അന്നെനിക്കു 39 വയസ്സാണ്, വീണ്ടും വിവാഹം കഴിക്കണമെന്നു പറഞ്ഞവരുണ്ട്: സുകുമാരനെ ഓര്ത്ത് മല്ലിക
25 വർഷങ്ങൾ ! നീണ്ട കാലയളവാണ്. ഇത്രയും നാളുകൾ സുകുവേട്ടനില്ലാതെ എങ്ങനെ കടന്നുപോയെന്ന് അറിയില്ല. പക്ഷേ ഒന്നുറപ്പിച്ചു പറയാം, അദ്ദേഹം എനിക്കൊപ്പം തന്നെയുണ്ടായിരുന്നു. ആ ഓർമകളിൽ കഴിയാത്ത ഒരു ദിനം പോലും ജീവിതത്തിലുണ്ടായിട്ടില്ല. പറയാനുള്ളത് മുഖത്തുനോക്കി പറയുന്ന സുകുവേട്ടൻ തിരുവനന്തപുരത്തു
25 വർഷങ്ങൾ ! നീണ്ട കാലയളവാണ്. ഇത്രയും നാളുകൾ സുകുവേട്ടനില്ലാതെ എങ്ങനെ കടന്നുപോയെന്ന് അറിയില്ല. പക്ഷേ ഒന്നുറപ്പിച്ചു പറയാം, അദ്ദേഹം എനിക്കൊപ്പം തന്നെയുണ്ടായിരുന്നു. ആ ഓർമകളിൽ കഴിയാത്ത ഒരു ദിനം പോലും ജീവിതത്തിലുണ്ടായിട്ടില്ല. പറയാനുള്ളത് മുഖത്തുനോക്കി പറയുന്ന സുകുവേട്ടൻ തിരുവനന്തപുരത്തു
25 വർഷങ്ങൾ ! നീണ്ട കാലയളവാണ്. ഇത്രയും നാളുകൾ സുകുവേട്ടനില്ലാതെ എങ്ങനെ കടന്നുപോയെന്ന് അറിയില്ല. പക്ഷേ ഒന്നുറപ്പിച്ചു പറയാം, അദ്ദേഹം എനിക്കൊപ്പം തന്നെയുണ്ടായിരുന്നു. ആ ഓർമകളിൽ കഴിയാത്ത ഒരു ദിനം പോലും ജീവിതത്തിലുണ്ടായിട്ടില്ല. പറയാനുള്ളത് മുഖത്തുനോക്കി പറയുന്ന സുകുവേട്ടൻ തിരുവനന്തപുരത്തു
25 വർഷങ്ങൾ ! നീണ്ട കാലയളവാണ്. ഇത്രയും നാളുകൾ സുകുവേട്ടനില്ലാതെ എങ്ങനെ കടന്നുപോയെന്ന് അറിയില്ല. പക്ഷേ ഒന്നുറപ്പിച്ചു പറയാം, അദ്ദേഹം എനിക്കൊപ്പം തന്നെയുണ്ടായിരുന്നു. ആ ഓർമകളിൽ കഴിയാത്ത ഒരു ദിനം പോലും ജീവിതത്തിലുണ്ടായിട്ടില്ല.
പറയാനുള്ളത് മുഖത്തുനോക്കി പറയുന്ന സുകുവേട്ടൻ
തിരുവനന്തപുരത്തു കോട്ടൺഹിൽ സ്കൂളിലും വിമൻസ് കോളജിലും സുകുവേട്ടന്റെ പെങ്ങൾ സതീദേവി എന്റെ സഹപാഠിയായിരുന്നു. അവൾക്കൊപ്പം അക്കാലത്ത് ഞാൻ സുകുവേട്ടന്റെ വീട്ടിൽ പോയിട്ടുണ്ട്. വർഷങ്ങൾക്കു ശേഷം സുകുവേട്ടനെ വീണ്ടും കണ്ടപ്പോൾ ഞാനത് ഓർമിപ്പിച്ചു. ‘വീട്ടിൽ വന്നിട്ടുണ്ടോ’യെന്നൊരു ചോദ്യം മാത്രം. അദ്ദേഹം ഒന്നും ഇങ്ങോട്ടു പറയില്ല. അതായിരുന്നു ശൈലി.
സ്വന്തം അഭിപ്രായങ്ങൾ തുറന്നു പറയുന്നതിൽ ഒരു മടിയും കാണിച്ചില്ല. ആരായാലും പറയാനുള്ളതു ചങ്കൂറ്റത്തോടെ മുഖത്തു നോക്കി പറയും. ‘സിനിമയിലെ വിപ്ലവകാരി’, ‘അഹങ്കാരി’ എന്നൊക്കെ പലരും കുറ്റപ്പെടുത്തി. അങ്ങനെ വിളിച്ചവരാരും സുകുമാരനെ വേണ്ടവണ്ണം മനസ്സിലാക്കിയില്ല എന്നേ ഞാൻ പറയൂ. ഒന്നു സന്തോഷിപ്പിച്ചുകളയാം എന്നു കരുതി അദ്ദേഹം ഒരു കള്ളവും പറഞ്ഞില്ല. സത്യമെന്നു തോന്നുന്നതു പറഞ്ഞു ശീലിച്ചു. ഇക്കാര്യം മക്കളെയും പഠിപ്പിച്ചു. കുറച്ചു നാൾ കഴിയുമ്പോൾ സുകുമാരൻ പറഞ്ഞതാണു ശരിയെന്ന് തിരുത്തി പറഞ്ഞവരുണ്ട്. ‘അമ്മ’യുടെ തുടക്കത്തിൽ ബൈലോയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ടായിരുന്നു. ബൈലോയിലെ വൈരുധ്യങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതു സംഘടനയ്ക്കു ഭാവിയിൽ ദോഷമുണ്ടാക്കുമെന്നും പറഞ്ഞു. അന്ന് അതാരും സമ്മതിച്ചില്ല. പിന്നീട് ആ ബൈലോ തിരുത്തേണ്ടിവന്നു.
ഇന്ദ്രനും രാജുവും സിനിമയിലെത്തും
അഭിനയം അല്ലെങ്കിൽ സംവിധാനം, ഇങ്ങനെ സിനിമയിൽ ഏതെങ്കിലുമൊരു രംഗത്ത് ഇന്ദ്രനും രാജുവും എത്തുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഫിലിം മേക്കിങ്ങിനെപ്പറ്റി അറിയാൻ രാജുവിന് താൽപര്യമായിരുന്നു. ഇന്ദ്രന് അഭിനയമായിരുന്നു ഇഷ്ടം. രാജു അഭിനയിക്കാൻ ഇറങ്ങുമെന്ന് ഉറപ്പില്ലായിരുന്നു. മക്കൾ സിനിമയിലെത്തിയതും സ്വന്തമായ ഇടങ്ങൾ സൃഷ്ടിച്ചതും കാണാൻ സുകുവേട്ടനുണ്ടായില്ലല്ലോ എന്ന സങ്കടമുണ്ട്. അവർ ഈ മേഖലയിൽ പ്രവർത്തിക്കാനും സംസാരിക്കാനും പ്രാപ്തരായതിന്റെ സന്തോഷം അദ്ദേഹത്തിനുണ്ടാകുമായിരുന്നു. സുകുവേട്ടനും സംവിധാനം താൽപര്യമായിരുന്നു. ‘പാടം പൂത്ത കാലം’ എന്നൊരു സ്ക്രിപ്റ്റ് തയാറാക്കിയിരുന്നു. തോപ്പിൽ ഭാസിയുടെ ‘ഒളിവിലെ ഓർമകൾ’ സിനിമയാക്കാനും ആഗ്രഹിച്ചിരുന്നു.
മൂന്നു കൂട്ടുകാർ
സോമൻ, ജയൻ, സുരാസു: ഈ മൂന്നു പേരെക്കുറിച്ചു പറയാതെ സുകുവേട്ടന്റെ ജീവിതം പൂർണമാകില്ല. സോമനുമായി വലിയ കൂട്ടായിരുന്നു. അവർ രണ്ടുപേരും സിനിമയിലേക്ക് എത്തുന്നതും മരിക്കുന്നതും ആറു മാസത്തെ ഇടവേളയിലാണ്. പീരുമേട് ഭാഗത്തൊക്കെ അന്ന് ഒത്തിരി ഷൂട്ടിങ് നടക്കുന്ന സമയമാണ്. മടക്കയാത്രയിൽ രാത്രി എത്ര വൈകിയാലും സോമേട്ടന്റെ വീട്ടിൽ കയറും. വീട്ടുകാരൊക്കെ ഉറക്കമായിരിക്കില്ലേ, ബുദ്ധിമുട്ടിക്കണോ എന്നു ഞാൻ ചോദിക്കും. പക്ഷേ സോമേട്ടനും സുജാതച്ചേച്ചിയും ഞങ്ങൾ വരുന്നതും കാത്തിരിക്കുന്നുണ്ടാകും. സുജാതേ കഴിക്കാനെന്തുണ്ടെന്നു സുകുവേട്ടൻ ചോദിക്കും. ചേച്ചി പാതിരാത്രി ദോശ ചുട്ടുതരും. പിന്നെ സ്പെഷൽ കടുമാങ്ങ അച്ചാറും.
വ്യക്തിപരമായ പല കാര്യങ്ങളും ജയൻ പറഞ്ഞിരുന്നതു സുകുവേട്ടനോടായിരുന്നു. മരിക്കുന്നതിനു തലേന്ന്് ജയനുമായി ഫോണിൽ സംസാരിച്ചിരുന്നു. ഇന്ദ്രന് അന്ന് 3 മാസമാണു പ്രായം. അവനെ കാണാൻ തിരുവനന്തപുരത്ത് വരുമെന്നു പറഞ്ഞു. ഫോൺ വയ്ക്കാൻ നേരം വിശേഷപ്പെട്ട ഒരു കാര്യം കൂടി പറയാനുണ്ടെന്നു പറഞ്ഞു. ജനുവരിയിൽ എന്റെ കല്യാണമാണ്. വധു കോഴിക്കോട്ടുകാരിയാണ് എന്നറിയിച്ചു. ഇന്നും ആ പെൺകുട്ടി ആരാണെന്ന് എനിക്കറിയില്ല. അവൻ പെണ്ണ് കെട്ടുന്നത് നല്ലതാണ്. ജീവിതത്തിൽ കുറച്ച് ഉത്തരവാദിത്തമൊക്കെ വരുമല്ലോ എന്നായിരുന്നു സുകുവേട്ടന്റെ കമന്റ്. ‘പെണ്ണാരാടാ..’ എന്നു ചോദിക്കാൻ സുകുവേട്ടനും മെനക്കെട്ടില്ല.
‘കോളിളക്ക’ത്തിന്റെ ഷൂട്ടിങ്ങിന് രണ്ടാളും ഒന്നിച്ചാണു പോയത്. പിറ്റേന്ന് ‘സുകുമാരൻ ഹെലികോപ്റ്ററിന്റെ അടിയിൽ പെട്ടു’ എന്ന വാർത്തയയാണ് കേൾക്കുന്നത്. ഞാൻ നിശ്ചലയായിപ്പോയി. താമസിയാതെ മറ്റൊരാൾ വിളിച്ച് സുകുമാരനു കുഴപ്പമില്ലെന്നും ജയനാണ് അപകടം സംഭവിച്ചതെന്നും അറിയിച്ചു. സുകുവേട്ടൻ ജയനോടൊപ്പം ആശുപത്രിയിലായിരുന്നു. അവിടെ നിന്ന് എന്നെ വിളിച്ചു. ജയന് എന്തുപറ്റിയെന്നു ചോദിച്ചപ്പോൾ എനിക്കവന്റെ മുഖത്തേക്കു നോക്കാൻ പറ്റുന്നില്ല മല്ലികേ എന്നു പറഞ്ഞു കരഞ്ഞു. ഷോട്ട് എടുക്കുന്നതിനു മുൻപു ജയൻ സുകുവേട്ടനോട് സൂക്ഷിക്കണമെന്നു പറഞ്ഞിരുന്നു. ബൈക്കിൽ ബാലൻസ് തെറ്റി ഹെലികോപ്റ്ററിലെ പിടിത്തം നഷ്ടമായാൽ പെട്ടന്നു സ്പീഡിൽ ഓടിച്ചു പോകണമന്നും അല്ലെങ്കിൽ കോപ്റ്ററിന്റെ ചിറക് വന്നിടിക്കുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. അക്കാര്യം പറഞ്ഞ് സുകുവേട്ടൻ എപ്പോഴും ദുഃഖിച്ചിരുന്നു.
സുരാസുവുമായി ‘ശംഖുപുഷ്പം’ മുതലുള്ള ബന്ധമാണ്. സുരാസു പറഞ്ഞ ചില കാര്യങ്ങൾ സുകുവേട്ടൻ ഡയറിയിൽ കുറിച്ചുവയ്ക്കുമായിരുന്നു. ‘സുരായനം’ എന്ന പരിപാടി അവതരിപ്പിക്കുന്ന വേളയിൽ തിരുവനന്തപുരത്ത് ഞങ്ങൾക്കൊപ്പം താമസമായി. അദ്ദേഹത്തിനുവേണ്ടി സുകുവേട്ടൻ ഒരു പർണശാല കെട്ടിക്കൊടുത്തു. ഇംഗ്ലിഷിൽ നല്ല പാണ്ഡിത്യമുണ്ടായിരുന്നു. ഇന്ദ്രനോടും രാജുവിനോടും ഇംഗ്ലിഷിലാണു സംസാരിച്ചിരുന്നത്. ഇടയ്ക്ക് നാട്ടിലൊന്നു പോയി വരാമെന്നു പറഞ്ഞു പോയതാണ്. പിന്നീടു മരണവാർത്തയാണ് കേട്ടത്. സുരാസുവിന്റെ മരണം അദ്ദേഹത്തെ തളർത്തി. സുരാസുവിനെപ്പോലൊരാൾ ഈ രീതിയിൽ അനാഥനായല്ല മരിക്കേണ്ടതെന്നു പറഞ്ഞിരുന്നു.
ചലച്ചിത്ര വികസന കോർപറേഷനിൽ
ആ സ്ഥാപനം നന്നാക്കണമെന്നാഗ്രഹിച്ചു പല സ്വപ്നങ്ങളും സൂക്ഷിച്ചിരുന്നു. ഒരു ഫിലിം ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് ആയിരുന്നു ലക്ഷ്യം. പക്ഷേ നടന്നില്ല. സിനിമാ വ്യവസായത്തിനകത്ത് രാഷ്ട്രീയം കയറി നശിക്കരുത് എന്നു ലീഡർ കെ.കരുണാകരൻ ഓർമിപ്പിച്ചിരുന്നു. സുകുവേട്ടൻ ചെയർമാനായ കാലത്താണ് ആദ്യ ഐഎഫ്എഫ്കെ നടത്തുന്നത്. ജയാ ബച്ചനായിരുന്നു ഉദ്ഘാടക. ജയയ്ക്കൊപ്പം അമിതാഭ് ബച്ചനും വന്നു. ഉദ്ഘാടനത്തിന് വിളക്ക് കൊളുത്താൻ നേരം കൈവിളക്കില്ല. സുകുവേട്ടൻ പോക്കറ്റിൽ നിന്ന് ലൈറ്റർ എടുത്ത് ആരോ കൊണ്ടുവന്ന മെഴുകുതിരിയിൽ കൊളുത്തി. സമയത്തു വിളക്കു കൊളുത്തേണ്ടേ എന്നായിരുന്നു ചോദ്യം.
ജീവിതത്തിലെ ദൈവദൂതൻ
സുകുവേട്ടൻ പോയതോടെ ഞാനും രണ്ടു കുട്ടികളും തനിച്ചായി. ജീവിതം ശൂന്യമായതുപോലെ. പക്ഷേ പിടിച്ചുനിൽക്കാതെ പറ്റില്ലായിരുന്നു. അതിനു കരുത്തു പകർന്നതും സുകുവേട്ടനായിരുന്നു. എന്റെ ജീവിതത്തിലേക്ക് ദൈവദൂതനെപ്പോലെ കടന്നുവന്ന ഒരാൾ. അദ്ദേഹം പോകുമ്പോൾ അത്യാവശ്യം ഭൂമി ഉണ്ട്. ബാങ്കിൽ സ്ഥിര നിക്ഷേപമുണ്ട്. പണം ഒരിക്കലും ആർഭാടത്തിന് ചെലവഴിച്ചിരുന്നില്ല. ഉള്ള സമ്പാദ്യം വച്ച് ജീവിതം നന്നായി പ്ലാൻ ചെയ്തു. ലോണുകൾ എടുക്കുകയും കൃത്യമായി തിരിച്ചടക്കുകയും ചെയ്തിരുന്നു. എല്ലാറ്റിലും ഞങ്ങളുടെ മേൽ ഒരു കരുതലുണ്ടായിരുന്നു. അന്നെനിക്കു 39 വയസ്സാണ്. വീണ്ടും വിവാഹം കഴിക്കണമെന്നു പറഞ്ഞവരുണ്ട്. നാട്ടുമ്പുറത്തെ കാരണവന്മാരൊക്കെ സ്വാഭാവികമായും അങ്ങനെയേ പറയു. കുഞ്ഞുങ്ങളെ നന്നായി വളർത്തണമെന്നതു മാത്രമായിരുന്നു എന്റെ ചിന്ത. ഞാൻ പതറിയാൽ, സങ്കടപ്പെട്ടാൽ അതിൽ നിന്നുള്ള ബലഹീനതയിൽ എന്റെ കുഞ്ഞുങ്ങളും തളരും. ജീവിതമെന്നത് മനസ്സിലെ വാശിയായിരുന്നു. മക്കളെ നന്നായി വളർത്തണം– സുകുവേട്ടൻ എന്നെ ഏൽപിച്ച ഉത്തരവാദിത്തം നിറവേറ്റണമായിരുന്നു. എന്റെ മക്കൾക്ക് എന്നോടുള്ള സ്നേഹം കാണുമ്പോൾ അതിൽ വിജയിച്ചു എന്നു തന്നെയാണ് എന്റെ വിശ്വാസം.
കിടപ്പുമുറിയിൽ കട്ടിലിന് എതിരായി സുകുവേട്ടന്റെ ചിത്രമുണ്ട്. അതിലേക്കു നോക്കുമ്പോൾ മല്ലികേ..എന്നു നീട്ടിയുള്ളൊരു വിളി കേൾക്കാം. നോക്കുമ്പോൾ ചിരിച്ചുകൊണ്ട് ഇരിക്കുന്നതു കാണാം. എന്നാലും എന്നെ ഒറ്റയ്ക്കാക്കി പോയല്ലോ എന്നൊരു പരിഭവം തോന്നാറുണ്ട്. അതൊക്കെ പോട്ടേടീ എന്നൊരു ആശ്വസിപ്പിക്കലും ആ മുഖത്തുണ്ടാകും.
മല്ലികയ്ക്ക് ഏറ്റവുമിഷ്ടപ്പെട്ട സുകുമാരന്റെ ചിത്രങ്ങൾ
ബന്ധനം, ഏതോ ഒരു സ്വപ്നം, ശംഖുപുഷ്പം, എവിടെയോ ഒരു ശത്രു, സത്രത്തിൽ ഒരു രാത്രി