ക്ലാസും ക്രാഫ്റ്റും ഒരുമിക്കുന്ന മാസ് സിനിമ; ആന്റണി റിവ്യു
Antony Movie Review
മാസ്റ്റർ ക്രാഫ്റ്റ്സ്മാൻ ജോഷി സംവിധാനം ചെയ്ത ആന്റണി എന്ന സിനിമയിൽ ചെമ്പൻ വിനോദിന്റെ ഫാ. പോൾ കട്ടക്കയം പറയുന്നൊരു ഡയലോഗുണ്ട്. "ഒരു ബന്ധവും ഇല്ലാത്ത രണ്ടു പേരുടെ ബന്ധം. അതിന്റെ ബ്യൂട്ടി ഒന്നു വേറെയാ"! അങ്ങനെയൊരു 'ബ്യൂട്ടി'യുള്ള സിനിമയാണ് ജോജു ജോർജ് നായകനാകുന്ന ജോഷി ചിത്രം ആന്റണിയുടേത്.
മാസ്റ്റർ ക്രാഫ്റ്റ്സ്മാൻ ജോഷി സംവിധാനം ചെയ്ത ആന്റണി എന്ന സിനിമയിൽ ചെമ്പൻ വിനോദിന്റെ ഫാ. പോൾ കട്ടക്കയം പറയുന്നൊരു ഡയലോഗുണ്ട്. "ഒരു ബന്ധവും ഇല്ലാത്ത രണ്ടു പേരുടെ ബന്ധം. അതിന്റെ ബ്യൂട്ടി ഒന്നു വേറെയാ"! അങ്ങനെയൊരു 'ബ്യൂട്ടി'യുള്ള സിനിമയാണ് ജോജു ജോർജ് നായകനാകുന്ന ജോഷി ചിത്രം ആന്റണിയുടേത്.
മാസ്റ്റർ ക്രാഫ്റ്റ്സ്മാൻ ജോഷി സംവിധാനം ചെയ്ത ആന്റണി എന്ന സിനിമയിൽ ചെമ്പൻ വിനോദിന്റെ ഫാ. പോൾ കട്ടക്കയം പറയുന്നൊരു ഡയലോഗുണ്ട്. "ഒരു ബന്ധവും ഇല്ലാത്ത രണ്ടു പേരുടെ ബന്ധം. അതിന്റെ ബ്യൂട്ടി ഒന്നു വേറെയാ"! അങ്ങനെയൊരു 'ബ്യൂട്ടി'യുള്ള സിനിമയാണ് ജോജു ജോർജ് നായകനാകുന്ന ജോഷി ചിത്രം ആന്റണിയുടേത്.
മാസ്റ്റർ ക്രാഫ്റ്റ്സ്മാൻ ജോഷി സംവിധാനം ചെയ്ത ആന്റണി എന്ന സിനിമയിൽ ചെമ്പൻ വിനോദിന്റെ ഫാ. പോൾ കട്ടക്കയം പറയുന്നൊരു ഡയലോഗുണ്ട്. ‘‘ഒരു ബന്ധവും ഇല്ലാത്ത രണ്ടു പേരുടെ ബന്ധം. അതിന്റെ ബ്യൂട്ടി ഒന്നു വേറെയാ!’’ അങ്ങനെയൊരു 'ബ്യൂട്ടി'യുള്ള സിനിമയാണ് ജോജു ജോർജ് നായകനാകുന്ന ആന്റണിയുടേത്. ക്ലാസും ക്രാഫ്റ്റും ഒരുമിക്കുന്ന മാസ് സിനിമ. അതിൽ മാസ് ഉണ്ട്, ഇമോഷനുണ്ട്, പിന്നെ പെർഫോമൻസും!
സിനിമയുടെ പേര് എഴുതിക്കാണിച്ചതിനു ശേഷം ‘സംവിധാനം–ജോഷി’ എന്നാണ് ആദ്യം തന്നെ സ്ക്രീനിൽ തെളിയുന്നത്. ഒരു സംവിധായകന്റെ സമ്പൂർണ ആധിപത്യവും ആത്മവിശ്വാസവും വ്യക്തമാക്കുന്ന ആ എഴുത്തിലൂടെ, ഇതൊരു കംപ്ലീറ്റ് ജോഷി ചിത്രം തന്നെയെന്ന സൂചന നൽകുകയാണ് സംവിധായകൻ. അക്കാര്യം പ്രകടനങ്ങളിലൂടെ ജോജു ജോർജും ചെമ്പൻ വിനോദും കല്യാണി പ്രിയദർശനും നൈല ഉഷയും വിജയരാഘവനും അടങ്ങുന്ന വമ്പൻ താരനിര അടിവരയിടുന്നു. കുടുംബത്തിന്റെ വ്യവസ്ഥാപിത ബന്ധങ്ങൾക്കപ്പുറമുള്ള മാനുഷിക ബന്ധങ്ങളാണ് ആന്റണിയുടെ ചങ്കു നിറയെ! അതു മനോഹരമായി ജോഷി എന്ന സംവിധായകൻ പറഞ്ഞു വയ്ക്കുന്നു.
ജോജു ജോർജ് അവതരിപ്പിക്കുന്ന ആന്റണി അന്ത്രപ്പേർ നടത്തുന്ന ഒരു കൊലപാതകത്തിലൂടെയാണ് സിനിമ തുടങ്ങുന്നത്. ഒരു ദാക്ഷിണ്യവുമില്ലാത്ത ആ കൊലപാതകം നടത്തുന്ന ആന്റണിയെ പ്രേക്ഷകർ കാണുന്നത് ഇരുട്ടിലാണ്. സാത്താനെ പോലെ ഭയപ്പെടുത്തുന്ന ആന്റണിയെന്ന ആൾരൂപത്തിന്റെ യഥാർഥ രൂപമാണ് പിന്നീട് പ്രേക്ഷകർക്കു മുമ്പിൽ വെളിപ്പെടുന്നത്. അതിനൊപ്പം, അയാളുടെ മുൻ കൊലപാതകങ്ങളുടെ ചരിത്രവും അവറാൻ സിറ്റിയിലെ അയാളുടെ വളർച്ചയും പതിയെ ചുരുളഴിയും. ‘‘ആന്റണി സെന്റിയാടാ... അതല്ലേ ക്രിമിനൽ ആയേ’’ എന്ന് സിനിമയുടെ ഒരു ഭാഗത്ത് ആന്റണിയുടെ കഥാപാത്രം പറയുന്നുണ്ട്. അക്ഷരാർഥത്തിൽ അക്കാര്യം പ്രേക്ഷകരെ അനുഭവിപ്പിക്കുന്നതിൽ സംവിധായകൻ വിജയിക്കുന്നു. അങ്ങനെയൊരു വൈകാരിക അടുപ്പം പ്രേക്ഷകരുമായി സിനിമ സൃഷ്ടിക്കുന്നുണ്ട്. ബാലൻസ് ഷീറ്റ് നോക്കിയാൽ ചോരയുടെ മണം മാത്രം അവശേഷിക്കുമായിരുന്ന ആന്റണിയുടെ ജീവിതത്തിൽ സംഭവിക്കുന്ന ചില വഴിമാറ്റങ്ങളിലൂടെയാണ് സിനിമ മുന്നേറുന്നത്.
ജോജുവിന്റെ കരിയറിൽ എന്നും ഓർത്തുവയ്ക്കാവുന്ന കഥാപാത്രമാണ് ആന്റണി അന്ത്രപ്പേർ. ആരേയും കൂസാത്ത, ഒന്നിനെയും ഭയപ്പെടാത്ത ആന്റണിയെ മാത്രമല്ല സിനിമ കാണിച്ചു തരുന്നത്. ഉള്ളുലഞ്ഞു നിൽക്കുന്നതും ഉള്ളു നിറഞ്ഞു നിൽക്കുന്നതുമായ ആന്റണിയെ സിനിമയിൽ കാണാം. ശരീരഭാഷയിലും ഡയലോഗ് ഡെലിവറിയിലും ജോജു എന്ന നടൻ ആർജ്ജിച്ചെടുത്ത മിതത്വവും കയ്യടക്കവും ആന്റണി എന്ന കഥാപാത്രത്തെ അതിഗംഭീര അനുഭവമാക്കുകയാണ്. മാസ് രംഗങ്ങളിലെ സ്റ്റൈലിനൊപ്പം ഇമോഷനൽ രംഗങ്ങളിലെ വൈകാരികതയും തീവ്രമായി അദ്ദേഹം അവതരിപ്പിക്കുന്നുണ്ട്. അടുത്ത കാലത്തിറങ്ങിയ ചിത്രങ്ങളിൽ ജോജുവിന്റെ ഏറ്റവും മികച്ച അഭിനയ മുഹൂർത്തങ്ങൾ ആന്റണിയിലാണെന്ന് നിസ്സംശയം പറയാം. എന്നാൽ അതൊരു ഒറ്റയാൾ പ്രകടനമല്ലെന്നുള്ളതാണ് സിനിമയുടെ മികവ്.
സിനിമയുടെ പേരിൽ ആന്റണി എന്ന ഒറ്റയാൾ മാത്രമേ ഉള്ളൂവെങ്കിലും സിനിമയ്ക്കുള്ളിലേക്ക് ഇറങ്ങുമ്പോൾ മനസ്സിലാകും അയാൾക്കുള്ളിലെ മനുഷ്യരുടെ ജീവിതങ്ങൾ. അയാളുടെ തലയാണ് അവറാൻ സിറ്റിയെന്ന പേരിനു കാരണഭൂതനായ അവറാച്ചൻ മുതലാളി. വിജയരാഘവനാണ് അവറാച്ചൻ മുതലാളിയായി വേഷമിടുന്നത്. തന്റെ സ്വതസിദ്ധമായ ശൈലിയിൽ ആ വേഷം വിജയരാഘവൻ അവിസ്മരണീയമാക്കിയിട്ടുണ്ട്. 'ക്യൂട്ട് നായിക' എന്ന വിശേഷണത്തെ പ്രകടനത്തിലൂടെ മറി കടക്കുന്ന കല്യാണിയെയാണ് ആന്റണിയിൽ പ്രേക്ഷകർ കാണുക. ആൻ മരിയ എന്നാണ് കല്യാണി പ്രിയദർശൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ജോജുവിനൊപ്പം ആക്‌ഷൻ രംഗങ്ങളിലും ഇമോഷണൽ രംഗങ്ങളിലും ഒരുപോലെ തിളങ്ങുന്നുണ്ട് കല്യാണി പ്രിയദർശൻ. ആന്റണി ജോജുവിന്റെ മാത്രം സിനിമയല്ല, കല്യാണിയുടെ കൂടി സിനിമയാണ്.
മാസ് സിനിമകളിൽ വെറും ഇമോഷനൽ ട്രാക്കിൽ ഒതുങ്ങിപ്പോകുന്ന സ്ത്രീകഥാപാത്രങ്ങളെയാണ് പൊതുവെ പ്രേക്ഷകർക്കു കണ്ടു പരിചയം. എന്നാൽ, ആന്റണിയിൽ ആക്‌ഷനിലും ഡയലോഗ് ഡെലിവറിയിലും ഇമോഷനൽ സീക്വൻസിലും ഒരുപോലെ തിളങ്ങുന്ന സ്ത്രീകഥാപാത്രങ്ങളെ കാണാം. കല്യാണിയുടെ ആൻ മരിയയും നൈല ഉഷ അവതരിപ്പിച്ച മായ എന്ന കഥാപാത്രവുമാണ് അതിനു ചുക്കാൻ പിടിക്കുന്നത്. ചാമിങ് പെർഫോമൻസാണ് സിനിമയിൽ നൈല ഉഷയുടേത്. പൊറിഞ്ചു മറിയം ജോസിൽ കണ്ടതിനേക്കാൾ മികച്ചത്! ജോജു– ചെമ്പൻ വിനോദ്– നൈല ഉഷ എന്നിവർ ഒരുമിക്കുമ്പോൾ പ്രേക്ഷകർക്കൊരിക്കലും പൊറിഞ്ചു മറിയം ജോസ് ഫീലല്ല ലഭിക്കുന്നത്. ആന്റണിയിൽ അവർക്ക് വേറെ കെമിസ്ട്രിയാണ്; വേറെ ശരീരഭാഷയും
സിനിമയിലെ ചില കോംബോകളെക്കുറിച്ചും പറയാതിരിക്കാൻ വയ്യ. അതിൽ ഏറ്റവും മുമ്പിലുള്ളത് ജോജു ജോർജും ചെമ്പൻ വിനോദും തമ്മിലുള്ള കോംബോയാണ്. സ്ക്രീനിൽ ആന്റണിയും ഫോ.പോൾ കട്ടക്കയവുമായി അസാധ്യ പ്രകടനമാണ് ഇരുവരും കാഴ്ച വച്ചിരിക്കുന്നത്. ളോഹയിട്ട ആന്റണിയാണ് ചെമ്പൻ വിനോദിന്റെ ഫാ. പോൾ. സൗമ്യതയും ശാന്തതയും കൈവിടാതെ, കലിപ്പനാകുന്ന വികാരിയച്ചനായി ചെമ്പൻ വിനോദ് നടത്തുന്ന പരകായപ്രവേശം കണ്ടിരിക്കാൻ തന്നെ രസമാണ്. ജോജുവും ചെമ്പനും ഒന്നിക്കുന്ന രംഗങ്ങൾക്കു തന്നെ വല്ലാത്തൊരു എനർജിയുണ്ട്. അതുപോലെ മനോഹരമാണ് ജോജുവും കല്യാണിയും തമ്മിലുള്ള കോംബിനേഷൻ രംഗങ്ങൾ. പല ഇമോഷൻസിലൂടെ അതു കടന്നു പോകുമ്പോൾ, പ്രേക്ഷകരുടെ ചുണ്ടിലൊരു പുഞ്ചിരി വിരിയും. അതുപോലെ രസകരമാണ് വിജയരാഘവനും നൈല ഉഷയും തമ്മിലുള്ള കോംബിനേഷൻ. 'ലൗഡ് ആന്റ് എനർജെറ്റിക്' എന്നു വിശേഷിപ്പിക്കാവുന്ന ആ കോംബോ തന്നെയാണ് സിനിമയിൽ പ്രേക്ഷകരുടെ കണ്ണു നിറയ്ക്കുന്ന നിമിഷം സമ്മാനിക്കുന്നതും.
ടിനി ടോമിന്റെ വെടക്ക് സേവ്യർ, ആശാ ശരത്തിന്റെ ജെസ്സി, ഹരിപ്രശാന്തിന്റെ ടാർസൻ, ജിനു ജോസഫിന്റെ കളമ്പുക്കാട്ടിൽ ലോറൻസ് എന്നിങ്ങനെ പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടുന്ന നിരവധി കഥാപാത്രങ്ങളുണ്ട്. ജോജുവിന്റെ ചെറുപ്പകാലം അവതരിപ്പിച്ച നടനും പ്രത്യേക പരാമർശം അർഹിക്കുന്നു. അപ്പാനി ശരത്, ബിനു പപ്പു, ജുവൽ, പദ്മരാജ് രതീഷ്, രാജേഷ് ശർമ തുടങ്ങിയവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഈയടുത്ത് അന്തരിച്ച വിനോദ് തോമസ്, ഹംസ എന്ന കഥാപാത്രമായി ആന്റണിയിലുണ്ട്.
രാജേഷ് വർമയുടേതാണ് കഥ. മാസ് സിനിമകളിൽ ആവർത്തിക്കപ്പെടുന്ന പക, പ്രതികാരം, അതിജീവനം എന്ന ഫോർമുലയിൽ നിന്നുകൊണ്ടു തന്നെ വേറിട്ട ഇമോഷനൽ കഥ പറയാൻ കഥാകൃത്തിന് കഴിഞ്ഞിട്ടുണ്ട്. അതിന് ഗംഭീര ചലച്ചിത്രാവിഷ്കാരമാണ് സംവിധായകൻ ജോഷി ഒരുക്കിയിരിക്കുന്നതും. പുതിയ കാലത്തിന്റെ പൾസ് കൃത്യമായി മനസ്സിലാക്കിയാണ് അദ്ദേഹം ആന്റണിയുടെ കഥാപരിസരം ചമച്ചിരിക്കുന്നത്. പാട്ട്, ഫൈറ്റ്, ഹെവി ഡയലോഗ് എന്ന മാസ് സിനിമയുടെ കച്ചവട ഫോർമുലയിൽ വീണു പോകാതെയും മാസ് സിനിമ സാധ്യമാണെന്ന് സംവിധായകൻ കാണിച്ചു തരുന്നു. സിനിമയ്ക്ക് ചടുലതയും സ്റ്റൈലും സമ്മാനിക്കുന്നതാണ് ജേക്സ് ബിജോയ് ഒരുക്കിയ പശ്ചാത്തല സംഗീതവും പാട്ടുകളും. കണ്ണൂർ സ്ക്വാഡ് എന്ന സിനിമയിലൂടെ കയ്യടി നേടിയ ഫൈറ്റ് മാസ്റ്റർ രാജശേഖറാണ് ആന്റണിയിലെ സംഘട്ടനരംഗങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. രണദിവെയുടെ ക്യാമറയും ശ്യാം ശശിധരന്റെ എഡിറ്റിങ്ങും ആന്റണിയുടെ മികവിനു യോജിച്ച പിന്തുണയൊരുക്കി. ചുരുക്കത്തിൽ, ഒരു ഫീൽ ഗുഡ് ഇംപാക്ട് സമ്മാനിക്കുന്ന മാസ് സിനിമയാണ് ആന്റണി.