സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാസ്റ്ററുടെ ഭാര്യ റാണി ജോണ്‍സണ് രക്താർബുദമല്ലെന്നും രക്തത്തില്‍ പ്ലേറ്റ്‌ലെറ്റിന്റെ കൗണ്ട് കുറയുന്ന അസുഖമാണെന്നും ജോണ്‍സണ്‍ മാസ്റ്ററുടെ ഇളയ സഹോദരന്‍ ജോര്‍ജിന്റെ ഭാര്യയായ മിനി ജോര്‍ജ് മനോരമ ഓണ്‍ലൈനിനോട് പറഞ്ഞു. മാസ്റ്ററുടെ ഭാര്യയ്ക്ക് രക്താർബുദമാണെന്നും സര്‍ക്കാര്‍ പെന്‍ഷന്‍ അനുവദിച്ചുവെന്നുമുള്ള വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അവർ.
''ചേട്ടന്‌റെയും (ജോണ്‍സണ്‍ മാസ്റ്റര്‍), മകന്‍ റെന്നിന്റെയും മരണം ചേച്ചിയേയും ഞങ്ങളെ എല്ലാവരേയും തകര്‍ത്തു കളഞ്ഞിരുന്നു. പിന്നെ മകള്‍ ഷാനിന്റെ മരണം കൂടിയായപ്പോള്‍ പറയേണ്ടതില്ലല്ലോ. ചേച്ചി ആകെ വിഷമത്തിലായി. ഈ പ്രചരിക്കുന്നതു പോലെ ചേച്ചി രക്താര്‍ബുദത്തിനുള്ള ചികിത്സയിലൊന്നുമല്ല. രക്തത്തില്‍ പ്ലേറ്റ്‌ലെറ്റിന്റെ കൗണ്ട് കുറയുന്ന അസുഖമാണ്. അതുകൊണ്ടു തന്നെ തുടരെ തുടരെ രക്ത പരിശോധനയും അതിനുള്ള ചികിത്സയും നടത്തണം. ഒപ്പം ഷുഗറും ഉണ്ട്. നല്ലൊരു തുക മാസം തോറും ചികിത്സയ്ക്കു വേണം. മകള്‍ കൂടി പോയപ്പോള്‍ ചേച്ചിയ്ക്കുള്ള സ്ഥിരമായ സാമ്പത്തിക വരുമാനവും ഇല്ലാതായി. എല്ലാം കൊണ്ടും ചേച്ചിയും ഞങ്ങളും ആകെ വിഷമത്തിലായി. അനുജന്‍മാരും കുടുംബവും ചേച്ചിയ്‌ക്കൊപ്പം തന്നെയുണ്ട്. ഞങ്ങളെക്കൊണ്ടു കഴിയുന്നതെല്ലാം ചെയ്യുന്നുമുണ്ട്. പക്ഷേ നാളെ ഞങ്ങളുടെ കാര്യം എന്താകും എന്നറിയില്ലല്ലോ. കുടുംബത്തിലുണ്ടായ തുടര്‍ച്ചയായ മൂന്നു മരണം അത്രമാത്രം ഞങ്ങളെ ഉലച്ചു കളഞ്ഞു. ’’ മിനി പറഞ്ഞു.
‘‘എല്ലാം കൂടി ആലോചിച്ചാണ് മുഖ്യമന്ത്രിയെ കാണാനുള്ള തീരുമാനം എടുത്തത്. ചേച്ചിയ്ക്ക് മാസം കൃത്യമായൊരു തുക പെന്‍ഷനായി അനുവദിക്കാനുള്ള അപേക്ഷ നല്‍കി. ഒരു വര്‍ഷം മുന്‍പ് നടന്ന കാര്യമാണിത്. അന്ന് മുഖ്യമന്ത്രി അത് സാംസ്‌കാരിക വകുപ്പിന് കൈമാറി. ഇപ്പോഴാണ് അതില്‍ നടപടിയുണ്ടായെന്ന് അറിയുന്നത്. അതും വാര്‍ത്തകളില്‍ നിന്ന്. സര്‍ക്കാര്‍ തലത്തില്‍ നിന്ന് ഔദ്യോഗിക അറിയിപ്പൊന്നും കിട്ടിയിട്ടില്ല. അങ്ങനെ അറിയിക്കുന്ന പതിവുണ്ടോയെന്നും അറിയില്ല. എത്രയാണു പെന്‍ഷന്‍ തുകയെന്നും അറിയില്ല. എത്രയായാലും സ്വന്തമായി ഒരു തുക കൈകളിലെത്തുന്നത് ചേച്ചിയ്ക്ക് വലിയ ആശ്വസമായിരിക്കും’’ മിനി പറഞ്ഞു.
‘‘ജോണ്‍സണ്‍ മാസ്റ്ററിന്റെ ഭാര്യയ്ക്ക് രക്താര്‍ബുദമാണ്, സാമ്പത്തിക ക്ലേശത്തിലാണെന്നൊക്കെയുള്ള വാര്‍ത്തകള്‍ ഇന്നലെ മുതല്‍ തുടരെ തുടരെ വരുന്നു. ഒരുപാടു പേര്‍ ഞങ്ങള്‍ സഹോദരങ്ങളേയും ചേച്ചിയേയും മാറി മാറി വിളിക്കുന്നു. വാര്‍ത്ത കൊടുക്കരുതെന്ന് ഞങ്ങള്‍ക്കു പറയാനാകുമോ ? പക്ഷേ ഇതെല്ലാം ഒത്തിരി വേദന മാത്രമാണു തരുന്നത്. മക്കളുടെയും ഭര്‍ത്താവിന്‌റെയും മരണം കണ്ട ഒരാള്‍, ഇപ്പോഴാണെങ്കില്‍ അസുഖത്തിന്‌റെ ക്ലേശതയും. അതാണ് ചേച്ചിയുടെ അവസ്ഥ. അങ്ങനെയുള്ള ചേച്ചിയ്‌ക്കൊരു ആശ്വാസമാകട്ടെ എന്നു കരുതി ചെയ്തത് അബദ്ധമായോ എന്നാണ് ഞങ്ങളുടെ വിഷമം. ചേച്ചി എറണാകുളത്താണ്. ചികിത്സാ സൗകര്യം നോക്കിയാണ് അവിടെ നില്‍ക്കുന്നത്. ചേച്ചിയുടെ അമ്മയ്‌ക്കൊപ്പമാണ് താമസം. ഇനിയെങ്കിലും ഇത്രയും വിഷമമുണ്ടാക്കുന്ന വാര്‍ത്തകള്‍ നിന്നാല്‍ മതിയെന്ന പ്രാര്‍ഥനയിലാണ് ഞങ്ങളെല്ലാം.'' മിനി കൂട്ടിച്ചേർത്തു.