കഴിഞ്ഞ അഞ്ചുദിവസമായി സിനിമാ ഇൻഡസ്ട്രി തകർന്നുകൊണ്ടിരിക്കുകയാണെന്ന് നടൻ മൻസൂർ അലിഖാൻ. റിലീസ് ചെയ്ത സിനിമകൾക്ക് കലക്ഷനില്ലെന്നും പുതിയ ചിത്രങ്ങൾ റിലീസ് ചെയ്യാൻ പറ്റാത്ത സാഹചര്യമാണെന്നും മൻസൂർ പറയുന്നു. മോദിയുടെ പുതിയ നടപടിയിലൂടെ നമ്മൾ ഓരോരുത്തരും പിച്ചക്കാരായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
നൂറുരൂപ നോട്ടുകൾക്ക് വേണ്ടി ക്യൂ നിന്ന് പിച്ച എടുക്കേണ്ട സാഹചര്യമാണ് ഇപ്പോൾ. തെറ്റു ചൂണ്ടിക്കാട്ടുക തന്നെ വേണം. എല്ലാ വ്യവസായവും തകർന്നു കഴിഞ്ഞു. അതുപോലെ തന്നെയാണ് സിനിമാവ്യവസായവും. പെട്ടന്നു തന്നെ എന്തെങ്കിലും ചെയ്യണം. ഇതിന് ആര് സമാധാനം പറയും. മൻസൂർ വ്യക്തമാക്കുന്നു.
യാതൊരു മുന്നറിയിപ്പുമില്ലാതെ പെട്ടന്നൊരു സുപ്രതാഭത്തിൽ ഒരു തീരുമാനമെടുക്കുന്നു. ആയിരം കോടിയും അയ്യായിരം കോടിയും കള്ളപ്പണം വച്ചിരിക്കുന്നവരെല്ലാം ഈ പണം ഡോളറുകളിലായിരിക്കും മാറ്റിവച്ചിരിക്കുക. അവർ ആരെങ്കിലും വന്ന് ക്യൂവിൽ നിൽക്കുന്നുണ്ടോ? ഇതിൽ കഷ്ടപ്പെടുന്നത് നമ്മൾ മാത്രമാണ്. ഇതിന് ഉത്തരം മോദി നൽകിയേ തീരു. മൻസൂർ പറഞ്ഞു.
ക്യൂവിൽ നിന്ന് ഒരു രണ്ടായിരം രൂപ കിട്ടി. കാണാൻ തന്നെ എന്തോപോലെ. സിനിമയിൽ ഉപയോഗിക്കുന്ന ഡ്യൂപ്ലിക്കേറ്റ് നോട്ടുപോലെ ഉണ്ട്. ഈ നോട്ട് പിച്ചക്കാര് പോലും മേടിക്കില്ല. മൻസൂർ പറയുന്നു.