സംഗീത സംവിധായകൻ രതീഷ് വേഗ സിനിമ സംവിധാന രംഗത്തേക്ക്. അനിൽ രാധാകൃഷ്ണ മേനോന്റെ പുതിയ ചിത്രത്തിലാണ് രതീഷ് വേഗ സഹ സംവിധായകന്റെ വേഷത്തിലെത്തുന്നത്. ഇൗ ചിത്രത്തിന്റെ സംഗീത സംവിധാനവും രതീഷ് വേഗതന്നെ നിർവഹിക്കും. ഒരു സിനിമയുടെ സഹസംവിധയകനും സംഗീത സംവിധാനവും ഒരേ ആൾതന്നെ നിർവഹിക്കുന്നത് മലയാളത്തിൽ പുതുമയുള്ള കാര്യമാണ്. ഇതൊരു ബിഗ് ബജറ്റ് ചിത്രമായിരിക്കുമെന്ന് രതീഷ് വേഗ മനോരമ ഒാൺലൈനോട് പറഞ്ഞു. മനോരമ ന്യൂസിന്റെ കാൻസർ കാംപെയിൻ കേരളകാനുമായി ബന്ധപ്പെട്ട സംഗീതസംവിധാനത്തിന്റെ തിരക്കുകളിലാണ് രതീഷ് വേഗ ഇപ്പോൾ.
2010ൽ കോക്ക്ടെയ്‍ൽ എന്ന ചിത്രത്തിലൂടെയാണ് രതീഷ് വേഗ സംഗീത സംവിധാന രംഗത്തേക്കെത്തുന്നത്. ഒറീസ എന്ന ചിത്രത്തിലെ പാട്ടുകൾക്ക് കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ പുരസ്കാരം ലഭിച്ചിരുന്നു. ഈ വർഷം രതീഷ് വേഗ ഈണമിട്ട ചിത്രങ്ങളായ മരുഭൂമിയിലെ ആന, ആടുപുലിയാട്ടം എന്നിവയിലെ എല്ലാ ഗാനങ്ങളും മികച്ചതായിരുന്നു.സ്വർണക്കടുവയിലെ ഗാനങ്ങളാണ് രതീഷ് വേഗയുടേയതായി പുതിയതായി പുറത്തിറങ്ങിയത്.