ഹിറ്റടിക്കാൻ കാത്തിരുന്നത് 20 വർഷം; വെള്ളിമൂങ്ങ തലവര മാറ്റിയ സൂപ്പർ ഹീറോ ബിജു
1994ല്‍ പുത്രന്‍ എന്ന സിനിമയിലൂടെ അഭിനയരംഗത്ത് വന്ന ബിജു മേനോന്‍ ഈ മേഖലയില്‍ 30 വര്‍ഷം പൂര്‍ത്തിയാക്കുന്നു. ഏതു തരം റോളും വിശ്വസിച്ച് ഏല്‍പ്പിക്കാവുന്ന നടന്‍ എന്ന നിലയില്‍ സാര്‍വത്രികമായ അംഗീകാരം നേടിക്കഴിഞ്ഞ അദ്ദേഹം സൂപ്പര്‍സ്റ്റാര്‍, മെഗാസ്റ്റാര്‍ വിശേഷണങ്ങളില്ലാതെ തന്നെ മലയാളികളുടെ മനസില്‍
1994ല്‍ പുത്രന്‍ എന്ന സിനിമയിലൂടെ അഭിനയരംഗത്ത് വന്ന ബിജു മേനോന്‍ ഈ മേഖലയില്‍ 30 വര്‍ഷം പൂര്‍ത്തിയാക്കുന്നു. ഏതു തരം റോളും വിശ്വസിച്ച് ഏല്‍പ്പിക്കാവുന്ന നടന്‍ എന്ന നിലയില്‍ സാര്‍വത്രികമായ അംഗീകാരം നേടിക്കഴിഞ്ഞ അദ്ദേഹം സൂപ്പര്‍സ്റ്റാര്‍, മെഗാസ്റ്റാര്‍ വിശേഷണങ്ങളില്ലാതെ തന്നെ മലയാളികളുടെ മനസില്‍
1994ല്‍ പുത്രന്‍ എന്ന സിനിമയിലൂടെ അഭിനയരംഗത്ത് വന്ന ബിജു മേനോന്‍ ഈ മേഖലയില്‍ 30 വര്‍ഷം പൂര്‍ത്തിയാക്കുന്നു. ഏതു തരം റോളും വിശ്വസിച്ച് ഏല്‍പ്പിക്കാവുന്ന നടന്‍ എന്ന നിലയില്‍ സാര്‍വത്രികമായ അംഗീകാരം നേടിക്കഴിഞ്ഞ അദ്ദേഹം സൂപ്പര്‍സ്റ്റാര്‍, മെഗാസ്റ്റാര്‍ വിശേഷണങ്ങളില്ലാതെ തന്നെ മലയാളികളുടെ മനസില്‍
1994ല്‍ പുത്രന്‍ എന്ന സിനിമയിലൂടെ അഭിനയരംഗത്ത് വന്ന ബിജു മേനോന്‍ ഈ മേഖലയില്‍ 30 വര്‍ഷം പൂര്‍ത്തിയാക്കുന്നു. ഏതു തരം റോളും വിശ്വസിച്ച് ഏല്‍പ്പിക്കാവുന്ന നടന്‍ എന്ന നിലയില്‍ സാര്‍വത്രികമായ അംഗീകാരം നേടിക്കഴിഞ്ഞ അദ്ദേഹം സൂപ്പര്‍സ്റ്റാര്‍, മെഗാസ്റ്റാര്‍ വിശേഷണങ്ങളില്ലാതെ തന്നെ മലയാളികളുടെ മനസില്‍ സൂപ്പര്‍ഹീറോയായി സ്ഥാനം നേടി കഴിഞ്ഞു.
1993ല്‍ ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്ത 'മിഖായേലിന്റെ സന്തതികള്‍' എന്ന ടെലിവിഷന്‍ പരമ്പരയിലെ നായകനായാണ് ബിജു മേനോന്‍ അഭിനയരംഗത്ത് വരുന്നത്. പി.എഫ്. മാത്യൂസിന്റെ തിരക്കഥയില്‍ ജൂഡ് അട്ടിപ്പേറ്റി സംവിധാനം ചെയ്ത ഈ പരമ്പര ഒരു ഫീച്ചര്‍ സിനിമയോട് കിടപിടിക്കുന്ന നിലവാരം പുലര്‍ത്തിയിരുന്നു. മൂഡ് ലൈറ്റിങ്ങും കളര്‍ടോണും മികച്ച ഫ്രെയിം കോംപസിഷനുമെല്ലാം മിനിസ്‌ക്രീനില്‍ പരീക്ഷിച്ച 'മിഖായേലിന്റെ സന്തതിക'ള്‍ രചനാപരമായ മികവു കൊണ്ടും സംവിധാനമികവു കൊണ്ടും അതിലുപരി അഭിനേതാക്കളുടെ മികച്ച പ്രകടനം കൊണ്ടും ശ്രദ്ധേയമായി. താരതമ്യേന നവാഗതനായ ബിജു മേനോന്‍ മിതത്വമാര്‍ന്ന അഭിനയശൈലിയിലുടെ തന്റെ കഥാപാത്രം മികവുറ്റതാക്കി. അസാധാരണമായ പ്രേക്ഷകപ്രീതിയും നിരൂപകപ്രശംസയും നേടിയ മിഖായേലിന്റെ സന്തതികള്‍ നിര്‍മ്മിച്ചത് നടനും ചലച്ചിത്ര നിര്‍മ്മാതാവുമായ പ്രേംപ്രകാശായിരുന്നു.
അന്നോളം മറ്റൊരു ദൂരദര്‍ശന്‍ പരമ്പരകള്‍ക്കും (അക്കാലത്ത് സ്വകാര്യ ചാനലുകള്‍ രംഗത്ത് വന്നിട്ടില്ല) ലഭിക്കാത്ത ജനപ്രീതിയാണ് മിഖായേലിന് ലഭിച്ചത്. അതുകൊണ്ട് തന്നെ അതേ കഥാപാത്രങ്ങളെ വച്ച് ആ പരമ്പരയ്ക്ക് ഒരു ചലച്ചിത്രരൂപം നിര്‍മ്മിച്ചാലോ എന്ന ആശയം പ്രേംപ്രകാശിന്റെ മനസിലുദിച്ചു. അങ്ങനെ പി.എഫ്. മാത്യൂസിന്റെ തന്നെ തിരക്കഥയില്‍ ജൂഡ് അട്ടിപ്പേറ്റിയുടെ സംവിധാനത്തില്‍ പരമ്പരയിലെ നായകനായ ബിജു മേനോനെ ഹീറോയാക്കി 'പുത്രന്‍' എന്ന പേരില്‍ ഒരു ചിത്രം നിര്‍മ്മിച്ചു പ്രേംപ്രകാശ്. എന്നാല്‍ പരമ്പരയുടെ ആസ്വാദ്യത എന്തുകൊണ്ടോ സിനിമയ്ക്കുണ്ടായില്ല. പടം തിയറ്ററില്‍ ഫ്‌ളോപ്പായി എന്നു മാത്രമല്ല വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെടാതെ പോയി. സ്വാഭാവികമായും നായകനായ ബിജു മേനോനും സിനിമ കൊണ്ടു വലിയ പ്രയോജനമുണ്ടായില്ല.
പടം വീണിട്ടും ശ്രദ്ധ നേടി നായകൻ
എന്നാല്‍ ഒത്ത ഉയരവും ആനുപാതികമായ ആകാരവും ശബ്ദഗാംഭീര്യവും ഒക്കെയായി ഒരു മിനി മമ്മൂട്ടി ഫീല്‍ നല്‍കിയ നായകനെ പലരും ശ്രദ്ധിച്ചു. ചെറിയ ചില സിനിമകളിലെ അപ്രധാനമല്ലാത്ത വേഷങ്ങളിലേക്ക് അദ്ദേഹം ക്ഷണിക്കപ്പെട്ടു. മമ്മൂട്ടിയുടെ ഒരു ചെറിയ പതിപ്പ് എന്നതിനപ്പുറം തനതായ അഭിനയശൈലിയൊന്നും അക്കാലത്ത് ബിജു മേനോനില്‍ ആരും കണ്ടില്ല. എന്നാല്‍ ഊതിത്തെളിഞ്ഞ കനലു പോലെ ബിജുവിലെ നടന്‍ വളരെ പെട്ടെന്നു തന്നെ രൂപപ്പെട്ടു വന്നു. നായകനായി തുടക്കം തന്നെ മങ്ങിയെങ്കിലും പ്രതിഭയുളള ഒരാള്‍ അവിടം കൊണ്ട് അവസാനിക്കുന്നില്ല എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ബിജു.
സിനിമയില്‍ ഒരാള്‍ക്ക് എത്ര ആകാരസൗഷ്ഠവവും അഭിനയശേഷിയുമുണ്ടെങ്കിലും ആദ്യ ചിത്രത്തിന്റെ വിപണന വിജയം നിര്‍ണായകമാണ്. അവരുടെ താരമൂല്യം നിര്‍ണയിക്കപ്പെടുന്നത് തുടര്‍ന്നും നായകനായെത്തുന്ന സിനിമകളുടെ കലക്ഷന്‍ അടിസ്ഥാനമാക്കിയാണ്. ഈ വിപത്ത് മുന്‍കൂട്ടി മനസിലാക്കിയ പ്രായോഗികമതിയായ ബിജു നായകവേഷങ്ങള്‍ക്കായി വാശി പിടിച്ചില്ല. ലഭ്യമാകുന്ന വേഷങ്ങള്‍ അസലാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ തിയറി. ഉപനായകനായും വില്ലനായും വൃദ്ധവേഷങ്ങളിലും ഇടയ്ക്ക് റൊമാന്റിക് ഹീറോ ആയും ആക്ഷ ന്‍ഹീറോയായും കോമഡി വേഷങ്ങളിലുമെല്ലാം ബിജു തിളങ്ങി. കനത്ത ശബ്ദവും വലിയ ആകാരവുമുളള ഗൗരവം മുഖമുദ്രയായ ഒരാള്‍ക്ക് തമാശ വഴങ്ങുമോ എന്ന സകല ആശങ്കകളും ബിജു പൊളിച്ചടുക്കി. സിനിമകള്‍ വിജയിച്ചാലും പരാജയപ്പെട്ടാലും ബിജു മേനോന്‍ നന്നായി എന്നു പ്രേക്ഷകരെക്കൊണ്ടും നിരൂപകരെക്കൊണ്ടും പറയിക്കുന്നിടത്തോളം ബിജു വളര്‍ന്നു.
അദ്ദേഹത്തെ പോലെ ഒരു ഹാന്‍ഡ്‌സം ഹീറോയ്ക്ക് പാകമാകുമോ എന്നു പലരും ഭയന്ന ഒന്നായിരുന്നു മാന്നാര്‍ മത്തായി സ്പീക്കിങ്ങിലെ വില്ലന്‍ വേഷം. എന്നാല്‍ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് ആ സിനിമയില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചത് ബിജു മേനോനായിരുന്നു. ദിലീപ് നായകായ 'ഈ പുഴയും കടന്ന്' എന്ന ചിത്രത്തിലും ബിജു തന്റെ വേഷം ഉജ്ജ്വലമാക്കി. മമ്മൂട്ടി നായകനായ അഴകിയ രാവണനിലും ബിജു വില്ലനായിരുന്നു. എന്നാല്‍ നായകന്റെ തലപ്പൊക്കമുളള നെഗറ്റീവ് കഥാപാത്രത്തെ ആരും തലകുലുക്കുന്ന തലത്തില്‍ ബിജു ഗംഭീരമാക്കി. 'കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്' എന്ന സിനിമയില്‍ ജയറാമും മഞ്ജു വാരിയരുമെല്ലാം തകര്‍ത്ത് അഭിനയിച്ചിട്ടും ബിജുവിന്റെ ഉപനായകവേഷം വേറിട്ടു നിന്നു. പിന്നീട് 'ദില്ലിവാലാ രാജകുമാരന്‍' എന്ന സിനിമയിലും ജയറാം-മഞ്ജു ജോഡികള്‍ക്കൊപ്പം തത്തുല്യമായ പ്രഭാവത്തോടെ ബിജു അഭിനയിച്ചു.
ജയറാമിന്റെ പ്രതാപകാലത്താണ് അദ്ദേഹം നായകനായ സിനിമകളില്‍ വന്ന് ബിജു തിളങ്ങിയത്. ഏതു വേഷവും വിശ്വസിച്ച് ഏല്‍പ്പിക്കാന്‍ കഴിയുന്ന നടന്‍ എന്നതിനപ്പുറം എത്ര വലിയ നായകനടനുമൊപ്പം തോളോട് തോള്‍ നിന്നു കളിക്കാന്‍ ശേഷിയുളള നടന്‍ കൂടിയായിരുന്നു ബിജു. എന്നിട്ടും എന്തേ അദ്ദേഹം നായകനിരയില്‍ എത്താത്തത് എന്നത് വളരെക്കാലം ഒരു ദൂരൂഹ സമസ്യയായി. ഒരിക്കല്‍ വീണ നായകനെ വീണ്ടും പരീക്ഷിക്കാനുളള വൈമനസ്യമാവാം ഒരു പരിധിവരെ കാരണം.
പ്രണയഭാവം തുളുമ്പുന്ന ആ കുസൃതിച്ചിരിയും മാനറിസങ്ങളും നന്നായി ഉപയോഗിച്ച സിനിമകളാണ് മേഘമല്‍ഹാറും മഴയും. റൊമാന്റിക് ഹീറോ എന്ന നിലയിലും ബിജു തിളങ്ങുമെന്ന് നമ്മെ ബോധ്യപ്പെടുത്തിയ ആ ചിത്രങ്ങളും വലിയ ബോക്സോഫീസ് വിജയം നേടിയില്ല. ആധാരം, സവിധം എന്നീ രണ്ടു വിജയചിത്രങ്ങള്‍ക്ക് ശേഷം ജോര്‍ജ് കിത്തു ഒരുക്കിയ 'ഇന്നലെകളിയാതെ' ബിജുവും മഞ്ജു വാര്യരും ഒന്നിച്ച കിടിലന്‍ സിനിമയായിരുന്നു. സിദ്ദീഖ്– ലാല്‍ ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ട്വിസ്റ്റുകള്‍ ഏറെയുണ്ടായിട്ടും പടം തീയറ്ററില്‍ ക്ലച്ച് പിടിച്ചില്ല.
നായകന്റെ തോളൊപ്പം തിളങ്ങിയ ഉപനായകന്‍
നിരവധി സൂപ്പര്‍ഹിറ്റ് ആക്ഷന്‍ സിനിമകള്‍ക്ക് ശേഷം ഷാജി കൈലാസ് രഞ്ജിത്തിന്റെ തിരക്കഥയില്‍ ബിജു മേനോനെയും മനോജ് കെ ജയനെയും നായകന്‍മാരാക്കി സംവിധാനം ചെയ്ത അസുരവംശവും എന്തുകൊണ്ടോ ഹിറ്റായില്ല. ആദ്യകാലത്ത് നായകന്‍ എന്ന നിലയില്‍ സിനിമകള്‍ വരുമ്പോള്‍ നിര്‍ഭാഗ്യം ബിജുവിനെ പിടികൂടിയിരുന്നു. മാന്നാര്‍ മത്തായി സ്പീക്കിങ് നിര്‍മ്മിച്ച മാണി സി.കാപ്പന്‍ ആ സിനിമയുടെ വിജയം നല്‍കിയ ധൈര്യത്തില്‍ ബിജുവിനെ നായകനാക്കി 'മാന്‍ ഓഫ് ദ മാച്ച്' എന്ന പടം ഒരുക്കിയെങ്കിലും വന്‍പരാജയമായി.
എന്നാല്‍ 'കളിയാട്ടം', 'പ്രണയവര്‍ണ്ണങ്ങള്‍', 'പത്രം' എന്നിങ്ങനെ അക്കാലത്ത് ചരിത്രവിജയം സ്വന്തമാക്കിയ പല സിനിമകളിലും ബിജു മികച്ച വേഷങ്ങള്‍ ചെയ്തു. ഈ സിനിമകളിലെല്ലാം സുരേഷ് ഗോപിയായിരുന്നു നായകന്‍. സിനിമകളുടെ വാണിജ്യ വിജയം ഗുണം ചെയ്തത് അദ്ദേഹത്തിനായി എന്നു മാത്രം.
നല്ല കഥാപാത്രങ്ങളെ നല്ല നിലയില്‍ അവതരിപ്പിക്കാന്‍ കെല്‍പ്പുളള നടന്‍, എല്ലാത്തരം വേഷങ്ങളും ഇണങ്ങുന്ന നടന്‍, ആകാരഭംഗിക്കൊപ്പം നല്ല ശബ്ദവും ഒത്തിണങ്ങിയ നടന്‍– കുറവുകളില്ലാത്ത ബിജു മേനോന്‍ അപ്പോഴും നായകനിരയില്‍ നിന്ന് ഏറെ അകലെയായിരുന്നു. ദിലീപിനെ പോലൊരാള്‍ വന്ന് ഉയരങ്ങള്‍ കീഴടക്കിയപ്പോഴും ഭാഗ്യദേവത ബിജുവിനെ കനിഞ്ഞില്ല. എന്നാല്‍ ഇത്തരം കാര്യങ്ങളിലൊന്നും തീരെ വ്യാകുലതയില്ലാത്ത ആളായിരുന്നു ബിജു. താനൊരു അലസനും മടിയനുമാണെന്ന് ബിജു തന്നെ പല അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിട്ടുണ്ട്. ഇതര നായകന്‍മാരെ പോലെ തനിക്കു വേണ്ടി പ്രൊഡക്ടുകള്‍ ഉണ്ടാക്കുന്ന ശീലമൊന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ല. ഷൂട്ടിങ് സെറ്റ് വിട്ടാല്‍ വീട്, വീടു വിട്ടാല്‍ ലൊക്കേഷന്‍, ഇടയ്ക്ക് അടുത്ത സുഹൃത്തുക്കളുമായി ഒരു ഒത്തുചേരല്‍; ഇതു മാത്രമായിരുന്നു ബിജുവിന്റെ ജീവിതം.
മുന്‍കാലങ്ങളില്‍ നിന്നു വിഭിന്നമായി മലയാള സിനിമ പലവിധ മാറ്റങ്ങള്‍ക്ക് വേദിയായി മാറിയ സന്ദര്‍ഭം കൂടിയായിരുന്നു അത്. നടന്‍മാര്‍ അവര്‍ക്കു വേണ്ടി ചില ടീമുകളും കോക്കസുകളും രൂപപ്പെടുത്തുകയും അതില്‍ നിര്‍മാതാക്കളും സംവിധായകരും സഹനടന്‍മാരും നായികമാരും തിരക്കഥാകൃത്തുക്കളും അടങ്ങുന്ന ഒരു നിരയെ ഉള്‍പ്പെടുത്തുകയും ചെയ്തു പോന്നു. ഓരോ താരങ്ങളും അവര്‍ക്ക് തിളങ്ങാന്‍ പാകത്തില്‍ കഥകളും കഥാപാത്രങ്ങളും രൂപപ്പെടുത്തുകയും അവര്‍ ആഗ്രഹിക്കുന്ന തരത്തില്‍ ആ പ്രൊജക്ടിനെ പ്ലേസ് ചെയ്യാനും ശ്രദ്ധിച്ചിരുന്നു. സിനിമയുടെ മാര്‍ക്കറ്റിങ്ങിൽ പോലും നടന്‍മാര്‍ ഇടപെടുന്ന രീതി ആരംഭിച്ചത് ഇക്കാലത്താണ്. പലരും സ്വന്തം പ്രൊഡക്ഷന്‍ ഹൗസുകള്‍ക്ക് രൂപം നല്‍കിത്തുടങ്ങി.
ഇക്കാര്യങ്ങളൊന്നും ഗൗനിക്കാതെ അഭിനയം മാത്രമായി ഒതുങ്ങിക്കൂടുകയായിരുന്നു ബിജു. തന്നെ ആവശ്യമുളളവര്‍ ക്ഷണിക്കും. ലഭിക്കുന്ന റോള്‍ അദ്ദേഹം അസലായി അവതരിപ്പിക്കും. അതിനപ്പുറത്ത് ഒരു നീക്കങ്ങള്‍ക്കും ബിജു നിന്നു കൊടുത്തില്ല. ആ കാലയളവില്‍ അദ്ദേഹത്തിന്റെ കരിയറില്‍ സംഭവിച്ച വലിയ വഴിത്തിരിവ് 1997ല്‍ കൃഷ്ണഗുഡിയിലെ പ്രണയകാലത്ത് എന്ന സിനിമയിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടനുളള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചതാണ്. തൊട്ടടുത്ത വര്‍ഷം മികച്ച സപ്പോര്‍ട്ടിങ് ആക്ടര്‍ക്കുളള ഏഷ്യാനെറ്റ് അവാര്‍ഡും ലഭിച്ചു. 'പത്രം', 'കണ്ണെഴുതി പൊട്ടും തൊട്ട്' എന്നീ സിനിമകളിലെ അഭിനയത്തിനായിരുന്നു ഇത്. വീണ്ടും പഴയപടി ബിജു തന്റെ സിനിമാ യാത്ര തുടര്‍ന്നു. ദിലീപിനെ നായകനാക്കി ലാല്‍ജോസ് സംവിധാനം ചെയ്ത 'ചന്ദ്രനുദിക്കുന്ന ദിക്കില്‍' പോലുളള വിജയ ചിത്രങ്ങളിലും ബിജു തന്റെ വേഷം മികച്ചതാക്കി.
വഴിത്തിരിവായ ഓര്‍ഡിനറി
മഴ, മധുരനൊമ്പരക്കാറ്റ് എന്നീ നായകവേഷങ്ങളിലും ഏതാണ്ടു സമാന കാലയളവില്‍ സംഭവിച്ചു. ഈ സിനിമകള്‍ മികച്ചതായിരുന്നിട്ടും തിയറ്ററുകളില്‍ ആളെ നിറച്ചില്ല. എന്നാല്‍ സംയുക്ത വര്‍മ എന്ന നല്ല നടി ഇതുവഴി ബിജുവിന്റെ ജീവിതസഖിയായി. നടി എന്നതിനപ്പുറം നല്ല കുടുംബിനിയാണ് താനെന്നു സംയുക്ത തെളിയിക്കുകയും ചെയ്തു. പല താരങ്ങളുടെയും കുടുംബജീവിതത്തില്‍ അസ്വാരസ്യങ്ങള്‍ തല പൊക്കിയപ്പോള്‍ ബിജുവും സംയുക്തയും ഇന്നും ഒരുമിച്ച് ക്ഷേത്രദര്‍ശനം നടത്തുന്ന മാതൃകാ ദമ്പതികളായി കഴിയുന്നു. നായകന്‍ എന്ന നിലയില്‍ അര്‍ഹിക്കുന്ന ഉയരങ്ങളിലെത്താന്‍ കഴിയുന്നില്ലെന്ന ദുഃഖം ബിജുവിനെ അലട്ടിയിരുന്നില്ലെങ്കിലും ചലച്ചിത്രപ്രവര്‍ത്തകര്‍ അത്തരമൊരു ദിവസത്തിനായി കാത്തിരുന്നു. കാരണം എന്തുകൊണ്ടും അതിനുളള എല്ലാ യോഗ്യതകളും ഒത്തിണങ്ങിയ നടനായിരുന്നു ബിജു.
മീശ മാധവന്‍ എന്ന മെഗാഹിറ്റിന് ശേഷം ലാല്‍ ജോസ്- രഞ്ജന്‍ പ്രമോദ് കൂട്ടുകെട്ട് ഒന്നിച്ച രണ്ടാം ഭാവം ഒന്നാം തരം സിനിമയായിട്ടും ഹിറ്റായില്ലെന്ന് മാത്രമല്ല പടം റിലീസ് ചെയ്ത കാലത്ത് തീരെ ചര്‍ച്ചയായില്ല. എന്നാല്‍ ഇന്ന് ഇന്റര്‍നെറ്റിലൂടെ സിനിമ കാണുന്ന പുതിയ തലമുറ പോലും ഈ സിനിമയെക്കുറിച്ച് വാചാലമായി സംസാരിക്കുന്നു. സുരേഷ് ഗോപിക്കൊപ്പം ഏറെ പ്രാധാന്യമുളള വേഷത്തില്‍ ബിജു അഭിനയിച്ച രണ്ടാം ഭാവത്തിന്റെ പരാജയവും നായക നിരയിലേക്കുളള വളര്‍ച്ചയെ ബാധിച്ചു. കരിയറില്‍ എട്ടു വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ബിജു അര്‍ഹിക്കുന്ന തലത്തില്‍ എത്തിയിട്ടില്ലെന്ന തോന്നലില്‍ 2002ല്‍ ഷാജി കൈലാസ് ബിജുവിനെ നായകനാക്കി ഒരുക്കിയ ചിത്രമാണ് 'ശിവം'. ആക്ഷന്‍ ജോണറിലുളള ഈ സിനിമ വഴിത്തിരിവാകുമെന്ന് തന്നെ വ്യാപകമായി പ്രതീക്ഷിക്കപ്പെട്ടു. കാരണം മാര്‍ക്ക് വാല്യു തീര്‍ത്തും ഇല്ലാതിരുന്ന കാലത്ത് സുരേഷ് ഗോപിയെ നായകനാക്കി തലസ്ഥാനവും ഏകലവ്യനും കമ്മീഷണറും മാഫിയയുമെല്ലാം ഒരുക്കി ചരിത്രവിജയങ്ങള്‍ തുടര്‍ച്ചയായി സമ്മാനിച്ച സംവിധായകനാണ് ഷാജി കൈലാസ്. ബി. ഉണ്ണികൃഷ്ണന്റെ തിരക്കഥയും മേനക സുരേഷ്‌കുമാറിനെ പോലെ പരിണിതപ്രജ്ഞനായ നിര്‍മാതാവും നന്ദിനിയെ പോലെ അക്കാലത്തെ മികച്ച നായികയുമെല്ലാം കൂട്ടിനുണ്ടായിട്ടും 'ശിവം' വലിയ വിജയം കൈവരിച്ചില്ല.
വീണ്ടും പഴയതു പോലെ വിജയചിത്രങ്ങളില്‍ രണ്ടാം നിര വേഷങ്ങളുമായി ബിജു ഒതുങ്ങിക്കൂടി. 'ക്രോണിക് ബാച്ച്‌ലര്‍', 'ചാന്തുപൊട്ട്', 'അനന്തഭദ്രം', 'ചിന്താമണി കൊലക്കേസ്', 'വടക്കുന്നാഥന്‍', 'കീര്‍ത്തിചക്ര', 'മേരിക്കുണ്ടൊരു കുഞ്ഞാട്', 'ട്വന്റി ട്വന്റി', വിവിധ ജനുസിലുളള വിജയചിത്രങ്ങളുടെയെല്ലാം ഭാഗമായിട്ടും ഹീറോ എന്ന നിലയില്‍ വളരാനുളള ഭാഗ്യം കടാക്ഷിച്ചില്ല. ഇതിനിടയില്‍ ടി.ഡി. ദാസന്‍ സ്റ്റാന്‍ഡാര്‍ഡ് 6 ബി എന്ന സിനിമയിലെ അഭിനയത്തിന് വീണ്ടും സംസ്ഥാന അവാര്‍ഡ്. അതിലും മികച്ച രണ്ടാമത്തെ നടനായിരുന്നു ബിജു. ഒരു തരത്തിൽ, സിനിമയിലും പുരസ്‌കാരങ്ങളിലും എന്നും രണ്ടാമൂഴക്കാരനായി തുടരുകയായിരുന്നു ബിജു അപ്പോഴും.
2011ല്‍ റിലീസ് ചെയ്ത 'ഓര്‍ഡിനറി' എന്ന ചിത്രത്തില്‍ സാങ്കേതികമായി കുഞ്ചാക്കോ ബോബനായിരുന്നു നായകന്‍. എങ്കിലും തത്തുല്യ വേഷത്തില്‍ ബിജുവും ഉണ്ടായിരുന്നു. ആ ചിത്രം വന്‍ഹിറ്റായത് കരിയറില്‍ വഴിത്തിരിവായി. ബിജുവിനെ നായകനാക്കി എന്തുകൊണ്ട് സിനിമകള്‍ ആലോചിച്ചു കൂടാ എന്നു ചലച്ചിത്രവ്യവസായത്തെ കൊണ്ടു തോന്നിപ്പിച്ച സിനിമയായിരുന്നു ഓര്‍ഡിനറി. ചിത്രത്തില്‍ ചാക്കോച്ചനേക്കാള്‍ തിളങ്ങിയതും ബിജുവായിരുന്നു. ഉണ്ണി മുകുന്ദനും ചാക്കോച്ചനും ബിജുവും ഏറെക്കുറെ തുല്യപ്രാധാന്യമുളള വേഷത്തിലെത്തിയ മല്ലുസിംഗും വിജയചിത്രങ്ങളുടെ പട്ടികയില്‍ എത്തി.
ചാക്കോച്ചന്‍- ബിജു കോംബോ ഭാഗ്യജോഡികളാണെന്ന വിശ്വാസം നല്‍കിയ ധൈര്യത്തില്‍ ബോബന്‍ സാമുവല്‍ സംവിധാനം ചെയ്ത റോമന്‍സും വന്‍വിജയം നേടി. കളിമണ്ണ് എന്ന ബ്ലെസി ചിത്രത്തിലെ നായകവേഷം വാസ്തവത്തില്‍ ബിജു മേനോന് ലഭിച്ച മികച്ച അവസരങ്ങളില്‍ ഒന്നായിരുന്നു. എന്നാല്‍ നായികാ പ്രധാനമായ ചിത്രത്തില്‍ ശ്രദ്ധ ലഭിച്ചത് ശ്വേതാ മേനോന്റെ കഥാപാത്രത്തിനായിരുന്നു. സിനിമ വാണിജ്യ വിജയം നേടിയില്ല എന്നതും തിരിച്ചടിയായി. ഓര്‍ഡിനറിയുടെ വിജയത്തിനു ശേഷം അതേ സംവിധായകന്‍ ഒരുക്കിയ മധുരനാരങ്ങയിലും ചാക്കോച്ചന്‍-ബിജു ടീമായിരുന്നു നായകവേഷത്തില്‍. പടം സാമാന്യം നല്ല വിജയം നേടുകയും ചെയ്തു. എന്നാല്‍ 'സോളോ ഹീറോ' എന്ന തലത്തിലേക്ക് അപ്പോഴും നിയതി ബിജുവിനെ കൈപിടിച്ചുയര്‍ത്തിയില്ല. പല പടങ്ങളും ചാക്കോച്ചന്റെ അക്കൗണ്ടില്‍ പോവുകയും ചെയ്തു. വാസ്തവത്തില്‍ അഭിനയ മികവു കൊണ്ട് ചാക്കോച്ചനേക്കാള്‍ ബഹുദൂരം മുന്നിലായിരുന്നു ബിജു. അദ്ദേഹത്തിന് ഹ്യൂമര്‍ നന്നായി വഴങ്ങുമെന്ന് തെളിയിക്കപ്പെട്ട ചിത്രങ്ങള്‍ കൂടിയായിരുന്നു ഇതെല്ലാം.
സോളോ ഹീറോയായി ആദ്യഹിറ്റ്
സിനിമയില്‍ വന്ന് രണ്ടു പതിറ്റാണ്ടിന് ശേഷം, 2014 ലാണ് സോളോ ഹീറോ എന്ന നിലയില്‍ ബിജുവിന്റെ കരിയറിലെ ആദ്യ മെഗാഹിറ്റ് സംഭവിക്കുന്നത്. ജിബു ജേക്കബ് സംവിധാനം ചെയ്ത വെളളിമൂങ്ങയില്‍ അഭിനയിച്ചു ഫലിപ്പിക്കാന്‍ ഏറെ പ്രയാസമുള മാമച്ചന്‍ എന്ന കഥാപാത്രത്തെ അനായാസമായി കൈകാര്യം ചെയ്യുന്ന ബിജു മേനോനെ കണ്ട് പ്രേക്ഷകര്‍ ഞെട്ടി. ഹ്യൂമറിനൊപ്പം വിരുദ്ധഭാവങ്ങളടക്കം പല ലയറുകളുളള കഥാപാത്രത്തെ ബിജു സമുജ്ജ്വലമാക്കി.
അടുത്ത വര്‍ഷം അനുരാഗ കരിക്കിന്‍ വെളളത്തില്‍ ആസിഫ് അലിയുടെ അച്ഛന്‍ വേഷം ചെയ്തു വീണ്ടും ബിജു എല്ലാവരെയും ഞെട്ടിച്ചു. ഡെപ്തുളള ഹ്യൂമറും മിതത്വമാര്‍ന്ന ഭാവചലനങ്ങളും കൊണ്ടു റേഞ്ചുളള നടനാണ് താനെന്ന് അദ്ദേഹം ആവര്‍ത്തിച്ച് തെളിയിച്ചു. അങ്ങനെ, മലയാളത്തിലെ അതിശക്തരായ അഭിനേതാക്കളുടെ നിരയില്‍ ബിജു മേനോനും സ്ഥാനം ലഭിച്ചു.
അരിപ്പൊടി-മുളകുപൊടി കോമഡികളും പഴത്തൊലിയില്‍ തട്ടി വീഴുന്ന തമാശകളും കണ്ണുരുട്ടിയും കോക്രികാണിച്ചും ചിരിയുണര്‍ത്താനുളള ശ്രമങ്ങളും കണ്ടു ശീലിച്ച മലയാളിയെ ആഭിജാത്യമുളള നർമം എന്താണെന്ന് ബിജു ബോധ്യപ്പെടുത്തി. 'സ്വര്‍ണക്കടുവ' എന്ന ചിത്രത്തിലെ നെഗറ്റീവ് ഷേഡുളള കഥാപാത്രം അര്‍ഹിക്കുന്ന തലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടില്ലെങ്കിലും പടം ഹിറ്റായി. വാസ്തവത്തില്‍ നടന്‍ എന്ന നിലയില്‍ ബിജു മേനോന്‍ നില്‍ക്കുന്ന ഉയരങ്ങളെ സംബന്ധിച്ച് അസാധാരണമായ ഉള്‍ക്കാഴ്ച സമ്മാനിച്ച കഥാപാത്രമായിരുന്നു അത്. ആന്റിഹീറോസ് മലയാളിക്ക് പുത്തരിയല്ല. പല വലിയ താരങ്ങളും വിവിധ തലങ്ങളില്‍ അത് അഭിനയിച്ച ഫലിപ്പിച്ചിട്ടുമുണ്ട്. എന്നാല്‍ അവരെയെല്ലാം മറികടക്കുന്ന നടനവൈഭവത്തിന്റെ ഗിരിഗൃംഗങ്ങളിലേക്ക് നടന്നു കയറുകയായിരുന്നു ബിജു മേനോന്‍.പിന്നീട് അങ്ങോട്ട് ബിജു മേനോന്‍ എന്ന നടന്റെയും ഒപ്പം വിപണനമൂല്യമുളള താരത്തിന്റെയും തേരോട്ടമായിരുന്നു. 'രക്ഷാധികാരി ബൈജു ഒപ്പ്', 'പടയോട്ടം', 'ആദ്യരാത്രി', 'അയ്യപ്പനും കോശിയും'; തുടര്‍ച്ചയായി ഹിറ്റുകളുടെ തോഴനായി ബിജു മേനോന്.
സമാനമായി തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലും സാന്നിധ്യം അറിയിച്ചെങ്കിലും അദ്ദേഹത്തിന്റെ കഴിവിനൊത്ത് അംഗീകാരം ലഭിച്ചില്ല. എന്നാല്‍ മലയാളത്തിലെ എണ്ണപ്പെട്ട നടന്‍മാരുടെ മുന്‍നിരയില്‍ ബിജു മേനോന്‍ ഒരു കസേര വലിച്ചിട്ട് ഇരുന്നു. അയ്യപ്പനും കോശിയിലെ അഭിനയമികവ് പരിഗണിച്ച് മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരവും ബിജുവിന് ലഭിച്ചു. 'ആര്‍ക്കറിയാം?' എന്ന ചിത്രത്തില്‍ ഒരു പടുവൃദ്ധന്റെ വേഷത്തിലെത്തിയ ബിജു മേനോന്‍ സമാനതകളില്ലാത്ത പ്രകടനം കാഴ്ചവച്ച് വീണ്ടും അമ്പരപ്പിച്ചു. വൃദ്ധ വേഷങ്ങളില്‍ നെടുമുടി അടക്കം പല മഹാനടന്‍മാരും കസറിയിട്ടുണ്ടെങ്കിലും ആരെയും അനുകരിക്കാതെ വേറിട്ട കഥാപാത്ര വ്യാഖ്യാനം നിര്‍വഹിക്കാനാണ് ബിജു ശ്രമിച്ചത്. സുരേഷ് ഗോപിക്കൊപ്പം തുല്യപ്രാധാന്യവേഷത്തില്‍ വന്ന ഗരുഡനായിരുന്നു ബിജുവിന്റെ സമീപകാലഹിറ്റ്.
നടന്‍ എന്ന നിലയില്‍ ഇനിയും ബഹുദൂരം താണ്ടാനുളള ഇന്ധനം ബിജുവിന്റെ പക്കലുണ്ട്. അനുകൂലമായ സാഹചര്യങ്ങളും അവസരങ്ങളും ലഭിക്കുക എന്നതാണ് പ്രധാനം. സമകാലികരില്‍ പലര്‍ക്കും അഭിനയിച്ച് ഫലിപ്പിക്കാന്‍ പ്രയാസമുളള പല നെടുങ്കന്‍ വേഷങ്ങളും അനായാസം കൈകാര്യം ചെയ്യാന്‍ കഴിയുന്നു എന്നതാണ് ബിജു മേനോന്റെ സവിശേഷത. എല്ലാ അര്‍ത്ഥത്തിലും മലയാള സിനിമയിലെ വേറിട്ട അഭിനേതാക്കളില്‍ ഒരാളായി അദ്ദേഹം നിലനില്‍ക്കുന്നു എന്നതാണ് വസ്തുത. മധ്യവയസിലെത്തിയ നായകന്‍മാരുടെ നിരയില്‍ അതിശക്തമായ കഥാപാത്രങ്ങള്‍ അവതരിപ്പിക്കേണ്ടി വരുമ്പോള്‍ ആദ്യം അന്വേഷിക്കുന്ന പേരുകളില്‍ ഒന്ന് ബിജു മേനോനാണ്. മറ്റൊന്ന് ജോജു ജോര്‍ജും. മൂന്നാമതൊരു ഓപ്ഷനില്ലെന്നതാണ് ഇത്തരം അഭിനേതാക്കളുടെ സ്വീകാര്യത.