രാജമൗലിയുടെ വാക്ക് കേൾക്കാതെ യന്തിരൻ 2 നിർമാതാക്കൾ

ബാഹുബലി 2 വിനെ എല്ലാരീതിയിലും വെല്ലാനാണ് ശങ്കറിന്റെ യന്തിരൻ 2 ശ്രമിക്കുന്നത്. പ്രമോഷന്റെ കാര്യത്തിലും സാറ്റലൈറ്റ് അവകാശങ്ങളിലും ബാഹുബലിയെ കടത്തിവെട്ടുകയാണ് ഇവരുടെ ലക്ഷ്യം. 400 കോടി മുതൽമുടക്കിലൊരുങ്ങുന്ന ചിത്രം നിർമിക്കുന്നത് ലൈക പ്രൊഡക്ഷൻസ് ആണ്.

സിനിമയുടെ തെലുങ്ക് പതിപ്പിന്റെ അവകാശത്തിനായി നിർമാതാവും രാജമൗലിയുടെ അടുത്ത സുഹൃത്തുമായ സായി കൊരപതി ലൈക പ്രൊഡക്ഷൻസിനെ സമീപിച്ചിരുന്നു.  80 കോടിയാണ് തെലുങ്ക് അവകാശത്തിനായി ഇവർ ചോദിച്ചത്. എന്നാൽ 60 കോടിയാണ് സായി നിശ്ചയിച്ച തുക. സായിയുടെ തുകയുമായി ഒത്തുപോകാൻ ലൈക ഫിലിംസ് തയ്യാറല്ലായിരുന്നു. 

ഇക്കാര്യം സായി രാജമൗലിയെ അറിയിക്കുകയും നിർമാതാക്കളെ അദ്ദേഹം അനുനയിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ ലൈക പ്രൊഡക്ഷൻസിന്റെ ഉടമ സുഭാസ്കരൻ രാജമൗലിയുടെ ആവശ്യം വിനയപൂർവം നിരാകരിക്കുകയുമായിരുന്നു. 

തുടർന്ന് ഏഷ്യൻ തിയറ്റേർസ് ഉടമയും വ്യവസായിയുമായ സുനിൽ നരങ് 81 കോടിക്ക് യന്തിരന്‍ 2വിന്റെ തെലുങ്ക് അവകാശം സ്വന്തമാക്കുകയായിരുന്നു.