മിത്തുകളെ കോർത്തിണക്കി പുതുമുഖങ്ങളെ ഉൾപ്പെടുത്തി ഒരുക്കിയിരിക്കുന്ന ഒരു സൂപ്പർ നാച്വറൽ ഹൊറർ സിനിമയാണ് ‘ഇ’. രോഹൻ ബജാജിന്റെയും അമിൻ സുരാനിയുടെയും കഥയെ ആസ്പദമാക്കി രോഹൻ ബജാജും ഹരികുമാറും ചേർന്നാണ് തിരക്കഥ തയാറാക്കിയിരിക്കുന്നത്. കുക്കു സുരേന്ദ്രന്റെ സംവിധാന സംരംഭങ്ങളിലെ ഏറ്റവും മികച്ച സിനിമയെന്ന് ഈ ചിത്രത്തെ വിശേഷിപ്പിക്കാം.
സിനിമാ പ്രവർത്തകരായ ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥയിലൂടെയാണ് സിനിമ ആരംഭിക്കുന്നത്. അൽഷിമേഴ്സ് രോഗം ബാധിച്ചവരെക്കുറിച്ചുള്ള ഡോക്യുമെന്ററി എടുക്കാൻ തീരുമാനിക്കുന്ന ചെറുപ്പക്കാർ. ആ രോഗം ബാധിച്ചവരെ തേടിയുള്ള യാത്രയെത്തുന്നത് മാലിനി മേനോൻ എന്ന പഴയ ടീച്ചറിന്റെ വീട്ടിലാണ്. ഹരിപ്പാടെന്ന സ്ഥലത്തെ ഗ്രാമപ്രദേശത്താണ് ടീച്ചറിന്റെ വീട്. ഇവിടെയാണ് ചിത്രം ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്.
നീണ്ട 14 വർഷങ്ങൾക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തിയ ഗൗതമിയുടെ പ്രകടനം ഗംഭീരമെന്നു പറയാം. മറവിരോഗത്തെ തോൽപിക്കാനുള്ള ശ്രമത്തിലാണ് മാലിനി ടീച്ചർ. കൂട്ടായി, തൊഴിൽ ഉപേക്ഷിച്ച് കൂടെ നിൽക്കുന്ന മകളും. ഇവരുടെ ജീവിതത്തിലേക്കാണ് ഡോക്യുമെന്ററിയുമായി ചെറുപ്പക്കാർ എത്തുന്നത്. അടിക്കടി സ്വഭാവം മാറ്റുന്ന മാലിനി ടീച്ചറെ ഗൗതമി ഗംഭീരമാക്കി.
നാഗരുകാവും കുളവും മന്ത്രവാദവുമെല്ലാം ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ഒപ്പം, പ്രേക്ഷകരെ ഞെട്ടിക്കുന്ന ചില രംഗങ്ങളും. ദുർമന്ത്രവാദവും രോഗവും അമരത്വം നേടാനുള്ള പഴയകാല മന്ത്രവാദ പരീക്ഷണങ്ങളുമെല്ലാം സിനിമയിലെ മുഖ്യവിഷയങ്ങളാകുന്നു. കാർത്തിക് ആയി വേഷമിട്ട ആഷിഖ് അമിറും കൂട്ടുകാരും ചിത്രത്തെ കൂടുതൽ മികച്ചതാക്കി. ബാലാജി ജയരാമൻ, മീരാ നായർ പി. എസ്, നിത്യ, അഞ്ജലി നായർ, സത്യജിത്, കലേഷ് എന്നിവർ മികച്ച അഭിനയം കാഴ്ചവെച്ചു.
ചിത്രത്തെ ഹൊറർ മൂഡിലെത്തിക്കാൻ രാഹുൽ രാജിന്റെ സംഗീതം വഹിച്ച പങ്ക് പറയാതിരിക്കാൻ കഴിയില്ല. നാഗപ്പാട്ടിന്റെ താളവും ഭയപ്പെടുത്തുന്ന പശ്ചാത്തല സംഗീതവും പിടിച്ചിരുത്തുന്നവയാണ്. രാഹുൽ രാജിന്റെ സംഗീത സംവിധാനത്തിലെ പാട്ടുകളും ഗംഭീരം.
ഒരാള്‍, റേസ്, വീരാളിപ്പട്ട് എന്നീ ചിത്രങ്ങൾക്കു ശേഷം കുക്കു സംവിധാനം ചെയ്യുന്ന ചിത്മാണിത്. മനോജ് പിള്ളയാണ് ഛായാഗ്രഹണം. യോദ്ധ, ഗാന്ധര്‍വ്വം, നിര്‍ണയം എന്നീ സിനിമകളിലൂടെ പ്രേക്ഷകർക്കു പ്രിയങ്കരനായ സംഗീത് ശിവന്‍ വീണ്ടും മലയാളത്തില്‍ നിർമാതാവായി എത്തുന്ന ചിത്രം കൂടിയാണ് ഇ. എ.സ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ സംഗീത് ശിവനും അമിൻ സുറാണിയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഹൊറർ രംഗങ്ങളുടെ മേന്മയും മേയ്ക്കിങ്ങിലെ മികവും ‘ഇ’യെ വ്യത്യസ്തമാക്കുന്നുണ്ട്.