കാലിത്തൊഴുത്തിനെ എയർഫോഴ്‌സ് ക്യാംപ് ആക്കി; ‘കുറുപ്പി’നായി ബംഗ്ലാൻ ചെയ്തത്
മലയാള പ്രേക്ഷകരെ തിയറ്ററുകളിലേക്ക് തിരിച്ചുകൊണ്ടുവന്ന ‘കുറുപ്പ്’ വിജയകരമായി പ്രദർശനം തുടരുമ്പോൾ പ്രേക്ഷക പ്രശംസ നേടുന്നത് സിനിമയുടെ പല കാലഘട്ടങ്ങൾ മനോഹരമായി പുനഃസൃഷ്ടിച്ച കലാസംവിധായകൻ വിനേഷ് ബംഗ്ലാൻ കൂടിയാണ്. കമ്മാരസംഭവം എന്ന സിനിമയിലൂടെ ദേശീയ അവാർഡ് ജേതാവായ ബംഗ്ലാന്റെ കയ്യിൽ ‘കുറുപ്പിനെ’
മലയാള പ്രേക്ഷകരെ തിയറ്ററുകളിലേക്ക് തിരിച്ചുകൊണ്ടുവന്ന ‘കുറുപ്പ്’ വിജയകരമായി പ്രദർശനം തുടരുമ്പോൾ പ്രേക്ഷക പ്രശംസ നേടുന്നത് സിനിമയുടെ പല കാലഘട്ടങ്ങൾ മനോഹരമായി പുനഃസൃഷ്ടിച്ച കലാസംവിധായകൻ വിനേഷ് ബംഗ്ലാൻ കൂടിയാണ്. കമ്മാരസംഭവം എന്ന സിനിമയിലൂടെ ദേശീയ അവാർഡ് ജേതാവായ ബംഗ്ലാന്റെ കയ്യിൽ ‘കുറുപ്പിനെ’
മലയാള പ്രേക്ഷകരെ തിയറ്ററുകളിലേക്ക് തിരിച്ചുകൊണ്ടുവന്ന ‘കുറുപ്പ്’ വിജയകരമായി പ്രദർശനം തുടരുമ്പോൾ പ്രേക്ഷക പ്രശംസ നേടുന്നത് സിനിമയുടെ പല കാലഘട്ടങ്ങൾ മനോഹരമായി പുനഃസൃഷ്ടിച്ച കലാസംവിധായകൻ വിനേഷ് ബംഗ്ലാൻ കൂടിയാണ്. കമ്മാരസംഭവം എന്ന സിനിമയിലൂടെ ദേശീയ അവാർഡ് ജേതാവായ ബംഗ്ലാന്റെ കയ്യിൽ ‘കുറുപ്പിനെ’
മലയാള പ്രേക്ഷകരെ തിയറ്ററുകളിലേക്ക് തിരിച്ചുകൊണ്ടുവന്ന ‘കുറുപ്പ്’ വിജയകരമായി പ്രദർശനം തുടരുമ്പോൾ പ്രേക്ഷക പ്രശംസ നേടുന്നത് സിനിമയുടെ പല കാലഘട്ടങ്ങൾ മനോഹരമായി പുനഃസൃഷ്ടിച്ച കലാസംവിധായകൻ വിനേഷ് ബംഗ്ലാൻ കൂടിയാണ്. കമ്മാരസംഭവം എന്ന സിനിമയിലൂടെ ദേശീയ അവാർഡ് ജേതാവായ ബംഗ്ലാന്റെ കയ്യിൽ ‘കുറുപ്പിനെ’ പിടികിട്ടാപ്പുള്ളി ആക്കിയ കാലദേശങ്ങൾ ഭദ്രമായിരുന്നു. എൺപതുകളിലെയും തൊണ്ണൂറുകളിലെയും കേരളവും മുംബൈയും പേർഷ്യയും മുതിർന്നവർക്ക് ഒരു ഗൃഹാതുരതയായപ്പോൾ പഴയ കാലഘട്ടങ്ങളിലേക്ക് സഞ്ചരിക്കാൻ കഴിഞ്ഞ യുവാക്കൾക്ക് സിനിമ ദൃശ്യാനുഭവമായി മാറി. സിനിമയുടെ പൂർണതയ്ക്കായി കാലഘട്ടങ്ങൾ പുനഃസൃഷ്ടിച്ച അനുഭവങ്ങളുമായി ബംഗ്ലാൻ മനോരമ ഓൺലൈനിനോടൊപ്പം ചേരുന്നു.
കുപ്രസിദ്ധനായ കുറുപ്പിന്റെ കഥയുടെ കലാസംവിധാനം ഏൽപിച്ചപ്പോൾ ആശങ്ക ഉണ്ടായിരുന്നോ?
ആദ്യം തോന്നിയത് ത്രില്ല് ആണ്. സുകുമാരക്കുറുപ്പ് കേരളത്തിൽ മാത്രം ജീവിച്ച ഒരു ആളല്ല. അയാളുടെ ജീവിതം പുനരാവിഷ്കരിക്കുമ്പോൾ അയാൾ പോയ എല്ലാ സ്ഥലവും കാണിക്കേണ്ടി വരും. ആ കാലങ്ങളിലൂടെ വീണ്ടും സഞ്ചരിക്കുന്നത് ഓർത്തപ്പോൾ രസകരമായി തോന്നി. നമ്മുടെ ചെറുപ്പം മുതൽ കേട്ട സംഭവമാണ് ഇത്. കുറുപ്പ് യാത്ര ചെയ്ത സ്ഥലങ്ങൾ എല്ലാം വീണ്ടും ചെയ്യണം. അതൊരു ചലഞ്ച് തന്നെയായിരുന്നു. ഞാൻ ജനിച്ചത് 85 ൽ ആണ്. ആ സമയമൊന്നും ശരിക്കും ഓർമയില്ലെങ്കിലും 90കൾ നല്ല ഓർമയുണ്ട്. നമ്മൾ കേട്ട് വളർന്ന ഒരു നിഗൂഢമായ സംഭവം പുനരാവിഷ്കരിക്കുക രസകരമായിരിക്കില്ലേ. ചെയ്യാൻ ഒട്ടും ആശങ്ക ഇല്ലായിരുന്നു, ഇത്രയും നല്ല അവസരം വരുമ്പോൾ അത് ഏറ്റവും നന്നായി എങ്ങനെ ചെയ്യാൻ കഴിയും എന്നാണ് ആലോചിച്ചത്.
വലിയ സിനിമകൾ ചെയ്യുമ്പോൾ പ്രൊഡക്‌ഷന്റെ നല്ല പിന്തുണ വേണം
വലിയ സിനിമയുടെ ജോലി ഒന്നൊന്നര വർഷത്തോളം ഉണ്ടാകും. അത്രയും നാൾ ഒരുമിച്ച് പണി എടുക്കുമ്പോൾ വളരെ നല്ല പ്രൊഡക്‌ഷൻ ആണെങ്കിൽ ജോലി ചെയ്യാൻ സുഖമായിരിക്കും അല്ലെങ്കിൽ ഇത് എങ്ങനെയെങ്കിലും തീർന്നാൽ മതി എന്ന് തോന്നും. ‘കുറുപ്പ്’ ചെയ്തപ്പോൾ സംവിധായകൻ ആയാലും പ്രൊഡക്‌ഷൻ ആയാലും വളരെ നല്ല സൗഹൃദവും പിന്തുണയും ആയിരുന്നു. വെയ്‌ഫെറർ ഫിലിംസ്, എം സ്റ്റാർ എന്റർടെയ്ൻമെന്റ് എന്നിവരായിരുന്നു നിർമാതാക്കൾ. സിനിമയ്ക്കു വേണ്ടി എന്തും ചെയ്യാൻ അവർ ഒരുക്കമായിരുന്നു. ലൊക്കേഷൻ ശരിയായില്ലെങ്കിൽ വീണ്ടും വീണ്ടും തിരയാനും കണ്ടെത്താനും അവർക്ക് ഒരു മടിയുമില്ല. സാധാരണ ഒരു പീരീഡ് സിനിമ ചെയ്യുമ്പോൾ അതിനു വേണ്ടുന്ന പ്രോപ്പർട്ടികൾ വേണം, ഈ സിനിമയിൽ ഒരുപാട് വിന്റേജ് കാറുകൾ വേണ്ടി വന്നു, അത് സംഘടിപ്പിക്കാൻ പ്രൊഡക്‌ഷന് നല്ല ഉത്സാഹമായിരുന്നു. നമുക്ക് എന്താണു വേണ്ടത്, അത് എവിടെ കിട്ടും എന്നു പറഞ്ഞാൽ അത് അപ്പൊത്തന്നെ എത്തിക്കുമായിരുന്നു.
എൺപതുകൾ പുനഃസൃഷ്ടിക്കാൻ എന്തൊക്കെയാണ് വേണ്ടിവന്നത്?
എൺപതുകൾ പുനഃസൃഷ്ടിക്കുമ്പോൾ പത്തുനാൽപത് വര്‍ഷം പുറകോട്ടുള്ള സാധനങ്ങൾ നമുക്ക് ഉപയോഗിക്കാം. പക്ഷേ കുറച്ച് കാര്യങ്ങൾ വളരെ ശ്രദ്ധിക്കണം. അന്നത്തെ വണ്ടികൾ, ഫാഷൻ, ടിവി, റേഡിയോ അതെല്ലാം കാണിക്കണം. സ്റ്റൈൽ ഉണ്ടാക്കാൻ ഏറ്റവും നല്ലത് അന്നത്തെ പുതിയ ട്രെൻഡ് കാണിക്കുകയാണ്. കുറുപ്പിൽ എന്റെ ജോലി സിനിമയുടെ പ്രൊഡക്‌ഷൻ ഡിസൈനിങ് ആയിരുന്നു. അതുകൊണ്ടുതന്നെ സിനിമയുടെ ടോട്ടൽ ലുക്ക് കൊണ്ടുവരുക എന്ന ഉത്തരവാദിത്തം പ്രൊഡക്‌ഷൻ ഡിസൈനർക്ക് ഉണ്ട്. സിനിമയുടെ സംവിധായകൻ ശ്രീനാഥും ഛായാഗ്രാഹകൻ നിമിഷ് രവിയുമായുള്ള സൗഹൃദം സിനിമയുടെ കലാപരമായ പൂർണതയ്ക്ക് ഒരുപാട് സഹായകമായിട്ടുണ്ട്. ഞങ്ങൾ ഒരുമിച്ച് ഒരുപാട് സ്ഥലങ്ങൾ സന്ദർശിച്ച് ഏതൊക്കെ സീനുകൾ എവിടെ ചെയ്യാം എന്ന് ചർച്ച ചെയ്താണ് തീരുമാനിച്ചത്, എന്റെ ഒപ്പം ഗവേഷണം ചെയ്യാൻ ഒരു ടീമും ഉണ്ട്.
ഓരോ സ്ഥലത്തു പോകുമ്പോഴും അവിടേക്കു വേണ്ട കാര്യങ്ങൾ ഓരോരുത്തർക്കും അയയ്ക്കും. അത് ലിസ്റ്റ് ചെയ്തു സംഘടിപ്പിക്കുക എന്നുള്ളതാണ് അവരുടെ ജോലി. എൺപതുകളിലെ പരസ്യങ്ങൾ കാണിക്കുമ്പോൾ, ഉദാഹരണത്തിന് കൊക്കകോളയുടെ ലോഗോ കാണിക്കണം എങ്കിൽ, ആദ്യം കൊക്കകോള വന്നത് മുതൽ ഇന്നുവരെയുള്ള വിവരങ്ങൾ ശേഖരിക്കണം. അന്നുള്ള കെമ്പക്കോള എന്ന ഒരു ഡ്രിങ്കും ഞങ്ങൾ ഉപയോഗിച്ചിരുന്നു. പഴയകാലത്തെ ഉഷ തയ്യൽ മെഷീൻ, അവർ എന്നാണ് തുടങ്ങിയത്, 80 കളിൽ എത്തുമ്പോൾ അവരുടെ ലോഗോ എങ്ങനെ മാറി, അത് എങ്ങനെയാണു പരസ്യങ്ങളിൽ ഉപയോഗിച്ചത്, അതെല്ലാം പഠിക്കണം. എല്ലാം കുറ്റമറ്റതാക്കാൻ ഒരുപാടു ശ്രദ്ധിച്ചിട്ടുണ്ട്.
ആരെങ്കിലും പിന്നീട് ഒരിക്കൽ ചോദ്യം ചെയ്താൽ അവരെ കാണിക്കാൻ മുഴുവൻ വിവരങ്ങളും ശേഖരിച്ചു വച്ചിട്ടുണ്ട്. തെരുവുകൾ ചിത്രീകരിക്കുമ്പോൾ സിനിമകളുടെ പോസ്റ്ററുകൾ എങ്ങനെയാണ് അന്ന് ഒട്ടിച്ചിരുന്നത് എന്നുള്ളത് ശ്രദ്ധിക്കണം, ഞങ്ങൾ ഓരോ വർഷവും ഇറങ്ങിയിട്ടുള്ള സിനിമകളുടെ വിവരങ്ങൾ ശേഖരിച്ച് അന്നത്തെ ഹിറ്റ് ഏതെന്നു കണ്ടെത്തി, അന്നത്തെ പോലെയുള്ള പോസ്റ്ററുകൾ വരച്ചുണ്ടാക്കി അതാണ് ഉപയോഗിച്ചത്. ആ സമയത്ത് തമിഴ്‌നാട്ടിൽ ഏതു സിനിമ ആയിരുന്നു ഹിറ്റ്, കേരളത്തിലും ബോംബെയിലും ഏതായിരുന്നു എന്നെല്ലാം ശ്രദ്ധിക്കണം. അതുപോലെ അന്നത്തെ കാലത്തെ രാഷ്ട്രീയം, അവരുടെ ചുവരെഴുത്ത് ഒക്കെ നോക്കണം. എൺപതുകളിലെ ഫോണ്ടുകൾ എല്ലാം വേറെ തരമാണ്. അന്നൊക്കെ പരസ്യങ്ങൾക്കു വേണ്ടിയുള്ള ചുമർ ചിത്രങ്ങൾക്ക് കൂടുതലും ഫ്ലൂറസെന്റ് കളറുകൾ ആയിരുന്നു ഉപയോഗിച്ചിരുന്നത്. അതുകൊണ്ട് അത്തരം പെയിന്റുകൾ ഉപയോഗിച്ച് ചുമർചിത്രങ്ങൾ പുനഃസൃഷ്ടിക്കേണ്ടി വന്നു. തെരുവുകൾ ഒക്കെ ഷൂട്ട് ചെയ്തത് അങ്ങനെയാണ്. അതെല്ലാം ഞങ്ങൾ വളരെ ആസ്വദിച്ച് ചെയ്ത ജോലികളാണ്. കുറുപ്പിന്റെ ജോലി വളരെ രസകരവും ഒപ്പം വെല്ലുവിളി നിറഞ്ഞതുമായിരുന്നു.
പുതിയ കാലഘട്ടത്തിലെ പലതും ഒഴിവാക്കേണ്ടിവരുമല്ലോ. അതെങ്ങനെയാണ് ചെയ്തത്?
ചിലത് നമുക്ക് വിഎഫ്എക്സിൽ മാറ്റം വരുത്താനേ കഴിയൂ. ഉദാഹരണത്തിന്, ഒരു ഗ്രാമം പുനഃസൃഷ്ടിക്കുമ്പോൾ ആ സമയത്ത് അവിടെ ട്രാൻസ്‌ഫോർമർ ഇല്ലെങ്കിൽ അത് ഒളിപ്പിക്കാനായി അതിനു ചേരുന്ന ഒരു സാധനം ചെയ്തു വച്ചിട്ടുണ്ടാകും. പല വീടുകളും ഷൂട്ട് ചെയ്യുമ്പോൾ ഇന്ന് കാണുന്ന ചെടികൾ, വീടിന്റെ സ്റ്റെൽ ഒക്കെ മാറ്റേണ്ടി വരും. അന്നത്തെ വീടുകളുടെ ടെറസ്, മതിൽ ഒക്കെ വേറേ രീതിയിൽ ആയിരുന്നു. വീടുകൾ അന്ന് ഉപയോഗിച്ചിരുന്ന നിറങ്ങളിലേക്ക് മാറ്റേണ്ടി വരും. ചെറിയ ചെറിയ കാര്യങ്ങൾ ചെയ്യാൻ പോലും വലിയ തുക ചിലവാകും. മിക്ക പീരീഡ് സിനിമകളും ചെയ്യുമ്പോൾ ഒരു സെറ്റിട്ട് അവിടെയാണ് ഷൂട്ട് ചെയ്യുക. പക്ഷേ ഈ സിനിമ ഒരു സെറ്റിൽ മാത്രം ചെയ്യേണ്ട എന്ന് ഞങ്ങൾ തീരുമാനിച്ചിരുന്നു. ഓരോ സ്ഥലവും കണ്ടെത്തി അവിടെ മൊത്തത്തിൽ ലുക്ക് മാറ്റുക, ചേർക്കേണ്ടത് ചേർക്കുക, മാറ്റേണ്ടത് മാറ്റുക അങ്ങനെയാണ് ചെയ്തിട്ടുള്ളത്.
സിനിമയ്ക്കായി ഉപയോഗിച്ച വിന്റേജ് കാറുകൾ
ദുബായിൽ ഷൂട്ട് ചെയ്തപ്പോൾ അവിടേയ്ക്ക് പഴയ കാറുകൾ കൊണ്ടുവരികയാണ് ചെയ്തത്. ആ കാറുകളിൽ വരുത്തിയ പുതിയ മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നോക്കും. ചിലപ്പോൾ സീറ്റ് കവറുകൾ മാറിയിട്ടുണ്ടാകും അല്ലെങ്കിൽ വീൽ കപ്പ്, സ്റ്റിയറിങ്, ഗ്രില്ല് അതൊക്കെ പഴയതിലേക്ക് വീണ്ടും മാറ്റി. പഴയ കാറുകൾ നിരത്തിലിറക്കാനുള്ള അനുമതിയില്ല. അതിനു നിർമാതാക്കൾ പ്രത്യേക പെർമിഷൻ എടുത്തു. മുംബൈ സിറ്റിയിലും പഴയ കാറുകൾ ഇറക്കാൻ അനുവാദമില്ല. അത്ര പഴക്കമില്ലാത്ത കാറുകൾ വാങ്ങി പഴയതാക്കി അനുമതി നേടിയാണ് ഉപയോഗിച്ചത്. മുംബൈയിൽ എന്നും തിരക്കാണ്. ഇന്ന് കാണുന്ന തിരക്ക് അന്നുമുണ്ട്. അന്നും കാറുകൾ കൂടുതലാണ്. അത്രയും വണ്ടികൾ ഷൂട്ടിന് വേണ്ടി അവിടെ എത്തിക്കാൻ പറ്റി എന്നു വരില്ല, അതിനു വലിയ പണച്ചെലവുണ്ട്. അപ്പോൾ അവിടെയൊക്കെ വിഎഫ്എക്സ് ചെയ്യും.
കേരളത്തിൽ ഉപയോഗിച്ച കാറുകൾ മാർക്ക് 2 ആയിരുന്നു. ഒരുപോലത്തെ രണ്ടു കാറുകൾ ആണ് കുറുപ്പിന്റെ കാർ ആയി ഉപയോഗിച്ചത്. ഒന്ന് ഉപയോഗിക്കാൻ എളുപ്പത്തിനു വേണ്ടി കാറിന്റെ സൈഡ്, മുകൾ വശം ഒക്കെ തുറന്നു, മറ്റൊരു കാർ നന്നായി ഓടിക്കുന്നതു കാണിക്കാൻ. രണ്ടു കാറുകളും വർക്ക് ഷോപ്പിൽ പണി ചെയ്തു പഴയ ലുക്കിൽ ആക്കി എടുത്തതാണ്. വിന്റേജ് കാറുകൾക്ക് വലിയ വില ആയതു കാരണം കുറച്ചുകൂടി പുതിയ കാർ വാങ്ങി പണി ചെയ്തെടുത്തു പഴയ രൂപത്തിൽ ആക്കി. കത്തിച്ചു കളഞ്ഞ കാറും അങ്ങനെ ചെയ്തതാണ്. പഴയ കാറുകൾ സംഘടിപ്പിക്കാനും പടത്തിനുവേണ്ടി എന്ത് ചെയ്യാനും സന്നദ്ധരായ നിർമാതാക്കൾ, പ്രത്യേകിച്ച് ദുൽഖർ സൽമാൻ ആണ് ഇതെല്ലാം വളരെ എളുപ്പത്തിൽ സാധ്യമാക്കിയത്.
മൈസൂരിലെ എയർഫോഴ്‌സ് ക്യാംപ്
എയർഫോഴ്‌സ് ക്യാംപ് കണ്ടുപിടിക്കാൻ ഞങ്ങൾ ഒരുപാട് സ്ഥലങ്ങളിൽ യാത്ര ചെയ്തു. അതൊക്കെ വളരെ ഗംഭീരമായ സ്ഥലങ്ങളായിരുന്നു. പക്ഷേ നമുക്ക് വേണ്ട കാലഘട്ടം കാണിക്കാൻ പറ്റില്ല എന്ന് തോന്നി. എയർഫോഴ്‌സുകാരുടെ സ്ഥലങ്ങൾ ഒക്കെ വളരെ നിയന്ത്രണങ്ങളിൽ ആയിരിക്കും. അതൊന്നും നമുക്ക് മാറ്റാൻ പറ്റില്ല. ഞങ്ങൾ കുറെ തിരഞ്ഞതിനു ശേഷം മൈസൂരുവിൽ പഴയകാലത്ത് എയർഫോഴ്‌സുകാർ ഉപേക്ഷിച്ച ഒരു കെട്ടിടം കിട്ടി. അവിടെ കാടുപിടിച്ചു കെട്ടിടങ്ങൾ പൊളിഞ്ഞു കിടക്കുകയായിരുന്നു. ഇപ്പോൾ പശുത്തൊഴുത്താണ്. അതിൽ ഒരു തൊഴുത്തിൽ ആണ് എയർഫോഴ്‌സ് പാർട്ടി നടക്കുന്ന സ്ഥലമായി കാണിച്ചത്. അവിടേക്കു വേണ്ട പഴയ വിമാനങ്ങൾ, ക്ലാസ് റൂമുകൾ, ഡോർമിറ്ററി, എല്ലാം ഉണ്ടാക്കി എടുത്തു. എയർഫോഴ്‌സ് ക്യാംപ് വളരെ വൃത്തിയുള്ളതായിരിക്കുമല്ലോ, ഈ കാടുപിടിച്ച സ്ഥലം അങ്ങനെയാക്കി എടുക്കാൻ നന്നായി പണിപ്പെട്ടു. മുംബൈയിലെ ക്യാംപ് ആയി കാണിച്ചത് ഗുജറാത്തിലെ രാജ്കോട്ട് എന്ന സ്ഥലത്തെ ഒരു സ്കൂൾ എടുത്ത് സെറ്റിട്ടതാണ്. ഏത് കെട്ടിടം കിട്ടിയാലും എയർഫോഴ്‌സിന്റെ എൺപതുകളിലെ പ്രത്യേകതകൾ കൊണ്ടുവരണമല്ലോ. അതൊരു വലിയ ജോലി തന്നെ ആയിരുന്നു. ഈ സിനിമയ്ക്കായി എന്ത് ചെയ്യാനും റെഡിയായിരുന്നു നിർമാതാക്കൾ.
കമ്മാരസംഭവവും കുറുപ്പും, ഏതായിരുന്നു ചെയ്യാൻ പ്രയാസം
സുഹൃത്തുക്കളോടൊപ്പം ജോലി ചെയുമ്പോൾ ഏതു ബുദ്ധിമുട്ടുള്ള പണിയും എളുപ്പമുള്ളതായി തോന്നും. നമ്മളെക്കാൾ ഉത്തരവാദിത്തമുള്ള ആളാണല്ലോ സംവിധായകൻ. ഏതു സിനിമ ചെയ്യാനും അതിന്റേതായ ബുദ്ധിമുട്ടുണ്ട്. കമ്മാരസംഭവവും കുറുപ്പും ചെയ്യാൻ ബുദ്ധിമുട്ട് തന്നെയായിരുന്നു. പക്ഷേ രതീഷ് അമ്പാട്ടും ശ്രീനാഥും എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളാണ്, അവരോടൊപ്പം ജോലി ചെയ്യുന്നത് വളരെ സന്തോഷം തരുന്ന കാര്യമായിരുന്നു. നല്ല സൗഹൃദമുണ്ടെങ്കിൽ നമുക്ക് എത്ര വലിയ ജോലിയും ആസ്വദിച്ച് ചെയ്യാൻ കഴിയും. പിന്നീട് അത് അത് സ്‌ക്രീനിൽ കാണുമ്പോഴാണ് ഓ ഇത്രയൊക്കെ പണി ചെയ്തിരുന്നു അല്ലേ എന്ന് നമ്മൾ ആലോചിക്കുക. ഒരു വർക്ക് ചെയ്തു കഴിഞ്ഞ് പിന്നീട് കാണുമ്പോൾ അതിൽ ഞാൻ എന്തെങ്കിലും കുറ്റം കണ്ടെത്തും. ഇത് ഇങ്ങനെ ചെയ്യേണ്ടിയിരുന്നു എന്നൊക്കെ തോന്നും. കുറുപ്പിൽ അങ്ങനെ വലിയ മിസ്റ്റേക്ക് ഒന്നും കണ്ടെത്തിയില്ല. കുറുപ്പിന്റെ പോസ്റ്റ് പ്രൊഡക്‌ഷൻ കൊറോണ സമയത്തായിരുന്നു അതുകൊണ്ട് ചെയ്തുവച്ചതൊക്കെ സൂക്ഷ്മമായി പരിശോധിക്കാൻ സമയം കിട്ടിയിരുന്നു.
പിന്തുണയായത് ആത്മാർഥതയുള്ള സഹായികൾ
‘കുറുപ്പി’ന് വേണ്ടി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിൽ നിന്നുള്ള അസിസ്റ്റന്റ്സ് ജോലി ചെയ്‌തിട്ടണ്ട്. ബോളിവുഡിൽ ഒക്കെ ജോലി ചെയ്യുന്ന എന്റെ സുഹൃത്തുക്കളായ ആർട്ട് ഡയറക്ടർമാർ, പല സ്ഥലത്തുനിന്നും റിസേർച്ചിനായി വന്ന വിദ്യാർഥികൾ, കേരളം, കർണാടക, തമിഴ്‌നാട്, ഡൽഹി, കൊൽക്കത്ത എല്ലായിടത്തുനിന്നുമുള്ള ഒരു വലിയ സംഘം ആളുകൾ ഒപ്പം ഉണ്ടായിരുന്നു. ഓരോരുത്തർക്കും കൊടുക്കുന്നത് ചെറിയ പണികൾ ആയിരിക്കും. അവർ അത് മാത്രം ചെയ്ത് എത്തിച്ചാൽ മതി. ഏത് സാധനം വേണമെന്നു പറഞ്ഞാലും അത് എങ്ങനെയെങ്കിലും കൊണ്ടുവരികയല്ലാതെ കിട്ടിയില്ല എന്നു പറഞ്ഞു വരുന്ന ആളുകൾ കുറവായിരുന്നു. എവിടെയാണ് സാധനം കിട്ടുന്നത് എന്നുപറഞ്ഞു കൊടുത്താൽ അവർ അവിടെപ്പോയി കൊണ്ടുവരും. ഓരോ സെറ്റിലേക്കും ബജറ്റ് നിശ്ചയിച്ചിട്ടുണ്ടാകും ആ ബജറ്റിൽ ആ സെറ്റിലെ പണി തീരണം. ഏൽപിച്ച പണി കോംപ്രമൈസ് ഇല്ലാതെ ഈ ബജറ്റിനുള്ളിൽ തീർക്കുക എന്നുള്ളതാണ് ഓരോരുത്തരുടെയും ജോലി. അവരെല്ലാം അത് വളരെ ആത്മാർഥമായി ചെയ്തു.
പ്രൊഡക്‌ഷൻ ഡിസൈനർ എന്ന ജോലിയിലേക്ക്
സ്കൂളിൽ പഠിക്കുമ്പോൾ മുതൽ ഞാൻ ചിത്രങ്ങൾ വരയ്ക്കുമായിരുന്നു. പിന്നീട് സിനിമയിൽ കലാസംവിധാനം ചെയ്യുക എന്നതായി സ്വപ്നം. സാബു റാം തുടങ്ങി കുറെ ആർട്ട് ഡയറക്ടർമാരോടൊപ്പം അസിസ്റ്റന്റ് ആയി ജോലി ചെയ്തു. ഒരുപാടു പരസ്യ ചിത്രങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. ‘ചാപ്പാ കുരിശ്’ ആണ് സ്വതന്ത്രമായി ജോലി ചെയ്ത ആദ്യ സിനിമ. രതീഷ് അമ്പാട്ടിന്റെ ‘കമ്മാര സംഭവം’ ചെയ്തത് വലിയ അനുഭവമായിരുന്നു. ആ സിനിമയ്ക്ക് ബെസ്റ്റ് പ്രൊഡക്‌ഷൻ ഡിസൈനറിനുള്ള സംസ്ഥാന അവാർഡും ദേശീയ അവാർഡും കിട്ടിയിരുന്നു. ഒടിടി പ്രചാരത്തിൽ വന്നതിനു ശേഷം സിനിമ നമ്മുടെ ഉള്ളംകയ്യിൽ എത്തിയിരിക്കുകയാണ്. സിനിമ കുറച്ചുകൂടി കണ്ണിനു അടുത്തായിട്ടുണ്ട്. അപ്പോൾ അത്രമാത്രം ശ്രദ്ധിച്ചുവേണം ഓരോ ജോലിയും ചെയ്യാൻ നമ്മുടെ ഉത്തരവാദിത്തവും അതോടൊപ്പം കൂടി. ‘കുറുപ്പി’ന്റെ സംവിധായകൻ ശ്രീനാഥ് നേരത്തേ തന്നെ എന്റെ സുഹൃത്താണ്. അങ്ങനെയാണ് ഈ സിനിമയിലേക്ക് എന്നെ വിളിക്കുന്നത്. ‘കുറുപ്പ്’ കണ്ടിട്ട് ഒരുപാടുപേർ വിളിച്ച് നല്ല അഭിപ്രായം പറയുന്നുണ്ട്.
ഭാവി പ്രോജക്റ്റുകൾ
രണ്ടു ബിഗ് ബജറ്റ് ചിത്രങ്ങൾ വരുന്നുണ്ട്. രണ്ടും പീരീഡ് സിനിമകൾ ആണ്. സുഹൃത്തുക്കളുടെ ചില സിനിമകൾ നടക്കുന്നു. രതീഷ് അമ്പാട്ടിന്റെ ഒരു നെറ്റ്ഫ്ലിക്സ് സീരിസ് ചെയ്തു, അത് എം.ടി. വാസുദേവൻ നായരുടെ ആന്തോളജി ആണ്. ‘കാളിയൻ’ എന്ന സിനിമയും വരുന്നുണ്ട്.