വർഷങ്ങളായി അവളെക്കുറിച്ച് ഒരു വിവരവുമില്ല; അന്വേഷിച്ചു ചെന്നപ്പോള് അറിഞ്ഞത് ഒരിക്കലും പ്രതീക്ഷിക്കാത്ത കഥ...
മഞ്ഞ നിറത്തിലുള്ള ചുരിദാറണിഞ്ഞ് അഴിച്ചിട്ട സമൃദ്ധമായ മുടി തോൾ വഴി മുന്നിലേക്കിട്ട് അവൾ നടന്നു വരുന്നതും നോക്കി ഞാൻ പ്രതിമ പോലെ നിന്ന് പോയി! എനിക്കവളെ അറിയാമായിരുന്നു. അതാണ് പല്ലവി. പല്ലവി അന്തർജ്ജനം എന്ന പേരിൽ ആനുകാലികങ്ങളിൽ കാൽപ്പനീക കവിതകളെഴുതുന്ന കവിയത്രി.
മഞ്ഞ നിറത്തിലുള്ള ചുരിദാറണിഞ്ഞ് അഴിച്ചിട്ട സമൃദ്ധമായ മുടി തോൾ വഴി മുന്നിലേക്കിട്ട് അവൾ നടന്നു വരുന്നതും നോക്കി ഞാൻ പ്രതിമ പോലെ നിന്ന് പോയി! എനിക്കവളെ അറിയാമായിരുന്നു. അതാണ് പല്ലവി. പല്ലവി അന്തർജ്ജനം എന്ന പേരിൽ ആനുകാലികങ്ങളിൽ കാൽപ്പനീക കവിതകളെഴുതുന്ന കവിയത്രി.
മഞ്ഞ നിറത്തിലുള്ള ചുരിദാറണിഞ്ഞ് അഴിച്ചിട്ട സമൃദ്ധമായ മുടി തോൾ വഴി മുന്നിലേക്കിട്ട് അവൾ നടന്നു വരുന്നതും നോക്കി ഞാൻ പ്രതിമ പോലെ നിന്ന് പോയി! എനിക്കവളെ അറിയാമായിരുന്നു. അതാണ് പല്ലവി. പല്ലവി അന്തർജ്ജനം എന്ന പേരിൽ ആനുകാലികങ്ങളിൽ കാൽപ്പനീക കവിതകളെഴുതുന്ന കവിയത്രി.
സ്‌പെഷ്യൽ പതിപ്പിലേക്ക് കഥ അയച്ചു കൊടുക്കാൻ പറഞ്ഞ് 'കഥക്കൂട്' വാരികയുടെ പത്രാധിപർ രാമചന്ദ്രൻ സാർ എന്നെ വിളിക്കുന്നത് ഒന്നര മാസം മുൻപാണ്. പത്തു ദിവസത്തിനകം അയച്ചു കൊടുക്കാമെന്ന് ഞാൻ പറയുകയും ചെയ്തു. അദ്ദേഹം വിളിക്കുന്ന സമയത്ത് എന്റെ മനസ്സിൽ ഒരു ആശയമുണ്ടായിരുന്നു. ആത്മീയമായ ഒരു യാത്രയുമായി ബന്ധപ്പെട്ടത്. അത് വികസിപ്പിച്ച് ടിബറ്റിന്റെ പശ്ചാത്തലത്തിൽ ഒരു കഥ എഴുതാനായിരുന്നു എന്റെ പദ്ധതി. എന്നാൽ ആ കഥാതന്തു വികസിപ്പിച്ചെടുക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു. അങ്ങനെ ആ സാധ്യത ഇല്ലാതായി. അതോടെ മറ്റൊരു കഥ എഴുതാനുള്ള ആലോചനയിലായി. പക്ഷേ ഒരു ആശയവും മനസ്സിൽ തെളിയുന്നുണ്ടായിരുന്നില്ല. ഒരു വിഷയത്തിലും മനസ്സ് കുരുങ്ങുന്നുണ്ടായിരുന്നില്ല. ഒരു ചിന്തയും എന്നിലെ സർഗാത്മകതയിൽ തീയായി നീറിപ്പിടിക്കുന്നുണ്ടായിരുന്നില്ല. ഒരു വാക്യവും എഴുതാതെ ദിവസങ്ങൾ കടന്നു പോവുകയായിരുന്നു. സർഗ്ഗതപം വരം സിദ്ധിക്കാതെ നീണ്ടു പോവുകയായിരുന്നു. എല്ലാ വാരാന്ത്യവും രാമചന്ദ്രൻ സാർ വിളിക്കും: "എന്തായെടോ? എഴുതിക്കഴിഞ്ഞോ?" അദ്ദേഹം ചോദിക്കും. "ഉടനെ...." ഞാൻ മറുപടി പറഞ്ഞു എന്ന് വരുത്തും. "ശരി. കഴിഞ്ഞാലുടൻ മെയിൽ ചെയ്യ്." ഇതും പറഞ്ഞ് അദ്ദേഹം സംഭാഷണം അവസാനിപ്പിക്കും. എത്രയും വേഗം എനിക്കൊരു കഥ എഴുതിയേ തീരൂ. കഴിഞ്ഞ പത്തുപതിനെട്ട് വർഷമായി മുഖ്യധാരയിലുള്ള ആനുകാലികങ്ങളിൽ നിരന്തരം ഞാൻ എഴുതുന്നു. കഥയാകട്ടെ, കവിതയാകട്ടെ, നോവലാകട്ടെ പത്രാധിപസമിതി പറഞ്ഞ സമയത്ത് കൃത്യമായി അയച്ചു കൊടുത്തിട്ടേ ഉള്ളൂ. അതിൽ വൈമുഖ്യമോ അലംഭാവമോ കാട്ടിയിട്ടില്ല. എന്റെ ഈ ചിട്ടക്ക് മാറ്റം സംഭവിച്ചുകൂടാ എന്ന് എനിക്ക് നിർബന്ധമുണ്ട്. രചനകൾക്ക് വേണ്ടി പത്രാധിപന്മാരെക്കൊണ്ട് പിന്നെയും പിന്നെയും വിളിപ്പിക്കുന്ന ഒരു സാഹചര്യം ഞാൻ ഉണ്ടാക്കിയിട്ടില്ല. എന്നാൽ അത് സംഭവിച്ചിരിക്കുന്നു! ഞാനാകെ അസ്വസ്ഥനായി. ഞാൻ എന്ത് ചെയ്യും? എന്റെ പരിമിതികൾക്കുള്ളിൽ നിന്ന് എഴുതാൻ കഴിയുന്ന ഒരു ആശയവും എനിക്ക് ലഭിക്കുന്നില്ല!
ദിവസങ്ങൾ പിന്നെയും കടന്നു പോയി. ഒരു സന്ധ്യക്ക് ഡെഡ് ലൈൻ തരാനുള്ള രാമചന്ദ്രൻ സാറിന്റെ കോൾ എന്നെത്തേടിയെത്തി. "വരുന്ന ഞായറാഴ്ചക്കുള്ളിൽ കഥ കിട്ടണം." അദ്ദേഹം പറഞ്ഞു. ഞായറാഴ്ച്ച കഴിഞ്ഞാൽ പിന്നെ കഥ വേണ്ടതില്ല എന്നാണ് ഈ പറഞ്ഞതിന്റെ അർഥം! ഇവിടെ വേറെയും കഥാകൃത്തുക്കളുണ്ട്. അവരിലാരെക്കൊണ്ടെങ്കിലും എഴുതിച്ച് സ്‌പെഷ്യൽ പതിപ്പിൽ ചേർക്കും എന്ന ഒരു ധ്വനിയുമുണ്ടതിൽ. വേഗത്തിന്റെ ഈ കാലഘട്ടത്തിൽ എഴുത്തും വേഗത്തിലാകണം. വേഗവും കൃത്യതയും കൈമുതലായുള്ള എഴുത്തുകാർക്കേ നിലനിൽപ്പുള്ളൂ. പറഞ്ഞ സമയത്ത് കഥ അയച്ചു കൊടുക്കുന്നതിൽ ഞാൻ പരാജയപ്പെട്ടാൽ അടുത്ത അവസരത്തിൽ രാമചന്ദ്രൻ സാർ എന്നെ വിളിക്കില്ല. അദ്ദേഹം തന്റെ സുഹൃത്തുക്കളായ പത്രാധിപന്മാരോട് ഇക്കാര്യം പറഞ്ഞാൽ അവരും വിളിക്കില്ല. എന്റെ കഥയും കാത്തിരുന്ന് സമയം പാഴാക്കുന്നതെന്തിന്, എളുപ്പം എഴുതി അയക്കുന്ന ആരെയെങ്കിലും സമീപിച്ചാൽ മതിയല്ലോ എന്ന് സ്വാഭാവികമായും ചിന്തിക്കുമല്ലോ. ആ രാത്രി ഞാൻ ഉറങ്ങിയില്ല. എഴുത്തു ജീവിതത്തിൽ ആദ്യമായി ഒരു പത്രാധിപർ എനിക്ക് ഡെഡ് ലൈൻ തന്നിരിക്കുകയാണ്! അതുകൊണ്ടുതന്നെ ഞായറാഴ്ചക്കുള്ളിൽ ഒരു കഥ എഴുതുക എന്നത് എന്റെ അഭിമാനത്തിന്റെയും നിലനിൽപ്പിന്റെയും പ്രശ്നമായി മാറുകയായിരുന്നു. ഞായറാഴ്ചയിലേക്ക് നാല് ദിവസത്തെ ദൂരമേ ഉണ്ടായിരുന്നുള്ളൂ. ഞാനൊരു മുഴുവൻ സമയ എഴുത്തുകാരനായിരുന്നെങ്കിൽ നാല് ദിവസമുണ്ടല്ലോ എന്ന് ആശ്വസിക്കാമായിരുന്നു. എന്നാൽ ഞാനൊരു പത്രസ്ഥാപനത്തിൽ ജോലി ചെയ്യുന്നയാളാണ്. രാത്രി ജോലി കഴിഞ്ഞു വന്നതിന് ശേഷമിരുന്നെഴുതുന്ന ഒരാളാണ്. വളരെ കുറഞ്ഞ സമയം മാത്രമേ എനിക്ക് എഴുതാൻ കിട്ടാറുള്ളൂ. അങ്ങനെയുള്ള എനിക്ക് നാല് ദിവസത്തിനുള്ളിൽ ഒരു കഥ എന്നൊക്കെപ്പറഞ്ഞാൽ അത് നെഞ്ചിടിപ്പ് തന്നെയാണ്. പ്രത്യേകിച്ച് ഒരാശയവും മനസ്സിലില്ലാത്ത സാഹചര്യത്തിൽ.
നിർനിദ്രമായ ആ രാത്രിയുടെ അവസാന യാമത്തിലെപ്പോഴോ ആണ് പൊടുന്നനെയെന്നോണം എനിക്കെന്റെ ഒരു പഴയ ഡയറിയെക്കുറിച്ച് ഓർമ്മ വന്നത്! മനോഹരമായ പുറം ചട്ടയോട് കൂടിയ ഒരു ഡയറി. ശ്രീകുമാറേട്ടൻ എന്ന് ഞാൻ വിളിക്കുന്ന ഒരടുപ്പക്കാരൻ തന്നത്. കലാലയ ജീവിതത്തിലും, അതിനു ശേഷം പ്രൊഫഷണൽ ജീവിതത്തിന്റെ ആദ്യ ഘട്ടത്തിലുമൊക്കെ ഞാൻ കൂടെ കൊണ്ട് നടന്നിരുന്നു ആ ഡയറി. ജീവിതത്തിലെ വൈകാരീകമായ സന്ദർഭങ്ങളും മറക്കാൻ പാടില്ലാത്ത സാഹചര്യങ്ങളും മനസ്സിൽ തെളിയുന്ന കഥാതന്തുക്കളുമെല്ലാം ഞാൻ കുറിച്ചിട്ടിരുന്നത് അതിന്റെ താളുകളിലാണ്. അങ്ങനെ എഴുതിയിട്ട പല വാക്യങ്ങളും ഞാൻ പിന്നീട് കവിതയും കഥയുമൊക്കെയാക്കി മാറ്റി. അതിലെ പല കഥാതന്തുക്കളും നോവലുകളായി രൂപാന്തരപ്പെട്ടു. കാലാന്തരത്തിൽ, ജോലി ആവശ്യാർഥമുള്ള യാത്രകളും തിരക്കുകളുമൊക്കെയായി ജീവിതത്തിന്റെ ദിശ മാറിയപ്പോൾ ഞാനാ ഡയറി സൗകര്യപൂർവ്വം മറന്ന് വെക്കുകയോ ഉപേക്ഷിക്കുകയോ ചെയ്തു. അതിൽ കുറിച്ചിട്ട അധിക കാര്യങ്ങളും ഞാൻ സർഗാത്മകമായി ഉപയോഗിച്ച് കഴിഞ്ഞിരുന്നു എന്നതും അതിനൊരു കാരണമായിട്ടുണ്ടാകാം. ഏതായാലും ആ പഴയ ഡയറിയിലേക്കൊന്ന് മടങ്ങിപ്പോകാൻ തന്നെ ഞാൻ തീരുമാനിച്ചു. എന്തെങ്കിലുമൊരു കച്ചിത്തുരുമ്പ് കിട്ടിയാലോ?! ഒരുപാട് വർഷങ്ങൾക്ക് മുൻപ്, കൗമാരത്തിൽ, യൗവനാരംഭത്തിൽ ഞാൻ അതിൽ കുറിച്ചിട്ട എന്തെങ്കിലുമൊരു കാര്യം ഇന്നോളം ഉപയോഗിക്കാതെ കിടപ്പുണ്ടെങ്കിലോ?
ഞാൻ വേഗം എഴുന്നേറ്റ് ലൈറ്റിട്ടു. ആ ഡയറി എവിടെയുണ്ടെന്നറിയണം. നോക്കിയെടുക്കണം. ലൈറ്റിട്ടപ്പോൾ ഉറക്കം മുറിഞ്ഞ ഭാര്യ ദേഷ്യപ്പെട്ടു. ബുദ്ധിമുട്ടിച്ചതിന് അവളോട് ക്ഷമ പറഞ്ഞു. ഒരുവിധം ഞാൻ അവളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി. അതോടെ ഡയറി നോക്കിയെടുക്കാൻ അവളും ഒപ്പം കൂടാമെന്നേറ്റു. അങ്ങനെ ഞങ്ങൾ രണ്ടു പേരും കൂടി വീടാകെ അരിച്ചു പെറുക്കാൻ തുടങ്ങി. അരമുക്കാൽ മണിക്കൂർ നേരത്തെ തിരച്ചിലിനൊടുവിൽ പഴയ വാരികകൾ അടുക്കി വെച്ച കാർട്ടണിന്റെ ഏറ്റവും അടിയിൽ നിന്നും ആ ഡയറി എന്റെ പ്രിയപ്പെട്ടവൾ കണ്ടെടുത്തു! സ്വർണ നിറമുള്ള പുറംചട്ടയുള്ള ആ ഡയറി വിജയഭാവത്തിൽ അവൾ ഉയർത്തിക്കാണിച്ചു. സന്തോഷത്തോടെ ഞാനവളെ പുണർന്നു. അവളുടെ കണ്ണുകൾ തിളങ്ങി. എനിക്ക് കട്ടൻ ചായ ഉണ്ടാക്കിത്തന്ന് അവൾ കിടക്കയിലേക്ക് മടങ്ങി. ഞാൻ എന്റെ എഴുത്ത് മേശക്കരികിലേക്കും. ടേബിൾ ലാംബ് ഓൺ ചെയ്ത് ചായ അൽപ്പാൽപ്പമായി കുടിച്ചു കൊണ്ട് ഞാനിരുന്നു. പൊടി തട്ടിയെടുത്ത ഡയറി പതിയെ തുറന്നു. കുറേയധികം വർഷം മുൻപത്തെ എന്റെ കൈയക്ഷരം! എന്റെ ഭാഷാശൈലി! കടൽ പോലെ ഇളകി മറിയുന്ന ഓർമ്മകൾ. അന്നത്തെ സന്ദർഭങ്ങൾ. ജീവിത സാഹചര്യങ്ങൾ. അന്ന് മനസ്സിൽ തെളിഞ്ഞ ആശയങ്ങൾ. അന്നത്തെ പുതിയ അറിവുകൾ. അനുഭവങ്ങൾ. യാത്രാ വിവരണങ്ങൾ... ഓരോ പേജിലൂടെയും ഞാൻ സഞ്ചരിക്കുകയായിരുന്നു. ഒരു പര്യവേക്ഷകന്റെ കൗതുകത്തോടെയും ജാഗ്രതയോടെയും ഞാൻ ആ പേജുകളിൽ ജീവിക്കുകയായിരുന്നു. അതിലൂടെ എന്നിലെ ആ പഴയ എന്നെ വീണ്ടെടുക്കുകയായിരുന്നു. അന്നത്തെ എന്റെ സ്വത്വബോധത്തിലേക്ക് തിരിച്ചിറങ്ങുകയായിരുന്നു.
രാത്രി പുലരിക്ക് വഴിമാറിത്തുടങ്ങിയിരുന്നു. പക്ഷിപ്പാട്ട് ഒഴുകിയെത്താൻ തുടങ്ങിയിരുന്നു. എന്റെ മുറിയുടെ തുറന്നിട്ട ജാലകത്തിലൂടെ പുലർക്കാറ്റിന്റെ മദഗന്ധം കിനിഞ്ഞിറങ്ങാൻ തുടങ്ങിയിരുന്നു. പുലരിയുടെ ദൈവീക സ്പർശത്തിൽ എന്നിലെ എഴുത്തുകാരൻ ഉണരാൻ തുടങ്ങിയിരുന്നു. പൊടുന്നനെയാണ് ആ പേര് എന്റെ കണ്ണിൽ പെട്ടത്. പല്ലവി...! എന്റെ ഉള്ളൊന്ന് പിടഞ്ഞു. ആത്മാവിന്റെ അത്യഗാധ തലങ്ങളിൽ നിന്നും നിസ്സഹായമായ ഒരു തേങ്ങൽ ഉയർന്നുവരുന്ന പോലെ... 2008 നവംബർ 28-ന്റെ പേജായിരുന്നു അത്. 'ആരവം 2008' എന്നെഴുതി അതിന് താഴെ പല്ലവി എന്ന പേര് കുറിച്ചിട്ടിരിക്കുന്നു...! അതിവേഗം മുന്നോട്ടു മാത്രം കുതിക്കുന്ന കുതിര വണ്ടിയാണ് ജീവിതം. ഓരോ ചുവടിലും ഓരോ കുതിപ്പിലും അത് പലതും പിന്നിലുപേക്ഷിക്കുന്നു. വർഷങ്ങളിലൂടെയുള്ള യാത്രയിൽ എന്റെ ജീവിതമാകുന്ന കുതിര വണ്ടി പിന്നിലുപേക്ഷിച്ച പേരാണ് പല്ലവി എന്നത്. 'ആരവം 2008' എന്റെ ഓർമ്മയിലുണരാൻ തുടങ്ങി. പല്ലവി എന്ന അതിസുന്ദരിയായ പെൺകുട്ടി എന്റെ മനസ്സിൽ തെളിഞ്ഞു വരാൻ തുടങ്ങി. ഒരു നെയ്‌വിളക്ക് പോലെ അവളുടെ ഓർമ്മകൾ എന്നിൽ ജ്വലിക്കാൻ തുടങ്ങി. ഒരു വാരികക്ക് വേണ്ടിയുള്ള അനുഭവക്കുറിപ്പിൽ 'ആരവം 2008'നെക്കുറിച്ച് ഞാൻ എഴുതിയിട്ടുണ്ട്, മുൻപ്. പക്ഷേ പല്ലവിയെക്കുറിച്ച് ഞാൻ അന്നോളം ഒന്നും എഴുതിയിരുന്നില്ല. അത് ബോധപൂർവ്വമായിരുന്നു. കഥയിലെ കഥാപാത്രമാക്കിയാൽ അതിലൂടെ അവളൊരു വിൽപ്പനച്ചരക്കാക്കപ്പെടുകയാണ് ചെയ്യുക എന്ന ചിന്തയായിരുന്നു അന്നുണ്ടായിരുന്നത്.
'വികാരങ്ങളുടെ വ്യാപാരി'യാണല്ലോ എഴുത്തുകാരൻ. മനുഷ്യവികാരങ്ങളെ സ്വന്തം മനസ്സിൽ നിന്നും മറ്റുള്ളവരുടെ മനസ്സിൽ നിന്നുമൊക്കെ ഇറക്കുമതി ചെയ്തെടുത്ത് വേണ്ടവിധം കൂട്ടിയിണക്കിയും പലതായി തിരിച്ചുമൊക്കെ അവൻ ഉണ്ടാക്കുന്ന ഉൽപ്പന്നമാണ് അവന്റെ കഥകൾ. അതവൻ പത്രാധിപന്മാർക്കും പ്രസാധകന്മാർക്കും നൽകി പണം വാങ്ങുന്നു. ഈ കച്ചവടം അരങ്ങു തകർക്കുന്ന സാഹിത്യച്ചന്തയിലെ കഥാപാത്രമെന്ന അസംസ്‌കൃത പദാർഥമായി അവൾ മാറ്റപ്പെടരുത്. ഇതൊക്കെയാണ് അന്നത്തെ ചിന്താഗതികൾ. പിന്നീട് പോകെപ്പോകെ ഞാനവളെ മറക്കുകയായിരുന്നു. ജീവിതം പുതിയ പുതിയ മേച്ചിൽ പുറങ്ങളിലേക്ക് നമ്മെ നയിക്കും. പുത്തൻ അനുഭവങ്ങളും കാഴ്ചകളും നൽകി നമ്മെയത് വഴിമാറ്റി നടത്തും. അപ്പോൾ പതിയെ പതിയെ പഴയതെല്ലാം നമ്മൾ മറക്കാൻ തുടങ്ങും. പഴയ ആളുകളെയും. അതങ്ങനെയാണ്. പക്ഷേ പല്ലവിയെ ഞാനൊരിക്കലും മറക്കാൻ പാടില്ലായിരുന്നു എന്നെനിക്ക് തോന്നി. അങ്ങനെ സംഭവിച്ചതിൽ ഞാൻ എന്നെത്തന്നെ ശകാരിച്ചു. കട്ടൻ ചായ കുടിച്ചു തീർത്ത് ഞാൻ എന്റെ പേന തുറന്നു. ഒഴിഞ്ഞ കടലാസ്സിൽ ഞാൻ എന്റെ പുതിയ കഥയുടെ പേരെഴുതി. 'പല്ലവി'. തീർച്ചയായും ഞാൻ അവളെക്കുറിച്ചെഴുതാൻ തീരുമാനമെടുത്തു കഴിഞ്ഞിരുന്നു. അതിലൂടെ അവൾ വിൽപ്പനച്ചരക്കാക്കപ്പെടും എന്നൊന്നും ഇന്ന് ഞാൻ കരുതുന്നില്ല. എന്റെ ചിന്തകളും കാഴ്ചപ്പാടുകളും വീക്ഷണങ്ങളും സമീപനങ്ങളുമൊക്കെ കാലാന്തരത്തിൽ വ്യത്യാസപ്പെട്ടിട്ടുണ്ട്. കൃത്യമായ സമയത്ത് ഏറ്റവും ഉചിതമായ തീരുമാനങ്ങളെടുക്കാൻ എനിക്കിന്ന് കഴിയും. പ്രത്യേകിച്ച് എഴുത്തിന്റെ കാര്യത്തിൽ. പിന്നിലേക്ക് സഞ്ചരിക്കുകയായിരുന്നു മനസ്സ്. പതിനേഴ് വർഷങ്ങൾക്കപ്പുറത്തേക്ക് അതോടിയടുക്കുകയായിരുന്നു. യൗവ്വനാരംഭത്തിലെ കിതപ്പറിയാത്ത ആ കാലത്തേക്ക് ഒരു കിതപ്പുമില്ലാതെ മനസ്സ് കുതിക്കുകയായിരുന്നു.
മഹാരാജാസ് കോളജിന്റെ അങ്കണത്തിൽ വെച്ച് നടത്തപ്പെട്ട ഒരു വലിയ കലോത്സവം. അതാണ് ആരവം 2008. ഒരു യൂണിവേഴ്സിറ്റി യുവജനോത്സവം. കലയുടെയും സാഹിത്യത്തിന്റെയും ഉത്സവമായിരുന്നു അത്. കോളജുകളിലെ കലാകാരന്മാരുടെയും സാഹിത്യകാരന്മാരുടെയും ആഘോഷമായിരുന്നു അത്. 2008, നവംബർ 28-വെള്ളിയാഴ്ച്ച രാവിലെയാണ് രചനാമത്സരങ്ങൾ നടന്നത്. അതിൽ പങ്കെടുക്കാൻ മഹാരാജാസിന്റെ കവാടം കടന്ന ഞാൻ ആദ്യം കണ്ടത് അതീവ സുന്ദരിയായ ഒരു പെൺകുട്ടിയെയാണ്. പൗരാണികമായ ആ കലാലയത്തിന്റെ വലിയ തൂണുകളുള്ള വീതിയേറിയ വരാന്തയിലൂടെ നടന്നു വരികയായിരുന്നു അവൾ. മഞ്ഞ നിറത്തിലുള്ള ചുരിദാറണിഞ്ഞ് അഴിച്ചിട്ട സമൃദ്ധമായ മുടി തോൾ വഴി മുന്നിലേക്കിട്ട് അവൾ നടന്നു വരുന്നതും നോക്കി ഞാൻ പ്രതിമ പോലെ നിന്ന് പോയി! എനിക്കവളെ അറിയാമായിരുന്നു. അതാണ് പല്ലവി. പല്ലവി അന്തർജ്ജനം എന്ന പേരിൽ ആനുകാലികങ്ങളിൽ കാൽപ്പനീക കവിതകളെഴുതുന്ന കവിയത്രി. കവിതക്കൊപ്പം വരാറുള്ള ഫോട്ടോയിലൂടെ നാളുകൾക്ക് മുൻപേ ആ മുഖം എന്റെ മനസ്സിൽ പതിഞ്ഞിരുന്നു. വരാന്തയിൽ നിന്നുള്ള നടയിറങ്ങവേ അവൾ എന്നെ കണ്ടു. അവൾ എന്നോട് പുഞ്ചിരിച്ചു! മഞ്ഞുകാലത്തെ വരവേൽക്കാൻ ഒരുങ്ങുകയായിരുന്ന പ്രകൃതിക്ക് നല്ല കുളിരായിരുന്നു. ആ കുളിരിനെപ്പോലും കുളിരണിയിച്ചു കൊണ്ട് കോളജ് കവാടത്തോട് ചേർന്നുള്ള വൃക്ഷച്ചുവട്ടിൽ നിൽക്കുകയായിരുന്ന എനിക്കരികിലേക്ക് അവൾ നടന്നെത്തി. പേര് വിളിച്ച് അഭിവാദ്യം ചെയ്തു. ശേഷം പറഞ്ഞു: "പ്രസിദ്ധീകരിച്ചു വരുന്ന കവിതകൾ വായിക്കാറുണ്ട്. ഇയാളുടെ പല വരികളും എനിക്ക് മനഃപാഠമാണ്. ലാളിത്യമുള്ള കാവ്യഭാഷയാണ്. എനിക്കൊരുപാടിഷ്ടമാണ്."
തിരിച്ചറിയപ്പെടുമ്പോൾ ഒരു എഴുത്തുകാരനുണ്ടാകുന്ന ആനന്ദമൂർച്ഛ വാക്കുകൾക്കതീതമാണ്. അത്തരമൊരു അനുഭവത്തിന്റെ ചിത്രശലഭങ്ങൾ എന്നിൽ പറന്നു നടക്കാൻ തുടങ്ങി. അവളെപ്പോലെ ഞാനും ആനുകാലികങ്ങളിൽ സ്ഥിരമായി എഴുതിത്തുടങ്ങിയ സമയമാണത്. വിവിധ പംക്തികളിൽ സൃഷ്ടിക്കൊപ്പം വരുന്ന ഫോട്ടോയിലൂടെത്തന്നെയാണ് അവളെന്നെയും തിരിച്ചറിഞ്ഞത്. അവളുടെ തിളങ്ങുന്ന കണ്ണുകളിൽ നിന്നും കണ്ണെടുക്കാൻ എനിക്ക് സാധിക്കുന്നുണ്ടായിരുന്നില്ല. അത്ര മനോഹരമായിരുന്നു അവളുടെ കണ്ണുകൾ. അവളെത്തന്നെ എന്നെന്നും നോക്കിയിരിക്കാനായെങ്കിലെന്ന് ഞാൻ വല്ലാതെ മോഹിച്ചു പോയി. ദേവതയെ പോലെ സുന്ദരിയായ അവളെ വർണ്ണിക്കാൻ എന്നിലെ കവി കൊതിച്ചു പോയി. ഞങ്ങൾ പരസ്പരം പരിചയപ്പെട്ടു. വിശേഷങ്ങൾ പങ്കുവെച്ചു. കാമ്പസിന്റെ നടുമുറ്റത്തൂടെ ഞങ്ങൾ നടന്നു. അവൾ പറഞ്ഞു: "നമ്മൾ ഇങ്ങേയറ്റത്തെ ആളുകളാണ്. നമുക്ക് മുൻപ് എത്രയോ തലമുറകൾ ഇതിലേ നടന്നിരിക്കുന്നു." "ശരിയാണ്. എത്രയെത്ര കൗമാരങ്ങളുടെ കഥകളും മനസ്സിലൊതുക്കിയാണ് ഈ കാമ്പസിന്റെ നിൽപ്പ്." ഞാൻ തലയാട്ടിക്കൊണ്ട് പറഞ്ഞു. ഞങ്ങളങ്ങനെ പലതും സംസാരിച്ചങ്ങനെ നടന്നു. ഇതിനിടെ, കലോത്സവത്തിന്റെ സംഘാടകരിൽപ്പെട്ട മഹാരാജാസിലെ ചില യൂണിയൻ ഭാരവാഹികൾ ഞങ്ങളെ ശ്രദ്ധിച്ചു. അവർ ഞങ്ങളെ തിരിച്ചറിഞ്ഞു. ഒട്ടും വൈകാതെ, ഞങ്ങൾ പോലുമറിയാതെ അവർ പത്രക്കാരെ വിളിച്ചു.
കലോത്സവം റിപ്പോർട്ട് ചെയ്യാനെത്തിയ പത്രക്കാർ ഞങ്ങളെ പൊതിഞ്ഞു. പുതിയ കാലത്തെ കവിതയെ പ്രതിനിധാനം ചെയ്യുന്ന, ആനുകാലികങ്ങളിൽ നിരന്തരമെഴുതി പ്രശസ്തിയാർജ്ജിച്ചു കൊണ്ടിരിക്കുന്ന രണ്ടുപേർ 'ആരവം 2008'-ന്റെ രചനാമത്സരങ്ങളിൽ പങ്കെടുക്കാനെത്തിയിരിക്കുന്നു എന്നത് പത്രക്കാരെ സംബന്ധിച്ച് ഒരു എക്സ്ക്ലൂസീവ് തന്നെയായിരുന്നു. രണ്ടുപേരും രണ്ട് കോളജുകളെ പ്രതിനിധീകരിച്ച് വന്നിരിക്കുന്നതിനാൽ ആർക്കാകും ഒന്നാം സ്ഥാനം എന്ന ചോദ്യത്തെ അവർ സജീവമാക്കിക്കൊണ്ടുവന്നു. ഇത് ഞങ്ങളിൽ സമ്മർദ്ദത്തിന്റെ തിരമാലകളുയർത്തി. രണ്ടുപേർക്കും ഒന്നാം സ്ഥാനം കരസ്ഥമാക്കാതെ വയ്യെന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ കൈവിട്ടു പോയി. മത്സരം ഒരഭിമാന പ്രശ്നമായി മാറി. ഞങ്ങൾ അസ്വസ്ഥരായി. പത്രക്കാർക്ക് വിടാനുള്ള ഭാവമില്ലായിരുന്നു. അവർ ഞങ്ങളെ ഒന്നിച്ച് നിർത്തി ഫോട്ടോയെടുത്തു. ഞങ്ങൾ പ്രതിനിധീകരിക്കുന്ന കോളജുകളെപ്പറ്റി അന്വേഷിച്ചു. ഞങ്ങളുടെ പുതിയ കവിതാ പരിശ്രമങ്ങളെക്കുറിച്ചും, 'ആരവം 2008'-നെക്കുറിച്ചും, രചനാമത്സരങ്ങളുടെ ഫലപ്രതീക്ഷകളെക്കുറിച്ചും പരസ്പരമുള്ള മാത്സര്യബുദ്ധിയെക്കുറിച്ചുമെല്ലാം ആരാഞ്ഞു. ഗദ്യകവിതകളുടെ രചനാസങ്കേതങ്ങളെപ്പറ്റിയും സാധ്യതകളെപ്പറ്റിയുമൊക്കെ ചോദിച്ചു. ഞങ്ങൾ പറഞ്ഞതെല്ലാം ടേപ്പ് ചെയ്തെടുത്തു. അപ്പോഴേക്കും സാഹിത്യതൽപരരായ നിരവധി വിദ്യാർഥികൾ അവിടെ തടിച്ചു കൂടി. അവർ ഞങ്ങളെക്കൊണ്ട് കവിതകൾ ചൊല്ലിച്ചു. ഞങ്ങളുടെ കവിതകൾ അവർ ഏറ്റുചൊല്ലി. ഇങ്ങനെയിങ്ങനെ തികച്ചും അപ്രതീക്ഷിതമായി ഞങ്ങളുടെ സാന്നിധ്യം അവിടെ കൊണ്ടാടപ്പെട്ടു. ഞങ്ങളുടെ സാഹിത്യം അവിടെ ആഘോഷിക്കപ്പെട്ടു.
മാധ്യമശ്രദ്ധയിലും സെലിബ്രിറ്റി സ്റ്റാറ്റസിലുമാണ് ഞങ്ങൾ രചനാ മത്സരങ്ങൾക്കായി ഇരുന്നത്. ബോട്ടണി ബ്ലോക്കിലെ ഒരു ക്ലാസ് മുറിയിലായിരുന്നു മത്സരം നടന്നത്. 'വിണ്ടു കീറിയ മനസ്സ് മന്ത്രിക്കുന്നു' എന്നതായിരുന്നു കവിതയുടെ വിഷയമായി നൽകിയത്. ഒരു മണിക്കൂറാണ് സമയം. അതിനുള്ളിൽ ഈ വിഷയത്തെ ആസ്പദമാക്കി കവിതയെഴുതണം. ഞാൻ പത്ത് മിനിറ്റിനകം ഇരുപത്തിനാല് വരി കവിതയെഴുതി പുറത്തേക്കിറങ്ങി. പത്രക്കാരുടെയും മറ്റ് വിദ്യാർഥികളുടെയും കണ്ണ് വെട്ടിച്ച് ഞാൻ സുഭാഷ് പാർക്കിലേക്ക് രക്ഷപ്പെട്ടു. പ്രശസ്തി നല്ലതാണ്. ഞാനും അവളുമൊക്കെ അന്ന് അതാഗ്രഹിക്കുകയും ചെയ്തിരുന്നു. എന്നാൽ പെട്ടെന്ന് വലിയൊരു ആൾക്കൂട്ടം തിരിച്ചറിയുകയും അതിലൂടെ സ്വകാര്യത നഷ്ടമാവുകയും ചെയ്തപ്പോൾ വല്ലാത്തൊരു തരം അസ്വസ്ഥത തോന്നി. ആദ്യത്തെ അനുഭവമായത് കൊണ്ടാണതെന്ന് പിന്നീട് ബോധ്യപ്പെടുകയും ചെയ്തു. സുഭാഷ് പാർക്കിലുണ്ടാകുമെന്ന് അവളെ ആംഗ്യഭാഷയിലൂടെ അറിയിച്ചിട്ടാണ് ഞാൻ കാട് മൂടിക്കിടക്കുന്ന പഴയ എൻക്വയറി കൗണ്ടറിന്റെ പിന്നാമ്പുറത്തൂടെ, അരമതിൽ ചാടിക്കടന്ന് ജനറൽ ആശുപത്രിയെ ചുറ്റിപ്പോകുന്ന നിരത്തിലൂടെ നടന്ന്, ലോ കോളജിന് മുന്നിലെത്തി, അവിടെ നിന്നും വഴി മുറിച്ചു കടന്ന് സുഭാഷ് പാർക്കിലേക്കെത്തിയത്.
ഒരു മണിക്കൂർ മുഴുവനെടുത്താണ് അവൾ കവിത എഴുതി പൂർത്തിയാക്കിയത്. ശേഷം പത്രക്കാരിൽ നിന്നും ഒരുവിധം രക്ഷപ്പെട്ട് അവളെത്തി. കായലോളങ്ങളുടെ നൃത്തവും കണ്ട് കുറെ നേരം ഞങ്ങൾ പാർക്കിലിരുന്നു. കാറ്റിന്റെ മർമ്മരവും കിളികളുടെ സ്വരങ്ങളും ചേർന്ന ജുഗൽബന്തിയിൽ ഞങ്ങളുടെ മാനസങ്ങൾ തളിരണിഞ്ഞു. അവളുടെ സൗന്ദര്യത്തെ വർണ്ണിച്ചു കൊണ്ട് ഞാനൊരു പാട്ടെഴുതി. അപ്പോൾ തന്നെ ഈണമിട്ട് അവളെ പാടിക്കേൾപ്പിച്ചു. കണ്ണടച്ചിരുന്ന് അവളത് കേട്ടു. പാടിക്കഴിഞ്ഞപ്പോൾ അവളെന്നോട് ചേർന്നിരുന്നു. അവളുടെ മഞ്ഞൾ കാന്തിയുള്ള മേനിയുടെ മാദകത്വവും തുളസിക്കതിർ മണവും എന്നിൽ ലഹരിയായി പെയ്തിറങ്ങാൻ തുടങ്ങി. "എനിക്ക് നീയായാൽ മതിയായിരുന്നു. നിന്നിലെ നിമിഷകവിയും പാട്ടുകാരനുമൊക്കെ എന്നെ ഒരുപാട് കൊതിപ്പിക്കുന്നുണ്ട്." അവൾ എന്റെ കാതിൽ മന്ത്രിച്ചു. ആ പതിഞ്ഞ ശബ്ദം...! ആ നിശ്വാസത്തിന്റെ ഗന്ധം....! അതിമനോഹരമായ കുറെ നിമിഷങ്ങളായിരുന്നു അത്. അതിലും സുന്ദരമായ നിമിഷങ്ങളിലൂടെ പിന്നീടൊരിക്കലും ഞാൻ കടന്നു പോയിട്ടില്ല. ഏറെ നേരത്തിനുശേഷം ഫോൺ നമ്പറുകൾ കൈമാറി ഞങ്ങൾ പിരിഞ്ഞു. ഞങ്ങൾ പ്രണയത്തിലമർന്ന് കഴിഞ്ഞിരുന്നോ? അറിയില്ല. ഞങ്ങൾ നല്ല സുഹൃത്തുക്കളായിക്കഴിഞ്ഞിരുന്നോ? അതുമറിയില്ല.
അടുത്ത പ്രഭാതത്തിൽ രചനാമത്സരങ്ങളുടെ ഫലം പുറത്ത് വന്നു. കവിതക്ക് ഒന്നാം സ്ഥാനം എനിക്കായിരുന്നു! രണ്ടാം സ്ഥാനം അവൾക്കും. ഒന്നാം സ്ഥാനം ലഭിക്കുമെന്ന ഒരു പ്രതീക്ഷയും എനിക്കുണ്ടായിരുന്നില്ല. കാരണം താളാത്മകമായും വൃത്തമനുസരിച്ചും കവിതയെഴുതുന്ന ഒരാളാണവൾ. അതുകൊണ്ട് തന്നെ അവളുടെ കവിതക്കേ പരിഗണന ലഭിക്കൂ എന്നായിരുന്നു എന്റെ ചിന്തയും ധാരണയും. എന്നാൽ കവിതയുടെ സൗന്ദര്യത്തിനും, സാങ്കേതികമായ ക്രമങ്ങൾക്കുമൊക്കെ അപ്പുറം അതിൽ ഉൾച്ചേർന്നിരിക്കുന്ന കാലിക പ്രസക്തിയും, പ്രയോഗങ്ങളിലെ പുതുമയും കൂടി ജൂറി കണക്കിലെടുത്തപ്പോൾ നേരിയ പോയന്റ് വ്യത്യാസത്തിൽ ഞാൻ ഒന്നാം സ്ഥാനത്തേക്ക് കയറിക്കൂടുകയായിരുന്നു. ഫലമറിഞ്ഞ ഉടനെ ഞാൻ അവളെ വിളിച്ചു. വലിയ സന്തോഷത്തിലായിരുന്നു ഞാൻ. ഇരുനൂറോളം പേർ മാറ്റുരച്ച മത്സരത്തിലാണ് ഒന്നാം സ്ഥാനം. യുവതലമുറയിലെ ശ്രദ്ധേയ കവയത്രി പല്ലവി അന്തർജ്ജനത്തെ പിന്തള്ളിയാണ് ഒന്നാം സ്ഥാനം. സാംസ്ക്കാരിക വകുപ്പ് മന്ത്രിയിൽ നിന്നും പുരസ്ക്കാരം വാങ്ങാം. വലിയ സദസ്സിനെ അഭിമുഖീകരിച്ച് ഒന്നാം സ്ഥാനം ലഭിച്ച കവിത ചൊല്ലാം. അതേതെങ്കിലും വാരികക്ക് പ്രസിദ്ധീകരണത്തിന് നൽകാം. അങ്ങനെയങ്ങനെ എന്തെല്ലാം സാധ്യതകൾ. എനിക്ക് മധുരിക്കുന്നുണ്ടായിരുന്നു.
അവൾ ഫോൺ എടുക്കുന്നുണ്ടായിരുന്നില്ല. ഞാൻ പിന്നെയും പിന്നെയും വിളിച്ചു നോക്കി. എടുക്കുന്നില്ല. ഞാനാകെ നിരാശനായി. അവൾ തിരിച്ചു വിളിക്കുമെന്ന് കരുതി കാത്തിരുന്നു. എന്നാൽ അതുണ്ടായില്ല. എന്താണ് സംഭവിച്ചത്? എനിക്കാകെ ആശങ്കയും വെപ്രാളവുമൊക്കെയായി. അവളെ കാണാതിരിക്കാനും അവളോട് സംസാരിക്കാതിരിക്കാനും എനിക്ക് കഴിയില്ലെന്ന ബോധ്യത്തിലേക്ക് ഞാനെത്തിയിരുന്നോ? ഒരുപക്ഷേ അതുകൊണ്ടായിരിക്കാം അവളുടെ കോളജിൽ ചെന്ന് അവളെ കാണാൻ ഞാൻ തീരുമാനിച്ചത്. എന്റെ കോളജിൽ നിന്നും പന്ത്രണ്ട് കിലോമീറ്റർ അപ്പുറത്തായിരുന്നു അവൾ പഠിക്കുന്ന വിദ്യാമന്ദിർ. ഒരു സുഹൃത്തിനെയും കൂട്ടി ഞാൻ അവിടേക്ക് ബസ് കയറി. ലഞ്ച് ബ്രേക്കിന്റെ സമയത്താണ് ഞങ്ങൾ അവിടേക്ക് ചെല്ലുന്നത്. കാമ്പസിലെ മരച്ചോടുകളിലും വരാന്തയിലുമൊക്കെ കുട്ടികൾ കൂട്ടം കൂടി നിന്ന് സൊറ പറയുന്നു. കുറേ പേർ കോളജിന്റെ വലത് വശത്തുള്ള മൈതാനത്തുണ്ട്. കോളജ് കവാടത്തിനരികിലുള്ള വൃക്ഷച്ചുവട്ടിൽ കൂടി നിന്ന പെൺകുട്ടികളോട് ഞാൻ ആഗമനോദ്ദേശ്യം വ്യക്തമാക്കി. അതിലൊരു പെൺകുട്ടി അപ്പോൾ തന്നെ അവളെ ഫോണിൽ വിളിച്ചു.
"എടീ, നിന്നെ കാണാൻ ഒരാള് വന്നിട്ടുണ്ട്. ഗേറ്റിനടുത്തേക്ക് ഒന്ന് വരാമോ എന്നാണ് ചോദിക്കുന്നത്."-ആ പെൺകുട്ടി പറഞ്ഞു. മറുതലക്കൽ നിന്നും സംസാരം തുടങ്ങിയപ്പോൾ പെൺകുട്ടി കുറച്ചപ്പുറത്തേക്ക് മാറി നിന്നു. സംസാരം കുറച്ചു സമയം നീണ്ടു. പിന്നെ പെൺകുട്ടി എനിക്കരികിലേക്ക് വന്ന് ഫോൺ എനിക്ക് നേരെ നീട്ടി. "ഫോൺ തരാൻ പറഞ്ഞു. സംസാരിക്ക്." പെൺകുട്ടി പറഞ്ഞു. "ഹലോ... പല്ലവി.... ഇത് ഞാനാണ്..." ഫോൺ വാങ്ങി ആവേശത്തോടെ സംസാരിക്കാൻ തുടങ്ങിയ എന്നോട് അവൾ ഉറച്ച ശബ്ദത്തിൽ പറഞ്ഞു: "എന്നെ കാണാൻ വന്നിരിക്കുന്നതാരെന്ന് എനിക്ക് മനസ്സിലായി. എനിക്ക് ഇയാളെ കാണേണ്ട. ഇപ്പോൾ തന്നെ മടങ്ങിക്കോളൂ. ഇനി മേലിൽ എന്നെ വിളിക്കുകയോ കാണാനിവിടെ വരികയോ ചെയ്യരുത്." വളരെ പരുഷമായാണ് അവളിത് പറഞ്ഞത്. ഇന്നലത്തെ കിളിനാദമെവിടെ? സ്നേഹവും മാധുര്യവുമെവിടെ? ഞാനാകെ വിറച്ചു പോയി. ഒരു രാത്രി ഇരുട്ടി വെളുത്തപ്പോഴേക്ക് എന്താണ് സംഭവിച്ചത്?! "പല്ലവി... എന്താണിത്? എന്താണിങ്ങനെയൊക്കെ...? അതും എന്നോട്...?" എന്റെ ശബ്ദമിടറി. അവൾ പറഞ്ഞു: "പത്താം വയസ്സിൽ കവിതയെഴുതിത്തുടങ്ങിയതാണ് ഞാൻ. ഇപ്പോൾ പത്ത് വർഷമായിരിക്കുന്നു. ഈ പത്ത് വർഷവും പങ്കെടുത്ത എല്ലാ മത്സരങ്ങളിലും ഞാൻ ഒന്നാം സ്ഥാനം നേടി. ഒരു പത്രാധിപരും എന്റെ കവിത തിരിച്ചയച്ചിട്ടില്ല. പ്രസിദ്ധീകരിക്കുമ്പോൾ ഒരു വരി പോലും വെട്ടിമാറ്റിയിട്ടില്ല. എന്നാൽ ഇതാദ്യമായി ഞാൻ രണ്ടാം സ്ഥാനക്കാരിയായിരിക്കുന്നു. അതിലെനിക്ക് കടുത്ത നിരാശയുണ്ട്. അതിനിടയാക്കിയ നിന്നോടെനിക്ക് മര്യാദയോടെ പെരുമാറാനാകില്ല."
വിചിത്രമായിത്തോന്നി! ഞാനെന്ത് തെറ്റാണ് ചെയ്തത്? മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചു. അതിലൂടെ ഒന്നാം സ്ഥാനം നേടി. അല്ലാതെ ജൂറിയെ തെറ്റായ രീതിയിൽ സ്വാധീനിച്ചു കൊണ്ടും മറ്റുമല്ല ഒന്നാം സ്ഥാനം നേടിയത്. അല്ലെങ്കിലും ഒരു മത്സരമായാൽ ജയവും തോൽവിയും ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവുമൊക്കെ സ്വാഭാവികമാണ്. അതിനെന്താണ്? ഒന്നാം സ്ഥാനം നേടി എന്ന് കരുതി മത്സരത്തിനെത്തിയ ഇരുനൂറ് പേരേക്കാളും പ്രതിഭാധനനും കേമനുമാണ് ഞാനെന്ന് പറയാൻ കഴിയുമോ? ഒരിക്കലുമില്ലല്ലോ? നൽകപ്പെട്ട വിഷയത്തിൽ, അനുവദിക്കപ്പെട്ട സമയത്തിനുള്ളിൽ, എഴുതപ്പെട്ട കവിതകളിൽ, മികച്ചത് എന്ന് ആ ജൂറിക്ക് തോന്നിയ ഒരാൾ മാത്രമാണ് ഞാൻ! ഇതൊക്കെ ഒന്ന് അവളെ പറഞ്ഞു മനസ്സിലാക്കാൻ ഞാൻ ആവതും ശ്രമിച്ചു. എന്നാൽ ഈഗോ തലക്കു പിടിച്ച് കഴിഞ്ഞിരുന്ന അവൾ ഒന്നും കേൾക്കാൻ കൂട്ടാക്കിയില്ല. ഫോൺ കട്ട് ചെയ്തു കളഞ്ഞു! തേങ്ങിക്കരഞ്ഞു കൊണ്ടാണ് ഞാനാ കാമ്പസിൽ നിന്നും പുറത്തേക്ക് വന്നത്. അവളെന്റെ കാമുകിയാണോ സുഹൃത്താണോ എന്നൊന്നും എനിക്കറിയില്ല. ഒറ്റ ദിവസത്തെ പരിചയം മാത്രമേ എനിക്കവളുമായുള്ളൂ താനും. എന്നിട്ടും അവളെന്നിൽ നിന്നും മുഖം തിരിച്ചപ്പോൾ ഞാൻ നിയന്ത്രണം വിട്ട് കരഞ്ഞു പോവുകയായിരുന്നു. പിന്നെ അവളെത്തേടി ഞാൻ ചെന്നില്ല. അവളെ ഫോണിൽ വിളിച്ചില്ല. അതിനുള്ള ധൈര്യമുണ്ടായിരുന്നില്ല.
പിന്നീട് ഒരു ആനുകാലികത്തിലും അവൾ എഴുതിക്കണ്ടില്ല. വല്ലാത്തൊരു ശൂന്യതയാണ് എനിക്കനുഭവപ്പെട്ടത്. രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് വലിയൊരു പരാജയബോധമായി അവളിൽ വികാസം പ്രാപിച്ചിട്ടുണ്ടാകാം എന്നെനിക്ക് തോന്നി. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ അതിൽപ്പരം വലിയ ഒരു നിർഭാഗ്യം വേറെയില്ല. ഏറ്റവും നിസ്സാരമായ ഒരു കാര്യത്തിന്റെ പേരിൽ സർഗധനയായ അവൾ എഴുത്ത് ഉപേക്ഷിക്കുക എന്നൊക്കെ പറഞ്ഞാൽ...?! ഇനിയും എത്രയോ മത്സരങ്ങൾ വരാനിരിക്കുന്നു. മത്സരിക്കാനുള്ള വേദികളും നേടാനുള്ള പുരസ്‌ക്കാരങ്ങളും അസംഖ്യമാണ്. യൂണിവേഴ്സിറ്റി കലോത്സവത്തിലെ ഒന്നാം സ്ഥാനം പരമോന്നത ബഹുമതിയൊന്നുമല്ല. യാഥാർഥ്യം ഇതൊക്കെയായിരിക്കെ, അവളെ ബാധിച്ച പരാജയബോധത്തിൽ നിന്നും കോംപ്ലക്സിൽ നിന്നുമൊക്കെ അവളൊന്ന് മോചിതയായെങ്കിൽ എന്നാഗ്രഹിക്കാനും അതിനായി പ്രാർഥിക്കാനും മാത്രമേ എനിക്ക് കഴിയുമായിരുന്നുള്ളൂ. അവളുടെ കവിതകൾ അച്ചടിച്ച് വരുന്നതും കാത്ത് ഞാനിരുന്നു. അവളുടെ കവിതകളില്ലാതെ പത്രമാസികകൾ പുറത്തിറങ്ങിക്കൊണ്ടുമിരുന്നു. അങ്ങനെ കാലം കടന്നു പോയി. ഞാൻ കോളജ് പഠനം പൂർത്തിയാക്കി. പ്രസ് അക്കാദമിയിൽ നിന്നും ജേർണലിസത്തിൽ ഡിപ്ലോമയുമെടുത്ത് മാധ്യമപ്രവർത്തകനായി ജോലി ചെയ്യാൻ തുടങ്ങി. എഡിറ്റോറിയൽ ഡെസ്‌കിലിരിക്കുമ്പോൾ അവളുടെ കൈപ്പടയിലുള്ള മനോഹരകാവ്യങ്ങൾ എനിക്ക് മുന്നിലെത്തിയിരുന്നെങ്കിലെന്ന് ഞാനൊരുപാട് മോഹിച്ചു!
നാല് വർഷങ്ങൾ കടന്നു പോയി. ഞാൻ ജോലി ചെയ്യുന്ന പത്രസ്ഥാപനം പുതിയ തലമുറയിൽപ്പെട്ട, അറിയപ്പെടുന്ന ഇരുപത്തിയഞ്ചു കവികളുടെ അപ്രകാശിത കവിതകൾ കോർത്തിണക്കി ഒരു കവിതാ സമാഹാരം പുറത്തിറക്കാൻ തീരുമാനിച്ചു. പുസ്തകം ഓണക്കാലത്ത് വിപണിയിലെത്തിക്കാനും പദ്ധതിയിട്ടു. ഈ പ്രോജക്റ്റിന്റെ ഇൻ-ചാർജ്ജും എഡിറ്ററുമായി എന്നെ തിരഞ്ഞെടുക്കുകയും ചെയ്തു. ഇരുപത്തിയഞ്ചു കവികൾ ആരൊക്കെയായിരിക്കണം എന്നതായിരുന്നു ഞാനും എന്റെ ടീമും അഭിമുഖീകരിച്ച ഒന്നാമത്തെ വെല്ലുവിളി. പക്ഷേ ലിസ്റ്റിലെ ഒന്നാമത്തെ ആൾ ആരായിരിക്കണം എന്നതിനെക്കുറിച്ച് എനിക്കൊരു സംശയവുമുണ്ടായിരുന്നില്ല. പല്ലവി അന്തർജ്ജനം! എന്റെയീ തിരഞ്ഞെടുപ്പ് ശ്ലാഘിക്കപ്പെടുക മാത്രമേ ചെയ്തുള്ളൂ. ഒരു അഭിപ്രായ വ്യത്യാസവും എനിക്ക് നേരിടേണ്ടി വന്നില്ല. അവളേയും അവളുടെ കവിതകളേയും പത്രക്കാരാരും മറന്നിരുന്നില്ല എന്ന് വ്യക്തം. "ആ കുട്ടിയിപ്പോൾ എവിടെയാണ്? വിളിക്കാൻ നമ്പറുണ്ടോ?"എന്റെ സഹപ്രവർത്തകർ എന്നോട് ചോദിച്ചു. അവൾ എവിടെയുണ്ടെന്നോ, ഏതവസ്ഥയിലാണെന്നോ എനിക്കറിയില്ലായിരുന്നു. അവളുടെ ആ പഴയ നമ്പറൊക്കെ ഫോൺ മാറ്റിയപ്പോൾ നഷ്ടപ്പെട്ടിരുന്നു. എങ്കിലും അവളെ കണ്ടെത്തി, കവിത എഴുതി വാങ്ങുക എന്ന വെല്ലുവിളി ഞാൻ ഏറ്റെടുത്തു.
എന്റെ സ്ഥാപനം വർഷങ്ങൾക്ക് മുൻപ് അവളുടെ നിരവധി കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് എനിക്കറിയാമായിരുന്നു. കവിതകൾ വന്ന ലക്കങ്ങൾ തീർച്ചയായും സ്ഥാപനത്തിൽ നിന്നും അവളുടെ വിലാസത്തിലേക്ക് അയച്ചിട്ടുണ്ടാകും. അപ്പോൾ സ്ഥാപനത്തിന്റെ ഡാറ്റാ ബേസിൽ അവളുടെ വിലാസം ഉണ്ടാകും. അതൊന്ന് തപ്പിയെടുക്കാൻ ഞാൻ ഡോക്യൂമെന്റേഷൻ അസിസ്റ്റന്റിനോട് പറഞ്ഞു. ഒട്ടും വൈകാതെ അവളുടെ വിലാസവും ലാൻഡ് ഫോൺ നമ്പറും എന്റെ മുന്നിലെത്തി. ഞാനാ ലാൻഡ് നമ്പറിൽ വിളിച്ചു നോക്കി. എന്നാൽ അത്തരമൊരു നമ്പർ നിലവിലില്ല എന്ന അറിയിപ്പാണ് ലഭിച്ചത്. ഞാൻ നിരാശനായില്ല. അവളുടെ വിലാസത്തിലുള്ള സ്ഥലത്തേക്ക് പുറപ്പെട്ടു. പുതുക്കലവട്ടം എന്ന ഒരു ചെറിയ പട്ടണത്തിലേക്കാണ് ഞാനെത്തിച്ചേർന്നത്. നഗരപ്രാന്തത്തിലെ ഒരു ചെറുപട്ടണമാണത്. അവിടെ 'കൃഷ്ണഭവനം' എന്ന വീടാണ് എനിക്ക് കണ്ടുപിടിക്കേണ്ടിയിരുന്നത്. ആൽത്തറയിൽ സൊറ പറഞ്ഞിരുന്ന ചിലരോടന്വേഷിച്ചു. ടെലികോമിൽ ജോലി ചെയ്തിരുന്ന നന്ദഗോപാലിന്റെ 'കൃഷ്ണഭവനം' എവിടെയെന്ന് അവർ കൃത്യമായി പറഞ്ഞു തന്നു. അമ്പലം കഴിഞ്ഞ് രണ്ടാമത്തെ വളവിൽ നിന്നും ഉള്ളിലേക്ക് ഒരിടവഴിയുണ്ട്. അതിലൂടെ പോയാൽ എത്തിച്ചേരുക ഒരു വലിയ പറമ്പിലേക്കാണ്. ആ പറമ്പിനോട് ചേർന്ന് കാണുന്ന ഒരിടത്തരം വീട്. അതാണ് 'കൃഷ്ണ ഭവനം'. പല്ലവി അന്തർജ്ജനത്തിന്റെ വീട്!
ഗേറ്റ് തുറന്നു കിടക്കുകയായിരുന്നു. വരാന്തയിലേക്ക് കയറി കോളിങ് ബെല്ലടിച്ചു. ഒരു സ്ത്രീയാണ് വാതിൽ തുറന്നത്. ഒറ്റ നോട്ടത്തിൽ അത് പല്ലവിയുടെ അമ്മയാണെന്ന് എനിക്ക് മനസ്സിലായി. "പല്ലവിയെ ഒന്ന് കാണാൻ വന്നതാണ്. പത്രത്തിൽ നിന്നാണ്. ഒരു കവിതാ സമാഹാരത്തിന്റെ കാര്യത്തിനാണ്." ഞാൻ പറഞ്ഞു. ആ സ്ത്രീയുടെ മുഖമൊന്ന് ചുളിഞ്ഞു. അതോ എനിക്ക് തോന്നിയതോ? "ആരാ..." അപ്പോഴേക്കും അവിടേക്ക് അൽപ്പം പ്രായമുള്ള ഒരാൾ കടന്നു വന്നു. അയാളുടെ സ്വരത്തിൽ നീരസം പ്രകടമാണ്. "പല്ലവിയെ തിരക്കി വന്നതാ. പത്രത്തിൽ നിന്നാണെന്ന്." സ്ത്രീ പതിഞ്ഞ ശബ്ദത്തിൽ അയാളോട് പറഞ്ഞു. "ഉം... മോനിങ്ങോട്ടിരിക്ക്..." അയാൾ ശബ്ദമൊന്ന് മയപ്പെടുത്തി ഉമ്മറത്തെ കസേരയിലേക്ക് വിരൽ ചൂണ്ടി. ഞാൻ ഇരുന്നു. എനിക്ക് അഭിമുഖമായുള്ള കസേരയിൽ അയാളും ഇരുന്നു. "നീ കുടിക്കാനെന്തെങ്കിലും എടുക്ക്." അയാൾ സ്ത്രീയോട് പറഞ്ഞു. അവർ ശരി എന്ന് തലയാട്ടിക്കൊണ്ട് അകത്തേക്ക് പോയി. "അത് പല്ലവിയുടെ അമ്മയാണ്. ഞാൻ അച്ഛനും." അയാൾ പറഞ്ഞു. "ഓ.കെ.... കാണാൻ കഴിഞ്ഞതിൽ സന്തോഷം." ഞാൻ ഔപചാരികമായിത്തന്നെയാണ് സംസാരിച്ചത്. "അവൾക്ക് വേണ്ടി അങ്ങനെയാരും ഇവിടെ വരാറില്ല.. എല്ലാവരും അവളെ മറന്ന മട്ടാണ്." അയാൾ ഒരു വിളറിയ ചിരിയോടെയാണ് ഇത് പറഞ്ഞത്. ആരോടെന്നില്ലാതെ അമർഷവും പരിഹാസവുമൊക്കെയാണ് അയാളുടെ വാക്കിലും ഭാവത്തിലും. ഞാൻ അത് മൂളിക്കേൾക്കുക മാത്രം ചെയ്തു.
"ഏത് പത്രത്തിൽ നിന്നാണ്?" അയാൾ ചോദിച്ചു. ഞാൻ പത്രത്തിന്റെ പേര് പറഞ്ഞു. "എന്താ കാര്യം...?" വീണ്ടും ചോദ്യം. ഞാൻ ആഗമനോദ്ദേശ്യം വ്യക്തമാക്കി. അയാൾ, ഞാൻ പറഞ്ഞതെല്ലാം ശ്രദ്ധിച്ചു കേട്ടു. സ്ത്രീ ആവി പറക്കുന്ന ചായയുമായി വന്നു. "ചായ കുടിക്ക്." അവർ ഗ്ലാസെടുത്ത് എനിക്ക് നേരെ നീട്ടി. അമ്മയുടെ വാത്സല്യം! ഞാനത് വാങ്ങി ഒരിറക്ക് കുടിച്ചു. "മോന്റെ പേരെന്താ?" സ്ത്രീ ചോദിച്ചു. ഞാൻ പേര് പറഞ്ഞു. പേര് കേട്ടപ്പോൾ രണ്ടു പേരും പരസ്പരം നോക്കി. അവരുടെ മുഖത്ത് ഒരു കരിവാളിപ്പ് പടരുന്ന പോലെ. "പല്ലവി... അവളെവിടെ...?" ഞാൻ രണ്ടു പേരെയും മാറി മാറി നോക്കിക്കൊണ്ട് ചോദിച്ചു. രണ്ടാളും മറുപടിയൊന്നും പറഞ്ഞില്ല. ഇതെന്താണ് ഇങ്ങനെ എന്ന് ഞാൻ ചിന്തിക്കാൻ തുടങ്ങി. അൽപ്പ സമയത്തെ മൗനത്തിന് ശേഷം അയാൾ ചോദിച്ചു: "2008ലെ യൂണിവേഴ്സിറ്റി കലോത്സവത്തിൽ കവിതക്ക് ഒന്നാം സ്ഥാനം കിട്ടിയ ആളല്ലേ...?" ഞാൻ വിസ്മയത്തോടെ അയാളെ നോക്കി. പല്ലവിയുടെ മാതാപിതാക്കൾ എന്നെ തിരിച്ചറിഞ്ഞിരിക്കുന്നു! "എങ്ങനെ മനസ്സിലായി?" ഞാൻ അതിശയത്തോടെ ചോദിച്ചു. "ഭയങ്കരമായി മനസ്സിലാക്കിയെടുത്തതൊന്നുമല്ലെടോ... പേര് പറഞ്ഞപ്പോഴാണ് കവിതയൊക്കെ എഴുതുന്ന ആളാണെന്ന് മനസ്സിലായത്. ഇന്നത്തെ ഈ കവി അന്നത്തെ മത്സരത്തിലെ ഒന്നാമനാണെന്ന് എനിക്കറിയാം. നിങ്ങളുടെ പേര് ഞാൻ പല്ലവി പറഞ്ഞു കേട്ടിട്ടുണ്ട് വർഷങ്ങൾക്ക് മുൻപ്." "പല്ലവി ഇവിടെ ഇല്ലേ...? അവളിപ്പോൾ എന്ത് ചെയ്യുന്നു? കവിതകൾ എഴുതാറുണ്ടോ?" ഞാൻ വീണ്ടും ചോദിച്ചു. അപ്പോഴും അവർ മറുപടി പറയുന്നില്ല. മുഖത്തോട് മുഖം നോക്കുക മാത്രം ചെയ്തു. ഇത്തവണ പക്ഷേ രണ്ടുപേരുടെയും കണ്ണുകൾ നിറയുന്നത് ഞാൻ ശ്രദ്ധിച്ചു. ഞാനാകെ വല്ലാതായി.
"എന്താ... എന്തെങ്കിലും പ്രശ്നമുണ്ടോ?" ഞാൻ ചോദിച്ചു. "അവൾ മരിച്ചിട്ട് ഒന്നര കൊല്ലം കഴിഞ്ഞെടോ... തൂങ്ങിയതാ...." ആ മനുഷ്യൻ ചങ്കു പൊട്ടിയാണ് ഇത് പറഞ്ഞത്. ഞാൻ സ്തബ്ധനായി! ഒരു വലിയ നിലവിളി എന്റെ തൊണ്ടയിൽ കുരുങ്ങി. എനിക്ക് തല കറങ്ങി. കുറെ നേരത്തേക്ക് എനിക്ക് പ്രജ്ഞ നഷ്ടപ്പെട്ടു എന്ന് തന്നെ പറയാം. അത്രത്തോളം നടുക്കമുണ്ടാക്കുന്ന ഒരു വാർത്തയാണല്ലോ ഞാൻ കേട്ടത്! പൊടുന്നനെ, അപ്രതീക്ഷിതമായി ഒരു മരണവാർത്ത കേൾക്കുമ്പോൾ ആരാണ് ഒന്നുലഞ്ഞു പോകാത്തത്? ആർക്കാണ് ഒന്നടി തെറ്റാത്തത്? "അന്ന് കലോത്സവത്തിൽ ഒന്നാം സ്ഥാനം കിട്ടാഞ്ഞതിന്റെ നിരാശയിൽ അടുത്ത രണ്ട് മൂന്ന് കൊല്ലം അവൾ ഒന്നും എഴുതിയില്ല. പി.ജി ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് പിന്നെ പതിയെ അവൾ എഴുത്തിലേക്ക് മടങ്ങിയത്. കടലാസിൽ കുത്തിക്കുറിച്ച് അലമാരയിൽ പൂട്ടി വെക്കും. പത്രമാസികകൾക്കൊന്നും അയക്കാൻ കൂട്ടാക്കിയില്ല. ആയിടക്ക് കൂടെക്കൂടെ തലവേദന വരുമായിരുന്നു അവൾക്ക്. ആദ്യമൊക്കെ നീരിറക്കം, മൈഗ്രേയ്ൻ എന്നൊക്കെ പറഞ്ഞത് അവഗണിച്ചു. ഒടുക്കം സഹിക്കാനാവാതെ വന്നപ്പോൾ ടെസ്റ്റ് ചെയ്തു. ട്യൂമറാണെന്ന് കണ്ടെത്തി. അതറിഞ്ഞ രാത്രി അവൾ ഫാനിൽ തൂങ്ങി...!" കണ്ണീരോടെ ആ സ്ത്രീ പറഞ്ഞു. "പൊടുന്നനെയായത് കൊണ്ട് വിഷയം പബ്ലിക്ക് അറിയാതിരിക്കാൻ പരമാവധി ശ്രദ്ധിച്ചു. ഇപ്പോഴും പക്ഷേ, അവൾ പോയി എന്ന യാഥാർഥ്യവുമായി ഞങ്ങൾ പൊരുത്തപ്പെട്ടിട്ടില്ല. ചോറ് വിളമ്പിക്കഴിഞ്ഞാൽ 'മോളേ വാ,ചോറുണ്ണാം' എന്ന് ഇപ്പോഴും ഞങ്ങളിലൊരാൾ വിളിച്ചു പറയും. പിന്നെയാണോർക്കുക, അവളില്ല എന്ന്. ദൂരെ ഒരു നാട്ടിൽ പഠിക്കാനായി പോയതാണവളെന്ന് വിശ്വസിക്കാനാണ് ഞങ്ങൾക്കിഷ്ടം." തലയും കുനിച്ചിരുന്ന് അയാൾ പറഞ്ഞു.
ആ സ്ത്രീ അകത്തേക്ക് പോയി, ഒരു കടലാസുമായി തിരികെ വന്നു. "അവളുടെ കവിതയും തേടി വന്നതല്ലേ. വെറും കൈയോടെ മടങ്ങേണ്ട. അവൾ അവസാനമെഴുതിയതാണ്." ഇതും പറഞ്ഞ് ആ കടലാസ് അവർ എനിക്ക് നേരെ നീട്ടി. വിറയ്ക്കുന്ന കൈയോടെ ഞാനാ കടലാസ് വാങ്ങി. മനോഹരമായ കൈപ്പടയിൽ ഒരു കവിത...! 'കാവ്യമരീചിക' എന്ന തലക്കെട്ടിൽ ഒരു കവിത. "ഞങ്ങളിറക്കുന്ന കവിതാസമാഹാരത്തിലെ ആദ്യത്തെ കവിത ഇതായിരിക്കും. അവൾ അന്ത്യവിശ്രമം കൊള്ളുന്ന ഈ വീട്ടുവളപ്പിൽ വെച്ചായിരിക്കും പുസ്തകത്തിന്റെ പ്രകാശനം." ഗദ്ഗദത്തോടെ ഇതും പറഞ്ഞ് ഞാനവിടെ നിന്നും ഇറങ്ങി നടന്നു.. തിരികെ വീട്ടിലെത്തിയതും ഞാൻ പൊട്ടിപ്പൊട്ടി കരയാൻ തുടങ്ങി. എന്റെ സങ്കടം മുഴുവൻ ഞാൻ കരഞ്ഞു തീർക്കുകയായിരുന്നു. എന്തിനാണ് ഞാനത്രത്തോളം സങ്കടപ്പെട്ടത്? അവൾ എനിക്കാരായിരുന്നു? എനിക്കറിയില്ല.
ഇപ്പോൾ ഒരു വ്യാഴവട്ടം കഴിഞ്ഞിരിക്കുന്നു. ഇതിനിടെ പൂർണ്ണമായും മറവിയുടെ കയത്തിന്റെ ആഴങ്ങളിലേക്കവൾ താണു താണ് പോയിരുന്നു. 'ഒരിക്കലും മറക്കില്ല' എന്നൊക്കെ കവിതയിലും പാട്ടിലും കഥയിലുമൊക്കെ ചേർക്കാം. മറക്കുക തന്നെ ചെയ്യും. ആരും ആരെയും! ഭാര്യയുടെ പ്രാർഥനാഗീതമാണ് എന്നെ ഓർമ്മകളിൽ നിന്നുണർത്തിയത്. നേരം പരപരാ വെളുത്തിരുന്നു. 'പല്ലവി' എന്ന തലക്കെട്ടിന് താഴെ ഞാൻ എഴുതിത്തുടങ്ങി, എന്റെ ഏറ്റവും പുതിയ കഥ: 'എന്റെ കാവ്യമരീചികയായിരുന്നു അവൾ.. എന്റെ മോഹമരാളമായിരുന്നു അവൾ....'