Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതൊക്കെ ‘അമ്മ’യുടെ നാടകം: തുറന്നടിച്ച് വിനയന്‍

vinayan-sidhique

താരസംഘടനയിലെ പോരുകൾ ജനങ്ങൾ ആദ്യമായി അറിയുന്നത് സംവിധായകൻ വിനയനിലൂടെയാണ്. സംഘടനയിലെ തമ്മിൽ പൊരും പാരവയ്പ്പുമെല്ലാം ഇപ്പോൾ മറനീക്കി പുറത്തുവരികയാണ്. താരസംഘടനയിലെ ചേരിപ്പോരിനെക്കുറിച്ച് മനോരമന്യൂസ് ഡോട്ട് കോമിനോട് പറയുകയാണ് വിനയൻ.

വിതച്ചതേ കൊയ്യൂ എന്നതിന്റെ തെളിവാണ് ഇന്ന് താരസംഘടയയക്കുള്ളിൽ നടക്കുന്നതെന്ന് വിനയന്‍ പറയുന്നു. എന്നെയും തിലകൻ ചേട്ടനേയുമൊക്കെ ഒരുപാട് ദ്രോഹിച്ചിട്ടുണ്ട് ഇൗ സംഘടനയും സൂപ്പർ താരങ്ങളും. അന്ന് ഞാൻ സംഘടനയിലെ പ്രശ്നങ്ങൾ പറഞ്ഞപ്പോൾ എന്നെ എല്ലാവരും ഒറ്റപ്പെടുത്തി. എനിക്ക് എന്തോ കുഴപ്പമുണ്ടെന്ന് പറഞ്ഞുപരത്തി. എന്റെ തൊഴിൽ ചെയ്യാനുള്ള അവകാശം വരെ എടുത്തുമാറ്റി. എല്ലാവരേയും എന്നിൽ നിന്നകറ്റി– വിനയന്‍ പറയുന്നു.

ഇപ്പോൾ അവർ പറയുന്നു, ദിലീപിന് ജോലിചെയ്യാനുള്ള അവകാശമുണ്ടെന്ന്. അയാൾ സിനിമയിൽ അഭിനയിക്കട്ടേ എന്ന്. അപ്പോൾ എനിക്കും തിലകൻ ചേട്ടനുമൊന്നും തൊഴിൽ ചെയ്യാൻ അവകാശമുണ്ടായിരുന്നില്ലേ? എത്രപേരെ അവർ പ്രത്യക്ഷമായും പരോക്ഷമായും സിനിമയിൽ നിന്ന് വിലക്കി. എത്രപേരെ ഇവർ സിനിമയിൽ നിന്നകറ്റി നിർത്തി. ഇല്ലായ്മ ചെയ്തു. ഇപ്പോഴത്തെ സംഭവവികാസങ്ങളൊക്കെ കണ്ട് ഞാൻ സ്വയം ആനന്ദിക്കുകയാണ്– വിനയന്‍ പറഞ്ഞു.

യാദവവംശത്തിലെ ശാപം പോലെ ഇവർ പരസ്പരം തമ്മിത്തല്ലി നശിക്കുകയാണ്. ഇന്നലത്തെ സിദ്ദിഖിന്റെ വാർത്ത സമ്മേളനവും ഇന്ന് സിദ്ദിഖിനെ തള്ളിപ്പറഞ്ഞുകൊണ്ടുള്ള പ്രസ്താവനയുമെല്ലാം ശരിക്കും നാടകം കളിയല്ലേ? ജനങ്ങൾക്ക് ഇതൊന്നും മനസിലാകില്ലെന്നാണോ ഇവരുടെ വിചാരം. മോഹൻലാൽ പ്രാപ്തിയുള്ള ആളാണ്. അയാൾക്ക് ആരുടേയും മുഖം നോക്കേണ്ട കാര്യമില്ല, പ്രീതിപ്പെടുത്തുകയും വേണ്ട. അതുകൊണ്ട്തന്നെ മോഹൻലാൽ വിചാരിച്ചാൽ പ്രശന്ങ്ങൾ പരിഹിക്കാനാകും. പക്ഷെ, അദ്ദേഹം അത് ചെയ്യുമോ എന്നാണ് ഇനി നോക്കിക്കാണേണ്ടത്– വിനയൻ പറഞ്ഞു.