പോപ്പ് ലോകത്തെ ഹോട്ട് കപ്പിൾസ് ആയിരുന്നു ജസ്റ്റിൻ ബീബറും സെലീന ഗോമസും. ഇണങ്ങിയും പിണങ്ങിയും തങ്ങളുടെ പ്രണയം ആഘോഷമാക്കി മാറ്റിയ താരങ്ങൾ കഴിഞ്ഞ വർഷമാണ് എന്നന്നേക്കുമായി പിരിഞ്ഞത്. എന്നാൽ പിരിഞ്ഞതിന് ശേഷം പ്രണയത്തകർച്ചയെപ്പറ്റി ഇരുവരും വ്യക്തമായി പ്രതികരിച്ചിരുന്നില്ല. സെലീന വെറുമൊരു കാമുകി മാത്രമായിരുന്നില്ല സോൾമേറ്റുകൂടിയാണെന്നും സെലീനയുടെ അസാന്നിധ്യം തനിക്ക് വേദന നൽകുന്നുവെന്നുമൊക്കെ ചില അഭിമുഖങ്ങളിൽ ബീബർ പറഞ്ഞിരുന്നെങ്കിലും പൂർണ്ണമായും മനസു തുറന്നിരുന്നില്ല.
എന്നാലിപ്പോൾ സെലീനയുമായുള്ള തന്റെ ബന്ധത്തെപ്പറ്റി പൂർണ്ണമായും മനസു തുറന്നിരിക്കുകയാണ് ജസ്റ്റിൻ ബീബർ. ഒരു അമേരിക്കൻ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം തങ്ങളുടെ ബന്ധത്തെപ്പറ്റി പറഞ്ഞത്. തന്റെ പതിനെട്ടാം വയസിൽ സെലീനയുമായി പ്രണയത്തിലായതാണെന്നും തങ്ങൾ വിവാഹിതരെപ്പോലെയായിരുന്നുവെന്നും ബീബർ പറഞ്ഞു. എന്നാൽ കാമുകിയോടൊപ്പം ഒന്നിച്ചു ജീവിക്കുക എന്നത് ആ ചെറുപ്രായത്തിൽ കൈകാര്യം ചെയ്യാൻ പറ്റുന്നതിനെക്കാൾ വലുതായിരുന്നു. അങ്ങനെയാണ് തങ്ങളുടെ ഇടയിൽ വഴക്കുകൾ സ്ഥിരമായതും അത് തങ്ങളുടെ ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയെന്നുമാണ് ബീബർ പറഞ്ഞത്.
എന്തൊക്കെയായാലും സെലീനയുമായുള്ള പിരിയൽ ബീബറുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നു കഴിഞ്ഞു. ചെറുപ്രായത്തിൽ തന്നെ ലഭിച്ച അമിത പ്രശസ്തിയിൽ മതിമറന്ന് ബീബർ ചെന്നു ചാടാത്ത കുഴപ്പങ്ങളുണ്ടായിരുന്നില്ല. അയൽക്കാർക്കും നാട്ടുകാർക്കും തുടങ്ങി എല്ലാവർക്കും ശല്യമായി മാറിയ ബീബർക്ക് വളരെ പെട്ടന്നാണ് തിരിച്ചടികൾ നേരിട്ടത്. നഷ്ടപ്രണയം, പോലീസ് കേസുകൾ, വിജയം കാണാത്ത ആൽബങ്ങൾ എന്ന് തുടങ്ങി താരത്തെ നാട് കടത്തണം എന്ന് ആവശ്യപ്പെടുന്നതുവരെയെത്തി കാര്യങ്ങൾ. ഇങ്ങനെ പോയാൽ കാര്യങ്ങൾ കൈവിട്ടുപോകും എന്ന് മനസിലാക്കിയതോടെയാണ് ബീബർക്ക് നല്ല മനുഷ്യനാകാൻ ആഗ്രഹം തോന്നി തുടങ്ങിയത്. തന്റെ ചെയ്തികൾക്കെല്ലാം ആരാധകരോട് മാപ്പ് ചോദിച്ചുകൊണ്ടൊരു വിഡിയോ ബീബർ പുറത്തിറക്കിയിരുന്നു. ഇതുകൂടാതെ ഇനി കുഴപ്പങ്ങളിൽ നിന്നും ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും മാറി നിൽക്കാൻ ആഗ്രഹിക്കുന്നുവെന്നും നല്ലൊരു മനുഷ്യനായി മറ്റുള്ളവരെ സഹായിച്ച് മുന്നോട്ട് പോകാനാണ് ശ്രമിക്കുന്നതെന്നും തന്റെ കരിയറിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നതിനായി മദ്യവും ആരോഗ്യകരമല്ലാത്ത ഭക്ഷണ രീതിയും ഉപേക്ഷിച്ച് പാട്ടിൽ മാത്രം ശ്രദ്ധ നൽകി മുന്നോട്ട് പോകാനാണ് ശ്രമിക്കുന്നതെന്നും ബീബർ പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം ബീബർ തന്റെ പുതിയ ഗാനം വാട്ട് ഡു യു മീൻ പുറത്തിറക്കിയിരുന്നു. പുറത്തിറങ്ങി ആദ്യ ദിവസം കൊണ്ട് തന്നെ ഏകദേശം 20 ലക്ഷം ആളുകൾ യൂട്യൂബിലൂടെ കണ്ട ഗാനത്തിന് ഇതുവരെ 10 കോടി കാണികളെയാണ് ലഭിച്ചത്.