ചെരിഞ്ഞകണ്ണും, കാലംതെറ്റി നരച്ചമുടിയും, പൊങ്ങിപ്പോയ പല്ലുകളുമുള്ള സുധേച്ചിയെ ആരും കല്ല്യാണം കഴിച്ചു കൊണ്ടുപോകില്ലായെന്നും സുധേച്ചിയുടെ അമ്മയുടെ കാലം കഴിഞ്ഞാൽ ആരാ ചേച്ചിയെ നോക്കുകയെന്നുള്ളതും എന്റെ നാട്ടിലെ ഒരുമാതിരിപ്പെട്ട എല്ലാ ആൾക്കാരുടെയും മുഴുവൻ ദേശീയ പ്രശ്നമായിരുന്നു.

ചെരിഞ്ഞകണ്ണും, കാലംതെറ്റി നരച്ചമുടിയും, പൊങ്ങിപ്പോയ പല്ലുകളുമുള്ള സുധേച്ചിയെ ആരും കല്ല്യാണം കഴിച്ചു കൊണ്ടുപോകില്ലായെന്നും സുധേച്ചിയുടെ അമ്മയുടെ കാലം കഴിഞ്ഞാൽ ആരാ ചേച്ചിയെ നോക്കുകയെന്നുള്ളതും എന്റെ നാട്ടിലെ ഒരുമാതിരിപ്പെട്ട എല്ലാ ആൾക്കാരുടെയും മുഴുവൻ ദേശീയ പ്രശ്നമായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെരിഞ്ഞകണ്ണും, കാലംതെറ്റി നരച്ചമുടിയും, പൊങ്ങിപ്പോയ പല്ലുകളുമുള്ള സുധേച്ചിയെ ആരും കല്ല്യാണം കഴിച്ചു കൊണ്ടുപോകില്ലായെന്നും സുധേച്ചിയുടെ അമ്മയുടെ കാലം കഴിഞ്ഞാൽ ആരാ ചേച്ചിയെ നോക്കുകയെന്നുള്ളതും എന്റെ നാട്ടിലെ ഒരുമാതിരിപ്പെട്ട എല്ലാ ആൾക്കാരുടെയും മുഴുവൻ ദേശീയ പ്രശ്നമായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പകൽപടിയിറങ്ങിപ്പോയതിനു പിന്നാലെ സന്ധ്യവന്നു വാതിൽമുട്ടി. വാതിൽമുട്ടേണ്ട താമസം ഞാൻ കതകുതുറന്ന് ഉമ്മറപ്പടിയിലിരുന്ന് ആകാശത്തേക്കു നോക്കി. പക്ഷികളൊക്കെ കൂടുപറ്റാനുള്ള പരക്കംപാച്ചിലിലാണ്. കുംഭവെയിലിൽ ചുട്ടുപൊള്ളി ക്ഷീണിച്ചുപോയ മരങ്ങൾ സന്ധ്യയ്ക്കെത്തിയ ഇളങ്കാറ്റിന്റെ സുഖശീതളിമയിൽ മുങ്ങിനിവരുകയാണ്. ചിന്തകളുടെയും കാഴ്ചകളുടെയും തേനീച്ചക്കൂട്ടങ്ങളങ്ങനെ മനസ്സിൽ ഉയർന്നുപറക്കുമ്പോഴാണ് ദൂരെ അമ്പലത്തിൽനിന്നും അവ്യക്തമായ ചാക്യാർകൂത്തിന്റെ ശബ്ദം ഇഴഞ്ഞിഴഞ്ഞുവന്നെന്റെ കാതിൽ കയറിപ്പറ്റിയത്. മറ്റൊരു പൂരക്കാലംകൂടി വന്നെത്തിയിരിക്കുന്നു. അമ്പലത്തിൽ പൂരം കൊടിയേറിയിട്ട് രണ്ടുദിവസമായി. വള്ളുവനാടൻ പൂരക്കാലങ്ങളെക്കുറിച്ച് പ്രത്യേകിച്ച് പറയേണ്ടല്ലോ നാടാകെ ഉത്സവലഹരിയിലാണ്. ഓണക്കാലംപോലെതന്നെ പൂരക്കാലങ്ങളും നാടിന്റെ മുഖച്ഛായതന്നെ മാറ്റും. ഓണക്കാലത്ത് വഴിയോരത്ത് പൂക്കളും മാവേലിയുമാണെങ്കിൽ പൂരക്കാലങ്ങളിൽ റോഡരികിലാകെ പലവർണ്ണ തോരണങ്ങളുയരും, ഗജവീരന്മാരുടെ ഫ്ലക്സുകളുയരും. തെച്ചിക്കോട്ടിൽ രാമചന്ദ്രനും, ഗുരുവായൂർ കണ്ണനുമൊക്കെ ഓരോ കവലകളിലെയും ഫ്ലക്സുകളിൽ നിന്ന് തലയുയർത്തിനോക്കും. ബസ് കാത്തുനിൽക്കുമ്പോഴാണ് ആ ആനച്ചന്തം നോക്കിനിൽക്കുന്നതെങ്കിൽ ചിലപ്പോൾ ബസ് സ്റ്റോപ്പിൽ വരുന്നതുപോലുമറിയില്ല.

സന്ധ്യയ്ക്കാണെങ്കിൽ അമ്പലത്തിൽ ഓരോ ദിവസം ഓരോ പരിപാടികളാവും, കഥകളി, ഓട്ടൻതുള്ളൽ, ചാക്യാർകൂത്ത്, നാടകം, ബാലെ, നാടൻപാട്ട് അങ്ങനെ അങ്ങനെ. പൂരക്കാലത്ത് വീശുന്ന കാറ്റിന്റെ കൈകളിലും കൂടി ഗജവീരന്മാരുടെ ചങ്ങല കിലുക്കമായിരിക്കും. ചുണ്ടിലാണെങ്കിലോ കഥകളിപ്പദവുമായിരിക്കും. നാട്ടിടവഴികളിൽ പറയെടുക്കാനിറങ്ങിയ ചെമ്പട്ടുടുത്ത വാളേന്തിയ വെളിച്ചപ്പാടും, പൂതവും തിറയുമുണ്ടാകും. ഭൂതം വരുന്നുണ്ട് അമ്മമ്മേ.. കുട്ടികൾ തെല്ലുഭയത്തോടെയും, കൗതുകത്തോടെയും ദൂരെനിന്നു നടന്നുവരുന്ന വെളിച്ചപ്പാടിനെയും, പൂതത്തെയും നോക്കി വിളിച്ചു പറയും. പറയെടുത്തു കഴിഞ്ഞ ചാണകം മെഴുകിയ അരിമാവിൻ കോലമണിഞ്ഞ മുറ്റങ്ങളങ്ങനെ ചെണ്ടമേളം കാതോർത്തുകിടക്കും. പൂരക്കാലമായാൽ നാട്ടിൻപുറത്തെ വീടുകളൊക്കെ ചെറുമയക്കം വിട്ടുണരും. കാരണമെന്തെന്നറിയോ? കല്യാണംകഴിച്ചുപോയ സ്ത്രീകളൊക്കെ വീട്ടിലെത്തുന്ന ഓണം കഴിഞ്ഞാലുള്ള മറ്റൊരാഘോഷമാണ് ഓരോ പൂരക്കാലങ്ങളും. വീട്ടിലുള്ള സ്ത്രീകളെ ലക്ഷ്യം വെച്ച് കുപ്പിവളയും, ചാന്തുപൊട്ടുമായി കച്ചവടക്കാരെത്തും, മുറം വിൽക്കുന്നവരെത്തും, അതു മാത്രമല്ല, പെട്ടിയിൽ തത്തമ്മയുമായി ഭാവിപ്രവചിക്കാനുമാളെത്തും. തത്തമ്മയെ കണ്ടാൽ കുട്ടികൾ കൂടിനു ചുറ്റുമിരിക്കും കൂടെ പെണ്ണുങ്ങളും പിന്നെ ഭാവിയായി, ഭൂതവും, വർത്തമാനവുമൊക്കെയായി ബഹുരസാണ്. പൂരക്കാഴ്ചകൾ മനസ്സിൽ കടൽത്തിരകളെപ്പോലെ ഓടിയോടി വന്നു. അതിനിടയിലാണ് ഓർമ്മകളുടെ കുളിർച്ചോലയിൽ നിന്ന് ആ മുഖമുയർന്നു വന്നത്.

ADVERTISEMENT

സുധേച്ചി... പണ്ടൊക്കെ ഞാനും അമ്മയും സുധേച്ചിയും കൂടി ഒരുമിച്ചായിരുന്നു മിക്കദിവസങ്ങളിലും ഉത്സവകാലത്ത് അമ്പലത്തിൽ പോയിരുന്നത്. അമ്മയോടും സുധേച്ചിയൊടുമൊത്ത്, ആകാശത്തിലെ നക്ഷത്രങ്ങളെണ്ണി, വഴിയരികിലെ നിലാവിൽ കുളിച്ചിരിക്കുന്ന കല്ല്യാണസൗഗന്ധികപ്പൂക്കളെ തൊട്ടുതലോടിയും തഞ്ചത്തിൽ പറിച്ചെടുത്തുമുള്ള ആ അമ്പലയാത്ര എന്റെ ബാല്യകാലത്തെ മനോഹരമായൊരു സ്മരണയാണ്. വഴിയരികിൽ പൂത്തുലഞ്ഞു നിൽക്കുന്ന കല്ല്യാണസൗഗന്ധികപ്പൂക്കളുടെ വശ്യമായ ഗന്ധം ഇന്നുമെന്നെ ഉന്മത്തയാക്കാറുണ്ട്. അമ്പലത്തിലെത്തിയാൽ ഓട്ടൻതുള്ളലും, കഥകളിയും കാണുവാൻ ഞങ്ങൾ മുൻവരിയിൽ തന്നെ സ്ഥാനം പിടിക്കും. പരിപാടിയ്ക്ക് ഇടയ്ക്ക് ഞാൻ മുകളിലേക്കുനോക്കും. മുകളിൽ ഉയർന്നു നിൽക്കുന്ന അരയാലിലകൾ ഇളം കാറ്റിൽ അങ്ങോട്ടുമിങ്ങോട്ടും ഓടിക്കളിക്കുന്നത് കാണാം. അരയാലിലകൾക്കിടയിലൂടെ നക്ഷത്രങ്ങൾ ഭൂമിയിലേക്ക് എത്തിനോക്കും. ഭൂമിയിലേക്കാണോ അതോ എന്നെയാണോ ഈ നക്ഷത്രങ്ങൾ നോക്കുന്നത് എനിക്ക് സംശയമാവും. ഞാൻ വീണ്ടും സ്റ്റേജിലേക്ക് നോക്കും. സ്റ്റേജിലെ കലാരൂപത്തിൽ മുഴുകിയിരിക്കും. അന്നൊക്കെ സുധേച്ചിയായിരുന്നു അമ്പലത്തിൽ പോകാൻ ആദ്യം തയാറാവുക. ചേച്ചിയുടെ പിന്നാലെ ഞാൻ അമ്മയെ നിർബന്ധിക്കും.

"അമ്മേ.. ഇക്കൊല്ലം പൂരത്തിന് സുധേച്ചി  വരുമോ?" ഞാൻ അമ്മയോടു ഉറക്കെ വിളിച്ചു ചോദിച്ചു. അടുക്കളയിൽ എന്തോ ജോലിയിലായിരുന്ന അമ്മ മറുപടി പറഞ്ഞു. "വരുമോ ആവോ അറിയില്ല! ഇനി വന്നാൽത്തന്നെ ആരാ ഇവിടെ അവളെ നോക്കാൻ?" "ആരാ ഇവിടെ അവളെ നോക്കാൻ" ആ ഉത്തരമെന്റെ കാതുകളിൽ വീണ്ടും വീണ്ടും പലതവണ പതിച്ചു. ഞാൻ  നിശബ്ദയായി. കണ്ണുകൾ ഈറനായി. ഒരു പക്ഷേ ഒരു പെൺകുട്ടി ജനിക്കുന്നതു മുതൽ മരിക്കുന്നതുവരെ കേൾക്കുന്ന ഒരു സ്ഥിരം പല്ലവിയായിരിക്കും. "ആരാ നോക്കുക" എന്നുള്ളത്. പെൺകുട്ടിക്ക് പ്രായമാകുന്നതോടെ ആ ചോദ്യത്തിന് മൂർച്ഛകൂടും. "അച്ഛനും അമ്മയ്ക്കും വയസ്സായി. അവർക്ക് വല്ലതും പറ്റിയാൽ ആരാ നിന്നെ നോക്കാ?" കേൾക്കുന്ന നിമിഷത്തിൽതന്നെ ഒരുവളെ ദു:ഖാർത്തയും, നിസ്സഹായയുമാക്കുന്ന ഇതുപോലത്തെ വേറൊരു ചോദ്യമില്ല ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ എന്നെനിക്കുതോന്നാറുണ്ട്. സുധേച്ചിയെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നു. ആരാ ഈ സുധേച്ചി എന്നല്ലേ? 

എന്റെ ബാല്യകാലത്തെ ഊഷ്മളമാക്കിയിരുന്ന ഒരാളായിരുന്നു സുധേച്ചി. ഞാനും സുധേച്ചിയും തമ്മിൽ ഇരുപത് വയസ്സിന്റെ വ്യത്യാസമുണ്ട്. സുധേച്ചി ഇല്ലാത്ത എന്റെ ബാല്യകാലം അപൂർണ്ണമാണ്. അല്ലെങ്കിലും ആരൊക്കെയൊ കൂടിചേർന്നാലാണല്ലോ നമ്മുടെ ജീവിതം പലപ്പോഴും പൂർണ്ണമാകുന്നത്. വേറൊരുതരത്തിൽ പറഞ്ഞാൽ നമ്മുടെ ജീവിതം പൂർണ്ണമാക്കാൻ, നാമോരുത്തരെയും നല്ലൊരു മനുഷ്യനാക്കാൻ ഒരിക്കലും നമ്മളോട് അനുവാദം ചോദിക്കാതെ കാലത്തിന്റെ ഇടനാഴിയിൽ വെച്ച് നമ്മുടെ ജീവിതവഴിയിലെ പരന്ന വളവിലേക്ക് പലരും കയറി വരും. അവർക്കാവുംവിധം നമ്മളെ ഒരു നല്ല മനുഷ്യനാക്കി മാറ്റും, ഒരുപാടോർമ്മകൾ സമ്മാനിക്കും ഒടുവിൽ യാത്രപോലും പറയാതെ ജീവിതത്തിലെ മറ്റൊരു വളവിൽ വെച്ച് അവരുടെ ജീവിതത്തിന്റെ പച്ചത്തുരുത്തിലേക്ക് ഇറങ്ങിപ്പോകും. അമ്പലപ്പാടത്തെ മൈലാഞ്ചി പറിക്കാൻ, ബാലേട്ടന്റെ പാടത്തെ മാങ്ങ പറിക്കാൻ, അമ്പലക്കുളത്തിൽ കുളിക്കാൻ, തണുത്ത കർക്കടക സന്ധ്യകളിൽ അമ്പലത്തിൽ തൊഴാൻ, ധനുമാസത്തിലെ തിരുവാതിര കുളിക്കാൻ എന്നുവേണ്ട ഒരു മാതിരിപ്പെട്ട എല്ലാ ബാല്യകാലകൗതുകത്തിനും എന്നെ ആദ്യമായി കൊണ്ടുപോയത് സുധേച്ചിയായിരുന്നു.

ഒരിക്കൽ അമ്പലക്കുളത്തിൽ കുളിക്കുമ്പോൾ ഒരു കല്ല് കാലിൽതട്ടി കാലുമുറിഞ്ഞതും, ചോരവരുന്നതുകണ്ട് ഞാനുറക്കെ കരഞ്ഞതും എന്റെ കരച്ചിൽ കേട്ട്  ഓടി വന്ന് വേഗം കമ്മ്യൂണിസ്റ്റ്പച്ചയുടെ നീരു പിഴിഞ്ഞ് മുറിവിലൊഴിച്ച് ഇതൊക്കെ വേഗം മാറിക്കോളുമെന്ന് പറഞ്ഞ് എന്റെ കണ്ണീർതുടച്ച സുധേച്ചി ഒരു നിമിഷമെന്റെ മുന്നിൽ വന്നുനിന്നു. അന്നത്തെ കല്ല് സമ്മാനിച്ച മുറിവിന്റെ പാട് ചെറുതായൊന്നു നീറിയപോലെ, ഞാൻ ആ മുറിപ്പാടിൽ പതിയെ തലോടി. അല്ലെങ്കിലും ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങിയ മുറിവുകളുണക്കാൻ കാലമെന്ന മഹാവൈദ്യന്റെ കൈയ്യിലെ ഏതു മരുന്നിനാണാവുക? മൈലാഞ്ചി പറിച്ചെടുത്ത് കൊയ്ത്തുകഴിഞ്ഞ അമ്പലപ്പാടത്ത് കാറ്റുകൊണ്ടിരിക്കുമ്പോൾ ഞാൻ സുധേച്ചിയോടു അപ്പുറത്തുള്ള തോട് ചൂണ്ടിക്കാട്ടി ചോദിക്കും? "അല്ല ചേച്ചി ഈ തോട് എവിടെ അവസാനിക്കാ?" സുധേച്ചിയുടെ വെളുത്തുതുടുത്ത മുഖം ചുവക്കും. കണ്ണുകൾ വികസിക്കും. അൽപ്പം ചെരിഞ്ഞെന്നെ നോക്കും. പിന്നെ ചേച്ചി വാചാലയാകും. "തോട് കുറെ ദൂരം അങ്ങനെ പോകും സൈനൂന്റെ വീടിന്റെ പടിക്കക്കൂടെ അങ്ങനെ പോയിചാടുന്നത് ഒരു ചെമ്പിന്റെ  മുകളിലേക്കാണ്." "ചെമ്പിന്റെ മുകളിലേക്കോ?" ഞാൻ സംശയം കൊണ്ട് കണ്ണു തുറുപ്പിച്ചു നോക്കും. "അതെ" ചേച്ചി തുടരും. "വല്യ ഓട്ടു ചെമ്പാത്രേ അതുപണ്ട് ഏതോ ദൈവങ്ങൾ കമഴ്ത്തിവെച്ചതാത്രേ. ചെമ്പ് പലരും കണ്ടിട്ടുണ്ട്, പക്ഷേ ചെമ്പ് ആരെക്കൊണ്ടും എടുക്കാനൊന്നും കഴിയില്ല. ഈ തോട് പോയി വെള്ളം ചാടണ ആ സ്ഥലാണ് "ഓട്ടുചെമ്പുവെള്ളച്ചാട്ടം" ചേച്ചിപഴങ്കഥകളുടെ കെട്ടഴിക്കും. ഞാനാ കഥയിൽ ലയിച്ച് കുറെ സമയമിരിക്കും. ചേച്ചിയുടെ കഥ കേട്ടിരുന്നാൽ സമയം പോകുന്നതറിയില്ല.

ADVERTISEMENT

അഞ്ച് മണിയായാൽ ചേച്ചി പിന്നെ ധൃതികൂട്ടും. സുധേച്ചിടെ വീട്ടിൽ അമ്മ മാത്രമേയുള്ളു. രണ്ടു ചേച്ചിമാരെ ദൂരെയെവിടെയോ കല്യാണം കഴിച്ചയച്ചു. ഒരേട്ടൻ ഉണ്ട് അവര് ചെറുപ്പത്തിൽ എവിടെക്കോ പോയതാത്രേ. സുധേച്ചിടെ അച്ഛൻ ഒടിയൻ തട്ടി മരിച്ചതാണെന്ന് അടുത്തുള്ള ചേച്ചിമാരും വയസ്സായവരും ഒളിഞ്ഞും, തെളിഞ്ഞും പറയുന്നത് ഞാൻ പലകുറി കേട്ടിട്ടുണ്ട്. ഭംഗിയില്ലാത്തോണ്ടാത്രേ ചേച്ചീടെ കല്ല്യാണം കഴിയാത്തതെന്ന് നാട്ടിൽ ഒരടക്കം പറച്ചിലുണ്ട്. ഈ അടക്കം പറച്ചിൽ എന്റെ ഹൃദയത്തെ വല്ലാതെ കൊത്തിവലിച്ചതിനാലായിരുന്നു അന്ന് ഞാനമ്മയ്ക്കു നേരെ ആ ചോദ്യം പറിച്ചെറിഞ്ഞത്. "അമ്മേ... എന്താ അമ്മേ ഭംഗി?" ചോദ്യം കേട്ടപാടെ അമ്മ മറുപടി തൊടുത്തു. അവൾടെ ഒരു ചോദ്യം നീ മിണ്ടാതെ പൊക്കൊ. ഞാൻ അപ്രതീക്ഷിതമായി ഒന്നും സംഭവിക്കാത്തതുപോലെ തിരിച്ചു നടന്നു. അല്ലെങ്കിലും ഉത്തരം തരാൻ ബുദ്ധിമുട്ടുള്ള പല ചോദ്യങ്ങൾക്കുമെനിക്കു ബാല്യത്തിൽ പലരിൽ നിന്നും കിട്ടിയ യമണ്ടൻ മറുപടി "നീ മിണ്ടാതെ പൊക്കോ" എന്നായിരുന്നു. 

ചെരിഞ്ഞകണ്ണും, കാലംതെറ്റി നരച്ചമുടിയും, പൊങ്ങിപ്പോയ പല്ലുകളുമുള്ള സുധേച്ചിയെ ആരും കല്ല്യാണം കഴിച്ചു കൊണ്ടുപോകില്ലായെന്നും സുധേച്ചിയുടെ അമ്മയുടെ കാലം കഴിഞ്ഞാൽ ആരാ ചേച്ചിയെ നോക്കുകയെന്നുള്ളതും എന്റെ നാട്ടിലെ ഒരുമാതിരിപ്പെട്ട എല്ലാ ആൾക്കാരുടെയും മുഴുവൻ ദേശീയ പ്രശ്നമായിരുന്നു. ആളുകളുടെ ഒളിഞ്ഞും, തെളിഞ്ഞുമുള്ള ഈ ചോദ്യങ്ങളും സംസാരങ്ങളുമൊക്കെ അന്ന് ചേച്ചിയെ എത്രമാത്രം അസ്വസ്ഥമാക്കിയിട്ടുണ്ടായിരുന്നെന്നു ഞാനിപ്പോൾ മനസ്സിലാക്കുന്നു. അല്ലെങ്കിലും സ്വന്തം കാര്യത്തെക്കുറിച്ച് അയാൾക്കില്ലാത്ത വേവലാതിയാണല്ലോ നാട്ടുകാർക്ക്. അമ്മ പണി കഴിഞ്ഞെത്തുമ്പോഴെക്ക് ചേച്ചി എന്നെ എന്റെ വീട്ടിലാക്കി സ്വന്തം വീട്ടിലേക്കു പോകും. വീട്ടിലെ പണികളിൽ മുഴുകും. പിന്നെ അമ്മയും ചേച്ചിയും ഓരോ വിശേഷങ്ങൾ പറഞ്ഞ് അത്താഴം കഴിച്ച് കിടന്നുറങ്ങും. സുധേച്ചീടെ അമ്മ രാധേച്ചിക്ക് മക്കളിൽ ഏറ്റവും പ്രിയപ്പെട്ടവൾ സുധേച്ചിയായിരുന്നു.അതു കൊണ്ടു തന്നെ വലിയ പെൺകുട്ടിയായിരുന്നെങ്കിലും ചേച്ചിയെ കുട്ടിയെ പോലെ നോക്കുമായിരുന്നു. വീണ്ടും രാവിലെ അമ്മ പണിക്കു പോയാൽ ചേച്ചി എന്റെ വീട്ടിലെത്തും, പിന്നെ ഓരോ വിശേഷങ്ങൾ പറഞ്ഞിരിക്കും.

വേനൽക്കാലമായാൽ സമീപ പ്രദേശത്തിലെ വെള്ളം മുഴുവൻ വറ്റും. പിന്നെ പാലക്കാടൻ ചൂടിന്റെ കാര്യം പ്രത്യേകം പറയേണ്ടല്ലോ. അസഹ്യമായിരിക്കും. വേനൽക്കാലം കഴിയുവോളം പിന്നെ ചേച്ചി വൈകുന്നേരംവരെ എന്റെ വീട്ടിലുണ്ടാവും. എനിക്ക് ഓലപീപ്പിയും, ഓലവാച്ചും, പാളവീശറിയും ഒക്കെ ഉണ്ടാക്കി തന്ന് എന്റെ ഒപ്പം ഇരുന്ന് കളിക്കാൻ കൂടും. കണ്ണിമാങ്ങവെട്ടി ഉപ്പും, മുളകും ചേർത്ത് തിരുമ്മിത്തരും. അതിനിടക്ക് ചേച്ചി ഉപദേശത്തിന്റെ ചെറിയ  മിഠായിപ്പൊതികളും തരും. ഉപദേശത്താൽ പൊതിഞ്ഞെടുത്ത് ഉപദേശം നിറച്ചതിനാലാകണം അതിലെ മിഠായികൾക്ക് അത്രയധികം മധുരമൊന്നുമുണ്ടായിരുന്നില്ല. "രമ്യ നീ നല്ലോണം പഠിക്കണം ട്ടോ" "അതെന്താ ചേച്ചി?" ഞാൻ തിരിച്ചു ചോദിക്കും. "അല്ലെങ്കിൽ എന്നെപ്പോലാവും പഠിപ്പുമില്ല, വായിക്കാനുമറിയില്ല, ജീവിതം കൊഞ്ഞാട്ടയാകും. പെങ്കുട്ടികൾക്ക് പഠിത്തമാണ് ആകെ ഉള്ള സമ്പാദ്യം. അതുനേടിയില്ലെങ്കിൽ ജീവിതമൊരു പരാജയമായിമാറും. ജീവിതത്തിൽ ഒരുപക്ഷേ കല്ല്യാണം ഇല്ലെങ്കിലും പഠിപ്പുണ്ടെങ്കിൽ ജീവിക്കാം." കളിച്ചും കഥ പറഞ്ഞും അങ്ങനെ ഞങ്ങൾ വളർന്നു. 

ആയിടയ്ക്കാണ് ഒരശനിപാതം പോലെ സുധേച്ചീടെ അമ്മയ്ക്ക് ആ രോഗം സ്ഥീരീകരിക്കുന്നത് ക്യാൻസർ. ഈ വാർത്ത ശരിക്കും ചേച്ചിയെ ആകെ ഉലച്ചുകളഞ്ഞു. ചേച്ചി ആകെ തളർന്നു പോയി. ദൂരേക്ക് കെട്ടിച്ചയച്ച സുധേച്ചിയുടെ സഹോദരിമാർക്കും അവരെ സഹായിക്കാനുള്ള മാർഗ്ഗം ഉണ്ടായിരുന്നില്ല. ചേച്ചി എല്ലാവരെയും പോലെ അമ്മയെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്നും അമ്മയ്ക്ക് മികച്ചചികിത്സ നൽകണമെന്നും അതിയായി ആഗ്രഹിച്ചു. മികച്ച ചികിത്സക്കുവേണ്ടി കോഴിക്കോട് മെഡിക്കൽ കോളജിൽ അഭയം പ്രാപിച്ചു. ചികിത്സക്കും, യാത്രാചെലവിനുമുള്ള അത്യാവശ്യം കാശിനുവേണ്ടി ചേച്ചി നാടുമുഴുവൻ അലഞ്ഞു. സമീപവീടുകളിലേക്കും അമ്പലത്തിലേക്കും മാത്രം പോയിരുന്ന ചേച്ചി പെട്ടെന്ന് ഉത്തരവാദിത്വങ്ങൾ മുഴുവൻ ഏറ്റെടുത്തു. ഒറ്റക്ക് ബസ്സിൽ കയറി കോഴിക്കോട് വരെപ്പോയിവന്നുതുടങ്ങി. ഒറ്റയ്ക്കു തന്നെ മെഡിക്കൽ കോളജിൽനിന്ന് അമ്മയ്ക്ക് ചികിത്സ നൽകി. എന്നെക്കൊണ്ട് ആവുന്നവിധം ഞാൻ അമ്മയെ നോക്കുമെന്ന് പല പ്രാവശ്യമെന്നോട് ചേച്ചി ആണയിട്ടു പറഞ്ഞു. അല്ലെങ്കിലും സാഹചര്യങ്ങൾക്കനുസരിച്ച് ഈ ഭൂമിയിൽ സ്ത്രീയോളം പെട്ടന്നുയരാൻ ആർക്കാണ് കഴിയുക?

ADVERTISEMENT

സുധേച്ചിയുടെ വീട്ടിലേ ആകെയുള്ള വരുമാന മാർഗ്ഗമായിരുന്നു അമ്മയുടെ കൂലിപ്പണി. അസുഖത്തോടു കൂടി അതു നിലച്ചു. കുടുംബം പട്ടിണിയായി. ഒരു നേരത്തെ ആഹാരത്തിന് വല്ലാതെ പ്രായാസപ്പെട്ടു. അതോടുകൂടി ചേച്ചി നാട്ടിലെ വലിയ വീടുകളിൽ അടുക്കള പണിക്കുപോയിത്തുടങ്ങി. കീമോയും, റേഡിയേഷനുമൊക്കെയായി മെഡിക്കൽകോളജിലെ ചികിത്സ തുടർന്നു. അമ്മ വളരെ പെട്ടെന്നുതന്നെ സുഖം പ്രാപിച്ചു. അപ്പോഴെയ്ക്കും ഒരു സംഭവം കൂടി ഉണ്ടായി ചെറുപ്പത്തിലോടിപ്പോയ സുധേച്ചിയുടെ ആങ്ങള തിരിച്ചെത്തി. അവരുടെ വീട്ടിൽ വീണ്ടും സന്തോഷത്തിന്റെ പൂത്തിരികൾ കത്തിത്തുടങ്ങി. ആ സമയത്താണ് തൊഴിലുറപ്പ് നാട്ടിൽ സജീവമാകുന്നത്. ചേച്ചി തൊഴിലുറപ്പു ജോലിക്കിറങ്ങി. തൊഴിലുറപ്പുപദ്ധതി ചേച്ചിയിൽ കൂടുതൽ ആത്മവിശ്വാസം നിറച്ചു. കിട്ടിയ പൈസ കൊണ്ട് വീടു പുതുക്കിപ്പണിതു. കാലങ്ങൾ കടന്നുപോയി. ചേച്ചിയുടെ സഹോദരന്റെ വിവാഹത്തോടു കൂടി ചേച്ചി വീണ്ടും സങ്കടത്തിന്റെ ആഴക്കയങ്ങളിൽ പെട്ടുലഞ്ഞു. അമ്മയും സുധേച്ചിയുമായി കയറിവന്ന പെൺകുട്ടി ഒരിക്കലും യോജിച്ചു പോയതേയില്ല. ഒരു നേരത്തെ ആഹാരം പോലും ചേച്ചിയ്ക്കും അമ്മയ്ക്കും വീട്ടിൽ നിന്ന് നിഷേധിക്കപ്പെട്ടു. സഹോദരൻ സുധേച്ചിയെക്കുറിച്ച് അപഖ്യാതികൾ പറഞ്ഞുപരത്തി. അതുകേട്ട് വയസ്സായവർ അയാളെ എതിർത്തു. "ആ പെണ്ണിനെക്കുറിച്ച് നീയിങ്ങനൊന്നും പറയാതെടാ" എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു. എങ്കിലും അയാൾ അയാളുടെ പരദൂഷണം തുടർന്നു.

ചേച്ചിയുടെ വീട്ടിലെ അസ്വാരസ്യങ്ങൾ നാട്ടിൽമുഴുവൻ അപ്പൂപ്പൻ താടിപോലെ പറന്നു നടന്നു. വൈകാതെ അകന്നുപോയ ക്യാൻസർ വീണ്ടും സുധേച്ചിയുടെ അമ്മയെ പിടിമുറുക്കി. ഇത്തവണ ചികിത്സയും കീമോയും പരാജയപ്പെട്ടു. അമ്മയെ നോക്കുക എന്ന കർത്തവ്യത്തിൽ ചേച്ചി മുഴുകി. അങ്ങനെ ഒരു വെളുപ്പാൻ കാലത്ത് സുധേച്ചിടെ അമ്മ രാധ ഇഹലോകവാസം വെടിഞ്ഞു. അത് സുധേച്ചിയെ തകർത്തു കളഞ്ഞു. ചേച്ചി ശരിക്കും വിഷാദത്തിലാണ്ടുപോയി. മരണാനന്തരച്ചടങ്ങുകൾ കഴിഞ്ഞും ചേച്ചി ദിവസങ്ങളോളം വീട്ടിൽ അടച്ചിരുന്നു. ആരോടും മിണ്ടാതായി. എപ്പോഴും സങ്കടം ചേച്ചിയെ കാർന്നുതിന്നു കൊണ്ടിരുന്നു. ആ ദിവസങ്ങളിലും ചേച്ചിയ്ക്ക് സഹോദരന്റെ ഭാര്യ ആഹാരം നിഷേധിച്ചു. കുറച്ചു ദിവസത്തിനുശേഷം ചേച്ചിയെ സ്വന്തം വീട്ടിൽ നിന്നും സഹോദരന്റെ ഭാര്യ ആട്ടിയിറക്കി. രാത്രിയിൽ വീടിന്റെ മുറ്റത്തെ പറങ്കിമാവിൻ ചുവട്ടിൽ അവർ ദിവസങ്ങളോളം പട്ടിണി കിടന്ന് കഴിച്ചുകൂട്ടി. ആരും വിളിച്ചാലും ഭക്ഷണം കൊടുത്താലും ചേച്ചി കഴിക്കാതായി. അതിനിടയിൽ നാട്ടിലാകെ സുധേച്ചി ഒരു ചർച്ചാവിഷയമായി. "ആ തള്ളടെ കാലം കഴിഞ്ഞപ്പോൾ മുതൽ അതിന്റെ അധോഗതി തുടങ്ങി" ഇടവഴികളിലും വെള്ളം കോരുന്നിടങ്ങളിലുമൊക്കെ പെണ്ണുങ്ങൾ ഇമ്മാതിരി പരദൂഷണങ്ങൾ പറഞ്ഞുകൊണ്ടിരുന്നു. ഈ വർത്തമാനങ്ങൾ കൊണ്ടെല്ലാം സഹികെട്ടാകണം ചേച്ചി ദൂരെയുള്ള ഏതോ ബന്ധുവീട്ടിലേക്ക് താമസം മാറ്റി.

സുധേച്ചി അശരണയാകുന്നതും, ഒരു നേരത്തെ ആഹാരത്തിനു പോലും ബുദ്ധിമുട്ടുന്നതും സ്വന്തം വീട്ടിൽ നിന്ന് ആട്ടിയിറക്കപ്പെടുന്നതും സങ്കടക്കയങ്ങളിലേക്ക് ആണ്ടിറങ്ങിയതും ഞാൻ ദൂരെ നിന്നും നോക്കി കണ്ടു. എത്രയൊക്കെ അനുഭവിച്ചിട്ടും കാലം തിരിച്ചടി നൽകിയിട്ടും ചേച്ചി അതിൽനിന്നെല്ലാം പതിയെ ഉയർത്തേഴുന്നേറ്റു. എല്ലാ സ്ത്രീയുടെ ഉള്ളിലും ഒരുതരി തീയുണ്ട്. അത് കെടാതെ നോക്കണം അതിനെ ആളിക്കത്തിക്കാൻ പറ്റിയാൽ അവൾ വിജയിച്ചു. പിന്നീട് ഏതു പ്രതിസന്ധികളിൽ നിന്നും അവൾ ഉയർത്തേഴുന്നേൽക്കും. കാര്യങ്ങൾ ഇങ്ങനെയൊക്കെയായെങ്കിലും എല്ലാ പൂരക്കാലത്തും ചേച്ചി നാട്ടിലെത്തും ഏതെങ്കിലും വീടുകളിൽ അഭയംതേടും. അടുത്തുള്ള ഏഴുദിവസങ്ങളിലും സന്ധ്യക്ക് അമ്പലത്തിലെത്തും. കഥകളിയും, ഓട്ടൻതുള്ളലുമൊക്കെ കാണും പണ്ടുമുതലെയുള്ള ആ പതിവ് ചേച്ചി മുടക്കിയതേയില്ല. രാത്രികളിൽ ബാലെ കാണുന്ന ദിവസായിരിക്കും കാണാൻ ഏറ്റവും ഉത്സാഹം. പൊടി മണ്ണിൽ ഷാൾ വിരിച്ച് നിലത്ത് ചമ്രം പടിയിട്ടിരുന്ന് ഞങ്ങൾ ബാലെ കാണും. നളനും, ദമയന്തിയും, ഭീമനും, പാഞ്ചാലിയുമൊക്കെ വേദിയിൽ പുനർജനിക്കും. അമ്പലത്തിലെ ആൽമരത്തിനിലകളും ബാലെ കണ്ട് ആനന്ദലഹരിയിലാറാടും. ബാലെ കഴിഞ്ഞാൽ അടുത്തടുത്ത ദിവസങ്ങളിൽ വലിയാറാട്ടും ചെറിയാറാട്ടുമുണ്ടാകും ചെറിയാറാട്ടോടു കൂടി പൂരംകൊടിയിറങ്ങും. ചേച്ചി വീണ്ടും ബന്ധുവീടുകളിലേക്ക് മടങ്ങും.

ദിവസങ്ങൾ കഴിയുന്തോറും ബന്ധുവീട്ടിലെ ജീവിതവും സുധേച്ചിക്ക് മടുപ്പ് സമ്മാനിച്ചിരിക്കണം. നീണ്ട വർഷങ്ങൾക്ക് ശേഷം ഒരു ഉത്സവകാലത്ത് സുധേച്ചി വീണ്ടും നാട്ടിലെത്തി. ആ ഉത്സവത്തിന് ഒരു ദിവസം പോലും ചേച്ചി അമ്പലത്തിൽ വന്നില്ല. "എന്താ ചേച്ചീ അമ്പലത്തില് വരാത്തെ?" ഞാൻ ചോദിച്ചു "ഒന്നൂല്ല രമ്യ... എന്റെ ജീവിതത്തിന് ഒരു വഴി കാണിച്ച് തരട്ടെ ദേവി. എന്നിട്ടെ ഇനി ഞാൻ അമ്പലത്തിലേക്കുള്ളു." ആ വാക്കുകളിൽ നിന്നും നിശ്ചയദാർഢ്യത്തിന്റെ മിന്നൽക്കണങ്ങൾ ചിതറിവീണു. ഒറ്റപ്പെടലിന്റെയും, സഹനത്തിന്റെയും, നിഷേധത്തിന്റെയും, അവഗണനയുടെയും, പരിഹാസത്തിന്റെയും, സങ്കടത്തിന്റെയും കാണാക്കയങ്ങളിൽ വീണ ഒരു സ്ത്രീയുടെ അവസാനത്തെ കച്ചിത്തുരുമ്പായിരുന്നു നിശ്ചയദാർഢ്യം നിറഞ്ഞ ആ വാക്കുകൾ. ദിവസങ്ങൾക്കു ശേഷം അങ്ങനെ ആ വാക്കുകൾ സത്യമായി ഭവിച്ചു. അടുത്ത ഞായറാഴ്ച സുധേച്ചീടെ കല്യാണമാണ്. ആ വിവാഹവാർത്ത കരിയിലകൾ പോലെ കാറ്റിൽപ്പറന്നുനടന്നു. എവിടന്നാ ചെക്കൻ പെണ്ണുങ്ങൾ പരസ്പരം ചോദിച്ചു. തമിഴ്നാട്ടിൽ നിന്നാണ്. അങ്ങനെ ആ ഞായറാഴ്ച വധുവായി അമ്പലത്തിലേക്കിറങ്ങി ചെല്ലുന്ന സുധേച്ചിയെ ഞാൻ ദൂരെ നിന്നും നോക്കി നിന്നു. ചേച്ചിക്ക് ഒരിക്കലും കല്യാണമുണ്ടാവില്ല എന്നുപറഞ്ഞ തരുണിമണികൾ "എന്തായാലും ആ പെണ്ണിന് ഇനിയെങ്കിലും ഒരു നല്ല ജീവിതം കിട്ടിയാൽ മതിയാർന്നു" എന്ന കിഞ്ചന വർത്തമാനം പറഞ്ഞത് ഞാൻ ഭാവഭേദമില്ലാതെ കേട്ടുനിന്നു.

കല്യാണം കഴിഞ്ഞ് രണ്ടു മൂന്നു ദിവസങ്ങൾക്ക് ശേഷം ചേച്ചി തമിഴ്നാട്ടിലേക്ക് വണ്ടി കയറി. പിന്നീട് ഒരു വർഷം കഴിഞ്ഞ് അടുത്ത പൂരക്കാലത്താണ് ചേച്ചി നാട്ടിലെത്തുന്നത്. ചേച്ചി അപ്പോഴെയ്ക്കു ആകെ മാറിയിരുന്നു. നെറ്റിയിൽ സിന്ദൂരം സായാഹ്ന സൂര്യനെപ്പോലെ ജ്വലിച്ചു. കഴുത്തിൽ മഞ്ഞച്ചരട്  ഇഴഞ്ഞുനടന്നു. സംസാരത്തിൽ തമിഴ് വാക്കുകൾ കയറിയിറങ്ങി. "നിനക്കവിടെ സുഖാണോ" ഒരിക്കൽ അമ്മ ചോദിച്ചു. "സുഖാണ് ചേച്ചി. പക്ഷേ എന്റെ അമ്മായിയമ്മ വല്ലാത്ത സാധനാണ്. ഞാൻ പിടിച്ചു നിൽക്കാണ്." "ചോറും കറിയുമുണ്ടാക്കാനൊക്കെ നീ പഠിച്ചോ?" അമ്മ വീണ്ടും ചോദിച്ചു. "പഠിച്ചു ചേച്ചി എല്ലാം ഞാൻ പഠിച്ചു. മാമിയാർക്ക് ഞാൻ തന്നെ എല്ലാം വെച്ചുണ്ടാക്കി കൊടുക്കണം." ഒരു സ്ത്രീ എത്രയൊക്കെ മാറിയെന്ന് ഞാനാലോചിച്ചു. ഏതു നാട്ടിൽ ചെന്നാലും ആ നാടിന്റെ സംസ്കാരത്തിൽ നാം മുങ്ങിനിവരുമെന്നും, ആ നാടിന്റെ സംസ്കാരത്തിന്റെ തിരുശേഷിപ്പുകൾ നമ്മളിൽ പറ്റിപ്പിടിക്കുമെന്നും ഞാൻ തിരിച്ചറിഞ്ഞു. തമിഴ്നാട്ടിൽ നിന്നുവന്ന് രണ്ടു ദിവസം കുഴപ്പമുണ്ടായിരുന്നില്ല. മൂന്നാംദിവസം വീണ്ടും ചേച്ചിക്ക് ചോറും ഉറങ്ങാനുള്ള ഇടവും സഹോദരന്റെ ഭാര്യയും സഹോദരനും നിഷേധിച്ചു.

പിന്നീട് അടുത്തുള്ള ബന്ധുവീടുകളിൽ നിന്ന് ബാക്കിയുള്ള പൂരദിനങ്ങൾ കഴിച്ചുകൂട്ടി. ഒടുവിൽ പൂരം കഴിഞ്ഞ് അടുത്ത ദിവസം ചേച്ചി എന്റെ വീട്ടിൽ വന്നു. "രമ്യ ഞാൻ പോവാ ഇനി ഈ നാട്ടിലേക്ക് ഞാൻ വരില്ലാ, വന്നാൽ തന്നെ എനിക്ക് നിൽക്കാനൊരിടമില്ല. കഴിക്കാൻ ഒരു നേരം ആഹാരം തരാനുമാളില്ല." എന്റെ ഇടനെഞ്ചിലാകെ സങ്കടക്കുന്നുകൾ പൊട്ടിയൊലിച്ചു. ഞാൻ പോവ്വാ കരഞ്ഞുകൊണ്ട് ചേച്ചി എന്റെ  വീടിന്റെ പടിയിറങ്ങുമ്പോൾ ചേച്ചിയെ തടയാൻ എന്റെ കൈകളുയർന്നു. ഓടിപ്പോയി ഞാൻ ചേച്ചിയുടെ കൈകൾ മുറുകെപിടിച്ചു. ചേച്ചി എന്നെ കെട്ടിപ്പിടിച്ച് കുറെ കരഞ്ഞു. ചേച്ചിയിറങ്ങാൻനേരം വീട്ടുവളപ്പിലെ മന്ദാരച്ചെടികളിൽ നിന്ന് ആയിരം പൂക്കളുതിർന്നു. മന്ദാരംപോലും കരഞ്ഞുവോ? കരഞ്ഞതായിരിക്കണം. ഞാനും ചേച്ചിയും ഒരു വർഷകാലത്ത് നട്ടുപിടിപ്പിച്ചതായിരുന്നു ആ മന്ദാരം. ചേച്ചി പടികടന്ന് നടന്നകലുന്നത് ഞാൻ നോക്കിനിന്നു. പിന്നീടെത്രയോ പൂരക്കാലങ്ങൾ വന്നുപോയി ചേച്ചി വന്നതേയില്ല. നാടും, നാട്ടുകാരും, നാട്ടിടവഴികളും ചേച്ചിയെ മറന്നു കാണുമോ അറിയില്ല. പക്ഷേ ഞാൻ മറന്നിട്ടില്ല. ജീവിതത്തിന്റെ ഈ നാട്ടുവഴിയോരത്ത് ഞാനിന്നും സുധേച്ചിയെ കാത്തിരിക്കുകയാണ്.

English Summary:

Malayalam Memoir ' Sudhechiye Kathirikkunna Mantharam ' Written by Remya Madathilthodi

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT