പടവെട്ട് രണ്ടാം ഭാഗം വന്നേക്കാം: ഗീതു മോഹൻദാസിന്റേത് യുദ്ധം: ലിജു കൃഷ്ണ അഭിമുഖം
കണ്ണൂര്‍ സ്വദേശിയായ ലിജു കൃഷ്ണയ്ക്ക് ആദ്യ സിനിമ തിയറ്ററില്‍ എത്തിക്കാന്‍ വേണ്ടിവന്നത് നിരന്തര പ്രതിസന്ധികളുടെയും പോരാട്ടത്തിന്‍റെയും ‘പടവെട്ട്’ തന്നെ ആയിരുന്നു. ചെന്നൈയിലെ ഐ കാറ്റ് കോളജില്‍ നിന്ന് ഡിജിറ്റല്‍ ഫിലിം മേക്കിങില്‍ പ്രാവീണ്യവും തൃശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് തിയറ്റര്‍ വിഭാഗത്തില്‍
കണ്ണൂര്‍ സ്വദേശിയായ ലിജു കൃഷ്ണയ്ക്ക് ആദ്യ സിനിമ തിയറ്ററില്‍ എത്തിക്കാന്‍ വേണ്ടിവന്നത് നിരന്തര പ്രതിസന്ധികളുടെയും പോരാട്ടത്തിന്‍റെയും ‘പടവെട്ട്’ തന്നെ ആയിരുന്നു. ചെന്നൈയിലെ ഐ കാറ്റ് കോളജില്‍ നിന്ന് ഡിജിറ്റല്‍ ഫിലിം മേക്കിങില്‍ പ്രാവീണ്യവും തൃശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് തിയറ്റര്‍ വിഭാഗത്തില്‍
കണ്ണൂര്‍ സ്വദേശിയായ ലിജു കൃഷ്ണയ്ക്ക് ആദ്യ സിനിമ തിയറ്ററില്‍ എത്തിക്കാന്‍ വേണ്ടിവന്നത് നിരന്തര പ്രതിസന്ധികളുടെയും പോരാട്ടത്തിന്‍റെയും ‘പടവെട്ട്’ തന്നെ ആയിരുന്നു. ചെന്നൈയിലെ ഐ കാറ്റ് കോളജില്‍ നിന്ന് ഡിജിറ്റല്‍ ഫിലിം മേക്കിങില്‍ പ്രാവീണ്യവും തൃശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് തിയറ്റര്‍ വിഭാഗത്തില്‍
കണ്ണൂര്‍ സ്വദേശിയായ ലിജു കൃഷ്ണയ്ക്ക് ആദ്യ സിനിമ തിയറ്ററില്‍ എത്തിക്കാന്‍ വേണ്ടിവന്നത് നിരന്തര പ്രതിസന്ധികളുടെയും പോരാട്ടത്തിന്‍റെയും ‘പടവെട്ട്’ തന്നെ ആയിരുന്നു. ചെന്നൈയിലെ ഐ കാറ്റ് കോളജില്‍ നിന്ന് ഡിജിറ്റല്‍ ഫിലിം മേക്കിങില്‍ പ്രാവീണ്യവും തൃശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് തിയറ്റര്‍ വിഭാഗത്തില്‍ ബിരുദാനന്തര ബിരുദവും നേടിയാണ് ലിജു കൃഷ്ണ ആദ്യ സംവിധാന സംരംഭമായ പടവെട്ടിലേക്ക് എത്തുന്നത്. സിനിമയില്‍ ആരുടെകൂടെയും അസിസ്റ്റന്റ് ആകാതെ വന്ന ലിജു കൃഷ്ണയ്ക്ക് ഇത് നിരന്തര പരിശ്രമത്തിന്റെ സ്വപ്ന സാക്ഷാത്കാരമാണ്. തന്‍റെ പുതിയ സിനിനിമയെക്കുറിച്ചും ഇതുവരെ അനുഭവിച്ച പ്രതിസന്ധികളെക്കുറിച്ചും ലിജു കൃഷ്ണ മനോരമ ഓണ്‍ലൈന് മുന്നില്‍ മനസ്സ് തുറക്കുകയാണ്.
പടവെട്ടിന്‍റെ ആശയത്തിലേയ്ക്ക് വരുന്നത്?
ആദ്യ സിനിമ ചെയ്യാന്‍ വേണ്ടി ഒന്നില്‍ക്കൂടുതല്‍ കഥകളിലൂടെ ഞാന്‍ സഞ്ചരിച്ചിരുന്നു. ഒടുവിലാണ് പടവെട്ടിന്‍റെ കഥയിലേക്ക് എത്തുന്നത്. എന്നെ സ്വാധീനിച്ച പ്രധാന ഘടകം സ്വന്തം നാടായിരുന്നു.കണ്ണൂരിലെ ഒരു മലയോര ഗ്രാമത്തിലാണ് ഞാന്‍ ജനിച്ചു വളര്‍ന്നത്. എന്‍റെ നാട്ടില്‍ വച്ച് തന്നെ ആയിരുന്നു സിനിമയുടെ ചിത്രീകരണം. ഞാന്‍ ഒരുദിവസം രാവിലെ പുറത്തേക്കിറങ്ങിയാല്‍ സ്ഥിരം കാണുന്ന കാഴ്ച, മരം മുറിച്ച് കയറ്റിയ ലോറികള്‍ വരിവരിയായി പോകുന്നതാണ്. സിനിമയില്‍ ഞാനത് പല ഫ്രയിമുകളിലും കാണിച്ചിട്ടുണ്ട്. ചില ദിവസങ്ങളില്‍ ഞാന്‍ വെറുതേയിരുന്നു ഈ ലോറികളുടെ എണ്ണമെടുക്കും. ആ കാലത്താണ് എന്‍റെ നാട്ടില്‍ ധാരാളം കാട്ടുമൃഗങ്ങളുടെ ശല്യം ഉണ്ടാകുന്നത്.
മുന്‍പെങ്ങും കാണാത്തതുപോലെ കാട്ടില്‍ നിന്നും പന്നി ഉള്‍പ്പെടെയുള്ള മൃഗങ്ങള്‍ ധാരളാമായി നാട്ടിലിറങ്ങി കൃഷി നശിപ്പിക്കാന്‍ തുടങ്ങി. ഈ കാഴ്ചകളൊക്കെതന്നെയാണ് പടവെട്ടിന്‍റെ ആദ്യ ആശയം രൂപപ്പെടാന്‍ സഹായിച്ചത്. പിന്നീടാണ് നാട്ടിലെല്ലാം വ്യാപകമായി കണ്ടുവരുന്ന ഫലകങ്ങളെക്കുറിച്ച് ഞാന്‍ ചിന്തിച്ചത്. എല്ലാകാലത്തും ഫലകങ്ങള്‍ക്ക് കൃത്യമായ രാഷ്ട്രീയം ഉണ്ടായിരുന്നു. എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ജനങ്ങളുടെ മനസില്‍ കയറാന്‍ ഉപയോഗിക്കുന്ന ഒരു ചെപ്പടി വിദ്യയാണ് ഫലകങ്ങള്‍. ഒരു മൂത്രപ്പുര പണിതാലും അതിലെ ഏറ്റവും നല്ല നിര്‍മിതിയുള്ള ഭാഗം അവരുടെയെല്ലാം പേരുകള്‍ കൊത്തിവയ്ക്കുന്ന മാര്‍ബിള്‍ ഫലകമായിരിക്കും. ഈ ചിന്തയാണ് ഫലകരാഷ്ട്രീയത്തെ ഒരു ബിംബമായി സിനിമയിലുടനീളം പ്രതിഷ്ഠിക്കാന്‍ കാരണം.
കോര്‍പ്പറേറ്റുകള്‍ സ്പോണ്‍സര്‍ ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ കേരളത്തിലും അധീശത്വം സ്ഥാപിക്കും എന്ന ആശങ്ക ചിത്രം പങ്കുവയ്ക്കുന്നുണ്ടല്ലോ?
തീര്‍ച്ചയായും. ഒരു കലാകാരന്‍ എന്ന നിലയില്‍ അത്തരം ആശങ്ക കൂടി ചേര്‍ന്നതാണ് പടവെട്ട് എന്ന സിനിമ. കോര്‍പ്പറേറ്റ് എന്നതിലുപരി ശക്തന്‍ അശക്തനെ കീഴ്പ്പെടുത്തുന്നു എന്നതാണ് പ്രധാനമായും ഞാന്‍ നോക്കിക്കണ്ടത്. ഒരു സാധാരണക്കാരന്‍ ആയതുകൊണ്ടാവാം അത്തരം ആശങ്കകള്‍ എന്നെ ഭരിക്കുന്നത്. സമകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തിലും ഇത്തരം ഏകാധിപത്യപ്രവണതകള്‍ വ്യാപകമായി കണ്ടുവരുന്നുണ്ട്. ഒരു ട്വന്‍റി ട്വന്‍റി എന്ന പ്രസ്ഥാനത്തില്‍ മാത്രം ചെറുതായി പോകുന്ന ഒരാശങ്കയല്ല അത്. ചൂഷിതജന വിഭാഗങ്ങള്‍ ജീവിക്കുന്ന ഏതു ഭൂമികകളിലും പ്രസക്തമായ ഒരു കഥയാണിത്. സ്വന്തം ഭൂമിയേയും പാര്‍പ്പിടത്തേയും സംരക്ഷിക്കാന്‍ പടവെട്ടുന്ന എല്ലാ ജനവിഭാഗങ്ങള്‍ക്കും വേണ്ടിയാണ് സിനിമ സംസാരിക്കുന്നത്.
സിനിമ അവസാനിക്കുന്നത് അത്തരം ഒരു താക്കീതിലാണല്ലോ. ഈ താക്കീതില്‍ കാര്യങ്ങള്‍ അവസാനിച്ചില്ലെങ്കില്‍ പിന്നെയുള്ളത് വിപ്ലവം ആണ്. വിപ്ലവം മാത്രം സംസാരിക്കുന്ന പടവെട്ടിന്‍റെ ഒരു രണ്ടാം ഭാഗം ചെയ്യാനും മനസ്സില്‍ പ്ലാന്‍ ഉണ്ട്. സിനിമ കണ്ടതിന് ശേഷം പലരും ട്വന്‍റി ട്വന്‍റി എന്ന രാഷ്ട്രീയ പാർട്ടിയെക്കുറിച്ചും കെ റെയില്‍ കല്ലിടലിനെക്കുറിച്ചുമൊക്കെ ചോദിക്കുന്നുണ്ട്. ശരിക്കും തിരക്കഥ പൂര്‍ത്തിയായി ഞങ്ങള്‍ ചിത്രീകരണം ആരംഭിച്ചതിന് ശേഷം സംഭവിച്ച കാര്യങ്ങളാണ് കെ റെയില്‍ കല്ലിടലൊക്കെ. പടവെട്ടും അതില്‍ പറയുന്ന വിഷയവും കലാതിവര്‍ത്തി ആകുന്നതിന്‍റെ പ്രതിഫലനമാണ് ഈ ചര്‍ച്ചകളെല്ലാം സൂചിപ്പിക്കുന്നത്.
സിനിമയില്‍ പല സന്ദര്‍ഭങ്ങളിലും തെയ്യത്തെ ഒരു ബിംബമായി അവതരിപ്പിച്ചിട്ടുണ്ടല്ലോ?
മലബാര്‍ തെയ്യങ്ങളുടെ നാടുകൂടിയാണല്ലോ. മലബാറിലെ കര്‍ഷകര്‍ക്കും കൃഷിക്കും എന്നും ഭീഷണി ആയിട്ടുള്ള ഒരു വന്യമൃഗമാണ് കാട്ടുപന്നി. കൃഷി നശിപ്പിക്കുന്ന പന്നികളെ തുരത്താനായി കര്‍ഷകരുടെ തന്നെ വിശ്വാസത്തില്‍ നിന്നും വന്നതാണ് പന്നി തെയ്യം എന്ന കലാരൂപം. പന്നിയുടെയും വേട്ടക്കാരന്‍റെയും വേഷം കെട്ടിയാടുന്ന ഒരു തെയ്യമാണത്. വിളവെടുക്കുന്ന സമയത്താണ് ഈ തെയ്യത്തെ ഒരാചാരം പോലെ അവതരിപ്പിക്കുന്നത്. സിനിമയില്‍ വളരെ സിംബോളിക് ആയി ഈ കലാരൂപത്തെ ഞാന്‍ അവതരിപ്പിച്ചിട്ടുണ്ട്.
അലസനായ രവി എന്ന കഥാപാത്രം നിവിന്‍ പോളിയില്‍ എത്രത്തോളം ഭദ്രമായിരുന്നു?
ഒരു നടന് മുന്നില്‍ കഥാപാത്രത്തെ പരിചയപ്പെടുത്തിയതിന് ശേഷം രൂപപ്പെടുന്ന ഒരു വലിയ പ്രക്രിയയുണ്ട്. നടനും കഥാപാത്രവും തമ്മിലുള്ള വലിയ യുദ്ധമാണ് പിന്നീട് സംഭവിക്കുന്നത്. തീര്‍ത്തും അപരിചതനായ രവി എന്ന കഥാപാത്രത്തെ നിവിന്‍റെ മനസിലേയ്ക്ക് പറിച്ചുനടുന്ന പ്രക്രിയ അനായാസമായിരുന്നില്ല. തിയറ്റര്‍ കലയില്‍ ബിരുദമെടുത്ത ആളെന്ന നിലയില്‍ അതിന് വേണ്ട കൃത്യമായ പ്ലാനുകള്‍ എനിക്കുണ്ടായിരുന്നു. രവിയെ കൂടുതല്‍ ഇഷ്ട്ടപ്പെടാന്‍ നിവിന്‍ അറിഞ്ഞും അറിയാതെയും ഞാന്‍ നടത്തിയ ചില പദ്ധതികള്‍ കൂടിയുണ്ട്. രവിയെ മനസിലാക്കിയതിനു ശേഷം നിവിനിലെ നടന്‍റെ അതി ഗംഭീരമായ പ്രകടനമാണ് നമ്മള്‍ ചിത്രീകരണ സമയത്ത് കണ്ടത്. ഓരോ നോട്ടത്തിലും മൂളലിലും അതി സൂക്ഷ്മമായിതന്നെ നിവിന്‍ രവിയെ അവതരിപ്പിച്ചിട്ടുണ്ട്. മറ്റ് കഥാപാത്രങ്ങളെ വച്ച് നോക്കുമ്പോള്‍ ചിത്രത്തില്‍ രവിക്ക് ഡയലോഗ് വളരെക്കുറവാണ്.
സംഭാഷണമില്ലാതെ ഒരു കഥാപാത്രത്തെ മാനറിസങ്ങളിലൂടെ മാത്രം പുറത്ത്‌കൊണ്ടുവരിക എന്നത് വെല്ലുവിളി ഉയര്‍ത്തുന്ന അഭിനയരീതിയാണ്.വ്യക്തതയുണ്ടെങ്കില്‍ നിവിന്‍ പൂര്‍ണ്ണമായും നമ്മളെ വിശ്വാസത്തിലെടുക്കുന്ന ആളാണ്. നിവിന്‍ പോളിയെപ്പോലെ ഇത്രയും സ്റ്റാര്‍ പദവിയില്‍ ഇരിക്കുന്ന ഒരു നടന്‍ പടവെട്ട് പോലുള്ള ഒരു സിനിമയുടെ ഭാഗമായത് തന്നെ വലിയ കാര്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു .പല കാരണങ്ങള്‍കൊണ്ട് സിനിമ വൈകുമ്പോഴും സിനിമയോട് ഒരുതരത്തിലുമുള്ള അകല്‍ച്ച നിവിന്‍ കാണിച്ചിട്ടില്ല. സെറ്റില്‍ നമ്മള്‍ എന്ത് പറയുന്നോ അതെല്ലാം നിവിന്‍ ചെയ്തിരുന്നു. ചെളിയില്‍ വച്ചുള്ള സ്റ്റണ്ട് രംഗങ്ങളൊക്കെ അത്ര എളുപ്പം ചിത്രീകരിക്കാന്‍ കഴിയുന്ന ഒന്നായിരുന്നില്ല. അതൊക്കെ വളരെ ആത്മാര്‍ത്ഥമായിട്ട് തന്നെയാണ് നിവിന്‍ ചെയ്തിട്ടുണ്ടായിരുന്നത്.
ഷമ്മി തിലകന്‍ അവതരിപ്പിച്ച കുയ്യാലി എന്ന കഥാപാത്രവും ഏറെ ശ്രദ്ധേയമായിരുന്നല്ലോ?
അശക്തരായ ജനങ്ങള്‍ക്ക് നേരെ കുയ്യാലി എന്ന കഥാപാത്രം നടത്തുന്ന ബ്രാന്‍ഡിങിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. അതുകൊണ്ട് തന്നെ കുയ്യാലിയെ അവതരിപ്പിക്കുന്ന നടനും ഒരു ബ്രാന്റ് ആയിരിക്കണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു.വില്ലന്‍ എന്നതിലുപരി അനാവശ്യമായി ഒരു സീനില്‍ പോലും കുഞ്ഞാലി വന്നുപോകുന്നില്ല. ഷമ്മി തിലകന്‍ ഏറെനാളുകള്‍ക്ക് ശേഷം ചെയ്യുന്ന വില്ലന്‍ വേഷമാണിത്. കുയ്യാലി എന്ന കഥാപാത്രത്തെക്കുറിച്ച് ഇനിയാണ് ആളുകള്‍ കൂടുതല്‍ സംസാരിക്കാന്‍ പോകുന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു.
ഒരു നവാഗത സംവിധായകന്‍ എന്ന നിലയിലുള്ള വെല്ലുവിളികള്‍ എന്തൊക്കെ ആയിരുന്നു?
സാധാരണക്കാരില്‍ സാധാരണക്കാര്‍ താമസിക്കുന്ന കണ്ണൂരിലെ ഒരു ഗ്രാമത്തിലാണ് ഞാന്‍ ജനിച്ചു വളര്‍ന്നത്. കുട്ടിക്കാലത്ത് വീട്ടില്‍ ടിവി ഉണ്ടായിരുന്നില്ല. ടിവി കാണാനായി കിലോമീറ്ററുകള്‍ക്ക് അപ്പുറമുള്ള വീട്ടിലായിരുന്നു ഞാന്‍ പോയിരുന്നത്. അവര്‍ ടിവി വച്ചുതരുന്ന സമയത്ത് കാണുകയും ഓഫാക്കുമ്പോള്‍ തിരിച്ചു വീട്ടില്‍ വരികയും ചെയ്യും. കുട്ടിക്കാലംമുതല്‍ സിനിമയോടു ഒരു വല്ലാത്ത അഭിനിവേശമായിരുന്നു. എന്നാല്‍ എന്‍റെ ബന്ധുജനങ്ങളുടെ കൂട്ടത്തിലോ സൗഹൃദപരിധിയിലോ ഒന്നും ഒരു സിനിമാക്കാരും ഉണ്ടായിരുന്നില്ല. വലുതായപ്പോള്‍ സിനിമ പഠിക്കണം എന്ന ആഗ്രഹത്തോടെ ചെന്നൈയിലെ ഐ കാറ്റ് എന്ന കോളജില്‍ പോയി സിനിമ പഠിച്ചു. അതിന് ശേഷമാണ് സ്കൂള്‍ ഓഫ് ഡ്രാമയില്‍ ചേര്‍ന്ന് തിയറ്ററില്‍ ഡിഗ്രിയും മാസ്റ്റര്‍ ഡിഗ്രിയും എടുക്കുന്നത്.
പിന്നീട് ആരുടെയെങ്കിലും കൂടെ നിന്ന് അസ്സിസ്റ്റ് ചെയ്യാനായി ഒരുപാട് ശ്രമിച്ചു. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് അതൊന്നും നടന്നില്ല. പിന്നീട് സ്വയം സിനിമ ചെയ്ത് പഠിക്കാന്‍ തീരുമാനിച്ചു.ആദ്യം കുറഞ്ഞ നിര്‍മ്മാണ ചിലവില്‍ ഷോര്‍ട്ട് ഫിലിമുകള്‍ ചെയ്തു. 2016 ല്‍ സിനിമ ചെയ്യാം ഉദ്ദേശ്യത്തോടെ തന്നെ മികച്ച നിലവാരത്തില്‍ ഇമ എന്ന പേരില്‍ ഷോര്‍ട്ട് ഫിലിം ചെയ്തു. പ്രതാപ് പോത്തനും മേനക സുരേഷും ആയിരുന്നു അഭിനേതാക്കള്‍. നന്നായി ശ്രദ്ധിക്കപെട്ട ഒരു വര്‍ക്കായിരുന്നു അത്. അതിന് ശേഷമാണ് ഞാന്‍ തിയറ്റര്‍ നാടകങ്ങള്‍ ചെയ്യുന്നത്. ‘മൊമെന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത് ‘ എന്ന പേരില്‍ ഒരു തിയറ്റര്‍ പ്ലേ ഞാന്‍ ചെയ്തിരുന്നു. നാലഞ്ചു വര്‍ഷത്തോളം പല രാജ്യാന്തര തിയറ്റര്‍ ഫെസ്റ്റ്വലുകളിലേയ്ക്കും ഈ നാടകം തെരഞ്ഞെടുത്തു.ആ നാടകയാത്രയില്‍ ഞാന്‍ പരിചയപെട്ട സുഹൃത്താണ് സണ്ണി വെയിന്‍.സണ്ണിയും ഞാനും നാടകത്തെപ്പറ്റി ഒരുപാട് സംസാരിക്കാറുണ്ടായിരുന്നു. ആ ചര്‍ച്ചകളില്‍ ഒരു പ്രൊഡക്‌ഷന്‍ ഹൗസ് തുടങ്ങാനുള്ള സണ്ണിയുടെ ആഗ്രഹത്തെക്കുറിച്ച് എന്നോട് പറഞ്ഞു.
അങ്ങനെയാണ് മൊമെന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത് എന്ന പ്ലേ സണ്ണി വെയ്ന്‍ പ്രൊഡക്‌ഷന്‍ ഹൗസിന്‍റെ ആദ്യ സംരംഭമായി കുറച്ചുകൂടി വലിയ നിലവാരത്തില്‍ ഞങ്ങള്‍ അവതരിപ്പിക്കുന്നത്. കൊച്ചിയില്‍ വച്ച് നടന്ന സ്പെഷല്‍ ഷോയ്ക്ക് മമ്മൂട്ടി ഉള്‍പ്പെടെ മലയാള സിനിമയിലെ ഭൂരിഭാഗം നടീനടന്മാരും സംവിധായകരും ഉണ്ടായിരുന്നു. അതിന് ശേഷമാണ് സണ്ണിയുടെ നിര്‍ദേശപ്രകാരം നിവിന്‍ പോളിയോട് പടവെട്ടിന്റെ കഥ പറയുന്നത്. നാല് മണിക്കൂര്‍ കൊണ്ടാണ് ഞാന്‍ നിവിനെ കഥ പറഞ്ഞ് കേള്‍പ്പിക്കുന്നത്.പറഞ്ഞു കഴിഞ്ഞ് ഹോട്ടല്‍ റൂം വിട്ട് ലോബിയില്‍ എത്തിയപ്പോള്‍ തന്നെ നിവിന്‍റെ ഫോണ്‍ കോള്‍ വന്നു. നമ്മള്‍ ഈ സിനിമ ചെയ്യാന്‍ പോവുകയാണെന്നാണ് നിവിന്‍ പറഞ്ഞത്.
ആദ്യ സിനിമ തിയറ്ററില്‍ നിറഞ്ഞോടുമ്പോള്‍ ആരോടോക്കെയാണ് കടപ്പാട് ?
കടപ്പാടുകളുടെ പേര് പറയുമ്പോള്‍ ഒരാളില്‍ മാത്രം ഒതുക്കാന്‍ കഴിയില്ല. ഞാനീ കഥ ആദ്യമായി പറയുന്നത് എന്‍റെ ചേട്ടനോടായിരുന്നു. എന്‍റെ എല്ലാ സ്വപ്നങ്ങള്‍ക്കും കൂടെ നിന്ന വ്യക്തിയാണ് ചേട്ടന്‍. ഒരു മകനെപ്പോലെയാണ് ചേട്ടന്‍ എന്നെ നോക്കിയത്.നിര്‍ഭാഗ്യവശാല്‍ ഈ സിനിമയുടെ തിരക്കഥ എഴുതിക്കഴിഞ്ഞപ്പോള്‍ തന്നെ ചേട്ടന്‍ മരണപെട്ടു. വിദേശത്ത് വച്ചായിരുന്നു മരണം. ചികിത്സാപിഴവായിരുന്നു കാരണം. ചേട്ടന്‍റെ മരണം വല്ലാത്ത ശൂന്യതയില്‍ കൊണ്ടെത്തിച്ചു. എങ്ങനെയാണ് ഇനി മുന്നോട്ട് പോകേണ്ടതെന്നുപോലും അറിയാത്ത അവസ്ഥ. എന്നാല്‍ മുന്നോട്ട് പോയേതീരൂ എന്ന് ചിന്തിച്ചപ്പോള്‍ വീണ്ടും പഴയ ജീവിതത്തിലേയ്ക്ക് പതുക്കെ പതുക്കെ നടന്ന് തുടങ്ങി. ചേട്ടന്‍ കഴിഞ്ഞാല്‍ ഈ സിനിമയുമായി ഏറ്റവും അടുത്ത് നില്‍ക്കുന്ന ആള്‍ എന്‍റെ സുഹൃത്ത് കൂടിയായ മനോജ് ആണ്. പടവെട്ടില്‍ ആദ്യം ശത്രുവും പിന്നീട് രവിയുടെ കൂട്ടുകാരനുമാകുന്നത് മനോജാണ്.
ഞാന്‍ സംവിധാനം ചെയ്ത തിയറ്റര്‍ പ്ലേയിലും മനോജ് ആയിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. എന്‍റെ സുഹൃത്തിനുപരി ഒരു സഹോദരനെപ്പോലെ ഈ സിനിമയ്ക്ക് വേണ്ടി കൂടെനിന്ന വ്യക്തിയാണ് സണ്ണി വെയ്ന്‍.സണ്ണി ഇല്ലെങ്കില്‍ പടവെട്ട് എന്ന സിനിമയില്ല. സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പ് എന്‍റെ ജീവിതത്തില്‍ വലിയ പ്രതിസന്ധികള്‍ വന്നപ്പോള്‍ എന്നെ തള്ളിപ്പറയാതെ കൂടെ നിന്ന് സപ്പോര്‍ട്ട് ചെയ്ത വ്യക്തിയാണ് സണ്ണി. സണ്ണി കഴിഞ്ഞാല്‍ എനിക്ക് മറക്കാന്‍ കഴിയാത്ത പേര് നിവിന്‍ പോളിയാണ്.കഥ പറഞ്ഞ അന്ന് മുതല്‍ സിനിമ റിലീസ് ചെയ്യുന്നത് വരെയും നിവിന്‍ എനിക്ക് നല്‍കിയ സപ്പോര്‍ട്ട് പറഞ്ഞറിയിക്കാന്‍ കഴിയില്ല. നമുക്ക് എന്തും തുറന്നുപറയാന്‍ കഴിയുന്ന വ്യക്തിയാണ് നിവിന്‍.സിനിമയുടെ സംഗീതം നിര്‍വഹിച്ച ഗോവിന്ദ് വസന്തയെ ഒരിക്കലും മറക്കാന്‍ കഴിയില്ല. ഒരു സിനിമയുടെ കൂടെയും ഇത്രയധികം യാത്ര ചെയ്തിട്ടില്ലായിരുന്നു എന്ന് അവന്‍ എപ്പോഴും പറയും. ഒരു സുഹൃത്തിനപ്പുറമാണ് അവന്‍ എനിക്ക്. അവന്‍റെ ശരിക്കുള്ള കഴിവ് ഇന്ത്യന്‍ സിനിമ കാണാനിരിക്കുന്നതെയുള്ളൂ. ശക്തമായ രാഷ്ട്രീയ നിലപാടുകള്‍ കൂടിയുള്ള ഒരു വ്യക്തിയാണ് ഗോവിന്ദ് വസന്ത. നാല് വര്‍ഷമായി ഞങ്ങള്‍ ഒരുമിച്ചാണ് താമസിക്കുന്നത്.
ഗീതു മോഹന്‍ദാസും പടവെട്ടും തമ്മില്‍?
പടവെട്ട് എന്ന സിനിമയേയും എന്നെയും വ്യക്തിപരമായി എങ്ങനെയെല്ലാം തകര്‍ക്കാമോ അതെല്ലാം ചെയ്ത വ്യക്തിയാണ് ഗീതു മോഹന്‍ദാസ്. നിവിന്‍ പോളിയാണ് ഗീതു മോഹന്‍ദാസിന് സിനിമയുടെ കഥ കേള്‍ക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് എന്നോട് പറയുന്നത്. ഒരുപാട് അംഗീകാരങ്ങള്‍ ലഭിച്ച സിനിമകളുടെ സംവിധായിക ആയതുകൊണ്ട് തന്നെ എനിക്കും അവരോട് ബഹുമാനം ഉണ്ടായിരുന്നു. കഥ പറയുമ്പോള്‍ അവരുടെ പക്കല്‍ നിന്നും എന്തെങ്കിലും പോസിറ്റീവായ ഉപദേശങ്ങള്‍ ലഭിക്കുന്നുണ്ടെങ്കില്‍ മാത്രം അത് സ്വീകരിക്കുകയും അല്ലെങ്കില്‍ അത് വിട്ടുകളയുകയും ചെയ്യാനാണ് നിവിന്‍ എന്നോട് പറഞ്ഞത്. നിവിനും ഞാനും കൂടിയാണ് അവരോടു കഥ പറയുന്നത്. കഥയുടെ ആദ്യ പകുതി പറഞ്ഞു കഴിഞ്ഞപ്പോള്‍ തന്നെ അവര്‍ക്ക് നന്നായി സിനിമ ഇഷ്ട്ടപെട്ടു. തിരക്കഥയേയും എന്‍റെ എഴുത്തിനെയും ഒക്കെക്കുറിച്ച് വലിയ രീതിയിലുള്ള അഭിനന്ദനമാണ് അവര്‍ അറിയിച്ചത്.
കഥയുടെ രണ്ടാംഭാഗം എന്നെ പേര്‍സനല്‍ ആയി കണ്ട് പറഞ്ഞാല്‍ മതിയെന്ന് പറഞ്ഞു. ഒരു ദിവസം കൊച്ചിയില്‍ താമസിക്കാന്‍ കഴിയുമോ എന്ന് ചോദിച്ചു. അപ്പോഴേക്കും സിനിമയുടെ ആര്‍ട്ട് ജോലികളെല്ലാം ലൊക്കേഷനില്‍ ആരംഭിച്ചിരുന്നു. മൂന്ന് ദിവസത്തോളം കൊച്ചിയില്‍ നിന്നിട്ടും അവരെ എനിക്ക് ഫോണില്‍ ലഭിച്ചില്ല. അങ്ങനെ തിരിച്ചുപോകാന്‍ തുടങ്ങുന്ന അവസരത്തില്‍ ആണ് വീണ്ടും അവരുടെ കോള്‍ വരുന്നത്. ആദ്യം തന്നെ അവര്‍ പറഞ്ഞത് ആ കഥ എനിക്കങ്ങോട്ട് വര്‍ക്കായില്ല എന്നായിരുന്നു. ആദ്യം കണക്കില്ലാതെ അഭിനന്ദിച്ച അവര്‍ പിന്നീട് തിരക്കഥയെക്കുറിച്ച് വളരെ മോശമായ അഭിപ്രായങ്ങള്‍ പറഞ്ഞു. അക്കാദമിക് രീതിയില്‍ നോക്കുമ്പോള്‍ തിരക്കഥാരചനയുടെ രീതി ശാസ്ത്രങ്ങള്‍ക്കു വിരുദ്ധമാണ് എന്‍റെ തിരക്കഥ എന്നാണ് പ്രധാനമായും അവര്‍ ആരോപിച്ചത്.
അക്കാദമിക് നിയമങ്ങളെ പിന്തുടര്‍ന്ന് സിനിമ എടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല എന്ന് ഞാന്‍ അവരോട് തുറന്ന് പറഞ്ഞു. ഞാന്‍ എന്തുപറയുമ്പോഴും അതിനെയെല്ലാം തര്‍ക്കിച്ച് മേല്‍ക്കൈ നേടാനാണ് അവര്‍ ശ്രമിച്ചത്. ഞാന്‍ പറയുന്നതുപോലെ തിരക്കഥയില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ നിവിന്‍ പോളി ഈ സിനിമ ചെയ്യില്ല എന്ന് അവര്‍ പറഞ്ഞു. അങ്ങനെയെങ്കില്‍ എനിക്ക് നിവിന്‍ പോളിയില്‍ നിന്ന് തന്നെ അതറിയണമായിരുന്നു. അവരുടെ കോള്‍ അവസാനിപ്പിച്ച ശേഷം ഞാന്‍ നിവിന്‍ പോളിയെ വിളിച്ചു കാര്യം പറഞ്ഞു. നിവിന്‍ എന്നോട് പറഞ്ഞത് ഞാന്‍ ചെയ്യുന്നത് നിന്‍റെ സിനിമയാണ് എന്നും പറഞ്ഞ ദിവസം തന്നെ നമ്മള്‍ സിനിമയുടെ ഷൂട്ടിങ് തുടങ്ങിയിരിക്കും എന്നുമാണ്. പിന്നീട് പല രീതിയില്‍ ഒളിഞ്ഞും തെളിഞ്ഞും ഈ സിനിമയ്ക്ക് എതിരെ ഗീതു മോഹന്‍ദാസ് യുദ്ധം ചെയ്തു. ഒടുവില്‍ പല പ്രതിസന്ധികളും തരണം ചെയ്തു ഈ സിനിമ ഇറങ്ങും എന്നായപ്പോള്‍ സിനിമയില്‍ നിന്നും എന്‍റെ പേര് നീക്കം ചെയ്യാന്‍ അവര്‍ സിനിമ സംഘടനകള്‍ക്കും സിനിമയുടെ നിർമാണ കമ്പനികള്‍ക്കും നിരന്തരം മെയിലുകള്‍ അയച്ചു. എന്നാല്‍ നിവിന്‍ പോളിയും സഹനിര്‍മാതാവ് സണ്ണി വെയ്നും ഉറച്ച നിലപാട് എടുത്തതോടെയാണ് അത് നടക്കാതെ പോയത്.