ശ്രീവിദ്യ ജന്മം കൊണ്ട് തമിഴ്‌നാട്ടുകാരിയാണെങ്കിലും കാഴ്ചയില്‍ മലയാളിത്തം നിറഞ്ഞ ഒരു മുഖവും ഭാവങ്ങളുമാണ് അവരുടേത്. സംഭാഷണം തമിഴ് ടച്ചില്ലാത്ത നല്ല അസല്‍ മലയാളത്തില്‍. എത്രയോ കാലമായി അവര്‍ മലയാളത്തില്‍ സ്വയം ഡബ്ബ് ചെയ്യുന്നു. വിവാഹം കഴിച്ചത് മലയാളിയെ. നല്ല കഥാപാത്രങ്ങള്‍ അവതരിപ്പിച്ചതും മലയാളത്തില്‍.

ശ്രീവിദ്യ ജന്മം കൊണ്ട് തമിഴ്‌നാട്ടുകാരിയാണെങ്കിലും കാഴ്ചയില്‍ മലയാളിത്തം നിറഞ്ഞ ഒരു മുഖവും ഭാവങ്ങളുമാണ് അവരുടേത്. സംഭാഷണം തമിഴ് ടച്ചില്ലാത്ത നല്ല അസല്‍ മലയാളത്തില്‍. എത്രയോ കാലമായി അവര്‍ മലയാളത്തില്‍ സ്വയം ഡബ്ബ് ചെയ്യുന്നു. വിവാഹം കഴിച്ചത് മലയാളിയെ. നല്ല കഥാപാത്രങ്ങള്‍ അവതരിപ്പിച്ചതും മലയാളത്തില്‍.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശ്രീവിദ്യ ജന്മം കൊണ്ട് തമിഴ്‌നാട്ടുകാരിയാണെങ്കിലും കാഴ്ചയില്‍ മലയാളിത്തം നിറഞ്ഞ ഒരു മുഖവും ഭാവങ്ങളുമാണ് അവരുടേത്. സംഭാഷണം തമിഴ് ടച്ചില്ലാത്ത നല്ല അസല്‍ മലയാളത്തില്‍. എത്രയോ കാലമായി അവര്‍ മലയാളത്തില്‍ സ്വയം ഡബ്ബ് ചെയ്യുന്നു. വിവാഹം കഴിച്ചത് മലയാളിയെ. നല്ല കഥാപാത്രങ്ങള്‍ അവതരിപ്പിച്ചതും മലയാളത്തില്‍.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശ്രീവിദ്യ ജന്മം കൊണ്ട് തമിഴ്‌നാട്ടുകാരിയാണെങ്കിലും കാഴ്ചയില്‍ മലയാളിത്തം നിറഞ്ഞ ഒരു മുഖവും ഭാവങ്ങളുമാണ് അവരുടേത്. സംഭാഷണം തമിഴ് ടച്ചില്ലാത്ത നല്ല  അസല്‍ മലയാളത്തില്‍. സിനിമയിൽ സ്വന്തം കഥാപാത്രങ്ങൾക്ക് അവർ തന്നെ  ഡബ്ബ് ചെയ്തു. വിവാഹം കഴിച്ചത് മലയാളിയെ. നല്ല കഥാപാത്രങ്ങള്‍ അവതരിപ്പിച്ചതും മലയാളത്തില്‍. ആദാമിന്റെ വാരിയെല്ലിലെ നായികയുടെ കഷ്ടതകള്‍ അവര്‍ക്കല്ലാതെ മറ്റൊരാള്‍ക്ക് ചെയ്യാനാവില്ലെന്ന് തോന്നും വിധമാണ് അവര്‍ അഭിനയിച്ചത്.

ശ്രീവിദ്യയെ ആദ്യമായി (അവസാനമായും) കാണുന്നത് 2003ല്‍ രാജസേനന്റെ സ്വപ്നം കൊണ്ടൊരു തുലാഭാരം എന്ന സിനിമയുടെ തൊടുപുഴയിലെ സെറ്റില്‍ വച്ചാണ്. ടെലഫോണില്‍ അഭിമുഖത്തിന് സമയം ചോദിച്ചപ്പോള്‍ അവര്‍ അധികം തിരക്കില്ലാത്ത ഒരു ദിവസം പറഞ്ഞു. 

ADVERTISEMENT

പറഞ്ഞ ദിവസം, പറഞ്ഞ സമയത്ത് തൊടുപുഴയിലെ സെറ്റില്‍ എത്തി. ഒരു ഇരുനിലവീട്ടിലായിരുന്നു ഷൂട്ടിങ്. അതിന്റെ ബെഡ്‌റൂമില്‍ പുറത്തെ ഷൂട്ടിംങ് ആരവങ്ങളില്‍ നിന്ന് അകന്ന് സ്വസ്ഥമായി ഇരിക്കാമെന്ന് അവര്‍ പറഞ്ഞു. വളരെ കാഷ്വലായാണ് സംസാരിച്ചു തുടങ്ങിയത്. അഭിമുഖത്തിന്റെ ഔപചാരികതകള്‍ ഇല്ലാത്ത കൂടിക്കാഴ്ച. പലതും പറഞ്ഞു വന്ന കൂട്ടത്തില്‍ അവരുടെ മുഴുവൻ ജീവിതത്തെക്കുറിച്ചറിയാന്‍ താത്പര്യം പ്രകടിപ്പിച്ചു. സംശയഭാവത്തില്‍ അവര്‍ അളന്ന് ഒന്നു നോക്കി. തന്റെ സ്വകാര്യതകള്‍ ചികഞ്ഞ് പുറത്തിടാന്‍ വന്ന 'കശ്മലന്‍' എന്ന അര്‍ത്ഥത്തില്‍. പുറത്ത് പറയാന്‍ കഴിയുന്നതും കംഫര്‍ട്ടബിളാണെന്ന് തോന്നുന്നതുമായ കാര്യങ്ങള്‍ മാത്രം പറയൂ എന്ന മുന്‍കൂര്‍ ജാമ്യത്തില്‍ അവര്‍ വീണു. ഒരു സിനിമാക്കഥ എന്ന പോലെ കടന്നുവന്ന ജീവിതവഴികള്‍ അവര്‍ നമുക്ക് മുന്നില്‍ തുറന്നു വച്ചു. അതില്‍ ആദ്യന്തം നിറഞ്ഞു നിന്നത് സത്യസന്ധതയാണ്. കലര്‍പ്പില്ലാത്ത അവരുടെ മനസും!

മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം അര്‍ബുദബാധയെ തുടര്‍ന്ന് അവര്‍ ഓര്‍മ്മയായി. അവതരിപ്പിച്ച കഥാപാത്രങ്ങളും മനസില്‍ നിന്ന് മായാത്ത ആ ശബ്ദവും മാത്രം ബാക്കിയായി.

ശ്രീവിദ്യയുടെ ജീവിതം അവരുടെ തന്നെ വാക്കുകളില്‍. 

നിറങ്ങള്‍ നഷ്ടമായ ബാല്യം

ADVERTISEMENT

ഓർമ വച്ചകാലം മുതല്‍ ഞാന്‍ കാണുന്നത് പരസ്പരം വഴക്കടിക്കുന്ന മാതാപിതാക്കളെയാണ്. രണ്ട് വിരുദ്ധധ്രുവങ്ങളില്‍ നില്‍ക്കുന്ന ആളുകളായിരുന്നു അവര്‍. രണ്ടു വഞ്ചികളിലെ യാത്രക്കാര്‍. ഒരേ സമയം ഇരുദിശകളിലേക്ക് തുഴയുന്നവര്‍ക്കിടയില്‍ ഒരു മകള്‍ക്ക് എന്ത് സ്വസ്ഥത ലഭിക്കാന്‍? പക്ഷെ ഒരു കാര്യം വളരെ പെട്ടെന്ന് തന്നെ ഞാന്‍ തിരിച്ചറിഞ്ഞു. ആ പൊരുത്തക്കേടുകളില്‍ അമ്മയായിരുന്നില്ല തെറ്റുകാരി. എന്നിട്ടും സമൂഹത്തിന് മുന്നില്‍ മകള്‍ അപഹാസ്യയാവാതിരിക്കാന്‍ എല്ലാം സഹിച്ച് അമ്മ ഒതുങ്ങിക്കൂടി. തിരിച്ചു പറയാന്‍ പാകമായപ്പോള്‍ ഒരിക്കല്‍ ഞാന്‍ ചോദിച്ചു. "സ്‌നേഹമില്ലാത്ത അച്ഛനില്‍ നിന്ന് അമ്മ എന്തുകൊണ്ട് ഡിവോഴ്‌സിന് ശ്രമിക്കുന്നില്ല?" എന്നെ ഇറുകെ കെട്ടിപ്പിടിച്ച് ഒരു കരച്ചിലായിരുന്നു മറുപടി.

കാരണമറിയില്ലെങ്കിലും അമ്മയുടെ സങ്കടം കണ്ട് ഞാനും കരഞ്ഞു. പന്ത്രണ്ടാം വയസിലോ മറ്റോ ആണ് ആ സംഭവം. അന്ന് നനഞ്ഞ കണ്ണുകള്‍ പിന്നീട് ഒരിക്കലും തോര്‍ന്നില്ല. അതാണ് നിങ്ങള്‍ അറിയാത്ത ശ്രീവിദ്യ. 

എന്തായാലും പരസ്‌രം ചേരാത്ത രണ്ടുപേര്‍ക്ക് ദീര്‍ഘകാലം ഒന്നിച്ചു ജീവിക്കാനാവില്ലല്ലോ? ഒരു ദിവസം അവര്‍ വഴിപിരിഞ്ഞു. അതോടെ കുടുംബത്തിലെ വരുമാനം നിലച്ചു. അമ്മ സംഗീതക്കച്ചേരികള്‍ക്ക് പോകുമായിരുന്നു. ആ പണം കൊണ്ടാണ് പിന്നീട് ജീവിച്ചത്. 

സാമ്പത്തിക പ്രയാസങ്ങള്‍ ഏറെയുണ്ടെങ്കിലും വരവ് അറിയാതെ ചിലവാക്കുന്ന കൂട്ടത്തിലായിരുന്നു അമ്മ. ആര് സഹായം ചോദിച്ചാലും വാരിക്കോരി കൊടുക്കും. അമ്മ സമ്പാദിച്ച കാശൊക്കെ പല വഴിക്ക് ചിലവായി പോയി. അന്ന് ഞാന്‍ ഡാന്‍സും മ്യൂസിക്കും പഠിക്കുന്നുണ്ട്. ആ സമയത്ത് വളരെ യാദൃശ്ചികമായി ശിവാജി ഗണേശന്‍ സാറിനൊപ്പം തിരുവരുള്‍ ശെല്‍വനില്‍ അഭിനയിക്കാന്‍ അവസരം വന്നു. അദ്ദേഹത്തിന്റെ വലിയ ആരാധികയായ എനിക്ക് പറഞ്ഞറിയിക്കാനാവാത്ത സന്തോഷം തോന്നി. ആ സിനിമയ്ക്ക് കുറച്ചു പൈസ പ്രതിഫലമായി കിട്ടി. അവിടന്നങ്ങോട്ട് അഭിനയം ജീവിതമാര്‍ഗമായി. വീട്ടിലെ സാഹചര്യങ്ങളില്‍ അതല്ലാതെ മറ്റ് പോംവഴിയില്ലായിരുന്നു. 

ADVERTISEMENT

തമിഴില്‍ ധാരാളം സിനിമകള്‍ ചെയ്‌തെങ്കിലും കുടുതല്‍ നല്ല കഥാപാത്രങ്ങള്‍ ലഭിച്ചത് മലയാളത്തില്‍ നിന്നാണ്. കുമാരസംഭവത്തില്‍ ഒരു നൃത്തരംഗത്തില്‍ അഭിനയിച്ചു കൊണ്ടായിരുന്നു തുടക്കം. പിന്നീട് ചട്ടമ്പിക്കവല എന്ന സിനിമയില്‍ നായികയായി. പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല. എല്ലാ ഭാഷകളിലും കൂടി 850 പടങ്ങള്‍.

വിവാഹം ആലോചിച്ച ആരാധകന്‍

ശ്രീവിദ്യ (Photo: മനോരമ ആർകൈവ്സ്)

അമേരിക്കയിലുളള  ഒരു ശാസ്ത്രജ്ഞന് സിനിമകള്‍ കണ്ട് എന്നെ വല്ലാതെ ഇഷ്ടമായി. അദ്ദേഹം വിവാഹാലോചനയുമായി സമീപിച്ചു. അമ്മ അതിനെ ശക്തമായി എതിര്‍ത്തു. സാമ്പത്തികമായി ഞങ്ങള്‍ ഒരു നല്ല നിലയില്‍ എത്തും വരെ അഭിനയിക്കുന്നതാണ് ബുദ്ധിയെന്ന് അമ്മ വാദിച്ചു. കുറഞ്ഞത് രണ്ട് വര്‍ഷം കൂടി അഭിനയിച്ചേ തീരൂ എന്ന് അമ്മ ശഠിച്ചു. അമ്മയെ തനിച്ചാക്കി സ്വയം രക്ഷപ്പെടാന്‍ എന്റെ മനസ് അനുവദിച്ചില്ല. അന്ന് ആ വിവാഹം നടന്നിരുന്നെങ്കില്‍ ഒരുപക്ഷെ എന്റെ വിധി ഇതാവുമായിരുന്നില്ല. 

പിന്നീട് പലരും പ്രണയാഭ്യര്‍ത്ഥനയുമായി അടുത്തു കൂടി. അവരുടെ ഉദ്ദേശം മറ്റു ചിലതാണെന്ന് തിരിച്ചറിയാന്‍ എന്റെ ശുദ്ധഗതി കൊണ്ട് കഴിഞ്ഞില്ല. ആ സമയത്ത് ഞാന്‍ ഗാഢമായി സ്‌നേഹിച്ചത് കമലിനെ (കമല്‍ഹാസന്‍) മാത്രമായിരുന്നു. ഞങ്ങള്‍ പരസ്പരം ആത്മാര്‍ത്ഥമായി സ്‌നേഹിച്ചിരുന്നു. വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷെ ഒരു ദിവസം കമല്‍ വിളിച്ച് എന്നെ വിവാഹം കഴിക്കാന്‍ സാധിക്കില്ലെന്ന് തീര്‍ത്തു പറഞ്ഞു. അതിന് കാരണം മറ്റൊരു നായികയാണെന്ന് അക്കാലത്ത് പലരും പറഞ്ഞു. ഏതായാലും അവരും കമലും തമ്മിലുളള വിവാഹവും നടന്നില്ല. 

കുറച്ചുകാലം കഴിഞ്ഞ് തീരെ പ്രതീക്ഷിക്കാത്ത ഒരാളുമായി കമലിന്റെ വിവാഹം നടന്നു. നര്‍ത്തകിയായ വാണി ഗണപതി. കമല്‍ മറ്റൊരാളെ ഭാര്യയാക്കിയത് എനിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല. ആ വാശിക്ക് ഞാനും വിവാഹിതയായി. പക്ഷെ എന്റെ കണക്കുകൂട്ടലുകള്‍ പൂര്‍ണ്ണമായും പിഴച്ചു. കമല്‍ എന്നെ വേണ്ടെന്ന് പറഞ്ഞ ദിവസം ഹൃദയം പല കഷണങ്ങളായി നുറുങ്ങുന്ന വേദന ഞാന്‍ അനുഭവിച്ചു. അത്രയ്ക്ക് മോശപ്പെട്ടവളാണോ ഞാന്‍ എന്ന ചിന്ത മനസിനെ കുത്തിനോവിച്ചു. ആത്മനിന്ദ കൊണ്ട് വല്ലാതെ വീര്‍പ്പുമുട്ടി. തുടര്‍ച്ചയായി സിനിമകളില്‍ അഭിനയിച്ചുകൊണ്ട് ഞാന്‍ വേദന മറക്കാന്‍ ശ്രമിച്ചു. 

ശ്രീവിദ്യ (Photo: മനോരമ ആർകൈവ്സ്)

മനസിലെ മുറിവുകള്‍ ഉണങ്ങാന്‍ ഏറെ സമയം എടുത്തു. ആ സമയത്ത് ഒരു സാന്ത്വനം ആരില്‍ നിന്നെങ്കിലൂം കിട്ടിയിരുന്നെങ്കില്‍ എന്ന് ഞാനാശിച്ചു. ഒറ്റ മകളായതു കൊണ്ട് സങ്കടങ്ങള്‍ പങ്ക് വയ്ക്കാന്‍ കൂടപ്പിറപ്പുകള്‍ പോലുമില്ല. അപ്പോഴാണ് അന്ന് ഞാന്‍ അഭിനയിച്ചു കൊണ്ടിരുന്ന സിനിമയുടെ നിര്‍മ്മാതാവായ ചെറുപ്പക്കാരന്‍ സ്‌നേഹം ഭാവിച്ച് അടുത്തു കൂടുന്നത്. എന്റെ ഇഷ്ടാനിഷ്ടങ്ങള്‍ മൂന്‍കൂട്ടി മനസിലാക്കി പെരുമാറുകയായിരുന്നു അയാളുടെ തന്ത്രം. എനിക്കിഷ്ടമുളള നിറത്തിലുളള വസ്ത്രങ്ങള്‍ ധരിച്ചു വരിക. എനിക്ക് ഇഷ്ടമുളള വിഷയങ്ങള്‍ സംസാരിക്കുക. അത് ഒരു കെണിയാണെന്ന് തിരിച്ചറിയാനുളള ബുദ്ധി എനിക്കില്ലാതെ പോയി. 

എന്നെ ചതിച്ചവര്‍ക്ക് മുന്നില്‍ നന്നായി ജീവിച്ചു കാണിക്കണമെന്ന വാശി കൊണ്ടാണ് ഞാന്‍ അയാളുമായി കൂടുതല്‍ അടുത്തത്. വാസ്തവത്തില്‍ എനിക്ക് അയാളോട് പ്രണയമൊന്നും ഉണ്ടായിരുന്നില്ല. ചതിച്ചവരെ തോല്‍പ്പിക്കുക എന്ന് എന്റെ പാവം മനസ് എന്നോട് തന്നെ പറഞ്ഞുകൊണ്ടിരുന്നു.  പിന്നീട് എപ്പോഴോ ആ ബന്ധം കൂടുതല്‍ തീവ്രമായി. ചുട്ടുപൊളളുന്ന മനസിന് സാന്ത്വനം പകരുന്ന ഒരാളോടുളള ഇഷ്ടമായിരുന്നു അത്. ആ മനുഷ്യനെ ഞാന്‍ അന്ധമായി വിശ്വസിച്ചു.

ഞങ്ങളുടെ അടുപ്പം അറിഞ്ഞ അമ്മ ശക്തമായി എതിര്‍ത്തു. കരഞ്ഞ് കാല് പിടിച്ച് അപേക്ഷിച്ചു. അപക്വമായ എന്റെ മനസിന് അതൊന്നും ഉള്‍ക്കൊളളാന്‍ കഴിഞ്ഞില്ല. വഞ്ചിച്ചവരെ തോല്‍പ്പിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയായിരുന്നു ഞാന്‍. അമ്മയുടെ എതിര്‍പ്പ് വകവയ്ക്കാതെ ഞാന്‍ ജോര്‍ജിന്റെ ഭാര്യയായി. 

ഏതാനും മാസങ്ങള്‍ക്കുളളില്‍ ഒരു കാര്യം ഞാന്‍ തിരിച്ചറിഞ്ഞു. എന്റെ പണം മാത്രമായിരുന്നു ആ മനുഷ്യന്റെ ലക്ഷ്യം. അമ്മയാകാനുളള എന്റെ മോഹം പോലും അയാള്‍ മുളയിലേ നുളളി. പല തവണ നിര്‍ബന്ധിച്ച് ഗര്‍ഭം അലസിപ്പിച്ചു. കുഞ്ഞുണ്ടായാല്‍ എന്റെ സ്വത്തുക്കള്‍ക്ക് മറ്റൊരു അവകാശിയുണ്ടാവും. അത് ഒഴിവാക്കുകയായിരുന്നു ഉദ്ദേശമെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. എനിക്ക് കാര്യങ്ങള്‍ മനസിലാകും മുന്‍പേ അയാള്‍ ഞാന്‍ അഭിനയിച്ചുണ്ടാക്കിയ സ്വത്തുക്കള്‍ സ്വന്തം പേരിലാക്കി കഴിഞ്ഞിരുന്നു. ഇതിനിടയില്‍ ആ മനുഷ്യന്‍ മറ്റൊരു നടിയുമായി ബന്ധവും ആരംഭിച്ചിരുന്നു. വിവരമറിഞ്ഞ് ഞാനാകെ തകര്‍ന്നു. 

ഞാന്‍ അദ്ധ്വാനിച്ചുണ്ടാക്കിയ വീട്ടില്‍ നിന്ന് ഒരു അന്യയെ പോലെ ഇറങ്ങിപ്പോരേണ്ടി വന്നു. പണവും സ്വത്തുക്കളും നഷ്ടമായതില്‍ എനിക്ക് വിഷമം തോന്നിയില്ല. അത് നാളെയും ഉണ്ടാക്കാം. പക്ഷെ വിശ്വസിച്ച പുരുഷനില്‍ നിന്നുളള ചതി ഒരു സ്ത്രീക്ക് താങ്ങാവുന്നതിനപ്പുറമാണ്. ഇത് ആദ്യത്തെ അനുഭവമല്ല. എത്രയോ തവണയായി ആവര്‍ത്തിക്കുന്നു. ഒടുവില്‍ മിന്നുകെട്ടിയ പുരുഷനും...ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചു തുടങ്ങി.

ആ വിഷമഘട്ടത്തില്‍ അമ്മ എനിക്കൊപ്പം നിന്നു. ഞങ്ങള്‍ മാത്രമായ പഴയകാലം മടങ്ങി വന്നതിന്റെ സന്തോഷമായിരുന്നു അമ്മയ്ക്ക്. ഒരു കൊച്ചുകുഞ്ഞിനെയെന്ന പോലെ അമ്മ എന്നെ ഊട്ടിയുറക്കി. കുട്ടിക്കാലത്തേക്ക് മടങ്ങി പോകും പോലെ എനിക്ക് തോന്നി. ജീവിതത്തില്‍ എല്ലാം മറന്ന് സന്തോഷിച്ചത് ആ നാലു വര്‍ഷങ്ങള്‍ മാത്രമായിരുന്നു. 

വീണ്ടും തേടി വന്ന ദുര്‍വിധികള്‍

പക്ഷെ അവിടെയും വിധി എന്നെ തോല്‍പ്പിച്ചു. അമ്മയ്ക്ക് ക്യാന്‍സറാണെന്ന് ഡോക്ടര്‍ അറിയിച്ചു. ഞാന്‍ വിഷമിക്കുമെന്ന് കരുതി അമ്മ എല്ലാം എന്നില്‍ നിന്ന് മറച്ചു വച്ചു. കരളില്‍ ക്യാന്‍സറായിരുന്നു അമ്മയുടെ അസുഖം. ആ വിവരം ഞാന്‍ അറിയുന്നത് അമ്മ മരിക്കുന്നതിന് മൂന്നു ദിവസം മുന്‍പ് മാത്രമാണ്. 1990ല്‍ അമ്മ മരിച്ചു. പിന്നീട് ഞാന്‍ തീര്‍ത്തും ഒറ്റപ്പെട്ടു. ഭ്രാന്ത് പിടിക്കുമെന്ന് പലപ്പോഴും ഭയന്നു. ആ അവസ്ഥയില്‍ നിന്ന് കുറച്ചെങ്കിലും രക്ഷപ്പെടാന്‍ സഹായിച്ചത് സിനിമയാണ് അഭിനയത്തിന്റെ തിരക്കുകളില്‍ പെട്ട് എല്ലാം മറക്കാന്‍ പരമാവധി ശ്രമിച്ചു. 

ഇതിനിടയില്‍ ഭര്‍ത്താവ് കയ്യടക്കിയ സ്വത്തുക്കള്‍ തിരിച്ചുകിട്ടാനുളള നിയമയുദ്ധം ഒരു വശത്ത്. അതിന്റെ സംഘര്‍ഷങ്ങള്‍ എന്നെ വല്ലാതെ തളര്‍ത്തി. മാനസികമായി തകര്‍ന്ന ഘട്ടത്തില്‍ ഒപ്പം നില്‍ക്കാനും സമാധാനിപ്പിക്കാനും ബന്ധുക്കള്‍ പോലുമില്ലാതായി. ഭര്‍ത്താവില്ലാത്ത സ്ത്രീ എന്നതായിരുന്നു അവര്‍ എന്നില്‍ കണ്ടെത്തിയ കുറ്റം. 

ശ്രീവിദ്യ (Photo: മനോരമ ആർകൈവ്സ്)

ആ സന്നിഗ്ധഘട്ടത്തില്‍ ശരിക്കും തുണയായത് ഭഗവാന്‍ സത്യസായി ബാബയാണ് അന്നേവരെ സ്വാമിയെക്കുറിച്ച് എനിക്ക് കേട്ടറിവുകള്‍ മാത്രമേ ഉണ്ടായിരുന്നുളളു. ചെന്നൈയില്‍ ഒരു പടത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കെ ഒരു ദിവസം സ്വകാര്യദുഃഖങ്ങളും വേദനിപ്പിക്കുന്ന ചില അനുഭവങ്ങളും ഓര്‍ത്ത് നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു പോയി. പെട്ടെന്ന് ഷൂട്ടിങ് നടക്കുന്ന വീട്ടിലേക്ക് പുട്ടപര്‍ത്തിയില്‍ നിന്ന് എനിക്കൊരു ഫോണ്‍ കോള്‍ വന്നു.

'എന്റെ പേര് സുനില്‍ദാസ്. ഒരു സായി ഭക്തനാണ്. നിങ്ങള്‍ക്ക് സ്വാമിയുടെ ഒരു സന്ദേശമുണ്ട്. സ്വാമി പറഞ്ഞു. കരയരുത്'

ഒരു അശരീരി പോലെയാണ് എനിക്ക് തോന്നിയത്. ഹൈദരാബാദിലാണ് സ്വാമിയുടെ ആശ്രമം. എത്രയോ ദൂരെ ഒരിടത്ത് രഹസ്യമായി ഇരുന്ന് ഞാന്‍ കരയുന്നത് സ്വാമി എങ്ങനെ അറിഞ്ഞൂവെന്ന് ഞാന്‍ അമ്പരന്നു. എന്നിട്ടും വിളിച്ചയാളോട് ഞാന്‍ ചോദിച്ചു.

'എനിക്ക് നിങ്ങളെ പരിചയമില്ലല്ലോ?'

അപ്പോള്‍ അയാള്‍ പറഞ്ഞു. 'പരിചയത്തിന്റെ ആവശ്യമൊന്നുമില്ല. സ്വാമി പറയാന്‍ ആവശ്യപ്പെട്ടു. ഞാന്‍ അനുസരിച്ചു. അത്രമാത്രം'

വീണ്ടും ഞാന്‍ ചോദിച്ചു.

'ആരാണ് ഈ ഫോണ്‍ നമ്പര്‍ തന്നത്.?'

'അതൊന്നും നിങ്ങളറിയേണ്ട' എന്ന് മറുപടി.

പറഞ്ഞറിയിക്കാനാവാത്ത ആശ്വാസം തോന്നി. ജീവിതത്തില്‍ എല്ലാവരും എന്നെ കരയിച്ചിട്ടേയുളളു. ആദ്യമായാണ് ഒരാള്‍ കരയരുതെന്ന് പറയുന്നത്. ഞാന്‍ പുട്ടപര്‍ത്തിയില്‍ പോയി സ്വാമിയെ കണ്ടു. അന്ന് മുതല്‍ എന്റെ അച്ഛനും അമ്മയും ഗുരുവും ദൈവവും സുഹൃത്തും വഴികാട്ടിയുമെല്ലാം സ്വാമിയാണ് 

നടക്കാതെ പോയ പുനര്‍വിവാഹം

ആദ്യവിവാഹം പരാജയപ്പെട്ട എത്രയോ പേര്‍ രണ്ടാം വിവാഹം കഴിച്ച് സുഖമായി കഴിയുന്നു. എന്തുകൊണ്ട് അങ്ങനെ ചിന്തിച്ചുകൂടായെന്ന് പലരും എന്നോട് ചോദിച്ചു. കുറെക്കാലം ആ ചിന്ത മനസില്‍ കൊണ്ടു നടന്നു. കാലാന്തരത്തില്‍ അതിന്റെ തീവ്രത കുറഞ്ഞു കുറഞ്ഞു വന്ന് ആ ആഗ്രഹം തന്നെ ഇല്ലാതായി. ഞാന്‍ സ്വയം മുന്‍കൈ എടുത്ത് ഒരു വിവാഹം വേണ്ട എന്ന് തന്നെ തീരുമാനിച്ചു. ഇന്നോളം എന്റെ തീരുമാനങ്ങള്‍ തെറ്റിയിട്ടേയുളളു. ആരെങ്കിലും അങ്ങനെയൊരു ആഗ്രഹവുമായി വന്നാല്‍ അപ്പോള്‍ ആലോചിക്കാമെന്ന് കരുതി. എന്തുകൊണ്ടോ അത് സംഭവിച്ചിട്ടില്ല. എല്ലാ വിധിഹിതം എന്നേ കരുതുന്നുളളു. 

അച്ഛനും അമ്മയും ജീവിച്ചിരുന്നെങ്കില്‍ അവര്‍ മുന്‍കൈ എടുത്ത് ഒരു വിവാഹം ഉണ്ടാകുമായിരിക്കാം. അവര്‍ക്ക് പകരം ആ സ്ഥാനത്ത് നില്‍ക്കേണ്ട ബന്ധുക്കള്‍ ആരും മുന്‍കൈ എടുത്തില്ല. അവരുടെയും തെറ്റല്ല അത്. ഞങ്ങള്‍ തമിഴ് ബ്രാഹ്‌മണരുടെ സമ്പ്രദായം അനുസരിച്ച് വിവാഹം കഴിഞ്ഞ് ഭര്‍ത്താവിനെ വിട്ട് താമസിക്കുന്ന സ്ത്രീയോട് ആര്‍ക്കും മതിപ്പില്ല. അതിന് പിന്നിലെ സാഹചര്യങ്ങള്‍ ആരും അന്വേഷിക്കാറില്ല.

അമ്മയാകാന്‍ ഒരുപാട് മോഹിച്ചിരുന്നു

പുനര്‍വിവാഹം സംഭവിക്കാത്തതില്‍ എനിക്ക് ദുഖമൊന്നുമില്ല. വീണ്ടും ഒരു പരാജയ സംഭവിച്ചാല്‍ അത് താങ്ങാനുളള കരുത്ത് എനിക്കില്ല. പക്ഷെ ഒരു കാര്യത്തില്‍ വല്ലാത്ത വിഷമമുണ്ട്. ഒരു അമ്മയാകാന്‍ ഒരുപാട് മോഹിച്ചിരുന്നു. ജനിക്കാന്‍ പോകുന്ന കുഞ്ഞിനെക്കുറിച്ച് ഒരുപാട് സ്വപ്നങ്ങള്‍ നെയ്തിരുന്നു. അതിനുളള യോഗം ഇല്ലെന്ന് കണ്ടപ്പോള്‍ വല്ലാത്ത വേദനയോടെ ആ ആഗ്രഹം മനസില്‍ തന്നെ കുഴിച്ചുമൂടി. പക്ഷെ എവിടെ ഏതു കൈക്കുഞ്ഞിനെ കണ്ടാലും കൈയിലെടുത്ത് ലാളിക്കും. ഉമ്മ വയ്ക്കും. സ്‌നേഹം കൊടുക്കും. അതിന് ആരും നമ്മെ തടയില്ലല്ലോ? ഒരു കുട്ടിയെ ദത്തെടുത്തു കൂടേയെന്ന് പലരും ചോദിച്ചു. ദത്തെടുക്കുന്ന കുഞ്ഞ് നമ്മെ ഓര്‍ക്കുമെന്നതിന് എന്താണുറപ്പ്? ഒരു പക്ഷേ, ഞാന്‍ നൃത്തം പഠിപ്പിക്കുന്ന ഒരു കുട്ടിയാവാം നാളെ എന്റെ പേര് നിലനിര്‍ത്താന്‍ പോകുന്നത്. 

തിരിച്ചു കിട്ടിയ സ്വത്തുക്കള്‍

ആദ്യഭര്‍ത്താവുമായുളള കോടതി വ്യവഹാരം ഏറെക്കാലമായി നടന്നിരുന്നു. ഒടുവില്‍ എനിക്ക് അനുകൂലമായി വിധി വന്നു. നഷ്ടപ്പെട്ട സ്വത്തുക്കള്‍ തിരിച്ചു കിട്ടി. അതില്‍ അമിതമായ സന്തോഷം തോന്നിയില്ല. പണം ഒരു കാലത്തും എന്റെ മുഖ്യപരിഗണനാ വിഷയമായിരുന്നില്ല. ജീവിതം നഷ്ടപ്പെട്ട ഒരാള്‍ക്ക് കുറെ സ്വത്തുക്കള്‍ ഉണ്ടായിട്ടെന്ത് കാര്യം? കോടതിയില്‍ പോകുമ്പോള്‍ ഒന്നു മാത്രമേ മനസിലുണ്ടായിരുന്നുളളു. എന്റെ കാലശേഷം നൃത്തവും സംഗീതവും പഠിക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ക്ക് ഇത് ഉപകാരപ്പെടണം. അങ്ങനെ സംഭവിച്ചാല്‍ എന്റെ ആത്മാവ് ധന്യമായി. സ്വത്തുക്കള്‍ ഒരു ട്രസ്റ്റിന് കീഴിലാക്കി നൃത്തവും സംഗീതവും പഠിപ്പിക്കുന്ന ഒരു സ്‌കൂള്‍ തുടങ്ങാനുളള ഏര്‍പ്പാടുകള്‍ ചെയ്യണം.

ജീവിതം ഒരു പരാജയമല്ല

സ്വകാര്യമായി നഷ്ടങ്ങള്‍  ഏറെയുണ്ടെങ്കിലും ജീവിതം ഒരു പരാജയമാണെന്ന് പറയാന്‍ കഴിയില്ല. വിവിധ ഭാഷകളിലായി 800 ഓളം സിനിമകളില്‍ അഭിനയിക്കാന്‍ സാധിച്ചു. തമിഴത്തിയായ എനിക്ക് മലയാള സിനിമയുടെ പുഷ്‌കല കാലത്ത് പ്രധാനപ്പെട്ട നിരവധി സിനിമകളില്‍ അഭിനയിക്കാന്‍ സാധിച്ചു. കെ.ജി.ജോര്‍ജ്, ഭരതന്‍, പത്മരാജന്‍, ഐ.വി.ശശി, ഹരിഹരന്‍ എന്നിങ്ങനെ മലയാളത്തിലെ വലിയ സംവിധായകരുടെയൊക്കെ നായികയായി. നസീര്‍ സാറും മധുസാറും ഭരത് ഗോപിയും അടക്കം എത്രയോ വലിയ അഭിനേതാക്കള്‍ക്കൊപ്പം അഭിനയിച്ചു. മികച്ച നടിക്കുളള കേരളാ സ്‌റ്റേറ്റ് അവാര്‍ഡ് മൂന്ന് തവണ ലഭിച്ചു. (ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച. ജീവിതം ഒരു ഗാനം : 1979, രചന : 1983, ദൈവത്തിന്റെ വികൃതികള്‍ : 1992) മികച്ച സഹനടിക്കുളള പുരസ്‌കാരം രണ്ട് തവണ ലഭിച്ചു. (ഇരകള്‍ : 1985, എന്നെന്നും കണ്ണേട്ടന്റെ : 1986)

മറ്റൊരു നാട്ടില്‍ അഞ്ചു തവണ സര്‍ക്കാര്‍ തലത്തില്‍ അംഗീകരിക്കപ്പെടുക എന്നത് വലിയ സന്തോഷം പകര്‍ന്ന കാര്യമാണ്. 

ഗായിക എന്ന നിലയിലും ചെറിയ സംഭാവനകള്‍ നല്‍കാന്‍ സാധിച്ചു. കര്‍ണാടിക് സംഗീതജ്ഞയായ അമ്മയുടെ പാരമ്പര്യം നിലനിര്‍ത്താനുളള കഴിവൊന്നും എനിക്കില്ല. ആഗ്രഹം കൊണ്ട് പാടിപ്പോയ ഒരാളാണ് ഞാന്‍. തമിഴ് ചിത്രമായ അമരനിലാണ് ആദ്യം പാടിയത്. പിന്നീട് മലയാളത്തില്‍ അയലത്തെ സുന്ദരി, ഒരു പൈങ്കിളിക്കഥ, ഞങ്ങളുടെ കൊച്ചുഡോക്ടര്‍, രതിലയം, നക്ഷത്രത്താരാട്ട്, അതിലൊക്കെ പാടി. അതില്‍ ഏറ്റവും പ്രശസ്തമായത് ബാലചന്ദ്രമേനോനൊപ്പം പാടിയ ആനകൊടുത്താലും കിളിയേ ആശ കൊടുക്കാമോ എന്ന ഗാനമാണ്. 

ആ വരികള്‍ക്ക് എന്റെ ജീവിതവുമായും ബന്ധമുണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. മുന്‍ഭര്‍ത്താവ് അടക്കം സ്‌നേഹം നടിച്ച് എന്നെ വഞ്ചിച്ച പുരുഷന്‍മാരോട് ഞാന്‍ സ്ഥിരമായി മനസില്‍ ചോദിക്കാറുളള ചോദ്യമാണത്.

തിരിഞ്ഞു നോക്കുമ്പോള്‍

പ്രായമാണ് എന്നെ ചതിച്ചത്. ഇന്നുളള പക്വതയോ തിരിച്ചറിവോ ആളുകളെ വിലയിരുത്താനുളള കഴിവോ ഒന്നും ആ പ്രായത്തില്‍  ഉണ്ടായിരുന്നില്ല. വെളുത്തതെല്ലാം പാലാണെന്ന് കരുതുന്ന ഒരു മനസായിരുന്നു അന്ന്. ഒരു അന്യയെ പോലെ മാറി നിന്ന് ചിന്തിക്കുമ്പോള്‍ സ്വന്തം തെറ്റുകള്‍ തിരിച്ചറിയുന്നു. പക്ഷെ അതിനും ഞാന്‍ കണ്ടെത്തുന്ന ഒരു ന്യായീകരണമുണ്ട്. നമ്മള്‍ പത്തു വയസില്‍ ധരിക്കുന്ന വസ്ത്രമല്ലല്ലോ ഇരുപതു വയസിലും മുപ്പതു വയസിലുമിടുന്നത്. അന്നത്തെ ശരി അതായിരുന്നു. ഇന്ന് അത് തെറ്റാണെന്ന് തിരിച്ചറിയുന്നു. ആരും നശിക്കണമെന്ന് കരുതി വിവാഹം കഴിക്കാറില്ല. സന്തോഷമായി ജീവിക്കണമെന്ന് കരുതി തന്നെയാണ് എല്ലാവരും താലി കെട്ടാന്‍ നിന്നു കൊടുക്കുന്നത്. ചിലര്‍ക്ക് ഭാഗ്യമുണ്ടാവും. ചിലര്‍ക്ക് അതുണ്ടാവില്ല. അത്തരം നിര്‍ഭാഗ്യവതികളില്‍ ഒരാളാണ് ഞാന്‍.

ചില കാര്യങ്ങള്‍ മനസിലാക്കാന്‍ ഒരുപാട് വൈകി. നഷ്ടപ്പെട്ടത് തിരിച്ചു പിടിക്കാനാവില്ലല്ലോ? ജീവിതം എങ്ങനെ തിരുത്താന്‍ കഴിയും? സംഭവിച്ചത് സംഭവിച്ചു പോയില്ലേ...?

English Summary:

Untold life story of popular actor Srividya

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT