ഷാരൂഖ് ഖാന് മുന്നില്‍ പൊട്ടിക്കരഞ്ഞ് നടി ദീപിക പദുക്കോണ്‍. ‘ബാത്തെയ്ന്‍ വിത്ത് ബാദ്ഷ’ എന്ന അഭിമുഖ പരിപാടിക്കിടയിലാണ് സംഭവം. ഷാരൂഖ് ഖാൻ അവതരിപ്പിക്കുന്ന പരിപാടിയിൽ ബോളിവുഡ് സൂപ്പര്‍ നായിക ദീപിക പദുക്കോണായിരുന്നു അതിഥി. പരിപാടിയ്ക്കിടെ ദീപികയുടെ മാതാവ് ഉജ്ജ്വല പദുക്കോണ്‍ അയച്ച കത്ത് ഷാരൂഖ് വായിച്ചതോടെ ദീപികയ്ക്ക് കണ്ണീരടക്കാന്‍ സാധിച്ചില്ല.
പ്രഫഷണല്‍ ജീവിതത്തില്‍ തന്റെ മകള്‍ നേടിയ വിജയത്തെ അഭിന്ദിച്ച് തുടങ്ങുന്ന കത്തില്‍ വ്യക്തിപരമായതും തൊഴില്‍പരമായതും എന്തെന്ന് വേര്‍തിരിച്ചറിയാനുള്ള തിരിച്ചറിവ് തന്റെ മകള്‍ക്ക് ലഭിച്ചതില്‍ അഭിമാനിക്കുന്നുണ്ടെന്നാണ് എഴുതിയിരുന്നത്. ഇത് വായിച്ചതോടെയാണ് ദീപിക കണ്ണീർപൊഴിച്ചത്. ദീപികയുടെ അടുത്തെത്തിയ ഷാരൂഖ് കണ്ണീര്‍ തുടച്ചു നല്‍കുകയായിരുന്നു. ദീപികയുടെ കണ്ണീര്‍ തുടയ്ക്കുന്ന ഷാരൂഖിന്റെ വീഡിയോയാണ് ഇന്‍സ്റ്റഗ്രാമില്‍ വൈറലായത്.
ഫറഖാൻ സംവിധാനം ചെയ്ത ഷാറൂഖ് നായകനായ ഓം ശാന്തി ഓം എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെയാണ് ദീപിക പദുക്കോണിന്റെ ബോളിവുഡ് അരങ്ങേറ്റം. ചിത്രത്തിന്റെ വിജയത്തെതുടർന്ന് ദീപികയ്ക്ക് ബോളിവുഡിൽ കൈനിറയെ അവസരങ്ങളാണ് ലഭിച്ചത്. ബോളിവുഡിലെ സൂപ്പർ നായികമാരിൽ ഒരാളായി ദീപിക ഉയർന്നു.