ചുള്ളിക്കാടിന്റെ വരികൾ ഹൃദയത്തിൽ തൊട്ടു; ഓഫിസ് ബോയ് തമിഴിലെ ഹിറ്റ് മേക്കറായി
പരിയേറും പെരുമാൾ, കർണൻ – മാരി സെൽവരാജ് എന്ന സംവിധായകനെ അടയാളപ്പെടുത്താൻ, തമിഴ് ഗ്രാമങ്ങളിലെ ജാതിവെറിയുടെ പൊള്ളുന്ന അനുഭവസാക്ഷ്യങ്ങളായ ഈ രണ്ടു ചിത്രങ്ങൾ തന്നെ ധാരാളം. തന്റെ ഗ്രാമത്തിലെ മുന്നൂറോളം പേരുടെ കഥ മാത്രം മതി ആയുഷ്ക്കാലം തനിക്കു സിനിമയുണ്ടാക്കാൻ എന്ന് ആത്മവിശ്വാസത്തോടെ പറയുന്ന ചെറുപ്പക്കാരൻ.
പരിയേറും പെരുമാൾ, കർണൻ – മാരി സെൽവരാജ് എന്ന സംവിധായകനെ അടയാളപ്പെടുത്താൻ, തമിഴ് ഗ്രാമങ്ങളിലെ ജാതിവെറിയുടെ പൊള്ളുന്ന അനുഭവസാക്ഷ്യങ്ങളായ ഈ രണ്ടു ചിത്രങ്ങൾ തന്നെ ധാരാളം. തന്റെ ഗ്രാമത്തിലെ മുന്നൂറോളം പേരുടെ കഥ മാത്രം മതി ആയുഷ്ക്കാലം തനിക്കു സിനിമയുണ്ടാക്കാൻ എന്ന് ആത്മവിശ്വാസത്തോടെ പറയുന്ന ചെറുപ്പക്കാരൻ.
പരിയേറും പെരുമാൾ, കർണൻ – മാരി സെൽവരാജ് എന്ന സംവിധായകനെ അടയാളപ്പെടുത്താൻ, തമിഴ് ഗ്രാമങ്ങളിലെ ജാതിവെറിയുടെ പൊള്ളുന്ന അനുഭവസാക്ഷ്യങ്ങളായ ഈ രണ്ടു ചിത്രങ്ങൾ തന്നെ ധാരാളം. തന്റെ ഗ്രാമത്തിലെ മുന്നൂറോളം പേരുടെ കഥ മാത്രം മതി ആയുഷ്ക്കാലം തനിക്കു സിനിമയുണ്ടാക്കാൻ എന്ന് ആത്മവിശ്വാസത്തോടെ പറയുന്ന ചെറുപ്പക്കാരൻ.
പരിയേറും പെരുമാൾ, കർണൻ – മാരി സെൽവരാജ് എന്ന സംവിധായകനെ അടയാളപ്പെടുത്താൻ, തമിഴ് ഗ്രാമങ്ങളിലെ ജാതിവെറിയുടെ പൊള്ളുന്ന അനുഭവസാക്ഷ്യങ്ങളായ ഈ രണ്ടു ചിത്രങ്ങൾ തന്നെ ധാരാളം. തന്റെ ഗ്രാമത്തിലെ മുന്നൂറോളം പേരുടെ കഥ മാത്രം മതി ആയുഷ്ക്കാലം തനിക്കു സിനിമയുണ്ടാക്കാൻ എന്ന് ആത്മവിശ്വാസത്തോടെ പറയുന്ന ചെറുപ്പക്കാരൻ. സിനിമയിലൂടെ രാഷ്ട്രീയം ഒളിച്ചുകടത്തിയിരുന്ന കാലത്തെ വകഞ്ഞുമാറ്റി, എന്റെ രാഷ്ട്രീയം തന്നെയാണ് എന്റെ സിനിമ എന്ന് ദലിത്, ജാതി രാഷ്ട്രീയം മുൻനിർത്തി ഉച്ചത്തിൽ പറയുകയാണ് മാരി സെൽവരാജ്.
പുളിയൻകുളത്തു നിന്ന് ചെന്നൈയിലേക്ക്
12 വർഷം സംവിധായകൻ റാമിന്റെ അസിസ്റ്റന്റ് ആയിരുന്നു മാരി സെൽവരാജ്. ഒരേ സംവിധായകനൊപ്പം വർഷങ്ങളോളം തുടരുന്ന പഴയ ശൈലിയിലെ അവസാനത്തെ ആളാണു താനെന്നു മാരി പറയും. സിനിമയുടെ വഴിയിലേക്കുള്ള മാരി സെൽവരാജിന്റെ യാത്രയിലുടനീളം തീക്ഷ്ണാനുഭവങ്ങളുടെ കയ്യൊപ്പുകളുണ്ട്. തമിഴകത്തിന്റെ ആദിനദിയെന്നു വിശേഷിപ്പിക്കപ്പെടുന്ന താമരഭരണിയുടെ തീരത്തെ പുളിയൻകുളം എന്ന ചെറുഗ്രാമത്തിൽ നിന്നാണ് മാരി സെൽവരാജിന്റെ വരവ്. തൂത്തുക്കുടിയും തിരുനൽവേലിയും ചേരുന്നയിടം. അച്ഛൻ കോവിലിൽ സാമിയാട്ടം ആടുന്ന കടുത്ത ഭക്തനായപ്പോഴും മാരി കടവുൾ നമ്പിക്കൈ ഇല്ലാതെ മാറിനിന്നു. കർഷക കുടുംബമാണ്.
സ്കൂളിൽ നന്നായി പഠിക്കുന്ന വിദ്യാർഥിയായിരുന്നെങ്കിലും വേറിട്ട ചിന്തകൾ ടീനേജ് കാലത്തിലേ തിമിരുപിടിച്ചവൻ എന്ന പേരാണ് മാരിക്കു സമ്മാനിച്ചത്. എംജിആറിന്റെയും ശിവാജിയുടെയും രജനീകാന്തിന്റെയുമെല്ലാം സിനിമകൾ രാവെളുക്കുവോളം പ്രദർശിപ്പിക്കുകയും ആണും പെണ്ണും കുട്ടികളുമെല്ലാം കൂട്ടത്തോടെ രാത്രി മുഴുവൻ അതു കണ്ടിരിക്കുകയും ചെയ്യുന്നതായിരുന്നു ഗ്രാമത്തിലെ കുട്ടിക്കാലം. സിനിമ കൗതുകവും അദ്ഭുതവും പകർന്നപ്പോഴും, ഒരേ സിനിമകൾ തന്നെ ആവർത്തിച്ചു കാണുകയും കയ്യടിക്കുകയും ആർപ്പുവിളിക്കുകയും ചെയ്യുന്നതിലെ വിരസതയും തിരിച്ചറിഞ്ഞിരുന്നു.
ഗ്രാമത്തിൽ നിന്ന് പുറത്തുവരാനായിരുന്നു മാരിയുടെ ആഗ്രഹം. ലോ കോളജിൽ ചേർന്നെങ്കിലും കോഴ്സ് പൂർത്തിയാക്കിയില്ല. കോളജ് സർട്ടിഫിക്കറ്റ് എല്ലാം കീറിക്കളഞ്ഞാണ്, ആരോടും പറയാതെ ചെന്നൈയിലേക്കു തിരിച്ചത്. 400 രൂപ മാത്രമായിരുന്നു കയ്യിൽ. ആരെയും പരിചയമില്ല. ഏഴുമാസം പലതരം ചെറിയ ജോലികളെല്ലാം ചെയ്തു. പെട്രോൾ പമ്പിൽ കിടന്നുറങ്ങി. മകൻ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും വീട്ടുകാർ സംശയിച്ചു.
ജോലി തേടി റാമിന്റെ ഓഫിസിൽ
‘കട്രതു തമിഴ്’ എന്ന ആദ്യ സിനിമ ചെയ്യുന്നതിനായി സംവിധായകൻ റാം ചെന്നൈ സാലിഗ്രാമത്തിൽ തുറന്ന ഓഫിസിലേക്ക് ഒരു രാത്രി എന്തെങ്കിലും ജോലി തേടി വന്നതായിരുന്നു മാരി സെൽവരാജ്. 22 വയസ്സുകാരന്റെ അനുഭവങ്ങൾ കേട്ട് താൻ ആശ്ചര്യപ്പെട്ടതായി പിന്നീട് റാം പറഞ്ഞു. അവസ്ഥ കണ്ടറിഞ്ഞ് ഓഫിസ് ബോയി ആയി കൂടെനിർത്തി. വളരെപ്പെട്ടെന്നു തന്നെ റാമിനു സ്വന്തം സഹോദരനും അസിസ്റ്റന്റും എല്ലാമായി മാരി. ‘വാഴ്ന്താ പോതും’ എന്നു കരുതി ചെന്നൈയിലെത്തിയ തനിക്ക് ‘ഡയറക്ടർ’ ജീവിതം തന്നെ നൽകിയെന്ന് എന്നും കൃതജ്ഞതയോടെ മാരി പറയും.
റാമിന്റെ ഓഫിസിലെ എണ്ണമറ്റ സിനിമാ ഡിവിഡികൾ കണ്ടുതീർക്കുന്നതായിരുന്നു ആദ്യത്തെ ഹരം. സിനിമയോടുള്ള പ്രിയമല്ല, പന്ത്രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ വീട്ടിൽ സൗജന്യമായി കിട്ടിയ ടെലിവിഷൻ മാത്രം കണ്ടു ശീലിച്ച പയ്യന് സ്വന്തമായി ഇഷ്ടമുള്ളതെല്ലാം കാണാനാകുന്നതിലെ ആനന്ദമായിരുന്നു അധികവും. ഓഫിസിലെത്തുന്ന ‘ബുദ്ധിജീവി’ സിനിമാക്കാരോടു സംസാരിക്കാനുള്ള സിനിമാ അറിവ് ഇല്ലെന്ന തോന്നലിൽ നിന്നു കൂടിയാണ് ലോകസിനിമ കാണാൻ തുടങ്ങിയത്. ഭാഷയറിയാതെ പലതരം സിനിമകൾ തുടർച്ചയായി കണ്ടു. ചിലതു മുഴുവൻ കണ്ടു; കൂടുതലും ഓടിച്ചുകണ്ടു.
‘ദ് 400 ബ്ലോവ്സ്’ എന്ന ഫ്രഞ്ച് ബ്ലാക്ക് ആന്റ് വൈറ്റ് പടം കണ്ട ദിവസം മാരി സെൽവരാജിനു മറക്കാനാകാത്തതായി. ആ സിനിമ നൽകിയ വിചിത്രമായ അനുഭവത്തെക്കുറിച്ച് റാമിനോട് ആവശത്തോടെ സംസാരിച്ചു തുടങ്ങിയ മാരി, നാടിനെയും വീടിനെയും കുറിച്ച്, ബാല്യത്തിലെ ദുരിതാനുഭവങ്ങളെക്കുറിച്ച്, ജാതി എന്ന തീവ്രാനുഭവത്തെക്കുറിച്ച്... എല്ലാം പറഞ്ഞുകൊണ്ടേയിരുന്നു. നിന്റെ ജീവിതത്തിൽ നിറയെ സിനിമകളുണ്ടെന്ന് അന്നു റാം പറഞ്ഞു.
അനുഭവങ്ങളിലേക്കു കൈപിടിച്ച ‘ചിദംബര സ്മരണ’
സിനിമ അറിയും മുൻപ് സാഹിത്യം അറിയാനായിരുന്നു മാരിയോട് റാം ആവശ്യപ്പെട്ടത്. കഴിയുന്നത്ര വായിക്കാൻ ആവശ്യപ്പെട്ടു. വായനയിലേക്കു കൈപിടിച്ച്, റാം ആദ്യമായി മാരിക്കു നേരെ നീട്ടിയത് ‘ചിദംബര നിനൈവുകൾ’ എന്ന പുസ്തകമാണ്; മലയാളത്തിന്റെ പ്രിയകവി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ അനുഭവ സമാഹാരമായ ‘ചിദംബര സ്മരണ’ കെ.വി. ഷൈലജ തമിഴിലേക്കു മൊഴിമാറ്റിയത്. ആദ്യത്തെ ആ ജീവിതവായന തന്നെ മാരിയെ ഉലച്ചുകളഞ്ഞു. ഇതേ തീവ്രതയോടെ തന്റെ ജീവിതാനുഭവങ്ങളും ആവിഷ്കരിക്കണമെന്ന ആഗ്രഹം ആദ്യമായി തോന്നിയത് അപ്പോഴാണെന്നു മാരി സെൽവരാജ് പറഞ്ഞിട്ടുണ്ട്.
വായന ഗൗരവമായി കാണാൻ തുടങ്ങിയതോടെ എഴുത്തിലേക്കും താൽപര്യം വളർന്നു. കഥ പോലെ ഓരോന്നു കുത്തിക്കുറിക്കുന്ന ശീലമുണ്ടായിരുന്നു. പിന്നീട് ആനന്ദ വികടനിൽ ‘മറക്കവേ നിനൈക്കിറേൻ’ എന്ന അനുഭവ പരമ്പര എഴുതി.
ആദ്യം അഭിനയിക്കണമെന്നാണ് ആഗ്രഹിച്ചിരുന്നതെങ്കിലും സിനിമയെ അടുത്തറിഞ്ഞപ്പോഴാണ്, ക്യാമറയ്ക്കു പിന്നിലാണ് സ്വന്തം സ്ഥാനമെന്ന് അടയാളപ്പെടുത്താനായത്. അതിനു ശേഷമാണ് നല്ല സിനിമകൾ തിരഞ്ഞെടുത്തു കാണാൻ തുടങ്ങിയത്. സിനിമാ പാരഡീസോ പോലുള്ള വിദേശ സിനിമകളും ഉദിരിപ്പൂക്കൾ, മുള്ളും മലരും, പസി പോലുള്ള തമിഴ് സിനിമകളുമെല്ലാം കൂടുതൽ തെളിച്ചത്തോടെ ആസ്വദിച്ചു. റാമിന്റെ കട്രത് തമിഴ്, തങ്കമീൻകൾ, തരമണി, പേരൻപ് എന്നിവയിൽ സംവിധാന സഹായിയായി. പേരൻപ് ചിത്രീകരണത്തിലേക്കു കടക്കുമ്പോൾ തന്നെ മാരി ആദ്യ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികളും തുടങ്ങിയിരുന്നു.
പാ. രഞ്ജിത്തിനൊപ്പം ‘പരിയേറും പെരുമാൾ’
രണ്ടാമത്തെ സിനിമയായി ഇറങ്ങിയ ‘കർണന്റെ’ സ്ക്രിപ്റ്റ് ആണ് മാരി സെൽവരാജ് ആദ്യം എഴുതിയത്. പാണ്ഡ്യരാജാക്കൾ എന്ന പേരിലായിരുന്നു അത്. വലിയ ബജറ്റും വലിയ കാൻവാസും വേണ്ടി വരുന്നതിനാൽ മറ്റൊരു ചെറിയ സിനിമ ആദ്യം ചെയ്യാൻ നിർദേശിച്ചത് റാം ആണ്. പഠിച്ച ലോ കോളജ് പശ്ചാത്തലമാക്കാൻ നിർദേശിച്ചതും അദ്ദേഹം തന്നെ. അങ്ങനെ ലളിതമായൊരു കഥ എന്ന നിലയിൽ എഴുതിത്തുടങ്ങിയതാണു പരിയേറും പെരുമാൾ. ആറു മാസം കൊണ്ട് സ്ക്രിപ്റ്റ് പൂർത്തിയാക്കി.
മാരി സെൽവരാജിന്റെ എഴുത്തുകൾ വായിച്ച് പലപ്പോഴും അഭിനന്ദിച്ചിരുന്ന പാ. രഞ്ജിത് പരിയേറും പെരുമാൾ എഴുതുന്നതിനു മുൻപുതന്നെ നമുക്കു സിനിമ ചെയ്യാം, കഥ ചർച്ച ചെയ്യാം എന്ന് കാണുമ്പോഴെല്ലാം സ്നേഹത്തോടെ ക്ഷണിച്ചിരുന്നു. ‘പരിയേറും പെരുമാൾ’ സ്ക്രിപ്റ്റ് കേട്ടയുടൻ രഞ്ജിത് തന്റെ നീലം പ്രൊഡക്ഷൻസിന്റെ ബാനറിൽ സിനിമ നിർമിക്കാൻ തയാറായി മുന്നോട്ടുവരികയായിരുന്നു.
ചെന്നൈയിലെത്തിയ മാരി സിനിമയിലാണെന്നു പിന്നീട് നാട്ടിലറിഞ്ഞെങ്കിലും നാട്ടുകാർക്കോ വീട്ടുകാർക്കോ തെല്ലും പ്രതീക്ഷയില്ലായിരുന്നു. ഒരു സിനിമാ പശ്ചാത്തലവുമില്ലാത്ത, ദരിദ്ര കുടുംബത്തിൽ നിന്നുള്ള പയ്യൻ സിനിമയിൽ എന്തു ചെയ്യുമെന്നായിരുന്നു അവരുടെ ആലോചന. 12 വർഷത്തിനപ്പുറം ആദ്യ സിനിമയുടെ ചിത്രീകരണം നാട്ടിൽ നടത്തിയപ്പോഴാണ് മാരി സിനിമാക്കാരൻ തന്നെയെന്നു നാട്ടുകാരും തലകുലുക്കിയത്. അപ്പോഴും എന്തു സിനിമയാണ് ഇവൻ പിടിക്കുന്നതെന്ന ആശ്ചര്യത്തിലായിരുന്നു അവർ.
ഓരോ ജാതിക്കും ഓരോ സ്ലാങ്; എല്ലാം നേരിൽകണ്ട ജീവിതം
പാർത്ത വിഷ്വൽ അല്ല, വാഴ്ന്ത വാഴ്കൈയാണു തന്റെ സിനിമകളെന്നു മാരി സെൽവരാജ് പറയും. രണ്ടു പടങ്ങളിലും 70 ശതമാനവും യഥാർഥ അനുഭവങ്ങളാണ്. 1995ൽ തൂത്തുക്കുടിയിലെ തന്നെ കൊടിയൻകുളം ദലിത് ഗ്രാമത്തിൽ നടന്ന പൊലീസ് നരനായാട്ടിന്റെ പശ്ചാത്തലത്തിലാണു രണ്ടാമത്തെ ചിത്രം കർണൻ അവതരിപ്പിച്ചത്. കോവിഡ് രൂക്ഷമായ വേളയിലായിരുന്നു കർണന്റെ ഷൂട്ടിങ്. സെൻസറിങ്ങിൽ ചിത്രത്തിലെ കുറേ ഭാഗങ്ങൾ ഒഴിവാക്കിയതു പടത്തെ കാര്യമായി ബാധിച്ചു.
രാഷ്ട്രീയത്തിനപ്പുറം, ജാതിവെറി കൊല്ലും കൊലയിലേക്കും വരെ നയിക്കുന്ന ജീവൽപ്രശ്നമാകുന്നത് തെക്കൻ തമിഴ്നാടിന്റെ മാത്രം വിഷയമായി തമിഴ് സിനിമ മാറ്റിനിർത്തുമ്പോഴാണ് മാരി സെൽവരാജ് ശക്തമായി ഈ വിഷയങ്ങൾ മുഖ്യധാരയിലേക്കു കൊണ്ടുവന്നത്. തെന്നക പടങ്ങൾ എന്നും തിരുനൽവേലി സ്ലാങ് എന്നും ഇതിനെ മാറ്റിനിർത്തുന്നതിനെ മാരി ശക്തമായി പ്രതിരോധിച്ചു. തിരുനൽവേലിക്ക് പൊതുവായി ഒരു സ്ലാങ് ഇല്ലെന്ന് മാരി സെൽവരാജ് പറയും. അവിടെ ഓരോ ജാതിക്കും ഓരോ സ്ലാങ് ആണ്, സംസാരത്തിൽ നിന്നു പോലും ജാതി തിരിച്ചറിയാം.
വിജയിക്കുന്ന സിനിമകൾ; കാമ്പുള്ള സിനിമകൾ
ഇതിനകം ലഭിച്ച എല്ലാ പുരസ്കാരങ്ങളും മാരി സെൽവരാജ് സമർപ്പിക്കുന്നത് ‘എൻ ഇയക്കുനർ’ എന്ന് എപ്പോഴും ഹൃദയത്തോടു ചേർത്തു പറയാറുള്ള സംവിധായകൻ റാമിനാണ്. ആദ്യ സിനിമ പരിയേറും പെരുമാളിന്റെ സ്ക്രീനിങ് വേളയിൽ തുടർച്ചയായി മൂന്നുതവണ ചിത്രം കണ്ട റാം പതിവിലേറെ ആവേശത്തിലായിരുന്നു. ‘നിനച്ചതും താണ്ടി നീ ജയിച്ചിട്ടേൻ’ എന്ന് അഭിമാനത്തോടെ പറഞ്ഞു. പൊള്ളുന്ന വിഷയങ്ങൾ അവതരിപ്പിക്കുമ്പോൾ തന്നെ വൻതോതിൽ സ്വീകാര്യത നേടാനും ബോക്സ്ഓഫിസ് വിജയമാക്കാനും കഴിയുന്നു എന്നതാണ് മാരി സെൽവരാജിന്റെ പ്രത്യേകത. അക്കാര്യത്തിൽ പാ. രഞ്ജിത് ആണു തന്റെ വഴികാട്ടിയെന്ന് മാരി പറയുന്നു. മൂന്നാമത്തെ ചിത്രം മാമന്നൻ ഷൂട്ടിങ് തുടങ്ങിക്കഴിഞ്ഞു. ഉദയനിധി സ്റ്റാലിൻ, ഫഹദ് ഫാസിൽ, കീർത്തി സുരേഷ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന് എ.ആർ. റഹ്മാൻ സംഗീതം പകരുന്നു.