സച്ചിൻ, ഇത് വെറും സിനിമയല്ല ! റിവ്യു

കാലം മാറി, ജീവിതരീതിയ്ക്ക് പുതിയ മാനം വന്നു, രാഷ്ട്രീയത്തിലും സമൂഹത്തിലും പല വേലിയേറ്റങ്ങൾ വന്നുപോയി, സിനിമയിലും എഴുത്തിലും പാട്ടിലും വരയിലും പുതിയ സൃഷ്ടികൾ ജനിക്കുകയും ‌മൃതിയടയുകയും ചെയ്തു കളിക്കളത്തിൽ പുതിയ നിയമങ്ങളും കളിക്കാരും കടന്നുവന്നു. പക്ഷേ ഇന്ത്യക്കാരന്റെ മനസിൽ എല്ലാ മാറ്റങ്ങൾക്കും‌ അതീതനായി നിലനിൽക്കുന്ന ഒന്നുണ്ട്...‍ഒരു മനുഷ്യൻ...ദൈവത്തിന്റെ സമ്മാനം...എന്ന് എപ്പോഴോ നമ്മൾ വിശേഷിപ്പിച്ചൊരാൾ...സച്ചിൻ...

ക്രിക്കറ്റ് മൈതാനങ്ങളിൽ ബാറ്റുകൊണ്ട് കവിത രചിച്ച, ഇതിഹാസം രചിച്ച, കാലം ദർശിച്ച എക്കാലത്തേയും മികച്ച ക്രിക്കറ്റർ എന്നതിനപ്പുറം സച്ചിനെന്നാൽ ഇന്ത്യക്കാർക്ക് ഒരു വികാരമാണ്. മറ്റെല്ലാ ചേരിതിരിവുകളും മാറ്റിനിർത്തി ഓരോ ഇന്ത്യക്കാരനേയും ഒന്നിച്ചു നിർത്തുന്ന പ്രതിഭാസം. യൗവനം കഴിയും മുൻപേ ഇങ്ങനെയൊന്നായി തീരാൻ ഈ ഭൂമിയിൽ മറ്റേതെങ്കിലും മനുഷ്യ ജീവിയ്ക്ക് സാധിച്ചിട്ടുണ്ടോ എന്നറിയില്ല. ഈ അത്ഭുതത്തെയാണ് അതേ വികാരതീക്ഷണതയോടെ സച്ചിന്‍ എ ബില്യൺ ഡ്രീംസ് എന്ന ഡോക്യു ഫിക്ഷനിൽ പകർത്തിയിരിക്കുന്നത്.

സച്ചിൻ സച്ചിൻ എന്ന വിളികൾ കൊണ്ട് ആരവത്തിലാഴ്ന്നുപോയൊരു മൈതാനത്തിരുന്ന് സച്ചിന്റെ ക്രിക്കറ്റ് മാത്രമല്ല, ഇനിയും മാധ്യമങ്ങൾക്ക് പറഞ്ഞുതരാൻ കഴിയാത്ത സച്ചിൻ എന്ന മനുഷ്യനെ കൂടി കാണുന്ന ഒരു അനുഭൂതിയാണ് ഈ സൃഷ്ടി സാധ്യമാക്കുന്നത്. ഡോക്യുഫിക്ഷന്‍ സാധാരണക്കാരിൽ തീർത്തേക്കാവുന്ന വിരസത സച്ചിൻ എന്ന ഒറ്റപ്പേരിൽ അങ്ങനെ മാഞ്ഞുപോകുന്നു.

യഥാർഥ കഥയിലെ നായകൻ തന്നെ സ്വന്തം ജീവിതം സിനിമയിലും അവതരിപ്പിക്കുന്നത് ഇന്ത്യൻ സിനിമയിൽ ആദ്യമായിട്ടാവും. ‘സച്ചിൻ-എ ബില്യൺ ഡ്രീംസ്’ എന്ന ചിത്രത്തിലെ നായകൻ സച്ചിൻ തന്നെയാണ്. ചിത്രം കാണുമ്പോൾ ചിലപ്പോൾ കരയും ചിരിപ്പിക്കും ചിന്തിപ്പിക്കും. സച്ചിന്‍ രമേഷ് ടെൻഡുൽക്കറിന്റെ ജീവിതത്തെ സിനിമയുടെ മസാലക്കൂട്ടൊന്നുമില്ലാതെ അത്രമേൽ യാഥാർഥ്യത്തോടെ അവതരിപ്പിച്ചിരിക്കുന്നു സംവിധായകനായ എർസ്കിൻ. സച്ചിൻ ബാറ്റുകൊണ്ടു പോകുന്നതു തന്നെ കണ്ടിരിക്കാൻ ഒരു ചേലാണ്. ആ ഭംഗി കളിക്കളത്തിലും വ്യക്തിജീവിതത്തിലും ഈ നിമിഷം വരെ കാത്തുസൂക്ഷിക്കുന്നുണ്ട്. ഈ ചിത്രവും അതുപോലെ തന്നെ. തുടക്കം മുതൽ ഒടുക്കം വരെയും.

സച്ചിനും അദ്ദേഹത്തിനു പ്രിയപ്പെട്ടവരും കളിയുടെ വീറിൽ സച്ചിനോട് കലഹിച്ച വസീം അക്രവും റാവൽപിണ്ടി എക്സ്പ്രസ് ഷോയബ് അക്തറും ഇന്ത്യൻ ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ ആത്മ സുഹൃത്തുക്കളും നമ്മുടെ ശ്രീശാന്തുമൊക്കെ സിനിമയില്‍ വന്നുപോകുന്നു‍. കുട്ടിക്കാലം മാത്രമാണ് ഫിക്ഷൻ കലർത്തി ചിത്രീകരിച്ചിരിക്കുന്നത്.

‘നൊട്ടോറിയസ് സച്ചിൻ’ എന്നാണ് തന്റെ കുട്ടിക്കാലത്തെ അദ്ദേഹം തന്നെ വിശേഷിപ്പിക്കുന്നത്. വീട്ടിലെ ഇളയയാളായ സച്ചിൻ മഹാവഴക്കായിയായിരുന്നു. ചെറുപ്പത്തിലെ വീട്ടിലേക്കാൾ കൂടുതൽ മൈതാനത്ത് കഴിയാനായിരുന്നു സച്ചിനിഷ്ടം. ക്രിക്കറ്റ് അങ്ങനെയങ്ങ് കുഞ്ഞു സച്ചിന്റെ തലയ്ക്ക് പിടിച്ചിട്ടില്ല. അങ്ങനെയിരിക്കുമ്പോൾ സഹോദരി സവിത തെണ്ടുല്‍ക്കര്‍ വിനോദയാത്ര പോയി വന്നപ്പോള്‍ സച്ചിന് ഒരു സമ്മാനം നല്‍കി. ഒരു ക്രിക്കറ്റ് ബാറ്റ്. സച്ചിനെന്ന ഇതിഹാസത്തിന്റെ പിറവിയ്ക്കു തുടക്കം ആ സമ്മാനമായിരുന്നു. സിനിമയിലെ ഏറ്റവും മനോഹരമായ രംഗങ്ങളിലൊന്നും അതുതന്നെയാണ്. ചേച്ചി നൽകിയ സമ്മാനം സച്ചിന്റെ അടുത്ത ചങ്ങാതിയാകുന്നത് ചേട്ടൻ അജിത്തിലൂടെയാണ്. അജിത് തെൻഡുൽക്കർ ആണ് സച്ചിന് ആദ്യമായി ബോൾ എറിഞ്ഞുകൊടുക്കുന്നത്.

അജിതിലൂടെയാണു പിന്നീട് സച്ചിനെന്ന ക്രിക്കറ്റർ വളരുന്നത്. ദാദറിലെ ശിവാജി പാര്‍ക്കില്‍ ഗുരു രമാകാന്ത് അചരേക്കര്‍ക്ക് കീഴില്‍ സച്ചിനെ പരിശീലിപ്പിക്കാൻ കൊണ്ടുപോകുന്നതും സച്ചിന്റെ കഴിവിനെക്കുറിച്ച് കോച്ചിനോട് പറഞ്ഞു മനസ്സിലാക്കുന്നതും എല്ലാം അജിത് ആണ്. ഗ്രൗണ്ടിൽ ഇറങ്ങുമ്പോൾ ഒറ്റയ്ക്കാണെങ്കിലും അജിത്തിന്റെ മനസ്സ് എപ്പോഴും തന്റെ കൂടെയുണ്ടെന്ന് സച്ചിൻ പറയുന്നു. 15 നവംബർ 1989 രാജ്യാന്തരക്രിക്കറ്റിൽ ആദ്യ അരങ്ങേറ്റം കുറിക്കുമ്പോഴും അജിത് സച്ചിനൊപ്പം ഉണ്ടായിരുന്നു. ഇങ്ങനെയുള്ള കാര്യങ്ങളെ എർസ്കിൻ അതിമനോഹരമായ ചലച്ചിത്ര ഭാഷയിലൂടെയാണ് അവതരിപ്പിക്കുന്നത്.

രാജ്യാന്തര മത്സരത്തിൽ പാക്കിസ്ഥാനെതിരെ ആദ്യ രാജ്യാന്തരമത്സരം കളിക്കുമ്പോൾ തന്റെ ഉള്ളിലുള്ള വികാരം എന്തായിരുന്നുവെന്ന് സച്ചിൻ വെളിപ്പെടുത്തുന്നു. അന്ന് സച്ചിനെതിരെ ബോൾ എറിയാൻ വന്നപ്പോൾ ഈ ചെറിയ പയ്യനെ എന്തിനാണ് കളിപ്പിക്കുന്നതെന്ന് താനും വഖാർ യൂനിസും പരസ്പരം ചോദിച്ചിട്ടുണ്ടെന്ന് വസിം അക്രം പറയുന്നു. വഖാർ യൂനിന്റെ ബൗൺസറിൽ തലയ്ക്ക് പരുക്കേറ്റ് ഗ്രൗണ്ട് വിടാതെ കളി തുടർന്നതും സച്ചിന്റെ ദൃഡനിശ്ചയം കൊണ്ടുതന്നെ. പ്രത്യേകം ഒരു ബൗളറെ നോക്കി ഇതുവരെയും ബാറ്റ് ചെയ്തിട്ടില്ലെങ്കിലും ഷെയ്ൻ വോണിന് വേണ്ടി മാത്രമാണ് ജീവിതത്തിൽ ആദ്യമായി കരുതൽ ഉണ്ടായതെന്ന് സച്ചിൻ തുറന്നുപറയുന്നു. 2003 വേൾഡ്കപ്പിൽ പുൾഷോട്ടിൽ മഗ്രാത്തിന്റെ കൈകളിലേക്ക് പന്ത് വീഴുമ്പോൾ ആ പന്ത് മഗ്രാത്ത് പിടിക്കരുതേ എന്ന് ഈശ്വരനോട് സച്ചിന്‍ പ്രാര്‍ഥിച്ചിരുന്നുവത്രേ. ഇങ്ങനെ സച്ചിനെക്കുറിച്ച് നമ്മൾ അറിയേണ്ട മനസ്സിലാക്കേണ്ട ഓർമകളുടെ ഒരുപിടി കൂമ്പാരം ഈ സിനിമയിലുണ്ട്.

സച്ചിന്റെ ജീവിതത്തിലെ ഇത്തരത്തിലുള്ള കൗതുക കഥകൾ മാത്രമല്ല, ക്രിക്കറ്റിലെഅരങ്ങേറ്റം, കരിയറിലെ ഉയര്‍ച്ച താഴ്ച്ചകള്‍, അഞ്ജലിയുമായുള്ള പ്രണയം, സച്ചിനു വേണ്ടി അഞ്ജലിയും അജിതും ചെയ്ത ത്യാഗങ്ങൾ, ക്യാപ്റ്റന്‍സി വിവാദം‍, സുഹൃത്തുക്കൾ, മക്കളായ സാറയ്ക്കും അര്‍ജുനുമൊപ്പമുള്ള നിമിഷങ്ങള്‍, മുംബൈ നഗരത്തോട് സച്ചിനുള്ള ആത്മബന്ധം, അച്ഛന്റെ മരണം, ക്രിക്കറ്റിനെ പിടിച്ചുലച്ച ഒത്തുകളി വിവാദം, ഗ്രെഗ് ചാപ്പലെന്ന പരിശീലകന്റെ പരാജയം, 2011ലെ ലോകകപ്പ് വിജയം, ഒരു ക്രിക്കറ്റ് താരം രാജ്യത്തിനു നൽകുന്ന സംഭാവന എന്താണ്, വിരമിക്കല്‍, അങ്ങനെ സച്ചിന്റെ ജീവിതത്തിലെ എല്ലാ നിമിഷങ്ങളിലൂടെയും ചിത്രം കടന്നുപോകുന്നു.

സച്ചിന്റെയും അഞ്ജലിയുടെയും വിവാഹവിഡിയോ കാസറ്റു പോലെ ഇക്കാലമത്രയും കേട്ട സച്ചിൻ കഥകൾക്കു പുറത്തുനിന്ന പല കാര്യങ്ങളും സിനിമയില്‍ വെളിപ്പെടുത്തപ്പെടുന്നു. അതിലൊന്നാണ് ഇന്ത്യന്‍ ടീമിന്റെ നമുക്ക് അപരിചിതമായ ഡ്രസ്സിങ് റൂം ചരിതങ്ങൾ. ശ്രീലങ്കയുമായുള്ള ലോകകപ്പ് പരാജയത്തിന് ശേഷം സച്ചിന്‍ ഏഴു ദിസമാണ് വീടു വിട്ടു പുറത്തിറങ്ങാതെ റൂമിനുള്ളില്‍ കഴിഞ്ഞത്. 2011 വേള്‍ഡ്കപ്പ് ഫൈനലിൽ ഔട്ടായി പുറത്തുവരുമ്പോൾ ഡ്രെസിങ് റൂമില്‍ പോയി ഒറ്റയ്ക്കിരിക്കുകയായിരുന്നു. അന്ന് സേവാഗ് ആണ് സച്ചിന് ‍കൂട്ടായി പുറത്തുനിന്നതെന്ന് സിനിമയിൽ കാണിക്കുന്നു.

സിനിമയിലുള്ള അവിസ്മരണീയമായ ഓരോ രംഗങ്ങളിലുമുള്ള എ.ആർ.റഹ്മാന്റെ പശ്ചാത്തല സംഗീതം ഏവര്‍ക്കും പ്രിയപ്പെട്ടതാകും. സച്ചിൻ ആരാധകർക്കും ആരാധകർ അല്ലാത്തവർക്കുമെല്ലാം പ്രിയപ്പെട്ടതാകുന്ന സംഗീതം. ഇന്റർനെറ്റിലായാലും പുസ്തക കടകളിലായാലും ഏറ്റവുമധികം തിരയപ്പെടുന്ന കാര്യമാണ് സച്ചിന്റെ ആത്മകഥ. പ്രശസ്തിയ്ക്കും പ്രതിഭയ്ക്കും അപ്പുറം ഒരു വലിയ ജനതയുടെ വികാരമായി മാറിയയാളിന്റെ ജീവിതം സിനിമയാക്കുമ്പോൾ നേരിടേണ്ട വെല്ലുവിളി ചെറുതലല്ലോ. സച്ചിൻ ക്രിക്കറ്റ് കളിക്കുമ്പോൾ അണിഞ്ഞിരുന്ന പത്താം നമ്പർ ജഴ്സി ദൈവത്തിന്റെ ഉടുപ്പെന്നാണ് ജനങ്ങൾ വിശേഷിപ്പിച്ചത്. ആ ജനതയ്ക്കു മുൻപിൽ സച്ചിൻ എന്ന മകനെ സഹോദരനെ ഭർത്താവിനെ അച്ഛനെയൊക്കെ ഒട്ടുമേ കലർപ്പില്ലാതെ അവതരിപ്പിക്കുകയാണ് ബ്രിട്ടീഷ് സംവിധായകന്‍ ജെയിംസ് എര്‍സ്‌കിന്‍.

ഒരു സിനിമയുടെ മൂഡ് ഇതിനുണ്ടോ എന്നു ചോദിച്ചാൽ സംശയമാണ്. പക്ഷേ ഡോക്യുമെന്ററി കണ്ടിറങ്ങുമ്പോൾ നിങ്ങളുടെ മനസിൽ ഒരു പ്രത്യേക അനുഭൂതിയായിരിക്കും. പ്രത്യേകിച്ച് നിങ്ങളൊരു സച്ചിൻ ആരാധകനാണെങ്കിൽ. റാവൽപിണ്ടി എക്സ്പ്രസ് ഷോയബ് അക്തറിന്റെ പന്തിനെ അടിച്ചു പറത്തി ഗാലറിയിലിട്ട് സച്ചിൻ മറ്റൊരു ക്ലാസിക് ക്രിക്കറ്റ് നിമിഷം തീർത്തത് കണ്‍മുന്‍പിൽ കണ്ടതു പോലെ തോന്നും. പാൻസിങ് തോമർ, ഭാഗ് മിൽഖാ ഭാഗ്, മേരി കോം, എം.എസ്.ധോണി ദി അൺടോൾഡ് സ്റ്റോറി എന്നിവയെല്ലാം എന്റർടെയ്ൻമെന്റ് ചേരുവകൾ ചേർത്തൊരുക്കിയ ജീവചരിത്ര സിനിമകൾക്കുമൊക്കെ മേലെയാണ് ഈ ഡോക്യുഫിക്ഷൻ എന്നു പറയേണ്ടി വരുന്നതും അതുകൊണ്ടാണ്. സച്ചിന്റെ വേഷം സിനിമയിൽ അവതരിപ്പിക്കാൻ അദ്ദേഹത്തേക്കാൾ മികച്ചൊരാളെ കണ്ടെത്താൻ സാധിക്കാത്തതുകൊണ്ടാണ് എർസ്കിന് ഇതൊരു ഡോക്യുമെന്ററിയാക്കി മാറ്റേണ്ടി വന്നതും.

ഇന്ത്യയെ കുറിച്ച് ഏറ്റവും നന്നായി എഴുതിയിട്ടുള്ളവർ വിദേശീയരായ എഴുത്തുകാരാണെന്ന് പറഞ്ഞു കേട്ടിട്ടില്ലേ. ഇനിയൊന്നു കൂടി പറയാം ഇന്ത്യ ലോകത്തിനു സമ്മാനിച്ച ഇതിഹാസങ്ങളിലൊന്നിനെ കുറിച്ചും ഏറ്റവും നന്നായി വെള്ളിത്തിരയിൽ അവതരിപ്പിച്ചതും ഒരു വിദേശിയാണെന്ന്. സച്ചിൻ വിരമിക്കൽ ദിവസത്തിൽ മൈതാനത്തു നിന്ന് വായിച്ചൊരു കുറിപ്പുണ്ട്. ആ കുറിപ്പ് ഹൃദയത്തിൽ തൊട്ടെങ്കിൽ ഈ ചിത്രവും നമുക്കുള്ളിൽ നാം തീർത്ത അഭ്രപാളികളിലെന്നുമുണ്ടാകും തീർച്ച.