‘ഓസ്ലറി’ലെ അലക്സാണ്ടര് ജൂനിയർ; ആഡത്തിന്റെ ഫോട്ടോ കണ്ട് മമ്മൂട്ടി പറഞ്ഞത്; അഭിമുഖം
സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ‘പൂമാനമേ’ തരംഗമാണ്. മമ്മൂട്ടിയും സുമലതയും അനശ്വരമാക്കിയ ‘നിറക്കൂട്ടി’ലെ ഗാനരംഗത്തിലെ പ്രണയ ജോഡികളിൽ മാത്രമാണ് വ്യത്യാസമുള്ളത്. പുതുമുഖ താരം ആഡം സാബിയും കുടുംബപ്രേക്ഷകരുടെ പ്രിയതാരം
സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ‘പൂമാനമേ’ തരംഗമാണ്. മമ്മൂട്ടിയും സുമലതയും അനശ്വരമാക്കിയ ‘നിറക്കൂട്ടി’ലെ ഗാനരംഗത്തിലെ പ്രണയ ജോഡികളിൽ മാത്രമാണ് വ്യത്യാസമുള്ളത്. പുതുമുഖ താരം ആഡം സാബിയും കുടുംബപ്രേക്ഷകരുടെ പ്രിയതാരം
സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ‘പൂമാനമേ’ തരംഗമാണ്. മമ്മൂട്ടിയും സുമലതയും അനശ്വരമാക്കിയ ‘നിറക്കൂട്ടി’ലെ ഗാനരംഗത്തിലെ പ്രണയ ജോഡികളിൽ മാത്രമാണ് വ്യത്യാസമുള്ളത്. പുതുമുഖ താരം ആഡം സാബിയും കുടുംബപ്രേക്ഷകരുടെ പ്രിയതാരം
സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ‘പൂമാനമേ’ തരംഗമാണ്. മമ്മൂട്ടിയും സുമലതയും അനശ്വരമാക്കിയ ‘നിറക്കൂട്ടി’ലെ ഗാനരംഗത്തിലെ പ്രണയ ജോഡികളിൽ മാത്രമാണ് വ്യത്യാസമുള്ളത്. പുതുമുഖ താരം ആഡം സാബിയും കുടുംബപ്രേക്ഷകരുടെ പ്രിയതാരം അനശ്വര രാജനും കണ്ണുകൾ കോർക്കുമ്പോൾ പ്രേക്ഷകർക്ക് നിറക്കൂട്ടിലെ മമ്മൂട്ടിയേയും സുമലതയേയും ഓർമവരുന്നു. മിഥുൻ മാനുവൽ സംവിധാനം ചെയ്ത ‘എബ്രഹാം ഓസ്‌ലർ’ എന്ന ഹിറ്റ് ചിത്രത്തിൽ മമ്മൂട്ടിയുട കഥാപാത്രമായ അലക്സാണ്ടറുടെ യൗവനം അവതരിപ്പിച്ചത് ആഡം സാബിക് എന്ന പുതുമുഖമാണ്. സിനിമ സ്വപ്നം കണ്ടുനടന്ന ആഡം സാബിക്കിന് സ്വപ്നതുല്യമായ തുടക്കമാണ് എബ്രഹാം ഓസ്‌ലറിൽ കിട്ടിയത്. ജയറാം നായകനായെത്തിയ ചിത്രത്തിൽ മമ്മൂട്ടിയുടെ ചെറുപ്പം അവതരിപ്പിച്ചുകൊണ്ട് സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ കഴിഞ്ഞത് ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നു എന്ന് ആഡം പറയുന്നു. പുതുമുഖമായ തന്നെ മമ്മൂട്ടി ആദ്യമായി കണ്ടപ്പോൾ കരം കവർന്ന് സ്വീകരിച്ചെന്നും ജയറാം ഉൾപ്പടെയുള്ള താരങ്ങൾ വളരെ നല്ല പിന്തുണയാണ് നൽകിയതെന്നും ആഡം പറയുന്നു. ആദ്യസിനിമയുടെ വിശേഷങ്ങൾ പങ്കുവച്ചുകൊണ്ട് ആഡം മനോരമ ഓൺലൈനിൽ എത്തുന്നു.
സ്വപ്നതുല്യമായ അരങ്ങേറ്റം
സനീഷ് എന്ന ചേട്ടൻ ആർട്ടിസ്റ്റുകളെ കോഓർഡിനേറ്റ് ചെയ്യുന്ന ആളാണ്. ഓസ്‌ലറിലെ ഫ്ലാഷ് ബാക്ക് അവതരിപ്പിക്കാൻ കുറച്ച് പയ്യന്മാരെ വേണം എന്ന് സിനിമയുടെ ക്രിയേറ്റീവ് ഡയറക്ടർ പ്രിൻസ് ജോയ് ആണ് സനീഷ് ചേട്ടനോട് പറഞ്ഞത്. സനീഷ് ചേട്ടനെ എനിക്ക് വളരെക്കാലമായി അറിയാം. ഓഡിഷന് പോകാൻ ഒക്കെ അദ്ദേഹം എന്നെ സഹായിച്ചിട്ടുണ്ട്. ഓസ്‌ലറിലെ ഒരു ഡയലോഗ് അദ്ദേഹം എനിക്ക് അയച്ചു തന്നിട്ട് നീ ഇതൊന്നു ചെയ്ത് അയയ്ക്കൂ എന്ന് പറഞ്ഞു. ഞാൻ അത് ഒന്നുരണ്ടു മോഡുലേഷനിൽ ചെയ്ത് അയച്ചു. പ്രിൻസ് ചേട്ടൻ അത് കണ്ടിട്ട് അവരുടെ ഫ്‌ളാറ്റിലേക്ക് ചെല്ലാൻ പറഞ്ഞു. അവിടെവച്ച് എന്നോട് ഈ സിനിമയുടെ കാര്യങ്ങളൊക്കെ സംസാരിച്ചു. പക്ഷേ എന്റെ റോൾ ഉറപ്പിച്ചില്ല. ഞാൻ ഓക്കേ ആണോയെന്ന് മിഥുൻ മാനുവൽ പറയണം, മമ്മൂക്കയ്ക്കും ഓക്കേ ആകണം. മമ്മൂക്കയ്ക്ക് എന്റെ ഫോട്ടോ അയച്ചുകൊടുത്തു. രണ്ടാഴ്ച കഴിഞ്ഞു മമ്മൂക്ക മറുപടി പറഞ്ഞു ‘അവൻ ചെയ്യട്ടെ’. അങ്ങനെയാണ് ഞാൻ സ്വപ്നതുല്യമായ അരങ്ങേറ്റം കുറിക്കുന്നത്.
മമ്മൂക്കയുടെ യൗവനം അവതരിപ്പിക്കാൻ പേടി ഉണ്ടായിരുന്നു
തുടക്കക്കാരനായ എനിക്ക് ആദ്യം തന്നെ കിട്ടിയത് മമ്മൂക്കയുടെ ചെറുപ്പകാലം ചെയ്യാനാണ്. സ്ക്രിപ്റ്റ് കിട്ടിയപ്പോഴാണ് മമ്മൂക്കയുടെ യൗവനകാലമാണ് അഭിനയിക്കാൻ പോകുന്നതെന്ന് മനസ്സിലായത്. ഒരുപാട് സന്തോഷം തോന്നി. അതിനേക്കാൾ കൂടുതൽ ഉത്തരവാദിത്തവും കൂടി. ഞാൻ അഭിനയിച്ച് അത് മമ്മൂക്കയുടെ ചെറുപ്പകാലം തന്നെ എന്ന് പ്രേക്ഷകരെ ബോധ്യപ്പെടുത്തണം. മമ്മൂക്ക എന്താണെന്ന് കാണാപ്പാഠം ആയിട്ടുള്ള പ്രേക്ഷകരാണ് നമ്മുടെ മുന്നിലുള്ളത്. ഒരു പാളിച്ച പോലും പാടില്ല. മമ്മൂക്കയോടുള്ള ഇഷ്ടത്തിന്റെ ഒരു ചെറിയ അംശം എങ്കിലും എന്നോട് തോന്നിക്കണം. എനിക്കാകെ പേടി ആയിരുന്നു. സംവിധായകൻ മിഥുൻ ചേട്ടൻ, സഹായികളായ പ്രിൻസ് ചേട്ടൻ, റെജീഷ് ചേട്ടൻ, അലൻ ചേട്ടൻ, ബേസിൽ ചേട്ടൻ തുടങ്ങി എല്ലാവരും നല്ല പിന്തുണ തന്നതുകൊണ്ടാണ് എനിക്ക് ഈ കഥാപാത്രം ചെയ്യാൻ കഴിഞ്ഞത്. അതുകൊണ്ടാണ് നിങ്ങളിപ്പോൾ സ്‌ക്രീനിൽ കാണുന്ന അലക്‌സാണ്ടർ ജൂനിയർ ഉണ്ടായത്.
ആദ്യം കണ്ടപ്പോൾ മമ്മൂക്ക കൈ തന്നു
ഈ സിനിമയുടെ ലൊക്കേഷനിൽ മമ്മൂക്ക വന്ന ആദ്യദിവസമാണ് ഞാൻ മമ്മൂക്കയെ ആദ്യമായി കാണുന്നത്. എന്റെ ഫോട്ടോ നേരത്തേ അദ്ദേഹം കണ്ടിരുന്നു എങ്കിലും ലൊക്കേഷനിൽ വച്ചു കാണുമ്പോൾ തിരിച്ചറിയും എന്ന് വിചാരിച്ചില്ല. അദ്ദേഹം മിഥുൻ ചേട്ടനും ഛായാഗ്രഹകനും കൈകൊടുക്കുന്നതിനിടയിലാണ് എന്നെ കണ്ടത്. ഞാൻ കൈ കെട്ടി സൈഡിൽ നിൽക്കുകയായിരുന്നു അദ്ദേഹം തിരിഞ്ഞു നോക്കിയിട്ട് പെട്ടെന്ന് വന്നു എനിക്ക് കൈ തന്നു. ഇതുവരെ കണ്ടിട്ടില്ലാത്ത എനിക്ക് അദ്ദേഹം ഷേക്ഹാൻഡ് തരുമെന്ന് ഞാൻ ഞാൻ തീരെ പ്രതീക്ഷിച്ചില്ല. എനിക്ക് ഒരുപാട് സന്തോഷമായി. എന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരനുഭവമാണ് അത്.
സിനിമയുടെ പ്രസ് മീറ്റിന് ഇരുന്നപ്പോൾ ഞങ്ങളെ കൂടി പരിചയപ്പെടുത്താൻ മമ്മൂക്ക പറഞ്ഞു. സിനിമയിൽ മമ്മൂക്കയുടെ ഭാഗം ഷൂട്ട് ചെയ്യുമ്പോൾ ഞങ്ങൾക്ക് ഷൂട്ട് ഇല്ല, ആ സമയത്ത് ഞങ്ങളെല്ലാം സെറ്റിൽ പോകും. എന്നിട്ട് മറ്റുള്ളവർ ചെയ്യുന്നത് കണ്ടുകൊണ്ടിരിക്കും. മമ്മൂക്ക അഭിനയിക്കുന്നത് നേരിട്ട് കാണാൻ കിട്ടുന്ന അവസരം നഷ്ടപ്പെടുത്താൻ കഴിയില്ലല്ലോ. അദ്ദേഹത്തിന്റെ വോയ്‌സ് മോഡുലേഷൻ, ചെറിയ ഭാവമാറ്റങ്ങൾ, പെട്ടെന്നുതന്നെ കഥാപാത്രമായി മാറുന്നത് ഇതൊക്കെ കണ്ടു പഠിക്കാൻ തന്നെ പ്രയാസമാണ്. അദ്ദേഹം അഭിനയിക്കുന്നത് നേരിട്ട് കാണാൻ അവസരം കിട്ടുന്നത് ഭാഗ്യമാണ്. അദ്ദേഹത്തെ നോക്കി ഇരിക്കുമ്പോൾ പലതും പഠിക്കാൻ പറ്റും. സെറ്റിൽ കളി തമാശകൾ പറഞ്ഞിരിക്കുന്ന ആള് "ഷോട്ട് റെഡി ഇക്കാ" എന്ന് പറയുമ്പോൾ നിമിഷനേരം കൊണ്ട് അലക്‌സാണ്ടർ ആയി മാറുന്നത് നേരിട്ട് കണ്ട് അദ്ഭുതപ്പെട്ട് പോയിട്ടുണ്ട്. നമുക്ക് അതൊക്കെ സർപ്രൈസ് ആണ്.
മമ്മൂക്കയുടെ ആ കമന്റ് മിഥുൻ ചേട്ടൻ വെളിപ്പെടുത്തട്ടെ
മൂവാറ്റുപുഴയാണ് സ്വദേശം. ഇലാഹിയാ കോളജിൽ ആണ് പഠിച്ചത്. സിനിമയുമായി ഒരു ബന്ധമില്ലാത്ത കുടുംബമാണ് എന്റേത്. കുറേനാളായി സിനിമയിൽ അഭിനയിക്കാനുള്ള ആഗ്രഹവുമായി നടക്കുകയായിരുന്നു ഞാൻ. മറ്റൊരു ജോലിയെപ്പറ്റിയോ ബിസിനസിനെപ്പറ്റിയോ ഞാൻ ചിന്തിച്ചിട്ടില്ല. എന്റെ മനസ്സിൽ സിനിമ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുറെ ഓഡിഷനിൽ പങ്കെടുത്തു, സംവിധായകരെ പോയി കണ്ടിട്ടുണ്ട്. ഒടുവിലാണ് സനീഷേട്ടൻ വഴി ഈ അവസരം കിട്ടിയത്. അത്രയ്ക്ക് ആഗ്രഹിച്ചു നടന്നത് കൊണ്ടാകാം ആദ്യത്തെ അവസരം തന്നെ സ്വപ്നതുല്യമായ വേഷമായത്. വലിയൊരു തുടക്കമാണ് എനിക്ക് കിട്ടിയത്. ഈ വേഷം എന്റെ ഉത്തരവാദിത്തം കൂട്ടുകയാണ്. സിനിമ റിലീസ് ആയപ്പോൾ മമ്മൂക്കയും അദ്ദേഹത്തിന്റെ ഭാര്യയും മിഥുൻ ചേട്ടനും കൂടി ഇരുന്നാണ് സിനിമ കണ്ടത്. ഞാൻ ചെയ്തത് കണ്ടിട്ട് മമ്മൂക്ക മിഥുൻ ചേട്ടനോട് ഒരു കമന്റ് പറഞ്ഞിട്ടുണ്ട് അത് എന്താണെന്ന് മിഥുൻ ചേട്ടൻ തന്നെ എന്നെങ്കിലും വെളിപ്പെടുത്തട്ടെ. അദ്ദേഹം നല്ല അഭിപ്രായം പറഞ്ഞു എന്നാണ് അറിഞ്ഞത്. എന്റെ ഒപ്പം അഭിനയിച്ച മറ്റു താരങ്ങൾ എല്ലാം മുൻപേ തന്നെ ചെറിയ വേഷങ്ങളിൽ ഒക്കെ അഭിനയിച്ചിട്ടുള്ളവരാണ്. അവരുമായിട്ടെല്ലാം നല്ല സൗഹൃദം ഉണ്ടായി. വളരെ ആസ്വദിച്ചാണ് ഞങ്ങൾ വർക്ക് ചെയ്തത്.
വീണ്ടും ഹിറ്റായ പൂമാനം
അനശ്വര ഇപ്പോൾ എന്റെ അടുത്ത കൂട്ടുകാരിയാണ്. ഷൂട്ടിങ് സമയത്തൊക്കെ അനശ്വര ഒരുപാട് സഹായിച്ചിട്ടുണ്ട്, എന്നെ ഗൈഡ് ചെയ്തിട്ടുണ്ട്. നീ അത് അങ്ങനെയൊന്ന് പറഞ്ഞു നോക്കിക്കേ, ഇത് നമുക്ക് ഇങ്ങനെ ചെയ്താലോ, ഇങ്ങനെയൊക്കെ ഞങ്ങളുടെ ഇടയിൽ ഒരു സഹകരണം ഉണ്ടായിട്ടുണ്ട്. അതിന്റെ പ്രതിഫലനമാണ് ഇപ്പോൾ സിനിമയിൽ കാണുന്ന കെമിസ്ട്രി. എത്രയോ മുന്നേ സിനിമയിൽ വന്നു നിരവധി ഹിറ്റ് കഥാപാത്രങ്ങൾ ചെയ്ത താരമാണ് അനശ്വര. ഒരു പുതിയ ആർട്ടിസ്റ്റായ എന്നോട് വളരെ സൗഹൃദത്തോടെ ഇടപെടുകയും ഒട്ടും താരജാഡ ഇല്ലാതെ പെരുമാറുകയും ചെയ്തു. അലക്‌സാണ്ടർ–സുജ ജോഡികളെ പ്രേക്ഷകർ നെഞ്ചേറ്റിക്കഴിഞ്ഞു.
പൂമാനമേ എന്ന ഗാനം വീണ്ടും ഹിറ്റാകുന്നതും അതിൽ അതിലെ പ്രണയ ജോഡികൾ ഞാനും അനശ്വരയും ആയതും ഒക്കെ ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യമാണ്. ഒരുപാട് പേര് വിളിച്ച് ഞങ്ങൾ നല്ല ജോഡി ആയിരുന്നു എന്ന് പറയുന്നുണ്ട്. നമ്മൾ അഭിനയിച്ചത് ആളുകൾ സ്വീകരിക്കുമ്പോൾ ഒരുപാട് സന്തോഷമുണ്ട്. എന്റെ കൂടെ അഭിനയിച്ചവർ നന്നായി അഭിനയിച്ചതുകൊണ്ടാണ് എനിക്കും എന്റെ ഭാഗം ഭംഗിയായി ചെയ്യാൻ കഴിഞ്ഞത്. പരസ്പരം സപ്പോർട്ട് കൊടുത്തിട്ടുണ്ട്. എന്റെ കഥാപാത്രം വിജയിച്ചിട്ടുണ്ടെങ്കിൽ അത് എന്റെ ഉത്തരവാദിത്തം കൂട്ടുകയാണ്. ഇനി ഒരു സിനിമ ചെയ്യുമ്പോൾ ഇതിനേക്കാൾ മികച്ചതായി ചെയ്യേണ്ടി വരും. നമ്മൾ പുറത്തുനിന്ന് കാണുന്ന സിനിമയല്ല അകത്ത്. നമ്മൾ കാണുന്ന ഓരോരുത്തരിലും നിന്ന് ഒരുപാട് പഠിക്കാനുണ്ട്. പഠിച്ചും തിരുത്തിയും ഒരു നല്ല നടനാകാനുള്ള ശ്രമങ്ങൾ ഞാനെന്നും നടത്തിക്കൊണ്ടിരിക്കും.
ജയറാം ഒരു അടിപൊളി മനുഷ്യൻ
ജയറാമേട്ടൻ ഒരു അടിപൊളി മനുഷ്യനാണ്. സെറ്റിൽ തമാശകൾ പറഞ്ഞു പൊട്ടിച്ചിരിപ്പിച്ചുകൊണ്ടിരിക്കും. നന്നായി കഥപറയുന്ന ആളാണ്. രസകരമായി കഥ പറഞ്ഞു ചിരിപ്പിക്കാൻ അദ്ദേഹത്തെ കഴിഞ്ഞിട്ടേ ആരും ഉള്ളൂ. പഴയ സിനിമാക്കഥകളും പുതിയ കഥകളും ഒക്കെ പറയും. ഞങ്ങൾ ഓരോന്ന് പറയുമ്പോൾ പൊട്ടിച്ചിരിക്കും. അദ്ദേഹം ഞങ്ങളോട് കാണിച്ച സ്നേഹവും കരുതലും പരിഗണനയും വളരെ വലുതാണ്.
മിഥുൻ മാനുവൽ എന്ന പവർ ഫാക്ടർ
മിഥുൻ മാനുവൽ ആണ് ഞങ്ങളുടെ തണൽമരം. എന്റെ മാത്രമല്ല ഡയറക്‌ഷൻ ടീമിന്റെയും അഭിനോതാക്കളുടെയും. എന്റെ കഥാപാത്രമായ ജൂനിയർ അലക്‌സാണ്ടർ എന്തായിരിക്കണം എന്ന നല്ല ധാരണ അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മനസ്സിലെ തിരശീലയിൽ ഉള്ള കാര്യങ്ങൾ പറഞ്ഞു തരുന്നത് അതുപോലെ തന്നെ ചെയ്താൽ മതി പിന്നെ ജോലി എളുപ്പമായി. എല്ലാം നന്നായി പറഞ്ഞു പഠിപ്പിച്ചു തരും. നമ്മെ നല്ല രീതിയിൽ ഗൈഡ് ചെയ്യും. ഡയറക്‌ഷൻ ടീമിലെ പ്രിൻസ് ചേട്ടൻ ഒരുപാട് സഹായിച്ചു. അടി കൊടുക്കുന്ന സീനിൽ "അടി കൊടുക്കെടാ, കേറി അടിക്ക്" എന്ന് പറഞ്ഞ് നമ്മുടെ ഉള്ളിലെ തീക്കനൽ ഊതികത്തിച്ചു തരും. ഇവരെല്ലാം ഞങ്ങളുടെ ഉള്ളിലെ തീ ആളി കത്തിച്ചിട്ടുണ്ട്.
എല്ലാം ഒരു സ്വപ്നം പോലെ
എല്ലായിടത്തും നിറഞ്ഞ സദസ്സുകളിൽ ഓടിക്കൊണ്ടിരിക്കുകയാണ് ചിത്രം. ഒരുപാട് സന്തോഷം, എല്ലാവരോടും ഒരുപാട് സ്നേഹം. ഞങ്ങൾ എല്ലാവരും ത്രില്ലിലാണ്. ജീവിതത്തിൽ നടക്കുന്ന ഓരോ നിമിഷവും ആസ്വദിക്കുകയാണ്. തിയറ്ററിൽ വിസിറ്റിന് ചെല്ലുമ്പോൾ എല്ലാവരും ഭയങ്കര സ്നേഹമാണ് കാണിക്കുന്നത്. നമ്മളെ വന്നു കെട്ടിപ്പിടിച്ചിട്ട് അലക്‌സാണ്ടർ ഒരുപാട് നന്നായിട്ടുണ്ട് എന്ന് പറയും. ഇതൊക്കെ സ്വപ്നം കണ്ട നിമിഷങ്ങളാണ്. ആ സ്വപ്നത്തിൽ ജീവിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോൾ. ഒരുപാടു മെസ്സേജുകളും ഫോൺ കോളുകളും വരുന്നുണ്ട് എല്ലാവർക്കും നല്ല അഭിപ്രായം ആണ് പറയാനുള്ളത്. വർഷങ്ങളായി നമ്മൾ ഒരു കാര്യം സ്വപ്നം കാണുന്നു ഒടുവിൽ ആ സ്വപ്നത്തിലേക്ക് എത്തുന്നു അത് വിജയിക്കുന്നു, ഇതിൽ കൂടുതൽ എന്താണ് വേണ്ടത്. തിയറ്ററിൽ ആളുകൾ എത്താൻ ബുദ്ധിമുട്ടുള്ള ഈ സമയത്ത് ഞങ്ങളുടെ സിനിമ ഹൗസ്ഫുൾ ആയി ഓടുന്നതിൽ പരം സന്തോഷം എന്താണ് വേണ്ടത്. ഒരു പുതുമുഖത്തെ സംബന്ധിച്ച് ഇതൊക്കെ വലിയ സന്തോഷങ്ങളാണ്. ഒരു സിനിമ ചെയ്തു അത് ഹിറ്റായി ആളുകൾ എന്നെ സ്വീകരിച്ചു പക്ഷേ ഇനി ഇവിടെ നിലനിൽക്കുക എന്നുള്ളതാണ് പ്രധാനം. പ്രേക്ഷകർ സ്വീകരിക്കുന്ന നല്ല കഥാപാത്രങ്ങൾ ചെയ്യണം എന്നാണ് ആഗ്രഹം.
ട്രെയിലർ വന്നപ്പോഴാണ് വീട്ടിൽ അറിഞ്ഞത്
എന്റെ വീട് മൂവാറ്റുപുഴയാണ്. ഉമ്മ സാജിത, ബാപ്പ അബ്ദുൽ കരീം, അനുജൻ മുഹമ്മദ് സിയാൻ, അനുജത്തി ഫാത്തിമ. ബാപ്പയ്ക്ക് ബിസിനസ് ആണ്. ഉമ്മയ്ക്ക് ബാങ്കിൽ ജോലിയുണ്ട്. അനുജനും അനുജത്തിയും പഠിക്കുകയാണ്. ഞാൻ സിനിമയിൽ അഭിനയിക്കുന്ന കാര്യം വീട്ടുകാർക്കോ സുഹൃത്തുക്കൾക്കോ അറിയില്ലായിരുന്നു. വീട്ടിൽ പറയാതെയാണ് ഞാൻ പോയത്. ഒരുമാസം കഴിഞ്ഞപ്പോൾ എന്റെ കൂട്ടുകാർ കണ്ടുപിടിച്ചു. അവർ പറഞ്ഞാണ് വീട്ടിൽ അറിഞ്ഞത്. പിന്നെ ട്രെയിലർ കണ്ടപ്പോഴാണ് കഥാപാത്രത്തെപ്പറ്റി വീട്ടുകാരും സുഹൃത്തുക്കളും അറിഞ്ഞത് എല്ലാവർക്കും ഭയങ്കര സർപ്രൈസ് ആയിപ്പോയി. വീട്ടുകാർ എന്നെ, നീ അത് ചെയ്യണം ഇത് ചെയ്യണം എന്നുപറഞ്ഞ് ഒന്നിനും നിർബന്ധിച്ചിട്ടില്ല. നിനക്ക് ഇഷ്ടമുള്ളത് ചെയ്യൂ എന്നാണു പറയുന്നത്. സിനിമയിൽ അഭിനയിക്കാനാണ് ആഗ്രഹം എന്നൊന്നും വീട്ടിൽ തുറന്നു പറഞ്ഞിട്ടില്ല. സിനിമ കണ്ടിട്ട് വീട്ടിൽ എല്ലാവർക്കും ഒരുപാട് സന്തോഷമായി. അവരോടും പടത്തെപ്പറ്റി ഒരുപാടുപേര് അഭിപ്രായം പറയുന്നുണ്ടെന്ന് പറഞ്ഞു. സിനിമ റിലീസ് ആയതിൽ പിന്നെ ഞാൻ വീട്ടിൽ പോയിട്ടില്ല, തിയറ്റർ വിസിറ്റ്, പ്രമോഷൻ തിരക്കുകളാണ്. വീട്ടിൽ പോയിട്ട് വീട്ടുകാരോടും കൂട്ടുകാരോടും ഒപ്പം സിനിമ കാണണം.