Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നൂറ് ഏക്കറിൽ രാജമൗലിയുടെ മഹിഷ്മതി !

rajamouli-farm-house മര്യാദരാമണ എന്ന ചിത്രത്തിനായി നിർമിച്ച വീട്(ഇടത്), രാജമൗലി (വലത്)

ബാഹുബലിയിലൂടെ മഹിഷ്മതിയെന്ന വലിയ രാജ്യത്തെ അതിമനോഹരമായി രൂപകൽപന ചെയ്ത് ദൃശ്യവത്കരിച്ച സംവിധായകനാണ് രാജമൗലി. ഇപ്പോഴിതാ പുതിയൊരു സാമ്രാജ്യം നിർമിക്കാനുള്ള പണിപ്പുരയിലാണ് അദ്ദേഹം. ഇത് സിനിമയ്ക്ക് വേണ്ടിയല്ല, സ്വന്തം ആവശ്യത്തിനായാണെന്ന് മാത്രം.

രാജമൗലി തന്റെ സ്വപ്നഭവനം നിർമിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് റിപ്പോർട്ട്. ഇതിനായി നൂറ് ഏക്കർ സ്ഥലമാണ് അദ്ദേഹം മേടിച്ചിരിക്കുന്നത്. സ്വാഭാവം പോലെ തന്നെ ജീവിതവും വളരെ ലളിതമായി കൊണ്ടുപോകുന്ന ആളാണ് രാജമൗലി. ചെയ്യുന്ന സിനിമകൾ ബ്രഹ്മാണ്ഡമാണെങ്കിലും ജീവിതത്തിൽ ഒരു ആഡംബരത്തിനും രാജമൗലിയെ കിട്ടില്ല. ആഡംബര കാറുകളോ വലിയ അപാർട്ട്മെന്റുകളോ സ്വന്തമായി ഇല്ലാത്ത സംവിധായകൻ കൂടിയാണ് അദ്ദേഹം.

തെലങ്കാന സംസ്ഥാനത്തെ കട്ടൻഗോർ മണ്ഡലിൽ ദൊനകൊണ്ഡയിലാണ് 100 ഏക്കർ സ്ഥലം രാജമൗലി കഴിഞ്ഞ വർഷം മേടിച്ചത്. ആവശ്യമില്ലാതെ കിടക്കുന്ന ഗ്രാമപ്രദേശമാണ് രാജമൗലി തിരഞ്ഞെടുത്തത്. ഒരു തരിശ് ഭൂമി. സ്വന്തമായി വീട് എന്നതിലുപരി കൃഷി ആവശ്യങ്ങൾക്കായാകും അദ്ദേഹം ഈ സ്ഥലം കൂടുതൽ ഉപയോഗിക്കുക.

ഇതേ സ്ഥലത്ത് വലിയൊരു ഫാം ഹൗസും ചെറിയ രണ്ട് വീടുകളും പണിയാനാണ് രാജമൗലിയുടെ പദ്ധതി. കലാസംവിധായകനായ രവിന്ദർ ആണ് വീട് ഡിസൈൻ ചെയ്യുക. രാജമൗലിയുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ചാകും ഡിസൈൻ. ഫാം ഹൗസിന്റെ പണി അവസാനഘട്ടത്തിലായെന്നാണ് റിപ്പോർട്ട്. രാജമൗലി ചിത്രം മര്യാദരാവണക്കായി രവിന്ദർ നിർമിച്ച അതേ വീടിന്റെ മാതൃകയിലാകും ഇതും പണിയുക.

രാജമൗലിയുടെ ബന്ധുവും സംഗീതഞ്ജനുമായ എം എം കീരവാണിയും നിർമാതാവ് സായി കൊരപതിയും (ഈഗ നിർമാതാവ്) ഫാം ഹൗസ് നിർമിക്കുന്നിടത്ത് കുറച്ച് സ്ഥലം മേടിച്ചിട്ടുണ്ട്. കൃഷി ആവശ്യത്തിനായാണ് ഈ സ്ഥലം ഉപയോഗിക്കുക.

ബാഹുബലിയിൽ സംവിധായകന്റെ പ്രതിഫലം മാത്രമല്ല രാജമൗലിക്ക് ലഭിച്ചത്. സിനിമയുടെ ലാഭത്തിന്റെ മൂന്നിലൊന്ന് സംവിധായകന് എന്ന നിലയിലായിരുന്നു കരാർ. ഇന്ത്യയിൽ ഏറ്റവുമധികം പ്രതിഫലം മേടിച്ച സംവിധായകൻ രാജമൗലിയാണെന്ന് തെലുങ്ക് മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.