പത്തേമാരി എന്ന ചിത്രം നമ്മൾ ഓരോരുത്തരുടെയും കഥയാണ്. ഒരിക്കൽ അല്ലെങ്കിൽ പലവട്ടം നമ്മൾ പ്രവാസികളായിട്ടുണ്ടാകും. അതും പല രീതിയിൽ- അച്ഛനമ്മമാരുടെ രൂപത്തിലോ, ബന്ധുക്കളുടെ രൂപത്തിലോ സുഹൃത്തുക്കളുടെ രൂപത്തിലോ ഒക്കെ ആ ഗൾഫ് മണം അറിഞ്ഞിട്ടുണ്ടാകും. എന്നാ ഇനി തിരിച്ചു പോകുന്നത്, എത്ര മാസത്തെ ലീവാ... എന്നീ പതിവു ചോദ്യങ്ങൾ പലവട്ടം അവരോട് ചോദിച്ചിട്ടുമുണ്ടാകും. ഇതൊക്കെ തന്നെയാകും പത്തേമാരി എന്ന ചിത്രത്തെ ജീവിതമാക്കി മാറ്റിയത് ഇത്രയും നല്ലൊരു സിനിമ സമ്മാനിച്ചതിന് സംവിധായകൻ സലിം അഹമ്മദിന് അഭിമാനിക്കാം. ചിത്രത്തിന്റെ കൂടുതൽ വിശേഷങ്ങൾ സംവിധായകൻ തന്നെ പറയട്ടെ...
മികച്ച വിജയം തേടി പത്തേമാരി മുന്നേറിക്കൊണ്ടിരിക്കുന്നു. എന്തായിരുന്നു ചിത്രത്തിന്റെ ഒരു വിജയ ഫോർമുല?
വിജയ ഫോർമുല ഒറ്റവാക്കിൽ പറയാവുന്നതേ ഉള്ളു പ്രവാസി അല്ലെങ്കിൽ ഗൾഫുകാരൻ ഓരോ കുടുംബത്തിലുമുണ്ട് എന്നതു തന്നെ. ഇതിലെ പള്ളിക്കൽ നാരായണൻ അന്യനല്ല. വീട്ടിലുള്ള ഒരംഗം തന്നെയാണ്. അതു തന്നെയായിരിക്കണം പ്രേക്ഷകർ സിനിമ സ്വീകരിച്ചതിനും പിന്നിൽ.
അവാർഡ് ചിത്രത്തിന്റെ ഗണത്തിൽ പെടുത്താമായിരുന്ന ചിത്രത്തെ ഒരു വാണിജ്യ സിനിമയാക്കി മാറ്റിയത് എങ്ങനെയാണ്?
ചിത്രം വാണിജ്യസിനിമയാക്കി മാറ്റിയത് പള്ളിക്കൽ നാരായണൻ എന്ന കഥാപാത്രമാണ്. ആ വ്യക്തിയെ ജനങ്ങൾക്ക് എത്രത്തോളം പരിചിതമാണ് എന്നതാണ് ചിത്രത്തെ മാറ്റിമറിച്ചത്. ഞാൻ നേരത്തേ പറഞ്ഞതു പോലെ നമുക്കിടയിൽ തന്നെ, അല്ലെങ്കിൽ നമ്മുടെ ചുറ്റുവട്ടത്തുള്ള ഒരാളായി പ്രേക്ഷകർ നാരായണനെ ഏറ്റെടുക്കുകയായിരുന്നു.
ഇത്രയും പ്രേക്ഷകസ്വീകാര്യമായ ഒരു ചിത്രം എടുക്കുന്നതിനു മുൻപ് നല്ല തയാറെടുപ്പുകളും ആവശ്യമാണ്. എന്തൊക്കെയായിരുന്നു പത്തേമാരിക്കു വേണ്ടി നടത്തിയ പരിശ്രമങ്ങൾ?
ചുരുക്കിപ്പറഞ്ഞാൻ രണ്ടു വർഷത്തെ പ്രയത്നത്തിന്റെ ഫലമാണ്. ഒരു വർഷം മുഴുവൻ റിസേർച്ച് ചെയ്യുകയായിരുന്നു. ഷൂട്ടിങ് ഒരു വർഷമെടുത്താണ് പൂർത്തീകരിച്ചത്. ആറു ഷെഡ്യൂളുകളായാണ് ഷൂട്ടിങ് നടന്നത്. ഓരോ കാലഘട്ടവും ഓരോ ഷെഡ്യൂളായിരുന്നു. ചിത്രം കാണുമ്പോൾ നാരായണന്റെ വീട് ഒറ്റ സെറ്റ് ആയി തോന്നുമെങ്കിലും നാലു സെറ്റിൽ നാലു കാലഘട്ടങ്ങളിലായാണ് അത് ചിത്രീകരിച്ചിരിക്കുന്നത്. ഇതിലൊക്കെ കൂടെ പ്രവർത്തിച്ചവരുടെ സപ്പോർട്ട് എടുത്തു പറയേണ്ടതാണ്.
80-കളിലെ കഥ പറയുന്നതിനാൽ തന്നെ ആദ്യകാല പ്രവാസികളെ പലരെയും നേരിൽക്കണ്ട് അവരുടെ അനുഭവങ്ങൾ അടുത്തറിഞ്ഞു. 1960- കളിലാണ് നാട്ടിൽ നിന്നും കൂടുതൽ ഗൾഫ് കുടിയേറ്റം നടന്നത്. അതിൽ ഒരുപാട് പേർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. അവരുടെ അനുഭവങ്ങളീലൂടെ ഒരു യാത്ര തന്നെ ചെയ്തു. രണ്ടു മണിക്കൂറിൽ 50 വർഷത്തെ ചരിത്രം പറയുന്നുണ്ട്.
അതുപോലെ കുടിയേറ്റം നടത്തിയവർക്ക് മറക്കാൻ പറ്റാത്ത സ്ഥലമാണ് ബോബെ. അവിടെ തങ്ങിയിട്ടാണ് എല്ലാവരും ഗൾഫിലേക്ക് പൊയ്ക്കൊണ്ടിരുന്നത്. അതുപോലെ അക്കാലത്ത് ദുബായിൽ സജീവമായിരുന്ന ഹോട്ടലായിരുന്നു ഖാദർ ഹോട്ടൽ. മിക്ക അളുകളുടെയും പി ബി നമ്പർ 154 ആയിരുന്നു. അത് ഖാദർ ഹോട്ടലിന്റെ പി ബി നമ്പർ ആയിരുന്നു. ഇവിടെ എല്ലാ വൈകുന്നേരങ്ങളിലും ഒരു കൂട്ടായ്മ ഉണ്ടാകുമായിരുന്നു. നാട്ടിലെ ചില കല്യാണത്തിന്റെ ആലോചനകൾക്കും നിശ്ചയങ്ങൾക്കുമൊക്കെ വേദി കൂടിയായിരുന്നു ഈ ഖാദർ ഹോട്ടൽ.
അതുപോലെ അക്കാലത്തെ ഗൾഫുകാർ ഏറ്റവും ഭയന്നിരുന്നതും ബോംബെയിലെ കസ്റ്റംസുകാരെയായിരുന്നു. 80-കളിൽ ഗൾഫുകാരുടെ വസന്തകാലമായിരുന്നു. മക്കളെ ഗൾഫുകാരനെ നോക്കി കെട്ടിച്ചുകൊടുക്കുകയൊക്കെ ചെയ്തിരുന്ന കാലം. എന്നാൽ അക്കാലത്തെ സിനിമകളിലും നാടകങ്ങളിലുമൊക്കെ ഗൾഫുകാരനെ കോമഡിയാക്കിയാണ് ചിത്രീകരിച്ചിരുന്നത്. പൊങ്ങച്ചം പറയുന്നവനും കളർ വേഷങ്ങൾ ധരിച്ച് നടക്കുന്നവനുമൊക്കെയായാണ് നാടകങ്ങളിൽ കാണിച്ചിരുന്നത്.
ചിത്രത്തിലേക്ക് പുതുമുഖ നായികയെ തന്നെ മനഃപൂർവം കൊണ്ടു വന്നതാണോ?
അതേ. ചിത്രത്തിലെ നായിക പുതുമുഖം ആയിരിക്കണമെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. 20 മുതൽ 65 വയസു വരെയുള്ള കാലഘട്ടം ചിത്രീകരിക്കുമ്പോൾ പ്രേക്ഷകർക്ക് പരിചിതമല്ലാത്ത ആൾ വേണം. അതാകുമ്പോൾ അവിശ്വസനീയത ഉണ്ടാകില്ല. അങ്ങനെയാണ് ജ്യുവലിലേക്ക് എത്തിയത്.
ചിത്രത്തിലെ മമ്മൂട്ടിയുടെ മികച്ച പ്രകടനത്തെപ്പറ്റി?
അതേ. എന്നെ വിളിച്ചും പലരും പറയുന്നുണ്ട് അമരത്തിലും വാൽസല്യത്തിലുമൊക്കെ കണ്ടതു പോലെയുള്ള ഒരു മമ്മൂട്ടിയാണ് പത്തേമാരിയിലുമെന്ന്. ഇതിനകത്ത് മമ്മൂട്ടി എന്ന വ്യക്തി ഇല്ല, പള്ളിക്കൽ നാരായണൻ മാത്രമേ ഉള്ളു.
പ്രവാസികൾ നമുക്കു ചുറ്റുമുണ്ട്. എന്നാൽ എങ്ങനെയാണ് പള്ളിക്കൽ നാരായണനെ കണ്ടെത്തിയത്?
ഗൾഫ് യാത്രകളിലും സുഹൃത്തുക്കൾക്കിടയിലുമൊക്കെ ഒരുപാട് ഗൾഫുകാരെ കണ്ടിട്ടുണ്ട്. എന്നാൽ ചില ആളുകൾ അവരുടെ ജോലി, ജീവിതം മാത്രം നോക്കി ഒതുങ്ങിക്കഴിയുന്നവരാണ്. അവരിൽ നിന്നും നമ്മൾ മറ്റ് പൊങ്ങച്ചങ്ങളൊന്നും പ്രതീക്ഷിക്കില്ല. ഇതുവച്ച് ഒരുപാട് റിസേർച്ച് ചെയ്തു. അപ്പോഴാണ് 60കളിൽ ഗൾഫിലേക്കു പോകാനായി തയ്യാറായി നിന്നിരുന്ന ഒരുപാട് പേരുണ്ടായിരുന്നെന്ന് മനസിലായത്. അവരിൽ നിന്നൊക്കെയാണ് ഇങ്ങനെ ഒരു ചിത്രത്തിലേക്ക് എത്തിയത്.
പത്തേമാരി വിജയം നൽകുന്ന പ്രചോദനം?
വിജയം ശരിക്കും സന്തോഷം നൽകുന്നതു തന്നയാണ്. മാത്രമല്ല നിർമാതാക്കൾക്ക് ഇതുപോലുള്ള നല്ല സിനിമകൾ നിർമിക്കാനും സംവിധാനം ചെയ്യാനുമുള്ള ചങ്കൂറ്റം ഉണ്ടാക്കും. ഈ വിജയത്തിന് ഞാൻ ഏറ്റവും കൂടുതൽ നന്ദി പറയുന്നത് ഓൺലൈൻ മാധ്യമങ്ങളോടാണ്. ഇൗ വിജയത്തിൽ അവർ വഹിച്ച പങ്ക് വലുതാണ്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.