വയലിനും ബാലഭാസ്കറും കൊല്ലം 25

ബാലഭാസ്കറും വയലിനും ചേർന്നു നമ്മുടെ മനസ്സ് വായിക്കാൻ തുടങ്ങിയിട്ടു കാൽനൂറ്റാണ്ട് കഴിയുന്നു. എഴുതാനും വായിക്കാനും തുടങ്ങിയ പ്രായത്തിൽ തന്നെ വയലിൻ വായിച്ചു പൊതുവേദിയിലെത്തിയ ബാലപ്രതിഭ, ഒരുകാലത്തും അണയ്ക്കാൻ പറ്റാത്ത സംഗീതത്തിന്റെ തീപ്പൊരിയോടെ വയലിൻ നെഞ്ചോടണച്ചുപിടിച്ചു. ബാല്യവും കൗമാരവും പിന്നിട്ടു രാജ്യാന്തര ശ്രദ്ധ നേടിയ ബാലഭാസ്കർ, സംഗീതത്തിന്റെ തീരത്തുകൂടി നടക്കുകയല്ല, തിരയായിത്തീർന്നു സാഗരമാവുകയാണ്. വയലിനും താനും കൂട്ടുകൂടിയതിന്റെ ഇരുപത്തിയഞ്ചാം വാർഷികവേളയിൽ, പുതിയൊരു മ്യൂസിക് ബാൻഡുമായി വരികയാണു ബാലഭാസ്കറും കൂട്ടരും. ദ് ബിഗ് ബാൻഡ് എന്നു പേരിട്ട കൂട്ടായ്മ ബിഗ് ബ്രാൻഡായി കുതിക്കാനുള്ള തയാറെടുപ്പിലാണ്.

ദ് ബിഗ് ബാൻഡ്

പുതിയൊരു കാൽവയ്പാണിത്. സംഗീതത്തിന്റെ ദിശാസൂചികൾക്ക് ആഗോളസ്വഭാവം നൽകാനുള്ള ശ്രമം. ലോക പ്രശസ്തരായ സംഗീതജ്ഞരെക്കൂടി പങ്കെടുപ്പിച്ചുകൊണ്ടു സംഗീതവിഹായസ്സിലേക്കു ചിറകുവിരിക്കുകയാണു ബിഗ് ബാൻഡ്. മാർച്ച് 20നു തിരുവനന്തപുരം ബാർട്ടൻഹിൽ എൻജിനീയറിങ് കോളജിൽ നടന്ന ഇൻസ്പയറിങ് നൈറ്റ് എന്ന പ്രോഗ്രാമിലൂടെ ബാൻഡ് ചുവടുറപ്പിച്ചുകഴിഞ്ഞു. ‘കുറച്ചുകൂടി വിശാലമായ അർഥത്തിൽ സംഗീതത്തിന്റെ വേദികൾ ഒരുക്കാനും അതിലൂടെ ആസ്വാദകരെ ചേർത്തുനിർത്താനുമാണു പുതിയ ബാൻഡിന്റെ ശ്രമം. അടുത്തതായി ഒരു ഹിന്ദി ആൽബമാണു പുറത്തിറങ്ങാൻ പോകുന്നത്.

ദുബായ് ലേബർ ക്യാംപിലാണു ബിഗ് ബാൻഡിന്റെ അടുത്ത അരങ്ങ്’–ബാലഭാസ്കർ പറയുന്നു. പ്രശാന്ത് (തബല), രജിത് ജോർജ്, (കീ ബോർഡ്), അഭിജിത്, വില്യം, എബി (ഗിത്താർ), ഷിബു സാമുവൽ, (ഡ്രംസ്), ജമീൽ (ബാക്കിങ് വോക്കൽ) സുഹൈൽ (സൗണ്ട് മിക്സിങ്) എന്നിവരാണു ബിഗ് ബാൻഡിലെ കൂട്ടുകാർ.

പ്രചോദനം

കഴിവും അർഹതയുമുള്ള പ്രതിഭകൾ്കു വേണ്ട സഹായങ്ങൾ ചെയ്തും അവരെ കൂടെക്കൂട്ടിയും മുന്നോട്ടുപോകാനാണ് ഇൗ യുവ സംഗീതജ്ഞന്റെ ശ്രമം. ഒപ്പം മ്യൂസിക് ഫെസ്റ്റിവൽ സംഘടിപ്പിച്ചും ബോധവൽക്കരണം ന‍ടത്തിയും സംഗീതത്തിന്റെ അനന്തഭൂമികയിലേക്ക് അടുക്കാനൊരു ചുവടുവയ്പും. ‘ഒന്നു കേട്ടുനോക്കൂ, എന്നേ ഞങ്ങൾ പറയുന്നുള്ളു. എന്റെ ഉറക്കം കെടുത്തിയ സ്വപ്നങ്ങൾ, പ്രചോദിപ്പിച്ച പാട്ടുകൾ, സംഗീതം, താളം, അത് എന്നിലുണ്ടാക്കിയ പ്രകമ്പനങ്ങൾ..ഒക്കെ നമുക്ക് ഒരുമിച്ചിരുന്നു കേട്ടുനോക്കാം എന്നേ പറയുന്നുള്ളു’’

നിരന്തര സാധകം

എത്രയോ വർഷങ്ങൾ കഴിഞ്ഞു, എന്നിട്ടും ഇപ്പോഴും എല്ലാ ദിവസവും സാധകം മുടക്കാത്ത ബാലഭാസ്കർ കൂട്ടുകാർക്കു പോലും പിടികിട്ടാത്ത അദ്ഭുതമാണ്. എത്ര തിരക്കിലാണെങ്കിലും വയലിനുമായി ഒറ്റയ്ക്കിരിക്കുമ്പോൾ, ബാലഭാസ്കർ, തന്റെ ഗുരുവും അമ്മാവനുമായ പ്രശ്സ്ത വയലിൻ വിദ്വാൻ ബി. ശശികുമാറിനു മുന്നിൽ അച്ചടക്കത്തോടെയിരിക്കുന്ന പഴയ ആ ബാലനാവും. ഏതു ചെറിയ പരിപാടി ആയാൽപ്പോലും റിഹേഴ്സൽ നിർബന്ധം. ‘ഞാൻ എന്നെത്തന്നെ അളക്കുന്ന ഒരാളാണ്, ഇന്നലത്തെ എന്നെക്കാളും ഇന്നു ഞാൻ എങ്ങനെയാവണം, നന്നാവണം എന്ന ചിന്തയിൽ ഓരോ ദിവസവും എന്നോടു മൽസരിക്കുകയാണു ഞാൻ. ഇന്നലത്തേതു മോശമാണ് എന്ന അർഥത്തിൽ ഇന്ന് എങ്ങനെ കൂടുതൽ നന്നാക്കാമെന്ന ചിന്തയാണ് എനിക്ക്. അതുകൊണ്ടുതന്നെ നിരന്തര സാധകം പതിവാണ്. വാശിയെന്നോ ഭയമെന്നോ എന്തു വേണമെങ്കിലും അതിനെ വിളിക്കാം. അത് എന്തായാലും എന്നെ ഉത്തേജിപ്പിക്കുന്നുണ്ട് എന്നതാണു സത്യം.’’

സംഗീതത്തിന്റെ അനുഭവം

പതിനേഴാം വയസ്സിൽ മംഗല്യപ്പല്ലക്ക് എന്ന സിനിമയ്ക്കു സംഗീതസംവിധാനം നിർവഹിച്ചുകൊണ്ടു ചലച്ചിത്രരംഗത്തേക്കും കടന്നുവന്ന ബാലഭാസ്കറിന്റെ മാന്ത്രികസ്പർശം തുടരുകയാണ്. ആസ്വാദകരെ കീഴടക്കിയ നൂറുകണക്കിന് ആൽബങ്ങളും സംഗീതപരിപാടികളും. ലോകപ്രശസ്തരായ സംഗീതജ്ഞർക്കൊപ്പം ഫ്യൂഷൻ ഒരുക്കി സംഗീതപ്രേമികളുടെ ഹൃദയതാളത്തിൽ അലിയുകയാണ്. ഇലക്ട്രിക് വയലിനിലൂടെ യുവതലമുറയെ ഉന്മത്തരാക്കുംനേരം തന്നെ ശാസ്ത്രീയസംഗീത കച്ചേരികളിൽ ചിട്ടയായ ശുദ്ധസംഗീതത്തിനൊപ്പം ചമ്രംപടിഞ്ഞിരിക്കുന്നു. ‘അതു രണ്ടും രണ്ടു തരത്തിലാണ്. ഫ്യൂഷനിൽ നിയമത്തിന്റെ വേലികളില്ല, സ്വാതന്ത്ര്യമുണ്ട്.

എന്നാൽ സ്വാതന്ത്ര്യം കൂടുതലെടുത്തു കുളമാക്കിയാൽ കഴിഞ്ഞു. അതുകൊണ്ടു സ്വാതന്ത്ര്യം അനുഭവിച്ചുകൊണ്ടുതനനെ സംഗീതത്തിന്റെ അപാര അനുഭവം പങ്കുവയ്ക്കാനാണു ഞാൻ ശ്രമിക്കുക. എന്നാൽ ശാസ്ത്രീയ സംഗീത കച്ചേരികൾക്കു നിയതമായൊരു രൂപമുണ്ട്.അതിൽനിന്നു വ്യതിചലിക്കാൻ പാടില്ല. അതിന്റെ ഉള്ളിൽ നിൽക്കുമ്പോഴും ഞാൻ സന്തോഷിക്കുന്നു. രണ്ടിന്റെയും ഭംഗിയും ഞാൻ ആസ്വദിക്കുന്നു’- ഭാര്യ ലക്ഷ്മിയെ ചേർത്തുപിടിച്ചു ബാലഭാസ്കർ പറയുമ്പോൾ, രാഗം പുതിയൊരു ഇൗണം തേടുകയായിരുന്നു.