ശ്രീദേവിയേക്കാൾ സുന്ദരിയെന്ന് വാഴ്ത്തി, 19ാം വയസ്സിൽ ദൗർഭാഗ്യം; ഉത്തരമില്ലാതെ ദിവ്യഭാരതിയുടെ മരണം
ഒരിക്കല്‍ പോലും ഒരു മലയാള സിനിമയില്‍ അഭിനയിക്കാതെ തന്നെ ഇതരഭാഷാചിത്രങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ദിവ്യാ ഭാരതി. ജൂനിയര്‍ ശ്രീദേവി എന്ന് അക്കാലത്ത് പലരും തന്നെ വിശേഷിപ്പിച്ചപ്പോള്‍ അതൊരു ബഹുമതിയായി കാണുന്നില്ലെന്നും താന്‍ ദൈവതുല്യയായി ആരാധിക്കുന്ന ശ്രീദേവിയെ പോലെ ഒരു വലിയ താരത്തിനൊപ്പം ചേര്‍ത്ത് തന്റെ പേര് പറയരുതെന്നും പരസ്യമായി പ്രഖ്യാപിച്ച വ്യക്തിയാണ് ദിവ്യ.
ഒരിക്കല്‍ പോലും ഒരു മലയാള സിനിമയില്‍ അഭിനയിക്കാതെ തന്നെ ഇതരഭാഷാചിത്രങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ദിവ്യാ ഭാരതി. ജൂനിയര്‍ ശ്രീദേവി എന്ന് അക്കാലത്ത് പലരും തന്നെ വിശേഷിപ്പിച്ചപ്പോള്‍ അതൊരു ബഹുമതിയായി കാണുന്നില്ലെന്നും താന്‍ ദൈവതുല്യയായി ആരാധിക്കുന്ന ശ്രീദേവിയെ പോലെ ഒരു വലിയ താരത്തിനൊപ്പം ചേര്‍ത്ത് തന്റെ പേര് പറയരുതെന്നും പരസ്യമായി പ്രഖ്യാപിച്ച വ്യക്തിയാണ് ദിവ്യ.
ഒരിക്കല്‍ പോലും ഒരു മലയാള സിനിമയില്‍ അഭിനയിക്കാതെ തന്നെ ഇതരഭാഷാചിത്രങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ദിവ്യാ ഭാരതി. ജൂനിയര്‍ ശ്രീദേവി എന്ന് അക്കാലത്ത് പലരും തന്നെ വിശേഷിപ്പിച്ചപ്പോള്‍ അതൊരു ബഹുമതിയായി കാണുന്നില്ലെന്നും താന്‍ ദൈവതുല്യയായി ആരാധിക്കുന്ന ശ്രീദേവിയെ പോലെ ഒരു വലിയ താരത്തിനൊപ്പം ചേര്‍ത്ത് തന്റെ പേര് പറയരുതെന്നും പരസ്യമായി പ്രഖ്യാപിച്ച വ്യക്തിയാണ് ദിവ്യ.
ഒരിക്കല്‍ പോലും ഒരു മലയാള സിനിമയില്‍ അഭിനയിക്കാതെ തന്നെ ഇതരഭാഷാചിത്രങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ദിവ്യ ഭാരതി. ‘ജൂനിയര്‍ ശ്രീദേവി’ എന്ന് അക്കാലത്ത് പലരും തന്നെ വിശേഷിപ്പിച്ചപ്പോള്‍ അതൊരു ബഹുമതിയായി കാണുന്നില്ലെന്നും താന്‍ ദൈവതുല്യയായി ആരാധിക്കുന്ന ശ്രീദേവിയെ പോലെ ഒരു വലിയ താരത്തിനൊപ്പം ചേര്‍ത്ത് തന്റെ പേര് പറയരുതെന്നും പരസ്യമായി പ്രഖ്യാപിച്ച വ്യക്തിയാണ് ദിവ്യ. സുന്ദരി എന്നതിനപ്പുറം കുട്ടികളുടേത് പോലെ നിഷ്‌കളങ്കമായ മുഖവും ഭാവവും എല്ലാവരെയും ആകര്‍ഷിച്ചിരുന്നു. സിനിമയില്‍ ജ്വലിച്ചു നില്‍ക്കെ ഒരു സുപ്രഭാതത്തില്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടുളള അസാധാരണമായ മരണമായിരുന്നു അവരുടേത്. അതും 19ാം വയസ്സിൽ. ആത്മഹത്യയോ കൊലപതകമോ അതോ സ്വാഭാവിക മരണമോ എന്ന് നിശ്ചയിക്കാനാവാത്ത വിധം തീര്‍ത്തും ദുരൂഹസാഹചര്യത്തിലുളള മരണം. അതിന് പിന്നിലെ യാഥാര്‍ഥ്യങ്ങള്‍ ഇനിയും തെളിയിക്കപ്പെടാത്ത സ്ഥിതിക്ക് രേഖകളില്‍ അതൊരു സ്വാഭാവിക മരണമാവാം. എന്നാല്‍ ഇത്രത്തോളം സംശയകരമായ സാഹചര്യങ്ങളില്‍ സംഭവിച്ച ഒരു വേര്‍പാട് വേറെയില്ലെന്നതു കൊണ്ട് ഇന്നും അത് സംബന്ധിച്ച് പുതിയ പുതിയ കഥകള്‍ രൂപപ്പെടുന്നു.
ആരായിരുന്നു ദിവ്യാ ഭാരതി?
മുംബൈയിലാണ് ദിവ്യ ജനിച്ചതെങ്കിലും ആന്ധ്രാ സ്വദേശികളായിരുന്നു ദിവ്യയുടെ മാതാപിതാക്കളായ ഓംപ്രകാശ് ഭാരതിയും മീതയും. ഇന്‍ഷുറന്‍സ് ഉദ്യോഗസ്ഥനായിരുന്നു ഓംപ്രകാശിന്റെ രണ്ടാം വിവാഹത്തിലെ മകളായിരുന്നു ദിവ്യ. പഠനത്തില്‍ പിന്നോക്കമായിരുന്നെങ്കിലും അത്യപൂര്‍വമായ രൂപഭംഗിയും അഭിനയിക്കാനുളള കഴിവും അവര്‍ക്ക് ജന്മസിദ്ധമായിരുന്നു. കേവലം പതിനാറാം വയസ്സിൽ ദിവ്യ പഠനം അവസാനിപ്പിച്ച് അഭിനയരംഗത്തേയ്ക്ക് തിരിഞ്ഞു. മോഡലിങില്‍ ഹരിശ്രീ കുറിച്ചെങ്കിലും സിനിമയിലേക്കുളള വഴി ഏറെ ശ്രമകരമായിരുന്നു. ബോളിവുഡില്‍ നിന്നും അവര്‍ക്ക് കയ്‌പേറിയ പല അനുഭവങ്ങളുമുണ്ടായതായി പറയപ്പെടുന്നു. മിഥുന്‍ ചക്രവര്‍ത്തി നായകനായ ‘ഗുനാഗോന്‍ കാ ദേവതാ’ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചെങ്കിലും സിനിമ റിലീസായപ്പോള്‍ അവരുടെ സീനുകള്‍ മുറിച്ചു മാറ്റിയിരുന്നു. പകരം അഭിനയിച്ചത് സംഗീത ബിജ്‌ലാനിയായിരുന്നു.
സംവിധായകന്‍ കീര്‍ത്തികുമാര്‍ ഗോവിന്ദയെ നായകനാക്കി എടുക്കുന്ന സിനിമയുടെ കരാറിലും ദിവ്യ ഒപ്പു വച്ചിരുന്നു. എന്നാല്‍ അവസാന നിമിഷം ദിവ്യയെ ഒഴിവാക്കി ജൂഹി ചൗളയെ നായികയാക്കി. ഇത് തന്നെ പലകുറി ആവര്‍ത്തിക്കപ്പെട്ടു. കഥ കേട്ട് ഇഷ്ടപ്പെട്ട് ദിവ്യ അഭിനയിക്കാന്‍ സമ്മതം അറിയിച്ച നിരവധി സിനിമകളില്‍ നിന്ന് അവര്‍ നിര്‍ദ്ദയം ഒഴിവാക്കപ്പെട്ടു. അതിനു പിന്നിലെ കാരണങ്ങള്‍ എന്തായിരുന്നാലും അവര്‍ ഒരു വേദികളിലും പരാതിപ്പെട്ടു കണ്ടില്ല. അപ്രിയസത്യങ്ങള്‍ മറച്ചു വയ്ക്കുക എന്നതാണ് സിനിമയില്‍ നിലനില്‍പ്പിനുളള ഏകപോംവഴി.
വീണ്ടും വീണ്ടും പരിശ്രമിച്ചു കൊണ്ടേയിരുന്നെങ്കിലും പഴയ അനുഭവങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടു. തങ്ങള്‍ പ്രതീക്ഷിക്കുന്ന പലതും 15 വയസ്സ് തികയാത്ത ഈ കുട്ടിയില്‍ നിന്നും ലഭിക്കില്ലെന്നായപ്പോള്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ അവരെ വീണ്ടും തൂത്തെറിഞ്ഞു. അത് ദിവ്യയെ വല്ലാത്ത ഒരു തരം മാനസികാവസ്ഥയില്‍ എത്തിച്ചു. ഇനി ഈ മേഖലയിലേക്കില്ലെന്ന് അവള്‍ അമ്മയോട് പറഞ്ഞു. തുടര്‍ന്ന് പഠിക്കാനായിരുന്നു തീരുമാനം. ആ സമയത്ത് ഹൈസ്‌കൂള്‍ തലം പോലും പിന്നിടാത്ത ദിവ്യയ്ക്ക് കറസ്‌പോണ്ടന്‍സായി പത്താം ക്ലാസ് എഴുതാന്‍ 16 വയസ്സ് പൂര്‍ത്തിയാകണമായിരുന്നു. പതിനഞ്ച് വയസ്സ് കഴിയാത്ത കുട്ടിക്ക് അത് സാധിക്കില്ലെന്ന് വന്നപ്പോള്‍ ദിവ്യ ആകെ തളര്‍ന്നു. പഠനവും സിനിമയും ഇല്ലാത്ത അവസ്ഥ.
എന്തു ചെയ്യണമെന്നറിയാതെ ദിവ്യ വിഷമിച്ചു നില്‍ക്കുന്നതു കണ്ട് മാതാപിതാക്കളും സങ്കടത്തിലായി. ഈ സമയത്ത് ‘നിലാ പെണ്ണേ’ എന്ന തമിഴ് ചിത്രത്തില്‍ അവസരം ലഭിച്ചെങ്കിലും ദിവ്യയ്ക്ക് മുന്നില്‍ വിജയം വഴിതുറന്നില്ല. ആ സന്ദര്‍ഭത്തിലാണ് തെലുങ്ക് സിനിമയില്‍ നിന്നും ക്ഷണം വരുന്നത്. വെങ്കിടേഷ് നായകനായ ബബ്ബ്‌ലിരാജ എന്ന സിനിമയില്‍ നായികയായി. പിന്നെ ഒന്നിന് പിറകെ മറ്റൊന്നായി നിരവധി സിനിമകള്‍. രണ്ട് വര്‍ഷം കൊണ്ട് വിസ്മയകരമായ വളര്‍ച്ച. ബോക്‌സോഫിസ് റേറ്റിങ്ങില്‍ പതിനേഴുകാരിയായ ദിവ്യ അന്ന് തെലുങ്കിലെ ലേഡിസൂപ്പര്‍സ്റ്റാര്‍ വിജയശാന്തിക്കൊപ്പം എത്തിയതോടെ സിനിമാലോകം അമ്പരന്നു. ബാലകൃഷ്ണ, പ്രശാന്ത്, ചിരഞ്ജീവി, മോഹന്‍ബാബു എന്നിങ്ങനെ പ്രമുഖ നടന്‍മാരുടെയെല്ലാം നായികയായ ദിവ്യ തെലുങ്ക് സിനിമയിലെ മിന്നുംതാരങ്ങളിലൊന്നായി മാറി. ഒരിക്കല്‍ അവഗണിച്ച ബോളിവുഡില്‍ നിന്നും അവസരങ്ങള്‍ ദിവ്യയെ തേടിയെത്തി.
ആദ്യ ചിത്രമായ വിശ്വാത്മാ വാണിജ്യപരമായി പരാജയമായിരുന്നെങ്കിലും അതിലെ ദിവ്യയുടെ നൃത്തരംഗം ചര്‍ച്ച ചെയ്യപ്പെട്ടു. തുടര്‍ന്ന് ധാരാളം പടങ്ങള്‍ ലഭിച്ചു. കുറഞ്ഞ കാലയളവിനുളളില്‍ സണ്ണി ഡിയോള്‍, ഋഷികപൂര്‍, ഗോവിന്ദ, സഞ്ജയ്ദത്ത്, ഷാറുഖ് ഖാന്‍ എന്നിവരുടെയെല്ലാം നായികയായി. ഒരു വര്‍ഷം 14 സിനിമകളില്‍ വരെ അഭിനയിച്ച് റെക്കോര്‍ഡിട്ടു. ഇതിനിടയില്‍ നടനും നിർമാതാവുമായ സജിദ് നദിയാവാലയുമായി അടുപ്പത്തിലായി. അദ്ദേഹം ദിവ്യയെ വിവാഹം കഴിച്ചതായും പറയപ്പെടുന്നു. എന്നാല്‍ കരിയറില്‍ പ്രശ്‌നങ്ങളുണ്ടാകുമെന്നും ആരാധകരെ നിരാശരാക്കുമെന്നും ഭയന്ന് ഈ വിവരം പുറംലോകത്തു നിന്നും മാധ്യമങ്ങളില്‍ നിന്നും മറച്ചുവച്ചു. തീര്‍ത്തും രഹസ്യസ്വഭാമുളള ഒരു ബന്ധമായിരുന്നു അത്.
1993 ഏപ്രിലില്‍ ദൂരൂഹസാഹചര്യത്തില്‍ മുംബൈയിലെ ഫ്‌ളാറ്റില്‍ നിന്നും വീണ് മരിക്കുമ്പോള്‍ അവര്‍ക്ക് പ്രായം 19 വയസ്സ്. മൂന്ന് വര്‍ഷത്തിനുളളില്‍ മൂന്ന് പ്രധാനപ്പെട്ട ഭാഷാ സിനിമകളില്‍ വെന്നിക്കൊടി പാറിക്കുക, ഡബ്ബിങ് പതിപ്പുകളിലൂടെ ഇന്ത്യയൊട്ടാകെയുളള സിനിമാ പ്രേമികള്‍ക്ക് പ്രിയപ്പെട്ടവളായി തീരുക. ഈ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയിട്ടും ആയുസ്സിന്റെ പുസ്തകത്തില്‍ അവരുടെ കാലാവധി നന്നേ ചെറുതായിരുന്നു.
ദിവ്യയുടെ മരണം സ്വാഭാവികമായി സംഭവിച്ചതാണെന്ന് എഴുതി തളളിയെങ്കിലും പണവും സ്വാധീനവുമുളളവര്‍ക്ക് എന്തും സാധിക്കുമെന്നും കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്യേണ്ട ഒരു സാഹചര്യവും ദിവ്യയ്ക്ക് ഉണ്ടായിരുന്നില്ലെന്നും കാല്‍വഴുതി വീഴാന്‍ കൊച്ചുകുട്ടിയൊന്നുമല്ലല്ലോ എന്നുമെല്ലാം ആരാധകര്‍ വാദിച്ചു നോക്കി.
വനരോദനങ്ങള്‍ പോലെ എല്ലാ ആവലാതികളും അവശേഷിച്ചു. ആരും ആരോപണങ്ങള്‍ ഗൗരവമായെടുത്ത് അന്വേഷണങ്ങള്‍ക്ക് തയാറായില്ല. മരിച്ചു പോയ ഒരാള്‍ക്ക് വേണ്ടി സിനിമാക്കാരോ ബന്ധുക്കളോ നിന്നില്ല. അഥവാ എത്ര അന്വേഷണങ്ങള്‍ നടന്നാലും മുംബൈയില്‍ പ്രബലരായ ആളുകളെ പ്രതിചേര്‍ക്കാന്‍ കഴിയില്ലെന്നും ബോളിവുഡ് സിനിമാ ലോകത്തെക്കുറിച്ച് അറിയുന്നവര്‍ക്ക് ഉറച്ച ബോധ്യമുണ്ട്. 1993–ല്‍ അഞ്ചുനിലക്കെട്ടിടത്തിന് മുകളില്‍ നിന്നും വീണു മരിക്കുകയായിരുന്നു ദിവ്യ. മുംബൈ അന്ധേരിയിലെ ഫ്‌ളാറ്റില്‍ നിന്നും മദ്യലഹരിയില്‍ വീണുമരിക്കുകയായിരുന്നെന്ന് പറയപ്പെടുന്നു. ഇത് സംബന്ധിച്ച പൊലീസ് അന്വേഷണം 1998 വരെ നീണ്ടെങ്കിലും ഒടുവില്‍ അവസാനിക്കുക തന്നെ ചെയ്തു.
മരണം ആത്മഹത്യയോ കൊലപാതകമോ എന്ന് പോലും കണ്ടെത്താനായില്ല. തെലുങ്കില്‍ മിന്നുംതാരമായിരുന്ന ദിവ്യയുടെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയത് ബോളിവുഡിലേക്കുളള വഴിമാറ്റമായിരുന്നു. മുന്‍പും ബോളിവുഡ് അവര്‍ക്ക് സമ്മാനിച്ചത് കയ്‌പേറിയ അനുഭവങ്ങള്‍ മാത്രമായിരുന്നു. രണ്ടാം വരവാകട്ടെ ദിവ്യയുടെ ജീവനെടുക്കുന്നതില്‍ ചെന്നവസാനിച്ചു.
മധുരപ്രതികാരം പോലെ വീണ്ടും ബോളിവുഡില്‍
തെലുങ്ക് ചിത്രങ്ങളിലൂടെ ഇന്ത്യയെമ്പാടും ചര്‍ച്ചയായപ്പോള്‍ ഒരിക്കല്‍ ദിവ്യയെ നിഷ്‌കരുണം തഴഞ്ഞ ബോളിവുഡ് സംവിധായകര്‍ അവരുടെ ഡേറ്റിനായി കാത്തുനിന്നു. ഒരു മധുരപ്രതികാരം പോലെ ദിവ്യ ആ ഓഫറുകള്‍ സ്വീകരിച്ചു. ദിവ്യ-ഗോവിന്ദ ജോടികള്‍ ബോളിവുഡില്‍ തരംഗമായി. ഷാറുഖ് ഖാന്‍ തന്റെ അഭിനയജീവിതം ആരംഭിക്കുന്നത് ദിവ്യയുടെ നായകനായിട്ടായിരുന്നു. ചിത്രം : ദീവാന. ദില്‍ ആഷ്‌നാ ഹേ.. എന്ന ചിത്രത്തിലും ഈ ഹിറ്റ് ജോടി ആവര്‍ത്തിക്കപ്പെട്ടു. കൗമാരകുതൂഹലം വിട്ടുമാറാത്ത ആ കൗമാരക്കാരിയെ തളയ്ക്കാന്‍ ശത്രുപാളയത്തില്‍ നിന്നും ബോളിവുഡിലെ പാപ്പരാസികള്‍ രംഗത്തിറങ്ങി. അതിന് പിന്നില്‍ ചരട് വലിച്ചത് അക്കാലത്തെ ചില പ്രമുഖ നായികമാരാണെന്ന് പറയപ്പെടുന്നു. പുകവലി, ഡ്രഗ്‌സ് ഉപയോഗം എന്നിങ്ങനെ ദിവ്യയെച്ചൊല്ലി ചില വിവാദങ്ങളും രൂപപ്പെട്ടു. എന്നാല്‍ അതെല്ലാം തികഞ്ഞ അസത്യങ്ങളായിരുന്നുവെന്ന് കാലം തെളിയിച്ചു.
സ്വബോധമില്ലാതെ ലഹരിക്ക് അടിമപ്പെട്ട ഒരാള്‍ക്ക് വര്‍ഷത്തില്‍ 14 പടങ്ങളില്‍ അഭിനയിക്കാന്‍ കഴിയുന്നതെങ്ങനെ ? മരിക്കുന്ന സമയത്ത് പോലും 11 പടങ്ങളുടെ കരാറില്‍ അവര്‍ ഒപ്പ് വച്ചിരുന്നു. എന്തായാലും സിനിമയില്‍ കത്തിനില്‍ക്കെ 1992–ല്‍ ദിവ്യ നിർമാതാവും സംവിധായകനുമായ സജിദ് നദിയാവാലയെ വിവാഹം കഴിച്ചു. ‘ഷോല ഔര്‍ ഷം’ എന്ന സിനിമയ്ക്കായി ഗോവിന്ദയുടെ ഡേറ്റ് വാങ്ങാനെത്തിയതാണ് സജിദ്. ആ സെറ്റില്‍ ദിവ്യയുമുണ്ടായിരുന്നു. ആദ്യ കാഴ്ചയില്‍ തന്നെ അവള്‍ക്ക് അദ്ദേഹത്തോട് വല്ലാത്ത ഒരു ഇഷ്ടം തോന്നി. അമ്മ മീതയോട് ദിവ്യ ഈ ഇഷ്ടം പങ്ക് വച്ചെങ്കിലും സ്‌നേഹബുദ്ധ്യാ അവളെ ഉപദേശിച്ച് പിന്‍തിരിപ്പിക്കാനാണ് അമ്മ ശ്രമിച്ചത്. 9 വയസ്സിന്റെ പ്രായവ്യത്യാസമുണ്ടായിരുന്നു അവര്‍ തമ്മില്‍. അതിലുപരി ഹിന്ദുമതത്തില്‍ പെട്ട ഒരു പെണ്‍കുട്ടി ഇസ്ലാം വിഭാഗത്തില്‍ പെട്ട സജിദിനെ പ്രണയിച്ചത് യാഥാസ്ഥിതികയായ മീതയ്ക്ക് ഉള്‍ക്കൊളളാന്‍ കഴിഞ്ഞില്ല. എന്നാല്‍ സജിദിന്റെ സ്‌നേഹം നഷ്ടപ്പെടുന്നത് ദിവ്യയ്ക്ക് സങ്കല്‍പ്പിക്കാന്‍ പോലും സാധിച്ചില്ല. 18 -ാം വയസ്സിൽ വിവാഹം കഴിഞ്ഞെങ്കിലും പല കാരണങ്ങളാല്‍ അവള്‍ അത് രഹസ്യമാക്കി വച്ചു.
ദുരന്തവാഹിയായ ദുര്‍ദിനം
1993 ഏപ്രില്‍ 5. മൗറീഷ്യസില്‍ ചിത്രീകരിക്കാന്‍ പോകുന്ന പുതിയ സിനിമയുടെ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കുന്നതിനാണ് വസ്ത്രാലങ്കാരകയായ നീത ലുല്ല ദിവ്യയെ വിളിക്കുന്നത്. ഫ്‌ളാറ്റിലേക്ക് വരാന്‍ ദിവ്യ ആവശ്യപ്പെട്ടു. നീത ഭര്‍ത്താവിനൊപ്പം രാത്രി 9 മണിയോടെ ഫ്‌ളാറ്റില്‍ എത്തി. ആ സമയത്ത് പുറത്തായിരുന്ന ദിവ്യയെ ഫ്‌ളാറ്റില്‍ എത്തിച്ചത് സഹോദരനായ കുനാല്‍ ആയിരുന്നു.
അന്ന് ഫ്‌ളാറ്റില്‍ ഗസ്റ്റായി എത്തിയ കോസ്റ്റ്യൂം ഡിസൈനര്‍ നീതയോടും ഭര്‍ത്താവും സൈക്കാട്രിസ്റ്റുമായ ഡോ. ശ്യാം ലുല്ലയോടും സംസാരിച്ചിരിക്കുകയായിരുന്നു ദിവ്യ. അവര്‍ക്ക് കുടിക്കാന്‍ എന്താണ് വേണ്ടതെന്ന് ദിവ്യ ആരാഞ്ഞു. വോഡ്കയും ബ്ലാക് ലേബല്‍ ബ്രാന്‍ഡിയും അവള്‍ തന്നെ ഒഴിച്ചു കൊടുത്തു. ദിവ്യ ഒപ്പമിരുന്ന് കഴിച്ചത് റമ്മായിരുന്നു. ആ സമയത്ത് വീട്ടുജോലിക്കാരിയായ അമൃത അടുക്കളയില്‍ അവര്‍ക്കുളള സ്‌നാക്ക്‌സ് ഉണ്ടാക്കുന്ന തിരക്കിലായിരുന്നു. രാത്രി 11 മണിയോടെ ദിവ്യ അടുക്കളയിലേക്ക് പോയി.
പ്രൊട്ടക്ഷന്‍ അയണ്‍ഗ്രില്‍ ഇല്ലാത്ത ഒരു കിച്ചന്‍ വിന്‍ഡോ ആ അപ്പാര്‍ട്ടുമെന്റിലുണ്ടായിരുന്നു. 11 ഇഞ്ച് വിസ്തൃതിയുളള ആ ജനാലപ്പടിയില്‍ ഇരുന്ന ദിവ്യ മദ്യലഹരിയില്‍ ബാലന്‍സ് തെറ്റി താഴേക്ക് വീണു പോവുകയായിരുന്നു എന്ന് പറയപ്പെടുന്നു. തുള്‍സി അപ്പാര്‍ട്ടുമെന്റിന്റെ പാര്‍ക്കിങ് സ്‌പേസിലേക്കാണ് അവര്‍ വീണത്. നിര്‍ഭാഗ്യവശാല്‍ ആ സമയത്ത് അവിടെ കാറുകളൊന്നും പാര്‍ക്ക് ചെയ്തിരുന്നില്ല. അല്ലെങ്കില്‍ ഏതെങ്കിലും കാറിന് മേലെ വീണ് അവര്‍ രക്ഷപ്പെടുമായിരുന്നു. നേരെ കോണ്‍ക്രീറ്റ് ഗ്രൗണ്ടിലേക്ക് വീണ ദിവ്യയുടെ തലയ്ക്കും നടുവിനും കടുത്ത ക്ഷതങ്ങളുണ്ടായി. ഇതുകണ്ട് അടുക്കളയില്‍ തന്നെയുണ്ടായിരുന്ന അമൃത ഉറക്കെ അലറിക്കരഞ്ഞു. നീതയുടെ അടുത്തു നിന്നും അടുക്കളയിലേക്ക് വന്ന ദിവ്യ ജനലരികില്‍ ഇരുന്നതും താഴേക്ക് വീണതുമെല്ലാം സംഭവിച്ചത് കേവലം 3 മിനിറ്റുകള്‍ക്കുളളിലായിരുന്നുവെന്ന് പറയപ്പെടുന്നു.
നീതുവും ശ്യാമും ആ സമയത്ത് ടിവി കാണുകയായിരുന്നു. അമൃതയുടെ നിലവിളി കേട്ട് ഓടിയെത്തിയ ദമ്പതികള്‍ ദിവ്യ വീണു കിടന്ന സ്ഥലത്തേക്ക് പാഞ്ഞു ചെന്നു. ഫ്‌ളാറ്റിലെ മറ്റ് താമസക്കാരും സെക്യൂരിറ്റി ഗാര്‍ഡും അപ്പോഴേക്കും സംഭവസ്ഥലത്ത് എത്തിയിരുന്നു. മാരകമായി മുറിവേറ്റിരുന്നെങ്കിലും അപ്പോഴും ദിവ്യ ശ്വസിക്കുന്നുണ്ടായിരുന്നു. എല്ലാവരും ചേര്‍ന്ന് അപ്പോള്‍ തന്നെ അവളെ അടുത്തുളള കൂപ്പര്‍ ഹോസ്പിറ്റലില്‍ എത്തിച്ചു. ഹോസ്പിറ്റലിലേക്കുളള കാര്‍യാത്രയിലും അവള്‍ക്ക് ജീവനുണ്ടായിരുന്നു. എന്നാല്‍ ഹോസ്പിറ്റലില്‍ എത്തിയപ്പോഴേക്കും ഡോക്ടര്‍ മരണം സ്ഥിരീകരിച്ചു.
അന്വേഷണത്തിന്റെ വഴികള്‍
വെര്‍സോവ പൊലീസ് സ്‌റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസ് മൂന്ന് വ്യത്യസ്ത തലങ്ങളിലാണ് അന്വേഷിച്ചത്. അപകട മരണം, ആത്മഹത്യ, കൊലപാതകം...എല്ലാ ആംഗിളിലും പരിശോധിച്ചു. അന്വേഷണത്തിനിടയില്‍ പോലീസ് സംഘത്തെ കുഴപ്പിച്ച ഒരു പ്രശ്‌നമുണ്ടായി. ദിവ്യ വീണ ജനാലയുടെ അടുത്ത് ഒരു ഒാട്ടോ സ്‌റ്റോപ്പര്‍ ഉണ്ടായിരുന്നു. എന്നാല്‍ മരണം നടന്ന ദിവസം അത് അവിടെ നിന്നും അപ്രത്യക്ഷമായിരിക്കുന്നു. അതുണ്ടായിരുന്നെങ്കില്‍ ഒരിക്കലും അപകടം സംഭവിക്കില്ലായിരുന്നു. അത് ആരെങ്കിലും ബോധപൂര്‍വം അവിടെ നിന്നും മാറ്റിയതാണോ അതോ യാദൃച്ഛികമാണോ എന്ന് വ്യക്തമല്ല. അങ്ങനെയെങ്കില്‍ കൃത്യമായി അവിടെ തന്നെ ദിവ്യ വന്നിരിക്കേണ്ട ആവശ്യമെന്ത് എന്ന ചോദ്യവും ഉയര്‍ന്നു. അമൃത മറ്റെന്തെങ്കിലും താത്പര്യത്തിന്റെ പേരില്‍ അവളെ തളളിയിട്ടതായിക്കൂടെയെന്നും സംശയങ്ങളുയര്‍ന്നു. എന്നാല്‍ ഇതൊന്നും അന്വേഷണത്തില്‍ കണ്ടെത്താനായില്ലെന്ന് മാത്രമല്ല പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം അളവില്‍ കൂടുതല്‍ മദ്യം ദിവ്യയുടെ രക്തത്തിലുളളതായും കണ്ടെത്തി. ദിവ്യ മരിച്ച് ഒരു മാസത്തിനുളളില്‍ ജോലിക്കാരി അമൃതയും മരണത്തിന് കീഴടങ്ങി. ഹൃദയസ്തംഭനമാണ് മരണകാരണമായി പറയപ്പെടുന്നത്.
ദിവ്യയുടെ മരണം സംഭവിച്ച് ഒരു മാസക്കാലം അവര്‍ കടുത്ത ഡിപ്രഷനിലുടെ കടന്നു പോയതായും പറയപ്പെടുന്നു. അത്രകണ്ട് വിഷാദം അവരെ പിടികൂടാന്‍ ഏതെങ്കിലും തരത്തിലുളള കുറ്റബോധം അവരെ അലട്ടിയിരുന്നോ എന്നും സംശയിക്കപ്പെടുന്നു. എന്നാല്‍ ചോദ്യം ചെയ്യലിലുടെ സത്യം പുറത്ത് കൊണ്ടുവരാന്‍ കഴിയാത്ത വിധം അവരും ഈ ലോകം വിട്ടുപോയതോടെ പോലീസ് വെട്ടിലായി. പോലീസിന്റെ കണ്ടെത്തല്‍ പ്രകാരം സംഭവം നടന്ന് ഇങ്ങനെയാണ്. സ്‌നാക്ക്‌സുമായി ജോലിക്കാരി വരാന്‍ വൈകിയതിനാല്‍ അവരെ തേടി അടുക്കളയിലെത്തിയ ദിവ്യ ബാല്‍ക്കണിയിലേക്ക് തുറക്കുന്ന അടുക്കളയിലെ ജനാലയ്ക്കല്‍ പോയിരുന്നു. സാമാന്യം നല്ല മദ്യലഹരിയിലായിരുന്ന ദിവ്യ പെട്ടെന്ന് ബാലന്‍സ് തെറ്റി അഞ്ചാം നിലയില്‍ നിന്നും താഴേക്ക് പതിച്ചു. രക്തത്തില്‍ കുളിച്ചിരുന്ന ദിവ്യയ്ക്ക് ആന്തരിക രക്തസ്രാവം ഉണ്ടായിരുന്നതായി പറയപ്പെടുന്നു.
അങ്ങനെ 19 -ാം വയസ്സിൽ സിനിമയുടെയും ജീവിതത്തിന്റെയും വര്‍ണാഭമായ പ്രതലങ്ങളില്‍ നിന്ന് നിത്യാന്ധകാരത്തിലേക്ക് അവര്‍ പലായനം ചെയ്തു. സുഹൃത്തുക്കളും ജോലിക്കാരിയും ചേര്‍ന്ന് അപ്പോള്‍ തന്നെ അവളെ ഹോസ്പിറ്റലില്‍ എത്തിക്കാന്‍ ശമിച്ചെങ്കിലും യാത്രാമധ്യേ ജീവന്‍ നഷ്ടപ്പെട്ട് കഴിഞ്ഞിരുന്നു. അതൊരു അപകട മരണമാണെന്ന് തന്നെ മുംബൈ പൊലീസ് വിധിയെഴുതി. അമ്മ മീതയും അങ്ങനെ തന്നെ ഏറ്റു പറഞ്ഞതോടെ സംശയങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും തിരശ്ശീല വീണു. കുസൃതിക്കാരിയായ ദിവ്യ ഒരു കൗതുകത്തിന്റെ പേരില്‍ ജനാലപ്പടിയില്‍ ചെന്നിരുന്ന് അബദ്ധത്തില്‍ താഴേക്ക് പതിച്ചതാകാമെന്ന് തന്നെ അമ്മയും കരുതുന്നു. മദ്യം കഴിക്കുന്ന ശീലമുളള ദിവ്യയ്ക്ക് അങ്ങനെ സംഭവിക്കാനുളള സാാധ്യത ഏറെയാണെന്നും അമ്മ മൊഴികൊടുത്തു പോലും. കുടുംബാംഗങ്ങള്‍ പോലും അതൊരു സ്വാഭാവിക മരണമാണെന്ന് ഏറ്റു പറഞ്ഞതോടെ തുടര്‍ അന്വേഷണത്തിനുളള സാധ്യതകളെല്ലാം മങ്ങി.
വെളിപ്പെടാത്ത ദുരൂഹതകള്‍
വീട്ടില്‍ അതിഥികളുളള സമയത്ത് ഇങ്ങനെ സംഭവിച്ചതില്‍ അസ്വാഭാവികത കണ്ടെത്തുന്നവരുണ്ട്. എന്നാല്‍ അക്കാര്യത്തിലും അമ്മ മീതയ്ക്ക് സംശയമില്ല. ദിവ്യ ഗസ്റ്റുകള്‍ക്കുളള ലഘുഭക്ഷണം ഉണ്ടാക്കിയോ എന്നറിയാന്‍ അടുക്കളയിലേക്ക് പോവുകയും അത് കുക്ക് ചെയ്യുന്ന ഇടവേളയില്‍ ജനാലയ്ക്കല്‍ ചെന്നിരുന്നതാവാമെന്നും അവര്‍ പറഞ്ഞതായി അക്കാലത്ത് റിപ്പോര്‍ട്ടുകളുണ്ടായി. കുട്ടിക്കളി മാറാത്ത ദിവ്യയോട് ആര്‍ക്കും വിരോധം തോന്നാന്‍ ഇടയില്ലെന്നും അവര്‍ കൂട്ടിചേര്‍ക്കുന്നു. എല്ലാവരെയും സ്‌നേഹിക്കാന്‍ മാത്രം അറിയുന്ന പാവം മനസായിരുന്നു ദിവ്യയുടേതെന്നും അവര്‍ പറയുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ജനാലയ്ക്ക് പിന്നിലെ സുരക്ഷാകവചമായ ആട്ടോ സ്‌റ്റോപ്പര്‍ മരണം സംഭവിക്കുന്നതിന് തൊട്ടുമുന്‍പ് എങ്ങനെ അപ്രത്യക്ഷമായി എന്നതാണ് ഇന്നും ഒരു ദുരൂഹ സമസ്യമായി നിലനില്‍ക്കുന്നത്.
എന്തായാലും ഇന്ത്യന്‍ സിനിമയെയും കോടാനുകോടി ആരാധകരെ സംബന്ധിച്ചും വലിയ നഷ്ടമായിരുന്നു ദിവ്യാ ഭാരതിയുടെ വിയോഗം. ഒരു ഘട്ടത്തില്‍ ഹീറോ പരിവേഷമുളള ഷാറുഖ് ഖാനേക്കാള്‍ ഉയര്‍ന്ന പ്രതിഫലം വാങ്ങിയ നായികയായിരുന്നു ദിവ്യ. മരണം സംഭവിക്കുമ്പോള്‍ പോലും 11 സിനിമകള്‍ക്ക് അവര്‍ കരാര്‍ ഒപ്പിട്ടു കഴിഞ്ഞിരുന്നു. സഞ്ജയ് ദത്ത് നായകനായ ക്ഷത്രിയയാണ് ദിവ്യയുടെ അവസാന ചിത്രം. മരണം സംഭവിച്ച് പത്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് ആ ചിത്രം റിലീസ് ചെയ്തത്. വേറെയും ചില സിനിമകള്‍ മരണത്തെ തുടര്‍ന്ന് റിലീസ് ചെയ്തു. അതെല്ലാം വന്‍വിജയങ്ങളാകുകയും ചെയ്തു. ദിവ്യയുടെ ജീവിതവും മരണവും ഇതിവൃത്തമാക്കി ‘ലവ് ബിഹൈന്‍ഡ് ദ് ബോര്‍ഡര്‍’ എന്ന സിനിമ വരുന്നു എന്ന പ്രചരണം ഉണ്ടായെങ്കിലും അത് സംഭവിച്ചില്ല. ആരൊക്കെയോ ഇടപെട്ട് അതില്ലാതാക്കുകയായിരുന്നു എന്നും പറയപ്പെടുന്നു.