മലയാളത്തിലെ ന്യൂജനറേഷന്‍ സംവിധായകരുടെ കണക്കെടുപ്പില്‍ മുന്‍നിരയില്‍ തന്നെ സ്ഥാനം പിടിച്ച ചലച്ചിത്രകാരനാണ് വിനീത് ശ്രീനിവാസന്‍. എന്നാല്‍ പുതുതലമുറ സംവിധായകരില്‍ നിന്നും അദ്ദേഹത്തെ വേര്‍തിരിക്കുന്ന ചില ഘടകങ്ങളുണ്ട്. കുടുംബം എന്ന സംവിധാനത്തെ അദ്ദേഹം നിരാകരിക്കുന്നില്ല. ന്യൂജന്‍ സിനിമകളില്‍ സൗഹൃദങ്ങളും

മലയാളത്തിലെ ന്യൂജനറേഷന്‍ സംവിധായകരുടെ കണക്കെടുപ്പില്‍ മുന്‍നിരയില്‍ തന്നെ സ്ഥാനം പിടിച്ച ചലച്ചിത്രകാരനാണ് വിനീത് ശ്രീനിവാസന്‍. എന്നാല്‍ പുതുതലമുറ സംവിധായകരില്‍ നിന്നും അദ്ദേഹത്തെ വേര്‍തിരിക്കുന്ന ചില ഘടകങ്ങളുണ്ട്. കുടുംബം എന്ന സംവിധാനത്തെ അദ്ദേഹം നിരാകരിക്കുന്നില്ല. ന്യൂജന്‍ സിനിമകളില്‍ സൗഹൃദങ്ങളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളത്തിലെ ന്യൂജനറേഷന്‍ സംവിധായകരുടെ കണക്കെടുപ്പില്‍ മുന്‍നിരയില്‍ തന്നെ സ്ഥാനം പിടിച്ച ചലച്ചിത്രകാരനാണ് വിനീത് ശ്രീനിവാസന്‍. എന്നാല്‍ പുതുതലമുറ സംവിധായകരില്‍ നിന്നും അദ്ദേഹത്തെ വേര്‍തിരിക്കുന്ന ചില ഘടകങ്ങളുണ്ട്. കുടുംബം എന്ന സംവിധാനത്തെ അദ്ദേഹം നിരാകരിക്കുന്നില്ല. ന്യൂജന്‍ സിനിമകളില്‍ സൗഹൃദങ്ങളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളത്തിലെ ന്യൂജനറേഷന്‍ സംവിധായകരുടെ കണക്കെടുപ്പില്‍ മുന്‍നിരയില്‍ തന്നെ സ്ഥാനം പിടിച്ച ചലച്ചിത്രകാരനാണ് വിനീത് ശ്രീനിവാസന്‍. എന്നാല്‍ പുതുതലമുറ സംവിധായകരില്‍ നിന്നും അദ്ദേഹത്തെ വേര്‍തിരിക്കുന്ന ചില ഘടകങ്ങളുണ്ട്. കുടുംബം എന്ന സംവിധാനത്തെ അദ്ദേഹം നിരാകരിക്കുന്നില്ല. ന്യൂജന്‍ സിനിമകളില്‍ സൗഹൃദങ്ങളും യുവതയുടെ ആഘോഷങ്ങളും മാത്രം വിഷയീഭവിക്കുമ്പോള്‍ വിനീത് കുടുംബബന്ധങ്ങളുടെ കരുത്തും പിന്‍ബലവും കൂടി ചേര്‍ന്നതാണ് യുവത്വം എന്ന് അറിഞ്ഞോ അറിയാതെയോ പ്രഖ്യാപിക്കുന്നു. മാത്രമല്ല നവസിനിമയുടെ രീതിശാസ്ത്രങ്ങള്‍ പിന്തുടരുമ്പോള്‍ തന്നെ പൂര്‍വികര്‍ വരച്ചിട്ട ഗതകാലസിനിമകളുടെ ഗുണപരമായ അംശങ്ങളെ നിരാകരിക്കാനും അദ്ദേഹം ഒരുമ്പെടുന്നില്ല. രണ്ടുതരം സിനിമകളുടെയും ഒരു സമ്മിശ്രരൂപമെന്ന് തോന്നിക്കുന്ന സിനിമകള്‍ ഒരുക്കുമ്പോഴും അതിലെല്ലാം സ്വന്തം കയ്യൊപ്പ് ചാര്‍ത്താനും സ്വയം അടയാളപ്പെടുത്താനും അദ്ദേഹത്തിന് കഴിയുന്നു.

സൗഹൃദവും സിനിമയും

ADVERTISEMENT

സൗഹൃദം വിനീതിന് സിനിമകളില്‍ വരച്ചു കാട്ടാനുളള ഒരു പ്രമേയം മാത്രമല്ല. അതിനപ്പുറം വ്യക്തിജീവിതത്തിലും സുഹൃദ്ബന്ധങ്ങള്‍ക്ക് വില കല്‍പിക്കുന്നയാളാണ് അദ്ദേഹം. അജു വര്‍ഗീസും നിവിന്‍ പോളിയും ബേസില്‍ ജോസഫുമെല്ലാം ആ സൗഹൃദത്തിന്റെ പിന്‍ബലത്തില്‍ സിനിമയില്‍ ചുവടുറപ്പിച്ചവരാണ്. ഗിരീഷ് എ.ഡി യെ പോലെ സിനിമാ പശ്ചാത്തലമൊന്നുമില്ലാത്ത ഒരു യുവാവിന്റെ ആദ്യസിനിമയ്ക്ക് ഡേറ്റ് നല്‍കിയ വിനീത് ദൃശ്യമാധ്യമത്തിലെ പുതുനാമ്പുകളെയും പുതുചലനങ്ങളെയും സ്വാഗതം ചെയ്യാന്‍ തീരെ മടിയില്ലാത്ത ആളാണ്. 

ആദ്യചിത്രമായ മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് മുതല്‍ തട്ടത്തിന്‍ മറയത്ത്, തിര, ജേക്കബിന്റെ സ്വര്‍ഗരാജ്യം, ഹൃദയം, വര്‍ഷങ്ങള്‍ക്കു ശേഷം എന്നിവയാണ് അദ്ദേഹം സംവിധാനം നിര്‍വഹിച്ച സിനിമകള്‍. തിരയും ജേക്കബിന്റെ സ്വര്‍ഗരാജ്യവും ഒഴികെയുളള സിനിമകള്‍ വിനിമയം ചെയ്യുന്നത് സൗഹൃദത്തിന്റെ നാനാമുഖമായ തലങ്ങള്‍ തന്നെയാണ്. പ്രണയം അടക്കം നിറമുളള പല വികാരങ്ങളും കടന്നു വരുമ്പോഴൂം സുഹൃദ്ബന്ധത്തിന്റെ കരുത്തും ഊഷ്മളതയും തന്നെയാണ് ഈ സിനിമകള്‍ സംവേദനം ചെയ്യുന്നത്. 

നവസിനിമയിലെ സര്‍വകലാവല്ലഭന്‍

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കിളിച്ചുണ്ടന്‍ മാമ്പഴത്തിലൂടെ ഒരു പിന്നണി ഗായകന്‍ എന്ന നിലയിലാണ് വിനീതിന്റെ ചലച്ചിത്ര പ്രവേശം.  പാടാനുളള വിനീതിന്റെ കഴിവ് മനസിലാക്കിയ പ്രിയന്‍ അവസരവുമായി സമീപിക്കുകയായിരുന്നുവെന്നും ഇക്കാര്യത്തില്‍ തന്റെ ഇടപെടലുകള്‍ ഉണ്ടായിട്ടില്ലെന്നുമായിരുന്നു ഇതേക്കുറിച്ച് വിനീതിന്റെ പിതാവ് ശ്രീനിവാസന്‍ പ്രതികരിച്ചത്. അത് എന്തു തന്നെയായാലും ആരെയും അനുകരിക്കാതെ തനത് ശൈലിയില്‍ പാടിയ വിനീത് ശ്രദ്ധിക്കപ്പെട്ടു. 

ADVERTISEMENT

'ക്ലാസ്‌മേറ്റ്‌സ്' അടക്കം നിരവധി സിനിമകളിലൂടെ അദ്ദേഹം ഗായകന്‍ എന്ന നിലയില്‍ സ്വയം തെളിയിച്ചു. എന്നാല്‍ അവിടം കൊണ്ട് ഒതുങ്ങിയില്ല ആ സാന്നിധ്യം. ജോണി ആന്റണി സംവിധാനം ചെയ്ത 'സൈക്കിള്‍' എന്ന സിനിമയിലൂടെ വിനീത് അഭിനേതാവായി അരങ്ങേറി. നായകതുല്യമായ വേഷമായിരുന്നു അത്. സിനിമയും വിനീതും ശ്രദ്ധിക്കപ്പെട്ടു.

അസാധാരണ സിദ്ധികളുളള നടനാണ് താനെന്നു തോന്നിക്കും വിധം മോഹിപ്പിക്കുന്ന പ്രകടനം ഒരു സന്ദര്‍ഭത്തിലും വിനീതില്‍ നിന്നുണ്ടായിട്ടില്ല. വലിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന കഥാപാത്രങ്ങള്‍ ഏറ്റെടുത്തിട്ടുമില്ല അദ്ദേഹം. അതേസമയം കൈവന്ന വേഷങ്ങള്‍ ആരെക്കൊണ്ടും പഴിപറയിക്കാത്ത വിധത്തില്‍ വൃത്തിയായി അഭിനയിക്കുകയും ചെയ്തു. ഇതിനിടയില്‍ ചില മ്യൂസിക് ആല്‍ബങ്ങളും മറ്റും സംവിധാനം ചെയ്ത് സിനിമയുടെ ക്രിയാത്മക മേഖലയിലെ തന്റെ വൈഭവം സ്വയം പരീക്ഷിച്ചറിയാനും ഒരുമ്പെട്ടു. സാമാന്യം മികച്ച അഭിപ്രായം കൈവരിച്ച അത്തരം ലഘുശ്രമങ്ങള്‍ക്ക് ശേഷം നാം അദ്ദേഹത്തെ കാണുന്നത് 'മലര്‍വാടി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ്' എന്ന സിനിമയുടെ തിരക്കഥാകൃത്തൂം സംവിധായകനുമെന്ന നിലയിലായിരുന്നു.

ദിലീപിന്റെ നിര്‍മാണക്കമ്പനിയുടെ ബാനറില്‍ പുറത്തു വന്ന ഈ ചിത്രം ബോക്‌സ്ഓഫിസില്‍ വന്‍വിജയം കൈവരിച്ചതോടെ സംവിധായകന്‍ എന്ന നിലയില്‍ വിനീതിന്റെ സ്ഥാനം ഉറപ്പിക്കപ്പെട്ടു. രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം 'തട്ടത്തിന്‍ മറയത്ത്' എന്ന അടുത്ത ചിത്രവുമായി വിനീത് വന്നപ്പോള്‍ നിര്‍മാതാക്കളുടെ സ്ഥാനത്ത് ശ്രീനിവാസനും മുകേഷുമായിരുന്നു. ആ ചിത്രവും സാമ്പത്തികമായി വിജയിച്ചു എന്നു മാത്രമല്ല മികച്ച അഭിപ്രായം നേടിയെടുക്കുകയും ചെയ്തു.

കളം മാറ്റുന്നു

ADVERTISEMENT

അടുത്ത പടി വിനീത് കളമൊന്ന് മാറ്റിപിടിച്ചു. പ്രണയവും സൗഹൃദവും എന്ന ഫോര്‍മുല വിട്ട് 'തിര' എന്ന ത്രില്ലര്‍ സിനിമയുമായി വന്നപ്പോഴും കാലിടറിയില്ല. ബോക്‌സ്ഓഫീസില്‍ ഈ സിനിമയും തെറ്റില്ലാത്ത പ്രതികരണം സൃഷ്ടിച്ചു. തുടര്‍ച്ചയായി മൂന്നു വിജയകഥകള്‍ പറഞ്ഞ സംവിധായകന്‍ എന്ന നിലയില്‍ മുഖ്യധാരാ സിനിമയില്‍ തന്റെതായൊരു സ്ഥാനം വിനീതിന് ലഭിച്ചു. 

രണ്ടു വര്‍ഷത്തിന് ശേഷം 'ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യം' എന്ന സിനിമയുമായി വിനീത് വീണ്ടും വന്നു. ഒരു ചലച്ചിത്രകാരന്‍ എന്ന നിലയില്‍ വിനീതിന്റെ കരിയറിലെ ഏറ്റവും കനപ്പെട്ട സിനിമകളിലൊന്നായിരുന്നു അത്. ജീവിതത്തെ സംബന്ധിച്ച് വലിയ ഉള്‍ക്കാഴ്ചകള്‍ പങ്കു വയ്ക്കുന്ന ആ സിനിമ സാമാന്യം നന്നായി ചര്‍ച്ച ചെയ്യപ്പെട്ടു എന്നു മാത്രമല്ല വിപണനവിജയം നേടുകയും ചെയ്തു. അതേ വര്‍ഷം തന്നെ 'ആനന്ദം' എന്ന ചിത്രത്തിലൂടെ നിര്‍മാതാവായും വിനീത് അരങ്ങേറി. നവാഗതരെ അണിനിരത്തി ഒരുക്കിയ ആനന്ദവും വിജയചിത്രങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിച്ചു. എന്നാല്‍ ഇക്കുറി സംവിധായകന്റെ റോളില്‍ വിനീതിനെ കണ്ടില്ല. ഇതിനിടയില്‍ നടന്‍ എന്ന നിലയില്‍ അദ്ദേഹം തന്റെ സ്ഥാനം ഉറപ്പു വരുത്തിക്കൊണ്ടേയിരുന്നു. 

ട്രാഫിക്, വടക്കന്‍ സെല്‍ഫി, കുഞ്ഞിരാമായണം, ഹെലന്‍, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്നിങ്ങനെ നിരവധി വിജയചിത്രങ്ങളില്‍ പ്രധാന വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടെങ്കിലും ഒരു അഭിനേതാവ് എന്ന നിലയില്‍ വലിയ തോതില്‍ അടയാളപ്പെടുത്തുന്ന വേഷങ്ങളൊന്നും സംഭവിച്ചില്ല. ഒരു ശരാശരി നടന്‍ എന്ന നിലയിലായിരുന്നു പ്രകടനങ്ങളില്‍ ഏറെയും. എന്നാല്‍ യുവനടന്മാർ ഏറ്റെടുക്കാൻ മടിച്ച മുകുന്ദൻ ഉണ്ണിയായി (മുകുന്ദന്‍ ഉണ്ണി അസ്സോസിയേറ്റ്സ് ) വിനീത് ഗംഭീര പ്രകടനം കാഴ്ചവച്ചു.  ഭാഗ്യവാനായിരുന്നു വിനീത്. അദ്ദേഹത്തിന്റെ സാന്നിധ്യം എക്കാലവും വിജയം ഉറപ്പു വരുത്തിക്കൊണ്ടിരുന്നു. നടന്‍, സംവിധായകന്‍, ഗായകന്‍, നിർമാതാവ്– ഈ നിലകളിലെല്ലാം ഭാഗ്യദേവത അദ്ദേഹത്തിനൊപ്പം നിന്നു. അസാധാരണ പ്രകടനങ്ങള്‍ കാഴ്ചവയ്ക്കാതെ തന്നെ സിനിമയിലെ ഏറ്റവും ജനപ്രിയ നാമങ്ങളിലൊന്നായി വിനീത് ശ്രീനിവാസന്‍ എന്ന പേരും എഴുതിചേര്‍ക്കപ്പെട്ടു.

ഇടവേളയ്ക്കു ശേഷം വീണ്ടും സംവിധായകന്‍

ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യത്തിന് ശേഷം ഏഴു വര്‍ഷങ്ങള്‍ കഴിഞ്ഞ് 2022ലാണ് വിനീതിലെ സംവിധായകനെ നാം വീണ്ടും കാണുന്നത്. 'ഹൃദയം' എന്ന ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍ എന്ന താരവും അദ്ദേഹത്തിന് കൂട്ടുണ്ടായിരുന്നു. സിനിമ ഹിറ്റായെന്ന് മാത്രമല്ല യുവാക്കള്‍ക്കിടയില്‍ വലിയ തരംഗം സൃഷ്ടിക്കുകയും ചെയ്തു. പ്രണയം, സൗഹൃദം തുടങ്ങിയ പഴയ തുറുപ്പുചീട്ട് തന്നെ ക്യാംപസ് പശ്ചാത്തലത്തില്‍ പുറത്തെടുക്കുകയായിരുന്നു വിനീത്.

വിജയം ആവര്‍ത്തിക്കുമ്പോഴും കാതലായ ഘടകങ്ങള്‍ ആ സിനിമയുടെ ഉളളടക്കത്തിലും ഉളളതായ ഒരു തോന്നല്‍ ജനിപ്പിക്കാന്‍ കഴിഞ്ഞില്ല. 

ശ്രീനിവാസന്റെ മകന്‍ എന്ന താരതമ്യം പലപ്പോഴും അദ്ദേഹത്തിന് വിനയായി മാറി. നര്‍മത്തിന്റെ മുഖാവരണത്തില്‍ പൊതിഞ്ഞ് ആഴമുളള ജീവിതസത്യങ്ങളും സാമൂഹിക യാഥാര്‍ഥ്യങ്ങളും ആവിഷ്‌കരിച്ച ശ്രീനിവാസന്‍ ചിത്രങ്ങളുടെ ഒരംശം പോലും വിനീതിന്റെ ഏതെങ്കിലുമൊരു സിനിമയില്‍ പ്രതിഫലിച്ചു കണ്ടില്ല. അച്ഛന്‍ -മകന്‍ എന്നതിനപ്പുറം ഒരു ക്രിയേറ്റിവ് പേഴ്‌സനെയും സമാനതലത്തിലുളള മറ്റൊരാളുമായി താരതമ്യം ചെയ്യുന്നത് അര്‍ഥശൂന്യവും അപ്രസക്തവുമാണെന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ വിനീതിന്റെ സിനിമകള്‍ എവിടെ നില്‍ക്കുന്നു എന്ന അന്വേഷണത്തിനാണ് കൂടുതല്‍ സാംഗത്യം.

ദിലീഷ് പോത്തനും രാജേഷ് പിളളയും ലിജോ ജോസും അടക്കമുളള സമകാലികര്‍ മുന്നോട്ട് വച്ച ആശയപരമായ ആഴങ്ങളും ആവിഷ്‌കാരപരമായ വ്യതിയാനങ്ങളും വിനീതിന്റെ സിനിമകള്‍ക്ക് എന്നും അന്യമായിരുന്നു. എന്നാല്‍ ആളുകളെ നന്നായി രസിപ്പിക്കുന്ന സിനിമകള്‍ ഒരുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. പുതിയ കാലത്തിന് പാകമായ എന്റര്‍ടെയ്നറുകള്‍ എന്ന നിലയില്‍ നവതലമുറയെ വിനീതിന്റെ ചിത്രങ്ങള്‍ എന്നും ആകര്‍ഷിച്ചിരുന്നു. എങ്കിലും അടിസ്ഥാനപരമായി ഒരു തരം ഉപരിപ്ലവസ്വഭാവം അവയെ നയിച്ചിരുന്നുവോ എന്ന് കാണികള്‍ സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല. ഡീപ്പ്‌ലി എന്‍ഗേജ്ഡാക്കുന്ന സിനിമകള്‍ ഒരുക്കുന്നതില്‍ എക്കാലവും അദ്ദേഹം ഒരു പരിധിക്കപ്പുറം മുന്നോട്ട് പോയില്ല എന്നതാണ് സത്യം. 

മകന്റെ അച്ഛന്‍

സമാനമായ ശീര്‍ഷകത്തില്‍ വി.എം.വിനു സംവിധാനം ചെയ്ത ഒരു സിനിമയില്‍ വിനീതും ശ്രീനിവാസനും തുല്യപ്രാധാന്യമുളള വേഷത്തില്‍ അഭിനയിച്ചുവെങ്കിലും ഇരുവരുടെയും ശ്രദ്ധേയ സിനിമകളുടെ പട്ടികയിലേക്ക് കടന്നു വന്നില്ല. എന്നാല്‍ 'അരവിന്ദന്റെ അതിഥികള്‍' പ്രമേയം കൊണ്ടും അവതരണഭംഗി കൊണ്ടും വിനീതിന്റെയും ശ്രീനിവാസന്റെയും പ്രകടനം കൊണ്ടും മികച്ചു നിന്ന സിനിമയായിരുന്നു. വിനീതിന്റെ  മാതൃസഹോദരനായ എം.മോഹനനായിരുന്നു ഈ സിനിമയുടെ സംവിധായകന്‍. (ശ്രീനിവാസന്‍ നായകനായ കഥ പറയുമ്പോള്‍ എന്ന ചിത്രം ഇദ്ദേഹത്തിന്റേതായിരുന്നു) 

എന്നാല്‍ അച്ഛന്‍ - മകന്‍ കോംബോയില്‍ വന്ന സിനിമകളിലൊന്നും വിനീതിന്റെ തിരക്കഥയോ സംവിധാനമോ സംഭവിച്ചില്ല. സംവിധായകന്‍ എന്ന നിലയില്‍ വിനീത് സാമാന്യം മികച്ച പ്രകടനം കാഴ്ചവച്ച സിനിമകളില്‍ പോലും ഉപരിതലസ്പര്‍ശിയായ തിരക്കഥകള്‍ അദ്ദേഹത്തെ പിന്നാക്കം നടത്തുന്നു. ഇതിന് ഏക അപവാദമായി നിന്നത് ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യമായിരുന്നു. ഉജ്ജ്വലമായ രചനാ വൈഭവം പ്രകടിപ്പിക്കപ്പെട്ട സിനിമയായിരുന്നു അത്. അപ്പോള്‍ പരിമിതകള്‍ക്കപ്പുറം വളരാനുളള മരുന്ന് തന്നിലുണ്ടെന്ന് വിനീത് കാണിച്ചു തരികയും ചെയ്തു. 

ശ്രീനിവാസന്‍ എന്ന മഹാമേരുവുമായി ഒരു തരത്തിലും തലത്തിലും താരതമ്യം അര്‍ഹിക്കുന്ന തിരക്കഥാകൃത്തല്ല വിനീത്. വലിയ ജീവിതസത്യങ്ങളും സാമൂഹികയാഥാര്‍ഥ്യങ്ങളും മൗലികമായ നര്‍മത്തില്‍ പൊതിഞ്ഞ് അവതരിപ്പിച്ച ശ്രീനിവാസന്‍ സിനിമകളുടെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ റിപ്പീറ്റ് വാല്യൂവും കാലാതീത സ്വഭാവവമുമാണ്. സന്ദേശവും വരവേല്‍പ്പും മിഥുനവും വെളളാനകളുടെ നാടും എന്തിന് താരതമ്യേന ചര്‍ച്ച ചെയ്യപ്പെടാതെ പോയ ദൂരെ ദൂരെ ഒരു കൂടുകൂട്ടാന്‍ പോലും ഇന്നും പ്രസക്തമായ സിനിമകളാണ്. 

ഗാന്ധി നഗര്‍ സെക്കന്‍ഡ് സ്ട്രീറ്റും നാടേടിക്കാറ്റും പാവം പാവം രാജകുമാരനും വടക്കുനോക്കി യന്ത്രവും സന്‍മനസുളളവര്‍ക്ക് സമാധാനവും മറ്റും മനുഷ്യാവസ്ഥയുടെ പ്രത്യഭിഭിന്നമായ മുഖങ്ങള്‍ കാണിച്ചു തന്ന ചലച്ചിത്രങ്ങളായിരുന്നു. 

ചിന്താവിഷ്ടയായ ശ്യാമളയാകട്ടെ അദ്ദേഹത്തിന്റെ അന്നോളമുളള ചലച്ചിത്രസമീപനങ്ങളില്‍ നിന്ന് വേറിട്ടു നിന്ന അത്യുദാത്തമായ ഒരു അനുഭവമായി. പരസ്‌ര ഭിന്നമായ രണ്ട് തലങ്ങളിലാണ് ശ്രീനിവാസന്റെ സിനിമകള്‍ ശ്രദ്ധേയമാവുന്നത്. ഒന്ന് അപാരമായ എന്റർടെയ്ൻമെന്റ് വാല്യൂ. രണ്ട് ആസ്വാദനക്ഷമതയ്ക്ക് പിടിതരാത്ത വിഷയങ്ങള്‍ അതിനുളളില്‍ നിഗൂഹനം ചെയ്യാനുളള മിടുക്ക്. വെളളാനകളുടെ കഥ കേട്ട പ്രിയദര്‍ശന്‍ വസ്തുതാപരതയ്ക്ക് മുന്‍തൂക്കമുളള ഇത്രയും വരണ്ടതും വിരസവുമായ ഒരു പ്രമേയം എങ്ങനെ സിനിമയാക്കും? എങ്ങനെ ആളുകള്‍ കണ്ടുകൊണ്ടിരിക്കും എന്ന ആശങ്ക പങ്കു വച്ചപ്പോള്‍ തലമുറകളെ ചിരിപ്പിക്കാന്‍ പര്യാപ്തമായ സീനുകള്‍ എഴുതികൊടുത്താണ് ശ്രീനി അതിന് മറുപടി പറഞ്ഞത്. രസകരമായ ആ മുഖാവരണത്തിന് പിന്നിലെ നടുക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ക്ക് അപ്പോഴും ഊനം തട്ടിയിട്ടില്ല.

ഇതിവൃത്തപരമായും ആഖ്യാനപരമായും ആസ്വാദനക്ഷമതയിലും കാലാതിവര്‍ത്തിയായ മികവ് നിലനിര്‍ത്താന്‍ കഴിയുന്നു എന്നതാണ് ശ്രീനിവാസന്റെ സവിശേഷത. ന്യൂജനറേഷന്‍ സിനിമകളില്‍ ഏറിയ പങ്കും താത്കാലികതയുടെ ആഘോഷങ്ങളാണ്. ജല്ലിക്കെട്ടും ആമേനും ട്രാഫിക്കും മഹേഷിന്റെ പ്രതികാരവും തൊണ്ടിമുതലും ദൃക്‌സാക്ഷിയും പോലെ അപൂര്‍വം സിനിമകള്‍ കാലത്തിന് മായ്ക്കാന്‍ കഴിയാത്ത വിധത്തില്‍ നിലനിന്നേക്കാം. 

വിനീതിന്റെ ഏതെങ്കിലും സിനിമകള്‍ ഈ വിധത്തില്‍ കതിര്‍ക്കനമുളളതായി അനുഭവപ്പെട്ടിട്ടില്ല. ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യം ഇതിവൃത്തം കൊണ്ടും ആവിഷ്‌കാരത്തിലെ ഘനസാന്ദ്രത കൊണ്ടും താരതമ്യേന ഉയര്‍ന്ന തലത്തിലെത്തി നില്‍ക്കുന്നു എന്ന് മാത്രം. ഉപരിതലസ്ര്‍പശിയായി കാര്യങ്ങള്‍ പറഞ്ഞു പോകുന്ന വിനീത് വിനോദ മൂല്യം ഉറപ്പു വരുത്താന്‍ കിണഞ്ഞു ശ്രമിക്കുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ നര്‍മ്മം ആഴമുളളതോ ഓര്‍ത്തു ഓര്‍ത്തു ചിരിക്കാന്‍ വക നല്‍കുന്നതോ അല്ല. 

കാലാതിവര്‍ത്തിയായ നര്‍മ്മം മലയാള സിനിമയ്ക്ക് സമ്മാനിച്ചവരില്‍ പെട്ടെന്ന് മനസില്‍ വരുന്ന ചില പേരുകളുണ്ട്. സത്യന്‍ അന്തിക്കാട്, ശ്രീനിവാസന്‍, പ്രിയദര്‍ശന്‍, സിദ്ദീഖ് ലാല്‍...ഈ ഗണത്തില്‍ പെട്ട നര്‍മരംഗങ്ങള്‍ സൃഷ്ടിക്കാന്‍ വിനീതിന് ആവുന്നില്ലെന്ന് മാത്രമല്ല ഒറ്റക്കാഴ്ചയില്‍ അവസാനിക്കുന്ന സിനിമകളാണ് അദ്ദേഹത്തിന്റേത്. അതേസമയം അടുക്കും ചിട്ടയും വെടിപ്പുമുളള രീതിയില്‍ കഥനം നിര്‍വഹിക്കാന്‍ കഴിയുന്ന ദ്വയാര്‍ത്ഥ പ്രയോഗങ്ങളോ അശ്ലീലഹാസ്യമോ അവതരിപ്പിക്കാത്ത സംശുദ്ധ സിനിമയുടെ വക്താവാണ് അദ്ദേഹം. 

പരിധികളും പരിമിതികളും

സിനിമകള്‍ വിജയിക്കുമ്പോഴും ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്ന ഒരു ചലച്ചിത്രകാരനായിട്ടാണ് വിനീത് പലപ്പോഴും അനുഭവപ്പെടുന്നത്. പോത്തേട്ടന്‍സ് ബ്രില്യന്‍സും ലിജോ ജോസ് മാജിക്കും ഇന്നും ചര്‍ച്ചകളില്‍ സജീവമായി നിലനില്‍ക്കുകയും വിനോദമൂല്യത്തിനൊപ്പം അക്കാദമിക് മികവ് പുലര്‍ത്തുന്ന നല്ല സിനിമകളായി അംഗീകരിക്കപ്പെടുകയും ചെയ്യുന്നു. ആ തലത്തിലേക്ക് നടന്നു കയറാവുന്നത്ര റേഞ്ച് ഒരു ഘട്ടത്തിലും വിനീത് പ്രകടിപ്പിച്ചു കണ്ടില്ല. പക്ഷേ, ജനങ്ങള്‍ എന്നും അദ്ദേഹത്തെ കലവറയില്ലാതെ നെഞ്ചിലേറ്റിക്കൊണ്ടിരുന്നു. 

ഏറ്റവും പുതിയ ചിത്രമായ വര്‍ഷങ്ങള്‍ക്ക് ശേഷവും തിയറ്ററില്‍ മികച്ച വിജയം കൈവരിച്ചു. എന്നാല്‍ ഒടിടിയില്‍ എത്തിയതോടെ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു. ഒരു ശരാശരി സിനിമ എന്നു തുടങ്ങിയ കമന്റ് കടുത്ത വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചു. അങ്ങനെ വലിയ പ്രതീക്ഷകള്‍ ഉണര്‍ത്തിയ വിനീതിന്റെ കരിയര്‍ ഗ്രാഫ് ക്രമേണ താഴേക്ക് പോകുന്നതായിട്ടാണ് നാം കാണുന്നത്. അപക്വമായ സമീപനങ്ങളുടെ പേരിലാണ് വര്‍ഷങ്ങള്‍ക്ക് ശേഷം വിമര്‍ശിക്കപ്പെട്ടത്. ഫാന്‍സി ഡ്രസിനെ അനുസ്മരിപ്പിക്കുന്ന ക്യാരക്ടര്‍ മേക്കോവറുകളും അഭിനേതാക്കളുടെ പ്രായവും കഥാപാത്രങ്ങളുടെ പ്രായവുമായുളള പൊരുത്തക്കേടുകളും ഏച്ചുകെട്ടിയതു പോലുളള കഥാസന്ദര്‍ഭങ്ങളും രചനയിലെയും ആഖ്യാനത്തിലെയും രസഭംഗങ്ങളും വിനീത് എന്ന ക്രിയേറ്ററെക്കുറിച്ചുളള വന്‍ പ്രതീക്ഷകള്‍ക്ക് ഉടവു തട്ടാന്‍ കാരണമായി. 

ഫസ്റ്റ്ലുക്ക് പോസ്റ്റർ

സിനിമയ്ക്ക് വലിയ ഉള്‍പ്പിരിവുകളും വഴിത്തിരിവുകളും യുക്തിഭദ്രവുമായ ഒരു കഥയൊന്നും ആവശ്യമില്ല. ചിത്രവും കിലുക്കവും മുതല്‍ ജയ ജയ ജയ ജയ ഹേ വരെയുളള സിനിമകള്‍ ഈ പ്രവണതയുടെ വലിയ ഉദാഹരണങ്ങളായി മുന്നില്‍ നില്‍ക്കുന്നു. ആദ്യം പറഞ്ഞ രണ്ടു സിനിമകളുടെ പ്രത്യേകത മൂന്ന് ദശകങ്ങള്‍ക്കു ശേഷവും ആസ്വാദനക്ഷമത തെല്ലും നഷ്ടപ്പെടാതെ നിലനില്‍ക്കുന്നു എന്നതാണ്. ആ തലത്തിലേക്ക് സീനുകളെയും സീക്വന്‍സുകളെയും സിനിമയുടെ ആകെത്തുകയെയും സംഭാഷണങ്ങളെയും രൂപപ്പെടുത്തുന്നതിലെ മിടുക്കും മിടുക്കുകേടുമാണ് സിനിമയെ രസാവഹവും വിരസവുമാക്കുന്നത്. ഇക്കാര്യത്തില്‍ വിനീത് കൂടുതല്‍ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു.

സത്യന്‍ അന്തിക്കാടും പ്രിയദര്‍ശനും മികച്ച തിരക്കഥാകൃത്തുക്കള്‍ ആയിരിക്കുമ്പോള്‍ തന്നെ തങ്ങളുടെ സിനിമകള്‍ക്ക് മറ്റുളള എഴുത്തുകാരെ ആശ്രയിക്കുമ്പോള്‍ എല്ലാം സ്വയം ചെയ്യാനുളള വിനീതിന്റെ നീക്കങ്ങള്‍ അര്‍ഹിക്കുന്ന ഫലം നല്‍കാതെ പോകുന്നുണ്ട്. സമകാലികരായ ദിലീഷ്‌ പോത്തനും ലിജോയും അടക്കമുളള സംവിധായകര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പ്രായോഗികമായ സമീപനം സ്വീകരിക്കുന്നു. അവര്‍ക്ക് സ്വയം എഴുതാന്‍ കഴിയുമ്പോഴും മികച്ച എഴുത്തുകാരെ കൂടെക്കൂട്ടുന്നു.

സംവിധായകന്‍ തന്നെ തിരക്കഥ എഴുതുന്നത് ഒരു മോശം കാര്യമല്ല. രണ്ടും തമ്മിലുളള പാരസ്പര്യം കൊണ്ട് മികച്ച അനുഭവങ്ങള്‍ സമ്മാനിച്ച പി.പത്മരാജനും കെ.ഭാഗ്യരാജും ബാലചന്ദ്രമേനോനും ഫാസിലും മറ്റും നമുക്ക് മുന്നിലുണ്ട്. അവരുടെ സിനിമകള്‍ ദശകങ്ങള്‍ക്ക് ശേഷവും മികച്ച ആസ്വാദനാനുഭവം നല്‍കുന്നു എന്ന് മാത്രമല്ല ഉള്‍ക്കരുത്തുളള സിനിമകളായി നിലനില്‍ക്കുന്നു.

വർഷങ്ങൾക്കു ശേഷം സിനിമയുടെ പാക്കപ്പ് വിഡിയോയിൽ നിന്നും

സിദ്ദീഖ് ലാലിന്റെ കാര്യം തന്നെയെടുക്കാം. തങ്ങളുടേത് മഹത്തായ സിനിമകളാണെന്നോ അവയ്ക്ക് സാമൂഹിക ദൗത്യമുണ്ടെന്നോ അവര്‍ ഒരിടത്തും അവകാശപ്പെട്ടിട്ടില്ല. എന്നാല്‍ റാംജിറാവ് സ്പീക്കിങ്ങും ഗോഡ്ഫാദറും പോലുളള സിനിമകള്‍ ഇന്നും ഫ്രഷ്‌നസ് നിലനിര്‍ത്തുന്നു. കാലത്തിന് മായ്ക്കാനാവാത്ത ആസ്വാദനക്ഷമതയാണ് അവയുടെ പ്രത്യേകത. മലയാളത്തില്‍ ഏറ്റവും റിപ്പീറ്റ് വാല്യൂ ഉളള സിനിമകളുടെ ഗണത്തിലാണ് ഇവയുടെ സ്ഥാനം.

വെറുതെ കണ്ടു മറന്ന് പോകുന്ന വിധത്തില്‍ താൽക്കാലികമായ ആസ്വാദനനാനുഭവം പ്രദാനം ചെയ്യുന്നവയാണ് വിനീത് സംവിധാനം നിര്‍വഹിച്ച മിക്ക സിനിമകളും; വണ്‍ടൈം വാച്ചബിള്‍ മൂവീസ്. എന്നാല്‍ ജേക്കബിന്റെ സ്വര്‍ഗരാജ്യം തനിക്ക് പരിമിതികളില്ല എന്ന് അദ്ദേഹം സ്വയം വിളംബരം ചെയ്ത ചിത്രമാണ്. കൂടുതല്‍ ജാഗ്രതയോടെ സിനിമയെ സമീപിച്ചാല്‍ ഇന്ന് ഉയരുന്ന വിമര്‍ശനങ്ങളെ അതിജീവിക്കുക എന്നത് വിനീതിനെ സംബന്ധിച്ച് അപ്രാപ്യമല്ല. ബഹുമുഖമായ കഴിവുകള്‍ കൊണ്ട് സമ്പന്നമായ വിനീതിനും ഭാവിയില്‍ ഒരു ചലച്ചിത്രകാരന്‍ എന്ന നിലയില്‍ വലിയ വിതാനങ്ങളിലേക്ക് ഉയരാന്‍ കഴിയുമെന്ന് പ്രത്യാശിക്കാം.

English Summary:

Is 'hitmaker' Vineeth Sreenivasan's magic fading?