പുതിയ നോട്ടിന്റെ കളറിളകും; തെളിവുമായി നടി രമ്യ

2000 രൂപയുടെ നോട്ടു വെള്ളം ഒഴിച്ചു കഴുകി ഗുണനിലവാരം പരിശോധിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. നോട്ടിന്റെ നിറമിളകുമെന്ന് ചിലർ അഭിപ്രായപ്പെട്ടപ്പോൾ മറ്റുചിലർ ഇതിനെ എതിർത്ത് രംഗത്തെത്തി. ഇപ്പോഴിതാ ഈ സംഭവത്തില്‍ മറ്റൊരു വിഡിയോയുമായി കോൺഗ്രസ് എംപിയും നടിയുമായ ദിവ്യ സപ്ന്ദന രംഗത്ത്.

ദിവ്യയുടെ വീട്ടിലെ ജോലിക്കാരി വെള്ളത്തിൽ മുക്കിയ തുണി കൊണ്ട് 2000 രൂപയുടെ നോട്ടുതുടയ്ക്കുമ്പോൾ നിറമിളകുന്ന വിഡിയോ ആണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ഇതേ ജോലിക്കാരി തന്നെ നേരത്തെ ഒരു വിഡിയോ എവിടെയോ കണ്ടിരുന്നെന്നും നോട്ടിന് കളറിളകുന്നത് വിശ്വസിക്കാത്തതു കൊണ്ടാണ് അവർ തന്നെ ഇത് ചെയ്ത് കാട്ടിയതെന്നും ദിവ്യ പറയുന്നു.

മാത്രമല്ല പുതിയ രണ്ടായിരം രൂപയുടെ നോട്ട് പെൺകുട്ടികളുടെ ചുണ്ടിൽ ലിപ്സ്റ്റിക് ആയും ഉപയോഗിക്കാമെന്നും പരിഹാസരൂപേണ ദിവ്യ പറയുന്നു.

ഇതേസമയം നോട്ടുകളില്‍ എന്തെങ്കിലും തരത്തിലുള്ള പരീക്ഷണങ്ങള്‍ നടത്തുന്നതോ നശിപ്പിക്കുന്നതോ ക്രിമിനല്‍ കുറ്റമാണ്. ഇത്തരത്തില്‍ ഇവര്‍ക്കെതിരെ കേസ് എടുക്കാന്‍ സാധ്യതയുണ്ട്. മുമ്പ് നോട്ട് കത്തിക്കുന്ന ദൃശ്യം നവമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തയാള്‍ക്കെതിരെ കേസ് എടുത്തിരുന്നു.