കല്യാണ മേളം മനസിൽ താളം പിടിക്കുമ്പോഴേ ചെക്കന്റെയും പെണ്ണിന്റെയുമൊക്കെ ചിന്തകളിൽ നിറയുന്നത് ജീവിതത്തിലെ ഈ അപൂർവ്വ മുഹൂർത്തത്തെ എത്രമാത്രം മനോഹരമായി വിഡിയോയിലും ഫോട്ടോയിലും പകർത്തിയെടുക്കാമെന്നാണ്. എത്രത്തോളം അതു വ്യത്യസ്തമാക്കാം എന്നാണ് ഓരോരുത്തരും ചിന്തിക്കുക. റോബിൻ വർഗീസും അങ്ങനെ തന്നെ. പാട്ടു പണ്ടേ ഇഷ്ടമാണ് റോബിന്. അപ്പോൾ തന്റെ കല്യാണ വിഡിയോയിലെ പാട്ടും ഏറ്റവും സ്പെഷ്യൽ ആകണമെന്നാണല്ലോ ചിന്തിക്കുക. അതുപോലെ തന്നെയായി ഈ വിഡിയോയും. മഞ്ചാടിക്കുന്നിൽ എന്നു പേരിട്ട കല്യാണ വിഡിയോ മഞ്ചാടിക്കുരുക്കൾ നിറയെയുള്ളൊരിടത്തു വച്ചു നടന്ന ലളിതമായൊരു കല്യാണം പോലെ സുന്ദരം. എന്തുകൊണ്ടാണ് ഒരു കല്യാണ വിഡിയോയെ കുറിച്ച് ഇത്രയും എഴുതുന്നത് എന്നല്ലേ. വിഡിയോയിലെ പാട്ടിനു പിന്നണിയിലുള്ളയാൾ മലയാള ചലച്ചിത്ര സംഗീത ലോകം കണ്ട എക്കാലത്തേയും മികച്ച പ്രതിഭകളിലൊരാളാണ് എന്നുള്ളതു തന്നെ. ആദ്യമായിട്ടായിരിക്കും മലയാളത്തിലെ ഒരു കല്യാണ വിഡിയോയിൽ ഇത്രയും പ്രശസ്തനായൊരാൾ പാട്ടെഴുതുന്നത്. കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ് ഈ പാട്ടു കുറിച്ചത്. വിനൂ തോമസ് ഈണമിട്ട് നജീമും സംഗീതയും ചേർന്നു പാടി. ആരാണു റോബിൻ എന്നറിയുമ്പോൾ പാട്ടിനെ കുറിച്ചുള്ള വിശേഷങ്ങൾ പൂർണമാകും. നടി പൊന്നമ്മ ബാബുവിന്റെ മരുമകനാണ് റോബിൻ. പൊന്നമ്മ ബാബുവിന്റെ മകൾ പിങ്കിയുടെ കല്യാണ വിഡിയോയാണിത്.
"എല്ലാവരും തയ്യാറാക്കുന്ന കല്യാണ വിഡിയോകളിൽ നിന്നും വ്യത്യസ്തമാകണം എന്ന ചിന്തയുണ്ടായിരുന്നു. കുടുംബ സുഹൃത്തു കൂടിയായ സരിൻ ചന്ദ്രനോട് ഇക്കാര്യം പറഞ്ഞപ്പോൾ അദ്ദേഹത്തിനും വലിയ താൽപര്യം. പിന്നെ വിഡിയോയിലേക്കുള്ള തയ്യാറെടുപ്പായി. ഞാൻ മനസിൽ കണ്ടതു പോലെ സരിൻ വിഡിയോ സംവിധാനം ചെയ്തു തന്നു." റോബിൻ മനോരമ ഓൺലൈനോടു പറഞ്ഞു.
ആരാണ് വിഡിയോയിലെ പാട്ടിനു വരികളെഴുതുക എന്നതായിരുന്നു ഏറെ ചിന്തിപ്പിച്ച കാര്യം. ഞങ്ങളുടെ സ്നേഹത്തെ കുറിച്ച് ആഴത്തിൽ പറയുന്ന വരികളായിരിക്കണം എന്നുണ്ടായിരുന്നു. കൈതപ്രം സർ വരികളെഴുതാമെന്ന് സമ്മതിച്ചതോടെ സന്തോഷം ഇരട്ടിയായി. ഹൃദയത്തിൽ തൊട്ട വരികൾ കൊണ്ട് അദ്ദേഹം പാട്ടെഴുതി തന്നു. അഭിഭാഷകൻ കൂടിയായ വിനൂ തോമസ് അതുപോലെ സുന്ദരമായ ഈണവുമൊരുക്കു. നജീം അർഷദും സംഗീതയും ചേർന്ന് അതു പാടുകകൂടി ചെയ്തപ്പോൾ എന്റെ വലിയ സ്വപ്നം നല്ലൊരു ഈണം പോലെ യാഥാർഥ്യമായി. റോബിൻ ഫെയ്സ്ബുക്കിൽ വിഡിയോ പങ്കുവച്ചുകൊണ്ട് കുറിച്ചു.
മഞ്ചാടിക്കുന്നിൽ എന്നു പേരിട്ട വിഡിയോ പുറത്തുവന്നതു മുതൽ സമൂഹമാധ്യമങ്ങളിൽ തരംഗമാണ്.