‘എന്തുകൊണ്ടാണ് അവനിങ്ങനെ..? ആ പെൺകുട്ടിക്ക് അവനോട് എന്തിഷ്ടമാണ്, എന്നിട്ടും അവളോട് ഇത്രയും ക്രൂരമായി...?’
ഇല്യാസിന്റെ ചോദ്യത്തിന് മറുപടി പറഞ്ഞത് നിധിയാണ്. ‘അവരു തമ്മിൽ പ്രണയിക്കുകയല്ലേ...’ ആ ഉത്തരത്തിലുണ്ടായിരുന്നു എല്ലാം. ഇല്യാസിനെ ആ ഉത്തരം തൃപ്തിപ്പെടുത്തിയെന്നു തോന്നിയില്ല. രണ്ടുപേർ പ്രണയിക്കുമ്പോൾ എങ്ങനെയാണ് ഒരാൾക്ക് മറുപാതിയെ ഇതുപോലെ വേദനിപ്പിക്കാനാകുക? വരുണെന്ന എയർഫോഴ്സ് ഓഫിസർ പക്ഷേ അങ്ങനെയായിരുന്നു. ‘പുരുഷനെ വേട്ടയാടാൻ സൃഷ്ടിച്ചതാണ്’ എന്നു ന്യായം പറയുന്ന, കൂട്ടുകാർക്കിടയിൽ വിസി എന്നറിയപ്പെടുന്ന വരുണ്‍. അവന്റെ കണ്ണുകളിലേക്കിറങ്ങി വന്ന പെൺകുട്ടിയായിരുന്നു ലീല.
മഞ്ഞുപെയ്യുന്നൊരു പകലിൽ ശ്രീനഗറിലേക്കെത്തിയ ഡോക്ടർ. അവളുടെ സഹോദരന്റെ സഹപ്രവർത്തകൻ കൂടിയായിരുന്നു വരുൺ. പക്ഷേ ആദ്യക്കാഴ്ച തന്നെ അത്ര രസകരമായിരുന്നില്ല. പിന്നീട് ലീല വരുണിനെ കാണുന്നത് ആശുപത്രിക്കിടക്കയിലാണ്. തന്റെ ശ്രീനഗറിലെ ആദ്യത്തെ പേഷ്യന്റിനെ കാര്യമായിത്തന്നെ നോക്കി അവൾ. അതിനിടയിലെപ്പോഴോ അവൻ കൺതുറന്നപ്പോൾ അതിലേക്ക് ആഴ്ന്നിറങ്ങുകയായിരുന്നു ലീല.
വരുണിന്റെ കണ്മണികളിൽ മാത്രമല്ല മനസ്സിലും പതിഞ്ഞിരുന്നു അവളപ്പോഴേക്കും. പക്ഷേ ആദ്യമേ ലീല പറഞ്ഞു– ‘ഇത് വർക്കൗട്ടാകില്ല...’ ഒരു ചിരിയായിരുന്നു അവന്റെ മറുപടി. പിന്നെ മഞ്ഞുവീഴുന്ന ആ മലനിരകൾ സാക്ഷിയായത് അവരുടെ പ്രണയത്തിനായിരുന്നു. നാളുകളും മാസങ്ങളും ഏറ്റെടുത്താഘോഷിച്ച പ്രണയം.
ഇരുഹൃദയങ്ങൾ തമ്മിലുള്ള നിഗൂഢരസതന്ത്രത്തിൽ എന്നും പുതുപരീക്ഷണങ്ങൾ നടത്തിയിട്ടുള്ള സംവിധായകനാണ് മണിരത്‌നം. അദ്ദേഹത്തിന്റെ പുതിയ ചിത്രം ‘കാട്ര് വെളിയിടൈ’യിലും സ്ഥിതി വ്യത്യസ്തമല്ല; പ്രണയം തന്നെയാണു വിഷയം. ഇത്തവണ പക്ഷേ പുറത്തുനിന്നുള്ള വില്ലന്മാരൊന്നുമില്ല (അതങ്ങനെത്തന്നെയാണല്ലോ പതിവ്) മറിച്ച് കാർത്തിയുടെ നായകകഥാപാത്രം വരുൺ തന്നെയാണു വില്ലൻ. മറ്റെന്തിനേക്കാളും സ്വയം സ്നേഹിക്കുന്നവനാണ് വരുണെന്ന് അയാളുടെ പ്രവൃത്തികളിൽ നിന്നു തന്നെയറിയാം. മറ്റുള്ളവരുടെ ജീവനെടുക്കുന്നതിൽ വല്ലാത്തൊരു സംതൃപ്തി കാണുന്നുണ്ട് അയാൾ. അതിനാൽത്തന്നെ യുദ്ധമുഖത്തെ ഏറ്റവും അനുയോജ്യനായ പോരാളി.
1999 കാർഗിൽ യുദ്ധകാലത്തിലാണ് വരുണും ലീലയും ആദ്യമായി കണ്ടുമുട്ടുന്നത്. ലീല വരുണിന് നേർവിപരീതസ്വഭാവക്കാരി. മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുന്നതിൽ വ്യാപൃതയായ ഡോക്ടർ. നർത്തകി, ഗായിക, എത്രയോ ഭംഗിയായി ചിരിക്കുന്നവൾ. (അവളോട് വരുൺ ചിരിക്കാൻ ആവശ്യപ്പെടുന്ന നിമിഷങ്ങളിലൊന്നിൽ കാണാം അദിഥി റാവു ഹൈദരി എന്ന നടി ലീലയെന്ന കഥാപാത്രത്തിന് എത്രത്തോളം അനുയോജ്യയാണെന്ന്, അത്രമാത്രം നാണത്താൽ നിഷ്കളങ്കവും പ്രണയത്താൽ സത്യസന്ധവുമായിരുന്നു അത്) താൻ ഇരുട്ടെങ്കിൽ ലീല വെളിച്ചമാണ്; പക്ഷേ ഇരുട്ടില്ലാതെ എന്തു വെളിച്ചം എന്നാണ് വരുൺ തന്നെ ചോദിക്കുന്നത്!
ഇരുഹൃദയങ്ങൾ തമ്മിൽ മാത്രമല്ല അവർ ചുവടുറപ്പിച്ചു നിൽക്കുന്ന ഭൂമിയിലും യുദ്ധമാണ്. ഒന്നിൽ നിലപാടുകൾ ഏറ്റുമുട്ടുമ്പോൾ മറ്റൊന്നിൽ പോർവിമാനങ്ങളും ബോംബുകളുമാണ് പോരാടുന്നത്. എന്തിനേയും കീഴ്പ്പെടുത്തുന്ന സ്വഭാവമാണ് വരുണിന്റേത്, അതിപ്പോൾ വീട്ടിൽ സ്വന്തം അച്ഛനോടാണെങ്കിൽപ്പോലും. ലീലയാകട്ടെ തനിക്ക് തന്റേതായ ഒരിടം ആഗ്രഹിക്കുന്ന പെൺകുട്ടിയും. പരസ്പരബഹുമാനമാണ് ആ ബന്ധത്തിൽ അവൾ ആകെ ആവശ്യപ്പെടുന്നത്. ചില നേരങ്ങളിൽ അത് വരുണിൽ നിന്ന് ഏറെ ലഭിക്കുന്നുമുണ്ട്. പക്ഷേ മഞ്ഞുകാറ്റിൽപ്പെട്ട പൈൻമരത്തലപ്പു പോലെ ആ ബന്ധമിങ്ങനെ ആടിയുലഞ്ഞു കൊണ്ടേയിരിക്കുന്നു. അപ്രതീക്ഷിതമായ നിമിഷങ്ങളിൽപ്പോലും അതിശക്തമായി അവരിലേക്ക് സംഘർഷത്തിന്റെ കാറ്റ് ചീറിയടിക്കുന്നതു കാണാം. തൊട്ടടുത്ത നിമിഷം അതീവശാന്തതയിലേക്ക് വഴിമാറുന്നതും.
റോജയും രാവണും അലൈപായുതേയും ഓകെ കണ്മണിയുമെല്ലാം ഓർമ വരും നമുക്ക് ‘കാട്ര് വെളിയിടൈ’ കാണുമ്പോൾ. ഓകെ കൺമണിയിലുണ്ടായിരുന്ന ബന്ധങ്ങളിലെ ‘ന്യൂജെൻ അലസത’ പോലെ ഒന്ന് മുഴച്ചു നിൽക്കുന്നതു കാണാം കാട്ര് വെളിയിടൈയിലും. പ്രണയത്തിൽ, ജീവിതത്തിൽ ഇനിയെന്ത് എന്നാലോചിക്കുന്ന നിമിഷത്തിൽ തീരുമാനമെടുക്കാനാകാതെ നായകൻ വെമ്പുന്ന നിമിഷങ്ങൾ. പക്ഷേ പുതുകാലത്തിൽ നിന്നുമാറി മൊബൈൽ പോലുമില്ലാത്ത കാലത്തിലേക്കാണ്‘കാട്ര് വെളിയിടൈ’ പ്രേക്ഷകനെ കൊണ്ടുപോകുന്നത്. പതിവുപോലെ പ്രണയനിമിഷങ്ങളാൽ സമ്പന്നമാണ് ഈ മണിരത്നം ചിത്രം. അദ്ദേഹത്തിനാൽ മാത്രം സാധിക്കുന്ന ഒട്ടേറെ സിനിമാറ്റിക് അപൂർവതകളുമുണ്ട് ചിത്രത്തിൽ. പക്ഷേ ആകെത്തുകയിൽ ‘കാട്ര് വെളിയിടൈ’ പ്രേക്ഷകനെ എത്രമാത്രം എന്റർടെയ്ൻ ചെയ്യിക്കും എന്ന കാര്യത്തിൽ സംശയമുണ്ട്, പ്രത്യേകിച്ച് രണ്ടാം പകുതിയിലേക്കു കടക്കുമ്പോൾ.
അതിനിടയിലും സീറ്റിൽ പിടിച്ചിരുത്തുന്നത് മൂന്നു ഘടകങ്ങളാണ്. അദിഥി റാവു ഹൈദരി എന്ന നായികയുടെ അഭിനയം, രവി വർമന്റെ ഛായാഗ്രഹണം പിന്നെ എ.ആർ.റഹ്മാന്റെ സംഗീതം. ബോളിവുഡിൽ അത്രയൊന്നും നല്ല വേഷങ്ങൾ കിട്ടാതിരുന്ന അദിഥി പക്ഷേ ലീലയെന്ന തന്റെ കഥാപാത്രത്തെ അത്രത്തോളം മികവോടെയാണ് തിരശീലയിലെത്തിച്ചിരിക്കുന്നത്. അവിസ്മരണീയമാക്കിയെന്നു തന്നെ പറയാം. കാർത്തി പോലും പലപ്പോഴും അദിഥിക്കു മുന്നിൽ ഒന്നുമല്ലാതായിപ്പോകുന്ന നിമിഷങ്ങളുമുണ്ട് ചിത്രത്തിൽ. തമിഴ് ഡബിങ് ആയിരുന്നിട്ടും ചുണ്ടുകളിലെ ചലനങ്ങളിൽ പോലും അത്രമാത്രം കൃത്യത.
അകവും പുറവും പ്രണയത്താൽ മനോഹരവും കലുഷിതവുമാകുന്ന നിമിഷങ്ങളുണ്ട് ചിത്രത്തിൽ. കൂടാതെ പാക് ജയിലിൽ നിന്ന് രക്ഷപ്പെടാൻ കാർത്തി നടത്തുന്ന ശ്രമങ്ങളിലെ ആക്‌ഷൻ രംഗങ്ങളും. ഇവയെല്ലാം പ്രേക്ഷകന്റെ കണ്ണിന് വൻവിരുന്നായി ഒരുക്കിയിരിക്കുന്നു രവിവർമൻ. പൊഴിഞ്ഞു വീഴുന്ന മഞ്ഞിനെയും മാമലകളെയും മാത്രമല്ല പുറകോട്ടെടുക്കുന്ന ജീപ്പിന്റെ വെളിച്ചത്തിൽപ്പോലും തെളിഞ്ഞുകാണാം അതിന്റെ മനോഹാരിത. അതും ചിത്രത്തിലെ ആദ്യഷോട്ട് മുതൽ. എ.ആർ.റഹ്മാൻ–മണിരത്‌നം കൂട്ടുകെട്ടിലെ സംഗീതമാസ്മരികത ആവർത്തിക്കുന്നുമുണ്ട് ‘കാട്ര് വെളിയിടൈ’യിൽ.
കാർത്തിയിലും അദിഥിയിലും ശ്രദ്ധയൂന്നിയതു കൊണ്ടാകണം മറ്റൊരു കഥാപാത്രത്തിനും കാര്യമായൊന്നും ചെയ്യാനില്ല ചിത്രത്തിൽ. ആർജെ ബാലാജിയുടെ അടങ്ങിയൊതുങ്ങിയുള്ള, ഡയലോഗുകളൊന്നുമേറെയില്ലാത്ത ഇല്യാസ് എന്ന കഥാപാത്രത്തെ എടുത്തുപറയേണ്ടതാണ്. നിധിയായെത്തിയ രുക്മിണി വിജയകുമാർ അഭിനയത്തോളം തന്നെ നൃത്തത്തിലും തിളങ്ങി. കെപിഎസി ലളിത, ഡൽഹി ഗണേശ്, ശ്രദ്ധ ശ്രീനാഥ്, വിപിൻ ശർമ തുടങ്ങി വിരലിലെണ്ണാവുന്ന അഭിനേതാക്കളേയുള്ളൂ ചിത്രത്തിൽ. അദിഥിയുടെ പ്രകടനവും മനോഹരഫ്രെയിമുകളുടെ മാസ്മരികതയുമാണ് ‘കാട്ര് വെളിയിടൈ’യുടെ ഹൈലൈറ്റ്സ്. മണിരത്‌നം സിനിമകളെ അത്രയേറെ സ്നേഹിക്കുന്നവർക്കും ഇഷ്ടപ്പെട്ടേക്കും ചിത്രം. പക്ഷേ ഒരുകാലത്ത് പ്രേക്ഷകനെ അമ്പരപ്പിച്ചിരുന്ന ‘മണിരത്‌നം മാജിക്’ സ്ക്രീനിൽ പ്രതീക്ഷിച്ച് തിയേറ്ററിൽ കയറുന്നവർക്ക് നിരാശയായിരിക്കും ഫലം.