ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ഇവിടെയിലെ ആഴങ്ങളിൽ ദിനരാവുകൾ അലിയുന്നിതാ ഇവിടെ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വിഡിയോ പുറത്തിറങ്ങി. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ഗോപിസുന്ദറാണ് ഈണം പകർന്നിരിക്കുന്നത്. പൃഥ്വിരാജാണ് ഗാനം ആലപിച്ചിരിക്കുന്നത്. 7ത് ഡേയിലെ ഗാനത്തിന് ശേഷം ശേഷം പൃഥ്വിരാജ് ആലപിക്കുന്ന ഗാനമാണ് ഇവിടെയിലേത്. പൃഥ്വിരാജ്, നിവിൻ പോളി, ഭാവന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രം പൂർണ്ണമായും യുഎസ്സിലാണ് ചിത്രീകരിച്ചിരിക്കുന്നത്.
ഇവിടെ...
ശാമപ്രസാദിന്റെ തന്നെ ഇംഗ്ലീഷ് എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ അജയൻ വേണുഗോപാലാണ് ഇവിടെ എന്ന ക്രൈം ത്രില്ലറിന്റേക്കും തിരക്കഥ ഒരുക്കിയിരിക്കുന്നത്. യുഎസ് നഗരത്തിലെ ഐടി പ്രൊഫഷണലുകൾ നടത്തുന്ന കൊലപാതക പരമ്പരയാണ് ചിത്രത്തിന്റെ ഇതിവൃത്തം. അറ്റ്ലാന്റാ പൊലീസ് ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥൻ വരുൺ ബ്ലേക്കായി പൃഥ്വിരാജ് എത്തുമ്പോൾ ക്രിഷ് ഹെബർ എന്ന കഥാപാത്രമായി നിവിൻ പോളിയും റോഷ്ണി എന്ന കഥാപാത്രവുമായി ഭാവനയും എത്തുന്നു.
നിവിൻ പോളിയും പൃഥ്വിരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ഇവിടെ. ഇവരെ കൂടാതെ പ്രകാശ് ബാരെ, പുതുമുഖമായ ദാനിഷ് കാർത്തിക്, ജിയ പട്ടേൽ, ദീപ്തി നായർ, ഹരിദേവ്, ഷോൺ സേവ്യയർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ധാർമിക്ക് ഫിലിംസിന്റെ ബാനറിൽ ഡോ. എസ് സജികുമാർ നിർമ്മിക്കുന്ന ചിത്രം മെയ് 29 ന് തീയേറ്ററുകളിലെത്തും.