ദേവദൂതനിൽ ആദ്യം തീരുമാനിച്ചത് മാധവനെ, പരാജയം എന്നെ ഡിപ്രഷനിലെത്തിച്ചു: സിബി മലയിൽ
നസിറുദ്ദീൻ ഷാ, മാധവി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി തന്റെ ആദ്യ സിനിമയായി രൂപപ്പെടുത്തിയ ചിത്രമായിരുന്നു ദേവദൂതൻ. പിന്നീട് അതിൽ മാറ്റങ്ങളുണ്ടായി, തമിഴ് നടൻ മാധവനെ പരിഗണിച്ചു. അവസാനം അത് മോഹൻലാലിൽത്തന്നെ എത്തി. സ്വപ്നസംരംഭമായ ദേവദൂതന്റെ പരാജയം ഡിപ്രഷനിലേക്ക് എത്തിച്ചെന്ന് സിബി മലയിൽ പറയുന്നു.
നസിറുദ്ദീൻ ഷാ, മാധവി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി തന്റെ ആദ്യ സിനിമയായി രൂപപ്പെടുത്തിയ ചിത്രമായിരുന്നു ദേവദൂതൻ. പിന്നീട് അതിൽ മാറ്റങ്ങളുണ്ടായി, തമിഴ് നടൻ മാധവനെ പരിഗണിച്ചു. അവസാനം അത് മോഹൻലാലിൽത്തന്നെ എത്തി. സ്വപ്നസംരംഭമായ ദേവദൂതന്റെ പരാജയം ഡിപ്രഷനിലേക്ക് എത്തിച്ചെന്ന് സിബി മലയിൽ പറയുന്നു.
നസിറുദ്ദീൻ ഷാ, മാധവി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി തന്റെ ആദ്യ സിനിമയായി രൂപപ്പെടുത്തിയ ചിത്രമായിരുന്നു ദേവദൂതൻ. പിന്നീട് അതിൽ മാറ്റങ്ങളുണ്ടായി, തമിഴ് നടൻ മാധവനെ പരിഗണിച്ചു. അവസാനം അത് മോഹൻലാലിൽത്തന്നെ എത്തി. സ്വപ്നസംരംഭമായ ദേവദൂതന്റെ പരാജയം ഡിപ്രഷനിലേക്ക് എത്തിച്ചെന്ന് സിബി മലയിൽ പറയുന്നു.
നസിറുദ്ദീൻ ഷാ, മാധവി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി തന്റെ ആദ്യ സിനിമയായി രൂപപ്പെടുത്തിയ ചിത്രമായിരുന്നു ദേവദൂതൻ. പിന്നീട് അതിൽ മാറ്റങ്ങളുണ്ടായി, തമിഴ് നടൻ മാധവനെ പരിഗണിച്ചു. അവസാനം അത് മോഹൻലാലിൽത്തന്നെ എത്തി. സ്വപ്നസംരംഭമായ ദേവദൂതന്റെ പരാജയം ഡിപ്രഷനിലേക്ക് എത്തിച്ചെന്ന് സിബി മലയിൽ പറയുന്നു. വർഷങ്ങൾക്കിപ്പുറം ദേവദൂതൻ വീണ്ടും ചർച്ച ചെയ്യപ്പെടുമ്പോൾ ആ വഴികൾ ഓർത്തെടുക്കുകയാണ് സിബി മലയിൽ....
ആദ്യ സിനിമ; ദേവദൂതൻ
‘1983 ൽ എന്റെ ആദ്യ സിനിമയ്ക്കായി രൂപപ്പെടുത്തിയ കഥയാണ് പതിനേഴു വർഷങ്ങൾക്ക് ശേഷം 2000 ൽ "ദേവദൂതൻ" എന്ന പേരിൽ പുറത്തുവന്നത്. ഞാൻ നവോദയ സ്റ്റുഡിയോയിൽ സഹസംവിധായകൻ എന്ന നിലയിൽ പ്രവർത്തിച്ചാണ് സിനിമയുടെ ബാലപാഠങ്ങൾ പഠിച്ചത്. നവോദയയിലെ ശ്രീ ജിജോ നിർദ്ദേശിച്ച പ്രകാരമാണ് നവോദയയുടെ നിർമാണ സംരംഭം എന്ന നിലയിൽ ആ കഥ ശ്രീ രഘുനാഥ് പലേരി എനിക്കുവേണ്ടി എഴുതിയത്. സംഗീതത്തിന്റെ പശ്ചാത്തലത്തിൽ അനശ്വരമായ ഒരു പ്രണയകഥ. ആ കഥയിലെ നായകൻ ഒരു ബോർഡിങ് സ്കൂളിലെ എഴുവയസ്സുകാരനായ കുട്ടിയായിരുന്നു. ആ കുട്ടിയിലൂടെ ഒരു അന്ധഗായകന്റെ ആത്മാവ് തന്റെ മരണമറിയാതെ തനിക്കായി കാത്തിരിക്കുന്ന മധ്യവയസ്കയായ കാമുകിയോടു സംവദിക്കാൻ ശ്രമിക്കുന്നതാണ് ഇതിവൃത്തം.
നസിറുദ്ദീൻ ഷാ, മാധവി എന്നിവരെയാണ് കമിതാക്കളുടെ വേഷങ്ങൾക്കായി മനസ്സിൽ കണ്ടത്. ആദ്യ സിനിമയെന്ന നിലയിൽ വലിയ പ്രതീക്ഷയോടെയാണ് ഒരു വർഷത്തോളമെടുത്ത് രഘുനാഥ് പലേരിയോടൊപ്പം ആ തിരക്കഥ പൂർത്തിയാക്കിയത്. പക്ഷേ നിർഭാഗ്യവശാൽ, ഇന്നും എനിക്ക് അജ്ഞാതമായ കാരണത്താൽ ആ സിനിമ സംഭവിച്ചില്ല. പിന്നീട് 1985 ല്‍ മുത്താരംകുന്ന് പി.ഒ യിലൂടെ ഞാൻ സ്വതന്ത്ര സംവിധായകനായതും തുടർച്ചയായി ചിത്രങ്ങൾ ചെയ്തതു ചരിത്രം. പക്ഷേ അപ്പോഴൊക്കെയും ആദ്യ സിനിമയ്ക്കായി എഴുതിയ കഥ എന്നെങ്കിലും സിനിമയാക്കണം എന്ന സ്വപ്നം മനസ്സിൽ കൊണ്ടു നടന്നിരുന്നു.
2000 ൽ സിയാദ് കോക്കറിന് വേണ്ടി ഒരു സിനിമ ചെയ്യാനുള്ള ആലോചനകൾ നടക്കുമ്പോൾ ഞാൻ സിയാദിനോട് ഈ കഥ പറയുകയും അദ്ദേഹം താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തു. തുടർന്ന് വർഷങ്ങളായി ഞാൻ സൂക്ഷിച്ചിരുന്ന, പലേരിയുടെ കൈപ്പടയിലുള്ള പഴകി ദ്രവിച്ചു തുടങ്ങിയ താളുകൾ രഘു തന്നെ സിയാദിനെ വായിച്ചു കേൾപ്പിക്കുകയും എന്റെ ദീർഘകാല സ്വപ്നത്തിന് വീണ്ടും ചിറകു മുളയ്ക്കുകയും ചെയ്തു.
തിരക്കഥ പുതുക്കി എഴുതിയപ്പോൾ പശ്ചാത്തലം ബോർഡിങ് സ്കൂളിൽനിന്നു കോളജ് ക്യാംപസിലേക്ക് മാറ്റുകയും, സമാന്തരങ്ങളായ രണ്ടു പ്രണയങ്ങൾ രൂപപ്പെടുകയും ചെയ്തു - ക്യാംപസിലെ പ്രണയ മിഥുനങ്ങളിലൂടെ തന്റെ പൂർവകാമുകിയോടു സംവദിക്കാൻ ശ്രമിക്കുന്ന അന്ധനായ സംഗീതജ്ഞന്റെ കഥ. അഭിനേതാക്കൾ എല്ലാം പുതുമുഖങ്ങൾ ആയിരിക്കണം എന്നായിരുന്നു ഞങ്ങളുടെ തീരുമാനം.
അക്കാലത്ത് ഹിന്ദി ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ചുകൊണ്ടിരുന്ന മാധവനെയാണ് യുവകാമുകന്റെ വേഷത്തിനായി ശ്രമിച്ചത്, പക്ഷേ അദ്ദേഹം മണിരത്നത്തിന്റെ ‘അലൈ പായുതേ’ എന്ന ചിത്രത്തിനായി ദീർഘനാളത്തെ കരാറിൽ ഏർപ്പെട്ടു പോയതിനാൽ വീണ്ടും പുതിയ അഭിനേതാക്കൾക്ക് വേണ്ടിയുള്ള ശ്രമം തുടരുന്നതിനിടെയാണ് യാദൃച്ഛികമായി മോഹൻലാൽ സിയാദിൽനിന്ന് ഈ കഥയെക്കുറിച്ച് അറിഞ്ഞതും അഭിനയിക്കുവാൻ താത്പര്യപ്പെട്ടതും. ലാലിനെ ഉൾപ്പെടുത്തുന്ന സാഹചര്യം വന്നാൽ കഥയിൽ വീണ്ടും കാര്യമായ അഴിച്ചുപണി വേണ്ടിവരുമെന്നതിനാൽ ഞാനും പലേരിയും വല്ലാത്ത പ്രതിസന്ധിയിലായെങ്കിലും സിയാദിന്റെ താൽപര്യത്തെ മാനിച്ച് അതിനു തയാറായി.
സാങ്കേതികമായി ഏറ്റവും മികവോടെ ചിത്രീകരിക്കണം എന്ന കാര്യത്തിൽ ആർക്കും സംശയമില്ലായിരുന്നു. ഛായാഗ്രഹണം,സംഗീതം, കലാസംവിധാനം, വസ്ത്രാലങ്കാരം, ശബ്ദ സന്നിവേശം, കംപ്യൂട്ടർ ഗ്രാഫിക്സ് തുടങ്ങി എല്ലാം ഏറ്റവും മികവോടെതന്നെ ചിത്രത്തിൽ ഉപയോഗപ്പെടുത്തി. ഇത്രത്തോളം സമയവും പ്രയത്നവും മറ്റൊരു സിനിമയ്ക്കു വേണ്ടിയും ഞാൻ ചിലവഴിച്ചിട്ടില്ല. ചെന്നൈയിലെ പ്രിവ്യു കണ്ടവരെല്ലാം പറഞ്ഞ മികച്ച അഭിപ്രായങ്ങൾ എനിക്ക് ഏറെ ധൈര്യം തന്നു, അതുകൊണ്ടുതന്നെ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഞാൻ റിലീസിനെ അഭിമുഖീകരിച്ചത്.
എന്തുകൊണ്ടാണ് തിയറ്ററുകളിൽ എത്തിയപ്പോൾ ആ പ്രതീക്ഷക്കൊപ്പമുള്ള പ്രതികരണം പ്രേക്ഷകരുടെ ഭാഗത്തുനിന്നും ഉണ്ടാകാതെ പോയത് ?
റിലീസ് ദിവസം ഞാൻ ചെന്നൈയിലെ എന്റെ വീട്ടിലായിരുന്നു. ഞാൻ ഫോണിനു മുന്നിൽ പ്രാർഥനയോടെയിരുന്നു, ഉച്ചകഴിഞ്ഞപ്പോൾ ലാൽ വിളിച്ചു. ആദ്യപകുതി കഴിഞ്ഞപ്പോൾ നല്ല പ്രതികരണങ്ങൾ പലരും വിളിച്ച് അറിയിച്ച സന്തോഷം ഞങ്ങൾ പങ്കുവച്ചു. അതിനുമുൻപ് ഒരു സിനിമയ്ക്കും ലാൽ അത്തരത്തിൽ ആകാംക്ഷയോടെ എന്നെ വിളിച്ചിട്ടില്ല.
വൈകുന്നേരമായതോടെ എന്റെ കരിയറിലെ ഏറ്റവും വലിയ ദുരന്തമുഖത്താണു നിൽക്കുന്നതെന്ന് ഞാൻ തിരിച്ചറിഞ്ഞു. പരാജയ കാരണങ്ങളെ വിശകലനം ചെയ്യുവാനുള്ള മാനസിക അവസ്ഥയിൽ ആയിരുന്നില്ല ആ നാളുകളിൽ ഞാൻ. പിന്നീട് ചിന്തിച്ചപ്പോൾ എനിക്കു തോന്നിയത്, മോഹൻലാൽ എന്ന നടൻ അപ്പോഴേക്കും നരസിംഹം പോലുള്ള സിനിമകളിലൂടെ അതിമാനുഷ തലത്തിലുളള സൂപ്പർതാര ഇമേജിലേക്ക് എത്തപ്പെട്ടിരുന്നു, അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ അതിമാനുഷ കഥാപാത്രത്തെ കാണാനെത്തിയ പ്രേക്ഷകരെ ദേവദൂതനിലെ സംഗീതജ്ഞൻ നിരാശപ്പെടുത്തിയിരിക്കാം.
ലാൽ പൊതുവേ വിജയപരാജയങ്ങളെ വൈകാരികമായി സമീപിക്കുന്നത് ഞാൻ കണ്ടിട്ടില്ല. ഒരുപക്ഷേ പുറമെ പ്രകടിപ്പിക്കാത്തതാവാം. എന്നെ സംബന്ധിച്ചിടത്തോളം വർഷങ്ങളായി മനസ്സിൽ കൊണ്ടു നടന്ന ഒരു വലിയ സ്വപ്നമാണ് ഒരു നൂൺഷോ കഴിഞ്ഞപ്പോൾ തകർന്നടിഞ്ഞു പോയത്. പക്ഷേ എന്നെ ഏറ്റവുമധികം വേദനിപ്പിച്ചത് സിയാദ് കോക്കറെന്ന നിർമാതാവിന്, സുഹൃത്തിന് സംഭവിച്ച വൻ സാമ്പത്തിക തകർച്ചയാണ്. ഞാൻ വല്ലാത്ത ഡിപ്രഷനിലേക്ക് പോയ നാളുകളായിരുന്നു അത്.
ഇന്ന് കാണുമ്പോൾ ?
ഇന്ന് സോഷ്യൽ മീഡിയയിലും മറ്റും പുതിയ തലമുറ ഈ സിനിമയെക്കുറിച്ച് സംസാരിക്കുകയും ട്രെയിലറുകൾ നിർമിക്കുകയും മറ്റും ചെയ്യുന്നതുകാണുമ്പോൾ തീർച്ചയായും സന്തോഷമുണ്ട്.ലഈ യുവാക്കളിൽ പലരും ദേവദൂതൻ റിലീസ് ചെയ്ത സമയത്ത് ജനിച്ചിട്ടുപോലുമുണ്ടാവില്ല, അല്ലെങ്കിൽ തിയറ്ററിൽ പോയി സിനിമ കണ്ട് വിലയിരുത്താനുള്ള പ്രാപ്തിയോ പക്വതയുയോ ഉണ്ടായിരുന്നിരിക്കില്ല.
ഇപ്പോഴുള്ള സിനിമാ ചിന്തകൾ ?
എല്ലായ്പ്പോഴും നല്ല തിരക്കഥകൾ നൽകുന്ന ആത്മവിശ്വാസത്തോടെ സിനിമകൾ ചെയ്തിരുന്ന ആളാണ് ഞാൻ. ഇനിയും എന്നെ അത്രമേൽ പ്രചോദിപ്പിക്കുന്ന തിരക്കഥകൾ വന്നാൽ തീർച്ചയായും സിനിമ ചെയ്യും.
സ്വയം മാർക്കറ്റ് ചെയ്യാനുള്ള വൈഭവം ഇല്ലാത്ത ഒരാളാണ് ഞാൻ. അതൊരു കുറവാണെന്നും അറിയാം. ഒരുതരത്തിലുമുള്ള സിനിമപാരമ്പര്യവും ഇല്ലാത്ത ഒരിടത്തുനിന്നു വന്ന്, സ്വന്തം സ്വപ്നങ്ങളെ മാത്രം പിൻപറ്റിയ ഒരാളുടെ മുന്നിലേക്ക് അവസരങ്ങൾ തുടരെ വന്നു ചേർന്നപ്പോൾ സ്വയം മാർക്കറ്റ് ചെയ്യേണ്ടി വന്നില്ല എന്നതാണ് യാഥാർഥ്യം. ഇക്കാലമത്രയും എന്നെത്തേടി വന്നവർക്കുവേണ്ടിയാണ് സിനിമകൾ ചെയ്തിട്ടുള്ളത്. ഇപ്പോഴത്തെ സിനിമാ നിർമാണ രീതികളും മാറി. മുൻപ് നിർമാതാവ് സംവിധായകനെ കണ്ടെത്തി, കഥ തീരുമാനിച്ച് അതിന് അനുയോജ്യരായ അഭിനേതാക്കളെ നിശ്ചയിച്ച്, സാങ്കേതിക പ്രവത്തകരെ തീരുമാനിച്ചാണ് സിനിമ സംഭവിച്ചു കൊണ്ടിരുന്നത്. ഇന്നത് നേരേ തിരിച്ചാണ്.
സിനിമ പൊളിറ്റിക്കലി കറക്ട് ആകണമോ ?
സിനിമ ആത്യന്തികമായി ഒരു കലാരൂപം എന്ന രീതിയിൽ ആസ്വദിക്കപ്പെടണം എന്നാണ് ഞാൻ കരുതുന്നത്. ഏതൊരു കലയും പൂർണമാകുന്നത് അത്തരത്തിൽ സംവദിക്കപ്പെടുമ്പോഴാണ്. സിനിമ സമൂഹത്തിൽനിന്നു തന്നെയാണ് പ്രചോദനം ഉൾക്കൊള്ളുന്നത്. അതുകൊണ്ടുതന്നെ സമൂഹത്തിലെ നന്മകളും തിന്മകളും പൊളിറ്റിക്കലും അപൊളിറ്റിക്കലുമായ എല്ലാ കാര്യങ്ങളും സിനിമയിലും പ്രതിഫലിക്കും. വർണ, വർഗ, ജാതി, ലിംഗ വിവേചനങ്ങൾ യാഥാർഥ്യമായി നമ്മുടെ മുമ്പിലുണ്ട്. അതിനെ മഹത്വവൽകരിക്കുമ്പോഴാണ് എതിർക്കപ്പെടേണ്ടത്. ഒരു കലാസൃഷ്ടി ഇഴകീറി അതിന്റെ പൊളിറ്റിക്കൽ കറക്ട്‌നസ് ചികയുമ്പോൾ അവിടെ കലാകാരനും ആസ്വാദകനും ഇല്ലാതായിത്തീരുകയാണ്.
മോഹൻലാൽ എന്ന ആക്ടറിന് അഡിക്ടായിപ്പോയ സംവിധായകനാണോ താങ്കൾ ?
മോഹൻലാൽ എന്ന അഭിനേതാവിനോടുള്ള താത്പര്യം, അദ്ദേഹത്തിന്റെ പ്രതിഭയോടുള്ള പ്രതിപത്തി ഇവയൊന്നും ഒരിക്കലും എന്നെ പ്രതികൂലമായി ബാധിച്ചിട്ടില്ല, വാദത്തിനുവേണ്ടി സമ്മതിച്ചാൽത്തന്നെ അതൊരു കുറവായി ഞാൻ കാണുന്നില്ല, കാരണം അപൂർവങ്ങളിൽ അപൂർവമായി സംഭവിക്കുന്ന ഒരു പ്രതിഭാസമാണ് ആ ജന്മം.
മോഹൻലാൽ - സിബി മലയിൽ കൂട്ടുകെട്ടിൽ ഇനി ഒരു സിനിമയുണ്ടാകുമോ ?
ഈ കഴിഞ്ഞ വർഷങ്ങളിലെല്ലാം അനേകം പേരിൽ നിന്നും ഏറ്റവുമധികം തവണ എനിക്കു നേരിടേണ്ടി വന്ന ചോദ്യമാണിത്. കൃത്യമായ ഉത്തരം എന്റെ പക്കലില്ല. അങ്ങനെ സംഭവിക്കണം എന്ന് ആഗ്രഹിക്കാനാണ് എനിക്കിഷ്ടം. അല്ലെങ്കിൽ ആർക്കാണ് അങ്ങനെ ആഗ്രഹിക്കാതിരിക്കാനാവുക. ഒരു സംവിധായകൻ എന്ന നിലയിൽ അതിനേക്കാൾ ആഹ്ലാദകരമായ മറ്റെന്താണ് എനിക്കു ആഗ്രഹിക്കാനുള്ളത്.
തീർച്ചയായും മോഹൻലാൽ എന്ന സൂപ്പർ താരത്തിന്റെ വിപണന മൂല്യത്തേക്കാൾ എന്നെ മോഹിപ്പിക്കുന്നത് മോഹൻലാൽ എന്ന സൂപ്പർ ബ്രില്യന്റ് ആക്ടറുടെ അപാര സാധ്യതകൾ തന്നെയാണ്.
മൂന്നു പതിറ്റാണ്ടുകൾക്കിപ്പുറവും പുതുതലമുറ പ്രേക്ഷർക്കിടയിൽ പോലും സജീവമായി ചർച്ച ചെയ്യപ്പെടുന്ന ' ദശരഥ' ത്തിലെ രാജീവ് മേനോന്റെ വർത്തമാനകാല ജീവിത വഴികളിലൂടെയുള്ള ഒരന്വേഷണം എന്റെ വലിയ ആഗ്രഹങ്ങളിലൊന്നാണ്. ആ വഴിയിലൊരു ശ്രമം പൂർണ തിരക്കഥയുമായി ഞാൻ നാലു വർഷം മുൻപ് നടത്തിയിരുന്നു. ലാലിന്റെ വാക്കുകൾ തന്നെ കടമെടുത്തു പറയട്ടെ, "നല്ലതൊക്കെയും സ്വയം സംഭവിക്കയാണ് ചെയ്യുക". ഇതും നല്ലതാണെങ്കിൽ സംഭവിക്കുക തന്നെ ചെയ്യും എന്ന് ആഗ്രഹിക്കാനും വിശ്വസിക്കാനുമാണ് എനിക്കിഷ്ടം.