‘ലവ്‌ലി മാത്തൻ’ കേസിന് മറ്റൊരു കേസുമായും ബന്ധമില്ല: ജിനു വി. ഏബ്രഹാം
കോട്ടയത്ത് 40 കൊല്ലം മുമ്പ് നടന്ന ജോളിമാത്യു വധക്കേസുമായി ‘അന്വേഷിപ്പിൻ കണ്ടെത്തും’ ചലച്ചിത്രത്തിന്റെ പ്രമേയത്തിന് ബന്ധമില്ലെന്ന് തിരക്കഥാകൃത്ത് ജിനു വി. ഏബ്രഹാം. ഈ വർഷത്തെ ആദ്യ ക്രൈം തില്ലർ ‘അന്വേഷിപ്പിൻ കണ്ടെത്തും’ പ്രേക്ഷകരിലേക്ക് എത്തുന്നതോടൊപ്പം, വർഷങ്ങൾക്കു മുൻപ് നടന്ന ജോളി മാത്യു
കോട്ടയത്ത് 40 കൊല്ലം മുമ്പ് നടന്ന ജോളിമാത്യു വധക്കേസുമായി ‘അന്വേഷിപ്പിൻ കണ്ടെത്തും’ ചലച്ചിത്രത്തിന്റെ പ്രമേയത്തിന് ബന്ധമില്ലെന്ന് തിരക്കഥാകൃത്ത് ജിനു വി. ഏബ്രഹാം. ഈ വർഷത്തെ ആദ്യ ക്രൈം തില്ലർ ‘അന്വേഷിപ്പിൻ കണ്ടെത്തും’ പ്രേക്ഷകരിലേക്ക് എത്തുന്നതോടൊപ്പം, വർഷങ്ങൾക്കു മുൻപ് നടന്ന ജോളി മാത്യു
കോട്ടയത്ത് 40 കൊല്ലം മുമ്പ് നടന്ന ജോളിമാത്യു വധക്കേസുമായി ‘അന്വേഷിപ്പിൻ കണ്ടെത്തും’ ചലച്ചിത്രത്തിന്റെ പ്രമേയത്തിന് ബന്ധമില്ലെന്ന് തിരക്കഥാകൃത്ത് ജിനു വി. ഏബ്രഹാം. ഈ വർഷത്തെ ആദ്യ ക്രൈം തില്ലർ ‘അന്വേഷിപ്പിൻ കണ്ടെത്തും’ പ്രേക്ഷകരിലേക്ക് എത്തുന്നതോടൊപ്പം, വർഷങ്ങൾക്കു മുൻപ് നടന്ന ജോളി മാത്യു
കോട്ടയത്ത് 40 കൊല്ലം മുൻപു നടന്ന ജോളിമാത്യു വധക്കേസുമായി ‘അന്വേഷിപ്പിൻ കണ്ടെത്തും’ ചലച്ചിത്രത്തിന്റെ പ്രമേയത്തിന് ബന്ധമില്ലെന്ന് തിരക്കഥാകൃത്ത് ജിനു വി.ഏബ്രഹാം. ‘അന്വേഷിപ്പിൻ കണ്ടെത്തും’ പ്രേക്ഷകരിലേക്ക് എത്തുന്നതോടൊപ്പം, വർഷങ്ങൾക്കു മുൻപ് നടന്ന ജോളി മാത്യു കൊലക്കേസും വീണ്ടും ചർച്ചയാവുകയാണ്. സിനിമയിലെ കേന്ദ്രകഥാപാത്രമായ എസ്ഐ ആനന്ദ് നാരായണൻ നടത്തുന്ന ആദ്യ കുറ്റാന്വേഷണമായ ലവ്‌ലി മാത്തൻ തിരോധാനവും ജോളി മാത്യു കൊലക്കേസും തമ്മിലുള്ള സാദൃശ്യമാണ് സിനിമാസ്വാദകർ ചികയുന്നത്. എന്നാൽ നടന്ന സംഭവത്തിന്റെ ചിത്രീകരണമല്ല സിനിമയെന്നും ജോളി മാത്യു കൊലപാതകക്കേസടക്കം കേരളത്തിൽ നടന്ന വിവിധ സംഭവങ്ങളുടെ കൂട്ടിച്ചേർക്കലാണ് ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്നും ജിനു വി.ഏബ്രഹാം മനോരമ ഓൺലൈനിനോട് പ്രതികരിച്ചു.
1984 ലാണ് കോട്ടയം ചിങ്ങവനത്തിനടുത്ത് പത്തൊൻപതുകാരി ജോളി മാത്യുവിനെ കോളജിൽനിന്നു മടങ്ങവേ ബസ് സ്റ്റോപ്പിനും വീടിനും മധ്യേ കാണാതായതും പിന്നീട് മരിച്ചനിലയിൽ കണ്ടെത്തിയതും. അന്വേഷണം ഒരു വൈദികനിലേക്ക് എത്തിയതോടെ കേസ് കൂടുതൽ സങ്കീർണമായി, രാഷ്ട്രീയ ഇടപെടലുകളടക്കം ഉണ്ടായി. തുടർന്ന് ലോക്കൽ പൊലീസിന്റെയും എറണാകുളം ക്രൈം ബ്രാഞ്ച് സൂപ്രണ്ടിന്റെയും അന്വേഷണം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നപ്പോഴാണ് സിബി മാത്യു ഐപിഎസ് കേസ് ഏറ്റെടുക്കുന്നത്. തുടർന്നു നടന്ന അന്വേഷണത്തിന്റെ വിശദാംശങ്ങൾ ‘നിർഭയം’ എന്ന അനുഭവക്കുറിപ്പിൽ സിബി മാത്യൂസ് രേഖപ്പെടുത്തുന്നുണ്ട്.
ഈ കേസിന്റെ അന്വേഷണത്തോടും അതിലുണ്ടായ വഴിത്തിരിവുകളോടും ഏറെ സാദൃശ്യമുള്ളതാണ് ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന സിനിമയുടെ ആദ്യപകുതി. കഥ നടക്കുന്ന ചിങ്ങവനവും മറ്റു പ്രദേശങ്ങളും ഇതിനു തെളിവാണ്. എന്നാൽ തന്റെ ചെറുപ്പകാലത്ത് സ്വന്തം നാട്ടിലുണ്ടായ സംഭവത്തിൽനിന്നു പ്രചോദനമുൾക്കൊണ്ട്, അത് ലോക്കൽ പൊലീസ് എങ്ങനെ കൈകാര്യം ചെയ്തു എന്ന അന്വേഷണത്തിലൂടെയാണ് ഈ കഥയുണ്ടായതെന്ന് ജിനു ഏബ്രഹാം പറയുന്നു.
‘‘അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിന് ഒരുപാട് കാര്യങ്ങൾ പ്രചോദനമായിട്ടുണ്ട്. അടുത്ത കാലത്ത് നടന്ന ജസ്‌നയുടെ തിരോധാന കേസ് വരെ അതിലുൾപ്പെടും. ഒരു പീരിഡ് സ്റ്റോറി ആയിരിക്കണം എന്നു തീരുമാനിച്ചതിനു ശേഷമാണ്, അക്കാലത്ത് എന്റെ നാട്ടിൽ നടന്ന, പ്രസിദ്ധമായ കോളജ് കുമാരി കേസ് എന്നറിയപ്പെട്ട ജോളി മാത്യു കൊലപാതക കേസ് ഓർമയിൽ വരുന്നത്. ചെറുപ്പം മുതൽ കേട്ടു പരിചയിച്ചിട്ടുള്ള കേസാണ് ജോളി മാത്യു വധം. അതിന്റെ വിശദവിവരങ്ങളൊക്കെ ഇന്റർനെറ്റിൽനിന്നും മറ്റുമായി ശേഖരിച്ചിട്ടുണ്ടായിരുന്നു. സിബി മാത്യു സാറൊക്കെ കേസ് ഏറ്റെടുക്കുന്നതിനു മുൻപ് കേസിൽ അന്വേഷണം നടത്തിയിരുന്നത് ലോക്കൽ പൊലീസാണ്. അവർ ഇതെങ്ങനെ കൈകാര്യം ചെയ്തു എന്നതാണ് സിനിമയുടെ വിഷയം. ഒരു ലോക്കൽ എസ്ഐ കേസ് അന്വേഷിക്കുന്നതാണ് സിനിമ.’’–ജിനു വി. ഏബ്രഹാം അഭിപ്രായപ്പെട്ടു.
ഏറെ വർഷങ്ങൾക്ക് മുൻപ് നടന്ന ജോളി മാത്യു കൊലക്കേസ്, കോട്ടയത്ത് വലിയ രാഷ്ട്രീയപ്രതിസന്ധിയായിരുന്നു സൃഷ്ടിച്ചത്. പ്രതിസ്ഥാനത്ത് ഒരു വൈദികൻ എത്തിയതും മതിയായ തെളിവുകളില്ലാതെ അറസ്റ്റ് രേഖപ്പെടുത്തിയതും വിശ്വാസികളെ പ്രകോപിപ്പിച്ചു. പിന്നീടുള്ള അന്വേഷത്തിൽ വൈദികൻ കുറ്റവിമുക്തനായെങ്കിലും കൃത്യം ചെയ്തത് മറ്റൊരു യുവ വൈദികനായിരുന്നുവെന്ന് കണ്ടെത്തി. വൈദികനും ജോളിയും വ്യത്യസ്ത സഭകളിലെ അംഗങ്ങളായിരുന്നു. അതു ചർച്ചയായതോടെ ഇരുസഭകളിലെയും ചില വിശ്വാസികൾ തമ്മിലുള്ള അസ്വാരസ്യത്തിനും സംഭവം കാരണമായി. എന്നാൽ, താനൊരു ക്രൈസ്തവ വിശ്വാസിയാണെന്നും നടന്ന സംഭവത്തിൽനിന്നു പ്രചോദനമുൾക്കൊണ്ട് ഒരു കഥ പറയുമ്പോൾ, അതിനർഥം എല്ലാ വിശ്വാസികളും കുഴപ്പക്കാരാണെന്നോ അവർക്ക് കളങ്കമുണ്ടെന്നോ അല്ലെന്നും ജിനു വ്യക്തമാക്കി.
‘‘എല്ലായിടത്തും കാണുമല്ലോ ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങൾ. ഞാൻ ഇപ്പോഴും ക്രൈസ്തവ വിശ്വാസിയാണെന്ന കാര്യത്തിൽ അഭിമാനിക്കുന്നയാളാണ്. എന്റെ കഥകൾ എപ്പോഴുമുണ്ടാകുന്നത് എന്റെ ചുറ്റുപാടുകളിൽ നിന്നുമാണ്. അതാണ് ഒരു കഥാകാരന്റെ ഏറ്റവും വലിയ സ്രോതസ്സ്. ഈ കേസ് പൂർണമായും അതുപോലെ ഉപയോഗിക്കുകയല്ല ചെയ്തിട്ടുള്ളത്. ജോളിക്ക് യഥാർഥത്തിൽ മൂന്ന് സഹോദരിമാരല്ല ഉള്ളത്. അതുപോലെ തന്നെ അവരുടെ മരണകാരണവും സിനിമയിൽ കാണിച്ചിരിക്കുന്നതല്ല. ഇത് പൂർണമായും ഒരു ഫിക്‌ഷനാണ്. സിനിമയെ അങ്ങനെതന്നെ കാണണം. നമ്മുടെ ചുറ്റുമുള്ള ഒരുപാട് കാര്യങ്ങൾ കോർത്തിണക്കിയായിരിക്കും നമ്മളൊരു സിനിമയുണ്ടാക്കുക. പക്ഷേ അതൊരു സിനിമയായിക്കഴിഞ്ഞാൽ, പിന്നെയത് ഭാവന മാത്രമാണ്. അതിനു യാഥാർഥ്യവുമായി യാതൊരു ബന്ധവുമില്ല. ക്രൈം ഫയൽ പോലുള്ള സിനിമകൾ ഇറങ്ങിയപ്പോഴും അത്തരം ചർച്ചകളുണ്ടായി. അത് എഴുത്തുകാരന്റെ മനോധർമവും സ്വാതന്ത്ര്യവുമാണ്.’’– ജിനു വി. ഏബ്രഹാം പറഞ്ഞു.
സിനിമയുമായുള്ള സാമ്യവും വ്യത്യാസങ്ങളും നിലനിൽക്കെ ഒരിക്കൽക്കൂടി ജോളി വധക്കേസ് കേരളത്തിന്റെ ശ്രദ്ധയിലെത്തുകയാണ്. എന്താണ് ജോളി മാത്യു എന്ന വിദ്യാർഥിനിക്ക് സംഭവിച്ചത്? എന്തൊക്കെയായിരുന്നു ആ അന്വേഷണത്തിലെ വഴിത്തിരിവുകൾ?
ജോളി മാത്യു കൊലക്കേസ്:
കേരള രാഷ്ട്രീയ ചരിത്രത്തിൽത്തന്നെ ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു ജോളി മാത്യു കൊലക്കേസ്. 1984 ഏപ്രിൽ 23 നാണ് നാട്ടകം ഗവൺമെന്റ് കോളജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിനി ജോളി മാത്യുവിന്റെ മൃതദേഹം വീടിനടുത്തുള്ള പറമ്പിലെ ഉപയോഗശൂന്യമായ കിണറ്റിൽനിന്ന് ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തുന്നത്. അതുവരെ ഒരു സാധാരണ മിസിങ് കേസ് മാത്രമായിരുന്ന ജോളി കൊലക്കേസ് സർക്കാരിന്റെയും പൊലീസ് ഉദ്യോഗസ്ഥരുടെയും ഉറക്കം കെടുത്തിയത് പിന്നീടാണ്. കേസന്വേഷണം ഒരു ആശ്രമത്തെ കേന്ദ്രീകരിച്ച് പുരോഗമിക്കുകയും അവിടത്തെ അന്തേവാസിയായ പുരോഹിതനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇത് വിശ്വാസികളെ പ്രകോപിപ്പിച്ചു. അന്നത്തെ ആഭ്യന്തര മന്ത്രി വയലാർ രവിക്കെതിരെ ഗുരുതര ആരോപണങ്ങളും ഉന്നയിക്കപ്പെട്ടു. അറസ്റ്റ‌് ചെയ്യപ്പെട്ട വൈദികനെതിരായ ആരോപണങ്ങളിൽ ഒന്നും തന്നെ മതിയായ തെളിവുകൾ സമർപ്പിക്കാൻ പൊലീസിനായില്ല. അത് വിഷയം കൂടുതൽ വഷളാക്കി. സഭകൾ തമ്മിൽ തമ്മിലും സർക്കാരുമായും തർക്കം നീണ്ടു. ഉപ തിരഞ്ഞെടുപ്പ് അടുത്തുനിന്ന സമയമായതുകൊണ്ട് അത് പൊലീസിനുണ്ടാക്കിയ സമ്മർദം ചെറുതായിരുന്നില്ല.
അന്വേഷണത്തിൽ പുരോഗതിയില്ല, അനധികൃതമായി വൈദികനെ തടവിൽ വച്ചിരിക്കുന്നു, മതസൗഹാർദ്ദം തകർക്കാൻ ശ്രമിക്കുന്നു തുടങ്ങിയ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് ഒരു പൊതുയോഗം ചിങ്ങവനത്തിനടുത്ത് സംഘടിപ്പിക്കപ്പെട്ടു. അറസ്റ്റ് ചെയ്യപ്പെട്ട വൈദികനെ വിട്ടയച്ചതായും കേസ് പൊലീസ് സൂപ്രണ്ട് സിബി മാത്യൂസിനു കീഴിലുള്ള പുതിയ അന്വേഷണ സംഘത്തിനു കൈമാറുന്നതായും പൊതുയോഗത്തിൽ പ്രഖ്യാപനമുണ്ടായി. അന്നു തന്നെ പുതിയ അന്വേഷണ സംഘം സ്ഥലത്തെത്തി. ഡിവൈഎസ്പി മുഹമ്മദ് ഖാൻ, രാമകൃഷ്ണക്കുറുപ്പ്, കെ.കെ. ജോഷ്വാ, അശോക് കുമാർ എന്നിവരായിരുന്നു സംഘാംഗങ്ങൾ.
ജോളിയുടെ വീട്ടിലേക്കുള്ള വഴിയിൽനിന്നാണ് അവർ അന്വേഷണം തുടങ്ങിയത്; ജോളിയെ അവസാനമായി ജീവനോടെ കണ്ടു എന്ന് പറയപ്പെട്ട വഴിയിൽ. കോട്ടയം എംസി റോഡിൽ മന്ദിരം ജംക്‌ഷനിലാണ് അന്ന് ജോളി ബസിറങ്ങിയത്. ബസിറങ്ങി അല്‍പം മുൻപോട്ട് നടന്ന് ഇടത്തോട്ടുള്ള വഴിയിലേക്ക് കടന്നാൽ അഞ്ഞൂറ് മീറ്ററേയുള്ളൂ ജോളി മാത്യുവിന്റെ വീട്ടിലേക്കുള്ള ദൂരം. പോകുന്ന വഴിയിൽ ഹോമിയോ കോളജ് വിദ്യാർഥികൾ വാടകയ്ക്കു താമസിച്ച വീടുണ്ട്. കുറച്ചുകൂടി മുൻപോട്ട് നടന്നാൽ ആശ്രമം. അതും കഴിഞ്ഞാൽ ജോളിയുടെ വീട്. വീട്ടിലേക്ക് കയറാതെ നേരെ പോയാൽ കൈതയിൽ ജോസിന്റെ ആൾപ്പാർപ്പില്ലാത്ത വീടാണ്. ആ വീടിനു പിന്നിലെ കിണറ്റിൽ നിന്നാണ് ജോളിയുടെ മൃതശരീരം പോലീസ് കണ്ടെടുത്തത്. ഈ ചെറിയ ദൂരത്തിനിടയിലുണ്ടായ ഏതോ കാരണമാണ് ജോളിയുടെ ജീവനെടുത്തത്.
ജോളിയുടെ ശരീരം കെട്ടിവയ്ക്കാനായി ഉപയോഗിച്ച തുണി അന്വേഷണസംഘം തിരിച്ചറിഞ്ഞു. തൊട്ടടുത്ത വീട്ടുകാരൻ കൊച്ചുനാണുവിന്റേതായിരുന്നു അത്. പക്ഷേ അയാൾക്ക് കൃത്യവുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. അപ്പോഴാണ് ജോളിയുടെ ശരീരത്തിലെ കെട്ട് കാളവണ്ടിക്കാർ കെട്ടുന്ന തരത്തിലുള്ളതാണെന്നു തിരിച്ചറിഞ്ഞത്. ആശ്രമത്തിലെ സഹായിയായ ഒരാളിലേക്ക് അന്വേഷണം എത്തി. അതിനു മുൻപു തന്നെ, ആശ്രമത്തിനടുത്തുള്ള പറമ്പിലെ മരച്ചീനിത്തോട്ടത്തിൽ കണ്ട ഒരു കുഴിയും അന്വേഷണത്തെ സ്വാധീനിച്ചു. കിണറ്റിലേക്കു ശരീരം എത്തിക്കുന്നതിന് മുൻപ് താൽക്കാലികമായി ഒളിപ്പിക്കാൻ ശ്രമിച്ച സ്ഥലമാണ് അതെന്ന് ഫൊറൻസിക് പരിശോധനയിൽ തെളിഞ്ഞു. അവിടെനിന്നു കണ്ടെടുത്ത സാമ്പിളുകൾ പക്ഷേ അയാളുടേതായിരുന്നില്ല.
അപ്പോഴാണ് പൊന്നപ്പൻ എന്ന കൂലിവേലക്കാരനിൽനിന്നു പുതിയ വിവരം ലഭിക്കുന്നത്. ജോളി അന്ന് ആശ്രമത്തിലേക്കു കയറിപ്പോകുന്നത് കണ്ടെന്നായിരുന്നു അത്. അതോടെ അന്വേഷണം വീണ്ടും ആശ്രമത്തിലേക്കെത്തി. അതേ വൈദികനെ തേടി പൊലീസ് തിരിച്ചെത്തി. വീണ്ടും നടന്ന ചോദ്യം ചെയ്യലിൽ, ആ ആശ്രമത്തിൽ താമസിച്ചിരുന്ന യുവ വൈദികനെക്കുറിച്ചും സഹായിയെക്കുറിച്ചും വിവരം ലഭിച്ചു. ജോളിയുടെ മരണശേഷം ഇരുവരും അങ്ങോട്ട് തിരികെ വന്നിട്ടില്ലെന്നത് സംശയം കടുപ്പിച്ചു. ആശ്രമത്തിൽ നടന്ന ഫൊറൻസിക് പരിശോധനയിൽ അവിടെ നിന്നുമൊരു ബയോളോജിക്കൽ മാറ്റർ കണ്ടെത്തി.
കഴുത്തിൽ അമർത്തിപ്പിടിച്ചപ്പോൾ വാഗ്‌സ് ഞെരമ്പിൽ ഉണ്ടായ സമ്മർദത്താലും മൂക്കും വായും ഉൾപ്പെടെ അടച്ച് ശ്വാസം കിട്ടാതായതിനാലും സംഭവിച്ച മരണത്തിനിടെ ജോളിയിൽനിന്നു പുറത്തു വന്ന ഛർദിയുടെ അവശിഷ്ടമായിരുന്നു അത്. കൂടാതെ, സ്ത്രീയുടേതെന്ന് ഒറ്റനോട്ടത്തിൽത്തന്നെ വ്യക്തമാകുന്ന മുടിയിഴകളും മറ്റും അവിടെ നിന്നു ശേഖരിച്ചിരുന്നു. ഈ സാംപിളുകളും മരച്ചീനിത്തോട്ടത്തിലെ സാംപിളുകളും ജോളിയുടേതായിരുന്നു. ഇതേ സാഹചര്യങ്ങളിൽനിന്നു തന്നെ വൈദികന്റെ ഡിഎൻഎ സാംപിളുകളും ഉദ്യോഗസ്ഥർക്ക് ലഭിച്ചു. സാഹചര്യത്തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിൽ, കൃത്യം നടത്തിയത് ഒരാൾ മാത്രമല്ലെന്നു കണ്ടെത്തി. ഹോമിയോ കോളജ് വിദ്യാർഥിയായിരുന്ന വൈദികനും സുഹൃത്തുക്കളും ചേർന്നാണ് കൃത്യം നടത്തിയതെന്നും തെളിയിക്കപ്പെട്ടു.
കോടതിയിൽ, കുറ്റം ഹോമിയോ കോളജ് വിദ്യാർഥികളിൽ കെട്ടിവയ്ക്കാനുള്ള ശ്രമം പ്രതിഭാഗം വീണ്ടും നടത്തി. എന്നാൽ, വീട്ടിൽ സൂക്ഷിച്ചിരുന്ന എല്ലുകഷണത്തിന്റെ ഗന്ധമാണ് പൊലീസ് നായയെ തെറ്റിദ്ധരിപ്പിച്ചതെന്നും അത് ഏറെ കാലപ്പഴക്കമുള്ളതായിരുന്നെന്നും അന്വേഷണ സംഘത്തിന് സമർഥിക്കാൻ സാധിച്ചു. എന്നാൽ, ജോളിയെ കണ്ടതും സംസാരിച്ചതും വൈദികൻ നിഷേധിച്ചില്ല. പക്ഷേ പ്രാർഥനയ്ക്കു ശേഷം അവൾ മടങ്ങിപ്പോയെന്നായിരുന്നു വാദം. അതിനു സാക്ഷികളുമില്ല, അത് കഴിഞ്ഞാൽ ജോളി മരിക്കാൻ കാരണങ്ങളുമില്ല.
ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ കോട്ടയം ജില്ലാ മജിസ്‌ട്രേറ്റ് കോടതി വൈദികന് ജീവപര്യന്തം തടവും കൂട്ടുപ്രതികൾക്ക് ഏഴു വർഷം തടവും വിധിച്ചു. പക്ഷേ പിന്നീട് മേൽക്കോടതി പ്രതികളെ വെറുതെ വിടുകയായിരുന്നു.