It is a tale Told by an idiot, full of sound and fury, Signifying nothing Macbeth ഒരു ഷേക്സീപിരിയൻ നാടകാന്ത്യത്തിൽ കാഴ്ചക്കാരൻ അനുഭവിക്കുന്ന കഥാർസിസ് ഇഫക്ടുണ്ട്... ശൂന്യതയെന്നോ, എല്ലാം കഴുകികളഞ്ഞു ശുദ്ധി വരുത്തിയ അവസ്ഥയെന്നോ മൊഴിമാറ്റം നടത്താവുന്ന അനുഭവം. അത്തരമൊരു ക്ലാസിക് അനുഭവമാണ് സംവിധായകൻ

It is a tale Told by an idiot, full of sound and fury, Signifying nothing Macbeth ഒരു ഷേക്സീപിരിയൻ നാടകാന്ത്യത്തിൽ കാഴ്ചക്കാരൻ അനുഭവിക്കുന്ന കഥാർസിസ് ഇഫക്ടുണ്ട്... ശൂന്യതയെന്നോ, എല്ലാം കഴുകികളഞ്ഞു ശുദ്ധി വരുത്തിയ അവസ്ഥയെന്നോ മൊഴിമാറ്റം നടത്താവുന്ന അനുഭവം. അത്തരമൊരു ക്ലാസിക് അനുഭവമാണ് സംവിധായകൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

It is a tale Told by an idiot, full of sound and fury, Signifying nothing Macbeth ഒരു ഷേക്സീപിരിയൻ നാടകാന്ത്യത്തിൽ കാഴ്ചക്കാരൻ അനുഭവിക്കുന്ന കഥാർസിസ് ഇഫക്ടുണ്ട്... ശൂന്യതയെന്നോ, എല്ലാം കഴുകികളഞ്ഞു ശുദ്ധി വരുത്തിയ അവസ്ഥയെന്നോ മൊഴിമാറ്റം നടത്താവുന്ന അനുഭവം. അത്തരമൊരു ക്ലാസിക് അനുഭവമാണ് സംവിധായകൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

It is a tale 

Told by an idiot, full of sound and fury,

ADVERTISEMENT

Signifying nothing-

Macbeth

 

ഒരു ഷേക്സീപിരിയൻ നാടകാന്ത്യത്തിൽ കാഴ്ചക്കാരൻ അനുഭവിക്കുന്ന കഥാർസിസ് ഇഫക്ടുണ്ട്... ശൂന്യതയെന്നോ, എല്ലാം കഴുകികളഞ്ഞു ശുദ്ധി വരുത്തിയ അവസ്ഥയെന്നോ മൊഴിമാറ്റം നടത്താവുന്ന അനുഭവം. അത്തരമൊരു ക്ലാസിക് അനുഭവമാണ് സംവിധായകൻ ദിലീഷ് പോത്തനും തിരക്കഥാകൃത്ത് ശ്യാം പുഷ്കരനും വീണ്ടും ഒന്നിച്ച 'ജോജി' എന്ന സിനിമ. മലയാളത്തിൽ ഇറങ്ങിയ ലോകോത്തര ക്ലാസിക് സിനിമയെന്ന് ഉറപ്പായും വിളിക്കാവുന്ന ബ്രില്ല്യൻസുണ്ട് ജോജിയുടെ എല്ലാ തലത്തിലും! ടൈറ്റിൽ കാർഡിലെ അക്ഷരങ്ങൾക്കിടയിൽ കൊളുത്തിയിരിക്കുന്ന ചൂണ്ടക്കൊളുത്ത് സത്യത്തിൽ ദിലീഷ് പോത്തൻ കുരുക്കിയത് കാഴ്ചക്കാരന്റെ മനസിലാണ്. പ്രത്യക്ഷത്തിൽ കാണാൻ സാധിക്കാത്ത ആ കൊളുത്തിലെ ഇരയിൽ കൊത്തിയാണ് പ്രേക്ഷകരും ഈ സിനിമയക്കൊപ്പം സഞ്ചരിക്കുന്നത്. 

ADVERTISEMENT

 

കഥാപരിസരം

 

പനച്ചേൽ കുട്ടപ്പൻ എന്ന പി.കെ കുട്ടപ്പന്റെ സാമ്രാജ്യമാണ് ബംഗ്ലാവ് പോലുള്ള പനച്ചേൽ വീടും ചുറ്റുമുള്ള റബർ എസ്റ്റേറ്റും. അക്ഷരാർത്ഥത്തിൽ ഏകാധിപതിയാണ് പനച്ചേൽ കുട്ടപ്പൻ. അപ്പനോടു നേരെ നിന്നു രണ്ടു വാക്കു പറയാനുള്ള ധൈര്യം മൂന്നു ആൺമക്കൾക്കുമില്ല. കാഴ്ചയിലും കായികബലത്തിലും അപ്പനോടു മുട്ടിനിൽക്കാൻ കെൽപുണ്ടെന്നു തോന്നിപ്പിക്കുന്ന മൂത്തമകൻ ജോമോൻ പോലും അപ്പനെന്ന അധികാരപർവത്തിനു മുന്നിൽ നിരായുധനാണ്. അതിനേക്കാൾ ദുർബലരാണ് ജെയ്സണും ജോജിയും. വീട്ടിലെ കാര്യങ്ങൾ ഒരു കാര്യസ്ഥനെപ്പോലെ നോക്കിനടത്തുന്നതിലെങ്കിലും ജെയ്സൺ മിടുക്കു കാട്ടുമ്പോൾ ജോജി എല്ലാ തലത്തിലും ലോകതോൽവിയാണ്. 'ഒട്ടുപാലിനു ഉണ്ടായവൻ' എന്ന പരിഹാസം അയാൾ ഉടനീളം നേരിടേണ്ടി വരുന്നുണ്ട്. 

ADVERTISEMENT

 

അപ്പൻ ഒന്നു വീണു കിട്ടാൻ മനസാലെ ആഗ്രഹിക്കുന്ന മക്കളുടെ മുൻപിലേക്കാണ് പക്ഷാഘാതത്തിന്റെ രൂപത്തിൽ പ്രതീക്ഷിക്കാത്ത നേരത്ത് പനച്ചേൽ കുട്ടപ്പന് ഒരു പണി കിട്ടുന്നത്. അപ്പൻ എന്ന അധികാരകേന്ദ്രത്തെ തകർക്കാനുള്ള ജോജിയുടെ ആഗ്രഹത്തിന് അതോടെ കളമൊരുങ്ങുന്നു. പ്രതീക്ഷിക്കാവുന്ന കഥാസന്ദർഭങ്ങളിലേക്കു തന്നെയാണ് സിനിമ പിന്നീട് പുരോഗമിക്കുന്നതും. അടുത്ത നിമിഷം സംഭവിക്കാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് പ്രേക്ഷകന് ഒരു ഏകദേശ സൂചന ലഭിക്കുമ്പോഴും മാനസികമായി അനുഭവിക്കുന്ന പിരിമുറുക്കത്തിന് ഒട്ടും കുറവു സംഭവിക്കുന്നില്ല. അവിടെയാണ് ജോജി എന്ന സിനിമ ഒരു ക്ലാസിക് സിനിമാനുഭവത്തിലേക്ക് ചുവടു മാറുന്നത്. ഒരു ചെയിൻ റിയാക്ഷൻ പോലെ സംഭവിക്കുന്ന ദുരന്തങ്ങളുടെ തുടർച്ചയിൽ പ്രേക്ഷകർ അനുഭവിക്കുന്നത് വേദനയോ ദുഃഖമോ നിരാശയോ അല്ല... മറിച്ച് നിർവികാരത മാത്രം! 

 

കയ്യടിക്കേണ്ട മികവ്

 

മാക്ബത്ത് എന്ന ഷേക്സ്പിയർ നാടകത്തിൽ നിന്നു പ്രചോദനമുൾക്കൊണ്ട് ശ്യാം പുഷ്കരൻ ഒരുക്കിയിരിക്കുന്ന തിരക്കഥ ആ നാടകത്തിന്റെ ആത്മാവിനെയാണ് ജോജിയിലൂടെ പുനരാവിഷ്കരിച്ചിരിക്കുന്നത്. മാക്ബത്തിനെ അവലംബിച്ച് ഇതിനു മുൻപും മലയാളത്തിൽ സിനിമകളുണ്ടായിട്ടുണ്ടെങ്കിലും ജോജി അവയിൽ നിന്നു വ്യത്യസ്തമാകുന്നത് തിരഞ്ഞെടുത്ത കഥാപരിസരങ്ങളും കാലികമായ കഥാപാത്രങ്ങളുടെ സാന്നിധ്യവുമാണ്. ശ്യാം പുഷ്കരന്റെ തിരക്കഥയ്ക്ക് അതിഗംഭീരമായ ദൃശ്യാവിഷ്കാരമാണ് ദിലീഷ് പോത്തൻ എന്ന സംവിധായകൻ ഒരുക്കിയിരിക്കുന്നത്.

 

അധികം സംഭാഷണങ്ങളില്ലാത്ത ഒരു സിനിമയെ അതിന്റെ പിരിമുറുക്കങ്ങളോടെ മുന്നോട്ടു കൊണ്ടുപോകാൻ ദിലീഷ് പോത്തൻ കാണിച്ച മിടുക്ക് അദ്ദേഹത്തിന്റെ പ്രതിഭയെ ഒരിക്കൽക്കൂടി പ്രേക്ഷകർക്കു മുൻപിൽ അനാവൃതമാക്കുന്നു. ആരാധകർ ആഘോഷിക്കുന്ന 'പോത്തേട്ടൻ ബ്രില്ല്യൻസ്' ഒട്ടും ചോരാതെ തന്നെ ജോജി അനുഭവിപ്പിക്കുന്നുണ്ട്. അക്കാര്യത്തിൽ സംവിധായകനൊപ്പം കട്ടയ്ക്ക് നിൽക്കുന്നുണ്ട് ഷൈജു ഖാലിദിന്റെ ക്യാമറയും കിരൺ ദാസിന്റെ എഡിറ്റിങ്ങും ജസ്റ്റിൻ വർഗീസിന്റെ പശ്ചാത്തലസംഗീതവും. ലോകോത്തര സിനിമകളിൽ മാത്രം കേട്ടു പരിചയിച്ച ശബ്ദാനുഭവം ജോജി പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നു. ചില സന്ദർഭങ്ങളിൽ ഹൃദയമിടിപ്പു പോലും നിലച്ചു പോകുന്ന തരത്തിൽ പ്രേക്ഷകരെ പിടിച്ചിരുത്തുന്നത് ജസ്റ്റിന്റെ പശ്ചാത്തല സംഗീതമാണ്. ജസ്റ്റിനും സൗണ്ട് ഡിസൈൻ ചെയ്ത ഗണേഷ് മാരാറും ഇക്കാര്യത്തിൽ കയ്യടി അർഹിക്കുന്നുണ്ട്. 

 

ഫഹദിന്റെ കണ്ണുകളും ബാബുരാജിന്റെ ജോമോനും

 

മികച്ച അഭിനേതാക്കളുടെ അതിഗംഭീര പ്രകടനം കൂടിയാണ് ജോജി എന്ന സിനിമയെ അതിമനോഹരമായ കാഴ്ചാനുഭവമാക്കുന്നത്. ജോജിയായി ഫഹദ് നടത്തുന്ന പകർന്നാട്ടം കുറിക്കാൻ 'ബ്രില്ല്യന്റ്' എന്ന വാക്കു തികയാതെ വരും. കണ്ണുകൾ കൊണ്ട് ഫഹദ് നടത്തുന്ന ഒരു കൺകെട്ടു വിദ്യയുണ്ട് ജോജിയിൽ. ഒരു മികച്ച നടന് ഒരു കഥാസന്ദർഭത്തെ അവിസ്മരണീയമാക്കാൻ പുരികക്കൊടിയുടെ നേർത്ത ചലനമോ കൃഷ്ണമണിയുടെ ചെറിയൊരു വികാസമോ മതിയാകുമെന്ന് ഫഹദ് ഈ ചിത്രത്തിലൂടെ തെളിയിക്കുന്നു. ഈ ചിത്രം കണ്ടുകഴിയുമ്പോൾ പ്രേക്ഷകർ തീർച്ചയായും പറയും, ഫഹദിന്റെ കണ്ണുകൾക്കു കൊടുക്കണം ഓസ്കർ എന്ന്! നന്മയുടെ ഒരു തരിമ്പു പോലും ഇല്ലാതിരുന്നിട്ടും, അവഹേളിതനാകുന്ന അതിദുർബലനായ ജോജിയെ പ്രേക്ഷകർക്ക് ഇഷ്ടമാകുന്നുണ്ട്. ആ മാജിക്കിനു കാരണം ഫഹദ് എന്ന നടന്റെ പ്രതിഭയാണെന്നതിൽ തർക്കമില്ല. 

 

തൊരപ്പൻ ബാസ്റ്റിൻ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകർക്കു പരിചിതനായ പി.എൻ സണ്ണിയുടെ വേറിട്ട മുഖമാണ് ജോജി കാഴ്ച വയ്ക്കുന്നത്. പനച്ചേൽ കുട്ടപ്പൻ എന്ന അതികായന്റെ അപ്രമാദിത്വത്തെ ശക്തമായി സണ്ണി അവതരിപ്പിക്കുന്നു. ഇത്രയും റേഞ്ചുള്ള ഒരു നടനായിരുന്നോ സണ്ണി എന്ന് പ്രേക്ഷകരെ അദ്ഭുതപ്പെടുത്തും വിധത്തിലുള്ള പ്രകടനമാണ് സണ്ണി കാഴ്ച വയ്ക്കുന്നത്. അതുപോലെ എടുത്തു പറയേണ്ട പ്രകടനമാണ് ചിത്രത്തിൽ ബാബുരാജിന്റേത്. കരുത്തും തന്റേടവും സൗമനസ്യവും കരുതലും ഒരുപോലെ സന്നിവേശിപ്പിക്കുന്നുണ്ട് ബാബുരാജിന്റെ ജോമോൻ. ഒരേ സമയം ലൗഡ് ആകുമ്പോഴും ആഴത്തിൽ തൊടുന്നുണ്ട് ജോമോന്റെ സംഭാഷണങ്ങളും അയാളുടെ ശരീരഭാഷയും. ബാബുരാജ് ഇതുവരെ അവതരിപ്പിച്ച കഥാപാത്രങ്ങളെക്കാൾ ഏറ്റവും മികച്ചതാണ് പനച്ചേൽ കുട്ടപ്പൻ മകൻ ജോമോന്റേത്. 

 

സിനിമയിൽ ഉടനീളം പ്രത്യക്ഷപ്പെടുന്ന ഏക സ്ത്രീ കഥാപാത്രമായ ബിൻസിയെ അവതരിപ്പിച്ച ഉണ്ണിമായയും ആ വേഷം മികച്ചതാക്കി. സിനിമയിൽ നിർണായകമായ പല ഡയലോഗുകളും ബിൻസിയാണ് തൊടുത്തുവിടുന്നത്. സ്വാഭാവികമായ ആ പറച്ചിലുകളിലൂടെ ലേഡി മാക്ബത്തിനെ ഓർമ്മപ്പെടുത്തുന്നുണ്ട് ഉണ്ണിമായയുടെ ബിൻസി. സൂക്ഷ്മവും കയ്യൊതുക്കവുമുള്ള പ്രകടനമാണ് ബിൻസിയെ ശ്രദ്ധേയമാക്കുന്നത്. ബിൻസിയുടെ ഭർത്താവായി എത്തുന്ന ജോജി മുണ്ടക്കയവും പോപ്പിയെ അവതരിപ്പിച്ച അലക്സും അവിസ്മരണീയമായ അഭിനയമുഹൂർത്തങ്ങൾ സമ്മാനിക്കുന്നുണ്ട്. ഷമ്മി തിലകനും ഫാ. കെൽവിനായി എത്തുന്ന ബേസിൽ ജോസഫും സിനിമയുടെ താളത്തിനൊപ്പം അവരവരുടേതായ ഇടങ്ങൾ കണ്ടെത്തുന്നുണ്ട്. സിനിമയിൽ 'മുഖം' കാണിക്കുന്നില്ലെങ്കിലും സംവിധായകൻ ദിലീഷ് പോത്തനേയും ഒരു ചിരിയോടെ പ്രേക്ഷകർക്കു ജോജിയിൽ കണ്ടെത്താം. 

 

ഭാഷയ്ക്കപ്പുറമുള്ള മെയ്ക്കിങ്

 

കേരളത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഒരു ലോകസിനിമയാണ് ജോജി എന്നു നിസംശയം പറയാം. ആമസോൺ പ്രൈമിൽ റിലീസ് ചെയ്തിരിക്കുന്ന ജോജി തീർച്ചയായും സംവദിക്കുന്നത് മലയാളികൾക്കപ്പുറത്തുള്ള ഒരു വലിയ പ്രേക്ഷകലോകത്തെ കൂടിയാണ്. അവിടെ പനച്ചേൽ കുട്ടപ്പനും അയാളുടെ ദുരാഗ്രഹികളായ മക്കളും അയാളുടെ സാമ്രാജ്യവുമെല്ലാം ഭാഷയ്ക്കപ്പുറമുള്ള ബിംബങ്ങളാണ്. അത്തരമൊരു കഥ പറച്ചിലിലേക്ക് മലയാള സിനിമയെ വളർത്തുകയാണ് ദിലീഷ് പോത്തൻ–ശ്യാം പുഷ്കരൻ കൂട്ടുകെട്ട്. ഈ സിനിമ കാണാതെയിരിക്കുന്നത് മലയാളത്തിലെ ഏറ്റവും മികച്ച ക്ലാസിക് സിനിമകളൊന്നു നഷ്ടപ്പെടുത്തുന്നതിന് തുല്യമായിരിക്കും. 

 

ജോജിയുടെ ട്രെയിലർ ഇറങ്ങിയപ്പോൾ പ്രേക്ഷകർ ഏറ്റവും കൂടുതൽ ചർച്ച ചെയ്തത് ഇരയൊന്നും കൊരുക്കാതെ കഥാനായകൻ കുളത്തിലേക്ക് എറിയുന്ന ചൂണ്ടക്കൊളുത്തിനെക്കുറിച്ചായിരുന്നു. എന്നാൽ ഒരു ഇരയെ കൊളുത്തിയിട്ടിട്ടു തന്നെയാണ് ദിലീഷ് പോത്തൻ എന്ന സംവിധായകൻ ജോജിയെന്ന ചൂണ്ടക്കൊളുത്ത് പ്രേക്ഷകരുടെ ഇടയിലേക്ക് എറിഞ്ഞിരിക്കുന്നത്. അദൃശ്യമായ ആ ഇരയാണ് ജോജിയുടെ ബ്രില്ല്യൻസ്.