ഫുട്ബോളോ ബാഡ്മിന്റണോ ഒന്നും വശമില്ല ഈ ഡോക്ടർക്ക്. കണ്ടിരിക്കും അത്ര തന്നെ. പക്ഷേ കേരളത്തിലെ കായികാവേശത്തെ വാനോളം ഉയർത്തി അടുത്തിടെയെത്തിയ രണ്ടു പാട്ടുകൾ കുറിച്ചത് ഇദ്ദേഹമാണ്. ഡോക്ടറായ ഈ പാട്ടെഴുത്തുകാരന്‍, മനു മഞ്ജിത് ഇന്ത്യൻ സൂപ്പർ ലീഗില്‍ കേരളത്തിന്റെ ടീം ആയ കേരള ബ്ലാസ്റ്റേഴ‌്സിനായി എഴുതിയ പാട്ട് ശ്രദ്ധേയമാകുകയാണ്. വലയിൽ ഗോൾ വീഴുമ്പോൾ ഗാലറിയില്‍ ഉയരുന്ന ആർപ്പുവിളി പോലെ കലക്കനാണ് ഈ ഗാനം. മഞ്ഞപ്പട എന്ന ഫാന്‍ ക്ലബ് ആണ് ഈ പാട്ടിനു പിന്നിൽ.
കളത്തിലിറങ്ങി കളിക്കാനൊന്നും അറിയില്ല. പക്ഷേ കളിയ്ക്കായി പാട്ടെഴുതുവാന്‍ കടലാസെടുത്താൽ അക്ഷരങ്ങൾ കുതിച്ചു പായുന്ന പന്തിന്റെ വേഗത്തിൽ ഇദ്ദേഹത്തിനരികിലേക്കെത്തും. അതുകൊണ്ട് ഫുടേബോളിനും ബാഡ്മിന്റണും എന്നു വേണ്ട കളി ഏതായാലും പാട്ട് മിനിറ്റുകൾക്കുള്ളിൽ റെഡിയാക്കാമെന്ന് മനുവിന് ആത്മവിശ്വാസവുമുണ്ട്. പാട്ടുകളാകട്ടെ ഒരു വട്ടം കേട്ടാൽ നാവിന്‍ തുമ്പത്ത് കൂട്ടുകൂടുകയും ചെയ്യും. കേരള റോയൽസ് ബാഡ്മിന്റൺ ലീഗിനായും പാട്ടെഴുതിയത് മനുവാണ്. ഇന്നലെ യുട്യൂബിൽ റിലീസ് ചെയ്ത വിഡിയോ 70000 ൽ അധികം പ്രാവശ്യമാണ് ഇതിനോടകം ആളുകൾ കണ്ടത്.
കേരള ബ്ലാസ്റ്റേഴ്സിനായി കുറിച്ച പാട്ടിന് ഈണം നിഖിൽ തോമസ് ആണ്. ശബരീഷ് വർമയാണ് ഈ പാട്ടു പാടിയത്. ആദർശ് നായർ സംവിധാനവും ശ്രീറാം നമ്പ്യർ ഛായാഗ്രഹണവും നിർവ്വഹിച്ച വിഡിയോ ഇതിനോടകം യുവാക്കള്‍ക്കിടയിൽ തംരഗമായി കഴിഞ്ഞു. മഞ്ഞപ്പടയുടെയം മാത്രമല്ല, കേരള ബ്ലാസ്റ്റേഴ്സിന്റെ മറ്റൊരു ആരാധക കൂട്ടത്തിനായും ഗാനമെഴുതുന്നത് മനു മഞ്ജിത് ആണ്.
ഹോമിയോ ഡോക്ടറാണ് മനു. ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരിയെ ഗുരുവായി കാണുന്ന മനുവിന്റെ പാട്ട് മലയാളം ശ്രദ്ധിച്ചു തുടങ്ങിയത് അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ച് മനു തയ്യാറാക്കിയ ഒരു വിഡിയോയിലൂടെയാണ്.