മലയിലേക്ക് ഇല്ല; സ്ത്രീ പ്രവേശനത്തിൽ നിലപാട് അറിയിച്ച് എം. ജയചന്ദ്രൻ

ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ ശക്തമാകുന്നതിനിടെ വിഷയത്തിൽ നിലപാടെടുത്ത് സംഗീത സംവിധായകൻ എം. ജയചന്ദ്രൻ. സുപ്രീംകോടതിയുടെ രണ്ടുകണ്ണുമടച്ചുള്ള സ്ത്രീപ്രവേശന വിധിയോടെ കാര്യം താറുമാറായി. ഈ കോലാഹലങ്ങളൊക്കെ അടങ്ങുന്നതു വരെ മലയിലേക്കില്ലെന്നും ജയചന്ദ്രൻ ഫെയ്സ്ബുക്കിൽ കുറിച്ചു. 

എം. ജയചന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം 

സ്വാമി ശരണം !!അയ്യപ്പന് ഭാര്യ ഉണ്ടെന്നു ചിലർ. ഒന്നല്ല രണ്ടുണ്ടെന്നു വേറെ ചിലർ. അതല്ല അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി എന്നു മറുപക്ഷം. അയ്യപ്പനെ ചൊല്ലി തർക്കം തന്നെ തർക്കം. ഇതിനോടൊപ്പം സുപ്രീം കോടതിയുടെ രണ്ടു കണ്ണുമടച്ചു കൊണ്ടുള്ള സ്ത്രീപ്രവേശന വിധി കൂടിയായപ്പോ കാര്യം താറുമാറായി. അല്ല,ഈ അയ്യപ്പൻ ശരിക്കും ആരാണ് ??പരബ്രഹ്മസ്വരൂപൻ. സനാതന ധർമ്മത്തിൽ തത്വമസി എന്ന തത്വത്തിന്റെ പൊരുൾ തന്നെ നമ്മുടെ ഓരോരുത്തരുടെയും ഉള്ളിൽ സ്വാമി അയ്യപ്പൻ ഉണ്ടെന്നതാണ്. അയ്യപ്പൻ പ്രത്യേകിച്ചു ആരുടേതുമല്ല. എന്നാൽ എല്ലാവരുടേതുമാണ്. അയ്യപ്പന് രാഷ്ട്രീയം ഇല്ല. ഈ കോലാഹലങ്ങൾ ഒക്കെ തീരുന്നതു വരെ ഞാൻ മലയിലേക്കില്ല എന്റെ അയ്യപ്പാ !!ആ സന്നിധാനം പരമാർത്ഥ സത്യത്തിന്റെ ശരണം വിളികളാൽ വീണ്ടും മുഖരിതമാകണം. താന്ത്രിക വിധി പ്രകാരമുള്ള ആചാര അനുഷ്ഠാനങ്ങൾ കേടുപാട് കൂടാതെ നില കൊള്ളണം.സ്വാമീ ശരണം ശരണം പൊന്നയ്യപ്പാ !!അവിടുന്നല്ലാതെ ഒരു ശരണം ഇല്ലെന്റയ്യപ്പാ !!