ഭൂതവും ഭാവിയും ഒന്നിക്കുന്ന സിനിമാറ്റിക് മാർവൽ: കൽക്കി റിവ്യൂ
Kalki 2898 AD Review
ഹോളിവുഡ് സിനിമകളിലൂടെ മാത്രം നമ്മള്‍ കണ്ട പോസ്റ്റ് അപ്പോകലിപ്റ്റിക് യുഗത്തെ മിത്തുകളും പുരാണങ്ങളുമായി സംയോജിപ്പിച്ചൊരുക്കിയ നാഗ് അശ്വിന്റെ ‘സിനിമാറ്റിക് മാർവൽ’ ആണ് ‘കൽക്കി 2898 എഡി’. കെട്ടുകഥകളെയും പുരാണങ്ങളെയും അടിസ്ഥാനമാക്കി നിരവധി സിനിമകള്‍ വന്നിട്ടുണ്ടെങ്കിലും ഭൂതകാലത്തെയും ഭാവിയെയും ബന്ധിപ്പിക്കുന്ന ഒരു സയൻസ് ഫിക്‌ഷൻ സിനിമ വരുന്നത് ഇതാദ്യമാകും
ഹോളിവുഡ് സിനിമകളിലൂടെ മാത്രം നമ്മള്‍ കണ്ട പോസ്റ്റ് അപ്പോകലിപ്റ്റിക് യുഗത്തെ മിത്തുകളും പുരാണങ്ങളുമായി സംയോജിപ്പിച്ചൊരുക്കിയ നാഗ് അശ്വിന്റെ ‘സിനിമാറ്റിക് മാർവൽ’ ആണ് ‘കൽക്കി 2898 എഡി’. കെട്ടുകഥകളെയും പുരാണങ്ങളെയും അടിസ്ഥാനമാക്കി നിരവധി സിനിമകള്‍ വന്നിട്ടുണ്ടെങ്കിലും ഭൂതകാലത്തെയും ഭാവിയെയും ബന്ധിപ്പിക്കുന്ന ഒരു സയൻസ് ഫിക്‌ഷൻ സിനിമ വരുന്നത് ഇതാദ്യമാകും
ഹോളിവുഡ് സിനിമകളിലൂടെ മാത്രം നമ്മള്‍ കണ്ട പോസ്റ്റ് അപ്പോകലിപ്റ്റിക് യുഗത്തെ മിത്തുകളും പുരാണങ്ങളുമായി സംയോജിപ്പിച്ചൊരുക്കിയ നാഗ് അശ്വിന്റെ ‘സിനിമാറ്റിക് മാർവൽ’ ആണ് ‘കൽക്കി 2898 എഡി’. കെട്ടുകഥകളെയും പുരാണങ്ങളെയും അടിസ്ഥാനമാക്കി നിരവധി സിനിമകള്‍ വന്നിട്ടുണ്ടെങ്കിലും ഭൂതകാലത്തെയും ഭാവിയെയും ബന്ധിപ്പിക്കുന്ന ഒരു സയൻസ് ഫിക്‌ഷൻ സിനിമ വരുന്നത് ഇതാദ്യമാകും
ഹോളിവുഡ് സിനിമകളിലൂടെ മാത്രം നമ്മള്‍ കണ്ട പോസ്റ്റ് അപ്പോകലിപ്റ്റിക് യുഗത്തെ മിത്തുകളും പുരാണങ്ങളുമായി സംയോജിപ്പിച്ചൊരുക്കിയ നാഗ് അശ്വിന്റെ ‘സിനിമാറ്റിക് മാർവൽ’ ആണ് ‘കൽക്കി 2898 എഡി’. കെട്ടുകഥകളെയും പുരാണങ്ങളെയും അടിസ്ഥാനമാക്കി നിരവധി സിനിമകള്‍ വന്നിട്ടുണ്ടെങ്കിലും ഭൂതകാലത്തെയും ഭാവിയെയും ബന്ധിപ്പിക്കുന്ന ഒരു സയൻസ് ഫിക്‌ഷൻ സിനിമ വരുന്നത് ഇതാദ്യമാകും. എഐ ടെക്നോളജിയും റോബട്ടുകളും അരങ്ങു വാഴുന്ന ലോകത്ത് ഗാണ്ഡീവത്തിനും (അർജുനന്റെ വില്ല്) ചിരഞ്ജീവിയായ അശ്വത്ഥാമാവിനും എന്തു കാര്യം ? അവിടെയാണ് നാഗ് അശ്വിന്റെ ഈ ‘സാങ്കൽപ്പിക കഥ’ കെട്ടുകഥകൾക്കും അപ്പുറമുള്ള കാഴ്ചാവിസ്മയായി മാറുന്നത്.
ബി.സി 3101-ലെ മഹാഭാരത ഇതിഹാസ സംഭവങ്ങളില്‍ നിന്ന് തുടങ്ങി 2898 എ.ഡി വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങള്‍ നീണ്ടുനില്‍ക്കുന്ന യാത്രയാണ് കല്‍ക്കിയുടെ ഇതിവൃത്തം. കുരുക്ഷേത്ര യുദ്ധം കഴിഞ്ഞ് 6000 വർഷങ്ങൾക്കു ശേഷമുള്ള ലോകം. ലോകത്തെ അവശേഷിക്കുന്ന രണ്ട് നഗരങ്ങളാണ് കാശിയും ശംഭാലയും. ശംഭാല പ്രതീക്ഷയുടെ നഗരമാണെങ്കിൽ കാശി നാശത്തിന്റെ വക്കിലാണ്. ഗംഗാ നദി വറ്റിവരണ്ടു, ആഹാരം കിട്ടാക്കനിയായി. ജീവൻ നിലനിർത്താൻ ആവശ്യമായതെല്ലാം ഒരു മനുഷ്യനിർമിത കോംപ്ലക്‌സിനുള്ളിലാണ്. പാവപ്പെട്ടവന് അങ്ങോട്ടേക്ക് കടക്കാനാകില്ല. ആകാശത്തില്‍ നിൽക്കുന്ന തലതിരിഞ്ഞ പിരമിഡ് ഘടനയാണ് കോംപ്ലക്സ് സിറ്റിയുടേത്. അത് ഭരിക്കുന്നത് സുപ്രീം യാസ്കിൻ എന്ന 200 വർഷം പ്രായമുള്ള ഒരു രാക്ഷസനും. ദൈവത്തിന്റെ കാലം കഴിഞ്ഞെന്നും താനാണ് ഇനി ആ സ്ഥാനത്തെന്നുമാണ് യാസ്കിൻ വിശ്വസിക്കുന്നത്. കാശിയിലെ ഒരു ബൗണ്ടി ഹണ്ടറാണ് ഭൈരവ. എങ്ങനെയും കുറച്ച് വിമതരെ പിടികൂടെ പോയിന്റ് സമ്പാദിച്ച് കോംപ്ലക്സിനുള്ളിൽ കയറിക്കൂടുകയാണ് ഭൈരവയുടെ ലക്ഷ്യം.
വിമതരുടെ നഗരമാണ് ശംഭാല. മെച്ചപ്പെട്ട നാളേക്ക് വേണ്ടി ജീവൻ പണയപ്പെടുത്താൻ തയാറുള്ള വ്യത്യസ്ത വിശ്വാസങ്ങളിൽ നിന്നും സംസ്കാരങ്ങളിൽ നിന്നുമുള്ള ആളുകളുടെ അഭയകേന്ദ്രം. അവരിൽ നിന്നും പല പോരാളികളും സുപ്രീം യാസ്കിനെ എതിരിടാൻ ഇറങ്ങിത്തിരിക്കാറുണ്ടെങ്കിലും അവസാനം മരണമായിരിക്കും ഫലം. മറിയം എന്ന സ്ത്രീയുടെ നേതൃത്വത്തിൽ ശംഭാലയിലെ ചിലര്‍ ഒരു അവതാര പിറവി സ്വപ്നം കാണുന്നുണ്ട്.
അതേ സമയം തന്നെ ചിരഞ്ജീവിയായ അശ്വത്ഥാമായും തന്‍റെ മോക്ഷകാലത്തിനായി കാത്തിരിക്കുകയാണ്. മഹാ കുരക്ഷേത്ര യുദ്ധത്തിൽ അവശേഷിക്കുന്ന ഒരേയൊരു മനുഷ്യൻ. മഹാവിഷ്‌ണുവിന്റെ പത്താമത്തേതും അവസാനത്തേതുമായ കൽക്കിയുടെ അവതാരപ്പിറവിക്കു വേണ്ടി ശേഷിച്ച ജന്മം അവശേഷിപ്പിച്ചിരിക്കുന്ന മഹാമേരുവാണ് അശ്വത്ഥാമാ.
മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള സിനിമയുടെ ആദ്യ പകുതി ‘കൽക്കി’ യൂണിവേഴ്സിന്റെ അകക്കാഴ്ചകളിലേക്കും ഭൈരവ എന്ന കഥാപാത്രത്തിലേക്കുമാണ് ഫോക്കസ് ചെയ്യുന്നത്. സിനിമയുടെ തുടക്കത്തിലും ആദ്യ പകുതിയുടെ ഭൂരിഭാഗവും അൽപം വിരസത കാണാം. പ്രഭാസിന്റെ ആദ്യ ഇൻട്രൊ സീനും നിരാശപ്പെടുത്തി. എന്നാൽ അമിതാഭ് ബച്ചന്റെ കഥാപാത്രത്തിന്റെ വരവോടെയാണ് സിനിമയുടെ ഗതി മാറുന്നത്. നേരത്തെ പറഞ്ഞ വിരസത മാറി സിനിമ രസകരവും ത്രില്ലിങ്ങുമാകുന്നു. പിന്നീടങ്ങോട്ട് ക്ലൈമാക്സ് വരെ സിനിമ കാണികളെ പിടിച്ചിരുത്തുന്ന അനുഭവമാണ് ‘കൽക്കി’ സമ്മാനിക്കുന്നത്.
പ്രഭാസിന്റെ ശക്തമായ തിരിച്ചുവരവാണ് ചിത്രം. ക്ലൈമാക്സിനോട് അനുബന്ധിച്ചാണ് ശരിക്കും ചിത്രത്തിലെ ഹീറോയായി പ്രഭാസ് പരിണമിക്കുന്നതെന്നു പറയാം. നായകനായി സംവിധായകൻ കാത്തുവച്ച സെക്കൻഡ് ഇൻട്രൊയും ക്ലൈമാക്സിലാണ്. അശ്വത്ഥാമയായി എത്തുന്ന അമിതാഭ് ബച്ചനാണ് കൽക്കി ആദ്യ ഭാഗത്തിൽ കലക്കിയതെന്ന് നിസംശയം പറയാം. ആക്‌ഷൻ രംഗങ്ങളിലും ഡയലോഗ് ഡെലിവറിയിലും സ്ക്രീൻ പ്രസൻസിലുമൊക്കെ ബച്ചൻ എല്ലാവരെയും കടത്തി വെട്ടി. രണ്ടേ രണ്ട് സീനുകളിൽ മാത്രമാണ് പ്രത്യക്ഷപ്പെടുന്നതെങ്കിലും സുപ്രീം യാസ്കിൻ ശക്തനായ വില്ലനായി കമല്‍ഹാസൻ ഞെട്ടിക്കും. സംഭാഷണരീതിയിലും ഗെറ്റപ്പിലും ഈ കഥാപാത്രത്തിലും പുതുമ കൊണ്ടുവരാൻ അദ്ദേഹത്തിനായി.
കൽക്കിയുടെ അമ്മയായ സുമതി എന്ന ശക്തയായ കഥാപാത്രമായി ദീപിക പദുക്കോൺ എത്തുന്നു. മലയാളി താരങ്ങളായ ശോഭന, അന്നാ ബെന്‍ എന്നിവർക്കും മികച്ച വേഷം തന്നെയാണ് നാഗ് നൽകിയിരിക്കുന്നത്. പരിമിതമായ സ്ക്രീൻ ടൈമിലും തന്റേതായ പ്രകടനം കൊണ്ട് ശ്രദ്ധനേടാൻ അന്ന ബെന്നിനു കഴിഞ്ഞു. ശോഭനയാണ് ശംഭാലയിലെ മറിയമാകുന്നത്. പശുപതി, ബ്രഹ്മാനന്ദം തുടങ്ങി വമ്പന്‍താരനിര ചിത്രത്തിലുണ്ട്. സിനിമയുടെ തുടക്ക ഭാഗത്തിൽ റൂമിയായി എത്തുന്നത് നടൻ രാജേന്ദ്ര പ്രസാദ് ആണ്. കാശിയിലെ കമാൻഡർ ആയ മാനസ് ആയി സ്വസ്ത ഛാറ്റർജി ഗംഭീര പ്രകടനം കാഴ്ചവയ്ക്കുന്നു.റോക്സിയായെത്തുന്ന ദിഷ പഠാണിക്ക് സിനിമയിൽ കാര്യമായൊന്നും ചെയ്യാനില്ല. സുപ്രീം യാസ്കിന്റെ വലംകയ്യായി എത്തുന്ന കൗൺസ്‌ലർ ബാണിയായി അനിൽ ജോർജ് പ്രത്യക്ഷപ്പെടുന്നു.
രണ്ട് ജനപ്രിയ സംവിധായകർ ചിത്രത്തിൽ അതിഥി വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ബുജ്ജി (കീർത്തി സുരേഷിന്റെ വോയ്‌സ്ഓവറിനൊപ്പം) എന്ന ഭൈരവയുടെ AI പവേർഡ് വാഹനവും സിനിമയിലെ ഏറ്റവും രസമുള്ള കഥാപാത്രമായി. ട്രെയിലറിൽ കാണിക്കുന്ന ചില കഥാപാത്രങ്ങൾ (മാളവിക നായർ) തുടക്കം മാത്രം വന്നുപോകുന്നു. ചെറുതെങ്കിലും ദുൽഖറിന്റെയും വിജയ് ദേവരകൊണ്ടയുടെയും മൃണാൾ ഠാക്കൂറിന്റെയും വേഷങ്ങൾ കയ്യടി നേടി.
ഹോളിവുഡുമായി താരതമ്യം ചെയ്യാനാകില്ലെങ്കിലും ബജറ്റു വച്ചു നോക്കുമ്പോൾ ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും മികച്ച വിഎഫ്എക്സ് വര്‍ക്കുകള്‍ ചിത്രത്തിലുണ്ടെന്ന് പറയാം. 600 കോടി ബജറ്റിൽ ഒരു രൂപ പോലും അനാവശ്യമായി ചിലവഴിച്ചിട്ടില്ല. ഫൈറ്റ് രംഗങ്ങളിലെ പെർഫെക്‌ഷനൊക്കെ ഒരു വിഷ്വൽ ട്രീറ്റ് തന്നെ സമ്മാനിക്കും, പ്രത്യേകിച്ചും ക്ലൈമാക്സിലെ യുദ്ധ രംഗങ്ങളും മറ്റും ഇതിനുദാഹരണം.
ബ്ലേഡ് റണ്ണർ, മാഡ് മാക്സ്, ബുക്ക് ഓഫ് എലി, ചിൽഡ്രൺ ഓഫ് മെൻ തുടങ്ങിയ പോസ്റ്റ് അപ്പോകലിപ്റ്റിക് സിനിമകൾ സൃഷ്ടിക്കുന്ന മായാലോകം പോലൊന്ന് നാഗ് അശ്വിനും നിർമിച്ചു. ‘മഹാനടി’ പോലൊരു മോഡേൺ ‘ക്ലാസിക്’ സമ്മാനിച്ച സംവിധായകന്റെ മൂന്നാമത്തെ മുഴുനീള സിനിമയാണ് കൽക്കി. ബ്ലാക് പാന്തർ, ഡ്യൂൾ പോലുള്ള സിനിമകളിലെ പ്രചോദനം ചില രംഗങ്ങളിൽ കാണാം. എന്നാൽ തന്നെയും മുടക്കിയ പണത്തിന് അതേ മൂല്യമുള്ള ഘടകങ്ങൾ കൂട്ടിച്ചേർത്താണ് സിനിമ ഒരുക്കിയിരിക്കുന്നത്. ക്വാളിറ്റിയിലും സാങ്കേതികത്തികവിലും ഒരു വിട്ടുവീഴ്ചയ്‌ക്കും സംവിധായകൻ തയാറായിട്ടില്ല. അളന്നു കുറിച്ച ഫ്രെയിമുകൾ സിനിമയെ ലോകോത്തര നിലവാരത്തിലെത്തിക്കുന്നു.
ഛായാഗ്രഹണം, എഡിറ്റിങ്, പ്രൊഡക്‌ഷന്‍ ഡിസൈൻ തുടങ്ങിയ മറ്റു സാങ്കേതിക വശങ്ങളെല്ലാം ഒന്നിനൊന്നു മെച്ചം. സന്തോഷ് നാരായണന്റെ സംഗീതവും എടുത്തുപറയേണ്ടതാണ്. ഗാനങ്ങളൊന്നും തന്നെ സിനിമയിലില്ല.
സ്റ്റാർവാർ യൂണിവേഴ്സിൽ ‘മഹാഭാരതം’ സംഭവിച്ചാൽ എങ്ങനെയിരിക്കും ? അതാണ് ചുരുക്കത്തിൽ കൽക്കി. ഇന്ത്യൻ സിനിമയിൽ ഇൗ ചിത്രവുമായി താരതമ്യപ്പെടുത്താവുന്ന ഒന്ന് ഇതുവരെ ഉണ്ടായിട്ടില്ലെന്നതാണ് പ്രേക്ഷകർക്കുള്ള ഏറ്റവും വലിയ സർപ്രൈസ്. ‘കൽക്കി’ സിനിമാറ്റിക് യൂണിവേഴ്‌സ് പോലൊരു സിനിമാനിരയിലേക്കുള്ള ആദ്യ പടിയായ ഇൗ ചിത്രം ഉറപ്പായും തിയറ്ററിൽ തന്നെ കണ്ടിരിക്കേണ്ട ഒന്നാണ്.
വാൽക്കഷ്ണം: സിനിമയുടെ ത്രിഡി, ഐമാക്സ് പതിപ്പുകളും റിലീസ് ചെയ്തിട്ടുണ്ട്. ത്രിഡി മികവാർന്ന അനുഭവമാകും സമ്മാനിക്കുക. അമിതാഭ് ബച്ചന്റെ യഥാർഥ ശബ്ദത്തിൽ ‘കൽക്കി’യുടെ ഹിന്ദി പതിപ്പും കമൽഹാസന്റെയും പ്രഭാസിന്റെയും ശബ്ദത്തിൽ തമിഴും തെലുങ്കും കാണുന്നതും നന്നായിരിക്കും.