെ ലീവ് ഒക്കുള്ളു. ഹാ അവനെയും പൂർണമായിട്ടു കുറ്റം പറയാൻ പറ്റില്ലല്ലോ?" പത്മിനിയമ്മ വീണ്ടും പരിതപിച്ചു. പിള്ള ഒന്നും കേൾക്കാത്ത ഭാവത്തിൽ അവിടെ തന്നെ ഇരുന്നു. "അതേ രണ്ടു ദിവസം കഴിഞ്ഞാ വിഷുവാ.. ഇത്രേം കാലം കൂടിട്ടാ അവള് വരുന്നത് തന്നെ അതും മക്കളോടൊത്തു. അവര് വന്നു പൊക്കോളും. നിങ്ങളായിട്ടു ദുർമുഖം ഒന്നും കാട്ടാതിരുന്നാൽമതി." മറുപടി എന്നോണം പിള്ള ഒന്നിരുത്തി മൂളി. "ദേ അവര് വരാൻ നേരമായി.. ഞാൻ അടുക്കളയിലോട്ടു ചെല്ലട്ടെ. ഇത്തിരി കൂടി പണി ബാക്കിയുണ്ട്." എന്നും പറഞ്ഞു പത്മിനിയമ്മ അകത്തേക്കു പോയി.

വൈകുന്നേരം ആയി. വീട്ടുമുറ്റത്തേക്ക് കേറി വന്ന ടാക്സി കാറിന്റെ ശബ്ദം കേട്ടപ്പോൾ തന്നെ പത്മിനിയമ്മ ഉറപ്പിച്ചു. "ദേ.. അവരെത്തിട്ടോ.." അതും പറഞ്ഞു നേരെ മുറ്റത്തേക്കോടി. "ഹാ പതുക്കെ പോടീ.. ഇനി എവിടേലും തട്ടി വീണാൽ പിന്നെ അതുമതി" പിള്ള പറഞ്ഞു. കാറിൽ നിന്നും പ്രിയയും കണ്ണനും മാളുവും പതുക്കെ ഇറങ്ങി. "മോളെ യാത്രയൊക്കെ സുഖമായിരുന്നല്ലോ അല്ലെ?" പത്മിനിയമ്മ തിരക്കി. "ഓ കുഴപ്പമൊന്നുമില്ല" പ്രിയയുടെ മറുപടി. "നെടുമ്പാശ്ശേരിയിൽ നിന്നും വരാൻ ഇത്ര സമയമെടുക്കുമോ?" പത്മിനിയമ്മക്ക് സംശയം. "വഴിയിൽ ട്രാഫിക് ഉണ്ടായിരുന്നമ്മേ" പത്മിനിയമ്മ ചെറുമക്കളെ ചേർത്തു പിടിക്കാൻ നോക്കി. "മക്കളെ അമ്മമ്മയെ ഓർമ്മയുണ്ടോ?" പെട്ടെന്നുള്ള പരിചയക്കേട് കാരണം അവർ ചെറിയ അങ്കലാപ്പോടെ പരസ്പരം മുഖത്തു നോക്കി നിന്നു. "കണ്ടിട്ടു കുറച്ചായില്ലേ അമ്മേ.. അതാ ഇങ്ങനെ.. അതു കാര്യമാക്കണ്ട.. ശരിയായിക്കോളും.." പെട്ടികൾ ഇറക്കുന്നതിനിടയിൽ പ്രിയ പറഞ്ഞു. "കൃഷ്ണാ.. ഈ പെട്ടികളൊക്കെ ആ തെക്കേലെ മുറിയിലോട്ടു വച്ചോളൂ" പത്മിനിയമ്മ ഓര്‍മപ്പെടുത്തി.

ടാക്സിയെ പറഞ്ഞുവിട്ട് എല്ലാരും വീട്ടിനകത്തോട്ട് കയറി. "അച്ഛനെവിടെ..? കണ്ടില്ല" നടത്തത്തിനിടയിൽ പ്രിയ ചോദിച്ചു. "അകത്തു മുറിയിൽ ഉണ്ടാവും.. കാണാം" നടക്കുന്ന വഴിക്ക് പിള്ളയുടെ മുറിയിലോട്ടു പ്രിയ ഒന്ന് എത്തിനോക്കി. അച്ഛൻ അവിടില്ല. തെല്ലു വ്യസനത്തോടെ അമ്മയെ നോക്കി. "ഹാ അങ്ങേര് അപ്പുറത്തു തൊടിയിലോ മറ്റോ കാണും. നീ ഇവിടെ തന്നെ ഇല്ലേ? കാണാല്ലോ" പത്മിനിയമ്മ സമാധാനിപ്പിക്കാൻ ശ്രമിച്ചു. "മക്കള് വാ" എന്നും പറഞ്ഞു പത്മിനിയമ്മ തെക്കേലെ മുറിയിലോട്ടു കേറി. "ദേ ഒക്കെ റെഡി ആക്കി വച്ചിട്ടുണ്ട്. നീ പെട്ടെന്ന് ഫ്രഷ് ആയിട്ടു വാ. ചായയും പലഹാരവും ഒക്കെ അടുക്കളേൽ എടുത്തു വച്ചിട്ടുണ്ട്, അച്ഛനും വരും" പ്രിയ സമ്മതം മൂളി. "മക്കള് അടുക്കളയിലോട്ടു വരുന്നോ?" പത്മിനിയമ്മ സൗമ്യതയിൽ ചോദിച്ചു. "ഞങ്ങള് അമ്മേടെ കൂടെ വരാം" കണ്ണൻ പറഞ്ഞു.

കണ്ണനും മാളുവും ആ വീടിന്റെ അകത്തളമെല്ലാം ശരിക്കും ആസ്വദിക്കുന്നുണ്ടായിരുന്നു. ബാംഗ്ലൂരിലെ ഇറുകിയ അപാർട്മെന്റ് ജീവിതത്തിൽ നിന്നും വലിയൊരു ആശ്വാസം കിട്ടിയെന്നപോലെ. മാളുവിന്റെ നോട്ടം ജനലിലൂടെ പുറത്തോട്ടായി. "ഏട്ടാ, ആ മരം നോക്കിയേ എന്തു ഭംഗിയാ അല്ലേ?" മാളുവിന് അതിശയം. "അത് മാംഗോ ട്രീ ആണെന്ന് തോന്നുന്നു. ചിലപ്പോ അതിൽ മാംഗോ കാണും" കണ്ണനും ആ മരത്തിലേക്ക് നോക്കി. "കിട്ടിയാൽ എനിക്കും തരണേ" മാളു ആദ്യമേ ബുക്ക് ചെയ്തു. "തരാടി.. കൊതിച്ചി.." കണ്ണന് ചിരി വന്നു. ഫ്രഷ് ആയി വന്ന പ്രിയ പിള്ളേരേം കൂട്ടി നേരെ അടുക്കളയിലേക്ക്. പത്മിനിയമ്മ അടുക്കളയിൽ ചായയും പഴംപൊരിയും ഉണ്ടാക്കുന്ന തിരക്കിലാണ്. "അച്ഛന്‍ ഇപ്പോഴും വന്നില്ലേ അമ്മേ?" പാത്രത്തിൽ നിന്നും ഒരു പഴംപൊരി എടുത്തുകൊണ്ടു പ്രിയ ചോദിച്ചു. "വന്നോളും.. നീ ചായ കുടിക്ക്.. മക്കൾക്ക് പഴംപൊരി ഇഷ്ടമല്ലേ?" പത്മിനിയമ്മ അത് കുട്ടികൾക്കും കൊടുത്തു. "അമ്മേ ഞങ്ങൾ വെളിയിൽ കളിക്കാൻ പൊക്കോട്ടെ?" ഇടയ്ക്ക് കണ്ണൻ ചോദിച്ചു. "ഓ.. തല്ലു കൂടരുതെ.. മുറ്റത്തു തന്നെ ഉണ്ടാവണം" പ്രിയ സമ്മതം കൊടുത്തു. അതു കേൾക്കേണ്ട താമസം കുട്ടികൾ മുറ്റത്തേക്കോടി.

ADVERTISEMENT

"മാവില് അവർക്കായി ഊഞ്ഞാല് കെട്ടിയിട്ടുണ്ട്. പക്ഷെ നമ്മളാരെങ്കിലും കൂടെ വേണം" പത്മിനിയമ്മ ഓർമിപ്പിച്ചു. "നാളെ രാവിലെ നോക്കാം. ആദ്യം ഈ യാത്രാ ക്ഷീണം ഒന്നു മാറട്ടെ" പ്രിയക്ക് ചെറിയൊരു മടി. പെട്ടെന്ന് ഇത്തിരി ചുമച്ചു കൊണ്ട് പിള്ള അടുക്കളയിലേക്ക് കേറി വന്നു. "ഹാ നിങ്ങൾ എവിടെ പോയതായിരുന്നു? പ്രിയയും കുട്ടികളും വന്നതു കണ്ടില്ലേ?" "ഹ കണ്ടു കണ്ടു" പിള്ള ഗൗരവം വിട്ടില്ല. തനിക്കു മാറ്റിവച്ചിരിക്കുന്ന ചായ ഗ്ലാസും എടുത്തുകൊണ്ടു അയാൾ പുറത്തോട്ടിറങ്ങി. "അച്ഛനെന്താ അമ്മെ ഇപ്പോഴും ഇങ്ങനെ?" പ്രിയക്ക് നല്ല നിരാശ ഉണ്ട്. "നീ കാര്യാക്കണ്ട.. ഇത്തവണ തിരിച്ചു പോകുന്നതിനു മുൻപ് ഒക്കെ നമുക്ക് ശരിയാക്കിയെടുക്കാം" പത്മിനിയമ്മ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. മുറ്റത്തു കളിച്ചുകൊണ്ടിരിക്കുന്ന പേരക്കുട്ടികളെ കണ്ടെങ്കിലും പിള്ള ബോധപൂർവം അവരോടുള്ള സംസാരം ഒഴിവാക്കി. മുത്തശ്ശൻ ഭീതി കലർന്ന കഥാപാത്രമായി ആദ്യം മുതലേ പ്രിയയിൽ നിന്നും കേട്ടത് കൊണ്ട് അവരും ഒന്നും മിണ്ടാൻ നിന്നില്ല.

നേരം സന്ധ്യ ആയി. വിളക്കുവെപ്പു കഴിഞ്ഞു കുട്ടികളോടൊത്തു തളത്തിലിരിക്കുകയാണ് പത്മിനിയമ്മ. കുട്ടികഥകളിലൂടെ അവരുമായി ചങ്ങാത്തം കൂടാൻ കഴിയുന്നുണ്ടവർക്ക്. പെട്ടെന്നാണ് കണ്ണന്റെ ശ്രദ്ധയിൽ ഈ വസ്തു പതിഞ്ഞത്. ഷോകേസിൽ ഇരിക്കുന്ന നീല നക്ഷത്ര കല്ല് തൂക്കി വെച്ച സ്ഫടിക പ്രതിമ. ഭൂഗോളത്തെ നാലു തൂണുകൾ കൊണ്ട് ചുമക്കുന്നതിനെ അനുസ്മരിപ്പിക്കും വിധം നയനമനോഹരമായ പ്രതിമ. അതിന്റെ നടുവിലായി തൂക്കിയിട്ടിരിക്കുന്ന നീല നക്ഷത്ര കല്ലാണ് മുഖ്യ ആകർഷണം. "അതെന്താ അമ്മമ്മേ" അതിലേക്കു വിരൽ ചൂണ്ടി ആശ്ചര്യത്തോടെ അവൻ ചോദിച്ചു. "അതോ? അത് പണ്ട് മുത്തശ്ശന് മുത്തശ്ശന്റെ ചേട്ടൻ സമ്മാനം കൊടുത്തതാ. കാശിയിൽ നിന്ന് കൊണ്ടുവന്നതാത്രെ. അത് കൊണ്ടുവന്ന ദിവസം രാത്രി തന്നെ ആ പാവം മുത്തശ്ശൻ മരിച്ചുംപോയി. അതൊണ്ടുതന്നെ ഒരു നിധി പോലെയാ മുത്തശ്ശനത് സൂക്ഷിക്കുന്നെ" പത്മിനിയമ്മ വിശദീകരിച്ചു. പ്രിയയും അടുത്തിരുന്ന് എല്ലാം കേള്‍ക്കുന്നുണ്ടായിരുന്നു. മാളുവും ആ പ്രതിമയിലേക്ക് നോട്ടമിട്ടു.

"അത് ഞങ്ങൾക്ക് കളിക്കാൻ തരുമോ?" ആശ്ചര്യം താങ്ങാനാവാതെ കണ്ണൻ ചോദിച്ചു. "അയ്യോ മുത്തശ്ശൻ നമ്മളെ ശരിയാക്കും.. അതുവെച്ച് കളിക്കാനൊന്നും പറ്റില്ല. മക്കൾക്കിവിടെ വേറെ ഒത്തിരി ടോയ്സ് ഇല്ലേ. നമുക്ക് അതൊക്കെകൊണ്ട് കളിക്കാല്ലോ?" പത്മിനിയമ്മ അരുമയോടെ പറഞ്ഞു. കണ്ണന്‍ ആ പറഞ്ഞതിന് അപ്പൊ സമ്മതം മൂളിയെങ്കിലും അവന്റെ മനസ്സില്‍ ആ സ്ഫടിക പ്രതിമ മാത്രമേ ഉണ്ടായിരുന്നുള്ളു. ഒരുവട്ടമെങ്കിലും അതിലൊന്ന് തൊടാൻ വല്ലാത്ത കൊതി തോന്നി. അന്ന് രാത്രി അവൻ കണ്ട സ്വപ്നം പോലും അതിനെ കുറിച്ചായിരുന്നു. പിറ്റേന്ന് രാവിലെയും കണ്ണൻ വന്നു നിലയുറപ്പിച്ചത് ആ ഷോക്കേസിന്റെ അടുത്തു തന്നെ. അവനതിലേക്ക് സൂക്ഷിച്ചു നോക്കി. ബാംഗ്ലൂരിലെ ഫ്ലാറ്റിലെ പോലെ ലോക്ക് ഉള്ള ഡോർ അല്ല ഇതിന്. ശ്രമിച്ചാൽ തുറക്കാം. കണ്ണനത് മനസ്സിലായി. "കണ്ണേട്ടൻ എന്താ ചെയ്യണേ?" പിന്നിൽ നിന്നുമുള്ള മാളുവിന്റെ ആ ചോദ്യം കേട്ടപ്പോൾ കണ്ണൻ ആദ്യമൊന്ന് പകച്ചു. "ഒന്നുല്ല ഞാൻ നിന്നെ നോക്കുവായിരുന്നു.. വാ ഊഞ്ഞാലാടാൻ പോവാം" കണ്ണൻ തന്നെ കൊണ്ടാകുന്നപോലെ വിഷയം മാറ്റി. അവർ മുറ്റത്തേക്കോടി.

"പത്മിനി ഞാൻ ബാങ്കിലേക്ക് ഒന്ന് പോയി വരാം. പെൻഷൻ അക്കൗണ്ടിന്റെ കുറച്ചു കടലാസു പണികൾ ഉണ്ട്. പിന്നേക്കു വെച്ചാല്‍ ചിലപ്പോ മറന്നുപോകും" അടുക്കളയിലിരിക്കുന്ന പത്മിനിയമ്മയോടായി പിള്ള പറഞ്ഞു. "ഓ ആയിക്കോട്ടെ.. അല്ല നിങ്ങളെങ്ങനാ പോണത്?" പത്മിനിയമ്മക്ക് സംശയം. അപ്പുറത്തെ ഗിരീശൻ ബൈക്ക് കൊണ്ട് ഇപ്പൊ വരും. അതിലാ" "ഈ മീനവെയിലിൽ ബൈക്കിൽ തന്നെ പോണോ? ഒരു ഓട്ടോ പിടിച്ചൂടേ?" "അത് സാരമില്ല ഇത് ഇവിടെ അടുത്തല്ലേ. പെട്ടെന്ന് പോയി വരാല്ലോ?" "അതേ വിഷുവിന് കത്തിക്കാനുള്ള കമ്പിത്തിരീം ചക്രവും ഒന്നും ഇതുവരെ വാങ്ങിയിട്ടില്ല. കുട്ടികളൊക്കെ ഉള്ളതല്ലേ?" പത്മിനിയമ്മ ഓർമിപ്പിച്ചു. "അതൊക്കെ ഗിരീശൻ വൈകിട്ടു കൊണ്ടുവന്നോളും. അവനെ ഏൽപിച്ചിട്ടുണ്ട്." പിള്ള വ്യക്തമാക്കി. "അവളെന്തിയേ?" പുറത്തോട്ട് ഇറങ്ങുന്നതിനിടയിലും പിള്ള ചോദിച്ചു. "കുളിക്യാ.. പിള്ളേരവിടെ മുറ്റത്തു കളിക്കുന്നുണ്ട്" പത്മിനിയമ്മ ഒരു ചെറുചിരിയോടെ പറഞ്ഞു. പിള്ള അതിന് പതുക്കെ ഒന്ന് മൂളി. "നിങ്ങള് കണ്ണനെ ശ്രദ്ധിച്ചോ? നിങ്ങടെ മുറിച്ച മുറിയാ അവൻ" പത്മിനിയമ്മ കിട്ടിയ തക്കത്തിന് പതപ്പിച്ചു നോക്കി. "അങ്ങനെ ഉറപ്പിച്ചു പറയാന്‍ നീ എന്നെ ആ പ്രായത്തിൽ കണ്ടിട്ടുണ്ടോ? ഇല്ലല്ലോ? രാവിലെ കുളിക്കുമ്പോൾ നന്നായി സോപ്പിട്ടിരുന്നതാ. ഇനി നാളെ നോക്കാം. കേട്ടോ" പിള്ളക്ക് കാര്യം പിടികിട്ടി. ഗിരീശന്റെ ബൈക്ക് ഗേറ്റില്‍ വന്നു നിന്നു. മുറ്റത്തു കളിക്കുന്ന പേരക്കുട്ടികളെ ഒന്ന് നോക്കിയെന്നു വരുത്തിയ ശേഷം പിള്ള ആ ബൈക്കിൽ പുറപ്പെട്ടു.

ADVERTISEMENT

കണ്ണൻ അത് ശ്രദ്ധിച്ചിരുന്നു. അവൻ പതുക്കെ തളത്തിലോട്ടു വന്നു. ഷോക്കേസില്‍ ഇരിക്കുന്ന പ്രതിമയിലെ നക്ഷത്ര കല്ലിൽ തൊടാനുള്ള അവന്റെ ആഗ്രഹം അടക്കിവെക്കാൻ അവനാവുന്നില്ല. അടുത്തൊന്നും ആരുമില്ലെന്ന് നോക്കി ഉറപ്പിച്ചശേഷം കണ്ണൻ അടുത്തുകണ്ട കസേരയിൽ കേറിനിന്നുകൊണ്ടു ഷോക്കേസിന്റെ വാതിൽ തുറന്നു. പ്രതിമയിലൂടെ പതുക്കെ വിരലോടിച്ചശേഷം അവന്റെ കൈ ആ കല്ലിലേക്കു നീണ്ടു. പുറമേക്ക് പരുപരുത്തതായി തോന്നാമെങ്കിലും അതിൽ തൊട്ടപ്പോള്‍ കിട്ടിയ നനുത്ത തണുപ്പിന്റെ സുഖം അവൻ ശരിക്കും ആസ്വദിച്ചു. അടക്കാൻ പറ്റാത്ത ആവേശത്തിൽ കണ്ണൻ ആ പ്രതിമ പുറത്തോട്ടെടുക്കാൻ ശ്രമിച്ചു. "കണ്ണാ" പിന്നിൽ നിന്നും പ്രിയയുടെ ഉച്ചസ്ഥായിലുള്ള വിളി. കണ്ണന്റെ കൈയ്യിൽനിന്നും നിയന്ത്രണം വിട്ട പ്രതിമ നേരെ നിലത്തേക്ക്. നിമിഷാർധത്തിൽ അത് പല കഷ്ണങ്ങളായി വേർപിരിയുന്നത് രണ്ടുപേരും നിസ്സഹായതയോടെ നോക്കിനിന്നു. "എന്താ അത്?" ശബ്ദം കേട്ട പത്മിനിയമ്മ അടുക്കളയിൽ നിന്നും ഓടി വന്നു. കണ്ട കാഴ്ചയിൽ അവരും ഒന്ന് സ്തബ്ധയായി. "എന്താ കണ്ണാ ഈ കാണിച്ചത്? നിനക്ക് വികൃതി വല്ലാതെ കൂടിയിട്ടുണ്ട്" പ്രിയക്ക് എന്തുകൊണ്ടോ ദേഷ്യം അടക്കാൻ പറ്റുന്നില്ല. "മോളേ വേണ്ടാ.. ഇനി തല്ലാനും പറയാനും ഒന്നും നിൽക്കണ്ട. കുട്ടിയല്ലേ സാരമില്ല." കണ്ണന്റെ അടുത്തേക്ക് നീങ്ങിയ പ്രിയയോട് പത്മിനിയമ്മ പറഞ്ഞു. അപ്പോഴേക്കും ഈ ബഹളം കേട്ട് മാളുവും അങ്ങോട്ടെത്തി. 

"നിങ്ങൾ മുറിയിൽ പോയി കളിച്ചോളൂ.. ഇനിയാ പൊട്ടിയ ചില്ലൊന്നും കാലിൽ കുത്തണ്ട." പത്മിനിയമ്മ പറഞ്ഞത് കേട്ട് കുട്ടികൾ മുറിയിലേക്ക് നീങ്ങി. കണ്ണൻ ശരിക്കും പേടിച്ചിട്ടുണ്ട് അത് മുഖം കണ്ടാലറിയാം. "ഇതൊരു സംഭവമാക്കണ്ട. ഞാൻ നോക്കിക്കോളാം" പത്മിനിയമ്മ പ്രിയയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. "അമ്മക്കറിയാല്ലോ അച്ഛനെപ്പറ്റി. പണ്ടിതിൽ അറിയാതെ പേനകൊണ്ടൊന്നു വരച്ചപ്പോൾ കിട്ടിയ അടിയുടെ ചൂട് ഇപ്പോഴും ഓർമയുണ്ട്. അല്ലെങ്കിലേ അച്ഛനെന്നോട് മിണ്ടുന്നില്ല. ഇനിയിപ്പോ?" പ്രിയക്ക് ചെറിയ പേടിയുണ്ട്. "ശരി നീ ഇങ്ങനെ ടെൻഷൻ അടിക്കണ്ട. നടന്നത് നടന്നു. ഞാൻ നോക്കിക്കോളാം. ആദ്യം ഈ പൊട്ടിയതൊക്കെ ഇവിടുന്ന് മാറ്റട്ടെ. ബാക്കി പിന്നെ." എന്നും പറഞ്ഞു പത്മിനിയമ്മ അതെല്ലാം വൃത്തിയാക്കി തുടങ്ങി. നീല നക്ഷത്ര കല്ലിനു മാത്രം പോറലേറ്റിട്ടില്ല. ബാക്കിയെല്ലാം സ്വാഹാ. കല്ല് മാത്രം മാറ്റിവെച്ച് പൊട്ടിയ കഷ്ണങ്ങളെല്ലാം ഒരു കവറിലാക്കി. "ഇതൊക്കെ ഞാൻ പിന്നീട് കളഞ്ഞോളാം. പറമ്പിൽ നിന്നിതിന്റെ പൊട്ടും പൊടിയെങ്ങാനും അങ്ങേർക്ക് കിട്ടിയാൽ പിന്നെ അതുമതി പുകിലിന്. ഈ നീലകല്ല് തൽക്കാലം എവിടെങ്കിലും ഒളിപ്പിക്കാം" കവർ പൊതിയുന്നതിനിടയിൽ പത്മിനിയമ്മ പറഞ്ഞു.

നേരം ഉച്ചയോടടുത്തു. മുറ്റത്തു ബൈക്കിന്റെ ശബ്ദം കേട്ടപ്പോൾ പത്മിനിയമ്മ വന്നു നോക്കി. പിള്ളയും ഗിരീശനും തിരികെ വന്നിരിക്കുന്നു. ഉള്ളിൽ ചെറിയ പതർച്ച ഉണ്ടെങ്കിലും അത് കാട്ടാതെ പത്മിനിയമ്മ മുറ്റത്തോട്ടിറങ്ങി. അപ്പോഴാണത്  ശ്രദ്ധിച്ചത്. പിള്ള അൽപം ഞൊണ്ടിയാണ് നടക്കുന്നത്. "ഇതെന്തു പറ്റി?" പത്മിനിയമ്മയ്ക്ക് ആശ്ചര്യം. "ബാങ്കില്‍ നിന്ന് പടിയിറങ്ങുമ്പോ കാലൊന്ന് ഉളുക്കിയതാ" പിള്ള പറഞ്ഞു. "വേദന ഉണ്ടോ?" "ഹാ ചെറുതായിട്ട്" "ഞാൻ എണ്ണയിട്ടു ഉഴിഞ്ഞുതരാം. നീരുണ്ടെങ്കിൽ പൊക്കോളും. മുറിയിലോട്ട് നടന്നോളൂ" പിള്ള പത്മിനിയമ്മയുടെ കൈയ്യും പിടിച്ചു വീടിനകത്തേക്ക്. "ഗിരീശാ വൈകിട്ടത്തേക്കു പറഞ്ഞ സാധനമൊന്നും വാങ്ങാൻ മറക്കണ്ടാട്ടോ" നടത്തത്തിനിടയിലും പിള്ള ഓർമിപ്പിച്ചു. "ആയിക്കോട്ടെ" മറുപടി പറഞ്ഞു ഗിരീശൻ തിരിച്ചു. അച്ഛന്റെ ശബ്ദം കേട്ട പ്രിയ മുറിക്കു പുറത്തേക്കു വന്നു. "അച്ഛൻ വന്നോ?" "മ്.. ബാങ്കിൽ നിന്ന് വരുമ്പോൾ അച്ഛന്റെ കാലുളുക്കി. എണ്ണ ഇട്ടുകൊടുത്തിട്ടുണ്ട്. നാളെ ആവുമ്പോഴേക്കും ശരിയാവും. വൈകിട്ടെന്നും തളത്തിൽ അങ്ങേര്‍ക്ക് ഒരു നടത്തമുള്ളതാ. ഇന്നതെന്തായാലും ഉണ്ടാവില്ല. അതുകൊണ്ടു ഷോകേസിൽ കണ്ണെത്തില്ല. തൽക്കാലം രക്ഷപ്പെട്ടു." പത്മിനിയമ്മ പറഞ്ഞു നിർത്തി. "തൽക്കാലം അല്ലെ" പ്രിയക്ക് അങ്ങനെ ആശ്വസിക്കാൻ പറ്റുന്നില്ല. "നമുക്ക് വഴി ഉണ്ടാക്കാം" പത്മിനിയമ്മ വീണ്ടും ആശ്വസിപ്പിക്കാൻ പറഞ്ഞു.

നേരം സന്ധ്യയായി. പ്രിയ പതുക്കെ അച്ഛന്റെ മുറിയിലേക്ക് വന്നു. "അച്ഛാ" കട്ടിലിൽ കിടക്കുന്ന പിള്ളയെ നോക്കി പതുക്കെ വിളിച്ചു. മറുപടി ഒരു മൂളലായിരുന്നു."അച്ഛന്‍ ഉറങ്ങുവായിരുന്നോ?" "ഹേ അല്ല.. എന്തോ ആലോചിച്ചു ഒന്നു കണ്ണടച്ചുന്നെ ഉള്ളു" പിള്ള കിടത്തം ഇരുത്തമാക്കി. "കാലിനിപ്പോ എങ്ങനെ ഉണ്ട്?" കട്ടിലിനരികിൽ നിന്നു കൊണ്ട് പ്രിയ ചോദിച്ചു. "ഹാ കുറച്ചു ഭേദമുണ്ട്.." "അച്ഛാ ഞങ്ങൾ വന്നിട്ട് ഇപ്പൊ ഒന്നുരണ്ടു ദിവസമായില്ലേ.. നാളെ വൈകിട്ട് തിരിച്ചുപോവുകയും വേണം. ഇതുവരെ എന്നോടൊന്നും ചോദിക്കുകപോലും ചെയ്തിട്ടില്ല. മക്കളോട് പോലും സംസാരിച്ചിട്ടില്ല. എന്തിന് അവരെ ശരിക്കൊന്നു നോക്കുക പോലും ചെയ്തിട്ടില്ല. ഞാൻ അത്ര വെറുക്കപ്പെട്ടവളാണോ? അല്ല ഒരു സംശയം." വികാരാധീനയായി പ്രിയ സംസാരിച്ചു തുടങ്ങി. പിള്ള അപ്പോഴും മൗനം കൊണ്ടു. "ഓരോതവണ വരുമ്പോഴും വിചാരിക്കും ഈ പ്രാവശ്യമെങ്കിലും ഈ പിണക്കമൊക്കെ തീർക്കണമെന്ന്. പക്ഷെ കഴിഞ്ഞില്ല. ഓരോ തവണ അച്ഛനോട് സംസാരിക്കാൻ വരുമ്പോഴും എന്തോ ഒരു ഭയം. ശരിയാണ് സമ്മതിക്കുന്നു ഈ ബന്ധത്തിന് അച്ഛന് ഇഷ്ടമില്ലായിരുന്നു. അറിയാം.. പക്ഷേ രാജീവ്.. ഹീ ഈസ് എ ഗുഡ് മാൻ. ഒരേ കമ്പനിയിൽ ജോലി നോക്കുന്നു. ഇഷ്ടമാണെന്നു പറഞ്ഞപ്പോൾ മറുത്തു പറയാൻ തോന്നിയില്ല. അമ്മയോട് പറഞ്ഞപ്പോൾ അമ്മയ്ക്കും സമ്മതം. പക്ഷെ അച്ഛന് വാശി. എന്തിന്? എനിക്കിന്നും മനസ്സിലായിട്ടില്ല. കുട്ടികൾക്ക് മുത്തശ്ശൻ എന്നു കേൾക്കുമ്പോഴേ ഒരുതരം പേടിയാ. അവരോടിതുവരെ ഒന്നും മിണ്ടിയിട്ടില്ലല്ലോ. എല്ലാ വീട്ടിലും പേരകുട്ടികളെ ഏറ്റവും അധികം ലാളിക്കുന്നതു മുത്തശ്ശന്മാരായിരിക്കും. പക്ഷെ ഇവിടെയോ? എന്നെ കൊണ്ട് ഇതിൽ കൂടുതൽ പിടിച്ചു നിൽക്കാൻ പറ്റുന്നില്ല." നിറകണ്ണുകളോടെ പ്രിയ പറഞ്ഞു.

"പറഞ്ഞു കഴിഞ്ഞോ? എന്നാ എനിക്കും ചിലതു പറയാനുണ്ട്. പണ്ട് നീ പ്ലസ് ടു കഴിഞ്ഞുനിക്കണ സമയം. ഡിഗ്രിക്ക് ചെന്നൈയിൽ തന്നെ പോയി പഠിക്കണമെന്ന് ഒരേ വാശി. പത്മിനിയും നിന്റെ പക്ഷത്തായിരുന്നു. അങ്ങനെ ഒടുവിൽ നിന്റെ തന്നെ വാശി ജയിച്ചു നീ ചെന്നൈയിൽ പഠിക്കാനും പോയി. പക്ഷെ അപ്പൊ മുതൽ നീ എന്നിൽ നിന്നും ഏതോ രീതിയിൽ അകലുന്നു എന്നൊരു തോന്നൽ എന്നെ അലട്ടികൊണ്ടേയിരുന്നു. നിനക്കറിയാവുന്ന കാര്യം തന്നെയാ. ഞങ്ങളുടെ കല്യാണം കഴിഞ്ഞു കുറേ വൈകിയാണ് നീ ജനിക്കുന്നത്. സർവീസിൽ ഇരിക്കുന്ന സമയത്തു പലപ്പോഴും നിന്നെ നേരാംവണ്ണം കളിപ്പിക്കാനോ നിന്റെ കൂടെ സമയം ചിലവഴിക്കാനോ ഒന്നും എന്നെ കൊണ്ട് ഒത്തില്ല. ഇടയ്ക്കു സ്ഥലം മാറ്റം കിട്ടുമ്പോൾ പലപ്പോഴും ഞാൻ ക്വാർട്ടേഴ്സിൽ പോയി ഒറ്റയ്ക്കു താമസിക്കും, അതൊന്നും നിന്റെ പഠിപ്പിനെ ബാധിക്കണ്ടാന്നു വച്ചിട്ട്. പെൺകുട്ടികൾ ആവുമ്പോൾ ഒരു സമയം കഴിഞ്ഞാൽ മറ്റൊരു വീട്ടിലേക്കു പോകേണ്ടത് തന്നെയാ. പക്ഷെ നീ പഠിക്കുന്ന സമയം അപ്പോഴെങ്കിലും എന്തെങ്കിലും രീതിയിൽ നീ ഞങ്ങളോടൊപ്പം കാണുമെന്ന് ഞാൻ ആശിച്ചു. എന്നാൽ നീയോ? ഓരോ തവണയും എവിടേക്കെങ്കിലും പറക്കാൻ നിനക്കെന്നും ഉത്സാഹമായിരുന്നു. ആദ്യം പഠിപ്പിന്റെ പേരിൽ പിന്നെ ജോലീന്നും പറഞ്ഞിട്ട് അതും കഴിഞ്ഞപ്പോൾ.. എന്റെ മനസ്സിന്റെ വേദന ഇവിടാർക്കും മനസ്സിലായിട്ടില്ല. പത്മിനി ഈ പറഞ്ഞ സമയത്തൊക്കെ ഏതെങ്കിലും തരത്തിൽ നിന്റെ ഒപ്പമുണ്ടായിരുന്നു അല്ലെ? നീ പഠിക്കുമ്പോഴും ജോലി നോക്കുമ്പോഴും ഒക്കെ അവള് വന്ന് നിന്റെ കൂടെ താമസിച്ചിട്ടില്ലേ? നിന്റെ രണ്ടു പ്രസവം കഴിഞ്ഞപ്പോഴും കുട്ടികളെ നോക്കാനായിട്ട് അവള് തന്നെയല്ലേ വന്നതും? അതോണ്ട് പത്മിനിക്ക് അത്ര മനോവേദന ഉണ്ടായി കാണില്ല."

"പക്ഷേ എന്നെയോ കുട്ടികളെയോ വന്നു കാണാൻ അച്ഛനെ ആരും വിലക്കിയിട്ടുണ്ടായിരുന്നില്ല" പ്രിയ ഇടയ്ക്കു കയറി. "ക്ഷണിച്ചിട്ടും ഉണ്ടായിരുന്നില്ല.. ഉവ്വെന്ന് പറയാൻ പറ്റുമോ നിനക്ക്. നീ നിന്റെ അമ്മയെ ഓരോ തവണയും കൂട്ടു വിളിക്കുന്നതുപോലെ എന്നെ വിളിച്ചിരുന്നോ? ഒരു മൂന്നാമത് മനുഷ്യനെപ്പോലെയാ ഞാൻ നിന്റെ ഓരോ കാര്യങ്ങളും പത്മിനി പറയുമ്പോൾ കേട്ടറിഞ്ഞിരുന്നത്. നേരിട്ടോ ഫോണിലോ ഒന്നും നീ എന്നോട് സംസാരിക്കാൻ ശ്രമിച്ചിരുന്നില്ല." "ഞാൻ ആദ്യമേ പറഞ്ഞല്ലോ എന്തോ ഒരു പേടി. അതാ.." "എന്തിന്.. തെറ്റായ ഒരു തീരുമാനവും എടുത്തിട്ടില്ല എന്ന് നിനക്ക് സ്വയം ബോധ്യം ഉള്ളപ്പോൾ അങ്ങനെ ഒരു പേടിയുടെ ആവശ്യമെന്താ?" പിള്ളയുടെ സ്വരം കുറച്ചു കടുപ്പത്തിൽ ആയിരുന്നു. "അച്ഛാ എനിക്കും മക്കളുണ്ട്. നാളെ അവരും വളരും. വലുതാവും. അവരുടെ സ്വപ്നങ്ങൾക്കു പിന്നാലെ അവരും പോകും. അപ്പൊ ഞാൻ അവരെ തടയുന്നതിൽ എന്തെങ്കിലും അര്‍ഥമുണ്ടോ? മക്കളെ എപ്പോഴും ചിറകിനടിയിൽ വെക്കാൻ പറ്റുമോ?" "മോളെ അങ്ങനെ ഒരിക്കൽപോലും നീ എന്റെ ചിറകിനടിയിലോട്ടു വന്നിട്ടില്ല. അതിനുള്ള അവസരം എനിക്ക് കിട്ടിയതുമില്ല. ആ വേദന ഞാൻ ആരോടാ പറയണ്ടേ?" പിള്ള വീണ്ടും വികാരാധീനനായി.

പ്രിയ ഇത്തവണ മൗനം കൊണ്ടു. ഒരു നെടുവീർപ്പിനു ശേഷം പിള്ള തുടർന്നു. "ഈ ചിന്തകളൊക്കെ ചിലപ്പോ എന്റെ സ്വാർഥത കൊണ്ട് തോന്നിയതും ആവാം. പക്ഷെ ഒരച്ഛനെന്ന നിലയിൽ ഞാനാ സ്വാർഥതയിലും ഒരു ശരി കാണുന്നുണ്ട്. നിനക്കത് മനസ്സിലാവണം എന്നില്ല. ഒരമ്മയുടെ മനസ്സ് ഒരമ്മക്ക് മാത്രമേ അറിയാൻ പറ്റുള്ളൂ എന്നു പറയുന്ന പോലെ ഒരച്ഛന്റെ മനസ്സറിയാൻ ഒരച്ഛനെ കൊണ്ടേ പറ്റുള്ളു. പക്ഷേ എന്തുകൊണ്ടോ അത് പറഞ്ഞു മനസ്സിലാക്കാൻ ഈ ലോകത്ത് അധികം പേരില്ലാതെപോയി." ചെറിയ മൗനത്തിനു ശേഷം പിള്ള വീണ്ടും തുടർന്നു. "സാരമില്ല ഒന്നിനും ആരെയും മുഴുവൻ തെറ്റു പറയാൻ പറ്റില്ലല്ലോ? നീ ഇപ്പോഴെങ്കിലും സംസാരിക്കാൻ മുന്നിട്ടുവന്നത് നന്നായി. കുറച്ചു മുൻപേ ഇതാവാമായിരുന്നില്ലേ എന്നൊരു ചിന്ത. എന്നാലും  സാരമില്ല, മനസ്സിന്റെ ഭാരം കുറച്ചെങ്കിലും ഒന്ന് കുറഞ്ഞപോലുണ്ട്." പിള്ള തന്റെ നരച്ച താടികൾക്കിടയിലൂടെ പതുക്കെ വിരലോടിച്ചു. "പക്ഷേ എന്റെ മക്കളോട് പോലും ഇങ്ങനെ അകൽച്ച കാണിക്കാൻ.. അവരോടു എന്തിനാ അച്ഛന് വിരോധം" പ്രിയക്ക് വീണ്ടും ചോദ്യങ്ങൾ ഉണ്ടായിരുന്നു.

"വിരോധമോ? എനിക്കോ? അതുങ്ങളും എന്റെ ചോരയല്ലേ? പിന്നെ എന്റെ സ്നേഹം.. അതെനിക്ക് പ്രകടിപ്പിക്കാൻ പറ്റിയില്ല. അതും സത്യം പറഞ്ഞാ പേടിച്ചിട്ടാ.. ആണ്ടിൽ ഒരിക്കൽ പോലും തികച്ചു കാണാൻ പറ്റാത്ത ആ കുട്ടികളെ ഞാൻ എപ്പോഴെങ്കിലും ഒന്ന് കണ്ട് സ്നേഹിച്ചു തുടങ്ങുമ്പോഴേക്കും, കൊണ്ടുപോവില്ലെടീ തിരിച്ചവരെ വീണ്ടും നിന്റെ മാത്രം ചിറകിനടിയിലേക്ക്. ഒരു അച്ഛനായി കുറെ ഞാൻ വേദനിച്ചതാ ഇനി മുത്തശ്ശനായും അതേ വേദന... വയ്യ." പിള്ളയുടെ കണ്ണുകളും ഈറനണിഞ്ഞു. "അവരീ വീട്ടിൽ വന്നശേഷം ചെയ്തുകൊണ്ടിരുന്ന ഓരോ കളികളും കുസൃതികളും മാറിനിന്നാണെങ്കിലും ഞാനും കണ്ട് ആനന്ദിക്കുന്നുണ്ടായിരുന്നു. ഊഞ്ഞാലാടുമ്പോഴും മുറ്റത്തു മണ്ണിൽ കളിക്കുമ്പോഴും അവർ ഉറങ്ങിക്കിടക്കുമ്പോഴും ഒക്കെ ഓടി ചെന്ന് കോരി എടുക്കാൻ തോന്നിയിട്ടുണ്ട്. പക്ഷെ മുൻപ് പറഞ്ഞ ആ പേടി കാരണം ഒന്നും പറ്റിയില്ല. നിന്നോടുള്ള വാശിയും അതിനൊപ്പം ഉണ്ടാവാം. ഇങ്ങനെ എന്തോ ഒന്ന് രാവിലെ ആലോചിച്ചു നടന്നപ്പോഴാ കാൽ ഇടറിയത്. അത് നന്നായീന്ന് ഇപ്പൊ തോന്നുന്നു. അതോണ്ട് പലതും ഇരുന്ന് ചിന്തിക്കാൻ പറ്റുന്നുണ്ട്. ഹാ എല്ലാം നല്ലതിനാണെന്നു വിചാരിക്കാം." പിള്ള ചെറുതായി നെടുവീർപ്പിട്ടു.

"അച്ഛാ എനിക്ക് ഒരു കാര്യം.." പ്രിയ എന്തോ പറഞ്ഞു തുടങ്ങുമ്പോഴേക്കും പിന്നിൽ നിന്നും പത്മിനിയമ്മയുടെ വിളി വന്നു. "പ്രിയേ അത്താഴം വിളമ്പിയിട്ടുണ്ട് വന്ന് കഴിച്ചേ.. അച്ഛന് ഞാൻ മുറിയിൽ കൊടുത്തോളാം." മുറിക്കു വെളിയിൽ വന്ന പ്രിയയെ കയ്യോടെ തന്നെ പത്മിനിയമ്മ അടുക്കളിയിലോട്ടു കൊണ്ടുപോയി. "അതേയ് നീ ഇപ്പോ അതിനെ കുറിച്ച് പറയാൻ നിൽക്കണ്ട. അതോണ്ടാ ഞാൻ ഇടയ്ക്കു കയറിയത്. അച്ഛനൊന്നു മയപ്പെട്ടു വരുന്നുണ്ട്. ഞാന്‍ ഒരു തഞ്ചം നോക്കി അത് പറഞ്ഞോളാം അതെനിക്ക് വിട്ടേക്ക്." പൊട്ടിയ പ്രതിമയുടെ കാര്യം പക്ഷെ ഇപ്പോഴും പ്രിയയെ അലോസരപ്പെടുത്തുന്നുണ്ട്. "കുട്ടികൾ കഴിച്ചിട്ടു കിടന്നു. നാളെ കണികാണാൻ നേരത്തെ എഴുന്നേൽക്കണ്ടേ? നീയും വേഗം കഴിച്ചിട്ട് കിടന്നോ. എനിക്കിത്തിരി പണി ഒതുക്കാനുണ്ട്." അത്താഴം കഴിഞ്ഞു പ്രിയ മുറിയിൽ വന്നു കിടന്നു. ഏറെനേരം കിടന്നിട്ടും അവൾക്ക് ഉറക്കം വരുന്നില്ല. മുകളിൽ കറങ്ങുന്ന ഫാനിന്റെ പങ്കകൾക്കനുസരിച്ചു അവളുടെ കണ്ണുകളും ചലിച്ചുകൊണ്ടേയിരുന്നു.

"അമ്മേ.." തൊട്ടടുത്തു കിടക്കുന്ന കണ്ണന്റെ ആ വിളിയിൽ പ്രിയ ചെറുതായൊന്നു ഞെട്ടി. "നീ ഉറങ്ങിയില്ലേ?" തെല്ല് ആശ്ചര്യത്തോടെ ചോദിച്ചു. "ഇല്ല. എനിക്ക് പേടി." "എന്തിന്?" "ആ പ്രതിമ ഞാൻ പൊട്ടിച്ചതിന് മുത്തശ്ശൻ എന്നെ തല്ലുമോ?" "മോന് അങ്ങനെ തോന്നുന്നുണ്ടോ? മുത്തശ്ശന് നിങ്ങളെ ഒക്കെ എന്ത് ഇഷ്ടമാണെന്നറിയുമോ? അമ്മക്കറിയാം. അതുകൊണ്ടു പേടിക്കാതെ കണ്ണടച്ച് ഉറങ്ങാൻ നോക്ക്" പ്രിയ അങ്ങനെ പറഞ്ഞപ്പോൾ കണ്ണന് തെല്ലൊരാശ്വാസം. "അതിലെ ആ നീല കല്ല് കണ്ടപ്പോ തൊടാൻ കൊതി തോന്നി. പക്ഷെ.. അമ്മമ്മ അതിൽ കളിക്കണ്ടാന്നു പറഞ്ഞപ്പോഴേ കേട്ടാൽ മതിയായിരുന്നു. അത് പൊട്ടില്ലായിരുന്നു. അല്ലെ അമ്മേ?" കണ്ണൻ പിന്നെയും പരിതപിച്ചു. "സാരമില്ല ഇപ്പൊ ഉറങ്ങിക്കോ. നാളെ രാവിലെ ഉണ്ണിക്കണ്ണനെ കാണണ്ടതല്ലേ?" പ്രിയ പറഞ്ഞത് കേട്ട് കണ്ണൻ പതുക്കെ ഉറങ്ങി തുടങ്ങി.

ഒരു ചുമരിനപ്പുറം ആ മുറിയുടെ തുറന്നിട്ട ജനലിനരികിൽ ശേഖരപിള്ള അപ്പോൾ വന്നു നിൽക്കുന്നുണ്ടായിരുന്നു. ഈ കഴി‍ഞ്ഞ രണ്ടു മൂന്നു ദിവസങ്ങളിൽ പിള്ളക്ക് അങ്ങനെ ഒരു പതിവുണ്ടായിരുന്നു. തന്റെ പേരമക്കളെ നിശബ്ദമായി കൊ‍ഞ്ചിക്കാൻ പിള്ള തന്നെ കണ്ടെത്തിയ മാർഗം. പത്മിനിയമ്മയ്ക്ക് പോലും അത് മനസ്സിലായിരുന്നില്ല. കണ്ണന്റെ സംസാരത്തിൽ നിന്നും അവിടെ സംഭവിച്ചതിന്റെ രത്നച്ചുരുക്കം പിള്ള മനസ്സിലാക്കി. വിഷാദത്തോടെ തന്നെ പിള്ള മുറിയിലേക്ക് തിരിച്ചു നടന്നു. കട്ടിലിൽ ഇരിക്കാൻ അമർന്നപ്പോൾ അനക്കം കേട്ട് പത്മിനിയമ്മ ഉണർന്നു. "ഉറങ്ങിയില്ലേ? കാലിൽ വേദനയുണ്ടോ?" "നിനക്കെന്തെങ്കിലും എന്നോട് പറയാനുണ്ടോ?" ഒന്നാലോചിച്ച ശേഷം പിള്ള ചോദിച്ചു. "എന്തേ ഇപ്പൊ അങ്ങനെ ചോദിക്കാൻ?" "കണ്ണൻ.. അവന്റെ കൈയ്യിൽ നിന്നും?" "അവന് ഒരു അബദ്ധം പറ്റിയതാ.. അവനത് കളിക്കാനോ മറ്റോ എടുക്കാൻ നോക്കിയപ്പോൾ.." പിള്ള പറഞ്ഞു തീരുന്നതിനു മുൻപേ പത്മിനിയമ്മ വിശദീകരിച്ചു തുടങ്ങി. "എനിക്കറിയാം നിങ്ങള്‍ക്ക് അതെന്തായിരുന്നു എന്ന്.. പക്ഷേ അവൻ കുട്ടിയല്ലേ. ഏട്ടന്റെ ആത്മാവും അങ്ങനെയേ ഇപ്പൊ കരുതുള്ളൂ. ആ നീല കല്ല് മാത്രമേ ബാക്കി കിട്ടിയുള്ളൂ. അത് ഞാൻ എടുത്തു വച്ചിട്ടുണ്ട്." പത്മിനിയമ്മ പറഞ്ഞത് കേട്ട് ഒന്നും മിണ്ടാതെ പിള്ള കട്ടിലിലേക്ക് ചാഞ്ഞു.

പിറ്റേന്ന് പുലർച്ചെ കണി കാണലും മറ്റു ചടങ്ങുകളും നല്ല രീതിയിൽ തന്നെ നടന്നു. പ്രിയക്കും കുട്ടികൾക്കുമെല്ലാം അതിസന്തോഷത്തോടെ തന്നെ പിള്ള കൈനീട്ടം കൊടുത്തു. പ്രഭാത ഭക്ഷണത്തിനു ശേഷം പ്രിയയും കുട്ടികളും തിരിച്ചുള്ള യാത്രക്കായി തയാറെടുക്കുകയാണ്. "സദ്യ കഴിച്ചിട്ട് പോകായിരുന്നു" പത്മിനിയമ്മ തന്റെ ഹിതം പറഞ്ഞു. "ഇല്ലമ്മേ ഫ്ലൈറ്റ് മിസ്സാവും. അങ്ങനെ ഒരു സമയത്താ കിട്ടിയത്." "അതെ പ്രതിമേടെ കഥയൊക്കെ അച്ഛൻ അറിഞ്ഞുട്ടോ.." "എന്നിട്ട്" പ്രിയക്ക് ആശ്ചര്യം. "എന്നിട്ടെന്താവാൻ.. അവൻ നമ്മുടെ കുട്ടിയല്ലേ അച്ഛൻ അത് ക്ഷമിച്ചോളും. നീ ഇനി ഇതാലോചിച്ചു തല പുകക്കണ്ട" പത്മിനിയമ്മ സൗമ്യതയോടെ പറഞ്ഞു. അത് കേട്ടപ്പോൾ പ്രിയക്കും ആശ്വാസം. "മക്കളിനി എപ്പോഴാ അമ്മമ്മയെ കാണാൻ വരണത്?" അടുത്തു നിന്ന കണ്ണനോടും മാളുനോടും പത്മിനിയമ്മ ചോദിച്ചു. "അടുത്ത അവധിക്ക്.. അല്ലേ?" പ്രിയയാണ് ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞത്.

ആകസ്മികമായി പിള്ള അങ്ങോട്ട് കടന്നു വന്നു. "പോവാറായി അല്ലേ?" നനുത്ത ശബ്ദത്തിൽ പിള്ള ചോദിച്ചു. മറുപടിയെന്നോണം പ്രിയ ചെറുതായൊന്നു മൂളി. "ഇനി നിന്നെക്കൂടി മനസ്സിലാകുന്ന ഒരച്ഛനാവാൻ ഞാൻ ശ്രമിക്കാം. അടുത്ത തവണ നീ കാണുന്നത് അങ്ങനെ ഒരച്ഛനെ ആവട്ടെ." പ്രിയയുടെ തോളിൽ കൈവച്ച് പിള്ള പറഞ്ഞു. പ്രിയക്കും സന്തോഷം. പേരകുട്ടികളെ തന്നിലേക്ക് അടുപ്പിച്ചു സ്നേഹാർദ്രമായി അവരുടെ നെറുകയിൽ ചുംബിച്ചു. അതുവരെ കൈയ്യിൽ മറച്ചു വച്ചിരുന്ന ഒരു പൊതി കുട്ടികൾക്കു നേരെ നീട്ടി. "ഇത് നിങ്ങൾക്കുള്ള മുത്തശ്ശന്റെ ഒരു സ്പെഷ്യൽ കൈനീട്ടമാണ്. കണ്ണൻ അത് ആവേശത്തോടെ വാങ്ങി തുറന്നു നോക്കി. അവൻ ഏറെ ആഗ്രഹിച്ച ആ "നീല നക്ഷത്ര കല്ല്" കണ്ണന് സന്തോഷം അടക്കാനായില്ല. "താങ്ക്സ് മുത്തശ്ശാ" അവൻ പിള്ളയുടെ നെഞ്ചിലോട്ടു ചാഞ്ഞു. ടാക്സിയിലോട്ടു കയറുമ്പോഴും അവനത് കൈയിൽ മുറുകെ പിടിച്ചിരുന്നു.

"അടുത്ത തവണ വരുമ്പോൾ നീ രാജീവനെയും കൂടെ കൂട്ടണം ട്ടോ" പിള്ള അതു പറഞ്ഞപ്പോൾ പ്രിയക്ക് എന്തെന്നില്ലാത്ത ആനന്ദം. അവരെയും കൂട്ടി കാർ നീങ്ങി തുടങ്ങിയപ്പോൾ പിള്ളയുടെ കണ്ണിൽ അറിയാതെ നനവ് പടർന്നു. "എന്തേ ഇങ്ങനെ ഒക്കെ തോന്നാൻ?" പത്മിനിയമ്മക്ക് സംശയം ബാക്കി. "തോന്നലൊക്കെ എപ്പോഴും ഉള്ളിൽ ഉണ്ടായിരുന്നു. വെളിയിൽ കാട്ടാൻ കൊറേ വൈകി. ഹാ അവൾക്കു മനസ്സിലായിട്ടുണ്ടാവും" പിള്ള ആശ്വസിക്കാൻ ശ്രമിച്ചു. ആ വീടും മാവും വീണ്ടും കാത്തിരിപ്പു തുടങ്ങി. കളി ചിരികൾ നിറഞ്ഞ മറ്റൊരു അവധിക്കാലത്തിനായി...

English Summary:

Malayalam Short Story ' Venalavadhi ' Written by Arunraj N

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT