മലയാളികളെ ഒരുപാട് ചിരിപ്പിച്ച് ജനപ്രിയ നായകനെന്ന വിളിപ്പേരു സ്വന്തമാക്കിയ ദിലീപിന്റെ രാമലീല ആദ്യാവസാനം ആകാംക്ഷ നിറഞ്ഞു നിൽക്കുന്ന ത്രില്ലർ സിനിമയാണ്. റൺവേ, ലയൺ തുടങ്ങിയ വിരലിലെണ്ണാവുന്ന സിനിമകളിലൂടെ ഹാസ്യം മാത്രമല്ല തനിക്ക് വഴങ്ങുകയെന്ന് തെളിയിച്ച ദിലീപിന്റെ വ്യത്യസ്തത നിറഞ്ഞ കഥാപാത്രമാണ് രാമലീലയിലെ രാമനുണ്ണി.
കമ്യൂണിസ്റ്റ് പാർട്ടിയുടെ യുവ എംഎൽഎ ആയ രാമനുണ്ണി ഒരു പ്രത്യേക സാഹചര്യത്തിൽ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെടുന്നു. തുടർന്ന് അയാൾ എതിർചേരിയിലുള്ള പാർട്ടിയിൽ അംഗത്വമെടുത്ത് ആ പാർട്ടിയുടെ സ്ഥാനാർഥിയായി ഉപതിരഞ്ഞെടുപ്പിനെ നേരിടുന്നു. എന്നാൽ അയാളെ കാത്തിരുന്നത് ഒന്നല്ല ഒരുപാട് വെല്ലുവിളികളായിരുന്നു. ഇതിനെയൊക്കെ നേരിടുന്ന രാമനുണ്ണിയുടെ കഥയാണ് രാമലീല.
Ramaleela Official teaser | Dileep | Arun Gopy | Mulakuppadam Films
രണ്ടരമണിക്കൂറിനു മുകളിലാണ് ചിത്രത്തിന്റെ ദൈർഘ്യം. ആക്ഷനും പാട്ടുമൊക്കെ താരതമ്യേന കുറവാണെങ്കിലും ഒരിക്കൽ പോലും ചിത്രം പ്രേക്ഷകനെ ബോറടിപ്പിക്കുന്നില്ല. അത്യന്തം ഗൗരവതരമാണ് ചിത്രത്തിന്റെ ആദ്യ പകുതി. കഥാപാത്രത്തിന് കൂടുതൽ ബിൽഡ് അപ്പ് കൊടുക്കാതെ നേരിട്ട് അവതരിപ്പിച്ചിരിക്കുന്നു. പ്രേക്ഷകർ ഒരിക്കലും പ്രതീക്ഷിക്കാത്ത ട്വിസ്റ്റുകൾ ആദ്യ പകുതിയിൽ തന്നെയുണ്ട്. എല്ലാം വിശ്വസനീയമായി തന്നെ സിനിമയിൽ കാണിച്ചിരിക്കുന്നു.
രണ്ടാം പകുതിയിലേക്കെത്തുമ്പോൾ ചിത്രത്തിന്റെ ഗൗരവസ്വഭാവത്തിനു മാറ്റം വരുന്നില്ലെങ്കിലും ഹാസ്യത്തിന്റെ മേമ്പൊടി ആവശ്യത്തിന് ചേർത്തിട്ടുണ്ട്. എന്നാൽ അതൊന്നും കുത്തിനിറച്ചതാണെന്ന തോന്നൽ ഒരിക്കലും ഉണ്ടാവുന്നുമില്ല. ആക്‌ഷനില്ലെങ്കിലും ത്രില്ലടിപ്പിക്കുന്ന രംഗങ്ങൾക്ക് ഒട്ടും പഞ്ഞമില്ല. കാഴ്ചക്കാരനെ ഒരു രംഗത്തിൽ നിന്നും മറ്റൊന്നിലേക്ക് ബോറടിപ്പിക്കാതെ കൈപിടിച്ചു കൊണ്ടു പോകുന്നു സിനിമ.
ദിലീപിന്റെ വ്യക്തി ജീവിതത്തിൽ ഇപ്പോൾ നടക്കുന്ന സംഭവങ്ങൾക്കും രാമലീല എന്ന സിനിമയ്ക്കും തമ്മിൽ എന്താണ് ബന്ധം എന്ന് പ്രേക്ഷകസമൂഹം ഉറ്റുനോക്കിയിരുന്നു. സിനിമയിലെ പല രംഗങ്ങളിലും പല ഡയലോഗുകളിലും അനിതരസാധാരണമായ ഇൗ സാമ്യം നമുക്ക് കാണാനുമാവും. എല്ലാം മുൻകൂട്ടി കണ്ടതു പോലെ പ്രവചനസ്വഭാവമുള്ള സിനിമ. ഡയലോഗുകളിൽ പലതും നേരത്തെ എഴുതിയതാണെന്ന് പറഞ്ഞാൽ ഒരുപക്ഷേ ആരും വിശ്വസിക്കില്ല. അത്തരം ഡയലോഗുകൾ കയ്യടികളോടെയാണ് സ്വീകരിക്കപ്പെട്ടതും.
രാമനുണ്ണിയായെത്തിയ ദിലീപ് തന്റെ സ്ഥിരം കഥാപാത്രങ്ങളിൽ നിന്നു തീർത്തും വ്യത്യസ്തനായി. കൗശലവും ഗൗരവവും നിറഞ്ഞ കഥാപാത്രം അദ്ദേഹത്തിന്റെ കൈകളിൽ ഭദ്രം. വിജയരാഘവൻ, സിദ്ദിഖ്, മുകേഷ്. ഇവർ മൂന്നു പേരും ഞെട്ടിക്കുന്ന പ്രകടനം കാഴ്ച വച്ചു. കലാഭവൻ ഷാജോൺ നിലവാരമുള്ള കോമഡികളുമായി കളം നിറഞ്ഞു. രാമനുണ്ണിയുടെ അമ്മ വേഷം രാധികാ ശരത്കുമാറും മികച്ചതാക്കി. നായികയായ പ്രയാഗ മാർട്ടിൽ സാധാരണ ഇത്തരം സിനിമകളിൽ കാണുന്നതു പോലെ കേവലം വന്നു പോകുന്ന കഥാപാത്രമായി ഒതുങ്ങിയില്ലെന്നതും ശ്രദ്ധേയം. മേനക സുരേഷ്കുമാർ, സായ്കുമാർ, സലിംകുമാർ, തുടങ്ങി ചെറുതും വലുതുമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചവരും മോശമാക്കിയില്ല.
അരുൺ ഗോപി എന്ന പുതുമുഖ സംവിധായകൻ തന്റെ ആദ്യ ചിത്രം ഗംഭീരമായി തന്നെ ചെയ്തു എന്നു പറയാതെ വയ്യ. പാളിപ്പോയേക്കാവുന്ന അനവധി സന്ദർഭങ്ങൾ ഉണ്ടായിരുന്നിട്ടും അവിടെയൊക്കെ തഴക്കം ചെന്ന സംവിധായകനെ പോലെ അദ്ദേഹം പെരുമാറി. മലയാളത്തിന്റെ ഹിറ്റ് സംവിധായകനായ ജോഷിയുടെ സംവിധാന ശൈലി അനുസ്മരിപ്പിച്ചു പല രംഗങ്ങളിലും അരുൺ. തന്റെ ഏറ്റവും മികച്ച തിരക്കഥകളിലൊന്ന് ഒരു പുതുമുഖ സംവിധായകനെ ഏൽപ്പിക്കാൻ സച്ചി കാണിച്ച ധൈര്യവും അംഗീകരിക്കേണ്ടതാണ്.
ഷാജി കുമാറിന്റെ ഛായാഗ്രഹണം സിനിമയെ കൂടുതൽ മനോഹരമാക്കി. സംഗീതവും പശ്ചാത്തലസംഗീതവുമൊരുക്കിയ ഗോപി സുന്ദർ സിനിമയോട് നീതി പുലർത്തി.
ഒരു മിനിറ്റ് പോലും ബോറടിപ്പിക്കാത്ത ഒരു മികച്ച സസ്പെൻസ് ത്രില്ലറാണ് രാമലീലയെന്നു പറയാം. അമ്മയുടെയും മകന്റെയും കഥയാണെന്നതു കൊണ്ട് ഒരു കുടുംബസിനിമയെന്ന് രാമലീലയെ വിശേഷിപ്പിച്ചാലും തെറ്റില്ല. പക്ഷേ ഗണമേതും അയിക്കൊള്ളട്ടെ. അവളൊടൊപ്പമെന്നും അവനോടൊപ്പമെന്നും വാദിച്ച് ചേരി തിരിഞ്ഞവർക്കിടയിൽ നിന്ന് സിനിമയോടൊപ്പമെന്ന് സംശയത്തിനിടയില്ലാതെ പ്രഖ്യാപിച്ച മലയാളി പ്രേക്ഷക സമൂഹത്തിനുള്ള സമ്മാനമാണ് രാമലീല. മുടക്കിയ പണം മുതലാക്കാവുന്ന ഒരു ക്ലീൻ എന്റർടെയ്നർ.