ആർക്കും വേണ്ടാത്ത നടൻ: പൂജയാണ് എന്റെ കരുത്ത്: ‘വെമ്പുലി’ അഭിമുഖം
ഒരു കാലത്ത് മലയാള സിനിമയിൽ മസിൽ പെരുപ്പിച്ച് ഗുണ്ടായിസം കാട്ടി നായകന്റെ അടി വാങ്ങുന്ന സ്ഥിരം വില്ലനായിരുന്നു ജോൺ കൊക്കൻ. എന്നാൽ, സാർപട്ട പരമ്പരൈയിലെ വെമ്പുലി എന്ന കഥാപാത്രം ജോണിനെക്കുറിച്ചുള്ള ധാരണകൾ തിരുത്തിക്കുറിച്ചു. കരിയറിൽ നേരിട്ട ഒഴിവാക്കലുകളും പരിഹാസങ്ങളുമാണ് വെമ്പുലിയെപ്പോലൊരു വെല്ലുവിളി
ഒരു കാലത്ത് മലയാള സിനിമയിൽ മസിൽ പെരുപ്പിച്ച് ഗുണ്ടായിസം കാട്ടി നായകന്റെ അടി വാങ്ങുന്ന സ്ഥിരം വില്ലനായിരുന്നു ജോൺ കൊക്കൻ. എന്നാൽ, സാർപട്ട പരമ്പരൈയിലെ വെമ്പുലി എന്ന കഥാപാത്രം ജോണിനെക്കുറിച്ചുള്ള ധാരണകൾ തിരുത്തിക്കുറിച്ചു. കരിയറിൽ നേരിട്ട ഒഴിവാക്കലുകളും പരിഹാസങ്ങളുമാണ് വെമ്പുലിയെപ്പോലൊരു വെല്ലുവിളി
ഒരു കാലത്ത് മലയാള സിനിമയിൽ മസിൽ പെരുപ്പിച്ച് ഗുണ്ടായിസം കാട്ടി നായകന്റെ അടി വാങ്ങുന്ന സ്ഥിരം വില്ലനായിരുന്നു ജോൺ കൊക്കൻ. എന്നാൽ, സാർപട്ട പരമ്പരൈയിലെ വെമ്പുലി എന്ന കഥാപാത്രം ജോണിനെക്കുറിച്ചുള്ള ധാരണകൾ തിരുത്തിക്കുറിച്ചു. കരിയറിൽ നേരിട്ട ഒഴിവാക്കലുകളും പരിഹാസങ്ങളുമാണ് വെമ്പുലിയെപ്പോലൊരു വെല്ലുവിളി
ഒരു കാലത്ത് മലയാള സിനിമയിൽ മസിൽ പെരുപ്പിച്ച് ഗുണ്ടായിസം കാട്ടി നായകന്റെ അടി വാങ്ങുന്ന സ്ഥിരം വില്ലനായിരുന്നു ജോൺ കൊക്കൻ. എന്നാൽ, സാർപട്ട പരമ്പരൈയിലെ വെമ്പുലി എന്ന കഥാപാത്രം ജോണിനെക്കുറിച്ചുള്ള ധാരണകൾ തിരുത്തിക്കുറിച്ചു. കരിയറിൽ നേരിട്ട ഒഴിവാക്കലുകളും പരിഹാസങ്ങളുമാണ് വെമ്പുലിയെപ്പോലൊരു വെല്ലുവിളി നിറഞ്ഞ കഥാപാത്രത്തെ കയ്യടക്കത്തോടെ അവതരിപ്പിക്കാൻ തന്നെ പാകപ്പെടുത്തിയതെന്ന് പറയുകയാണ് മലയാളിയായ ജോൺ കൊക്കൻ. വെമ്പുലി എന്ന കഥാപാത്രത്തിനു വേണ്ടി നടത്തിയ മുന്നൊരുക്കത്തെക്കുറിച്ചും കരിയറിലെ കയറ്റിറക്കങ്ങളെക്കുറിച്ചും ജോൺ കൊക്കൻ മനോരമ ഓൺലൈന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ മനസു തുറന്നപ്പോൾ.
ബോക്സിങ് പഠിക്കാമോ?
പാ.രഞ്ജിത് സർ എന്നെ ആദ്യം അദ്ദേഹത്തിന്റെ ഓഫിസിൽ വച്ചു കണ്ടപ്പോൾ എന്നോടു പറഞ്ഞു, ഇതൊരു ബോക്സിങ് പടമാണ്. അതിനു യോജിക്കുന്ന ശരീരം വേണം എന്ന്. അതിനു ശേഷം എന്നോട് ടീഷർട്ട് ഊരാൻ ആവശ്യപ്പെട്ടു. ആ സമയത്ത് ഞാനൽപം മെലിഞ്ഞിരിക്കുകയായിരുന്നു. 'ഈ ശരീരം പോരാ... ഇനിയും വെയ്റ്റ് വേണം' എന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.
എനിക്കെത്ര സമയമുണ്ട് എന്നായിരുന്നു അടുത്ത എന്റെ ചോദ്യം. 'രണ്ടര മാസത്തിനുള്ളിൽ ബോക്സിങ് പഠിച്ച് ശരീരം പാകപ്പെടുത്തി എടുക്കാമോ' എന്നായി അദ്ദേഹം. ഞാൻ ഉടനെ പറഞ്ഞു. 'ചെയ്യാം സർ'! എന്നെക്കൊണ്ട് അതു സാധ്യമാകുമോ എന്നൊരു സംശയം രഞ്ജിത് സാറിനുണ്ടായിരുന്നു. അതൊരു വെല്ലുവിളിയായി ഞാൻ ഏറ്റെടുക്കുകയായിരുന്നു.
പരിശീലനത്തിന്റെ നാളുകൾ
ഒരു പേഴ്സണൽ ബോക്സിങ് പരിശീലകനെ കണ്ടെത്തി അദ്ദേഹത്തിന്റെ കീഴിൽ പരിശീലനം ആരംഭിച്ചു. ജിമ്മിൽ കൂടുതൽ സമയം ചെലവഴിച്ചു. രാവിലെ രണ്ടു മണിക്കൂർ ബോക്സിങ്... ഉച്ചയ്ക്കു ശേഷം അത്രയും മണിക്കൂർ ജിമ്മിൽ വർക്കൗട്ട്... ദിവസം 50 മുട്ടയുടെ വെള്ള കഴിക്കും. പിന്നെ മില്ലറ്റ്സ്... ഇതൊക്കെയായിരുന്നു ഭക്ഷണം. കടുത്ത പരിശീലനത്തിന്റെ ഫലമായി ഞാൻ നല്ല സൈസ് ആയി. കാഴ്ചയിൽ തന്നെ നല്ല മാറ്റം! അങ്ങനെ വീണ്ടും രഞ്ജിത് സാറിനെ പോയി കണ്ടു. അദ്ദേഹം എന്നോട് ബോക്സിങ് ചെയ്തു കാണിക്കാൻ ആവശ്യപ്പെട്ടു. അഡ്ജസ്റ്റ്മെന്റ് മൂവ് കാണിച്ച് അദ്ദേഹത്തെ പറ്റിക്കാൻ കഴിയില്ല.
കാരണം, അദ്ദേഹം ബോക്സിങ്ങിനെക്കുറിച്ചാണ് സിനിമ എടുക്കുന്നതെങ്കിൽ ആദ്യം പോയി സ്വയം ബോക്സിങ് പഠിക്കുന്ന ആളാണ്. അതുകൊണ്ട്, റിയൽ ബോക്സിങ് തന്നെ അദ്ദേഹത്തിനു മുന്നിൽ എനിക്കു ചെയ്തു കാണിക്കണമായിരുന്നു. രഞ്ജിത് സർ ഹാപ്പിയായി. അങ്ങനെ ആ കടമ്പയും ഞാൻ കടന്നു. എന്റെ കരിയറിലെ ഏറ്റവും മികച്ച വേഷം വെമ്പുലി എന്റെ കയ്യിലെത്തി.
'ജോൺ, ഈ പടത്തിൽ നീ വില്ലനല്ല'
വലിയ അഭിനയസാധ്യതകളുള്ള വേഷങ്ങളൊന്നും ഞാനിതു വരെ ചെയ്തിട്ടില്ല. കന്നഡയിൽ പൃഥ്വി എന്ന ചിത്രത്തിലാണ് അൽപമെങ്കിലും മെച്ചപ്പെട്ട ഒരു വേഷം ചെയ്തത്. അതും ഒരു വില്ലൻ കഥാപാത്രം ആയിരുന്നു. ജനതാ ഗാരേജിൽ ഒരു സർദാർജി ആയിരുന്നു. എന്നെ കണ്ടാൽ പെട്ടെന്നു മനസിലാകാത്ത തരത്തിലായിരുന്നു വേഷങ്ങൾ. ഈ പടത്തിലേക്ക് ചെന്നപ്പോൾ രഞ്ജിത് സർ പറഞ്ഞു, മേക്കപ്പ് ഒന്നും വേണ്ട. ജോണിന്റെ കളർ ടോൺ തന്നെ മതി,' എന്ന്. ഏഴു ദിവസത്തെ പരിശീലനക്കളരിയുണ്ടായിരുന്നു. തമിഴിൽ എങ്ങനെയാണ് തെറി വിളിക്കേണ്ടത് എന്നാണ് ആദ്യത്തെ ദിവസം പഠിച്ചത്.
വടചെന്നൈയിലെ സംസാരശൈലിയൊക്കെ പഠിച്ചെടുക്കണമായിരുന്നു. ഭാഷാ പരിശീലനം, അഭിനയക്കളരി... അങ്ങനെ എല്ലാം ചേർന്നൊരു പാക്കേജായിരുന്നു അത്. ഇതെല്ലാം ചെയ്തിട്ടാണ് ഞങ്ങൾ ഷൂട്ടിനെത്തുന്നത്. അദ്ദേഹം പറഞ്ഞ പോലെ ചെയ്തു. ഇടയ്ക്കിടെ അദ്ദേഹം പറയും, 'ജോൺ, ഈ പടത്തിൽ നീ വില്ലനല്ല. അതുപോലുള്ള ഭാവങ്ങൾ ഈ കഥാപാത്രത്തിനു വേണ്ട. വെമ്പുലി ഒരു നല്ല ബോക്സറാണ്. പടം റിലീസാകുമ്പോൾ ആളുകൾ നീ വില്ലനാണെന്നു പറയാൻ പാടില്ല. അങ്ങനെ പറഞ്ഞാൽ സംവിധായകൻ എന്ന നിലയിൽ എന്റെ പരാജയമാകും,' എന്ന്.
യഥാർത്ഥ പേര് അനീഷ് ജോൺ കൊക്കൻ
എന്റെ യഥാർഥ പേര് അനീഷ് ജോൺ കൊക്കൻ എന്നാണ്. ജോൺ കൊക്കൻ എന്നത് എന്റെ അച്ഛന്റെ പേരാണ്. സ്ക്രീൻ നെയിം ആയി ഞാനത് സ്വീകരിക്കുകയായിരുന്നു. അച്ഛന്റെ നാട് തൃശൂരാണ്. അമ്മ ത്രേസ്യാമ്മ ഒരു നഴ്സാണ്. പാലയാണ് സ്വദേശം. നാട്ടിൽ നിന്നും പിന്നീട് ഞങ്ങൾ മുംബൈയിലേക്ക് മാറി. അച്ഛൻ കോളജ് പ്രഫസർ ആയിരുന്നു. എനിക്ക് രണ്ടു സഹോദരങ്ങളാണ്. ലെവിസും ആൻഡഴ്സണും. അമ്മ കുറെക്കാലം പ്രവാസിയായിരുന്നു. പ്ലസ്ടുവിന് ശേഷം ഞാൻ ഹോട്ടൽ മാനേജ്മെന്റ് പഠിച്ചു. രണ്ടു വർഷം ഹയാത്ത് റീജൻസി മുംബൈയിൽ ജോലി ചെയ്തിരുന്നു.
അവരുടെ പരസ്യത്തിലാണ് ഞാൻ ആദ്യം മോഡലാകുന്നത്. മോഡലിങ് എന്നും എനിക്ക് ഇഷ്ടമുള്ള മേഖലയായിരുന്നു. പക്ഷേ, ഇത് നമുക്ക് പറ്റിയ മേഖല അല്ലെന്നായിരുന്നു പപ്പയുടെ അഭിപ്രായം. ഹോട്ടലിൽ ജോലി ചെയ്യുമ്പോൾ തന്നെ പലരും 'മോഡലിങ് ശ്രമിച്ചു കൂടെ' എന്നു ചോദിക്കാറുണ്ടായിരുന്നു. ഒരു പോർട്ട്ഫോളിയോ തയ്യാറാക്കാൻ തന്നെ ആ കാലത്ത് മിനിമം 25000–30000 രൂപ ചെലവുണ്ട്. അന്നത്തെ എന്റെ ശമ്പളം 7500 രൂപയാണ്. ഒടുവിൽ ഞാൻ ആ ജോലി രാജി വച്ച് കോൾ സെന്ററിൽ വർക്ക് ചെയ്തു. ആ പണം ഉപയോഗിച്ചാണ് പോർട്ട്ഫോളിയോ ചെയ്തതും പിന്നീട് ഗൗരവമായി മോഡലിങ്ങിലേക്ക് തിരിഞ്ഞതും.
സിനിമയിലേക്ക്
2005ൽ നടന്ന ഗ്ലാഡ്‍റാഗ്സ് മാൻ ഹണ്ട് ആൻഡ് മെഗാമോഡൽ കോൺടെസ്റ്റിൽ ഞാൻ പങ്കെടുത്തു. ജോൺ എബ്രഹാം, സോനു സൂദ് തുടങ്ങിയവരെല്ലാം ശ്രദ്ധിക്കപ്പെടുന്നത് ഈ മത്സരത്തിലൂടെയാണ്. ആ ഇവന്റിലൂടെ എനിക്ക് ചില പരസ്യങ്ങൾ അവസരം ലഭിച്ചു. ഒരു പരസ്യത്തിന്റെ ഷൂട്ടിനായി കേരളത്തിലെത്തിയപ്പോൾ ഞാൻ ചില സംവിധായകരെ പോയി കണ്ടു. കളഭം എന്ന സിനിമയാണ് ആദ്യം ചെയ്തത്. അതിലെ എന്റെ പ്രകടനത്തെ അഭിനയമായി കണക്കാക്കാൻ തന്നെ കഴിയില്ല. എന്തൊക്കെയോ ചെയ്തു. എനിക്ക് ഒന്നും അറിയില്ലായിരുന്നു. പിന്നീട് നടി ഗീതാ വിജയൻ വഴി അംബികാ റാവു ആണ് എന്നെ ലവ് ഇൻ സിങ്കപ്പൂരിലേക്ക് കാസ്റ്റ് ചെയ്യുന്നത്. അതിനു ശേഷം വേറെയും മലയാള സിനിമകൾ ചെയ്തു. അന്നത്തെ അഭിനയത്തിന്റെ രീതി വേറെയായിരുന്നു. ഇപ്പോൾ കൂടുതലും സ്വാഭാവികമായി പെരുമാറുന്ന പോലെയാണ് ചെയ്യുന്നത്.
പൂജയാണ് എന്റെ കരുത്ത്
ജോൺ കൊക്കൻ എന്ന അഭിനേതാവിനെയും വ്യക്തിയേയും പരുവപ്പെടുത്തിയതിൽ എന്റെ ഭാര്യ പൂജ രാമചന്ദ്രന് വലിയ പങ്കുണ്ട്. സാർപട്ട പരമ്പരൈയ്ക്കു വേണ്ടി ഒത്തിരി സഹായിച്ചു. ഞാൻ ബോക്സിങ്ങിനു പോയാലും ജിമ്മിൽ പോയാലും പൂജ എനിക്കൊപ്പം കാണും. അവരാണ് എന്റെ ശക്തി. ഷൂട്ടിന്റെ സമയത്ത് കടുത്ത ഡയറ്റിലായിരുന്നു ഞാൻ. ഷൂട്ടും കടുത്ത പരിശീലനവും മൂലം ശരീരം മുഴുവൻ നല്ല വേദനയായിരുന്നു. ചില സമയത്ത് ദേഷ്യം വരും. ഇതെല്ലാം പരിഗണിച്ച് എന്നോടൊപ്പം എപ്പോഴും പൂജയുണ്ടായിരുന്നു. ഞങ്ങളുടേത് പ്രണയവിവാഹമായിരുന്നു. ചെന്നൈയിലെ ഒരു ക്ഷേത്രത്തിൽ പോയി മാലയിട്ടു. അതിനു ശേഷം രജിസ്റ്റർ ചെയ്യുകയായിരുന്നു.
എന്നെക്കുറിച്ച് പലർക്കും തെറ്റിദ്ധാരണയുണ്ട്
ഒരുകാലത്ത് ആർക്കും വേണ്ടാത്ത ഒരു നടനായിരുന്നു ഞാൻ. എന്നിട്ടാണ് ഞാൻ തെന്നിന്ത്യയിലെ മറ്റു ഭാഷകളിൽ അവസരങ്ങൾ അന്വേഷിച്ച് പോയത്. ലവ് ഇൻ സിങ്കപ്പൂർ, ഐ.ജി, ടിയാൻ, അലക്സാണ്ടർ ദ ഗ്രെയ്റ്റ്, തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. എന്നെക്കുറിച്ച് സിനിമാക്കാർക്കിടയിൽ പല തെറ്റിദ്ധാരണകളുമുണ്ട്. അതായാത്, ഞാൻ നാട്ടിൽ ജനിച്ചു വളർന്ന മലയാളി അല്ലല്ലോ... ബോംബെക്കാരനല്ലേ... ഇവന് മലയാളം ശരിക്ക് സംസാരിക്കാൻ അറിയില്ല... ബോംബെയിൽ നിന്നു വരുന്ന ഡോൺ, തീവ്രവാദി അങ്ങനെ സ്റ്റീരിയോടൈപ്പ് വേഷങ്ങളെ പറ്റുള്ളൂ എന്നൊക്കെ.
അങ്ങനെയുള്ള വേഷങ്ങളാണ് എനിക്ക് ലഭിച്ചതും. അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞ് പരിഹസിച്ചുവിട്ട സിനിമ സെറ്റുകളുമുണ്ട്. ഈയടുത്ത് 'കാന്താരം' എന്നൊരു സിനിമയിൽ ഒരു ഗാനരംഗത്തിൽ അഭിനയിക്കാൻ വിളിച്ചു. ആദ്യമായിട്ടാണ് മലയാളത്തിൽ നിന്ന് ഒരു തീവ്രവാദിയുടെയോ മുംബൈ ഡോണിന്റെയോ അല്ലാത്ത ഒരു കഥാപാത്രത്തിനു വേണ്ടി വിളിക്കുന്നത്. വലിയ വേഷമൊന്നും അല്ലാതിരുന്നിട്ടും പ്രതിഫലം പോലും വാങ്ങാതെ ഞാൻ പോയി അഭിനയിച്ചു.
ഗതി മാറ്റിയ അജിത് സാറിന്റെ വാക്കുകൾ
മറ്റു തെന്നിന്ത്യൻ ഭാഷകളിൽ അഭിനയിക്കുന്നതിന് ഇടയിലാണ് എനിക്ക് അജിത് സാറിന്റെ വീരം എന്ന സിനിമയിൽ വില്ലന്റെ വേഷം ലഭിക്കുന്നത്. അദ്ദേഹത്തിനൊപ്പമുള്ള 15 ദിവസം എനിക്കൊരിക്കലും മറക്കാൻ കഴിയില്ല. വിമർശിക്കുന്നവരെയും അവഗണിക്കുന്നവരെയും ശ്രദ്ധിക്കാതെ കൂടുതൽ മെച്ചപ്പെട്ട ആർടിസ്റ്റ് ആയി മാറാനുള്ള പ്രചോദനം എനിക്ക് നൽകിയത് അജിത് സാറാണ്. ശ്രദ്ധിക്കപ്പെടുന്ന വേഷം അതുവരെ ചെയ്യാത്ത ഒരാളായിട്ടു പോലും എന്നെ അദ്ദേഹം പരിഗണിച്ചു... അടുത്തിരുത്തി സംസാരിച്ചു.
ഇപ്പോൾ നിങ്ങൾ കാണുന്ന ജോൺ കൊക്കനെ പരുവപ്പെടുത്തിയതിൽ അജിത് സാറിന്റെ ആ കരുതലിനും നിർദേശങ്ങൾക്കും വലിയ പങ്കുണ്ട്. സാർപട്ട പരമ്പരൈ റിലീസ് ആയതിനുശേഷം അജിത് സാറിനെക്കുറിച്ച് ഞാനൊരു പോസ്റ്റ് ഇട്ടിരുന്നു. അതു കണ്ട് എന്നെ അദ്ദേഹം വിളിച്ചു. 'ഞാനൊന്നും ചെയ്തില്ല ജോൺ... നിന്റെ കഠിനാധ്വാനവും പരിശ്രമവുമാണ് ഫലം കണ്ടത്' എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇനിയുമേറെ പരിശ്രമിക്കണമെന്നും മുന്നോട്ടു പോകണമെന്നും അദ്ദേഹം പറഞ്ഞു. ആ വാക്കുകൾ എന്നെ സംബന്ധിച്ചിടത്തോളം ഏറെ സ്പെഷലാണ്. കൂടുതൽ മെച്ചപ്പെട്ട നടനാകാൻ ഞാൻ ഇനിയും പരിശ്രമിച്ചുകൊണ്ടേയിരിക്കും.