ഈ നടന്റെ പേര് ‘ത്സൊ’; ‘തുറമുഖ’ത്തിലെ തീപ്പൊരി നേതാവ്
മട്ടാഞ്ചേരിയിലെ സാധാരണ തൊഴിലാളികളുടെ അസാധാരണ പോരാട്ടത്തിന്റെ കഥയാണ് രാജീവ് രവി ചിത്രം ‘തുറമുഖം’ പറയുന്നത്. ചിത്രത്തിലെ ഒരു സുപ്രധാന രംഗത്ത് അമ്പരപ്പിക്കുന്ന പ്രകടനത്തിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുന്ന ഒരു കഥാപാത്രമുണ്ട്– തൊഴിലാളി നേതാവ് സഖാവ് ഗംഗാധരൻ. നിറതോക്കുമായി വരുന്ന
മട്ടാഞ്ചേരിയിലെ സാധാരണ തൊഴിലാളികളുടെ അസാധാരണ പോരാട്ടത്തിന്റെ കഥയാണ് രാജീവ് രവി ചിത്രം ‘തുറമുഖം’ പറയുന്നത്. ചിത്രത്തിലെ ഒരു സുപ്രധാന രംഗത്ത് അമ്പരപ്പിക്കുന്ന പ്രകടനത്തിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുന്ന ഒരു കഥാപാത്രമുണ്ട്– തൊഴിലാളി നേതാവ് സഖാവ് ഗംഗാധരൻ. നിറതോക്കുമായി വരുന്ന
മട്ടാഞ്ചേരിയിലെ സാധാരണ തൊഴിലാളികളുടെ അസാധാരണ പോരാട്ടത്തിന്റെ കഥയാണ് രാജീവ് രവി ചിത്രം ‘തുറമുഖം’ പറയുന്നത്. ചിത്രത്തിലെ ഒരു സുപ്രധാന രംഗത്ത് അമ്പരപ്പിക്കുന്ന പ്രകടനത്തിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുന്ന ഒരു കഥാപാത്രമുണ്ട്– തൊഴിലാളി നേതാവ് സഖാവ് ഗംഗാധരൻ. നിറതോക്കുമായി വരുന്ന
മട്ടാഞ്ചേരിയിലെ സാധാരണ തൊഴിലാളികളുടെ അസാധാരണ പോരാട്ടത്തിന്റെ കഥയാണ് രാജീവ് രവി ചിത്രം ‘തുറമുഖം’ പറയുന്നത്. ചിത്രത്തിലെ ഒരു സുപ്രധാന രംഗത്ത് അമ്പരപ്പിക്കുന്ന പ്രകടനത്തിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുന്ന ഒരു കഥാപാത്രമുണ്ട്– തൊഴിലാളി നേതാവ് സഖാവ് ഗംഗാധരൻ. നിറതോക്കുമായി വരുന്ന പൊലീസ് പടയുടെ മുമ്പിൽ ശങ്കിച്ചു നിൽക്കുന്ന തൊഴിലാളികളെ, മുദ്രാവാക്യം വിളിച്ചു വിളിച്ച് അടഞ്ഞു പോയ ശബ്ദത്തിൽ സഖാവ് ഗംഗാധരൻ അഭിസംബോധന ചെയ്യുമ്പോൾ പ്രേക്ഷകരും മട്ടാഞ്ചേരി തെരുവിലെ സമരമുഖത്തെത്തും. പ്രേക്ഷകരുടെ സിരകളിലും ഉശിര് നിറയും. സിനിമ കണ്ടിറങ്ങുമ്പോൾ പ്രേക്ഷകർക്കൊപ്പം ഇറങ്ങിപ്പോരുന്ന കഥാപാത്രങ്ങളിൽ മുൻപന്തിയിലുണ്ട് ആലപ്പുഴ അരൂർക്കാരനായ ത്സൊ (Tso) അവതരിപ്പിച്ച സഖാവ് ഗംഗാധരൻ.
പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നു പഠിച്ചിറങ്ങിയ ത്സൊ ആദ്യമായല്ല സിനിമയിൽ അഭിനയിക്കുന്നത്. കമ്മാരസംഭവം, മിഖായേൽ എന്നീ ചിത്രങ്ങളിൽ അപ്രധാന വേഷങ്ങളിലെത്തിയ ത്സൊയ്ക്ക് ഒരു മുഴുനീള വേഷം ലഭിച്ചത് തുറമുഖത്തിലാണ്. അഭിനയജീവിതത്തിൽ വഴിത്തിരിവാകും എന്നുറപ്പുള്ള ഈ കഥാപാത്രം പ്രേക്ഷകരിലേക്കെത്താൻ കാത്തിരിക്കേണ്ടി വന്നത് മൂന്നര വർഷം. സ്വന്തം പ്രകടനത്തിലും രാജീവ് രവിയിലും വിശ്വസിച്ച ത്സൊ പക്ഷേ നിരാശപ്പെട്ടില്ല. സിനിമ ഇറങ്ങുമ്പോൾ ആ കാത്തിരിപ്പിന് ശുഭകരമായ പരിസമാപ്തിയുണ്ടാകുമെന്ന് ഉറച്ചു വിശ്വസിച്ചു. ഒടുവിൽ അതു തന്നെ സംഭവിച്ചു. സഖാവ് ഗംഗാധരനെ പ്രേക്ഷകർ ശ്രദ്ധിച്ചു; ആ കഥാപാത്രം ചെയ്ത നടനെയും! തുറമുഖത്തെക്കുറിച്ചും കടന്നുവന്ന വഴികളെക്കുറിച്ചും മനസ്സു തുറന്ന് ത്സൊ മനോരമ ഓൺലൈനിൽ.
വ്യത്യസ്തമായ പേരിനു പിന്നിൽ
ത്സൊ (Tso) എന്നത് അഭിനേതാവ് എന്ന നിലയിൽ ഞാൻ സ്വീകരിച്ച പേരാണ്. കായൽ എന്ന അർഥം വരുന്ന തിബത്തൻ വാക്കാണ് ത്സൊ. എന്റെ വീട് ആലപ്പുഴയിലെ അരൂരാണ്. എന്നെ അടയാളപ്പെടുത്താൻ ആ വാക്ക് നല്ലതാണെന്നു തോന്നി. പിന്നെ, ജാതി, മതം, ലിംഗം, വർഗം, ഭാഷ തുടങ്ങിയ കാര്യങ്ങളൊന്നും പേരിൽനിന്നു പെട്ടെന്ന് കണ്ടെത്താൻ കഴിയില്ല എന്നതും ഇങ്ങനെ ഒരു പേര് സ്വീകരിക്കുന്നതിന് പ്രചോദനമായി.
ആദ്യ ഓഡിഷനിൽ പരാജയം
തുറമുഖത്തിന്റെ ഓഡിഷനു വേണ്ടി ഷോ റീൽ അയച്ചു കൊടുത്തിരുന്നെങ്കിലും ആദ്യം അവർ വിളിച്ചില്ല. പിന്നെ, മിഖായേലിന്റെ ഷൂട്ടിന്റെ സമയത്ത് ഫോർട്ടുകൊച്ചിയിൽ തുറമുഖത്തിന്റെ ഓഡിഷൻ നടക്കുന്നുവെന്ന് അറിഞ്ഞ് നേരെ ചെന്നു കയറുകയായിരുന്നു; ഒരു വൈൽഡ് കാർഡ് എൻട്രി പോലെ. അവസരം കിട്ടാൻ തുണച്ചത് ഗായകൻ ഷഹബാസ് അമനുമായുള്ള പരിചയമായിരുന്നു. അദ്ദേഹത്തിന്റെ റെക്കമെൻഡേഷനിൽ ഞാൻ രാജീവ് രവിയെ നേരിൽ പോയി കണ്ടു. അതിനു ശേഷം വീണ്ടും എന്നെ ഓഡിഷനു വിളിച്ചു. അതിലാണ് എനിക്ക് സിലക്‌ഷൻ കിട്ടുന്നത്.
പ്ലീസ്... ഒരു പതിനഞ്ച് മിനിറ്റ് തരൂ
സഖാവ് ഗംഗാധരനെയാണു ഞാൻ അവതരിപ്പിക്കേണ്ടതെന്നു രാജീവേട്ടൻ പറഞ്ഞെങ്കിലും ഇത്ര വലിയ കഥാപാത്രമാണെന്ന് അറിഞ്ഞിരുന്നില്ല. ഞാൻ തുറമുഖം എന്ന നാടകം കണ്ടിട്ടുണ്ട്. പക്ഷേ, സിനിമ ആകുമ്പോൾ ഓരോ കഥാപാത്രത്തിനും എത്ര സ്ക്രീൻ സ്പെയ്സ് ഉണ്ടെന്ന് അറിയില്ലല്ലോ. ഗോപൻ മാഷാണ് (ഗോപൻ ചിദംബരം) ഡയലോഗ് എഴുതുന്നത്. അദ്ദേഹം സെറ്റിൽ വന്നിരുന്നാണ് ഡയലോഗ് എഴുതുക. മാഷ് ഡയലോഗ് എഴുതിത്തരുമ്പോൾ ആകും ഇത്ര വലിയ ഡയലോഗാണ് എനിക്ക് പറയാനുള്ളതെന്ന് ഞാൻ അറിയുന്നത്. അല്ലാതെ നേരത്തേ തിരക്കഥയൊന്നും കണ്ടിട്ടോ വായിച്ചിട്ടോ ഉണ്ടായിരുന്നില്ല. അദ്ദേഹം ഡയലോഗ് തരുമ്പോൾ ഞാൻ പറയും, ‘മാഷേ... ഒരു പത്തു പതിനഞ്ചു മിനിറ്റ് കിട്ടിയാൽ എനിക്ക് വൃത്തിയായി പഠിച്ചു പറയാമായിരുന്നു’ എന്ന്. അപ്പോൾ അദ്ദേഹം പറയും, ‘എടാ എനിക്കു തന്നെ കിട്ടുന്നത് അഞ്ചു മിനിറ്റാ... അപ്പോൾ ഞാനെങ്ങനെയാ നിനക്ക് 15 മിനിറ്റ് മുമ്പ് ഡയലോഗ് തരിക?’
സിംഗിൾ ടേക്കിൽ ഓകെ
ക്ലൈമാക്സ് സിംഗിൾ ടേക്കായിരുന്നു. ആദ്യ ടേക്കിൽത്തന്നെ അത് ഓകെ ആയി. വീണ്ടും എടുത്തിരുന്നെങ്കിൽ അത്രയും നന്നായി വരുമായിരുന്നോ എന്നു സംശയമാണ്. രാജീവേട്ടനും അത് ഓകെയായിരുന്നു. കുറച്ച് സംഘട്ടനരംഗങ്ങളുണ്ടായിരുന്നു. അതിനുശേഷമാണ് തൊഴിലാളികളെ അഭിസംബോധന ചെയ്യുന്ന ഭാഗം ചിത്രീകരിച്ചത്. കുറച്ചു മുദ്രാവാക്യം ഉച്ചത്തിൽ വിളിക്കുമ്പോൾത്തന്നെ ശബ്ദം പോകും. അതിനു മുമ്പ് അത്തരം ചില രംഗങ്ങൾ എടുത്തിരുന്നു. അതോടെ ഒച്ച പകുതി പോയി. അതേ ശബ്ദത്തിൽത്തന്നെ ബാക്കി ഭാഗങ്ങൾ ചിത്രീകരിക്കുകയായിരുന്നു. അതും സിങ്ക് സൗണ്ടിൽ! ഇടയ്ക്കിടയ്ക്ക് പ്രൊഡക്‌ഷനിൽ നിന്ന് ചൂടുവെള്ളം കൊണ്ടു വന്നു തരും. ശബ്ദം അടഞ്ഞതൊന്നും ഒരു പ്രശ്നമായി തോന്നിയതേ ഇല്ല. ആ കഥാപാത്രത്തിന് അങ്ങനെയേ സംസാരിക്കാൻ കഴിയുമായിരുന്നുള്ളൂ.
പ്രസംഗം പഠിച്ചത് തിരമാലകളോടു പറഞ്ഞ്
സഖാവ് ഗംഗാധരന്റെ ഡയലോഗ് ഡെലിവറി മെച്ചപ്പെടുത്താൻ, വിഎഫ്എക്സ് ചെയ്തിരുന്ന രോഹൻ എനിക്കൊരു ടിപ് പറഞ്ഞു തന്നിരുന്നു. ഞങ്ങളുടെ ലൊക്കേഷന്റെ അടുത്തായിരുന്നു കടൽ. തലശേരിയിലായിരുന്നു ഷൂട്ട്. കടൽത്തീരത്തു പോയി ആ ഡയലോഗ് ഉച്ചത്തിൽ പറഞ്ഞുനോക്കാൻ അദ്ദേഹം നിർദേശിച്ചു. അതിനു മുമ്പ് ഡയലോഗ് ഉള്ള രംഗങ്ങളിൽ അതു പറയുമ്പോൾ എനിക്ക് തെറ്റിപ്പോകാറുണ്ടായിരുന്നു. അതുകൊണ്ടാണ് ഏറ്റവും പ്രധാനപ്പെട്ട രംഗത്തിലെ ഡയലോഗ് പറഞ്ഞ് പരിശീലിക്കാമെന്നു തോന്നിയത്. അതു ശരിക്കും ഗുണം ചെയ്തു. ഭാഗ്യത്തിന് ഈ രംഗം ഷൂട്ട് ചെയ്യുമെന്നു പറഞ്ഞ ദിവസം അതു നടന്നില്ല. അപ്പോൾ എനിക്ക് ഒരുങ്ങാൻ അൽപം കൂടി സമയം കിട്ടി. അതിനു മുമ്പുള്ള പ്രസംഗങ്ങളിൽ ഇങ്ങനെ ഒരുങ്ങാൻ പറ്റിയിരുന്നില്ല. ഷോട്ടിനു തൊട്ടു മുമ്പാണ് പറയാനുള്ള ഡയലോഗ് കിട്ടുക.
ആ മുദ്രാവാക്യം വിളിക്കു പിന്നിൽ
ഞാൻ പഠിച്ചത് ബെംഗളൂരുവിലും ചെന്നൈയിലും പുണെയിലുമൊക്കെയായിരുന്നു. അവിടെയൊന്നും സമരങ്ങൾ ഉണ്ടായിട്ടില്ല. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുമ്പോൾ സമരങ്ങൾ നടന്നിട്ടുണ്ടെങ്കിലും ഞാൻ മുദ്രാവാക്യം വിളിച്ചിട്ടൊന്നുമില്ല. സത്യത്തിൽ സിനിമയിലാണ് ഞാൻ ആദ്യമായി മുദ്രാവാക്യം വിളിക്കുന്നത്. അതിൽ സഹായിച്ചത് കവി അൻവർ അലിയാണ്. അദ്ദേഹവും ഗോപൻ മാഷും ചേർന്നാണ് സിനിമയ്ക്കു വേണ്ടി മുദ്രാവാക്യങ്ങൾ എഴുതിയത്. അൻവർ അലി ഈ മുദ്രാവാക്യങ്ങളുടെ ഒരു ടോൺ സെറ്റ് ചെയ്തിരുന്നു. അദ്ദേഹം ഉറക്കെ ചൊല്ലിത്തരുന്നത് നന്നായി സഹായിച്ചു. അതിൽനിന്നു പ്രചോദനം ഉൾക്കൊണ്ട് എന്റെ രീതിയിൽ മുദ്രാവാക്യം വിളിക്കുകയായിരുന്നു. ചടപ്പ് ഉണ്ടാവാത്ത രീതിയിൽ മോഡുലേഷൻ മാറ്റി. അത് സിനിമയിൽ വർക്ക് ആയി.
സുഹൃത്തുക്കൾക്ക് സർപ്രൈസ്
സിനിമ കണ്ട് സുഹൃത്തുക്കളും കുടുംബക്കാരും വിളിക്കുന്നുണ്ട്. സത്യത്തിൽ ഞാൻ ഇവരോടൊക്കെ കുറെ കാലമായി ഈ സിനിമയെക്കുറിച്ച് പറയുന്നതാണ്. തുറമുഖം ഇറങ്ങിയാൽ കാര്യങ്ങൾ മാറുമെന്നൊക്കെ! പക്ഷേ, എന്താണ് എന്റെ കഥാപാത്രമെന്നോ ഇത്രയും സ്ക്രീൻ സ്പെയ്സ് ഉണ്ടെന്നോ പറഞ്ഞിരുന്നില്ല. സിനിമ കണ്ടപ്പോഴാണ് അവർ അതെല്ലാം തിരിച്ചറിഞ്ഞത്. അവർക്ക് ശരിക്കും അതൊരു സർപ്രൈസ് ആയിരുന്നു.