മണങ്ങളിലൂടെ നിറങ്ങളെ തിരിച്ചറിയാനാകുമോ? അതുവഴി ഓര്‍മകളെ ഓർത്തെടുത്ത് അവയുടെ കൈപിടിക്കാനാകുമോ? ജീവിതത്തിലെ ഒറ്റപ്പെടലിൽ നിന്ന് നിറച്ചാർത്തോടെ ഉയിർത്തെഴുന്നേൽക്കാനാകുമോ? തീര്‍ച്ചയായും. കാഴ്ചയെന്ന വിസ്മയത്തിനിപ്പുറം നിന്നുപോയാലും നമുക്കത് സാധ്യമാണ്. നിറങ്ങളേയും പൂക്കളേയും മഴയേയും സ്നേഹമെന്ന പരമമായ സത്യത്തെയും തിരിച്ചറിയാൻ,അനുഭവിക്കാൻ കാഴ്ചയെന്ന മാധ്യമമില്ലെങ്കിലും മനുഷ്യൻ തോറ്റുപോകില്ലെന്നു പറയുകയാണ് ഈ വിഡിയോ. ആ സത്യത്തെയാണ് ഈ സംഗീത ആൽബം പാടുന്നത്. കാണാൻ മറക്കരുത്, തിരിച്ചറിയാതിരിക്കരുത് വേർ കളേഴ്സ് കം റ്റു ലൈഫ് എന്ന സംഗീത ആൽബം. സൂഫീ സംഗീതത്തിന്റെ താളങ്ങളിലൂടെ ആവിഷ്കാരത്തിന്റെ വേറിട്ടൊരു തലം പരിചയപ്പെടുത്തുകയാണ് ഈ മ്യൂസിക് ആൽബം.
മണ്ണിനെ തൊടുന്ന മഴയ്ക്ക് ഒരു മണമുണ്ട്
ആ മണമാണ് എന്റെ മഴവില്ലുകളുടെ നിറം...
എന്നു പറഞ്ഞുകൊണ്ട് ആരംഭിക്കുന്ന മ്യൂസിക് വിഡിയോ ഒരുപക്ഷേ ഈ ഗണത്തിൽ മലയാളത്തിൽ ഇറങ്ങിയ ഏറ്റവും വേറിട്ട ഒന്നാകാം. ഹൃദയത്തിൽ കൊള്ളുന്ന ഇതുപോലുള്ള ഈരടികള്‍ക്കിടയിലേക്ക് സൂഫീ സംഗീതം ലയിച്ചു ചേരുകയും അതിനു കടൽഭംഗിയേയും സന്ധ്യയേയും നിറങ്ങളിൽ കുളിച്ച ആഘോഷ നിമിഷങ്ങളേയും ദൃശ്യങ്ങളാക്കുകയും ചെയ്ത സംഗീത വിഡിയോ മനസിൽ നിന്നു മായില്ല.
കാഴ്ചയില്ലാത്തൊരു കലാകാരൻ തനിക്ക് അനുഭവച്ചറിയാനായ മണങ്ങളിലൂടെ നിറങ്ങളെ കണ്ടെത്തുകയാണ്. അമ്മയിൽ നിന്ന് ആരംഭിക്കുന്ന ഓർമകളിലേക്കു തിരികെ നടന്ന് ജീവിതത്തെ നേരിടുകയാണ്. നമഴ പോലെ ആഴമുള്ള പ്രമേയത്തിനു മഴയെഴുതിയ ദൃശ്യങ്ങൾ പോലെ വശ്യമായ സംഗീതമാണ് ഒപ്പമുള്ളത്. അഹമ്മദ് നസീബ് ആണു വിഡിയോയുടെ സംവിധാനവും ഛായാഗ്രഹണവും. റിയാസ് പയ്യോളിയുേടാണു സംഗീതം. ഷാഫി കൊല്ലവും സിയാ ഉൾ ഹഖും ചേർന്നെഴുതിയ പാട്ടു പാടിയത് സിയാ ഉൾ ഹഖും റിജിയ റിയാസും ചേർന്നാണ്. അനീസ് നാടോടിയാണ് കലാ സംവിധാനം.